കാലാവസ്ഥക്കൊപ്പം മറ്റെല്ലാം മാറുന്നു

പ്രകൃതി മനുഷ്യന്റെ കോളനിയാണെന്ന പ്രത്യയശാസ്ത്രമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനമെന്ന് ശാസ്ത്രം പറയുന്നു. കോളനി കാലത്ത് അനിയന്ത്രിതമായ പ്രകൃതിവിഭവ ചൂഷണം എങ്ങിനെ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെ ദരിദ്രമാക്കി എന്നതിനെക്കുറിച്ച് ഇന്ന് ലോകത്തിന് കൃത്യമായ ധാരണകളുണ്ട്. കോളനി മുക്തതക്ക് ശേഷം പ്രകൃതി ചൂഷണത്തിന്റെ കോളനി മോഡല്‍ കൂടുതല്‍ കൂടുതല്‍ തീവ്രമാക്കപ്പെട്ടു. ആഫ്രിക്കക്കാര്‍ ഈ അവസ്ഥയെ ഇങ്ങിനെ വിശദീകരിച്ചു: “ഞങ്ങള്‍ ഓട്ടപ്പാത്രമാക്കപ്പെട്ടു.” വികസനത്തിന്റെ ലോകമെങ്ങും പ്രാക്ടീസ് ചെയ്യപ്പെടുന്ന മാതൃകകള്‍ കൂടുതല്‍ കൂടുതല്‍ പ്രകൃതി-വിഭവ ചൂഷണത്തിലേക്കു തന്നെ മനുഷ്യരെ നയിച്ചു. ഒടുവില്‍ പ്രകൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവ സവിശേഷതയായ കാലാവസ്ഥ വന്‍തോതില്‍ മാറി മറിഞ്ഞു. ചൂട് കൂടിക്കൊണ്ടേയിരിക്കുന്നു, മഴ കുറയുന്നു, നിനച്ചിരിക്കാത്തപ്പോള്‍ അതിവൃഷ്ടിയുണ്ടാകുന്നു. പ്രളയം അങ്ങിനെ സ്ഥിരം പ്രകൃതി പ്രതിഭാസമാകുന്നു. കടല്‍ നിരന്തരമായി കരയിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ കടല്‍ ഉള്‍വലിയുന്നു. വനങ്ങള്‍ നിന്ന ഇടങ്ങളില്‍ മരുഭൂമികള്‍ പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ പ്രകൃതിയുടെ എല്ലാ സ്വഭാവങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം കാലാവസ്ഥയുടെ മാറ്റമാണ്. അതു കൊണ്ടാണ് വിഖ്യാത എഴുത്തുകാരി മാര്‍ഗരറ്റ് ആറ്റ്‌വുഡ് ഇങ്ങിനെ പറഞ്ഞത്: “It’s not just climate change, it’s everything change.” കോളനി കാലത്ത് സാമൂതിരി പറഞ്ഞ, എല്ലാം അവര്‍ കൊണ്ടുപോയ്‌ക്കോട്ടെ, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ അവര്‍ക്കാവില്ലല്ലോ എന്ന സമാശ്വസത്തിന് ഇന്ന് ഒട്ടും കഴമ്പില്ല. അത് ആ തലമുറയുടെ പ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വിശ്വാസം. എന്നാല്‍ ഇന്നത് അങ്ങിനെയല്ല. ഞാറ്റുവേലയാണ് ആദ്യം പോയത്. അതോടെ എല്ലാം മാറുന്നു, അല്ലെങ്കില്‍ മാറിക്കൊണ്ടിരിക്കുന്നു.

അനിവാര്യമായ വികസനം എന്താണ്? അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആരാണ്? എല്ലാ കൂറ്റന്‍ പദ്ധതികളും അടിത്തട്ട് സമൂഹങ്ങളെ കൂടുതല്‍ ഹതാശരാക്കുന്നത് എന്തു കൊണ്ടാണ്? ഇത്തരത്തിലുള്ള ചിന്തകള്‍ നടക്കരുതെന്ന നിലയില്‍ ഭരണാധികാരികള്‍ പെരുമാറുന്നത് എന്തുകൊണ്ടാണ്? അത്തരമൊരു സംവാദ മേഖല തന്നെ ഒരിക്കലും തുറക്കപ്പെടുന്നില്ല. കാലാവസ്ഥാ വ്യതിയാനം 17-ാം നൂറ്റാണ്ടു മുതലുള്ള കോളനി പ്രകൃതി ചൂഷണം മുതല്‍ ആരംഭിച്ച പ്രതിഭാസമാണെന്ന് വിഖ്യാത ഇന്ത്യന്‍ ഇംഗ്ലീഷ് ചിന്തകനും ബുദ്ധിജീവിയുമായ അമിതാവ് ഘോഷ് വ്യക്തമാക്കുന്നു. അദ്ദേഹം കാര്യകാരണ സഹിതം തന്റെ പുസ്തകങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതായത് കോളനി രാജ്യങ്ങളിലെല്ലാം അവശേഷിപ്പിക്കപ്പെട്ടത് അതേ പ്രകൃതി-വിഭവ ചൂഷണ മാതൃകയായിരുന്നു. അത് പരാമവധി രൂക്ഷവും ഹിംസാത്മകവുമാവുകയും ചെയ്തിരിക്കുന്നു. വനനശീകരണം മുതല്‍ മണ്ണും പുഴയും കടലും എല്ലാം നശീകരിക്കപ്പെടുന്നു. അതിന്റെയെല്ലാം പ്രത്യാഘാതം തീര്‍ച്ചയായും കാലാവസ്ഥയില്‍ പ്രതിഫലിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നാശം എന്നിവ പുതിയ അഭയാര്‍ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം കുട്ടനാടാണ്. കുട്ടനാട്ടില്‍ നിന്നും കാലാവസ്ഥാ വ്യതിയാനം മൂലം എത്ര പേര്‍ അഭയാര്‍ഥികളായി എന്നതിനെക്കുറിച്ച് സൂക്ഷ്മമായ പഠനങ്ങളുണ്ടായിട്ടില്ല. അല്‍പ്പം അകലെയുള്ള ബന്ധുവീടുകളിലോ മറ്റോ അഭയം തേടുന്നവരെ എങ്ങിനെ കാലാവസ്ഥാ/പരിസ്ഥിതി അഭയാര്‍ഥികള്‍ എന്നു വിളിക്കുമെന്ന തോന്നലാണ് പൊതു മലയാളിക്കുള്ളത്. എന്നാല്‍ ലോകമെങ്ങും ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം അഭയാര്‍ഥി ജീവിതത്തിന്റെ മിനിയേച്ചര്‍ കുട്ടനാടിന്റെ കാലാവസ്ഥ പ്രതിനിധാനം ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചേറെ വര്‍ഷങ്ങളായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കുട്ടനാട്ടിലെ പ്രളയാനുഭവങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. ഓരോ വര്‍ഷം ചെല്ലും തോറും കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ല, കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. കടലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന ദ്വീപുകള്‍, കടല്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രദേശങ്ങള്‍- ഇതിനു രണ്ടിനും കേരളത്തില്‍ തന്നെ ഉദാഹരണങ്ങളുണ്ട്. കെ-റെയില്‍ ചര്‍ച്ചയില്‍ പുറത്താക്കപ്പെട്ടത് ഇത്തരത്തിലുള്ള കേരള പ്രകൃതിയുടെ ലിപിയില്‍ തന്നെ എഴുതുകയും വായിക്കുകയും വിനിമയം ചെയ്യുകയും വേണ്ടിയിരുന്ന ആശയലോകമാണ്.

കുട്ടനാട്

കേരളത്തില്‍ ഇന്ന് അടിയന്തിരമായി നടക്കേണ്ടത് പരിസ്ഥിതി അഭയാര്‍ഥികളുമായുള്ള മുഖാമുഖങ്ങളാണ്. ഒരിക്കലും നശിക്കുകയില്ലെന്നു കരുതിയിരുന്ന ആമസോണ്‍ തടങ്ങളില്‍ നിന്നും ധ്രുവപ്രദേശങ്ങളില്‍ നിന്നും എങ്ങിനെ മനുഷ്യര്‍ പ്രകൃതി ചൂഷണത്താല്‍ അഭയാര്‍ഥികളാക്കപ്പെട്ടു എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കാന്‍ ഇത്തരം മുഖമുഖങ്ങള്‍ക്കു മാത്രമേ കഴിയൂ. ഇന്ത്യയില്‍ കച്ചിലും മറ്റും ഇതേ നിലയില്‍ തന്നെയുള്ള അഭയാര്‍ഥികള്‍ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ ഭാഷയെ മാറ്റിക്കളയുന്നു. കൊടുങ്കാറ്റുകള്‍ക്ക് ഏറ്റവും അരുമയായ പേരുകളാണ് മനുഷ്യരിടുന്നത്. ആ പേരുകൊണ്ട് കൊടുങ്കാറ്റിന്റെ ദുരന്തം കുറയുമെന്ന് നാം വൃഥാ നിനക്കുന്നു. യാഥാര്‍ഥ്യത്തെ മൂടിവെക്കുന്ന ഒരു ഭാഷ സൃഷ്ടിക്കപ്പെടുന്നു. പരിസ്ഥിതി അഭയാര്‍ഥികള്‍/ഇരകള്‍ ആയവര്‍ക്ക് പക്ഷെ ഭാഷയുടെ ഈ പൊള്ളത്തരം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇങ്ങിനെയുള്ള പൊള്ളത്തരം തിരിച്ചറിയുന്നവര്‍ ദിനംപ്രതി കൂടുന്നു എന്നതിനര്‍ഥം ഇത്തരത്തിലുള്ള അഭയാര്‍ഥികളുടെ എണ്ണവും പ്രതിനിമിഷം ഭൂഗോളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നാണ്.

ബം​ഗ്ലാദേശ്

കാലാവസ്ഥാ വ്യതിയാനം എവിടെയോ നടക്കുന്ന ഒരന്താരാഷ്ട്ര ഉച്ചകോടിയുടെ പ്രമേയമാണെന്നാണ് ഇന്നും മലയാളികളുള്‍പ്പെടയുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. കൊടിയ ചൂടില്‍ മഞ്ഞുമലകള്‍ ഉരുകി കടലില്‍ പതിക്കുന്നതു മുതല്‍ ഹിമാലയത്തിലെ പ്രകൃതിയില്‍ നിത്യേനയെന്നോണം നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വരെയുള്ള പ്രശ്‌നങ്ങളെ തെല്ലും പരിഭ്രമം പോലുമില്ലാതെ നോക്കിക്കാണാന്‍ മനുഷ്യര്‍ക്ക് കഴിയുന്നു. ഭൂഗോളത്തെ മുഴുവനായും ‘ഫ്രജൈല്‍ ഇക്കോളജി’യാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഊന്നല്‍. പൈതൃക സമൂഹങ്ങള്‍ സ്വന്തം പ്രകൃതിയേയും അതിന്റെ ഭാഷയേയും ഭാഷണത്തേയും കുറിച്ച് പറയുന്നത് കേള്‍ക്കാനോ മനസ്സിലാക്കാനോ ആധുനിക വിദ്യാഭ്യാസം നേടിയവര്‍ തയ്യാറല്ല. എന്‍ജിനീയറിംഗ് അവരെ സംബന്ധിച്ച് കൂടുതല്‍ കൂടുതല്‍ നിര്‍മ്മാണം എന്നതിലേക്കുള്ള വഴിയാണ്. എന്നാല്‍ എന്‍ജിനീയറിംഗ് എന്ന ശാസ്ത്രത്തിന്റെ അടിപ്പടവ് മെയിന്റയിനിംഗ് എന്നതാണെന്ന് ഇക്കാലത്തെ എന്‍ജിനീയര്‍മാര്‍ ആരും ഓര്‍ക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്കതറിയില്ല. അവരെ യൂണിവേഴേ്‌സിറ്റികളില്‍ ആരും ഇത് പഠിപ്പിച്ചിട്ടില്ല. നിലനിര്‍ത്തുക എന്ന ആശയം ആധുനിക വിദ്യാഭ്യാസം സമ്പൂര്‍ണ്ണമായി ഉപേക്ഷിച്ചിരിക്കുന്നു. പൈതൃക സമൂഹങ്ങളുടെ നാട്ടറിവുകള്‍ ഊന്നുന്നത് ഉള്ളതിനെ നിലനിര്‍ത്താണ്. ഈ രണ്ട് അറിവുകളുമാണ് വാസ്തവത്തില്‍ ലോകമെങ്ങും ഇന്ന് ഏറ്റുമുട്ടുന്നത്. ആ ഏറ്റുമുട്ടലില്‍ ഇപ്പോള്‍ തീര്‍ച്ചയായും വിജയിച്ചുകൊണ്ടിരിക്കുന്നത് ആധുനിക വിദ്യാഭ്യാസക്കാരാണ്. എന്നാല്‍ പരിസ്ഥിതി അഭയാര്‍ഥികള്‍ പെരുകുന്ന ഭൂഗോളത്തിന്‍ മനുഷ്യന് പൈതൃക സമൂഹങ്ങളെ അതിജീവനത്തിനായി അന്തിമമായി സമീപിക്കേണ്ടി വരുക തന്നെ ചെയ്യും. പക്ഷെ അന്ന് ഈ ഭൂഗോളത്തില്‍ എന്തൊക്കെ ബാക്കിയുണ്ടാകുമെന്ന് ഊഹിക്കുക മാത്രമേ ഇപ്പോള്‍ വഴിയുള്ളൂ. മനുഷ്യ ആവാസ വ്യവസ്ഥ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന അനുഭവം ബംഗാളിലെ സുന്ദര്‍ബന്‍സിലുണ്ട്. തൊട്ടടുത്തു കിടക്കുന്ന ബംഗ്ലാദേശ് ഇതേ പ്രശ്‌നം അതിരൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. കൊല്ലത്തിനടുത്തുള്ള മണ്‍റോ തുരുത്ത് എങ്ങിനെ മുങ്ങിക്കൊണ്ടിരിക്കുന്നു എന്നത് മറച്ചു പിടിച്ച് സഞ്ചാരികളുടെ പറുദീസ എന്ന നിലയില്‍ മാത്രം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ വികസന മോഡല്‍’ ആണ് നമുക്കുള്ളത്. സത്യത്തില്‍ ഈ തുരുത്തിലെ പാരിസ്ഥിതിക തകര്‍ച്ച ഒരു ലിറ്റ്മസ് ടെസ്റ്റ് എന്ന നിലക്ക് പഠിക്കാനും മനസ്സിലാക്കാനും അധികമാരും മുന്നോട്ടുവന്നു കണ്ടിട്ടില്ല. മണ്‍റോ തുരുത്തിലെ വീട്ടുച്ചുമരുകളില്‍ തെളിഞ്ഞു കിടക്കുന്നത് കായല്‍ ജലം സ്ഥിരമായി കയറുന്നതിന്റെ പാടുകളാണ്. ഉയരുന്ന കടൽനിരപ്പും വേലിയേറ്റ സമയത്തെ വെള്ളപ്പൊക്കവും കാരണം ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ദ്വീപുകളിലൊന്നായ നമ്മുടെ വൈപ്പിൻകരയും മുങ്ങിക്കൊണ്ടിരിക്കുയാണ്. ഇതെല്ലാം നമ്മുടെ കാലാവസ്ഥയില്‍ വന്നു ഭവിച്ച വ്യതിയാനത്തിന്റെ ഏറ്റവും പ്രബലമായ ഉദാഹരണങ്ങളാണ്. വന-ഗിരി മേഖലകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും സമഗ്രമായി സമീപിക്കാന്‍ ‘കേരള മോഡല്‍’ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം.

പ്രളയമോ ഉരുള്‍പൊട്ടലോ ഉണ്ടാകുമ്പോള്‍ മാത്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന മാധ്യമ-രാഷ്ട്രീയ യുക്തിയാണ് നമുക്കുള്ളത്. ഈ സമീപനം യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ സഹായിക്കുമോ? അതുകൊണ്ടാണ് പറയുന്നത് കാലാവസ്ഥക്ക് മാത്രമായി മാറാന്‍ കഴിയില്ല, അതിനൊപ്പം ഇക്കാലമത്രയും കൊണ്ടുണ്ടായ എല്ലാ കാര്യങ്ങളും മാറുകയാണെന്ന്. ഹിംസാത്മകമായ ജീവിതരീതിയില്‍ നിന്നും കൈ പിന്‍വലിക്കാന്‍ കഴിയാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അര്‍ഥപൂര്‍ണ്ണമായ ഒരു ചര്‍ച്ചയും പ്രവര്‍ത്തനവും സാധ്യമാകില്ല. സമ്പദ്ഘടനകളിലാണ് ഏറ്റവും വലിയ ഹിംസ നടക്കുന്നത്. അത്തരം സംവിധാനങ്ങളെ കൂടുതല്‍ പരിഷ്‌ക്കരിക്കുക എന്നു പറഞ്ഞാല്‍ കൂടുതല്‍ ഹിംസാത്മകമാവുക എന്നാണ്. അതാണ് എവിടേയും സംഭവിക്കുന്നത്.

യു.എസ് കവി ഫാത്തിമ അസ്ഗര്‍ ഇങ്ങിനെ ചോദിക്കുന്നു:

നമ്മെ ആദ്യം കൊല്ലുക
എന്തായിരിക്കുമെന്നറിയില്ല
യുദ്ധക്കൊതിയോ
അതോ നാം ഭൂമിയോട് ചെയ്ത
പാതകങ്ങളോ?

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തന്റെ ഒരു ലേഖനത്തില്‍ അമിതാവ് ഘോഷ് പറയുന്നു: “മനുഷ്യകുലത്തിന്റെ ഭാവി എന്നത് ഭൂതകാല അനുഭവങ്ങളില്‍ക്കൂടി അധിഷ്ഠിതമാണ്. കോളനി മാതൃകയിലുള്ള പ്രകൃതി വിഭവ ചൂഷണം മനുഷ്യരെ നയിക്കുക ഭാവിയിലേക്കല്ല, കോളനി കാലത്തെ ഇരുണ്ട കൊള്ളയടി ദുരന്തത്തിലേക്കായിരിക്കും, തീര്‍ച്ച.” കോളനി ചൂഷണ മാതൃക കൂടുതല്‍ ഹിംസാത്മകവും രൂക്ഷവുമാക്കുന്ന കോര്‍പ്പറേറ്റുകളും അതേ പ്രത്യയശാസ്ത്രത്തില്‍ തന്നെ ഊന്നുന്ന ഭരണകൂടങ്ങളും പരിസ്ഥിതി അഭയാര്‍ഥികളുടെ ലോകത്തെയാണ് യഥാര്‍ഥത്തില്‍ പ്രതിനിമിഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഈ ‘സൃഷ്ടിപ്പുകാരും’ ഒരുനാള്‍ ഇതേ വിഷമുതലയുടെ ഇരകളാകും എന്നത് മറക്കരുത്. ചരിത്രത്തില്‍ ഇത്തരമവസ്ഥകള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ടല്ലോ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read