അതിവേഗ റെയിലും അതിദാരുണമായ പരാജയങ്ങളും

സഞ്ചാര വേഗതയെക്കുറിച്ചുള്ള ഒരു സംവാദം കേരളത്തെ രാഷ്ട്രീയമായി പിടിച്ചുലയ്ക്കുകയാണല്ലോ. തിരുവനന്തപുരത്ത് നിന്നും കാസർഗോഡേക്ക് സ്റ്റാൻഡേഡ് ഗേജിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സെമി-ഹൈസ്പീഡ് റെയിൽപാത കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതി എന്ന നിലയ്ക്കാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. 529 കിലോമീറ്റർ നീളമുള്ള ഈ പുതിയ റെയിൽ പാതയുടെ നിർമ്മാണത്തെ സംബന്ധിച്ച് ഒട്ടേറെ ആശങ്കകളും സംശയങ്ങളും ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നുണ്ട്. ആ സന്ദേഹങ്ങൾക്കെല്ലാം അടിസ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും തു‌ടർച്ചയായി ഉണ്ടാകുന്നത്. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ആശങ്കകൾ സ്പഷ്ടതയോടെ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയയിലും നയരൂപീകരണത്തിലും ഉൾപ്പെട്ടിരുന്ന നിരവധി വിദഗ്ധർ പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. ഇടതു സർക്കാരിനോട് അനുഭാവ പൂർണ്ണമായ സമീപനം സ്വീകരിച്ചിരുന്ന ചില സാംസ്കാരിക വ്യക്തിത്വങ്ങളും കെ-റെയിൽ കേരളത്തിന് വേണ്ടതില്ല എന്ന നിലപാട് പരസ്യമാക്കുകയും ചെയ്തു. കേരളത്തിന്റെ ഗതാഗത വികസനത്തിന്റെ മാതൃക സിൽവർ ലൈൻ പോലെ വിനാശകരവും കടബാധ്യതയുള്ളതുമായ പദ്ധതികളല്ല എന്ന അഭിപ്രായം പൊതുവിൽ സ്വീകരിക്കപ്പെട്ടു തുടങ്ങി. പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി സർക്കാർ തുടങ്ങിവച്ച ‘കുറ്റിയ‌ടിക്കൽ’ സർവ്വെയ്ക്കെതിരെ ജനവികാരം ശക്തമായി. ഭൂമി വിട്ടുനൽകുന്നവർക്ക് നീതി കിട്ടിയ ചരിത്രമില്ല എന്നതിനാൽത്തന്നെ അതിവേഗ റെയിൽ കടന്നുപോകുന്ന വഴികൾ സമരപാതകളായി മാറി.

ജനകീയ പ്രതിരോധങ്ങൾ കേരളത്തിലെമ്പാടും ഉയർന്നുവരാൻ തുടങ്ങിയതോടെ വെട്ടിലായ സർക്കാർ സർവ്വ സന്നാഹവും ഉപയോഗിച്ച് പദ്ധതിയെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മുഖ്യമന്ത്രി തന്നെ നേരിൽ കാര്യം വിശദീകരിക്കാൻ ഇറങ്ങിയത് കൂടാതെ കെ-റെയിൽ വാഴ്ത്തുകളുടെ 50 ലക്ഷം കൈപ്പുസ്തകം വീടുകളിൽ എത്തിക്കാൻ അച്ചടിക്ക് ടെണ്ടർ വിളിക്കുകയും ചെയ്തിരിക്കുന്നു. എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണോ എന്ന് സംശയിച്ചുപോകുന്ന സമർത്ഥമായ പബ്ലിക് റിലേഷൻ യത്‌നം ജനങ്ങളുടെ ചിലവിൽ മുന്നേറുകയാണ്. പൗരപ്രമുഖ വിശദീകരണ യോഗങ്ങളിൽ സംശയം ദൂരീകരിക്കാൻ എത്തിയത് ഏറെയും സി.പി.എമ്മിന്റെ വിവിധ പാർട്ടി ഘടകങ്ങളിൽ ഉൾപ്പെട്ട സംസ്ഥാന കള്ളുഷാപ്പ് ലൈസൻസ് അസോസിയേഷൻ പ്രസിഡന്റിനെ പോലെയുള്ളവരും ടി.എസ് പട്ടാഭിരാമൻ വരെ ഉൾപ്പെടുന്ന ഉപരിവർഗ പ്രതിനിധികളും. വിശദീകരണ യോഗ വേദികൾക്ക് പുറത്ത് ബാരിക്കേഡുകളുമായി വൻ പോലീസ് സന്നാഹം. പ്രതിഷേധിച്ചവർക്ക് നേരെ പാർട്ടി പ്രവർത്തകരുടെ കയ്യൂക്ക്. വികസന കാര്യങ്ങളിൽ ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങിക്കൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഈ യോഗങ്ങളിൽ ആവർത്തിച്ചു. പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നവരെയും മൗലികമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച വിഷയവിദഗ്ധരെയും ബാരിക്കേഡുകൾക്കപ്പുറം നിർത്തിയാണോ കെ-റെയിൽ വിഷയത്തിൽ പൊതുസമ്മതി തേടേണ്ടത്?

അനുകൂലിക്കുന്നവരെ അകത്തിരുത്തുകയും ആശങ്കയുന്നയിച്ചവരെ അകറ്റി നിർത്തുകയും ചെയ്യുന്നതിലൂ‌ടെ സർക്കാർ നേടിയെടുക്കുന്ന ഈ ‘ഗ്രീൻ സിഗ്നൽ’ തീർച്ചയായും ജനാധിപത്യത്തിന് ഒരു ചുവപ്പു കൊടിയാണ്. പാത കടന്നുപോകുന്ന ജില്ലകളിൽ സർക്കാരും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പേര് ‘ജനസമക്ഷം’ എന്നാണെങ്കിലും ജനങ്ങളെ അക്കൂട്ടത്തിലെവിടെയും കണ്ടില്ല. ഉയർന്ന ടിക്കറ്റ് ചാർജ്ജ് മുടക്കാൻ ശേഷിയുള്ള സമ്പന്നർക്ക് മാത്രം ആശ്രയിക്കാൻ കഴിയുന്നതാണ് സിൽവർ ലൈൻ പാതയെങ്കിലും അതിനുവേണ്ടി വിലകൊടുക്കേണ്ടി വരുന്ന എല്ലാ ജനവിഭാഗങ്ങളോടും സംസാരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പദ്ധതി യാഥാർത്ഥ്യമാക്കാൻ വേണ്ടി ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്നും എ.ഡി.ബിയിൽ നിന്നുമെല്ലാം എടുക്കാൻ പോകുന്ന 33,700 കോട‌ി വിദേശ വായ്പയുടെ ബാധ്യത കേരളത്തിലെ എല്ലാ ജനങ്ങളുടേതുമാണ്. കേന്ദ്രം പിന്മാറിയതോടെ വായ്പ ബാധ്യത പൂർണ്ണമായും കേരളമാണ് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പര ധാരണയിൽ പൗരപ്രമുഖരുമായി നടത്തുന്ന പബ്ലിക് റിലേഷൻ പരിപാടിയിലൂടെയല്ല സർക്കാർ കാര്യം വിശദീകരിക്കപ്പെടേണ്ടത്. മുഖ്യമന്ത്രിയും കുറച്ച് ഉദ്യോഗസ്ഥരും മാത്രം ഇക്കാര്യങ്ങൾ വിശദമായി അറിഞ്ഞാൽ പോരല്ലോ. ജനങ്ങളുടെ താൽപ്പര്യാർത്ഥം എന്ന പേരിൽ കൊണ്ടുവരുന്ന ഒരു പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ചോദിക്കാനുള്ളത് കേൾക്കാൻ തീർച്ചയായും ഒരു ജനായത്ത ഭരണകൂടത്തിന് ബാധ്യതയുണ്ട്.

എതിർപ്പുകൾ മറികടന്ന് സിൽവർ ലൈൻ പ്രോജക്ട് സാധ്യമാക്കുന്നതിനായി നടത്തുന്ന കുത്സിതനീക്കങ്ങൾ കൂടാതെ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ചതും കടുത്ത ജനാധിപത്യവിരുദ്ധതയായി. ഏത് വികസന പദ്ധതിയെ സംബന്ധിച്ചും ആദ്യം തയ്യാറക്കപ്പെടേണ്ട ലിഖിതരേഖയാണ് ഡി.പി.ആർ – ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്. അത് എല്ലാവർക്കും ലഭ്യമാക്കുകയും വേണം. ഡി.പി.ആർ ഒരു രഹസ്യരേഖയല്ലെന്നും അത് പുറത്തുവിട്ട് പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നും പല കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നെങ്കിലും സർക്കാർ അത് തുടർച്ചയായി നിഷേധിച്ചു. സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്ന നിലപാട് സംസ്ഥാന വിവരാവകാശ കമ്മീഷനും സ്വീകരിച്ചു. സിവിൽ ഏവിയേഷന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും രഹസ്യ വിവരങ്ങൾ ഡി.പി.ആറിലുള്ളതിനാൽ അത് പൊതു ജനത്തിന് കൈമാറാൻ കഴിയില്ല എന്നതായിരുന്നു വിവരാവകാശ കമ്മീഷന്റെ വിചിത്ര വാദം. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ ‘ജനസമക്ഷം’ പരിപാടിയിൽ ഈ മറുപടി നൽകിയ വിവരാവകാശ കമ്മീഷണർ സോമനാഥൻ പിള്ള പൗരപ്രമുഖരിൽ ഒരാളെപ്പോലെ കടന്നുകൂടി ഇത് വീണ്ടും വിശദീകരിച്ചു. തുടർ ദിവസങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതൃത്വവും ഈ പിള്ള വചനങ്ങൾ ആവർത്തിച്ചു- “ഡി.പി.ആർ ഒരു രഹസ്യരേഖയാണ്.”

എന്നാൽ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയതോ‌‌ടെ ആ അതീവര​ഹസ്യം പരസ്യമായി. 2021 ഒക്ടോബർ 27-നാണ് അൻവർ സാദത്ത് ഡി.പി.ആർ ആവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. സി.ഡിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ നൽകുന്നതായി മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തിരുന്നു. നിയമസഭാ രേഖകളിൽ ഈ മറുപടി നിലനിൽക്കെയാണ് ഡി.പി.ആർ രഹസ്യരേഖയാണ് എന്ന് നാടുനീളെ മുഖ്യൻ പറഞ്ഞുനടന്നത്. അണികൾ അച്ചടക്കത്തോടെ അത് ഏറ്റുപാടിയത്. നിയമസഭയിൽ വെക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച രേഖ അംഗത്തിന് കിട്ടാതിരിക്കുന്നത് വ്യക്തമായ അവകാശലംഘനമാണ് എന്ന് വന്നതോടെ സർക്കാരിന്റെ കള്ളങ്ങൾ പൊളി‍ഞ്ഞു. ഗത്യന്തരമില്ലാതെ നിയമസഭാ വെബ്‌സൈറ്റിൽ ഡി.പി.ആർ പ്രത്യക്ഷപ്പെട്ടു. ആകാശ സർവ്വെയുടെ വിവരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് പ്രതിരോധ, വ്യോമ മന്ത്രാലയങ്ങൾക്ക് ഉറപ്പുകൊടുത്തിരുന്നു അത്രേ. എന്നിട്ടിപ്പോൾ ആ ഉറപ്പ് എവിടെപ്പോയി? വിവരാവകാശ നിയമത്തെപ്പോലും ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് സർക്കാർ ഡി.പി.ആർ ഒളിപ്പിക്കാൻ ശ്രമിച്ചത്. നിയമപരമായി ബാധ്യതപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കുകയും കള്ളത്തരങ്ങളിലൂടെ അതിനെ ന്യായീകരിക്കുകയും ചെയ്യുക എന്നത് രണ്ടാം പിണറായി സർക്കാരിന് സംഭവിച്ച വീഴ്ചകളിൽ ഏറ്റവും ഗുരതരമായ ഒന്നാണ്.

എന്തുകൊണ്ടായിരുന്നു ഈ മറച്ചുവയ്ക്കൽ എന്ന് റിപ്പോർട്ട് പുറത്തായതോടെ തെളിഞ്ഞുവന്നു. അധാർമ്മികവും കുറ്റകരവുമായ രീതിയിൽ ഡാറ്റ തിരിമറി നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാവുകയും വിദഗ്ധർ ഇത് പിടികൂടി പരസ്യപ്പെടുത്തുകയും ചെയ്തു. സിസ്ട്ര (SYSTRA) എന്ന പാരീസ് ആസ്ഥാനമായ ഫ്രഞ്ച് കൺസൾട്ടിങ് കമ്പനിയുടെ ഇന്ത്യൻ സബ്സിഡറിയാണല്ലോ റിപ്പോർട്ട് തയ്യാറാക്കിയത്. സിസ്ട്രയുടെ ഫൈനൽ ഫീസിബിലിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ 2019 ഡിസംബറിൽ തത്വത്തിലുള്ള അംഗീകാരം നൽകിയതും. കേരളത്തിന്റെ വികസന നയം രൂപീകരിക്കുന്നത് ഇന്ന് ഇത്തരം കൺസൾട്ടൻസികളാണ്. എല്ലാ വൻകിട പദ്ധതികളുടെയും കൂടെ കേൾക്കാം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, ലൂയി ബർഗർ, സിസ്ട്ര, കെ.പി.എം.ജി തുടങ്ങിയ പേരുകൾ. ലോകത്തെവിടെയും ലാഭ സാധ്യത തേടിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യങ്ങളുടെ നയങ്ങൾ തിരുത്തിയെടുക്കുകയും നിക്ഷേപത്തിനുള്ള സുഗമമായ അന്തരീക്ഷമൊരുക്കുകയുമാണ് നവലിബറൽ ലോകക്രമത്തിൽ കൺസൾട്ടൻസികളുടെ ശരിക്കുള്ള ഇടപാട്. പദ്ധതിക്കുവേണ്ട വിദേശ വായ്പ ലഭിക്കുന്നതിനുള്ള ഇടനിലക്കാരായും ഇവർ ഉണ്ടാകും. അതുകൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ന്യായവാദങ്ങൾ മാത്രം തുന്നിക്കെട്ടി റിപ്പോർട്ടുണ്ടാക്കുക എന്നതാണ് കൺസൾട്ടൻസികൾ പതിവായി ചെയ്യുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിലും അതാണ് സംഭവിച്ചിട്ടുള്ളത്. 2020 ൽ പ്രതിദിനം 4.6 ലക്ഷം യാത്രക്കാർ ഉണ്ടാകുമെന്നായിരുന്നു കൊച്ചി മെട്രോയുടെ ഡി.പി.ആറിൽ പറഞ്ഞിരുന്നത്. പക്ഷെ നാല് വർഷം കഴിഞ്ഞിട്ടും യാത്രക്കാരുടെ എണ്ണം 40,000 മാത്രം. യഥാർത്ഥത്തിൽ ഉണ്ടാകുന്ന യാത്രക്കാരുടെ എണ്ണത്തേക്കാൾ പത്തിരട്ടി പെരുപ്പിച്ച് കാണിച്ചാണ് 2015 ൽ മെട്രോ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തയ്യാറാക്കി സമർപ്പിച്ച ഡി.പി.ആറിൽ പോലും ഈ അപാകതയുണ്ടായിരുന്നു. അതിലേറെ അസത്യഭാഷണങ്ങൾ നിറഞ്ഞതാണ് സിൽവർ ലൈനിന്റെ ഡി.പി.ആർ. മറച്ചുവച്ച് മാനം കെടാതിരിക്കുകയല്ലാതെ സർക്കാരിന് വേറെ മാർഗമുണ്ടായിരുന്നില്ല. സെന്റർ ഫോർ എൻവിയോൺമെന്റ് ആന്റ് ഡവലപ്മെന്റ് എന്ന എൻ.ജി.ഒ ആണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. 11 ജില്ലയിലൂടെ കടന്നുപോകുന്ന, 15 മുതൽ 40 മീറ്റർ വരെ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന പദ്ധതിയെക്കുറിച്ച് വെറും ഒമ്പത് മാസത്തിനുള്ളിൽ അവർ പഠനം പൂർത്തിയാക്കി. 2019 സെപ്തംബർ 30ന് ആണ് ചുമതല ഏൽപ്പിച്ചത് എന്നോർക്കണം. അതായത്, കേരളം രണ്ട് പ്രളയത്തെ അഭിമുഖീകരിച്ച ശേഷം. എന്നിട്ടു എത്ര ലാഘവത്തോടെയാണ് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടന്നിരിക്കുന്നത്.

സിൽവർ ലൈൻ നിർമ്മിക്കാൻവേണ്ട മണ്ണിനും കരിങ്കല്ലിനുമായി പ്രത്യേകമായി 10 ക്വാറികൾ വേണമെന്നാണ് ഡി.പി.ആറിൽ പറഞ്ഞിരിക്കുന്നത്. 286.6 ഏക്കർ ഭൂമിയും ഇതിനായി താത്കാലികമായി ഏറ്റെടുക്കേണ്ടിവരും. സിൽവർ ലൈൻ നിർമിക്കാൻ വേണ്ടത് 28.60 ലക്ഷം ഘനമീറ്റർ കരിങ്കല്ലാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് എവിടെ നിന്ന് കണ്ടെത്തും എന്ന കാര്യത്തിൽ വ്യക്തതയില്ല. സിൽവർ ലൈൻ പദ്ധതി ലാഭകരമാക്കാൻ ഏഴ് ജില്ലകളിലായി 10,757 ഹെക്ടർ വനവും രണ്ട് ജില്ലകളിലായി 1227.11 ഹെക്ടർ റവന്യൂ ഭൂമിയും ടൗൺഷിപ്പിന് വേണ്ടി ഏറ്റെടുക്കണമെന്ന് 2019 മെയ് 20ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ കെ-റെയിൽ എം.ഡി പറയുന്നുണ്ട്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ റിയൽ എസ്റ്റേറ്റ് നിക്ഷേപം കൊണ്ടുവരണമെന്ന് കെ-റെയിലിന് വേണ്ടി പഠനം നത്തിയ ഫ്രഞ്ച് കമ്പനി സിസ്ട്ര സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. സിൽവർലൈൻ പാതയുടെ നിർമ്മാണഘട്ടത്തിലുണ്ടാകാൻ പോകുന്ന കനത്ത തോതിലുള്ള കാർബൺ ഉദ്‌വമനം ഒരുകാലത്തും തിരിച്ചുപിടിക്കാൻ സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യമെങ്കിലും ഈ പദ്ധതിക്കുമുണ്ട് ഗ്രീൻ പ്രോജക്ട് എന്ന വിളിപ്പേര്.! ശരിക്കും ജനോപകാര പ്രദമല്ലാത്തതും വിനാശകരവുമായ ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണിതെന്ന് കൂടുതൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരപ്രമുഖരെ വിളിച്ചുകൂട്ടി നടത്തിയ വിശദീകരണങ്ങളിലൂടെ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടു എന്ന് സർക്കാർ കരുതുന്നെങ്കിൽ തെറ്റി. ഇപ്പോൾ ഉള്ളതിലും വലിയ എതിർപ്പുകളെ വരും ദിവസങ്ങളിൽ സർക്കാരിന് അഭിമുഖീകരിക്കേണ്ടി വരും.

സംസ്ഥാനത്ത് കെ-റെയിൽ നടപ്പാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ സി.പി.എം മഹാരാഷ്ട്രയിൽ സമാനമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എതിരാണെന്നതാണ് സമകാലിക വൈരുദ്ധ്യാത്മകത. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിലെ പാൽ​ഗറിൽ അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിച്ച വൻ ജനപങ്കാളിത്തമുള്ള കൺവെൻഷനെ അഭിസംബോധന ചെയ്തത് സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗവും കിസാൻസഭയുടെ അഖിലേന്ത്യ പ്രസിഡന്റുമായ ഡോ. അശോക് ധാവ്ലെ. ഗുജറാത്തിൽ 1512.75 ഏക്കറും മഹാരാഷ്ട്രയിൽ 985.72 ഏക്കറും ദാദ്ര നാഗർഹവേലിയിൽ 18.58 ഏക്കറും കൃഷിഭൂമി ഏറ്റെടുക്കപ്പെടും എന്നതാണ് സി.പി.എമ്മിന്റെ എതിർപ്പിന് പ്രധാന കാരണം. കേരളത്തിൽ കെ-റെയിൽ ക്യാമ്പയിന് നേതൃത്വം നൽകുന്ന ദേശാഭിമാനി തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു വൈരുദ്ധ്യം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വിനാശം ചൂണ്ടിക്കാട്ടി നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ്‌മെന്റാണ് (എൻ.എ.പി.എം) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാശനം ചെയ്യാൻ എത്തിയത് കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പിണറായി വിജയനൊപ്പം പൊളിറ്റ് ബ്യൂറോയിൽ അം​ഗമായി തുടരുകയും ചെയ്യുന്ന ഹനൻ മൊല്ല. സി.പി.ഐയുടെ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ചടങ്ങിലുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ വരേണ്യ താത്പര്യങ്ങൾ തുറന്നുകാട്ടി മഹാരാഷ്ട്രയിൽ സമരത്തിനൊപ്പം നിൽക്കുന്ന സി.പി.എമ്മിന്റെ കേരളത്തിൽ നിന്നുള്ള ദേശീയ നേതൃത്വം ജില്ലാ സമ്മേളനങ്ങളിൽ ഓടിനടന്ന് സിൽവർ ലൈൻ പദ്ധതിയെ വാഴ്ത്തിപ്പാടുകയായിരുന്നു.

അതിവേഗ വണ്ടി അവിടെ നിൽക്കട്ടെ, ശരിക്കും ഒരു പാസഞ്ചർ ട്രെയിനിൽ നമ്മൾ കയറിയിട്ട് എത്രയോ കാലമായി. കോവിഡിന്റെ രണ്ട് തരംഗം കഴിഞ്ഞിട്ടും തീവണ്ടി സർവ്വീസുകൾ പഴയപോലെ പുനരാരംഭിക്കുന്നതിനെക്കുറിച്ച് റെയിൽവെ ഒന്നും പറയുന്നതേയില്ല. ഓർഡിനറി ടിക്കറ്റുകളും കൊടുത്ത് തുടങ്ങിയിട്ടില്ല. ജനലക്ഷങ്ങൾ ആശ്രയിച്ചിരുന്ന എത്രയോ വണ്ടികളാണ് നിലച്ചുപോയത്. കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ‌ലൈൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ വിൽക്കാൻ വച്ചിരിക്കുന്ന പൊതു ആസ്തികളുടെ കൂട്ടത്തിൽ ഒന്ന് റെയിൽവെയാണെന്ന് ഓർക്കണം. ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന, ഇന്ത്യയുടെ സഞ്ചാര ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിക്കുന്ന തീവണ്ടികൾ നിലച്ചുപോവുകയും പ്രയോജനശൂന്യമായ ഒരു ‘തള്ളുവണ്ടി’ ചൂളംവിളിക്കാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നത് എത്ര ദയനീയമായ കാഴ്ചയാണ്.

വെർച്വൽ ലോകത്തിന്റെ വികാസം ജീവിതാവസ്ഥകളെ അനുദിനം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ് കാലം വെർച്വൽ ലോകത്തെക്കുറിച്ചുള്ള ആലോചനകളെ ഒന്ന് ഉന്തിവിടുകയുമുണ്ടായി. ഒരുപാട് വ്യവഹാരങ്ങൾ ഓൺലൈൻ ലോകത്തേക്ക് അതിവേഗം മാറ്റപ്പെട്ടു. വർക്ക് ഫ്രം ഹോമും ഓൺലൈൻ ക്ലാസും വീടിനെ തൊഴിലിടവും പള്ളിക്കൂടവുമൊക്കെയായി പരിവർത്തനപ്പെടുത്തിയതോടെ യാത്രകളുടെ രീതി തന്നെ മാറിപ്പോയി. സഞ്ചാരത്തെ പുതിയരീതിയിൽ വിഭാവനം ചെയ്യുകയാണ് ഇന്ന് വെർച്വൽ ലോകം. അധികം സഞ്ചാരങ്ങൾ ആവശ്യമില്ലാത്ത, അതിവേഗത്തിൽ എത്തിച്ചേരേണ്ടതില്ലാത്ത ഒരു കാലമാകാം ഒരുപക്ഷെ വരാനിരിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രവചനം സുനിശ്ചതമായി നടത്താൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തിന്റെ നടുവിലാണ് നമ്മൾ ഇന്ന് നിൽക്കുന്നത്. പക്ഷെ നമ്മുടെ വികസന വണ്ടി അതൊന്നും കാണാതെ എവിടേക്കോ ബ്രേക്കില്ലാതെ പായുകയാണ്. കൽപ്പറ്റ നാരായണൻ പറഞ്ഞതുപോലെ – ‘ഭാവിയെ വർത്തമാനകാലം തടങ്കലിലിടരുത്. അത് അതിന്റെ ജീവിതം ജീവിക്കട്ടെ.’

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 21, 2022 1:57 pm