Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2026ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2026 ഫെബ്രുവരി (1-28) റിപ്പോർട്ട്. 92 ഇസ്‌ലാമോഫോബിക് സംഭവങ്ങളും 13 വിദ്വേഷ പ്രസ്താവനകളും ഫെബ്രുവരി മാസം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിന്റെ ആദ്യ ഭാഗം 13 വിദ്വേഷ പ്രസ്താവനകളാണ്. അതിന്റെ വിശദീകരണമടക്കമുള്ള 92 ഇസ്‌ലാമോഫോബിക് സംഭവങ്ങൾ തുടർന്ന് നൽകുന്നു.
ഫെബ്രുവരി: 13 വിദ്വേഷ പ്രസ്താവനകൾ
1. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് : മതരാഷ്ട്രവാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം (എം.എസ്.എഫ്. സമ്മേളന റാപ് സോങ്ങിൽ ഇമ്രാൻ ഖാനെന്ന് എസ്.എഫ്.ഐ; നിഷേധിച്ച് എം.എസ്.എഫ്, 31 ജനുവരി, മാതൃഭൂമി).
2. എൽഡിഎഫ് 3 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഒരു വീഡിയോ പങ്കുവച്ചത് താലിബാൻ ഭരണത്തിൽ ജനഗണമനക്ക് പകരമുള്ള യുഡിഎഫിന്റെ പാകിസ്താൻ സ്തുതിഗീതം റിലീസായി എന്ന കാപ്ഷനോടെയാണ് (പാക് അനുകൂല മുദ്രവാക്യ ഗാനവുമായി ഭീകരവാദി വിദ്യാർത്ഥി സംഘടന… എംഎസ്എഫ്, 30 ജനുവരി, എൽഡിഎഫ് 3).
3. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ: ഹമാസ് നേതാവിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞ ആളാണ് മുഖ്യമന്ത്രി. കേരള സ്റ്റോറി തയ്യാറാക്കിയവർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കഴിഞ്ഞ 10 വർഷം ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി എത്രയോ തെറ്റുകൾ ചെയ്തു. ഹമാസിനെ വിളിച്ച് യുവാക്കളെ തീവ്രവാദികൾ ആക്കുക, മൂക്കിന് മുന്നിൽ നടക്കുന്ന ലൗ ജിഹാദിനെതിരെ ഒന്നും ചെയ്യാതെ മൗനമായി ഇരിക്കുക. ഇങ്ങനെ അപകടകരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 വർഷം നടന്നത് (സർക്കാരിന് ഇരട്ടത്താപ്പ്, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ട: രാജീവ് ചന്ദ്രശേഖർ, 19 ഫെബ്രുവരി, ഏഷ്യാനെറ്റ്).
4. വെള്ളാപ്പള്ളി നടേശൻ: ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലാണ്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നിൽ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാർഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ എന്നെ വർഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ച് നിന്നാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ (ജാതി പറഞ്ഞു പോരടിച്ചാൽ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോകും. എസ്എൻഡിപി – എൻഎസ്എസ് ഐക്യത്തിൽ വീണ്ടും പ്രതീക്ഷ വെച്ച് വെള്ളാപ്പള്ളി, 03 ഫെബ്രുവരി, മീഡിയാവൺ).
5. വെള്ളാപ്പള്ളി നടേശൻ: മുസ്ലീങ്ങളെപ്പോലെ ഈഴവരുടെ സാമുദായിക രാഷ്ട്രീയം സങ്കുചിതമല്ല. മുസ്ലീം ലീഗ് മതപരമായ ചട്ടക്കൂടിനുള്ളിൽ രാഷ്ട്രീയ ഏകീകരണം നടത്തുന്നു. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മതേതര ദർശനം പിന്തുടരുന്ന ഈഴവർക്ക് അന്ധമായ ഒരു സമുദായ രാഷ്ട്രീയം ഉൾക്കൊള്ളാൻ പ്രയാസമാണ് (ഈഴവ സമുദായം നേരിടുന്ന രാഷ്ട്രീയ ധർമസങ്കടം, അധികാരത്തിലെ അദൃശ്യതയും വരാനിരിക്കുന്ന വെല്ലുവിളികളും, 16 ഫെബ്രുവരി, കേരളശബ്ദം).
6. വെള്ളാപ്പള്ളി നടേശൻ: കേരളത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്ലീങ്ങൾക്ക് വേണ്ടിയാണ് മുസ്ലീം ലീഗ് നിലകൊള്ളുന്നതെന്നും മറ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം (അധികാര പങ്കാളിത്തം ഔദാര്യമല്ല, 17 ഫെബ്രുവരി, കേരള കൗമുദി).
7. വെള്ളാപ്പള്ളി നടേശൻ: ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന് പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. കൊള്ള ലാഭമുണ്ടാക്കിയത് ന്യൂനപക്ഷ സംഘടിത മതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവർക്ക് മുന്നിൽ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്‌കരിക്കുകയാണ് (തെരഞ്ഞെടുപ്പുകൾ സംഘടിത മതവിഭാഗങ്ങൾക്ക് കൊള്ളലാഭമായി മാറി: വെള്ളാപ്പള്ളി, 18 ഫെബ്രുവരി, ജന്മഭൂമി).
8. ബിജെപി നേതാവ് വി മുരളീധരൻ: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ. ഭരിക്കുന്നത് മുസ്ലീം ലീഗ് ആയിരിക്കും. തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ തനിനിറം പുറത്തുവരികയാണ്. ഉമ്മൻചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കം ശ്രമിച്ചവരാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റു മത ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി സഖ്യം, മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യം എന്നിവക്ക് പിന്നാലെ ഉപ മുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു (മുസ്ലീം ലീഗിന്റെ ഉപമുഖ്യമന്ത്രി പദം മറ്റ് സമുദായങ്ങൾക്ക് ആശങ്ക എന്ന് ബിജെപി, 03 ഫെബ്രുവരി, ജന്മഭൂമി).
9. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്: ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദഗ്രൂപ്പുകളുണ്ട്. മറ്റു ചിലർ അവരെ പ്രോൽസാഹിപ്പിക്കുന്നു. സഭയിലെ നിസാരമായ അഭിപ്രായ വ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സിറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുകയെന്നതായിരുന്നു. ആരാധനാക്രമ വഴക്കിലടക്കം ഇത്തരം ഇടപെടലുണ്ട്. ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭയെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നു (സമുദായ ബോധം ഉണ്ടാകണം; ഒപ്പം വർഗീയത ഉണ്ടാകരുത്, സി.കെ കുര്യാച്ചൻ, ഡേവിസ് പൈനാടത്ത്, 04 ഫെബ്രുവരി, ദീപിക).
10. അഡ്വ. ബി ഗോപാലകൃഷ്ണൻ: ഇതൊരു ഓർമ്മപ്പെടുത്തലാണ്. കൊള്ളസംഘം ആയ ഇടത് ഭരണത്തിന് എതിരെ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഹൈന്ദവരും ക്രൈസ്തവരും വോട്ട് ചെയ്യേണ്ടത് ബിജെപിക്കാണ്. കോൺഗ്രസ്സിനെ മുൻ നിർത്തി ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും നയിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ കൂട്ടായ്മയായ യുഡിഫ് അകറ്റി നിർത്തുക. ഇടതനെക്കാൾ വലിയ അപകടമാണ് വർഗീയ യുഡിഫ് (16 ഫെബ്രുവരി, ഫേസ്ബുക് പോസ്റ്റ്/ അഡ്വ. ബി ഗോപാലകൃഷ്ണൻ)
11. എ.പി അബ്ദുള്ളക്കുട്ടി: ഭാരതത്തിന്റെ മോചനം ഇസ്ലാമിലൂടെ എന്ന് ജമാഅത്തുകാർ ചുമരെഴുതിയപ്പോൾ അബൂബക്കർ അൽ ബാഗ്ദാദി ഐഎസ്‌ഐഎസ് ഉണ്ടാക്കിയപ്പോൾ അബ്ദുനാസർ മദനി ഐഎസ് ഉണ്ടാക്കിയപ്പോൾ അവരെയും അവസാന രൂപംകൊണ്ട പി.എഫ്.ഐ എന്ന് പറയുന്ന ഉഗ്രവി വിഷമുള്ള തീവ്രവാദ സംഘടനകളെയും ശക്തമായും പരസ്യമായും എതിർത്തത് സുന്നി പ്രസ്ഥാനങ്ങളാണ്. മുജാഹിദും ജമാഅത്തും ഒളിഞ്ഞും തെളിഞ്ഞും ഭാരതത്തിലെ മാത്രമല്ല ലോകത്തിലാകെയുള്ള തീവ്ര പൊളിറ്റിക്കൽ ഇസ്ലാം ഐഡിയോളജിയെ ന്യായീകരിക്കുന്നവർ ആയിരുന്നു. വി.ഡി സതീശൻ ഈ ജമാഅത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും വക്താവ് ആകുന്നത് താൻ വലിയ പരിഷ്‌കാരി ആണെന്ന് കാണിക്കാൻ വേണ്ടിയാണ് (‘കാന്തപുരം പറഞ്ഞതും മുന്നണികൾ കേട്ടതും’, എ.പി അബ്ദുള്ളകുട്ടി, 20 ഫെബ്രുവരി, ജന്മഭൂമി).
12. അഖിൽ മാരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം കാന്തപുരം അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളെയാണ്. അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് കണ്ടത്. എന്തിനാണ് മുസ്ലീം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്?(കോൺഗ്രസിൽ സീറ്റില്ല; അഖിൽ മാരാർ എൻഡിഎയിലേക്ക്; സതീശന് വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റ്, 19 ഫെബ്രുവരി, റിപ്പോർട്ടർ).
13. രാജീവ് ചന്ദ്രശേഖർ: കോൺഗ്രസിനെ ഇന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാശാണ് (22 ഫെബ്രുവരി, കേരളകൗമുദി പോസ്റ്റർ).


ഫെബ്രുവരി: 92 ഇസ്‌ലാമോഫോബിക് സംഭവങ്ങൾ
1. സംഘപരിവാറിന് വെള്ളവും വളവും നൽകുന്ന മീഡിയാവൺ
മഞ്ചേരി ജനറൽ ആശുപത്രിയ്ക്ക് 10 വർഷത്തെ കേരള ബജറ്റിൽ അനുവദിച്ചത് വെറും 1000 രൂപയാണെന്ന ഒരു വാർത്ത മീഡിയാവൺ പ്രസിദ്ധീകരിച്ചു. (ഒരു കസേര പോലും കിട്ടില്ല; 10 വർഷത്തെ ബജറ്റിൽ പിണറായി സർക്കാർ മലപ്പുറം ജനറൽ ആശുപത്രിക്ക് അനുവദിച്ചത് വെറും 1000 രൂപ!, 31 ജനുവരി, മീഡിയാവൺ)
ഇതിനെതിരെ മന്ത്രി വീണ ജോർജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മീഡിയാവൺ സംഘപരിവാറിന് കുടപിടിക്കുകയാണെന്നും പ്രമോദ് രാമനെപ്പോലുള്ള സെക്കുലർ സ്‌പെസിൽ നിൽക്കുന്ന മാധ്യമപ്രവർത്തകൻ അതോർക്കണമെന്നും മന്ത്രി ഓർമപ്പെടുത്തി: സംഘപരിവാറിന് കുട പിടിക്കുന്ന പരിപാടി മീഡിയാവൺ അവസാനിപ്പിക്കണം. ശ്രീ. പ്രമോദ് രാമനെ പോലെ സെക്കുലർ സ്‌പേസിൽ നിൽക്കുന്ന മാധ്യമപ്രവർത്തകൻ നയിക്കുന്ന മാധ്യമ സ്ഥാപനമാണ് ഇത്തരത്തിൽ നട്ടാൽ കുരുക്കാത്ത കള്ളം പ്രചരിപ്പിക്കുന്നത്. ഇത് സംഘപരിവാറിന് വെള്ളവും വളവും നൽകുകയാണ്. ഇത് മാധ്യമപ്രവർത്തനമല്ല. മലപ്പുറത്തെ മുൻനിർത്തി തുടർച്ചയായി ആരോഗ്യവകുപ്പിനെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മീഡിയാ വൺ. ജനറൽ ആശുപത്രി ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയത് യുഡിഎഫ് കാലത്താണല്ലോ. അന്ന് ബോർഡ് മാറ്റി വെക്കുന്നതിന് മുമ്പുള്ള ചിത്രമാണ് മീഡിയാ വൺ കള്ളം പ്രചരിപ്പിക്കുന്ന കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ബോർഡ് മാറ്റി വച്ച മഞ്ചേരി ആശുപത്രിയിൽ ഈ 10 വർഷത്തിനിടയിൽ കാത്ത് ലാബ്, എംആർഐ മെഷീൻ, കെട്ടിടങ്ങൾ, മരുന്ന്, ഉപകരണങ്ങൾ, ജീവനക്കാരുടെ വേതനം ഉൾപ്പെടെ എല്ലാം ഈ കാലയളവിൽ സംസ്ഥാന സർക്കാർ ലഭ്യമാക്കിയതാണ് (01 ഫെബ്രുവരി, ഫേസ്ബുക്ക്/ വീണ ജോർജ്).
മന്ത്രിയുടെ പ്രതികരണത്തിന് അടുത്ത ദിവസം മീഡിയാവൺ വിശദീകരണം നൽകി. മന്ത്രി നൽകിയ കണക്കുകൾ മഞ്ചെരി മെഡിക്കൽ കോളേജിനുള്ളതാണെന്നും തങ്ങളുടെ വാർത്ത ജില്ലാ ആശുപത്രിയെക്കുറിച്ചായിരുന്നുവെന്നുമായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. (മലപ്പുറത്തെ ജനറൽ ആശുപത്രി: മീഡിയവൺ പറഞ്ഞതും മന്ത്രി പറഞ്ഞതും, വസ്തുതയെന്ത്?, 01 ഫെബ്രുവരി, മീഡിയ വൺ)
2. എംഎസ്എഫ് തീം സോങ് വിവാദം
മുസ്ലീം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ തീം സോങിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രവും ഉൾപ്പെട്ടതായി ഒരു വിവാദം ജനുവരി അവസാനവാരത്തിൽ പ്രചരിച്ചു. പാട്ടിനോടനുബന്ധിച്ച ചിത്രീകരണത്തിൽ ഇമ്രാൻ ഖാന്റെയും ചിത്രം ഉൾപ്പെട്ടതായാണ് ആരോപണമുയർന്നത്. എസ്എഫ്‌ഐ ഈ സംഭവത്തെ വലിയ ചർച്ചയായി വികസിപ്പിച്ചു.
മതരാഷ്ട്രവാദികളുമായി എന്ത് ബന്ധം
വീഡിയോക്കെതിരേ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഫേസ്ബുക്കിലൂടേ രംഗത്തെത്തി. മതരാഷ്ട്രവാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം (എംഎസ്എഫ് സമ്മേളന റാപ് സോങ്ങിൽ ഇമ്രാൻ ഖാനെന്ന് എസ്എഫ്ഐ.; നിഷേധിച്ച് എംഎസ്എഫ്., 31 ജനുവരി, മാതൃഭൂമി)
എന്നാൽ, എംഎസ്എഫ് നേതാക്കൾ ഇക്കാര്യം നിഷേധിച്ചു. എംഎസ്എഫിന്റെ വീഡിയോയിൽ ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ വീഡിയോയിൽ ഇമ്രാൻ ഖാനില്ല. എംഎസ്എഫിന് ഇമ്രാൻ ഖാനുമായി ബന്ധവുമില്ല. ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോ എവിടെ നിന്ന് കിട്ടിയെന്ന് എസ്എഫ്ഐ നേതാക്കൾത്തന്നെ വ്യക്തമാക്കണമെന്നും എംഎസ്എഫ് സംസ്ഥാന ജനറൽസെക്രട്ടറി സി.കെ നജാഫ് പ്രതികരിച്ചു (എംഎസ്എഫ്. സമ്മേളന റാപ് സോങ്ങിൽ ഇമ്രാൻ ഖാനെന്ന് എസ്എഫ്ഐ.; നിഷേധിച്ച് എം.എസ്.എഫ്., 31 ജനുവരി, മാതൃഭൂമി).
താലിബാൻ ഭരണത്തിൽ പാക് സ്തുതിഗീതം
എൽഡിഎഫ് 3 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഈ വീഡിയോ പങ്കുവച്ചത് താലിബാൻ ഭരണത്തിൽ ജനഗണമനക്ക് പകരമുള്ള യുഡിഎഫിന്റെ പാകിസ്താൻ സ്തുതിഗീതം റിലീസായി എന്ന കാപ്ഷനോടെയാണ് (പാക് അനുകൂല മുദ്രവാക്യ ഗാനവുമായി ഭീകരവാദി വിദ്യാർത്ഥി സംഘടന… എംഎസ്എഫ്, 30 ജനുവരി, എൽഡിഎഫ് 3).


ബെനസീർ ഭൂട്ടോയോ?
ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ മഹിളാ അസോസിയേഷനായ എഐഡിഡബ്ലുഎയുടെ പോസ്റ്ററിൽ ബനസീർ ഭൂട്ടോയുടെ ചിത്രം കടന്നുവന്നിരുന്നുവെന്ന് സാമൂഹികമാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. അന്നില്ലാത്ത വിവാദം ഇപ്പോഴെന്തിനെന്നായിരുന്നു ചോദ്യം. ബോർഡിലെ മഹിള ഏത് നാട്ടുകാരിയാണെന്നും പരിഹസിച്ചു (31 ജനുവരി, ഫേസ്ബുക്ക്/സമീർ കെ മുണ്ടോത്ത്).
എംഎസ്എഫിന്റെ ജമാഅത്ത്‌വൽക്കരണം
ഈ സംഭവത്തെ എംഎസ്എഫിന്റെ ജമാഅത്ത് വൽക്കരണമെന്നാണ് പി.എസ് സഞ്ജീവ് വിശേഷിപ്പിച്ചത്. വീഡിയോ വ്യാജമാണെങ്കിൽ എസ്എഫ്‌ഐക്കെതിരേ പരാതി നൽകാനും അദ്ദേഹം വെല്ലുവിളിച്ചു (എംഎസ്എഫ് തീം സോങ് വിവാദം: വ്യാജവീഡിയോ ആണെങ്കിൽ പരാതി നൽകണമെന്ന് എസ്എഫ്‌ഐ, 31 ജനുവരി, റിപ്പോർട്ടർ).
3. ദി കേരള സ്റ്റോറി 2
ജനുവരി അവസാനവും ഫെബ്രുവരി ആദ്യവാരത്തിലുമായി കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ‘കേരള സ്റ്റോറി 2 ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ ടീസർ പുറത്തുവന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം.
വിദ്വേഷം പടർത്താനുള്ള ആസൂത്രിതനീക്കമാണ് സിനിമയെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു: . വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതും നുണകൾ മാത്രം ഉല്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം മാത്രമാണ് കേരള സ്‌റ്റോറി 2. ലൗ ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങൾ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കവുമാണ് ഇത് (ദി കേരള സ്റ്റോറി 2- വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം, 01 ഫെബ്രുവരി, മംഗളം).
മുസ്ലീം എന്ന വാക്കില്ലാതെ മുഖ്യമന്ത്രിയുടെ പ്രതികരണം
കേരള സ്റ്റോറിയെ കുറിച്ച് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ ഒരു പ്രതികരണം പ്രസിദ്ധീകരിച്ചു. വിദ്വേഷത്തിന്റെ സ്റ്റോറികൾക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നായിരുന്നു ശീർഷകം: കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. ആദ്യം പുറത്തിറങ്ങിയ ‘കേരള സ്റ്റോറി’ എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നാടിന്റെ ശത്രുക്കൾ. സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം- തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ടെങ്കിലും മുസ്ലീങ്ങൾ എന്ന വാക്ക് ഈ കുറിപ്പിലില്ല (18ഫെബ്രുവരി, ഫേസ്ബുക്ക്/ പിണറായി വിജയൻ).
മുഖ്യമന്ത്രിയുടെ നിലപാടിനെ സിനിമയുടെ സംവിധായകൻ ചോദ്യം ചെയ്തു:
സിനിമ പറയുന്നത് പച്ചയായ സത്യമാണെന്നും രാജ്യത്തെ പെൺകുട്ടികളെയും സഹോദരിമാരെയും ഒരു കെണിയിൽ നിന്ന് രക്ഷിക്കാനുള്ള മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം പറഞ്ഞു (‘കേരള സ്റ്റോറി 2’ വസ്തുതകൾ പറയുന്ന സിനിമയെന്ന് സംവിധായകൻ; മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾ തള്ളി കാമാഖ്യ നാരായൺ സിംഗ്, 20 ഫെബ്രുവരി ഇന്ത്യ ടുഡെ).
ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇരട്ടത്താപ്പ്
കേരള സ്റ്റോറി രണ്ട് മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കാണേണ്ടന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ സംസ്ഥാന സർക്കാറിന് ഇരട്ടത്താപ്പ് ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ: ഹമാസ് നേതാവിന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. കേരള സ്റ്റോറി തയ്യാറാക്കിയവർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കഴിഞ്ഞ 10 വർഷം ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി എത്രയോ തെറ്റുകൾ ചെയ്തു. ഹമാസിനെ വിളിച്ച് യുവാക്കളെ തീവ്രവാദികൾ ആക്കുക, മൂക്കിന് മുന്നിൽ നടക്കുന്ന ലൗ ജിഹാദിനെതിരെ ഒന്നും ചെയ്യാതെ മൗനമായി ഇരിക്കുക. ഇങ്ങനെ അപകടകരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 വർഷം നടന്നത് (സർക്കാരിന് ഇരട്ടത്താപ്പ്, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ട: രാജീവ് ചന്ദ്രശേഖർ, 19 ഫെബ്രുവരി, ഏഷ്യാനെറ്റ്).
കേരളം തള്ളിക്കളയും
കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ തച്ചുടക്കാനും അമൂല്യമായി നമ്മൾ എക്കാലവും കരുതുന്ന മതാതീതമായ ഹൃദയബന്ധങ്ങളെ നശിപ്പിക്കാനുമുദ്ദേശിച്ച് നിർമ്മിച്ച ‘ദി കേരള സ്റ്റോറി’ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്തകൾ വ്യാകുലപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ‘കേരളാ സ്റ്റോറി’യുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു (കേരളാ സ്റ്റോറി’യുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും -രമേശ് ചെന്നിത്തല, 19 ഫെബ്രുവരി, മാധ്യമം)
സെൻസർ ബോർഡിന് നോട്ടീസ്
വിവാദ ചിത്രം കേരള സ്റ്റോറി ടു വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിനു ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതാണെന്നും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകും എന്നുമാണ് ഹർജിക്കാരന്റെ വാദം.തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ കാരണമാകും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (‘ദ കേരള സ്റ്റോറി 2’, ഹൈക്കോടതി ഇടപെടുന്നു, ചൊവ്വാഴ്ച നിർണായകം; പ്രദർശനം തടയണമെന്ന ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസയച്ചു, 19 ഫെബ്രുവരി, ഏഷ്യാനെറ്റ്).
ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ് നേതാവ്
‘കേരള സ്റ്റോറി’ സിനിമയെ തുടർന്നുണ്ടായ സാഹചര്യത്തിൽ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് പ്രഖ്യാപിച്ചു. കേരളത്തിൽ ഹൈന്ദവരെ നിർബന്ധിച്ച് ബീഫ് തീറ്റിക്കുന്നുവെന്ന് സിനിമ പറയുന്നുവെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐ ബീഫ് ഫെസ്റ്റിന് മുൻകൈ എടുത്തത്.
എസ്എഫ്‌ഐ പ്രഖ്യാപനത്തിനെതിരേ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സി.കെ നജാഫ് രംഗത്തുവന്നു. ബീഫ് ഫെസ്റ്റ് നടത്തി എസ്എഫ്‌ഐ ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. “ഭരണകൂടം അനുവദിക്കുന്ന ഏതു സിനിമയും ഇവിടെ പ്രദർശിപ്പിക്കാം. അവാർഡും നൽകാം. കേരള സ്റ്റോറി മുസ്ലീം വിരുദ്ധ സിനിമ ആയതിനാലല്ല, കേരളത്തിന് എതിരായതിനാലാണ് എതിർപ്പ്,” നജാഫിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ബീഫ് ഫെസ്റ്റ് നടത്തി വികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നജാഫിന്റെ അഭിപ്രായത്തിനെതിരേ വലിയ വിയോജിപ്പുകളാണ് ഉയർന്നുവന്നത്.
നജാഫിനെ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി ശശികല പിന്തുണച്ചു. നജാഫിന്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ടെന്നായിരുന്നു ശശികലയുടെ പ്രതികരണം (ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്; പിന്തുണച്ച് ശശികല, 21 ഫെബ്രുവരി, ദേശാഭിമാനി).
യഥാർത്ഥ കേരള സ്റ്റോറി
‘ദി കേരള സ്റ്റോറി 2’ റിലീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മത സൗഹാർദ്ദവും മനുഷ്യബന്ധങ്ങളും ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കുന്ന ലേഖനം അഴിമുഖം പ്രസിദ്ധീകരിച്ചു. ലേഖനം നൽകിയ ഒരു ഉദാഹരണം പകർത്തുന്നു: ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച രാവിലെ കോട്ടയം കുമാരനെല്ലൂർ മക്കാ മസ്ജിദിന്റെ മദ്രസ ഹാളിൽ ഒരു അസാധാരണ കാഴ്ച നടന്നു. ധൂപവും ദീപവും കത്തിച്ചു, ശംഖും ഘണ്ടയും മുഴങ്ങി, ‘ഓം നമശ്ശിവായ’ മന്ത്രോച്ചാരണം മുഴങ്ങിയ മുറിയിൽ 62 വയസ്സുള്ള ഹിന്ദു സ്ത്രീ ഓമന രാജേന്ദ്രന്റെ മൃതദേഹം പുഷ്പാലങ്കൃത ശവമഞ്ചത്തിൽ വച്ചിരുന്നു. മസ്ജിദിന് പുറത്ത് ബന്ധുക്കൾ ‘രാമ… രാമ…’ ജപിച്ചു. മസ്ജിദ് കമ്മിറ്റി അംഗങ്ങൾ വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കി. വ്യാഴാഴ്ച രാത്രി മരിച്ച ഓമന രാജേന്ദ്രന്റെ വീട്ടിലേക്ക് എത്താൻ പ്രയാസമായതും മൃതദേഹം സൂക്ഷിക്കാൻ സൗകര്യമില്ലാതിരുന്നതും കാരണം പ്രസിഡന്റ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ മസ്ജിദ് കമ്മിറ്റി മദ്രസ ഹാൾ ഉപയോഗിക്കാൻ കുടുംബത്തെ ക്ഷണിച്ചു. കുടുംബാംഗങ്ങൾ അവരുടെ ആചാരങ്ങൾ പാലിച്ചു. “മതമോ ജാതിയോ നോക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുക അതാണ് ഒരു മതവിശ്വാസിയുടെ കടമ” എന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു. പിന്നീട് മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കാരം നടത്തി (യഥാർത്ഥ കേരള സ്റ്റോറി, 21 ഫെബ്രുവരി, അഴിമുഖം).
കാണാനാളില്ല
കോടതി വഴി പ്രദർശനം തടയാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും തിയറ്ററുകളിൽ സിനിമ ഓടിയില്ല. സിനിമ കാണാൻ വേണ്ടത്ര ആളുകൾ ഇല്ലാത്തതാണ് കാരണം. മിക്കവാറും തിയ്യറ്ററുകളിൽ ഷോ റദ്ദാക്കുകയായിരുന്നു (സിനിമയിറങ്ങി, പക്ഷേ, കാണാൻ ആളില്ല; ഷോ ക്യാൻസൽഡ്, ഇത് കേരള സ്‌റ്റോറി 2 വേഴ്‌സസ് കേരളം, 28 ഫെബ്രുവരി, സീ ന്യൂസ്).
4. മാപ്പിള ലഹളും മതലഹളയും
ഫെബ്രുവരി 15 ന് മലപ്പുറം ജില്ലയിൽ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ കൊപേ 2026 (കൊതിപ്പിക്കലും പേടിപ്പിക്കലും)യുടെ ഭാഗമായി ‘മാപ്പിള ലഹളയുടെ മാറ്റിയെഴുത്തുകൾ’ എന്ന പേരിൽ ആരിഫ് ഹുസൈൻ, എ.പി അഹമ്മദ് എന്നിവർ പങ്കെടുക്കുന്ന ഒരു പാനൽ ഡിസ്‌കഷൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടിസിൽ ഇങ്ങനെ കാണുന്നു:
1921 ലെ ‘മാപ്പിള ലഹള’ ചരിത്രരചനയിലും പൊതു ചർച്ചകളിലും ഇന്നും തീരാത്ത വാദപ്രതിവാദങ്ങൾ ഉയർത്തുന്ന ഒരു സംഭവമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഒരു കർഷകപ്രതിരോധമോ മതവികാരങ്ങൾ ആധാരമാക്കിയ സാമൂഹിക ലഹളയോ അതോ ഇവ രണ്ടിന്റെയും സങ്കീർണ്ണമായ കൂട്ടിച്ചേരലോ എന്ന ചോദ്യങ്ങൾ ഇന്നും സമകാലിക കേരള രാഷ്ട്രീയത്തിൽ പോലും അത്രമാത്രം പ്രസക്തമാണ്. എന്നോ മൂടപ്പെട്ട ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ഈ സംഭവം വീണ്ടും വീണ്ടും കുഴിമാന്തിയെടുത്ത് പൊതുസമൂഹത്തിൽ രാഷ്ട്രീയ മതകലഹങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ എന്താണ് അതിന്റെ യാഥാർത്ഥ്യം എന്നത് വിസ്മരിക്കാതെ മാറിനിൽക്കാനാവില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കോപെയിൽ ‘മാപ്പിള ലഹളയുടെ മാറ്റിയെഴുത്തുകൾ’ എന്ന പേരിൽ ആരിഫ് ഹുസൈൻ, എ.പി അഹമ്മദ് എന്നിവർ പങ്കെടുക്കുന്ന ഒരു പാനൽ ഡിസ്‌കഷൻ അരങ്ങേറുന്നു.ഈ ബൗദ്ധിക സംഗമത്തിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു (31 ജനുവരി, ഫേസ്ബുക്ക്/ സുശീൽ കുമാർ)
5. നായർ ഈഴവ ഐക്യവും മുസ്ലീം ലീഗ് വിരോധവും
നായർ ഈഴവ ഐക്യത്തിന്റെ കാരണം മുസ്ലീം ലീഗ് വിരോധമാണെന്ന് ദീപിക ദിനപത്രത്തിൽ അനന്തപുരി എന്ന കോളത്തിൽ ദ്വിജൻ. നായർ ഈഴവ ഐക്യം പൊളിഞ്ഞതിനെക്കുറിച്ചാണ് കോളം ചർച്ച ചെയ്തിരുന്നത്: നായർ ഈഴവ ഐക്യനീക്കം പൊളിഞ്ഞെങ്കിലും അതിന് പ്രാധാന കാരണമായ മുസ്ലീം ലീഗ് വിരോധം വെള്ളാപ്പള്ളി ഊതിക്കത്തിക്കുന്നുണ്ട്. ലീഗ് രാഷ്ട്രീയശക്തി ഉപയോഗിച്ച് അന്യായമായ പലതും നേടുന്നു. എന്ന വാദം അദ്ദേഹം ആവർത്തിച്ച് ഉന്നയിക്കുന്നു. ഈ വികാരം ചില ക്രൈസ്തവരിലും ഉണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങൾപ്പോലും 80 ശതമാനവും മുസ്ലീം സമുദായത്തിന് ഒറ്റക്ക് കിട്ടാൻ കാരണം ലീഗാണ് (ഐക്യം പൊളിഞ്ഞു അടുപ്പം തുടരുന്നു? 01 ഫെബ്രുവരി, ദീപിക).
6. വെള്ളാപ്പള്ളി: പ്രസ്താവനകളും പ്രതികരണങ്ങളും
വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണം
വിവിധ രംഗങ്ങളിൽ പത്മഭൂഷൻ പ്രഖ്യാപിച്ച കൂട്ടത്തിൽ വെള്ളാപ്പള്ളിക്കും പത്മഭൂഷൻ ലഭിച്ചു. ഇതും ചർച്ചയായി. വിദ്വേഷപരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറം ക്യാമ്പയിൽ കമ്മിറ്റി ചെയർമാൻ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് പരാതി നൽകി. വെള്ളാപ്പള്ളി പത്മപുരസ്‌കാരങ്ങളെ അവഹേളിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരേ ധാരാളം ക്രിമിനൽ കേസുകളുണ്ടെന്നും പരാതിയിലുണ്ട് (വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണമെന്ന പരാതി, ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി രാഷ്ട്രപതി, 31 ജനുവരി, ഡൂൾ ന്യൂസ്). ഇതു സംബന്ധിച്ച ചർച്ചകൾ പിന്നെയും തുടർന്നു
ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നിൽ ഭൂരിപക്ഷം ഞെരുക്കപ്പെടുന്നു
എസ്എൻഡിപി -എൻഎസ്എസ് ഐക്യ ചർച്ച തകർന്ന സാഹചര്യത്തിൽ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് വെള്ളാപ്പള്ളി കുറിപ്പ് എഴുതി. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നിൽ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുന്നുവെന്ന യാഥാർഥ്യം വിളിച്ചു പറഞ്ഞതിനാണ് താൻ ആക്രമിക്കപ്പെട്ടതെന്നതായിരുന്നു കുറിപ്പിൽ വാദിച്ചത്: ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലാണ്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നിൽ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാർഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ എന്നെ വർഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ച് നിന്നാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ (ജാതി പറഞ്ഞു പോരടിച്ചാൽ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോകും. എസ്എൻഡിപി – എൻഎസ്എസ് ഐക്യത്തിൽ വീണ്ടും പ്രതീക്ഷ വെച്ച് വെള്ളാപ്പള്ളി, 03 ഫെബ്രുവരി, മീഡിയാവൺ).
വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം
കേരളത്തിൽ മുസ്ലീങ്ങൾക്ക് 4020 എയിഡഡ് സ്‌കൂളുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പലയിടങ്ങളിലായി പ്രസംഗിച്ചിരുന്നു. ഏറെ താമസിയാതെ സ്കൂളുകളുടെ കണക്കുകൾ മന്ത്രി ശിവൻകുട്ടി നിയമസഭയിൽവച്ചു. മുസ്ലീങ്ങൾക്ക് താരതമ്യേന കൂടുതൽ സ്ഥാപനങ്ങളുള്ള മലപ്പുറത്തിനും കോഴിക്കോടിനും പുറമേ, വയനാട്, കാസർകോട്, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലെ മാത്രം കണക്കുപ്രകാരം ഏറ്റവും കൂടുതൽ സ്‌കൂളുകളുള്ളത് ക്രിസ്ത്യൻ മാനേജ്‌മെന്റിനാണ്. 1,254 സ്‌കൂളുകൾ. മുസ്ലീം മാനേജ്‌മെന്റിന് 1162 സ്‌കൂളുകളാണുള്ളത്. നായർ മാനേജ്‌മെന്റിന് 565ഉം ഈഴവ വിഭാഗത്തിന് 403ഉം മറ്റുള്ളവർക്ക് 828ഉം സ്‌കൂളുകളുണ്ട്. സംസ്ഥാനത്താകെയുള്ള 7,195 മാനേജ്‌മെന്റ് സ്‌കൂളുകളിൽ 4,212 സ്‌കൂളുകളാണ് ഈ എട്ട് ജില്ലകളിൽ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ആറ് ജില്ലകളിൽ പ്രവർത്തിക്കുന്ന 2,983 സ്‌കൂൾ മാനേജ്‌മെന്റുകളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചുവരികയാണ്. സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് 4020ഉം എസ്.എൻ.ഡി.പിക്ക് 370 ഉം സ്‌കൂളുകളാണുള്ളതെന്നായിരുന്നു മുസ്ലീങ്ങളെ പ്രതികൂട്ടിൽ നിർത്താൻ വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. എന്നാൽ വെള്ളാപ്പള്ളി പറഞ്ഞതിന്റെ മൂന്നിലൊന്ന് സ്‌കൂളുകൾ പോലും എട്ട് ജില്ലകളിൽ മുസ്ലീങ്ങൾക്ക് ഇല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എട്ട് ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകളുണ്ടെന്നാണ് നിയമസഭാ രേഖകൾ പറയുന്നത്. 370 സ്‌കൂളുകൾ മാത്രമാണുള്ളതെന്നാണ് വെള്ളാപ്പള്ളിയുടെ വാദിച്ചിരുന്നത് (വെള്ളാപ്പള്ളിയുടെ കള്ളംപൊളിച്ച് സഭയിൽ കണക്കുകൾ, 05 ഫെബ്രുവരി, സുപ്രഭാതം).
വെള്ളാപ്പള്ളി നടേശന്റെ സംസാരം പൊതുപ്രവർത്തകന് ചേരാത്തത്
ഉള്ളടക്കം: വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ചും മുസ്ലീം സമൂഹത്തെ കുറിച്ചും പറഞ്ഞത് ഒരു പൊതുപ്രവർത്തകന് ചേരാത്തത് ആണെങ്കിലും അത് ചാനലിലൂടെ പറയാൻ പറ്റാത്ത സാഹചര്യമാണെന്ന് മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ. അത് തുറന്നുപറഞ്ഞാൽ പറയുന്നവരുടെ തല തല്ലിപ്പൊളിക്കും എന്ന ചിന്തയാണ് ഇപ്പോൾ. അണികൾ നേതാക്കളെ പിടിച്ചുനിർത്തിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴതല്ലെന്നും അദ്ദേഹം പറഞ്ഞു- ജെയ്ൻ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ഫ്യൂച്ചർ ഓഫ് സമ്മിറ്റ് പ്രോഗ്രാമിലായിരുന്നു ഈ തുറന്നുപറച്ചിൽ (ശ്രീകണ്ഠൻ നായർ – അഭിമുഖം, 09 ഫെബ്രുവരി, ദി ക്യൂ).
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് പറയാനാവില്ല
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് പറയാനാകില്ലെന്ന് ജി സുധാകരൻ: എസ്എൻഡിപി ജനറൽ സെക്രട്ടറിയായതുകൊണ്ട് അദ്ദേഹം സമുദായത്തിന് വേണ്ടി വാദിക്കുന്നു. മുസ്ലീം വിരോധം കൊണ്ട് അദ്ദേഹത്തിന് നേട്ടമില്ല. കാരണം മത്സരിക്കണമെന്ന് അദ്ദേഹത്തിന് മോഹമൊന്നും ഇല്ലെന്നും സുധാകരൻ (വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് പറയാനാകില്ലെന്ന് ജി സുധാകരൻ, 10 ഫെബ്രുവരി, ദി ക്യൂ).
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപരാമർശത്തിന് പിന്തുണ
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപ്രസംഗത്തെ മുതിർന്ന സിപിഎം എംഎൽഎ കെ.കെ ശൈലജ പിന്തുണച്ചു. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അവിടെ ഈഴവർക്ക് ജീവിക്കാൻ പറ്റാതെ ശ്വാസം മുട്ടുകയാണ് എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. മലപ്പുറത്തെ മുസ്ലീങ്ങളെയല്ല, മുസ്ലീം ലീഗിനെയാണ് വെള്ളാപ്പള്ളി ഉദ്ദേശിച്ചതെന്നായിരുന്നു ശൈലജ ടീച്ചർ പറഞ്ഞ ന്യായം (വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപ്രസംഗത്തെ പിന്തുണച്ച് കെ.കെ ശൈലജ, 15 ഫെബ്രുവരി, മഖ്തൂബ്).
അന്ധമായ സമുദായ രാഷ്ട്രീയം
കേരളശബ്ദം ഫെബ്രുവരി 16 ലക്കത്തിൽ ‘ഈഴവ സമുദായം നേരിടുന്ന രാഷ്ട്രീയ ധർമസങ്കടം, അധികാരത്തിലെ അദൃശ്യതയും വരാനിരിക്കുന്ന വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. അഡ്വ. സുരേഷ് വണ്ടന്നൂർ ആണ് അഭിമുഖം തയ്യാറാക്കിയത്. അതിൽ ഈഴവർക്ക് എന്തുകൊണ്ട് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ചർച്ച ചെയ്തിരുന്നു. മുസ്ലീങ്ങളെപ്പോലെ ഈഴവരുടെ സാമുദായിക രാഷ്ട്രീയം സങ്കുചിതമല്ലെന്നായിരുന്നു അദ്ദേഹം നൽകിയ ഉത്തരം:
മുസ്ലീം ലീഗ് മതപരമായ ചട്ടക്കൂടിനുള്ളിൽ രാഷ്ട്രീയ ഏകീകരണം നടത്തുന്നു. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മതേതര ദർശനം പിന്തുടരുന്ന ഈഴവർക്ക് അന്ധമായ ഒരു സമുദായ രാഷ്ട്രീയം ഉൾക്കൊള്ളാൻ പ്രയാസമാണ് (ഈഴവ സമുദായം നേരിടുന്ന രാഷ്ട്രീയ ധർമസങ്കടം, അധികാരത്തിലെ അദൃശ്യതയും വരാനിരിക്കുന്ന വെല്ലുവിളികളും, 16 ഫെബ്രുവരി, കേരളശബ്ദം).
ന്യൂനപക്ഷങ്ങൾ അധികാരം കയ്യടക്കുന്നു
അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന ശീർഷകത്തിൽ വെള്ളാപ്പള്ളി നടേശൻ യോഗനാദത്തിൽ എഡിറ്റോറിയൽ എഴുതി. കേരള കൗമുദി അത് പുനഃപ്രസദ്ധീകരിച്ചു (അധികാര പങ്കാളിത്തം ഔദാര്യമല്ല, 17 ഫെബ്രുവരി, കേരള കൗമുദി). പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പുകൾ നഷ്ടക്കച്ചവടമാണെന്നും ന്യൂനപക്ഷങ്ങൾ മതം പറഞ്ഞ് എല്ലാം നേടുന്നുവെന്നുമായിരുന്നു ലേഖനത്തിന്റെ വാദം:
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്റിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു. കൊള്ളലാഭമുണ്ടാക്കിയവരാകട്ടെ ന്യൂനപക്ഷ സംഘടിത മതങ്ങളും! ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണ്. മുസ്ലീം, ക്രൈസ്തവ സമുദായങ്ങൾ അവരുടെ സ്വന്തം പാർട്ടികളുണ്ടാക്കി എം.എൽ.എമാരെയും എം.പിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുന്നു. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുന്നതനുസരിച്ച് കൂടുതൽ അധികാര പദവികളും സ്ഥാനമാനങ്ങളും അവർ പിടിച്ചെടുക്കുകയാണ് പതിവ്. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ലീം ലീഗാണെങ്കിൽ കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞു. എന്നിട്ടും, കിട്ടിയതൊന്നും പോരെന്ന നിലപാടിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.
കേരളത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്ലീങ്ങൾക്ക് വേണ്ടിയാണ് മുസ്ലീം ലീഗ് നിലകൊള്ളുന്നതെന്നും മറ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം.
തെരഞ്ഞെടുപ്പുകൾ സംഘടിത മതങ്ങൾക്ക് കൊള്ളലാഭം
ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന് പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായി മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ. കൊള്ള ലാഭമുണ്ടാക്കിയത് ന്യൂനപക്ഷ സംഘടിത മതങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവർക്ക് മുന്നിൽ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്‌കരിക്കുകയാണ് (തെരഞ്ഞെടുപ്പുകൾ സംഘടിത മതവിഭാഗങ്ങൾക്ക് കൊള്ളലാഭമായി മാറി: വെള്ളാപ്പള്ളി, 18 ഫെബ്രുവരി, ജന്മഭൂമി).
7. വർഗീയവാദികളോട് ‘കടക്ക് പുറത്ത്’
ഉപമുഖ്യമന്ത്രി പദത്തിന് ലീഗ് എന്ന ഒരു വാർത്താ കാർഡ് റിപ്പോർട്ടർ ടിവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പങ്കുവച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ എഴുതിയത് ഇങ്ങനെ:
ഉപമുഖ്യമന്ത്രി… മുസ്ലീം ലീഗ്. അപ്പോൾ ബിജെപിക്കോ…കൊടുക്ക്.. അവർക്കും ഒന്ന്…
കേരളം പറയുക: വർഗീയ വാദികളോട്, ‘കടക്ക് പുറത്ത്’ (ലീഗിന് ഉപമുഖ്യമന്ത്രിയെന്ന വാർത്ത, കേരളം വർഗീയവാദികളോട് കടക്ക് പുറത്തെന്ന് പറയണമെന്ന് സിപിഎം നേതാവ് കെ അനിൽകുമാർ, 02 ഫെബ്രുവരി, മക്തൂബ് മലയാളം).
8. സ്ത്രീകൾക്ക് പ്രവേശനം
സമസ്ത സ്ത്രീകൾക്കുവേണ്ടി മാത്രം നടത്തിയ ഗ്ലോബൽ എക്‌സ്‌പോയെക്കുറിച്ച് റിപ്പോർട്ടർ നൽകിയ വാർത്ത ഇങ്ങനെ: പൊതുപരിപാടിയിൽ സമസ്ത സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി. നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കാസർഗോഡ് കുണിയയിൽ നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിലാണ് സ്ത്രീകളെത്തിയത്. എക്‌സ്‌പോയിൽ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ സ്ത്രീകളെ മാത്രമാണ് പ്രവേശിപ്പിച്ചത് (പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത. ഗ്ലോബൽ എക്‌സ്‌പോയ്ക്ക് സ്ത്രീകളെത്തി, 02 ഫെബ്രുവരി, റിപ്പോർട്ടർ).


9. യുഡിഎഫ് ജയിച്ചാൽ ലീഗ് ഭരിയ്ക്കും
കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുകയുള്ളൂവെന്നും ഭരിക്കുന്നത് മുസ്ലീം ലീഗ് ആയിരിക്കുമെന്നും ബിജെപി നേതാവ് വി മുരളീധരൻ. ജന്മഭൂമിയാണ് മുരളീധരന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തത്: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ. ഭരിക്കുന്നത് മുസ്ലീം ലീഗ് ആയിരിക്കും. തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ തനിനിറം പുറത്തുവരികയാണ്. ഉമ്മൻചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കം ശ്രമിച്ചവരാണ് മുസ്ലീം ലീഗ്. മുസ്ലീം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റു മത ന്യൂനപക്ഷ ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണ്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി സഖ്യം, മുസ്ലീം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യം എന്നിവക്ക് പിന്നാലെ ഉപ മുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ എന്താണ് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം ചോദിച്ചു (മുസ്ലീം ലീഗിന്റെ ഉപമുഖ്യമന്ത്രി പദം മറ്റു സമുദായങ്ങൾക്ക് ആശങ്ക എന്ന് ബിജെപി, 03 ഫെബ്രുവരി, ജന്മഭൂമി).
10. ഇസ്‌ലാമോഫോബിയ വെറും മുസ്ലീം ഭീതിയല്ല
ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു കത്ത് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചു. ജനുവരി 30ന് മാധ്യമം വാർത്തയിൽ ഇസ്‌ലാമോഫോബിയ എന്ന് ഉപയോഗിക്കേണ്ടിടത്ത് മുസ്ലീം ഭീതി എന്ന് ഉപയോഗിച്ചതിനെയാണ് കത്തിൽ വിമർശിച്ചിരിക്കുന്നത്: ഇസ്ലാമോഫോബിയ എന്നാൽ കേവലമായ മുസ്ലീം ഭീതിയോ ഇസ്ലാം വിരുദ്ധതയോ അല്ല. അത് കൃത്യമായ മുസ്ലീം വിരുദ്ധ വംശീയതയാണ്. ഒരു വ്യക്തിക്ക് എന്തിനെയും ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശമുണ്ട്. ഇസ്ലാമിനെയും ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ വംശം എന്നത് ഒരു സാമൂഹിക നിർമ്മിതിയാണ്. വംശീയവൽക്കരണ പ്രക്രിയയിലൂടെ തുല്യപദവി നിഷേധിക്കുകയും കർതൃത്വത്തെ നിരാകരിക്കുകയും ചെയ്യുന്നതാണ് വംശീയത. ഇത്തരത്തിലുള്ള ഒരു വംശീയതയാണ് ഇസ്ലാമോഫോബിയ (ഇസ്‌ലാമോഫോബിയ വെറും മുസ്ലീം ഭീതിയല്ല, പ്രതീഷ് ബി, 03 ഫെബ്രുവരി, മാധ്യമം).
11. ‘ഫെമിനിച്ചി ഫെസ്റ്റ്’
വിങ്‌സ് കേരള എന്ന സ്ത്രീകൂട്ടായ്മ ഫെബ്രുവരി 21ന് നടക്കുന്ന ഫെമിനിച്ചി ഫെസ്റ്റിന്റെ പോസ്റ്റർ ഫെബ്രുവരി ആദ്യവാരത്തിൽ പുറത്തിറങ്ങി. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളാണ് പാനൽ ചർച്ച ചെയ്യുന്നതെങ്കിലും അതിൽ മുസ്ലീം വിശ്വാസികളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. മാത്രമല്ല, പോസ്റ്ററിൽ പീഡനമനുഭവിക്കുന്നവരുടെ പ്രതീകമായി പർദ്ദ ധരിച്ച സ്ത്രീയെ ചിത്രീകരിച്ചിട്ടുമുണ്ട് (21 ഫെബ്രുവരി, ഫേസ്ബുക്ക്/ വിങ്‌സ് കേരള).
12. സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം
ഫെബ്രുവരി 4ന് ദീപിക ദിനപത്രത്തിൽ മാർ ആൻഡ്രൂസ് താഴത്തിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. സീറോമലബാർ സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചുവെന്നായിരുന്നു അതിൽ ആരോപിച്ചിരുന്നത്: ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദഗ്രൂപ്പുകളുണ്ട്. മറ്റു ചിലർ അവരെ പ്രോൽസാഹിപ്പിക്കുന്നു. സഭയിലെ നിസാരമായ അഭിപ്രായ വ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുകയെന്നതായിരുന്നു. ആരാധനാക്രമ വഴക്കിലടക്കം ഇത്തരം ഇടപെടലുണ്ട്. ഏറ്റവും സംഘടിച്ച് നിൽക്കുന്ന സഭയെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നു (സമുദായ ബോധം ഉണ്ടാകണം; ഒപ്പം വർഗീയത ഉണ്ടാകരുത്, സി.കെ കുര്യാച്ചൻ, ഡേവിസ് പൈനാടത്ത്, 04 ഫെബ്രുവരി, ദീപിക).
അഭിമുഖം പുറത്തുവന്നതോടെ സഭയ്ക്കുള്ളിലും പ്രതികരണമുണ്ടായി. സീറോമലബാർ സഭയിലെ ആരാധനപ്രശ്‌നത്തിൽ മുസ്ലീം തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ സിനഡിൽ നിന്നും തൃശൂർ അതിരൂപതയുടെ ഭരണത്തിൽനിന്നും പുറത്താക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ആൻഡ്രൂസ് താഴത്ത് സംഘപരിവാർ ഏജന്റാണെന്ന് സംശയിക്കുന്നു. ഭാരതത്തിലെ ക്രിസ്ത്യൻ പീഡനങ്ങളിലും, മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ അദ്ദേഹം വിമർശിച്ചിട്ടില്ല. മുസ്ലീം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്ന നിലപാട് സംശയകരമാണ്. വിശ്വാസികളെയും വൈദികരെയും നിരന്തരം അപമാനിക്കുന്ന ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നും അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു (ആൻഡ്രൂസ് താഴത്തിനെ പുറത്താക്കണം: അൽമായ മുന്നേറ്റം, 05 ഫെബ്രുവരി, കേരള കൗമുദി).
തെളിവ് പുറത്തുവിടണം
സിബിസിഐ പ്രസിഡന്റും സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാനുമായ മാർ ആൻഡ്രൂസ് താഴത്ത് നടത്തിയ പ്രസ്താവനക്ക് തെളിവ് നൽകണമെന്ന് അല്മായ മുന്നേറ്റം പ്രതിഷേധിക്കുന്നതായി പ്രസിഡന്റ് ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു: പോപ്പുലർ ഫ്രണ്ട് എന്ന മുസ്ലീം സംഘടന സീറോ മലബാർ സഭയിൽ പിളർപ്പുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം നിസാരമായ ഒന്നല്ല. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷൻ മറ്റൊരു പ്രബല സമുദായത്തിനെതിരെ ആധികാരികമായി ഉന്നയിക്കുന്ന ഗൗരവതരമായ ആരോപണമാണത്. സിബിസിഐ പ്രസിഡന്റ് എന്ന സ്ഥാനത്തിരുന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരുദ്യോഗസ്ഥൻ പറഞ്ഞു എന്ന ഒഴുക്കൻ മറുപടി പോരാ. ഉദ്യോഗസ്ഥന്റെ പേരും പോപ്പുലർ ഫ്രണ്ട് ആരുവഴി എങ്ങിനെ ശ്രമിച്ചു എന്ന കാര്യവും വ്യക്തമാക്കണം. അല്ലാത്ത പക്ഷം വർഗീയ സ്പർദ്ധ ഉണ്ടാക്കാൻ വേണ്ടിയുള്ള മനഃപൂർവ്വമായ ഒരു ശ്രമം മാത്രമായേ ഇതിനെ കാണാനാവൂ. സംഘപരിവാർ ഏജന്റ് ആയിരുന്നുകൊണ്ട് കേരളത്തിൽ ഹിന്ദു-മുസ്ലീം സംഘർഷമുണ്ടാക്കാനുള്ള വഴിമരുന്ന് ഇടാനുള്ള നീക്കം കേരള പൊതുസമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി (പോപ്പുലർ ഫ്രണ്ട് ബന്ധം; മാർ താഴത്ത് തെളിവ് പുറത്ത് വിടണം: അല്മായ മുന്നേറ്റം, 06 ഫെബ്രുവരി, മംഗളം ദിനപത്രം).
വൈദികർക്ക് തീവ്രവാദി സംഘടനകളുമായി ബന്ധം
മേലധികാരികളെ അനുസരിക്കാതെ തീവ്രവാദി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ചില വൈദികർ എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടെന്ന് വൺ ചർച്ച് വൺ കുർബാന മുവ്‌മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകീകൃത കുർബാന വിരോധികളുടെ സഭാവിരുദ്ധ സമരത്തിന് പുറത്തുനിന്ന് ആളും പണവും ലഭിക്കുന്നതിന് വ്യക്തമായ തെളിവുണ്ട്. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞതു പോലെ അതിരൂപതയിലെ ഏതാനും വിമത വൈദികരും അരിമായ സംഘടനയും ചില നിരോധിത തീവ്രവാദി ഗ്രൂപ്പുകളുടെ പിണിയാളുകളായി പ്രവർത്തിക്കുകയാണ്. കുർബാന ക്രമത്തിലും മറ്റ് ആരാധന രീതികളിലും കാലങ്ങളിൽ സഭ നിരവധി മാറ്റങ്ങൾ വരുത്തി, അതൊന്നും വിശ്വാസികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ, എന്തുകൊണ്ടാണ് എറണാകുളത്ത് മാത്രം ഇത്ര വലിയ പ്രതിസന്ധി ഉണ്ടായതെന്ന അന്വേഷണത്തിന്റെ ഉത്തരമാണ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞത്. ചില നിരോധിത സംഘടനകളുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിലെ രജിസ്‌ട്രേഷനുള്ള നാല് ടെമ്പോ ട്രാവലറുകളാണ് ബസിലിക്കയിൽ കണ്ടത്. വൈദികരുൾപ്പെടെ മുൻനിര സമരക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ മുന്തിയ ബ്രാൻഡ് വാഹനങ്ങൾ സ്വന്തമാക്കിയതിന്റെ സാമ്പത്തിക സ്രോതസ്സ് സഭയെ തകർക്കാൻ ലക്ഷ്യമിടുന്ന തീവ്രവാദി ഗ്രൂപ്പുകളിലേക്കാണെന്നും അവർ പറഞ്ഞു (ചില വൈദികർ തീവ്രവാദി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു, 07 ഫെബ്രുവരി, മാധ്യമം).
തീവ്രവാദ സംഘടനയെ വെറും മതസംഘടനയായി ചിത്രീകരിക്കുന്നു
പോപ്പുലർ ഫ്രണ്ടുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് അസന്നിഗ്ദ്ധമായി പറയാതെ തീവ്രവാദ സംഘടനയെ വെറും മതസംഘടനയായി ചിത്രീകരിക്കുകയും മതാന്തരബന്ധം തകരും എന്ന വരട്ടുവാദം ഉന്നയിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് എറണാകുളം – അങ്കമാലി അതിരൂപത – പത്രക്കുറിപ്പ്. മാർതോമ നസ്രാണി സംഘം. ഫേസ്ബുക്ക് പേജിലൂടെയാണ് പത്രക്കുറിപ്പ് പുറത്തുവന്നത് (സഭയിൽ ഭിന്നിപ്പിന് ബാഹ്യ ഇടപെടലുണ്ടെങ്കിൽ അന്വേഷണ വിധേയമാക്കണം – എറണാകുളം – അങ്കമാലി അതിരൂപത, ഫേസ്ബുക്ക് പോസ്റ്റ്, മാർ തോമ നസ്രാണി സംഘം, 09 ഫെബ്രുവരി).
ബാഹ്യശക്തികളുടെ ഇടപെടൽ: നടപടി സ്വീകരിക്കണമെന്ന് അതിരൂപത
കുർബാന തർക്കത്തിന്റെ പേരിൽ സീറോ മലബാർ സഭയിൽ ഭിന്നിപ്പുകളുണ്ടാക്കാൻ ബാഹ്യശക്തികൾ ഇടപെട്ടെന്ന ഭാരത കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും തൃശ്ശൂർ ആർച്ച് ബിശപ്പുമായ ആൻഡ്രൂസ് താഴത്തിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപത. അതീവ ഗൗരവ സ്വഭാവമുള്ള പ്രസ്താവനയിൽ സമഗ്രമായ അന്വേഷണം ആവശ്യമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതികളിൽ സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക ലക്ഷ്യമായിരുന്നെന്ന് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥൻ പറഞ്ഞെന്ന പ്രസ്താവനയെ തള്ളിക്കളയാനാവില്ലെന്ന് അതിരൂപത വക്താവ് വാർത്തക്കുറിപ്പിൽ അറിയിച്ചു (സഭയിൽ ഭിന്നിപ്പിന് ബാഹ്യശക്തികളുടെ ഇടപെടലെന്ന പ്രസ്താവന ഗുരുതരം; അന്വേഷിക്കണമെന്ന് അതിരൂപത, 10 ഫെബ്രുവരി, കേരള കൗമുദി).
പോപ്പുലർ ഫ്രണ്ടും അൽമായ മുന്നേറ്റവും ഒറ്റക്കെട്ട്
അൽമായ മുന്നേറ്റവും പോപ്പുലർ ഫ്രണ്ടും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്ന /സംശയിക്കേണ്ട നിരവധി കാരണങ്ങൾ ഉണ്ടെന്ന് വോയിസ് ഓഫ് തോമസ് നസ്രാണി, ഫേസ്ബുക്ക് പേജ്:
കാരണങ്ങളിൽ ചിലത് താഴെ നൽകുന്നു: വഞ്ചി സ്‌ക്വയർ സമരം, ഈയടുത്ത് സമര-സിസ്റ്റർമാരെ ചിലർ സന്ദർശിച്ചത്, വേദികൾ പങ്കിടുക, പരസ്പര വിമർശനം ഇല്ലാതെയിരിക്കാൻ അതീവ ശ്രദ്ധ, വത്തിക്കാനിലേക്ക് തീവ്രവാദ ബന്ധം സൂചിപ്പിച്ചുളള കത്ത്, ആൻഡ്രൂസ് പിതാവിന്റെ ദീപികയോടുള്ള വെളിപ്പെടുത്തലുകൾ എല്ലാം ഒറ്റക്കെട്ടു തെളിവുകൾ. അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന സമര കോലാഹലങ്ങൾക്ക് പിറകിൽ ആരാണ് ഫണ്ട് ചെയ്യുന്നത്? ആരാണ് സഭക്കെതിരെ കോടതികളിൽ കേസുനടതുവാൻ ക്യാഷ് ഇറക്കുന്നത്? 2023 ക്രിസ്തുമസ് രാത്രിയിൽ അൻഡ്രൂസ് താഴത്ത് പിതാവിനെ കാറിൽ നിന്നും പുറത്തിറക്കാതെ, ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നത് തടഞ്ഞ നിരവധി പുറംനാട്ടുകാർ ആരാണ്? ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു (11 ഫെബ്രുവരി, വോയിസ് ഓഫ് തോമസ് നസ്രാണി, ഫേസ്ബുക്ക് പേജ്).
നിരീക്ഷണങ്ങൾ ഗൗരവമുള്ളത്
മാർ താഴത്തിന്റെ നിരീക്ഷണങ്ങൾ ഗൗരവമുള്ളതെന്ന് സീറോ മലബാർ സഭ പിആർഒ: അഭിമുഖത്തിൽ, ‘ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് ഉത്തരമായി, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും അഭിവന്ദ്യ താഴത്ത് പിതാവ് വിവരിക്കുന്നുണ്ട്. ഇതിനിടയിൽ സഭയിലെ നിസ്സാരമായ കാര്യങ്ങളിൽ പോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും പിതാവ് സൂചിപ്പിച്ചു. സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി ചില തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടനകൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങളും പിതാവ് പങ്കുവയ്ക്കുകയുണ്ടായി. അഭിമുഖം പ്രസിദ്ധീകരിച്ചതിനു ശേഷം, വന്ന പ്രതികരണങ്ങൾ പിതാവ് ഉന്നയിച്ച വിഷയത്തെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴി തിരിച്ചുവിടുന്നവയായിരുന്നു. പിതാവിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ, മത നേതാക്കന്മാരെയോ, മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല; മതസൗഹാർദത്തിന് വിഘാതമായി യാതൊന്നും പിതാവ് പറഞ്ഞിട്ടുമില്ല. സ്വാർത്ഥതാല്പര്യങ്ങളെ മുൻനിർത്തി പ്രതികരിച്ചവരാണ് പിതാവിന്റെ അഭിമുഖത്തെ വിവാദമാക്കിയത് (മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരം: സീറോമലബാർ സഭ, 12 ഫെബ്രുവരി, ന്യൂസ് 18 മലയാളം).


13. മതരാഷ്ട്രവാദികളും മതസാമ്രാജ്യത്വവാദികളും
‘ഹിന്ദുത്വ മതരാഷ്ട്ര വാദമോ?’ എന്ന ശീർഷകത്തിൽ എം.എം നാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം രണ്ട് വാദങ്ങളെത്തമ്മിൽ വേർതിരിക്കുന്നു. മതരാഷ്ട്രവാദവും മതസാമ്രാജ്യത്വവാദവും. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സവർക്കർ തിലകന്റെ അനുയായിയും ജിന്ന സുഹൃത്തുമായിരുന്നു. പിന്നീട് തിലകൻ വഴിപിരിഞ്ഞ് സവർക്കർ ഹിന്ദുത്വവാദിയായി, ജിന്ന മതരാഷ്ട്രവാദിയുമായി.
സവർക്കർക്ക് ലോകം മുഴുവൻ പിടിച്ചെടുക്കണം. അതായത് സവർക്കറുടേത് മതസാമ്രാജ്യത്വവാദമാണ്. എന്നാൽ മതരാഷ്ട്രവാദിയായതിനാൽ ജിന്ന പാകിസ്താൻ കൊണ്ട് തൃപ്തിപ്പെടും.
ഇന്ത്യയിലേക്ക് വന്നാൽ ഹിന്ദുത്വയോട് ചേർന്ന് നിൽക്കുന്നത് ലീഗല്ല, ജമാഅത്തെ ഇസ്‌ലാമിയാണ്. കാരണം ലീഗിന്റേത് മതരാഷ്ട്രവാദമാണെങ്കിൽ ജമാഅത്തെ ഇസ്‌ലാമിയുടേത് മതസാമ്രാജ്യത്വവാദമാണ്. ഇസ്ലാമിന്റെ അടിസ്ഥാനത്തിലുള്ള ഒരു ലോകക്രമത്തെക്കുറിച്ചാണ് അവർ പറയുന്നത് (ഹിന്ദുത്വ മതരാഷ്ട്രവാദമോ? എം.എം നാരായണൻ, പേജ് 30-34, 8-14 ഫെബ്രുവരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്)
14. മുസ്ലീം വിവേചനത്തിനെതിരെ വാർത്ത; മാധ്യമപ്രവർത്തകന് ജാമ്യം
കളമശ്ശേരി സ്‌ഫോടനം നടന്ന സമയത്ത് മുസ്ലീം ചെറുപ്പക്കാരെ കസ്റ്റഡിയിൽ വച്ച സംഭവം റിപ്പോർട്ട് ചെയ്ത മഖ്ദൂബ് മീഡിയ എഡിറ്റർ അസ്ലഹ് കയ്യാലകത്തിനെതിരെ പൊലീസ് എടുത്ത കേസിൽ വടകര കോടതി ജാമ്യം അനുവദിച്ചു. പൊലീസിന്റെ മുസ്ലീം വിവേചനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. ഈ കേസിൽ വാർത്ത റിപ്പോർട്ട് ചെയ്ത റിജാസ്, റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ അഡ്വ. അമീൻ ഹസൻ എന്നിവർക്കെതിരേയും കേസെടുത്തിരുന്നു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു (05 ഫെബ്രുവരി, എക്‌സ് പോസ്റ്റ്/ അസ്ലഹ് കയ്യാലക്കത്ത്).
15. കുംഭമേള
മതമൗലികവാദികളുടെ മലപ്പുറമല്ല
മലപ്പുറത്ത് നടന്ന മാഘമഹോത്സവത്തിൽ പങ്കെടുത്ത ശേഷം നടൻ കൊല്ലം തുളസി മലപ്പുറത്തെക്കുറിച്ച് നടത്തിയ പ്രതികരണം വാർത്തയായി. “ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പ്രചരിപ്പിക്കുന്നതല്ല മലപ്പുറം, ഇവിടെ കണ്ടത് മാഘമഹോത്സവത്തെ നെഞ്ചിലേറ്റി, സർവ സഹായങ്ങളും നൽകുന്ന മുസ്ലീം സഹോദരങ്ങളെ”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത് (ചില രാഷ്ട്രീയക്കാരും മതമൗലികവാദികളും പ്രചരിപ്പിക്കുന്നതല്ല മലപ്പുറം, കൊല്ലം തുളസി, 05 ഫെബ്രുവരി, ദർശന ടിവി ഫേസ്ബുക്ക് പോസ്റ്റ്).
മൗദൂദി ദാവൂദിന്റെ ശിഷ്യൻ
തിരുനാവായയിൽ കുംഭമേളയിൽ കവർ ചെയ്യാൻ എത്തിയ മീഡിയ വൺ റിപ്പോർട്ടറുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പരിഹാസരൂപേണ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ‘തിരുനാവായയിൽ കുംഭമേളയിൽ കുലുക്കി സർബത്ത് കച്ചവടം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വന്ന മൗദൂദി ദാവൂദിന്റെ ശിഷ്യൻ’ (5 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്/ സുദർശനം). മലപ്പുറത്ത് കുംഭമേള നടന്നാൽ മുസ്ലീങ്ങൾ ആക്രമണം നടത്തുമെന്ന പ്രചാരണത്തെത്തള്ളി അവരവിടെ കുൽക്കി സർബത്ത് വിൽക്കുമെന്ന് പറഞ്ഞ മീഡിയാവൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്റെ വാക്കുകളെയാണ് ഈ പോസ്റ്റിന്റെ സന്ദർശം.
വിമർശനത്തിന് കേസ്
തിരുന്നാവായിൽ ആർഎസ്എസ് സംഘടിപ്പിച്ച മലപ്പുറം കുംഭമേളയിൽ ഒരു സന്യാസി മുസ്ലീങ്ങൾക്കെതിരേ വിദ്വേഷപ്രസംഗം നടത്തി. ഇതിനെ പുത്തനത്താണി സ്വദേശി മുബാറക്ക് വിമർശിച്ചു. മലപ്പുറം എസ്.പി അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തു. ആർഎസ്എസിനെയും പ്രസംഗത്തെയുമാണ് വിമർശിച്ചതെന്നും ഹിന്ദു സമുദായത്തെയല്ലെന്നും പ്രസംഗത്തിനെതിരെ നടപടി ഉണ്ടായില്ലെന്ന സാഹചര്യത്തിലാണ് തനിക്കെതിരെ കേസ് എടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു (കുംഭമേളയിലെ മുസ്ലീം വിരുദ്ധ പ്രസംഗത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരേ സ്വമേധയാ കേസെടുത്തു, 19 ഫെബ്രുവരി, തേസ്ജ് ന്യൂസ്).
16. ചുരിദാറിന് വിലക്ക്
കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂൾ മാനേജറുടെ നിർദേശപ്രകാരം വാച്ച്മാൻ തടഞ്ഞു. ഇത് വാർത്തയായതോടെ പ്യൂണിനെതിരേ പൊലീസ് കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കേസ്. അന്യായമായി തടഞ്ഞുവച്ചതിനാണ് കേസ്. സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറിലുണ്ട്. ഇയാളെ പിന്നീട് മാനേജർ പുറത്താക്കി. ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്നും നേരത്തെയും ചുരിദാർ ഇട്ടുവന്നിരുന്നുവെന്നും അത് തടഞ്ഞുവെന്നും അധ്യാപിക എസ്. സിന്ധു പറയുന്നു (ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; കേസെടുത്ത് പൊലീസ്, 5 ഫെബ്രുവരി, മീഡിയാ വൺ)
ഇതേ കുറിച്ച് വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഈ സംഭവത്തെയും തട്ടം ധരിക്കുന്നത് തടഞ്ഞതിനെയും ചേർത്തുവച്ച് വായിക്കുന്നതായിരുന്നു: കോൺവെന്റ് സ്‌കൂളിൽ തട്ടം പ്രശ്‌നമുണ്ടാക്കിയവർക്ക് കിട്ടിയ പിന്തുണ ചുരിദാറിന്റെ പേരിൽ തൊഴിൽ നിഷേധിക്കപ്പെട്ട ടീച്ചർക്ക് കിട്ടില്ല. ശിവൻകുട്ടി ചേർത്തുപിടിക്കാൻ വരില്ല. ഇടത് മൗലികാവകാശ പ്രബന്ധങ്ങൾ വരില്ല. കാരണം, തട്ടം കൊണ്ടുവരുന്ന വോട്ട് ചുരിദാർ കൊണ്ട് വരില്ലല്ലോ (5 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്/ ഉവൈസ് പുളിശ്ശേരി).
17. ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന ഊള സ്ത്രീ
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ചുവെന്ന വാർത്തയോട് ടിറ്റോ ആന്റണി മീച്ചേരി എന്ന പ്രൊഫൈലിന്റെ പ്രതികരണം മമതയെക്കുറിച്ചുള്ള ചില ഇസ്‌ലാമോഫോബിക് ധാരണകൾ പുറത്തുകൊണ്ടുവരുന്നതായിരുന്നു. പ്രതികരണത്തിൽ നിന്ന്:
ലൈവ് ഉണ്ടായിരുന്നതിനാൽ എല്ലാവർക്കും ഈ വാദങ്ങൾ എപ്പോൾ വേണമെങ്കിലും കാണാം, മാധ്യമങ്ങൾ തള്ളുന്നത് കേട്ടാൽ തോന്നും, മമത എന്ന ജമാത്തെ ഇസ്ലാമി ബാക്ക് ചെയ്യുന്ന ഊള സ്ത്രീ വാദിച്ച് സുപ്രീം കോടതി ജഡ്ജിയെ മൂലയ്ക്കിരുത്തി എന്ന്. ബിജെപി 1999 ൽ കേന്ദ്രം ഭരിച്ചപ്പോൾ വാജ്‌പേയ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രി ആയിരുന്നു മമത ബാനർജി എന്നത് പുതിയ തലമുറയിലെ ജെൻസി കിഡ്സിന് അറിവില്ല. ഇതൊക്കെ വെറും പൊളിറ്റിക്കൽ മെലോഡ്രാമ ഗിമിക്ക് മാത്രം അല്ലെ. അടുത്ത തവണ ബംഗാൾ ഭരണം കിട്ടിയില്ലെങ്കിൽ തന്റെ പാർട്ടി തന്നോട് കൂടെ മണ്ണടിയും എന്ന് നന്നായിട്ട് അറിയാവുന്ന മമത ഗാലറിക്ക് വേണ്ടി കളിക്കുന്നതാണ് ഈ കാണുന്നത്. അതിനെ ലീഗിന്റെ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഒക്കെ ഇപ്പൊ തള്ളി സപ്പോർട്ടുന്നത് ജമാത്തെ ഇസ്ലാമിയുടെ അജണ്ട വച്ചിട്ടാണ് (05 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്/ ടിറ്റോ ആന്റണി മീച്ചേരി).
18. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രതിനിധി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ മറ്റ് പാനലിസ്റ്റുകൾക്കൊപ്പം എൻ.പി ചെക്കുട്ടിയും പങ്കെടുത്തിരുന്നു. ഡോ. പി.കെ ഗോപനാണ് സിപിഎം പ്രതിനിധിയായി പാനലിലുണ്ടായിരുന്നത്. ഒരു കോൺഗ്രസ് പ്രതിനിധിയും ഒരു വിഎച്ച്പി പ്രതിനിധിയുമായിരുന്നു ഇതര പാനലിസ്റ്റുകൾ. ചർച്ചയ്ക്കിടയിൽ ഡോ. ഗോപൻ പാനലിൽ അഞ്ചുപേരിൽ ഒരാൾ ഇസ്ലാം തീവ്രവാദിയാണ് എന്നു പറഞ്ഞു. എൻ.പി ചെക്കുട്ടിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും സാഹചര്യംകൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹത്തെയാണെന്നത് വ്യക്തമായിരുന്നു
മുതിർന്ന മാധ്യമപ്രവർത്തകനും പഴയകാല എസ്എഫ്‌ഐ നേതാവുമായ ചെക്കുട്ടിയുടെ പേരിൽ ‘മുസ്ലീം ബന്ധം’ കാണുന്നതുകൊണ്ടാണോ ഇത്തരം അധിക്ഷേപങ്ങൾ എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഹാൻഡിലുകൾ ചോദിച്ചത്. അദ്ദേഹം തേജസിന്റെ പത്രാധിപരായതും മറ്റൊരു കാരണമായതായി ചിലർ എഴുതി(മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടിയെ ‘ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രതിനിധിയെന്ന്’ അധിക്ഷേപിച്ച് സിപിഎം നേതാവ് പി.കെ ഗോപൻ, 06 ഫെബ്രുവരി, മക്തൂബ് മീഡിയ).
എൻ.പി ചെക്കുട്ടിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും സംയുക്ത പ്രസാവനയിൽ ആവശ്യപ്പെട്ടു. സച്ചിദാനന്ദൻ, ജമാൽ കൊച്ചങ്ങാടി, തുടങ്ങി നിരവധി പേർ പ്രസ്താവനയിൽ ഒപ്പുവച്ചിരുന്നു (‘മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കുക’; സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവർത്തകർ, 07 ഫെബ്രുവരി, മീഡിയ വൺ)
19. ജിഹാദികൾക്ക് കൂട്ടികൊടുക്കുന്ന വി.ഡി സതീശൻ
ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ എക്‌സ് മുസ്ലീം ആരിഫ് ഹുസ്സൈൻ തെരുവത്ത് സതീശനെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതി:
‘ഈ നാടിനെ ജിഹാദികൾക്ക് കൂട്ടികൊടുക്കുന്ന വി.ഡി സതീശനെ തിരിച്ചറിയുക’ എന്നായിരുന്നു വരികൾ (06 ഫെബ്രുവരി, ഫേസ്ബുക്ക്, ആരിഫ് ഹുസ്സൈൻ തെരുവത്ത്).


20. ജമാഅത്തിന് മതരാഷ്ട്രവാദമുണ്ടായിരുന്നു, ഇപ്പോഴില്ല
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവർക്ക് മതരാഷ്ട്രവാദം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ലെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം: മതരാഷ്ട്രവാദത്തെ കുറിച്ചുള്ള നിലപാട് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയിട്ടുണ്ട്. ബഹുസ്വര രാഷ്ട്രീയം നിലനിൽക്കുന്ന ഒരു രാജ്യത്തും ഒരു സംസ്ഥാനത്തും തങ്ങൾക്ക് മതരാഷ്ട്ര നിലപാടില്ലെന്നാണ് അവർ വളരെ കൃത്യമായി പറഞ്ഞിട്ടുള്ളത്. ഇക്കാര്യം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പറഞ്ഞപ്പോൾ എല്ലാവരും തന്നെ വിമർശിക്കുകയാണ് ചെയ്തത്. അതേസമയം ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തിൽ ഉറച്ചുനിന്നിരുന്ന കാലഘട്ടത്തിൽ അവർ സിപിഎമ്മിന്റെ കൂടെയായിരുന്നു. ജമാഅത്തിനെ സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പണ്ട് പറഞ്ഞ വാക്കുകളൊന്നും തന്നെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ അന്നത്തെ വീഡിയോ ഇന്നും ലഭ്യമാണ്. ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. അന്നൊക്കെ ആർക്കും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല (ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ല; പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും: വി.ഡി സതീശൻ, 07 ഫെബ്രുവരി, ഡൂൾ ന്യൂസ്)
21. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദമുപേക്ഷിച്ചിട്ടില്ല
മതരാഷ്ട്രവാദ ചർച്ച തുടരുന്നതിനിടയിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ ഒരു വീഡിയോ വൈറലായി. ഇസ്ലാമിക സങ്കൽപ്പങ്ങളെക്കുറിച്ച് പറഞ്ഞതാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. ഇതേ കുറിച്ച് ജനയുഗത്തിൽ ടി.കെ മുസ്തഫ ഒരു വിശദീകരണ ലേഖനം എഴുതി: ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമായ സംവിധാനമായി മതേതരത്വത്തെ അവതരിപ്പിക്കുന്നതിനും ഇസ്ലാമിക ഭരണം നിലവിൽ വരാത്ത കാലത്തോളം ഒരാൾക്ക് മുസ്ലീമായി ജീവിക്കാൻ സാധിക്കില്ല എന്നുമുള്ള മൗദൂദിയുടെ വികല വാദഗതികളെ വെള്ളപൂശുന്നതിനും വേണ്ടിയാണ് ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും ദുർബലപ്പെടുത്തുന്ന മതരാഷ്ട്രവാദത്തെ സാധൂകരിക്കാൻ പ്രവാചകന്റെ ഭരണക്രമത്തെ തന്നെ ജമാഅത്തെ പണ്ഡിതർ ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇതിനെ മുസ്ലീം സംഘടനകൾ ഒന്നടങ്കം ചോദ്യം ചെയ്തുവെങ്കിലും തന്റെ ജമാഅത്ത് പ്രണയത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ല കഥയറിയാതെ ആട്ടം കാണുന്ന പ്രതിപക്ഷ നേതാവ്. മതപ്രമാണങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിൽ നിന്ന് വിശ്വാസികളെ തടയുന്നതിന് ഇസ്ലാമിക ഖിലാഫത്തിൽ യാതൊരു തെളിവുമില്ലെന്നിരിക്കെയാണ് ഭൗതിക രാഷ്ട്രത്തോട് സ്വയം സഹകരിക്കുക എന്നത് തങ്ങൾ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന വിലയിരുത്തലിലൂടെയുള്ള ആശയവൽക്കരണം അവർ നടത്തുന്നത്. മത പ്രബോധനാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവാചകന്മാരും തങ്ങൾക്ക് മതപ്രബോധന സ്വാതന്ത്ര്യം നൽകപ്പെട്ട ഇടങ്ങളിലെല്ലാം ശാന്തമായി ആ ദൗത്യം പാലിച്ചിട്ടുണ്ട്. ആദർശമനുസരിച്ച് ജീവിക്കാനാകാത്ത സാഹചര്യമാണ് ജനിച്ചു വളർന്ന നാട്ടിൽ നിലനിൽക്കുന്നതെങ്കിൽ അതിന് സ്വാതന്ത്ര്യമുള്ള നാട്ടിലേക്ക് അത് ഭരണകർത്താവിനെയോ അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതിയോ നോക്കാതെ പലായനം ചെയ്യുകയാണ് വിശ്വാസികൾ ചെയ്യേണ്ടതെന്ന് ജമാഅത്തുകാർ ഒരുകാലത്ത് പ്രചരിപ്പിച്ചിരുന്നു (ജമാഅത്തെ ഇസ്ലാമി: കഥയറിയാതെ ആട്ടം കാണുന്ന പ്രതിപക്ഷ നേതാവ്, 07 ഫെബ്രുരി, ജനയുഗം).
22. വർഗീയതയില്ലാതെ സംരക്ഷിച്ചത് നവോത്ഥാന സമിതി
വർഗീയ സംഘടനകൾ ധാരാളമുള്ള സ്ഥലമാണ് കേരളമെങ്കിലും സംസ്ഥാനം വർഗീയ സംഘർഷം ഇല്ലാത്ത പ്രദേശമായി നില നിൽക്കുന്നതിൽ നവോത്ഥാന സമിതിക്കും അതിലെ സംഘടനകൾക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: രാജ്യത്തുതന്നെ ചില വർഗീയ സംഘടനകൾക്ക് വലിയ സംഘടനാബലമുള്ള സ്ഥലമാണ് നമ്മുടെ സംസ്ഥാനം. എന്നിരുന്നാലും ഇവിടെ വർഗീയ സംഘർഷം ഇല്ലാത്ത തുരുത്തായി നിൽക്കുന്നത് സംസ്ഥാനം സ്വീകരിക്കുന്ന കർശന നിലപാടും മതേതര കാഴ്ചപ്പാടുകളും കൊണ്ടാണ് (കേരളം വർഗീയതയില്ലാതെ നിലകൊള്ളുന്നതിൽ നവോത്ഥാന സമിതിക്ക് നിർണായക പങ്ക് : മുഖ്യമന്ത്രി, 07 ഫെബ്രുവരി, ജനയുഗം).
നവോത്ഥാന സമിതിയുടെ നേതൃനിരയിലുള്ള വെള്ളാപ്പള്ളിയുടെ വംശീയസ്വഭാവത്തിലുള്ള പ്രസംഗങ്ങളോടെയാണ് നവോത്ഥാന സമിതി വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
23. സമസ്തയുടെ പ്രമേയം
മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും നമ്മുടെ വഴിയല്ല
സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ഒരു പ്രമേയം ഇങ്ങനെ പറയുന്നു: ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയെയും മഹത്തുക്കളായ മുൻഗാമികൾ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന പാൻ-ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരേ ജാഗ്രത പാലിക്കണം. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലുടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലീം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റിക്കാൻ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകൾ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷം എന്ന വ്യാജേന പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വഴി നടത്തുന്ന ബൗദ്ധികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജൻഡകളെയും തിരിച്ചറിയേണ്ടതുണ്ട്. അഹ്ലിസ്സുന്ന വൽ ജമാഅത്തിന്റെ പൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയർത്തിപ്പിടിച്ചുകൊണ്ട്. ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിർത്താനും എല്ലാവരും രംഗത്തിറങ്ങണം (മതരാഷ്ട്രവാദവും തീവ്രപ്രബോധന ശൈലിയും നമ്മുടെ വഴിയല്ല, 07 ഫെബ്രുവരി, സുപ്രഭാതം).
പെരുന്നാളിന് മൂന്ന് ദിവസം വീതം അവധി വേണം
പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇതേ സമ്മേളനത്തിൽ പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. കാസർഗോഡ് നടന്ന നൂറാം വാർഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയത്.
ഗൾഫ് മാതൃക കേരളത്തിലും വരുമോ?
ഇതേക്കുറിച്ച് മറുനാടൻ മലയാളിയുടെ ശീർഷകം ഇങ്ങനെ: ‘മലപ്പുറം വിഭജനം’ ഉന്നയിച്ചതിന് പിന്നാലെ ആവശ്യങ്ങളുടെ കെട്ടഴിച്ച് സമസ്ത; ഗൾഫ് മാതൃക കേരളത്തിലും വരുമോ? (പെരുന്നാളിന് മൂന്ന് ദിവസം വീതം അവധി വേണം; വെള്ളിയാഴ്ച പരീക്ഷ പാടില്ല; മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണം’; ‘മലപ്പുറം വിഭജനം’ ഉന്നയിച്ചതിന് പിന്നാലെ ആവശ്യങ്ങളുടെ കെട്ടഴിച്ച് സമസ്ത; ഗൾഫ് മാതൃക കേരളത്തിലും വരുമോ? തെരഞ്ഞെടുപ്പ് കാലത്ത് ഇടത് – വലത് മുന്നണികളെ പ്രതിരോധത്തിലാക്കി നൂറാം വാർഷികത്തിലെ നിർണ്ണായക പ്രമേയങ്ങൾ, 08 ഫെബ്രുവരി, മറുനാടൻ മലയാളി).
ഗൾഫിന് സമാനമായ അവധി
റിപ്പോർട്ടറിന്റെ യൂട്യൂബ് വീഡിയോ തലക്കെട്ടായി ‘ഗൾഫിന് സമാനമായി ഈദ് ആഘോഷങ്ങൾക്ക് 3 ദിവസത്തെ അവധി വേണമെന്ന’ തലക്കെട്ട് നൽകി (ഈദ് ആഘോഷങ്ങൾക്ക് 3 ദിവസം അവധി വേണം, 08 ഫെബ്രുവരി, റിപ്പോർട്ടർ ലൈവ്)
തീവ്ര ഇസ്ലാമിക സംഘടനയായ സമസ്തയുടെ സമ്മർദ്ദം
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറിൽ സമ്മർദം ചെലുത്താൻ തീവ്ര ഇസ്ലാമിക സംഘടനയായ സമസ്ത ശ്രമിക്കുന്നതായി ജനം ടിവി. സമസ്ത നൂറാം വാർഷിക പ്രമേയത്തെക്കുറിച്ചായിരുന്നു വാർത്ത: ഇസ്ലാമിക സാഹചര്യങ്ങൾക്ക് അനുസരിച്ച് സ്‌കൂൾ സമയത്തിലും അവധികളിലും പരീക്ഷ നടത്തിപ്പിലും മാറ്റങ്ങൾ വേണമെന്നാണ് സമസ്തയുടെ സമ്മേളനത്തിലെ പ്രമേയം. ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണ്. പരീക്ഷകളും ജുമുഅ നമസ്‌കാരത്തിന് തടസ്സമാവാത്ത രീതിയിൽ നടത്തണം. പെരുന്നാളുകൾക്ക് മൂന്ന് ദിവസമെങ്കിലും അവധി നൽകണമെന്നുമാണ് സമസ്തയുടെ സമ്മേളനത്തിലെ പ്രമേയത്തിലെ ആവശ്യം- വാർത്ത തുടരുന്നു (സമസ്ത നൂറാം വാർഷിക സമ്മേളന പ്രമേയം, 09 ഫെബ്രുവരി, ജനം ടിവി).
ജമാഅത്തെ ബന്ധം: ലീഗിൽ ഭിന്നത
സമസ്തയുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെച്ചൊല്ലി മുസ്ലീം ലീഗിൽ ആശയക്കുഴപ്പവും ഭിന്നതയുമുണ്ടെന്ന് ജനയുഗം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത നിലപാട് കടുപ്പിക്കുകയും വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണത്രെ ഭിന്നത വർധിച്ചത്. മറ്റു വാദങ്ങൾ: ജമാഅത്തിന്റെ മതരാഷ്ട്ര വാദം ഉൾപ്പെടെ കാര്യങ്ങൾ തള്ളിക്കളയാതെയുള്ള നിലപാട് സ്വീകരിക്കുന്ന ഇവർ ജമാഅത്തെ ഇസ്ലാമിയെ പരസ്യമായി ചേർത്തുപിടിക്കുന്ന വി.ഡി സതീശന്റെ നിലപാടിനും എതിരാണ്. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്നും വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫ് സ്വീകരിച്ചത് കേരള ഭരണം പിടിക്കാനാണെന്നും തുറന്നു പറഞ്ഞാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് വന്നത്. ജമാഅത്തെ ഇസ്ലാമിയെ പൂർണമായി വെള്ള പൂശുന്നതാണ് ഈ നിലപാട്. ഇതിൽ ഒരു വിഭാഗം ലീഗ് നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നതാണ് സമസ്ത ഇകെ വിഭാഗത്തിന്റെ പ്രഖ്യാപിത നിലപാട് – ഇങ്ങനെ പോകുന്നു വാദങ്ങൾ (ജമാഅത്തെ ബന്ധത്തിൽ ലീഗിൽ ആശയക്കുഴപ്പവും ഭിന്നതയും, 11 ഫെബ്രുവരി, ജനയുഗം).
വർഗീയ ആവശ്യങ്ങളുമായി സമസ്ത
ഈദ് അവധി 3 ദിവസമാക്കണം എന്നടക്കമുള്ള സമസ്തയുടെ പ്രമേയം പുറത്തുവന്ന സാഹചര്യത്തിൽ സമസ്തയുടേത് വർഗീയ ആവശ്യമാണെന്ന് ജന്മഭൂമി ആരോപിച്ചു. ആവശ്യങ്ങൾ പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും പത്രം കുറ്റപ്പെടുത്തി: മുസ്ലീം സമുദായത്തിന്റെ ആ ന്തരികവും സംഘടനാപരവും സാമുദായികവുമായ വിഷയങ്ങളെക്കുറിച്ച് മാത്രമല്ല പൊതു സമൂഹത്തെക്കൂടി ബാധിക്കുന്ന വർഗീയ ആവശ്യങ്ങളാണ് സമ്മേളനം ഉന്നയിച്ചത്. സമ്മേളനത്തിലെ പ്രമേയങ്ങളെക്കുറിച്ച് എൽഡിഎഫും യുഡിഎഫും മൗനം പാലിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ മമ്പുറം തങ്ങൾ ഗവേഷണകേന്ദ്രം അനുവദിക്കണം, ഈദ് ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം. കേരളത്തിൽ അറബി, ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കുക, പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കണം, ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലകൾ പുനർനിർണയിക്കണം തുടങ്ങി 21 പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. ഈദ് അവധി മൂന്ന് ദിവസമാക്കണമെന്ന സമസ്ത ആവശ്യത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ എം.വി ഗോവിന്ദൻ മൗനം പാലിച്ചു (വർഗീയ ആവശ്യങ്ങളുമായി സമസ്ത; വിലപേശലിനെ വിമർശിക്കാതെ എൽഡിഎഫും യുഡിഎഫും, 12 ഫെബ്രുവരി, ജന്മഭൂമി)
മതരാഷ്ട്രവാദം പ്രായോഗികമല്ല
മതരാഷ്ട്രവാദം പ്രായോഗികമല്ലെന്നും മുസ്ലീം സമുദായം അതിനെ അനുകൂലിക്കില്ലെന്നും ജിഫ്രി തങ്ങൾ. സമസ്ത സമ്മേളനത്തിലെ ജമാഅത്തെ ഇസ്ലാമിക്കും മതരാഷ്ട്രവാദത്തിനും എതിരായ പ്രമേയതക്കെുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം: മതരാഷ്ട്രവാദം പ്രായോഗികമല്ല. ഇന്ത്യ ഒരു മതത്തിന്റെ കീഴിൽ ആകണം എന്നത് ഒരിക്കലും പ്രായോഗികമല്ല. മുസ്ലീം സമുദായം അതിനെ അനുകൂലിക്കില്ല. ജമാഅത്തെ ഇസ്ലാമിക്ക് സമുദായത്തിൽ സ്വാധീനം ഇല്ല. ഭൂരിപക്ഷ മുസ്ലീങ്ങളും ആ വാദത്തെ ഒറ്റപ്പെടുത്തണം. മതരാഷ്ട്രവാദം ഇല്ല എന്ന് പറയുന്നതിനോടൊപ്പം അത് പ്രവർത്തിച്ച് കാണിച്ചു കൊടുക്കണം. ഇന്ത്യയിലെ മറ്റുള്ള ജനങ്ങളോട് സ്‌നേഹവും ബഹുമാനവും കാത് സൂക്ഷിച്ചാണ് നമ്മൾ ജീവിക്കേണ്ടത് (മതരാഷ്ട്രവാദം പ്രായോഗികമല്ല, ഭൂരിപക്ഷ മുസ്ലീം സമൂഹം അതിനെ ഒറ്റപ്പെടുത്തണം- ജിഫ്രി തങ്ങൾ, 13 ഫെബ്രുവരി, മറുനാടൻ മലയാളി).
പ്രമേയങ്ങൾ പറയുന്നത്
ഇന്ത്യയിലും ലോകത്തും മുസ്ലീങ്ങൾ ഇപ്പോൾ ജീവിക്കുന്നത് പ്ലാൻ ബിയിലാണെന്നും നടക്കാതെ പോവുന്ന പ്ലാൻ എ എന്നാൽ ഭരണാധികാരികൾ മുസ്ലീങ്ങളാവുന്ന ദേശമാഷ്ട്രാതിർത്തികളാണെന്നും നിനച്ചിരുന്ന് നിഴലുകൾക്കെതിരേ നിറയൊഴിക്കുന്നവർ സമൂഹത്തിലില്ലെന്ന് പറയാനാവില്ലെന്നും സമസ്ത പ്രമേയത്തെക്കുറിച്ച സുപ്രഭാതം കുറിപ്പ്: രാഷ്ട്രങ്ങൾ മുഴുക്കെ ഇസ്ലാമിക ഭരണത്തിനധീനപ്പെടുമ്പോഴാണ് ഇസ്ലാം വിജയിക്കുന്നതെന്ന രാഷ്ടിയ വ്യാഖ്യാനം നൽകുന്ന കൃതികളും ഉദ്ധരണികളും നിലനിൽക്കുന്നുണ്ട്. എന്നാൽ മനുഷ്യസമൂഹത്തിന് മൊത്തത്തിൽ വ്യക്തി, കുടുംബം, സമൂഹം, ഭരണവ്യവസ്ഥ തുടങ്ങിയ ജീവിതതലങ്ങളിലെല്ലാം മാതൃകയാക്കാൻ പറ്റുന്നവിധം അല്ലാഹുവിന്റെ സാക്ഷികളാണ് മുസ്ലീങ്ങൾ. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ കാലത്തേക്കും ഭരണാധികാരികൾക്ക് മാതൃകയാക്കാൻ പറ്റുന്ന ഒരിസ്ലാമിക ഭരണക്രമം മുഹമ്മദ് നബി (സ്വ)യുടെയും ശേഷമുള്ളവരുടെയും കാലത്ത് ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. ഭരണാധികാര സംസ്ഥാപനം നിർബന്ധബാധ്യതയായി ഇസ്ലാമിക വിശ്വാസസംഹിത എണ്ണിയിട്ടില്ല. സാമൂഹിക പരിസരമാണ് അധികാരഘടന രൂപീകരിക്കേണ്ടത് എന്നാണ് വിശ്വാസശാസ്ത്രത്തിന്റെ പൊതുവായ താൽപര്യം. അധികാരം കിട്ടിയാലും ഇല്ലെങ്കിലും മുസ്ലീങ്ങൾ പ്രസ്തുത സിസ്റ്റത്തോട് എംഗേജ് ചെയ്യേണ്ട രീതികൾ കൃത്യമായി പറയപ്പെട്ടിട്ടുണ്ട് (21 പ്രമേയങ്ങൾ പറയുന്നത്, 15 ഫെബ്രുവരി, സുപ്രഭാതം).
ജമാഅത്തെ ഇസ്ലാമി ആശയം
ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) പ്രമേയം അവതരിപ്പിച്ചതായി ദേശാഭിമാനി. ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ ഇന്ത്യയുടെ മതേതര, ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്തതാണ്. സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനാണ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചിട്ടുള്ളത്. ഇസ്ലാമിന്റെ പാരമ്പര്യ, വൈജ്ഞാനിക അടിത്തറയെ തമസ്‌കരിച്ച് മതത്തെ ഭൗതികമായ അധികാര രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പുനർനിർവചിക്കുന്നത് അപകടകരമാണ്. മതത്തെ രാഷ്ട്രീയവുമായി കുട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുന്നതും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ് – കോട്ടക്കലിൽ സമസ്തയുടെ 100-ാം വാർഷിക സമ്മേളന വിളംബര സമ്മേളനത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത് (ജമാഅത്തെ ഇസ്ലാമി ആശയത്തിനെതിരെ സമസ്തയുടെ പ്രമേയം, 15 ഫെബ്രുവരി, ദേശാഭിമാനി)
വി.ഡി സതീശന് ജമാഅത്തെ ഇസ് ലാമിയെ പേടി
സമസ്തയുടെ 100-ാം വാർഷിക പരിപാടിയിൽ പങ്കെടുത്താനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കാൻ നിന്നിരുന്നില്ല. അദ്ദേഹം പാർട്ടി നടത്തുന്ന പരിപാടിയിലായതിനാലാണ് പ്രസംഗിക്കാതെ പോയതെന്നും മറ്റൊരു കാരണവുമില്ലെന്നുമാണ് സമസ്ത നേതാക്കൾ വിശദീകരിച്ചത് (ഫെബ്രുവരി 12, റിപ്പോർട്ടർ ഇൻസ്റ്റഗ്രാം പോസ്റ്റ്).
ഇതേക്കുറിച്ച് ഇടത് ഹിൻഡിലുകളിൽ നടന്ന ചർച്ച വി.ഡി സതീശന് ജമാഅത്തെ ഇസ് ലാമിയെ പേടിയാണെന്നും അതുകൊണ്ടാണ് സംസാരിക്കാതിരുന്നതെന്നുമാണ്: ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ മുസ്ലീം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പും മതരാഷ്ട്രവാദികളുമായ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഗുരുതര വിമർശനമാണ് സമ്മേളനത്തിൽ ഉണ്ടായത്. ജമാഅത്തെ ഇസ്ലാമി ഒന്നാംതരം മതരാഷ്ട്രവാദികൾ ആണെന്നും. അവർ സമൂഹത്തെ വഴിതെറ്റിക്കുന്ന വരും ഭിന്നിപ്പ് ഉണ്ടാക്കുന്നവരും ആണെന്നും അവരെ അകറ്റി നിർത്തണമെന്നും സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ കേരളത്തിൽ മുസ്ലീം സമൂഹം അപകടകാരികളായ കണ്ട് അകറ്റിനിർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ ഇത്രയും ഓപ്പണായി പിന്തുണക്കുന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് വി.ഡി സതീശൻ ആണ്. ചടങ്ങിൽ സംസാരിച്ച എല്ലാവരും വർഗീയതക്കെതിരെ ഒന്നിച്ചു നിൽക്കാനും സാഹോദര്യം ഊട്ടിയുറപ്പിക്കാനും ആഹ്വാനം ചെയ്ത പരിപാടിയിലാണ് പ്രതിപക്ഷ നേതാവ് ഒരു വാക്കുപോലും പറയാതെ ഇറങ്ങി പോയത്. പ്രസംഗിച്ചാൽ വർഗീയതക്കെതിരെ പറയേണ്ടിവരുമെന്നും അത് ജമാഅത്തെ ഇസ്ലാമിക്ക് എതിരാകുമെന്നും ഉള്ളതുകൊണ്ടാണ് തന്ത്രപരമായി കളിച്ചത്. അത്രമേൽ ചരിത്രപ്രധാനമായ ഒരു പരിപാടിയിൽ നിന്ന് ഒന്നും പറയാതെ ഇറങ്ങി പോകാൻ മാത്രം ജമാഅത്തെ ഇസ്ലാമിയെ സതീശൻ ഭയക്കുന്നത് എന്തിനാണ്?(ജമാഅത്തെ ഇസ്ലാമിയെ പേടിച്ച് ഒന്നും പറയാതെ സതീശൻ, എന്റെ കേരളം, 15 ഫെബ്രുവരി, വാട്‌സാപ്പ് ചാനൽ).
‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്’ അപകടകരം
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്തതും സങ്കുചിത വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നതുമാണെന്ന് സമസ്ത സമ്മേളനം. കോട്ടക്കലിൽ നൂറാം വാർഷിക സമ്മേളന വിളംബര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ വിലയിരുത്തലുള്ളത്: മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ട് ഏകീകരിക്കാനുള്ള പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തുന്നതും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മതേതര ചേരിയിലെ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാര ലാഭങ്ങൾക്കും വേണ്ടി വിനാശകരമായ ആശയ പശ്ചാത്തലം ഉള്ള സംഘടനകളും ആയി അവിശുദ്ധ സഖ്യത്തിൽ ഏർപ്പെടുന്നതും അവർക്ക് രാഷ്ട്രീയ ഇടങ്ങളിൽ മാന്യത നൽകുന്നതും ബഹുസ്വരതയെ പ്രതിസന്ധിയിൽ ആക്കും അതിനാൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളം ഒരുക്കുന്ന അവസരവാദി നിലപാടിൽ നിന്ന് രാഷ്ട്രീയ സംഘങ്ങൾ പിന്മാറണം (‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്’ അപകടകരം എന്ന് സമസ്ത പ്രമേയം, 16 ഫെബ്രുവരി, ദേശാഭിമാനി).
24. വർഗീയത ചെറുക്കാൻ വിശ്വാസി സമൂഹത്തെ ചേർത്തുനിർത്തണം
വർഗീയത ചെറുക്കാൻ വിശ്വാസി സമൂഹത്തെ ചേർത്തുപിടിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: മതനിരപേക്ഷത സർക്കാരിന്റേത് മാത്രമല്ല, കേരളീയ സമൂഹത്തിന്റെ ആകെ നേട്ടമാണ്. വിശ്വാസികൾ വർഗീയ വാദികളല്ല. വർഗീയവാദികൾക്ക് മതവും വിശ്വാസവും ഇല്ല. ഇവ രണ്ടും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വഴിയായാണ് അവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (വർഗീയത ചെറുക്കാൻ വിശ്വാസി സമൂഹത്ത ചേർത്തുനിർത്തണം: എം.വി ഗോവിന്ദൻ, 07 ഫെബ്രുവരി, സുപ്രഭാതം).
താലിബാൻ പ്രമേയങ്ങളും സമസ്തയുടെ ഫത്വയും
സമസ്തയുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളെക്കുറിച്ച് കേസരിയിലെ പ്രതികരണം: എസ്എസ്എൽസി പരീക്ഷാ കലണ്ടർ മൊത്തം ഇസ്ലാമീകരിച്ചെങ്കിലും സ്‌കൂൾ കലണ്ടർ ഇനിയും തീർത്തും പച്ചയായിട്ടില്ല എന്നതിൽ സമസ്തക്ക് വേദനയുണ്ട്. പരീക്ഷയും ക്ലാസുമൊക്കെ ചിലപ്പോൾ ജുമുഅ നമസ്‌കാരത്തിന് തടസ്സമാകുന്നു. സമുദായത്തിന്റെ സാഹചര്യമനുസരിച്ച് പൊതുവിദ്യാഭ്യാസ കലണ്ടർ മൊത്തം ഇസ്ലാമിക രീതിയിലാക്കണം. മദ്രസ സമയമനുസരിച്ചേ സ്‌കൂൾ സമയം നിശ്ചയിക്കാവൂ എന്ന് സമസ്ത നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയതാണ്. മുഖ്യൻ വിജയൻ സഖാവ് ഒരു കൊല്ലം കഴിഞ്ഞ് നടപ്പാക്കാമെന്ന് കാലുപിടിച്ച് പറഞ്ഞപ്പോൾ ജിഫ്രി മുത്തുകോയ തങ്ങളുടെ മനസ്സലിഞ്ഞതുകൊണ്ട് അതനുവദിച്ചു. ഇനി അത് പറ്റില്ല. സർക്കാർ നല്കിയ ഉറപ്പ് പാലിച്ചോളണം എന്ന പ്രമേയത്തിലെ വാക്കുകൾ ഭീഷണിയായി കരുതണ്ട; ഫത്വയായി കണ്ടാൽ മതി. അതും സമസ്തയുടെ ഔദാര്യം. ജമാഅത്തെ ഇസ്ലാമി മുൻ അമീർ പറഞ്ഞപോലെ ഇസ്ലാമിക ഭരണം വേണമെന്നൊന്നും സമസ്ത ശഠിച്ചിട്ടില്ല. മലപ്പുറം ജില്ല എന്ന മാപ്പിളസ്ഥാനെ രണ്ടാക്കി മാറ്റണം. മുമ്പ് മലപ്പുറം ജില്ല ഉണ്ടാക്കിയ പോലെ മുസ്ലീം ഭൂരിപക്ഷം കണക്കാക്കി പാലക്കാടിനെയും ഇടുക്കിയേയും കൂടി പുനക്രമീകരിക്കണം. കാസർകോടും കോഴിക്കോടും വയനാടും ഈ പട്ടികയിൽ പെടുത്താതിരുന്നത് സമസ്തയുടെ ഹൃദയവിശാലത (സമസ്ത താടിക്കാരുടെ താലിബാൻ പ്രമേയങ്ങൾ, ശാകല്യൻ, 13 ഫെബ്രുവരി, കേസരി).


25. ട്രൂകോപ്പിക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി ഫണ്ടിങ്
പൊതുവെ വിശാല ഇടതുപക്ഷത്ത് നിൽക്കുന്ന ട്രൂകോപ്പിയെക്കുറിച്ച് ഡിവൈഎഫ്‌ഐ നേതാവായ ദീപക് പച്ച: ട്രൂകോപ്പി തിങ്കിൽ എഴുതുന്ന ഇടതുപക്ഷക്കാർ ഒരുപാട് ഉണ്ട്. അവരോടൊക്കെ ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ, അത് പൂർണ്ണമായും ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ സാമ്പത്തിക സഹായം കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ്. പണ്ട് നമുക്കെല്ലാം പ്രിയപ്പെട്ട ഹർഷൻ അതിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോൾ ഒരു വിമർശനം ഇവിടെ ഉന്നയിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ കാര്യമായ ഫണ്ടിങ് കൊണ്ടാണ് ട്രൂകോപ്പി പ്രവർത്തിക്കുന്നത് എന്നതായിരുന്നു. അന്നത്തെ അന്വേഷണത്തിൽ അത് ബോധ്യപ്പെട്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ ഇലക്ഷൻ നേരെറ്റീവ് മുഖപ്രസംഗമാക്കിയാണ് കമൽ റാം സജീവും മനിലയും ടീമും ഇറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ മാധ്യമ മേഖലയിൽ ഏറ്റവും ഹിപ്പോക്രാറ്റുകളായ രണ്ട് പേരാണ് ഇരുവരും. ലിബറൽ സ്‌പെസിലെ പ്രമുഖർ ആയതുകൊണ്ട് ആരും അങ്ങനെ വിമർശിക്കുന്നില്ല എന്ന് മാത്രം. വലതുപക്ഷത്തിന് അവരെക്കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ല. ഇടതുവിരുദ്ധരേക്കാൾ സൂക്ഷിക്കണം ഇടതുപക്ഷ മുഖംമൂടി ഇട്ട വലതു തീവ്രപക്ഷക്കാരെ. പറ്റുന്നവർ ഒക്കെ ട്രൂകോപ്പി തിങ്ക് എന്ന നായ്ക്കാട്ടം ടോയ്‌ലറ്റിലിട്ട് ഫ്ലഷ് അടിക്കണം (07 ഫെബ്രുവരി, ഫേസ്ബുക്ക്/ ദീപക് പച്ച).


26. എൽഡിഎഫ് പ്രചരണജാഥ
ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ മുസ്ലീം വിരുദ്ധത ആരോപിക്കുന്നു
ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ മുസ്ലീം വിരുദ്ധത ആരോപിക്കുന്നതായി എം.വി ഗോവിന്ദൻ. എൽഡിഎഫ് വടക്കൻ മേഖലാജാഥയ്ക്ക് കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണയോഗങ്ങളിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം: നാലുവോട്ട് കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇസ്ലാമിക ലോകം നടപ്പാക്കാനുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കൾ പറയുമ്പോൾ മതേതര ഉള്ളടക്കമുള്ള ഒന്നായാണ് സതീശൻ അവരെ കാണുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ അത് മുസ്ലീം വിരുദ്ധമാണെന്ന് പറയുന്നത് വർഗീയതയുടെ ഭാഗമാണ്. എങ്ങിനെയും അധികാരത്തിലെത്തിയാൽ മതിയെന്ന നിലപാടിലാണ് യു ഡിഎഫ്. അത് ജനജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു (നാല് വോട്ടിനായി സതീശൻ എന്തും ചെയ്യും: എം വി ഗോവിന്ദൻ, 07 ഫെബ്രുവരി, ദേശാഭിമാനി).
ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി
മുസ്ലീം ലീഗിന് ഒരു ദാർശനിക നിലപാടുമില്ലെന്നും അവരുടെ ആശയതലം നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും എം.വി ഗോവിന്ദൻ. വി.ഡി സതീശൻ പറയുന്നത് കോൺഗ്രസാണ് ഇടതുപക്ഷമെന്നാണ്. എന്തും പറയാൻ ഒരു മടിയുമില്ലാത്ത കുറെയാളുകളുണ്ട് കോൺഗ്രസിലെന്നും അതിലൊരാളാണ് വി.ഡി സതീശൻ. കോഴിക്കോട്ട് എൽഡിഎഫ് വടക്കൻ മേഖലാ ജാഥാ വേദിയിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ (മുസ്ലീം ലീഗിന് യാതൊരു ദാർശനിക നിലപാടുമില്ല,അവരെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി; എം.വി.ഗോവിന്ദൻ, 07 ഫെബ്രുവരി, റിപ്പോർട്ടർ).
ലീഗിന്റെ ആശയധാര
മുസ്ലീം ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും മുന്നേ ഉണ്ടായിരുന്ന കോ.ലീ.ബി സഖ്യത്തിലേക്ക് ഇപ്പോൾ ജമാത്തും വന്നിരിക്കുന്നുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം: ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപറയാനാകില്ലെന്ന് ജമാഅത്തെ ജനറൽ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരകുന്ന് പറയുന്നു. അതേ ജമാഅത്തുമായാണ് യുഡിഫ് സഖ്യം ചേരുന്നത്. നാലുവോട്ട് കൂടുതലായി കിട്ടുക, അതിന്റെ ഭാഗമായി കുറച്ചധികം സീറ്റ് കൂടുതലായി നേടുക എന്നതിനപ്പുറത്തേക്ക് വർഗീയതക്കെതിരെ യുഡിഎഫ് ഒരു ചെറുത്തുനിൽപ്പും നടത്തുന്നില്ല (ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമി: എം.വി ഗോവിന്ദൻ, 08 ഫെബ്രുവരി, ഡൂൾ ന്യൂസ്).
ജമാഅത്തെ സഖ്യത്തിന്റെ കോഡിനേറ്റർ
കോലീബി-ജമാഅത്തെ സഖ്യത്തിന്റെ കോഡിനേറ്ററാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെന്ന് കേരള ജാഥക്കിടെ നടത്തിയ വാർത്ത സമ്മേളനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ: വി.ഡി സതീശന്റെ ജാഥയിൽ കേരളത്തിന്റെ വികസനമല്ല അജൻഡ. രാജീവ് ചന്ദ്രശേഖറിന് വർഗീയത ഇല്ലെന്നു പറഞ്ഞ നേതാവാണ് അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നും പറഞ്ഞു. ഹൈക്കമാൻഡിന്റെ നിലപാട് ഇതുതന്നെയാണോ? – എം.വി. ഗോവിന്ദൻ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള സമസ്ത പ്രമേയ ത്തിൽ ലീഗ് അഭിപ്രായം പറയണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി അഴകുഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു (കോലീബി – ജമാഅത്തെ സഖ്യത്തിന്റെ കോഡിനേറ്ററാണ് സതീശൻ – എം.വി ഗോവിന്ദൻ, 10 ഫെബ്രുവരി, മാതൃഭൂമി).
വെള്ളാപ്പള്ളിയും നവോത്ഥാന സമിതിയും
തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (നവോത്ഥാന അധ്യക്ഷ സമിതി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ മാറ്റുമോ? ഉത്തരം നൽകാതെ എം.വി ഗോവിന്ദൻ, 10 ഫെബ്രുവരി, മീഡിയ വൺ).
ജമാഅത്തെ ഇസ്ലാമി കൊടുംവിഷം
ആർഎസ്എസിനെ പോലെ കൊടുംവിഷമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ അത് മുസ്ലീങ്ങൾക്ക് എതിരാണെന്ന് വരുത്തുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: ആർഎസ്എസിനെ പോലെ കൊടുംവിഷമാണ് ജമാഅത്തെ ഇസ്ലാമി. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടുംവിഷം ഒഴുക്കുന്ന സംഘടനകളാണ് ഇരുകൂട്ടരും. രാഷ്ട്രീയാധികാരത്തിന് വേണ്ടിയാണ് അവർ മതത്തെ ഉപയോഗിക്കുന്നത്. ന്യൂനപക്ഷം ഇടതുപക്ഷത്തെ കൈവിട്ടെന്ന് ഞങ്ങൾ വിലയിരുത്തിയിട്ടില്ല. എസ്.ഐ.ആർ പിണറായി വിജയൻ നടപ്പാക്കിയതാണെന്ന് ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും വ്യാപകമായി പ്രചാരണം നടത്തിയിട്ടുണ്ട്. അത് പ്രതിരോധിക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. വർഗീയത ആരു പറഞ്ഞാലും അംഗീകരിക്കില്ല. നവോത്ഥാന നായകർ മുന്നോട്ടുവച്ച ആശയങ്ങൾക്കൊപ്പമാണ് ഇടതുപക്ഷം. അതിന്റെ മറവിൽ വർഗീയത പറഞ്ഞാൽ അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു (ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും കൊടുംവിഷം ഒഴുക്കി: എം.വി ഗോവിന്ദൻ, 11 ഫെബ്രുവരി, കേരള കൗമുദി).
ലോകത്തിലെ ഏറ്റവും വലിയ വർഗീയവാദ സംഘടന
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഗീയ വാദികളിലൊന്നാണ് ജമാഅത്തെ ഇസ്ലാമിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. വികസന മുന്നേറ്റ ജാഥയിൽ വിദ്വേഷ പരാമർശങ്ങൾ നടക്കുന്നുവെന്ന വെൽഫെയർ പാർട്ടിയുടെ വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം: ജമാഅത്തെ ഇസ്ലാമിയാണ് ഏറ്റവും വലിയ വർഗീയവാദികൾ. അതിലന്നും തെറ്റില്ല, ഇന്നും തെറ്റില്ല. ഒരേ നിലപാടാണ് ഞങ്ങൾക്ക്. അവരെ ആരും വിലവയ്ക്കുകയില്ല (ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഗീയ വാദികളിലൊന്നാണ് ജമാഅത്തെ ഇസ്ലാമി, 15 ഫെബ്രുവരി, മീഡിയ വൺ)
പ്രതിപക്ഷ നേതാവ് വർഗീയ സംഘടനകളുടെ കോഡിനേറ്റർ
കേരളത്തിലെ പ്രതിപക്ഷ നേതാവ് വർഗീയ സംഘടനകളുടെ കോഡിനേറ്ററായി പ്രവർത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് സ്വീകാര്യത കൈവരും, ഇതിലൂടെ മതരാഷ്ട്രവാദത്തിന് പിന്തുണ നേടാനും സമൂഹത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കാനും അവർക്ക് കഴിയും – എം.വി ഗോവിന്ദൻ. വികസന മുന്നേറ്റ യാത്രയുടെ ഭാഗമായി പാലക്കാട് ഷൊർണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (പ്രതിപക്ഷ നേതാവ് വർഗീയ സംഘടനകളുടെ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു – എം വി ഗോവിന്ദൻ, 16 ഫെബ്രുവരി, മാധ്യമം).
27. ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഉറപ്പിക്കുക
പ്രതിപക്ഷ നേതാവിന്റെ ജാഥയ്ക്ക് പ്രത്യേക അജണ്ടയൊന്നുമില്ലെന്നും ആകെ ഉള്ളത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഉറപ്പിക്കൽ മാത്രമാണെന്നും ദേശാഭിമാനി:
വർഗീയതയോടുള്ള നിലപാടിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ്-ബിജെപി മത്സരമാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ വാദത്തിന് പ്രതിപക്ഷ നേതാവ് കൃത്യമായി ഉത്തരം നൽകാതെ ഉരുണ്ടുകളിക്കുകയാണ്. ജാഥ നയിക്കുന്നതിന്റെ ലക്ഷ്യം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഉറപ്പിക്കുക മാത്രമാണ്. അത് മടിയില്ലാതെ തുറന്നുപറയുകയും ചെയ്യുന്നു. ജാഥയ്ക്ക് പ്രത്യേക അജൻഡയില്ലെന്നാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം കോർപറേഷനിലും മറ്റ് പഞ്ചായത്തുകളിലും ബിജെപിയുമായുള്ള നീക്കുപോക്കും മുസ്ലീം ലീഗിന്റെ വർഗീയ ബന്ധങ്ങളും സംബന്ധിച്ച ചോദ്യത്തിന് ഉത്തരമില്ല (അജൻഡയില്ല, രാഷ്ട്രീയ മറുപടിയുമില്ല, ജാഥയുമായി പ്രതിപക്ഷ നേതാവ്, 07 ഫെബ്രുവരി, ദേശാഭിമാനി).
28. കാസയെ ഹിന്ദുത്വവാദികൾ അട്ടിമറിച്ചു
കൃത്യമായ സാമുദായിക ലക്ഷ്യത്തോടെ രൂപം കൊണ്ട കാസയെ ഹിന്ദുത്വവാദികൾ അട്ടിമറിക്കുകയായിരുന്നുവെന്ന് കാസ തൃശൂർ എന്ന പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അത് താഴെ നൽകുന്നു:
100% ശരി ആണ് 2019ൽ കാസ അഡ്വ. ജോയ് എബ്രഹാം രൂപീകരിക്കുബോൾ. അതിന് കൃത്യം ആയ ലക്ഷ്യം ഉണ്ടായിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷ അവകാശങ്ങളിൽ ഇടപെടുകയും ക്രൈസ്തവർക്ക് അവർ അർഹിക്കുന്ന ന്യൂനപക്ഷ അവകാശങ്ങൾ നേടി എടുക്കുകയും ലഹരി മരുന്ന് വ്യാപനത്തിനെതിരെ യുവാക്കളെ ഉദ്‌ബോധിപ്പിക്കുകയും യുവാക്കളിൽ കൂടുതൽ കായിക അവബോധം വളർത്തുകയും ഒക്കെ ആയിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ. എന്നാൽ നിഗൂഢ ലക്ഷ്യങ്ങളോടെ ഒരു കള്ള ലവ് ജിഹാദ് കഥയും കൊണ്ട് വന്ന ഒരു കൂട്ടം തീവ്ര ഹിന്ദുത്വ അനുഭാവികൾ സംഘടനയിൽ പ്രവർത്തിച്ചവരെ പുറത്ത് ആക്കുകയും സംഘടനയെ വർഗീയ വിദ്വേഷം പരത്തുന്ന ഒരു കൂട്ടം ആക്കി മാറ്റുകയും ചെയ്തു. കേരളത്തിൽ മാത്രം പ്രവർത്തന പരിധി ഉള്ള ഈ സംഘടന പല വിദേശ രാജ്യങ്ങളുടെ പേരിലും കാസ എന്ന് കൂട്ടി ചേർത്ത് ഫേസ്ബുക് പേജുകൾ ആരംഭിച്ചു. കേരളത്തിൽ ക്രിസ്ത്യൻ +ഹിന്ദു /മുസ്ലീം എന്ന രീതിയിൽ വർഗീയ ചേരിത്തിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ കൂട്ടം. പക്ഷേ, വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ആക്രമിക്കപെടുമ്പോൾ സംഘപരിവാറിന് വേണ്ടി സംസാരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തികളെ എതിർക്കുന്നവരെ പല വിദേശ നമ്പറുകൾ ഉപയോഗിച്ച് ആരംഭിക്കുന്ന ഫേസ് ബുക്ക്, വാട്‌സ്ആപ്പ് ഉപയോഗിച്ച് അപമാനിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികൾക്ക് കിട്ടേണ്ടുന്ന പല ന്യൂനപക്ഷ അനുകൂല്യങ്ങളെയും തുരങ്കം വെക്കുന്ന ഇവർ സത്യത്തിൽ നമ്മുടെ സംസ്ഥാനത്തിലേ മത മൈത്രിക്കും സ്വര്യജീവിതത്തിനും ഭീഷണി ആണ്. അത് കൊണ്ട് ആത്മാഭിമാനം ഉള്ള ക്രൈസ്തവ വിശ്വാസികൾ ഇവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക ആണ് വേണ്ടത്’ (07 ഫെബ്രുവരി, ഫേസ്ബുക്ക് /കാസ തൃശൂർ)
29. ദേശവിരുദ്ധരുടെ അഭിമുഖം
ജമാഅത്തെ ഇസ്ലാമി വാരിക പ്രബോധനത്തിൽ 2024, 2025 വർഷങ്ങളിൽ വിവധ ലക്കങ്ങളിലായി ബംഗ്ലാദേശിലെ ഭാരതവിരുദ്ധരുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചുവെന്നും അതെക്കുറിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതുമായി ജനം ടി വി ഒരു വാർത്ത പ്രസിദ്ധീകരിച്ചു. അന്വേഷണത്തിലിക്കുന്ന വിവിധ ലക്കങ്ങൾ വാർത്തയിൽ റിപ്പോർട്ടർ പറഞ്ഞെങ്കിലും ആ തിയ്യതികളിലൊന്നും പ്രബോധനം പുറത്തിറങ്ങിയതായി കണ്ടെത്താനായില്ല. ശൈഖ് ഹസീനയെ അന്താരാഷ്ട്ര ക്രിമിനൽ കോടതി വിചാരണചെയ്യണം എന്ന ഒരു ലേഖനമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് (ജമാഅത്തെ ഇസ്ലാമി വാരിക പ്രബോധനത്തിൽ ബംഗ്ലാദേശിലെ ഭാരതവിരുദ്ധരുടെ അഭിമുഖങ്ങൾ, 07 ഫെബ്രുവരി, ജനം ടിവി).


30. സ്ഥാനങ്ങൾ ആവശ്യപ്പെടാൻ ലീഗിന് ഭയം
മാതൃഭൂമി ന്യൂസിൽ ‘രാഷ്ട്രീയ വൃത്തം’ എന്ന തെരഞ്ഞെടുപ്പ് ചർച്ചയിൽ ലീഗിന്റെ ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു വിഷയം. ലീഗ് എന്തുകൊണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നില്ലെന്നായിരുന്നു ചർച്ച ചെയ്തത്. അഞ്ചാം മന്ത്രി വിവാദം ഉണ്ടായ സാഹചര്യത്തിൽ ലീഗിന് തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെടാൻ ഭയമായിരിക്കുന്നുവെന്നാണ് പാലനിസ്റ്റുകൾ അഭിപ്രായപ്പെട്ടത്. ഏതാനും ഭാഗങ്ങൾ:
രാജീവ് ദേവരാജ് : 2011ലെ തിരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനന്ദൻ കാസർഗോഡ് നിന്ന് പ്രചാരണം തുടങ്ങുമ്പോൾ തന്നെ ഇവിടെ വരാൻ പോകുന്നത് കു-കു-കു (കുഞ്ഞാലികുട്ടി, കുഞ്ഞുമാണി, കുഞ്ഞൂഞ്ഞ്) ഭരണമാണ് നടക്കാൻ പോകുന്നത് എന്ന തരത്തിൽ വലിയ രീതിയിൽ പ്രചാരണം നടത്തുകയും, അത് ഭൂരിപക്ഷ വോട്ട് ഇടതുപക്ഷത്തേക്ക് ഏകീകരിക്കാൻ സഹായകമാകുകയും ചെയ്തു.
ഡി. പ്രമേഷ് കുമാർ: അഞ്ചാം മന്ത്രി സ്ഥാനം യുഡിഎഫിനും ലീഗിനും തിരിച്ചടി ആയതുകൊണ്ട് വളരെ കരുതലോടു കൂടിയാണ് ഉപമുഖ്യമന്ത്രി സ്ഥാനം പോലുള്ള ആവശ്യങ്ങളോട് ലീഗ് പ്രതികരിക്കുന്നത്.
രാജീവ് ദേവരാജ് : ഉപമുഖ്യമന്ത്രി സ്ഥാനം ഒന്നല്ല രണ്ടെണ്ണം തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നെ ഞങ്ങൾക്ക് വേണ്ടെന്ന് മാത്രമേ പറയൂ.
രതീഷ് അനിരുദ്ധൻ: ലീഗിന് ഉപമുഖ്യമന്ത്രി പദത്തിന് തീർച്ചയായും അർഹതയുണ്ട്. മുഖ്യമന്ത്രി പദത്തിനും അർഹതയുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ആവും കാര്യങ്ങൾ തീരുമാനിക്കുക, ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം നിയന്ത്രിക്കും എന്ന നരേഷൻ ക്രിയേഷന്റെ ഭാഗമാണ് ഈ ചർച്ച. അഞ്ചാം മന്ത്രി വിവാദത്തിലാണ് ഈ ചർച്ച തുടങ്ങിയത്, ഒരു വർഗീയ ധ്രുവീകരണം കേരളത്തിലെ പൊളിറ്റിക്സിൽ തുടങ്ങിയത് അഞ്ചാം മന്ത്രി ചർച്ചയിലൂടെയാണ്. അതിന് ശേഷമാണ് ലീഗിന് ഈ ഭയം ഉണ്ടാകുന്നത്.
രാജീവ് ദേവരാജ്: രതീഷ് പറഞ്ഞ കാര്യം ലീഗിന്റെ കാര്യത്തിൽ ശരിയാണ്. കാലം മാറി, നമ്മുടെ നാട് മാറി (അഞ്ചാം മുഖ്യമന്ത്രി വിവാദത്തിൽ തുടങ്ങിയ ഭയമോ ലീഗിന്? ഉപമുഖ്യമന്ത്രി സ്ഥാനം ചോദിക്കാത്തതെന്ത്?, 07 ഫെബ്രുവരി, മാതൃഭൂമി).
31. ലക്ഷ്യം മലബാറിലെ സംസ്‌കാരത്തെ തകർക്കുക
മലബാറിലെ സംസ്‌കാരത്തെ തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ: മുസ്ലീം ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങി കഴിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനായിരിക്കും താക്കോൽ സ്ഥാനം. അവർ നടപ്പാക്കാൻ പോകുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണ്. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള വർഗീയ സംഘടനകളെ കോൺഗ്രസ് വെള്ള പൂശുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ മുൻപ് ജമാഅത്തെ നിരോധിച്ചിട്ടുണ്ട്. ഇവരെയാണ് കോൺഗ്രസ് ഇന്ന് കൂട്ടുപിടിക്കുന്നത്. ജമാഅത്തെ മതരാഷ്ടത്തിനായാണ് പ്രവർത്തിക്കുന്നത്. അതാണ് അവരുടെ എപ്പോഴത്തെയും നിലപാട്. സമസ്ത പോലും ജമാഅത്തെ തള്ളി പറഞ്ഞിട്ടും വി.ഡി സതീശനും കോൺഗ്രസും പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മതരാഷ്ട്രവാദം എന്ന ആശയത്തിൽ നിന്ന് ജമാഅത്തെ ഇസ്ലാമി പിൻമാറിയിട്ടില്ല. സംഘടനയുടെ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇത് തെളിയിക്കുന്നത്. ഈ നീക്കം ആസൂത്രിതമാണ് (മലബാറിലെ സംസ്‌കാരത്തെ തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം; യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനാണ് താക്കോൽ സ്ഥാനം; ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങി കഴിഞ്ഞു: കെ. സുരേന്ദ്രൻ, 08 ഫെബ്രുവരി, ജനം ടി.വി).
32. മീഡിയ വൺ കാളകൂടവിഷം
മീഡിയവൺ വർഗീയതയുടെ കാളകൂടവിഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ: അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല. മീഡിയ വൺ എന്ന് പറയുന്നത് വർഗീയതയുടെ അങ്ങേയറ്റമാണ്. വർഗീയതയുടെ വിഷം സമൂഹത്തിൽ കലർത്തുന്നതിൽ ഒന്നാം സ്ഥാനത്ത് ബിജെപിയും ആർഎസ്എസുമാണ്. രണ്ടാം സ്ഥാനത്ത് മീഡിയ വണ്ണാണ്. അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല. രാജ്യത്തെ മുഴുവനാളുകൾക്കും അതറിയാം. കേരളം മതനിരപേക്ഷ ഉള്ളടക്കത്തോടെ മാനവികത ഉയർത്തിപ്പിടിക്കുന്ന നാടാണ്. അത് തകർക്കരുത്. വിഷം കലർത്തരുത്. മീഡിയ വൺ അടക്കമുള്ള രാപ്പകലില്ലാതെ ശ്രമിക്കുന്നത് മതനിരപേക്ഷത ഇല്ലാതാക്കാണ്. കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു (മീഡിയ വൺ വർഗീയതയുടെ കാളകൂടവിഷം; അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദൻ, 08 ഫെബ്രുവരി, മീഡിയ വൺ)
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിലും മീഡിയ വണ്ണിനോടുള്ള വിമർശനത്തിലും സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ ജി സുധാകരൻ തള്ളി. മീഡിയ വണിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. മീഡിയ വൺ കാളകൂട വിഷമാണെന്ന എം.വി ഗോവന്ദന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് ജി സുധാകരൻ ഇക്കാര്യം പറഞ്ഞത് (സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ജി സുധാകരൻ, ജമാഅത്തെ ഇസ്ലാമിയുമായി സഹകരണം ചരിത്രവസ്തുത, 19 ഫെബ്രുവരി, ജന്മഭൂമി).
33. താക്കോൽ സ്ഥാനം ജമാഅത്തെ ഇസ്ലാമിയുടെ കൈയിൽ
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താക്കോൽ സ്ഥാനം ജമാഅത്തെ ഇസ്ലാമിയുടെ കൈയ്യിലായിരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ: തങ്ങൾ മതരാഷ്ട്രവാദികളാണെന്ന് ജമാഅത്തെ ഇസ്ലാമി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശനും കോൺഗ്രസും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായിട്ടുള്ള ബന്ധത്തിൽ യാതൊരു അപാകവും കാണുന്നില്ല. ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നേരിട്ടുള്ള അനുഭവമാണ്. ആ ജമാഅത്തെ ഇസ്ലാമിക്ക് താക്കോൽ സ്ഥാനം കൊടുത്താൽ കേരളത്തിൽ വർഗീയ കലാപമുണ്ടാവും. കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ ഒരു മുസ്ലീം കൾച്ചർ ഉണ്ട്. അത് തകർക്കുകയാണ് ജമാഅത്തെ ഇസ്ലാമി. നേരത്തെ മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിക്ക് എതിരായിരുന്നു. എന്നാൽ ഇപ്പോൾ മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമി വിഴുങ്ങിയിരിക്കുകയാണ്. മതാധിഷ്ഠിത റിപ്പബ്ലിക്കിന് വേണ്ടി പരസ്യമായി ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അതേ ആശയമാണ് മുസ്ലീം ലീഗ് ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽവന്നാൽ താക്കോൽ സ്ഥാനം മുസ്ലീം ലീഗിന് ആയിരിക്കും. അപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ആയിരിക്കും നടപ്പാക്കാൻ പോകുന്നത്. ഈ പ്രാവശ്യം യുഡിഎഫ് വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം അവർ ആവശ്യപ്പെടും. അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങൾ എല്ലാം ജമാഅത്തെ ഇസ്ലാമിയുടെ കയ്യിലആയിരിക്കും (യുഡിഎഫ് അധികാരത്തിൽ എത്തിയാൽ താക്കോൽ സ്ഥാനം ജമാഅത്തെ ഇസ്ലാമിയുടെ കൈയ്യിലായിരിക്കും, ഇത്തവണ ഞങ്ങൾ സർക്കാർ ഉണ്ടാക്കും, 08 ഫെബ്രുവരി, റിപ്പോർട്ടർ ലൈവ്, ഫേസ്ബുക്ക്).


34. യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും അധികാരവും
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയോട് ചേർന്ന് അധികാരത്തിൽ എത്തിയാൽ കേരളത്തിന് ഒരു കാലത്തും മറക്കാൻ കഴിയാത്ത തരത്തിലുള്ള ദൂരവ്യാപകമായ ഫലം ഉണ്ടാകുമെന്ന് എം.വി ഗോവിന്ദൻ (യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയോട് ചേർന്ന് അധികാരത്തിൽ എത്തിയാൽകേരളത്തിന് ഒരു കാലത്തും മറക്കാൻ കഴിയാത്ത തരത്തിലുള്ള ദൂരവ്യാപകമായ ഫലം ഉണ്ടാകും, 08 ഫെബ്രുവരി, കേരളം കൗമുദി).
35. വി.ഡി സതീശൻ പുതിയ ശൂറ അംഗം
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള നിലപാടുകളുടെ പേരിൽ സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിലൂടെ വി.ഡി സതീശനെ പരിഹസിച്ചു. വി.ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയുടെ ശൂറ (ആലോചന സമിതി) അംഗമാണെന്നായിരുന്നു പരിഹാസം: ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിനെ തള്ളി പുതിയ ‘ശൂറ’അംഗമായിരിക്കുന്ന വി.ഡി സതീശൻ പറയുന്നത് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഒഴിവാക്കിയിരിക്കുന്നുവെന്നാണ്. നല്ല കാര്യം തന്നെ. പക്ഷേ, മതത്തെയും ദീനിനെയും രാഷ്ട്രമായി കാണുന്ന ആചാര്യൻ മൗദൂദിയുടെ നിലപാടുകൾ തങ്ങളെവിടെയും തിരുത്തിയതായി ജമാഅത്തെ ഇസ്ലാമിക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലായെന്നതാണ് വസ്തുത (08 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്/ കെ.ടി കുഞ്ഞിക്കണ്ണൻ).
36. അധികാരത്തിന്റെ കോലുമുട്ടായി
ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ കുറിച്ച് മാതൃഭൂമി ചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ ലീഗിന്റെ സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പങ്കെടുത്തു. സുന്നി ആക്ടീവിസ്റ്റ് ജവാദ് മുസ്താഫയാണ് മറ്റൊരാൾ. അദ്ദേഹം ഷാഫിയെ വിമർശിച്ചു: എന്തിനാണ് ജമാഅത്തെ ഇസ്ലാമിയോടോപ്പം വിവിധ സർക്കാർ കമ്മിറ്റിയിൽ അഞ്ച് വർഷം ഇരുന്നത്. അന്നേരം ഒരു അയിത്തവുമില്ലല്ലോ. അധികാരത്തിന്റെ കോലുമിട്ടായി ഈമ്പാൻ ഇവർക്ക് ജമാഅത്തെ ഇസ്ലാമിയൊന്നും പ്രശ്നമല്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ജമാഅത്തെ ഇസ്ലാമിയോട് അസ്പൃശ്യതയുണ്ടെങ്കിൽ അതെന്തിന് ചെയ്‌തെന്നായിരുന്നു ഷാഫിയുടെ ചോദ്യം (എന്തിനാണ് ജമാഅത്തെ ഇസ്ലാമിയോടൊപ്പം സർക്കാർ കമ്മിറ്റിയിലിരുന്നത്; അധികാരത്തിന്റെ കോലുമുട്ടായി ഈമ്പാൻ ജമാഅത്ത് പ്രശ്നമല്ലായിരുന്നോ? കാന്തപുരം വിഭാഗത്തിനെതിരെ ഷാഫി ചാലിയം, 08 ഫെബ്രുവരി, ഡൂൾ ന്യൂസ്).
37. വർഗീയ ധ്രുവീകരണത്തിന് ശ്രമം
എൽഡിഎഫും യുഡിഎഫും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ: ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തിനാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നത്. മതാഷ്ടിത റിപ്പബ്ലിക്കാണ് ലക്ഷ്യമെന്ന് പരസ്യമായി പറഞ്ഞ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ്. ഏറെക്കാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച എൽഡിഎഫ് ഇപ്പോൾ ജമാഅത്ത് ബന്ധത്തിന്റെ പേരിൽ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നു. ജമാഅത്തിന് പകരം എൽഡിഎഫിനൊപ്പം പിഎഫ്ഐ, പിഡിപി തുടങ്ങിയ വർഗീയ ഭീകര സംഘടനകളാണ് ഇപ്പോഴുള്ളത്. മതത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഭരണം കിട്ടിയാൽ മതത്തിനായിരിക്കും പരിഗമനയെന്നും പറയുന്ന ലീഗ് ആശയപരമായി ജമാഅത്തിന് ഒപ്പമാണ് (എൽഡിഎഫും യുഡിഎഫും വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നു, കെ സുരേന്ദ്രൻ, 09 ഫെബ്രുവരി, ജന്മഭൂമി).
38. മതരാഷ്ട്ര വാദികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ്
മുസ്ലീം ലീഗിനെ മുൻ നിർത്തി എല്ലാ തീവ്ര -മത -വർഗീയ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പി പി സുനീർ എം.പി. ഭരണം പിടിക്കാനുള്ള വെപ്രാളത്തിൽ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര മതരാഷ്ട്രവാദികൾക്ക് നല്ല സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ വക്താവായിരിക്കുന്നു സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി (മതരാഷ്ട്ര വാദികൾക്ക് വി.ഡി സതീശന്റെ ഗുഡ് സർട്ടിഫിക്കറ്റ്: പി.പി സുനീർ, 09 ഫെബ്രുവരി, ജനയുഗം)
39. ജമാ-കോ-ലീ-ബി സഖ്യം
കോ-ലീ-ബി സഖ്യം നേരത്തെ കേരളത്തിലുണ്ട്. ഇപ്പോഴത് ജമാ-കോ-ലീ-ബി സഖ്യമായിരിക്കുന്നു. അതിന്റെ അംബാസിഡർ സതീശനാണെന്ന് എം.വി ഗോവിന്ദൻ:
ജമാഅത്തെ ഇസ്ലാമി പോലുള്ള വർഗീയ സംഘടനയുമായി കൂടിച്ചേർന്ന് ഭരണമുണ്ടാക്കുന്നതിൽ കോൺഗ്രസിന് സതീശന്റെ നിലപാടാണോ..? ലീഗിനോട് എല്ലാ കാലത്തും ആഭിമുഖ്യം പുലർത്തുന്ന സംഘടനയാണ് ഇ.കെ.സുന്നിവിഭാഗം. അവരുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രമേയത്തിൽ മതരാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരെ അകറ്റി നിർത്തണമെന്ന് പറയുന്നു. എന്നീട്ടും ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി എന്തിനാണ് ഇത്തരമൊരു പിന്തുണ നേടുന്നത്. കോ-ലീ-ബി സഖ്യം നേരത്തെ കേരളത്തിലുണ്ട്. ഇപ്പോഴത് ജമാ-കോ-ലീ-ബി സഖ്യമായിരിക്കുന്നു. അതിന്റെ അംബാസിഡർ സതീശനാണ് (വി.ഡി സതീശന് നുണ രോഗം: എം.വി ഗോവിന്ദൻ, 08 ഫെബ്രുവരി, കേരളകൗമുദി).
40. ജമാഅത്തെ ഇസ്ലാമിയുടെ പണം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ജയിക്കില്ലെന്നും ഒരു പക്ഷേ, ലീഗ് ജയിക്കുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ: ജമാഅത്തെ ഇസ്ലാമിയുടെ പണം വാങ്ങി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി (2026ൽ കോൺഗ്രസ് ജയിക്കില്ല, ലീഗ് ജയിക്കുമായിരിക്കും: രാജീവ് ചന്ദ്രശേഖർ, 09 ഫെബ്രുവരി, സമകാലിക മലയാളം).
41. സണ്ണി എം കപിക്കാടിനെതിരെ: പിന്നിൽ ജമാഅത്തെ ഇസ്ലാമി
ഇവനെങ്ങാനും പൊട്ടിത്തെറിക്കുമോ?
മതദ്വേഷത്തിനെതിരേ കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി ഫെബ്രുവരി 8ന് ഗുരുമാനവീയം സദസ്സ് സംഘടിപ്പിച്ചു. അതിൽ സി ദാവൂദും സണ്ണി എം കപിക്കാടും പ്രഭാഷകരായിരുന്നു. ഇരുവരും വേദിയിൽ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അഖിൽ ബാലകൃഷ്ണൻ എന്നയാൾ നൽകിയ കമന്റ് ഇങ്ങനെ: ഇവനെങ്ങാനും പൊട്ടിത്തെറിക്കുമോ എന്ന പേടി കപിക്കാടിന്റെ മുഖത്ത് കാണുന്നുണ്ട് (09 ഫെബ്രുവരി, ഫേസ്ബുക്ക്/ അഖിൽ ബാലകൃഷ്ണൻ).
ജമാഅത്തെ ഇസ്ലാമി നോമിനിയും പ്രജക്റ്റും
സണ്ണി എം കപിക്കാടിന് ജമാഅത്തെ ഇസ്ലാമി നോമിനിയായി എംഎൽഎയാവാനാണ് ആഗ്രഹമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ദീപക് പച്ച. ശ്രീനാരായണ ദർശനവേദിയുടെ ഗുരമാനവീയം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലെ ‘കപ്പ പുഴുങ്ങി തിന്നാൽ പ്രശ്‌നം തീരുമോ’ എന്ന ചോദ്യമാണ് ദീപക് പച്ചയുടെ ഫേസ്ബുക്ക് പ്രതികരണത്തിന്റെ സന്ദർഭം: വിശപ്പ് മാത്രമല്ല മതവും പ്രശ്‌നമാണ് എന്നത് കൊണ്ട് ‘മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം ‘ എന്ന മുദ്രാവാക്യം റദ്ദായി പോകുന്നു എന്നാണ് അദ്ദേഹം പരിഹാസ ഭാഷയിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ അടുത്തിരുത്തി പറയുന്നത്. ഒരു നേരം കപ്പ പുഴുങ്ങി തിന്നാൻ ഇല്ലാത്തവർക്ക് കപ്പ പുഴുങ്ങി കൊടുത്ത് തന്നെയാണ് കേരളം കേരളമായത് എന്ന് സണ്ണികപ്പടിക്കാട് മറക്കരുത്. ഒരു സീറ്റ് കിട്ടാൻ ഇനിയും എന്തൊക്കെ പറയണം എന്റെ സണ്ണിച്ചായാ. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് വേണം ധർമം വേണം ധർമം എന്ന ഗുരുദേവന്റെ ശിഷ്യൻ സഹോദരൻ അയ്യപ്പന്റെ മുദ്രാവാക്യം കേട്ടിട്ട് സണ്ണി കപ്പിക്കാട് കപ്പ പുഴുങ്ങി തിന്നാൻ പറയുമോ എന്ന് തലയിൽ ആൾതാമസം ഉള്ളവർ അയാളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ ചോദിക്കണം. ആ മുദ്രാവാക്യം ജാതി വിരുദ്ധമായ ഒന്നാണെന്ന് സണ്ണികപ്പടിക്കടിന് മനസിലാവില്ലായിരിക്കാം. കാരണം അദ്ദേഹത്തിനിപ്പോൾ ജമാഅത്തെ ഇസ്ലാമി നോമിനിയായി ഒരു എംഎൽഎ ആകണം. സംഘപരിവാർ വിരുദ്ധതയ്ക്കായി ജീവിതം മാറ്റിവച്ച സുനിൽ മാഷിന് റാഡിക്കലിസം പോരാ എന്ന് പറഞ്ഞുനടന്ന വിടുവായനാണ്. അതും ഒരു ജമാഅത്തെ ഇസ്ലാമി പ്രൊജക്റ്റ് ആയിരുന്നു എന്ന് വേണം മനസിലാക്കാനിപ്പോൾ (09 ഫെബ്രുവരി, ഫേസ്ബുക്ക്/ ദീപക് പച്ച).
സണ്ണി എം കപിക്കാട് അവസരവാദി
മതമല്ല, വിശപ്പാണ് പ്രശ്‌നമെന്ന മുദ്രാവാക്യത്തെ കൊടുങ്ങല്ലൂരിലെ ശ്രീനാരായണ ദർശനവേദിയുടെ യോഗത്തിൽ വിമർശിച്ചതിനെക്കുറിച്ച് സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ: അംബേദ്കർ സണ്ണിയെപ്പോലെ അതാത് സമയത്തെ അധികാര രാഷ്ട്രീയ ശക്തികൾക്ക് വേണ്ടത് പറയുന്ന അവസരവാദി ആയിരുന്നില്ല. ബാബരി മസ്ജിദ് പൊളിച്ചത് മതത്തിന്റെ പേരിൽ ആയിരുന്നു. അതിന് കൂട്ടുനിന്ന കോൺഗ്രസിനോട് സണ്ണി കപിക്കാടിന് എന്താണ് പറയാനുള്ളത്. വിശപ്പ് മാത്രമാണ് പ്രശ്നമെങ്കിൽ എല്ലാവർക്കും കപ്പ പുഴുങ്ങി കൊടുത്താൽ പോരേയെന്ന ചോദ്യത്തിന് സവർണബോധത്തിന്റെ ധ്വനി ഉണ്ട്.
ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞിക്കണ്ണൻ ഈ പരാമർശങ്ങൾ നടത്തിയത് (സണ്ണി എം കപിക്കാട് അവസരവാദി, അംബേദ്കർ എവിടെയെങ്കിലും മതമാണ് പ്രശ്‌നം എന്ന് പറഞ്ഞിട്ടുണ്ടോ, കെ.ടി കുഞ്ഞിക്കണ്ണൻ, 18 ഫെബ്രുവരി, മക്തൂബ് മീഡിയ).
42. മുസ്ലീങ്ങളുടെ പരിപാടിയിൽ നിരന്തരം പോവുന്നത് അത്ര നല്ലതല്ല
“തേലക്കാട്ടെ അച്ഛൻ മുസ്ലീങ്ങളുടെ പരിപാടിയിൽ നിരന്തരം പോവുന്നത് അത്ര നല്ലതല്ല” എന്ന് മൂന്ന് സഹവൈദികർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഫാദർ പോൾ തേലക്കാട്ട്: മുപ്പതോളം പേരുള്ള കത്തോലിക്ക പള്ളിയിൽ ഭരണം നടത്തുന്ന അച്ഛന്മാർ പങ്കെടുത്ത ഒരു അനൗദ്യോഗിക യോഗത്തിൽ ‘തേലക്കാട്ടെ അച്ഛൻ മുസ്ലീങ്ങളുടെ പരിപാടിയിൽ നിരന്തരം പോവുന്നത് അത്ര നല്ലതല്ല’ എന്ന് മൂന്ന് സഹവൈദികർ പറഞ്ഞിട്ടുണ്ട്. പതിനഞ്ചോളം വർഷം സീറോ നലബാർ സഭയുടെ മെത്രാന്മാർ തെരഞ്ഞെടുത്ത ഔദ്യോഗിക വക്താവായിരുന്നു ഞാൻ. തന്നെ തെരഞ്ഞെടുത്ത മെത്രാന്മാർ തന്നെ മുസ്ലീങ്ങളുടെ പരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ ശത്രുക്കളായി മാറിയിരിക്കുന്നു. ഒരു മാരകമായ ഇസ്‌ലാമോഫോബിയ, വിദ്വേഷം സഭയുടെ അകത്തും വൈദികരിലും പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത് (തേലക്കാട്ടെ അച്ഛൻ മുസ്ലീങ്ങളുടെ പരിപാടിയിൽ നിരന്തരം പോവുന്നത് അത്ര നല്ലതല്ല എന്ന് സഹവൈദികർ പറഞ്ഞത് ഓർത്ത് ഫാദർ പോൾ തേലക്കാട്ട്, 09 ഫെബ്രുവരി, മക്തൂബ് മലയാളം).


43. മനുസ്മൃതി, താലിബാൻ, ജമാഅത്തെ ഇസ്ലാമി
അഫ്ഗാനിൽ പാസാക്കിയ ചില നിയമങ്ങളെക്കുറിച്ച് ഒരു ലേഖനം ജനയുഗം പ്രസിദ്ധീകരിച്ചു. ജമാഅത്തെ ഇസ്ലാമി താലിബാന്റെ ആശയാടിത്തറയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്നായിരുന്നു ലേഖനം വാദിച്ചത്: ചാതുർവർണ്യവും അടിമത്തവും നിയമവിധേയമാവുമ്പോൾ പല പ്രസ്ഥാനങ്ങളുടെയും നിലപാടുകൾ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാകുകയാണ്, പ്രത്യേകിച്ചും ജമാഅത്തെ ഇസ്ലാമിയുടേത്. അവരുടെ മുഖപത്രമായ മാധ്യമത്തിൽ 1996 സെപ്റ്റംബർ 28 ലക്കത്തിൽ ‘വിസ്മയം പോലെ താലിബാൻപട’ എന്ന തലക്കെട്ടിൽ ലീഡ് വാർത്ത കൊടുത്തിരുന്നത് വലിയ ആവേശത്തോടെയായിരുന്നു. താലിബാനെ ന്യായീകരിച്ചും പ്രശംസിച്ചും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ പലവട്ടം സംസാരിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റും, മുസ്ലീം ബ്രദർഹുഡും താലിബാനും ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞിട്ടില്ല. ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവുകയില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതും ഇപ്പോൾ ചർച്ചയാകുകയാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് മതേതര വിശ്വാസികൾ ഗൗരവത്തോടെയാണ് കാണേണ്ടത് (മനുസ്മൃതി, താലിബാൻ; ജമാഅത്തെ ഇസ്ലാമി, ടി എം ജോർജ്ജ്, 10 ഫെബ്രുവരി, ജനയുഗം).
44. കമ്മ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ ഇസ്‌ലാമോഫോബിയ
കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി സംഘടിപ്പിച്ച സെമിനാറിൽ ജെ രഘു നടത്തിയ പ്രഭാഷണം പിന്നീട് ശബാബ് വെബ്‌സിൻ പ്രസിദ്ധീകരിച്ചു: വെള്ളാപ്പള്ളി, സജി ചെറിയാൻ എന്നിവരുടെ മുസ്ലീം വിരുദ്ധ പരാമർശത്തെ അടിസ്ഥാനമാക്കിയായിരുന്നു ലേഖനം എഴുതിയത്: കമ്യൂണിസ്റ്റ് മുഖംമൂടി അണിഞ്ഞ് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നവരെയും സമുദായ വഞ്ചകരെയും തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനുമുള്ള സമരമാണ് ഇനി നമുക്ക് ആവശ്യമെന്നാണ് ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ നിഗമനം (വെള്ളാപ്പള്ളിയും സജി ചെറിയാനും മുസ്ലീം വിരുദ്ധ പ്രസ്താവനകളുടെ പ്രഹരശേഷിയും, ജെ. രഘു, 11 ഫെബ്രുവരി, ശബാബ് വെബ്‌സിൻ).
45. സച്ചിദാനന്ദന്റെ അഭിപ്രായത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ: പിന്നിൽ ജമാഅത്തെ ഇസ്ലാമിയും
ഭരണമാറ്റം വേണമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ എന്ന് സൂചനയുള്ളതായി സിപിഐ മുഖപത്രം ജനയുഗം: രണ്ട് ടേം തുടർച്ചയായി ഭരണത്തിലിരുന്ന സിപിഎം ഇനി അധികാരത്തിൽ നിന്ന് മാറണമെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടത് ചില ബാഹ്യശക്തികളുടെ ഇടപെടലിനെ തുടർന്നാണ്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ചില എൻജിഒകളാണ് സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും പ്രസ്താവനയ്ക്ക് പിന്നിൽ. കേരളത്തിൽ കോൺഗ്രസും മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും നയിക്കുന്ന യൂഡിഎഫിനെ അധികാരത്തിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ. അവരുടെ താത്പര്യ പ്രകാരമാണ് സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും നിലപാട് മാറ്റം (സച്ചിദാനന്ദന്റെ അഭിപ്രായത്തിന് പിന്നിൽ ദൽഹി ദൗത്യസംഘം; സിപിഎമ്മിന്റെ അനുനയനീക്കം പാളി, ടി.എസ് നീലാംബരൻ, 11 ഫെബ്രുവരി, ജനയുഗം)
46. ലവ് ജിഹാദ് വ്യാജ ക്യാമ്പയിൻ പൊട്ടിപ്പുറപ്പെട്ടത് കേരളത്തിൽ നിന്ന്
ബിജെപിക്ക് ഒരു എംഎൽഎ പോലുമില്ലാത്ത കേരളത്തിൽ നിന്നാണ് ലവ് ജിഹാദ് വ്യാജ ക്യാമ്പയിൻ പൊട്ടിപ്പുറപ്പെട്ടതെന്ന് മക്തൂബ് മീഡിയ മേധാവി ഷംസീർ ഇബ്‌റാഹിം. കണ്ണൂരിൽ എസ്‌ഐഒ സംഘടിപ്പിച്ച കണക്റ്റ എക്‌സ്‌പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിൽ ലവ് ജിഹാദ് ലോ പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു (11 ഫെബ്രുവരി, ഷംസീർ ഇബ്‌റാഹിം, മക്തൂബ് മീഡിയ).
47. ദേവർകോവിലിന് നിരോധിത മതഭീകരവാദ സംഘടനയുമായി ബന്ധം
മുൻമന്ത്രി അഹ്‌മദ് ദേവർകോവിലിന് നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ജനം ടിവി. നാഷണൽ യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി ഇഡിക്ക് നൽകിയ പരാതി ഉദ്ധരിച്ചാണ് വാർത്ത നൽകിയിട്ടുള്ളത്: അഹമ്മദ് ദേവർകോവിലിന് നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധമുണ്ട്. ജനറൽ സെക്രട്ടറി കാസിമും ദേശീയ പ്രസിഡന്റ് മുഹമ്മദും മതഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ട്. പാർട്ടി ഓഫീസിന് വേണ്ടി വ്യാപകമായ പണപ്പിരിവ് നടത്തി. ഇങ്ങനെ നേടിയ കോടികൾ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബിനാമി ഇടപാട് മുഖേന നിക്ഷേപിച്ചിട്ടുണ്ട്. രണ്ടര വർഷത്തോഴം മന്ത്രിയായിരുന്ന സമയത്ത് അധികാരം ഉപയോഗിച്ച് വൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തി (അഹമ്മദ് ദേവർകോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധം’; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഷമീർ പയ്യനങ്ങാടി പരാതി നൽകി, 11 ഫെബ്രുവരി, ജനം ടിവി).
48. ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശുന്നു
ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും യുഡിഫിന്റെ കൂടെയാണെന്നും ഇടതുമുന്നണിയെയും അവർ പിന്തുണച്ചിട്ടുണ്ടെന്നും ജമാഅത്തിനെ വെള്ളപൂശാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ബിജെപി. വെള്ളപൂശലിൽ ക്രൈസ്തവർക്കുള്ള ആശങ്ക ബിജെപിക്ക് മാത്രമേ പരിഹിക്കാനാവൂ എന്നും ബിജെപി വാദിക്കുന്നു (യുഡിഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി, 13 ഫെബ്രുവരി, മംഗളം).
49. ന്യൂനപക്ഷക്ഷേമ ബജറ്റ് കെട്ടിക്കെടുക്കുന്നു
മാർച്ചിൽ സാമ്പത്തിക വർഷം തീരാനിരിക്കെ ന്യൂനപക്ഷ ക്ഷേമ ബജറ്റിൽ നിന്ന് ചിലവഴിച്ചത് 22.8 ശതമാനം മാത്രമെന്ന് സർക്കാർ കണക്കുകൾ. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി വി അബ്ദുറഹ്‌മാൻ നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്: മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷാവസാനത്തിന് ഇനി ഒന്നര മാസം മാത്രം. അതിനിടയിൽ ആഞ്ഞു പിടിച്ചാലും 50 ശതമാനത്തിന് അപ്പുറത്തേക്ക് ചിലവഴിക്കാൻ കഴിയില്ല. തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ വേണ്ടതും പ്രതിസന്ധി ഉണ്ടാവും. പല സ്‌കോളര്ഷിപ്പുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും തുക വിനിയോഗിച്ചിട്ടില്ല. ഫെബ്രുവരി ആദ്യ വാരം സ്‌കോളർഷിപ് വിതരണം ചെയ്യുമെന്നാണ് മന്ത്രി പറയുന്നത് (ന്യൂനപക്ഷ ക്ഷേമത്തിന് വകയിരുത്തിയ തുകയിൽ ചിലവഴിച്ചത് 22.8 ശതമാനം മാത്രം, 13 ഫെബ്രുവരി, മാധ്യമം).
50. ഇന്ത്യൻ പൗരനല്ലെന്ന് വ്യാജ പരാതി
ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് മഞ്ചേശ്വരം പൈവളിക സ്വദേശി സ്വദേശി മുഹമ്മദിനെതിരെ ബിജെപി നേതാവ് പരാതി നൽകി. ബിജെപിയുടെ കാസർകോഡ് ജില്ലാസെക്രട്ടറി ലോഗേഷ് ലോണ്ടയാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഫോം 7 പ്രകാരം തിരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയത്.
മഞ്ചേശ്വരത്തെ 128ാം ബൂത്തിലാണ് മുഹമ്മദ് താമസിക്കുന്നത്. മുഹമ്മദിന്റെ കൂടാതെ തൊണ്ണൂറോളം വോട്ടുകൾ തള്ളാനാണ് ബിജെപി ജില്ലാ സെക്രട്ടറി പരാതി നൽകിയതെന്ന് വികെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു. ഓൺലൈനിലല്ലാതെ നേരിട്ട് പരാതി സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി. തുടർന്ന് ഏഴ് പേരെ പട്ടികയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഫോം നമ്പർ 7 സമർപ്പിച്ചു. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നാണ് ആരോപിച്ചിരുന്നത്. മറ്റ് ആറ് പേർ സ്ഥലംമാറിപ്പോയെന്നും ആരോപിച്ചു. ഇന്ത്യക്കാരനല്ല എന്നു പറുമ്പോൾ അദ്ദേഹം ബംഗ്ലാദേശിയാണെന്നും പാകിസ്താനിയാണെന്നുമൊക്കെയാണ് അർത്ഥമെന്ന് എംഎൽഎ പറഞ്ഞു (പിന്നെ പാകിസ്താനിയാണോ? മഞ്ചേശ്വരത്ത് വളർന്നയാളെ ബിജെപിക്കാരങ്ങനെ പറയുന്നതെന്തിന്? എകെഎം അഷ്‌റഫ് എംഎൽഎ, 13 ഫെബ്രുവരി, മഖ്ദൂബ് മീഡിയ).
പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാൾക്കെതിരേ നടപടി സ്വീകരിക്കാൻ കലക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസറും ഉത്തരവിട്ടു (കാസർഗോഡ് സ്വദേശി ഇന്ത്യൻ പൗരൻ അല്ലെന്ന് വ്യാജപരാതി, ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് ജില്ലാ കലക്ടർ, 16 ഫെബ്രുവരി, ദ ക്യു, ഇൻസ്റ്റഗ്രാം പോസ്റ്റർ)
51. ഐഎസ്, ഇസ്ലാമിക തീവ്രവാദം
മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട് ദീപികയ്ക്ക് ഒരു അഭിമുഖം നൽകി. ഇസ്ലാമികപ്രസ്ഥാനങ്ങൾ, ഐഎസ് തുടങ്ങിയ വിഷയങ്ങളും അഭിമുഖകാരൻ ചർച്ചക്കെടുത്തു. ചോദ്യം ഇതായിരുന്നു: ഇസ്ലാമിക തീവ്രവാദത്തെയും ഐഎസ് അടക്കമുള്ള ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന് തീവ്രത പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
മറുപടി: മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള വത്തിക്കാന്റെ ഉറച്ച സ്വരത്തിന് ഏറ്റവും വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ. മതതീവ്രവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്റെ പങ്ക് അത് വെളിപ്പെടുത്തുന്നുണ്ട്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബുമായി ചേർന്ന് ആ ദ്യമായാണ് ഒരു മാർപാപ്പ ഇപ്രകാരമുള്ള ഒരു രേഖയുണ്ടാക്കിയത്. അതുവഴി മതാന്തരസംവാദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുപോലെതന്നെ മതതീവ്രവാദത്തിനെതിരേയും മറ്റും ഔദ്യോഗികമായി നിലപാടുകളെടുക്കാൻ സാധിച്ചു (ക്രൈസ്തവപീഡനങ്ങളിൽ വത്തിക്കാൻ നടത്തുന്നത് നയതന്ത്ര ഇടപെടൽ, 14 ഫെബ്രുവരി, എഡിറ്റോറിയൽ, ദീപിക).
52. മതമല്ല മതമല്ല മതമല്ല പ്രശ്‌നം
കുമാരനല്ലൂർ മക്കാ മസ്ജിദിന് സമീപം വാടകയ്ക്കു താമസിക്കുന്ന പെരുമ്പാലായിൽ ഓമന രാജേന്ദ്രന്റെ അന്ത്യകർമങ്ങൾ നടന്നത് മക്കാ മസ്ജിദ് മദ്രസാ ഹാളിലായിരുന്നു. കുമാരനല്ലൂർ മക്കാ മസ്ജിദിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാലായിൽ ഓമന രാജേന്ദ്രന്റെ അന്ത്യകർമങ്ങളാണ് നടന്നത്. ഓമന രാജേന്ദ്രൻ അസുഖബാധിതയായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചു. വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായിരുന്നു. വീട്ടിനകത്തേക്ക് മൃതദേഹം എത്തിയ്ക്കാൻ സാധിക്കാതെ വീട്ടുകാർ കുഴങ്ങി. ഓമനയുടെ ഭർത്താവ് രാജേന്ദ്രനും മകൾ ജ്യോതികയും മക്കാ മസ്ജിദ് ഭാരവഹികളോട് അന്ത്യകർമങ്ങൾക്ക് പള്ളിയുടെ മദ്രസഹാൾ വിട്ട് തരുമോയെന്ന് ചോദിച്ചു. പള്ളി ഭാരവാഹികൾ ഉടനെ മദ്രസാ ഹാളും പരിസരവും വൃത്തിയാക്കി നൽകി. വൈകിട്ട് കർമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇതേക്കുറിച്ച് ദേശാഭിമാനി നൽകിയ വാർത്ത ഇങ്ങനെ: മതമാണ്…..മതമാണ്….മതമാണ്….പ്രശ്‌നം എന്ന് വിളിച്ച് നടക്കുന്നവർക്ക് മുന്നിൽ മതമല്ല…മനുഷ്യനും മനുഷ്യസ്‌നേഹവുമാണ് വലുതെന്ന് വിളംബരം ചെയ്യുകയാണ് കുമാരന ജ്യോർമക്കാ മസ്ജിദ് കമ്മിറ്റി. ഇതരമതസ്ഥയുടെ മൃതദേഹം പ്പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കും പള്ളി ഭാരവാഹികൾ സൗകര്യം ഒരുക്കി.(റിയൽ കേരള സ്റ്റോറി ഓമനയുടെ അന്ത്യകർമത്തിന് 4. മദ്രസഹാൾ വിട്ടുനൽകി മക്കാ മസ്ജിദ്, 14 ഫെബ്രുവരി, ദേശാഭിമാനി).
53. തുഗ്ലക്ക് പരിഷാരവും മതേതരത്വവും മുസ്ലീം വിരുദ്ധതയും
സർക്കാരിനെ വിമർശിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുഗ്ലക് പരിഷ്‌കാരം എന്ന വാക്ക് ഉപയോഗിച്ചു. ഈ പ്രയോയം മുസ്ലീം വിരുദ്ധമാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ അഭിപ്രായം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം പങ്കുവച്ചത്: രാഷ്ട്രീയമായ വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. എന്നാൽ ആ വിമർശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളിൽ പോലും ബോധപൂർവ്വം ചില പേരുകൾ തിരുകിക്കയറ്റുന്നത് നിർഭാഗ്യകരമാണ്. ശ്രീ. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമർശത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരി എന്ന അർത്ഥത്തിലാണ് ‘തുഗ്ലക്ക്’ എന്ന പേര് അദ്ദേഹം ഉപയോഗിച്ചതെങ്കിൽ, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. സമീപകാല ചരിത്രത്തിൽ തന്നെ ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ എടുത്ത ഭരണാധികാരികൾ നിരവധിയാണ്.
പരാജയപ്പെട്ട തീരുമാനങ്ങൾ എടുത്തവരിൽ കോൺഗ്രസ്, ബിജെപി പ്രധാനമന്ത്രിമാർ അടക്കം പലരുമുണ്ടായിട്ടും, ‘മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ’ പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്. ഇതിനെ വെറുമൊരു ‘ശൈലി’യായി കണ്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ല. യഥാർത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലർത്തേണ്ട സൂക്ഷ്മത കൂടിയാണ് (14 ഫെബ്രുവരി, ഫേസ്ബുക്ക്/ വി ശിവൻകുട്ടി)
54. മത്സരം മതനിരപേക്ഷ സമൂഹവും വർഗീയവാദികളും തമ്മിൽ
നിയമസഭാ തിരഞെഞ്ഞെടുപ്പിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരും തമ്മിലാണ് മത്സരമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം: മതേതരത്വം തകർത്ത് വർഗീയത വളർത്താൻ ബിജെപി ദേശീയ അടയാളങ്ങളെ ദുരുപയോഗം ചെയ്യുമ്പോൾ യുഡിഎഫ്. വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വർഗീയത വളർത്തുന്ന കാര്യത്തിലെന്നപോലെ കേരളത്തിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പ് തടയുന്ന കാര്യത്തിലും യുഡിഎഫും ബിജെപിയും ഒരേ തൂവൽ പക്ഷികളെ പോലെയാണ് പ്രവർത്തിക്കുന്നത്. പാർലമെന്റിൽ കേരളത്തിനായി രാഷ്ടീയം മറന്നുള്ള യോജിച്ച പോരാട്ടത്തിന് യുഡിഎഫ്. തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ജനങ്ങൾ പരിശോധിക്കണം. 10 വർഷമായി വർഗീയ കലാ പങ്ങളൊന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം. യുഡിഎഫിന്റെ കാലത്താണ് കേരളത്തിൽ വർഗീയ കലാപങ്ങൾ നടന്നിട്ടുള്ളതെന്നും ജോസ് കെ. മാണി ആരോപിച്ചു (മത്സരം മതനിരപേക്ഷ സമൂഹവും വർഗീയവാദികളും തമ്മിൽ – ജോസ് കെ. മാണി, 14 ഫെബ്രുവരി, മാതൃഭൂമി).
55. ഷാഫി പറമ്പില്‍ നാടിനെ വിഭജിക്കുന്നു
ഷാഫി പറമ്പില്‍ വടകരയില്‍ ജനങ്ങളെ വിഭജിക്കുന്നുവെന്ന് സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്‍. ഷാഫി പറമ്പില്‍ വന്നതിന് ശേഷം മാത്രം സംഭവിച്ച കാര്യമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു (വടകരയില്‍ ജനങ്ങളെ വിഭജിച്ച് നിര്‍ത്തുന്നു, 14 ഫെബ്രുവരി, കേരളാ കൗമുദി പോസ്റ്റര്‍).


56. എം.ടി മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങിയ ആള്‍
തുഞ്ചന്‍ പറമ്പില്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് സ്മാരകം നിര്‍മിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനവും, ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തിയതും ഭാഷാപിതാവായ തുഞ്ചത്താചാരനോടുള്ള അവഗണനയും നിന്ദയുമാണന്ന് തപസ്യ കലാസാഹിത്യ വേദി. സംഘടന പറഞ്ഞ കാരണം ഇതാണ്: മൂന്ന് പതിറ്റാണ്ട് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നിട്ടും ജന്മനാട്ടില്‍ എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താന്‍ ഉചിതമായി യാതൊന്നും ചെയ്യാതിരുന്നയാളാണ് എം.ടി. തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ഭാഷാപിതാവിനെ ആദരിക്കുകയും സംസ്‌കാരത്തെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ തീവ്രമായി ആഗ്രഹിക്കുകയും നിരന്തരം ആവശ്യപ്പെടുകയും ചെയ്തിട്ടും ചെറുവിരലനക്കാന്‍ പോലും എം.ടി തയാറായിരുന്നില്ല. ഭാരതീയ സംസ്‌കാരവും സാഹിത്യവും നിഷിദ്ധമായി കാണുന്ന ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങി അവരുടെ താത്പ്പര്യം സംരക്ഷിക്കുകയാണ് എം.ടി ചെയ്തത്. ഇങ്ങനെയൊരാള്‍ക്ക് തുഞ്ചന്‍പറമ്പില്‍ സ്മാരകം നിര്‍മിക്കുന്നത് ഭാഷാ പിതാവിനോടുള്ള ക്രൂരമായ അവഗണനയും തെരഞ്ഞെടുപ്പ് കാലത്ത് മതമൗലികവാദികളെ പ്രീണിപ്പിക്കലുമാണ് (തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛനെ എംറ്റിയാക്കരുത്: തപസ്യ, 15 ഫെബ്രുവരി, ജന്മഭൂമി).
57. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ നിയമിക്കാത്തത് തന്ത്രമെന്ന് മാധ്യമങ്ങള്‍
വഖഫ് നിയമഭേദഗതിക്ക് ശേഷം രാജ്യത്ത് തമിഴ്നാട്ടില്‍ മാത്രമാണ് സംസ്ഥാന വഖഫ് ബോര്‍ഡ് രൂപികരിച്ചത്. എന്നാല്‍ അമുസ്ലീം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രണ്ട് അമുസ്ലീം പ്രതിനിധികളുടെ ഒഴിവ് നികത്താതെ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. രണ്ട് ഒഴിവുകള്‍ താമസിയാതെ നികത്തുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കമാണെന്നാണ് മെട്രോ വാര്‍ത്ത ആരോപിച്ചത് (വഖഫ് ബോര്‍ഡ് – അമുസ്ലീം പ്രതിനിധികളെ നിയമിക്കാതെ പിണറായി തന്ത്രം, ജി.ബി സദാശിവന്‍, 15 ഫെബ്രുവരി, മെട്രോ വാര്‍ത്ത).
58. കന്നുകാലികളെ ഇറക്കുന്നതിനിടെ ആള്‍ക്കൂട്ട ആക്രമണം
പാലക്കാട് നിന്ന് ലോറിയില്‍ കൊണ്ടുവന്ന പോത്തുകളെ മഞ്ചേശ്വരത്തെ ഇറച്ചിക്കടയ്ക്കു സമീപം ഇറക്കുന്നതിനിടെ ലോറിത്തൊഴിലാളികള്‍ക്ക് ഓട്ടോയിലും ബൈക്കിലുമെത്തിയ ആറംഗ സംഘത്തിന്റെ ക്രൂരമര്‍ദനം. മഞ്ചേശ്വരം കരോടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.30ന് ആണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ അക്രമം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദാവൂദ്, ഫുര്‍ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവിടെ പോത്തിനെ ഇറക്കുകയോ അറുക്കുകയോ ചെയ്യരുതെന്ന് ആക്രോശിച്ചാണ് സംഘം ആക്രമണം അഴിച്ചു വിട്ടതെന്ന് പരുക്കേറ്റവര്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ അഞ്ചുപേരും ബൈക്കില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്. ആക്രമണം കണ്ട സമീപവാസികള്‍ ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി. പൊലിസ് വരുന്നതറിഞ്ഞ അക്രമിസംഘം രക്ഷപ്പെട്ടു (മഞ്ചേശ്വരത്ത് കന്നുകാലികളെ ഇറക്കുന്നതിനിടെ ആള്‍ക്കൂട്ട ആക്രമണം, 15 ഫെബ്രുവരി, സുപ്രഭാതം).
59. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ടു നടക്കുന്നവര്‍ക്കുള്ള പാഠം
ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിധി ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ടു നടക്കുന്നവര്‍ക്കുള്ള പാഠമാണെന്നും പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ടി ജലീല്‍ എംഎല്‍എ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നത് സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണ്. പൗരത്വമില്ലെന്ന് ആരോപിക്കപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ ഒരു തടങ്കല്‍പ്പാളയവും കേരളത്തില്‍ നിര്‍മിക്കില്ല. ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിധി ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ടു നടക്കുന്നവര്‍ക്കുള്ള പാഠമാണ്. നാടിന്റെ സ്വാസ്ഥ്യം കെടുത്താനുള്ള ശ്രമം രാജ്യമാകെ വ്യാപിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ അപരവത്കരിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. മണിപ്പൂര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം എന്നി വിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സുഖകരമല്ല (പൗരത്വമില്ലാത്തവര്‍ക്കായി ഒരു തടങ്കല്‍പ്പാളയവും നിര്‍മിക്കില്ല: മുഖ്യമന്ത്രി, 15 ഫെബ്രുവരി, സുപ്രഭാതം).
60. സമുദായസംഘടനകളും വര്‍ഗീയതയും
പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഒരു അഭിമുഖം മാതൃഭൂമി പ്രക്ഷേപണം ചെയ്തു. സമുദായസംഘടനകളോടല്ല, അതിന്റെ നേതാക്കള്‍ വര്‍ഗീയത പറയുന്നതിനോടാണ് വിയോജിപ്പെന്ന് സതീശന്‍ പറഞ്ഞു: ചില സമുദായ, മത സംഘടനകള്‍ എന്നെ ശക്തമായി വിമര്‍ശിച്ചപ്പോള്‍ ഞാന്‍ തിരിച്ചൊന്നും മോശമായി പറഞ്ഞിട്ടില്ല. വിമര്‍ശിക്കുന്നത് വ്യക്തിപരമായി എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാവാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, അഭിപ്രായവ്യത്യാസം പറഞ്ഞിട്ടുണ്ട്. അതില്‍ ഒരാള്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍, അങ്ങനെ പറയരുതെന്ന് പറഞ്ഞു. അത് പറയും. ആരായാലും പറയും. അതിലൊരു വിട്ടുവീഴ്ചയുമില്ല. നിലപാടുകള്‍ അങ്ങനെ സറണ്ടര്‍ ചെയ്യാന്‍ കഴിയില്ല. അവരുടെ സംഘടനയോടോ സമുദായത്തോടോ ആരെങ്കിലും അന്യായം കാണിച്ചാല്‍ നമ്മള്‍ ആദ്യം ഓടിയെത്തും. അവരെ സഹായിക്കും, ചേര്‍ത്തുനിര്‍ത്തും. വര്‍ഗീയത പറയുമ്പോള്‍മാത്രമേ പ്രശ്‌നമുള്ളൂ (സമുദായ സംഘടനകളോട് എതിര്‍പ്പ് വര്‍ഗീയത പറയുമ്പോള്‍മാത്രം – വി.ഡി. സതീശന്‍, 15 ഫെബ്രുവരി, മാതൃഭൂമി).
61. പാകിസ്താന്റെ വാല്
ദി കേരള ഒബ്‌സര്‍വര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് ഒരു കാര്‍ഡ് പങ്കുവച്ചു. ജവഹര്‍ലാല്‍ നെഹ്രു 1957 ഫെബ്രുവരി 25ന് കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനിയില്‍ മുസ്ലീം ലീഗിനെതിരേ നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്: ‘അതോടെ (വിഭജനത്തോടെ) മുസ്ലീംലീഗ് പാകിസ്ഥാനിലേക്ക് നാടുകടന്നുവെങ്കിലും അതിന്റെ വാലിന്റെ ഒരു കഷ്ണം മലബാറിലുണ്ട്. അതിപ്പോഴും ഐക്യത്തെ ഭഞ്ജിക്കുന്ന ഒരു കക്ഷിയായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ആ വര്‍ഗീയസംഘടനയുടെ രാഷ്ട്രീയപ്രവര്‍ത്തനം തടയുന്നത് നാട്ടിന്റെ ഐക്യം ദൃഢമാക്കാനാവശ്യമാണ്’ (വാലിന്റെ ഒരു കഷ്ണം മലബാറിലുണ്ട്, ദി കേരള ഒബ്‌സെര്‍വര്‍, 15 ഫെബ്രുവരി, ഇന്‍സ്റ്റാഗ്രാം പോസ്റ്റ്).
ഇതേ ദിവസം ഇതേ ഐഡിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ ആബിദ് അടിവാരത്തിനെതിരേയും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ആബിദ് സ്ലീപ്പര്‍ സെല്ലിന്റെ ഭാഗമാണെന്നായിരുന്നു കുറിപ്പില്‍ പറയുന്നത്: നിങ്ങളുടെ ഫീഡില്‍ എപ്പോഴെങ്കിലും ആബിദ് അടിവാരം എന്ന ഒരു അക്കൗണ്ട് വന്നിട്ടുണ്ടോ? ഫേസ്ബുക്കില്‍? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭയക്കണം. തീവ്രവാദ സംഘടനയുടെ ഒരു സ്ലീപ്പര്‍ സെല്‍ ആണ്. അയാള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടന നിരോധിക്കപ്പെട്ട തൊട്ടടുത്ത ദിവസം സ്വയം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ബുദ്ധികൂര്‍മ്മത കാണിച്ച പഠിച്ച കള്ളനാണ്. അര്‍ദ്ധസത്യങ്ങളും കാല്‍സത്യങ്ങളും നുണകളും വളച്ചൊടിച്ച് സമൂഹത്തില്‍ ഇല്ലാത്തത് പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ആളാണ് ഇയാള്‍. സ്വന്തം കുടുംബത്തില്‍ നടന്ന സംഭവത്തെ പോലും നുണയായി വളച്ചൊടിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പോലും മടിയില്ലാത്ത വിധം പ്രവര്‍ത്തിക്കുന്ന ഒരു സ്ലീപ്പര്‍ സെല്‍. നമ്മള്‍ പലപ്പോഴും അത്ഭുതപ്പെട്ടു പോകാറുണ്ട്, തീവ്രവാദികള്‍ എങ്ങനെയാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ പോലും കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതെന്ന് (നിങ്ങള്‍ക്ക് ഇയാളെ അറിയാമോ? എങ്കില്‍ സൂക്ഷിക്കുക! ദി കേരള ഒബ്‌സെര്‍വര്‍, 15 ഫെബ്രുവരി 15, ഇന്‍സ്റ്റാഗ്രാം റീല്‍).
62. മാധ്യമം സമരം
പല കാലയളവിലായി അഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ തുക കുടിശിക വരുത്തിയതിനെതിരേ മാധ്യമം പത്രത്തിലെ തൊഴിലാളികള്‍ സമരം തുടങ്ങി. ഇതേകുറിച്ച് ഒരു ചര്‍ച്ച ജോയിന്റ് ദി സ്‌റ്റോറി എന്ന യുട്യൂബ് ചാനലില്‍ വന്നിരുന്നു: മാധ്യമം മാനേജ്‌മെന്റിന്റെയും ജമാഅത്തെ ഇസ്ലാമിയുടെ ഉത്തരവാദിത്തപ്പെട്ടവരുടെയും ഭാഗത്തുനിന്നുണ്ടായ അഴിമതി, തീവെട്ടിക്കൊള്ള, സ്വജനപക്ഷപാതം എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്ന് രാജീവ് ശങ്കരന്‍, എം.പി ബഷീര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ആരോപിച്ചു. യോഗ്യതയില്ലാത്ത ജമാഅത്ത്കാരെ അല്ലെങ്കില്‍ ജമാഅത്തുകാരുടെ ബന്ധുക്കളെ ഏറ്റവും ഉയര്‍ന്ന പൊസിഷനില്‍ പ്രതിഷ്ഠിച്ചത് ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. അതുപോലെ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ നിലവാരം വളരെ താഴേക്ക് പോകുമ്പോഴും അതില്‍ ഒരുതരത്തിലുള്ള ഇടപെടലും നടത്തുന്നതിന് പകരം അതിനെ തകര്‍ക്കുന്ന വിധത്തിലുള്ള മാനേജ്‌മെന്റ് ഇടപെടലുകള്‍ നടന്നതിനെ കുറിച്ച് അവര്‍ ആക്ഷേപിക്കുന്നുണ്ട് (ജമാഅത്ത് ബന്ധുക്കള്‍ മാധ്യമം തകര്‍ത്ത വഴി, 15 ഫെബ്രുവരി, ജോയിന്റ് ദി സ്റ്റോറി)
63. അന്ന് രാജീവ് ഗാന്ധി ഇന്ന് വി.ഡി സതീശന്‍
ലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും മുന്നില്‍ രാജീവ് ഗാന്ധി കീഴടങ്ങിയതുപോലുള്ള കാര്യമാണ് വി.ഡി സതീശന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് ജന്മഭൂമി ലേഖനം. എസ്എന്‍പിഎല്‍ ആണ് ലേഖനം എഴുതിയത്: പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിട്ടും ലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും ആവശ്യം അംഗീകരിച്ച് ജി.എം ബനാത്ത് വാല അവതരിപ്പിച്ച സ്വകാര്യ ബില്ല് ഏറ്റെടുത്ത് ഇസ്ലാമിക ശരീഅത്ത് ശരിവയ്ക്കുന്ന നിയമം രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്സ് പാസാക്കി. ഇസ്ലാമിക നിയമം വ്യാഖ്യാനിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരമില്ലെന്നും അതിനുള്ള അവകാശം മുസ്ലീം മതപണ്ഡിതന്മാര്‍ക്കാണെന്നുമാണ് ലീഗ് വാദിച്ചത്. സ്വതന്ത്ര, പരമാധികാര, ജനാധിപത്യ-മതേതര റിപ്പബ്ലിക്കായി ഭാരതം മാറിയിട്ട് 37 വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് നെഹ്റുവിന്റെ ചെറുമകന്‍ ഇസ്ലാമിക ഭരണക്രമത്തിന് തുടക്കം കുറിക്കാന്‍ ഭാരതത്തിന്റെ പാര്‍ലമെന്റിനെ വേദിയാക്കിയത്. ഇതോടെയാണ് രാജ്യത്ത് ഇസ്ലാമിക ഭീകരവാദം ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയായി വളര്‍ന്നു തുടങ്ങിയത്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച തുടങ്ങിയതും ഇതോടെയാണെന്ന് ചരിത്രം. മതരാഷ്ട്രവാദം ജീവാവായുവായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയെ വെളുപ്പൂശി വോട്ട് നേടാന്‍ ദിനംപ്രതി എന്നോണം സതീശന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തെക്കേ ഇന്ത്യന്‍ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസിനെ എന്നെന്നേക്കുമായി തെക്കോട്ടെടുക്കുന്ന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ആ നിയമനിര്‍മ്മാണത്തിന് നാല്പത് വര്‍ഷം പൂര്‍ത്തിയാകുന്ന 2026 ല്‍ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് വി.ഡി സതീശനും പരീക്ഷിക്കുന്നത്. മതരാഷ്ട്രവാദം ജീവാവായുവായി കരുതുന്ന ജമാഅത്തെ ഇസ്ലാമിയെ വെളുപ്പൂശി വോട്ട് നേടാന്‍ ദിനംപ്രതി എന്നോണം സതീശന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തെക്കേ ഇന്ത്യന്‍ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസിനെ എന്നെന്നേക്കുമായി തെക്കോട്ടെടുക്കുന്ന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത് (അന്ന് രാജീവ് ഗാന്ധി ഇന്ന് വി.ഡി സതീശന്‍, 16 ഫെബ്രുവരി, ജന്മഭൂമി).
64. യുഡിഫ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൂട്ടായ്മയായി
കോണ്‍ഗ്രസ്സിനെ മുന്‍ നിര്‍ത്തി ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും നയിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൂട്ടായ്മയായ യുഡിഫ് എന്ന് സംഘപരിവാര്‍ നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍: ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. കൊള്ളസംഘം ആയ ഇടത് ഭരണത്തിന് എതിരെ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഹൈന്ദവരും ക്രൈസ്തവരും വോട്ട് ചെയ്യേണ്ടത് ബിജെപിക്കാണ്. കോണ്‍ഗ്രസ്സിനെ മുന്‍ നിര്‍ത്തി ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും നയിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കൂട്ടായ്മയായ യുഡിഫ് അകറ്റി നിര്‍ത്തുക.. ഇടതനെക്കാള്‍ വലിയ അപകടമാണ് വര്‍ഗീയ യുഡിഫ് (16 ഫെബ്രുവരി, ഫേസ്ബുക് പോസ്റ്റ്/ അഡ്വ. ബി ഗോപാലകൃഷ്ണന്‍).
65. ‘ഫറൂഖ് കോളേജിലെ സലഫി മത പൊലീസ്’
താന്‍ രചിച്ച പുസ്തകത്തില്‍ മതനിഷേധം ഉണ്ടെന്ന് ആരോപിച്ച് ഫറൂഖ് കോളേജ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന ജുമാ ഖുത്തുബയില്‍ പരസ്യമായി അവഹേളിച്ചെന്ന് കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശബനം നൂര്‍ജഹാന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഞാന്‍ കാമില റൂമിയുടെ പ്രണയി എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം സംഘടിപ്പിച്ച കോളേജ് സ്റ്റാഫ് ക്ലബ്ബിനെതിരെയും അവഹേളന പരാമര്‍ശം നടന്നാണ് അധ്യാപിക പറയുന്നത്. അവര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്: കോളേജില്‍ ഓണാഘോഷവും സദ്യയും ഒരുക്കുന്നത് ഇവര്‍ക്ക് മതവിരുദ്ധമാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ ഇവര്‍ക്ക് നിഷിദ്ധം. കമ്മ്യൂണിസ്റ്റ് പരിപാടികള്‍ ഇവര്‍ക്ക് അധാര്‍മിക ലിബറലിസം തുടങ്ങി പള്ളിയുടെ താത്പര്യത്തിനു വിരുദ്ധമായി എന്ത് സംഭവിച്ചാലും ശത്രുതയാണ്. സൗദിയിലെ മത പോലീസിനെയും താലിബാനി മുതവകളെയും പോലെ ക്യാമ്പസിലേക്ക് ഈ വിധേന ഇവര്‍ സദാ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്. ‘ഫറൂഖ് കോളേജിലെ സലഫി മത പൊലീസ്’ എന്നാണ് കുറിപ്പിന് പേര് നല്‍കിയത് (പുസ്തകത്തില്‍ മതനിഷേധം എന്ന് ആരോപിച്ച് ജുമുഅ ഖുതുബയില്‍ അവഹേളനം ഫറൂഖ് കോളേജ് പള്ളിക്കെതിരെ അധ്യാപക, 16 ഫെബ്രുവരി, ഡൂള്‍ ന്യൂസ്).
66. പ്രധാനമന്ത്രിയുമായി കൂടികകാഴ്ചയും സുരക്ഷിത മുസ്ലീങ്ങളും
പ്രധാനമന്ത്രി നരോന്ദ്രമോദിയെ സന്ദര്‍ശിച്ചശേഷം നല്‍കിയ അഭിമുഖത്തില്‍ ഭാരതത്തില്‍ മുസ്ലീങ്ങൾക്ക് യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ല-ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം (16 ഫെബ്രുവരി, മീഡിയ വണ്‍ ഇന്‍സ്റ്റഗ്രാം).
ഇതേ കുറിച്ച് ധാരാളം പ്രതികരണങ്ങളുണ്ടായി:
സത്യം മനസ്സിലായല്ലോ
സംഘപരിവാര്‍ നേതാവ് ശശികല എഴുതിയ ഫേസ്ബുക്ക് കുറിപ്പ്: മോദിജിയെ കണ്ടപ്പോഴെങ്കിലും സത്യം മനസ്സിലായല്ലോ (16 ഫെബ്രുവരി, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
സുഡാവ്
ഈ സംഭവത്തെക്കുറിച്ച് ബൈജു സ്വാമി എന്ന എഫ്ബി ഐഡി എഴുതിയത് ഇങ്ങനെ: ഇത് കേട്ടപ്പോള്‍ മാഗ്നെറ്റുസ്താദിന് വേണ്ടി കാണ്ഡം കാണ്ഡം എഴുതിക്കൂട്ടിയ ‘സുഡാവ്’ (17 ഫെബ്രുവരി, ഫേസ്ബുക്ക്/ ബൈജു സ്വാമി).
നുണകള്‍ക്കേറ്റ തിരിച്ചടി
കാന്തപുരത്തിന്റെ പ്രതികരണം കേരളത്തില്‍ ജമാഅത്ത് നിശ്ചയിക്കുന്ന അജണ്ടയ്ക്കനുസരിച്ച് എസ്ഡിപിഐയും ഇടത് വലത് മുന്നണികളിലെ ചില നേതാക്കളും നടത്തുന്ന നുണപ്രചാരണത്തിനുള്ള തിരിച്ചടിയാണെന്ന് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി (കാന്തപുരത്തിന്റെ പ്രതികരണം നുണകള്‍ക്കേറ്റ തിരിച്ചടി: അബ്ദുള്ളക്കുട്ടി, 18 ഫെബ്രുവരി, ജന്മഭൂമി).
രണ്ട് ദിവസത്തിനുശേഷം ജന്മഭൂമിയില്‍ അബ്ദുള്ളക്കുട്ടി ഒരു ലേഖനം എഴുതി. അതിലെ പ്രധാനവാദങ്ങള്‍: കേരള മുസ്ലീങ്ങളിലെ 90% ആളുകളും സുന്നി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. പക്ഷേ, കേരളത്തില്‍ ഉള്ള പൊതുബോധം മുസ്ലീങ്ങളില്‍ ഉല്‍പതിഷ്ണുക്കള്‍ പുരോഗമനവാദികള്‍ മുജാഹിദാണ്, സലഫിയാണ്, ജമാഅത്താണ് എന്നുള്ളതാണ്. സുന്നികള്‍ പഴഞ്ചന്‍മാരും യാഥാസ്ഥിതികരും ആണ് എന്നാണ് പ്രചാരണം.
ഭാരതത്തിന്റെ മോചനം ഇസ്ലാമിലൂടെ എന്ന് ജമാഅത്തുകാര്‍ ചുമരെഴുതിയപ്പോള്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐഎസ്‌ഐഎസ് ഉണ്ടാക്കിയപ്പോള്‍ അബ്ദുനാസര്‍ മദനി ഐഎസ്എസ് ഉണ്ടാക്കിയപ്പോള്‍ അവരെയും അവസാന രൂപംകൊണ്ട പിഎഫ്ഐ എന്ന് പറയുന്ന ഉഗ്രവി വിഷമുള്ള തീവ്രവാദ സംഘടനകളെയും ശക്തമായും പരസ്യമായും എതിര്‍ത്തത് സുന്നി പ്രസ്ഥാനങ്ങളാണ്. മുജാഹിദും ജമാഅത്തും ഒളിഞ്ഞും തെളിഞ്ഞും ഭാരതത്തിലെ മാത്രമല്ല ലോകത്തിലാകെയുള്ള തീവ്ര പൊളിറ്റിക്കല്‍ ഇസ്ലാം ഐഡിയോളജിയെ ന്യായീകരിക്കുന്നവര്‍ ആയിരുന്നു. വി.ഡി സതീശന്‍ ഈ ജമാഅത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും വക്താവ് ആകുന്നത് താന്‍ വലിയ പരിഷ്‌കാരി ആണെന്ന് കാണിക്കാന്‍ വേണ്ടിയാണ് (‘കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും’, എ.പി അബ്ദുല്ല കുട്ടി, 20 ഫെബ്രുവരി, ജന്മഭൂമി).
ന്യൂനപക്ഷം സുരക്ഷിതരല്ല
കാന്തപുരത്തിന്റെ പ്രസ്താവന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി രാമകൃഷ്ണന്‍ തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ ഒരിടത്തും ന്യൂനപക്ഷം സുരക്ഷിതരല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു (ഇന്ത്യയില്‍ പലയിടത്തും ന്യൂനപക്ഷം സുരക്ഷിതമല്ല, കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി ടി.പി രാമകൃഷ്ണന്‍, 18 ഫെബ്രുവരി, മീഡിയ വണ്‍)
പൂര്‍ണ സുരക്ഷതരെന്ന് അഭിപ്രായല്ല
മുസ്ലീങ്ങൾ പൂര്‍ണസുരക്ഷിതരാണെന്ന് അഭിപ്രായമില്ലെന്ന് സമസ്ത സെക്രട്ടറി ഗലീല്‍ ബുഹാരി തങ്ങള്‍ പിന്നീട് വിശദീകരിച്ചു: രാജ്യത്തെ മുസ്ലീങ്ങൾ പൂര്‍ണ്ണ സുരക്ഷിതരാണ് എന്ന അഭിപ്രായമില്ല. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കാന്തപരം മോദിയെക്കണ്ടത്. അന്താരാഷ്ട്ര മാധ്യമം ചോദിച്ചതുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലായെന്ന് കാന്തപരം പറഞ്ഞത്. ഒരു അന്തരദേശീയ ചാനലിനോട് നമ്മുടെ രാജ്യത്ത് പ്രശ്‌നമുണ്ടെന്ന് പറയിലാണോ ബുദ്ധി. ഒരു കുടുംബത്തിലെ പ്രശ്‌നം അത് കുടുംബത്തില്‍ വെച്ച് ഒതുക്കി തീര്‍ക്കണം. അത് കുടുംബത്തിന്റെ പുറത്ത് പറയാന്‍ പാടില്ല. ഒരു പ്രസ്ഥാനത്തിന്റെ പ്രശ്‌നം ആ പ്രസ്ഥാനത്തിന്റെ ഉള്ളില്‍ വെച്ച് തീര്‍ക്കണം. പുറത്ത് പറയാണ് പാടില്ല. ഞങ്ങളുടെ ശൈലിയാണ്. അപ്പം ഞങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടും അതിന് പരിഹാരം ആവശ്യമായതുകൊണ്ടാണ് കാന്തപരം പ്രധാനമന്ത്രിയെ കണ്ടതും മുന്‍ബില്‍ അവതരിപ്പിച്ചതും (മുസ്ലീങ്ങൾ പൂര്‍ണ സുരക്ഷതരെന്ന് അഭിപ്രായം ഇല്ല; മോദി – കാന്തപുരം കൂടികാഴ്ചയില്‍ വിശദീകരണവുമായി സമസ്ത, 23 ഫെബ്രുവരി, മാതൃഭൂമി ന്യൂസ്).
67. ഗുരുദേവപ്രതിമയും അല്ലാഹു എന്നെഴുതിയ കീചെയ്‌നും
ഫെബ്രുവരി 14ന് നേമം പള്ളിച്ചലില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തതായി കണ്ടെത്തി. സംഭവത്തില്‍ പെയിന്റിങ് തൊഴിലാളിയായ പകലൂര്‍ കല്ലിയൂര്‍ സ്വദേശി അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു (നേമത്ത് എസ്എന്‍ഡിപി ഓഫീസിന് മുന്നില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തു; പ്രതി പൊലീസ് പിടിയില്‍, 15 ഫെബ്രുവരി, ഏഷ്യാനെറ്റ്).
സംഭവം നടന്ന സ്ഥലത്തുനിന്ന് അല്ലാഹു എന്നെഴുതിയ കീ ചെയ്ന്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കേരള മുസ്ലീം യൂത്ത് ഫെഡറേഷന്‍ (കെഎംവൈഎഫ്) സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി ആവശ്യപ്പെട്ടു. പ്രതിമ തകര്‍ത്ത് സ്ഥലത്ത് അല്ലാഹു എന്ന് എഴുതിവയ്ക്കാനും, മുസ്ലീങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ഉപകരിക്കുന്ന കീ ചെയിന്‍ ഉപേക്ഷിക്കാനും മാനസിക വിഭ്രാന്തിയുള്ള ഒരാള്‍ക്ക് കഴിയില്ല. അയാള്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നവരുടെ ഉപകരണമാകാനാണ് സാധ്യത. പ്രതിയുടെ ആര്‍എസ്എസ് പശ്ചാത്തലം അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവം: കൂടുതല്‍ അന്വേഷണം വേണം – കെഎംവൈഎഫ്, 17 ഫെബ്രുവരി, മീഡിയ വണ്‍ ഓണ്‍ലൈന്‍)
68. പിഎഫ്‌ഐ ഭീകരന്‍
മലപ്പുറം വളാഞ്ചേരി സ്വദേശിയായ മുന്‍ പിഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവം കര്‍മ ന്യൂസ് വാര്‍ത്തയാക്കി. വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ:
പിഎഫ്‌ഐ ഭീകരന്‍ കൊച്ചിയില്‍ അറസ്റ്റില്‍, പിടിയിലായത് ആയുധ പരിശീലകനായ മലപ്പുറം സ്വദേശി (18 ഫെബ്രുവരി, കര്‍മ ന്യൂസ്). പിഎഫ്‌ഐക്ക് ആയുധപരിശീലനം നല്‍കിയിരുന്നത് ഇയാളാണെന്നും വാര്‍ത്തയില്‍ പറയുന്നു. ജനം ടിവി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളും സമാനമായ സ്വഭാവത്തിലുള്ള ശീര്‍ഷകങ്ങളാണ് നല്‍കിയത്.
69. ഭാരതത്തില്‍ മുസ്ലീങ്ങൾ സുരക്ഷിതര്‍
പൂര്‍ണ ജനാധിപത്യത്തില്‍ ജീവിക്കുന്ന മുസ്ലീം സമുദായം ഭാരതത്തില്‍ സുരക്ഷിതരാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത് (ഭാരതത്തില്‍ ജീവിക്കുന്ന മുസ്ലീങ്ങൾ സുരക്ഷിതര്‍: സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, 18 ഫെബ്രുവരി, ജന്മഭൂമി).
70. തീവ്രവാദം എല്ലാ മതത്തിലുമുണ്ട്
ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് കോര്‍പ്പറേറ്റ് കൊള്ളക്കാരാണെന്നും അതിനുള്ള എളുപ്പവഴി തീവ്രവാദം വളര്‍ത്തലാണെന്നും എല്ലാ മതത്തിലും തീവ്രവാദമുണ്ടെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം- ഭൂരിപക്ഷവര്‍ഗീയതയെ എല്‍ഡിഎഫ് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം (ദൈവത്തിന്റെ സ്വര്‍ണം കട്ടവര്‍ക്ക് ശിക്ഷ ഉറപ്പ് മുഖാമുഖം, സക്കീര്‍ ഹുസൈന്‍, 18 ഫെബ്രുവരി, മലയാള മനോരമ).
71. ലവ് ജിഹാദ്
സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ അറസ്റ്റ് ചെയ്തു. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു. പതിനാലിന് പുലര്‍ച്ചെയാണ് മലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തത് (‘ജീവനൊടുക്കാന്‍ കാരണം സുഹൈല്‍’; യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍, 18 ഫെബ്രുവരി, സമകാലിക മലയാളം).
ഈ സംഭവം ചാണക്യന്യൂസ് ലവ് ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്: യൂത്ത് കോണ്‍ഗ്രസ് മുഖംമൂടിക്ക് പിറകിലെ ലവ് ജിഹാദി ഇവന്‍? മുഹമ്മദ് സുഹൈല്‍ അന്‍സാരി എന്ന യൂത്ത് കോണ്‍ഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറിയുടെ മതംമാറ്റ നിര്‍ബന്ധത്തിലും, പീഡനത്തിലും മനംനൊന്താണ് ആത്മഹത്യ? കോതമംഗലത്തെ സോനയുടെ ലൗ ജിഹാദ് കെണി തന്നെ രേണുവിനും-ജാഗ്രതൈ. അവര്‍, വാരിയംകുന്നന്റെ പുതുതലമുറ ജിഹാദികള്‍ വ്യത്യസ്ത രൂപത്തില്‍ ഭാവത്തില്‍ പേരുകളില്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട് ഹിന്ദുവേ, ക്രിസ്ത്യാനീ…സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ദി റിയല്‍ കേരള സ്റ്റോറി (19 ഫെബ്രുവരി, ഫേസ്ബുക്ക് പോസ്റ്റ്/ ചാണക്യ ന്യൂസ്).
72. മൗദൂദിയും മതരാഷ്ട്രവാദവും
ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ച യുഡിഎഫിനെ സമസ്ത ഇകെ വിഭാഗം വിമര്‍ശിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മൗദൂദിയെയും മതരാഷ്ട്രവാദത്തെയും തള്ളാതെ യുഡിഎഫ് മലക്കം മറിയുകയാണെന്ന് ഇകെ വിഭാഗം വിമര്‍ശിച്ചു. സുപ്രഭാതം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുസ്തഫ മുണ്ടുപാറയാണ് ഈ വിമര്‍ശനം ഉന്നയിച്ചത് (ജമാഅത്തെ ബന്ധം: യുഡിഎഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത, 19 ഫെബ്രുവരി, ജനയുഗം).
73. ഹിന്ദിയുടെ കടുപ്പം
ഹിന്ദി പഠനം കടുപ്പമാക്കുന്നത് ഉര്‍ദ്ദു, പേര്‍ഷ്യന്‍, പദങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഹിന്ദിക്കെതിരേയുള്ള പ്രതികരണം ഭാഷയ്‌ക്കെതിരേയല്ലെന്നും അതിലെ ചില പദങ്ങളോടുള്ള പരിചയക്കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ കൂടുതല്‍ സംസ്‌കൃതപദങ്ങള്‍ ചേര്‍ത്താല്‍ എല്ലാവര്‍ക്കും വേഗം മനസ്സിലാവും. ഭാഷാ ശാസ്ത്രജ്ഞനായ വി.ഐ സുബ്രഹ്‌മണ്യന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡിയന്‍ ലിംഗ്വിസ്റ്റിക്‌സ് സംഘടിപ്പിച്ച ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ (ഹിന്ദി കടുപ്പമാക്കുന്നത് ഉറുദു, പേര്‍ഷ്യന്‍ പദങ്ങള്‍: ഗവര്‍ണര്‍, 19 ഫെബ്രുവരി, കേരള കൗമുദി).


74. ഇരുണ്ടകാലം വെബ്‌സൈറ്റ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരുണ്ടകാലം എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് സിപിഎം പുറത്തിറക്കി. കടക്ക് പുറത്ത് എന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റിനു പകരമാണ് എല്‍ഡിഎഫിന്റെ നീക്കം. 2011-16 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവീഴ്ചകളാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം, അബ്ദു റബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് പോലുള്ളവയെ ഇരുണ്ടകാലത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് രേഖപ്പെടുത്തിയിട്ടുള്ളത് (യുഡിഎഫിനെതിരേ ഇരുണ്ടകാലം വെബ്‌സൈറ്റുമായി സിപിഎം, വിവാദവിഷയങ്ങളില്‍ മുസ്ലീം ലീഗിന്റെ മന്ത്രിസ്ഥാനവും, 19 ഫെബ്രുവരി, സുപ്രഭാതം)
75. രാജ്യം ഭിന്നിപ്പിക്കുന്നവരുമായി ബന്ധം
കോണ്‍ഗ്രസ്സില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി വി.ഡി സതീശന് ബന്ധമുണ്ടെന്നാണ് പാര്‍ട്ടി വിടാന്‍ അദ്ദേഹം പറഞ്ഞ ഒരു കാരണം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാന്‍ നോക്കി നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകളെയാണ്. അവര്‍ നിശബ്ദര്‍ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥന്‍ ആകുകയും ചെയ്യുന്നതാണ് കണ്ടത്. എന്തിനാണ് മുസ്ലീം മത പണ്ഡിതര്‍ക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്?. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം സംസാരിക്കുന്നതിന് പകരം മതവും വര്‍ഗീയതയും ചര്‍ച്ച ആക്കുന്നതിനോട് മുന്‍പേ എതിരഭിപ്രായം ഉണ്ട്. വര്‍ഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തില്‍ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല- അദ്ദേഹം പറഞ്ഞു (കോണ്‍ഗ്രസില്‍ സീറ്റില്ല; അഖില്‍ മാരാര്‍ എന്‍ഡിഎയിലേക്ക്; സതീശന് വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്, 19 ഫെബ്രുവരി, റിപ്പോര്‍ട്ടര്‍)
76. ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഇര്‍ഫാന്‍ അഹ്‌മദ്
വിത്ത്.ഇന്‍ എന്ന വെബ്‌സൈറ്റില്‍ ഇര്‍ഫാന്‍ അഹ്‌മദിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. പ്രധാന ആശയങ്ങള്‍:
2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് ഇസ്‌ലാമോഫോബിയുടെ പ്രധാന കാരണമെന്നാണ് പൊതുവെ പറയാറ്. ഭാഗികമായി ശരിയുമാണത്. 9/11 നു മുമ്പുതന്നെ ഇന്ത്യയിലും ആഗോളതലത്തിലും ഇസ്‌ലാമോഫോബി പ്രകടമായിരുന്നു.
പരസ്പ്പരം ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങള്‍പോലും (അമേരിക്കയും ചൈനയും പോലെ) ഇസ്ലാമിന്റെ പര്യായമായി വ്യവഹരിക്കപ്പെടുന്ന ‘ഭീകരവാദ’ത്തിനെതിരെ സ്വമേധയാ ഐക്യപ്പെടുന്നതു നാം കാണുന്നു.
ഇസ്‌ലാമോഫോബിയ 9/11 ന് ശേഷം ഉടലെടുത്ത ഒരു സാമൂഹികക്രമമാണെന്നു പറഞ്ഞു ലളിതവത്കരിച്ചുകൂടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇസ്ലാം വിരുദ്ധതയില്ലായിരുന്നെന്നും മുസ്ലീങ്ങളുടെ സുവര്‍ണകാലമായിരുന്നുവെന്നും വിലയിരുത്തുന്നതില്‍പരം ചരിത്രനിരാസം വേറെയില്ല. യഥാര്‍ഥത്തില്‍ ഇന്ത്യന്‍/ഹിന്ദു ആധുനികതക്കകത്തുതന്നെ ഇസ്‌ലാമോഫോബിയയുണ്ട്. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് റാം മോഹന്‍ റോയി (1772-1833) യെ എടുക്കുക. തന്റെ അഭിപ്രായത്തിലെ യഥാര്‍ഥ തദ്ദേശീയരായ ഹിന്ദുക്കള്‍ക്ക് ‘മുഹമ്മദന്‍ ഭരണ’ത്തില്‍ നിന്നുള്ള മോചനം എന്ന സ്വപ്നത്തിലാണല്ലോ കോളനിവത്കരണത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്. അതായത്, റോയിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷുകാര്‍ ‘അധിനിവേശകരല്ല’ എന്നു മാത്രമല്ല, ‘വിമോചകരാ’ണുതാനും.
ആഗോള രാഷ്ട്രീയത്തില്‍ ഭീകരവാദം മുഖ്യ പ്രശ്‌നമാകുന്നതിനുമുമ്പ് ‘മുസ്ലീം മൗലികവാദ’മായിരുന്നു മുഖ്യ പ്രശ്‌നം. 1979 ലെ ഇറാനിയന്‍ വിപ്ലവാനന്തരം, സവിശേഷമായി വികസിച്ചുവന്ന ആഖ്യാനരീതിയാണ് ഇത്. അങ്ങനെ നോക്കുമ്പോള്‍ മൗലികവാദം എന്ന ആശയം തന്നെ അത്ര നിഷ്പക്ഷമല്ലെന്നു മനസ്സിലാകുന്നു. നമ്മളും (സുഹൃത്തുക്കള്‍) അവരും (ശത്രുക്കള്‍) എന്ന ദ്വന്ദ്വനിര്‍മിതിയാണതിന്റെ ലക്ഷ്യമെന്നുവരുന്നു. മുസ്ലീങ്ങൾക്കിടയില്‍ യാഥാസ്ഥിതികരില്ലെന്ന് എനിക്ക് വാദമില്ല. തീര്‍ച്ചയായും ഉണ്ട്. എന്നാല്‍, യാഥാസ്ഥിതികരായ വിശ്വാസികളില്ലാത്ത ഏതെങ്കിലും മതമുണ്ടോ? മതമൗലികവാദമെന്ന പ്രയോഗം എങ്ങനെ രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന് പറയാനാണ് ശ്രമിച്ചത്.
ഇസ്‌ലാമോഫോബിയയുടെ കാരണക്കാര്‍ മുസ്ലീങ്ങളല്ലാത്തതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല സത്യത്തില്‍. ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് ( 9/11 ന് മുമ്പുതന്നെ ഇസ്‌ലാമോഫോബിയയുണ്ട്/ ഇര്‍ഫാന്‍ അഹ്‌മദ് / സ്‌നിഗ്‌ദേന്ദ ഭട്ടാചാര്യ, ഫെബ്രുവരി, വിത്ത്. ഇന്‍)
77. രഹസ്യചര്‍ച്ചയും പരസ്യചര്‍ച്ചയും
കാന്തപുരത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള അഭിപ്രായപ്രകടനവും ചര്‍ച്ചയായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്റെ ഒരു അഭിപ്രായം നൊകാപ് എന്ന മാധ്യമം പ്രസിദ്ധീകരിച്ചു. ജമാഅത്ത് ചര്‍ച്ച നടത്തിയത് രഹസ്യമായിട്ടാണെന്നും കാന്തപുരം പരസ്യമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും വിശദീകരിച്ചു: ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച രഹസ്യമായിട്ടാണ് എക്കാലവും നടന്നത്, കുറേക്കാലം കഴിഞ്ഞാണ് അറിഞ്ഞത്. എന്നാല്‍ കാന്തപുരത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പരസ്യമായിരുന്നു (19 ഫെബ്രുവരി 19, രാജീവ് ശങ്കരന്‍, നൊകാപ്).
78. മതരാഷ്ട്രവാദം മറക്കില്ല
ജമാഅത്തെ ഇസ്ലാമി പഴയപോലല്ലെന്നും ഇപ്പോള്‍ ഒരു പാര്‍ട്ടിയുണ്ടാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്:
മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടികളാണ് ഇടതുപക്ഷത്തുള്ളത്. മുസ്ലീം ലീഗ് എന്നുള്ളതാണ് പേരെങ്കിലും അതൊരു വര്‍ഗീയ കക്ഷിയല്ല. സാമുദായിക കക്ഷിയാണ്. മുസ്ലീം ലീഗിന്റെ നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ജനം കണ്ടത്. ജമാഅത്തെ ഇസ്ലാമി മുന്‍കാലത്ത് രാഷ്ട്രീയ അധികാരവുമായി ബന്ധപ്പെട്ട ഒരു നിലപാടോ നീക്കമോ നടത്തിയിട്ടുണ്ടായിരുന്നില്ല. അവര്‍ പരസ്യമായി ആളുകള്‍ക്കോ രാഷ്ട്രീയ സഖ്യങ്ങള്‍ക്കോ പിന്തുണ പ്രഖ്യാപിക്കും. അതില്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കക്ഷികളും ആള്‍ക്കാരും ഉണ്ടായിരിക്കും. എന്നാല്‍ അവര്‍ കഴിഞ്ഞ ദശകത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ന് പറഞ്ഞ ഒരു പാര്‍ട്ടി ഉണ്ടാക്കി. ഇപ്പോള്‍ ഐക്യജനാധിപത്യ മുന്നണിയോട് അടുത്തു വരാനുള്ള ശ്രമം നടത്തുന്നു. ആദ്യം ഇടതുപക്ഷവും ഐക്യജനാധിപത്യ മുന്നണിയും അംഗീകാരം കൊടുത്തിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. മുസ്ലീം ലീഗ് ഉള്ള ഐക്യജനാധിപത്യ മുന്നണി പോലെയല്ല ജമാഅത്തെ ഇസ്ലാമി ഉള്ള ഒരു ഐക്യജനാധിപത്യ മുന്നണി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഷ്ട്രീയവും മനസ്സിലാകുന്ന ആളുകള്‍ക്കറിയാം. മതരാഷ്ട്രവാദം അവര്‍ ഒരിക്കലും മറക്കുന്നതല്ല. പുള്ളി പുലിയുടെ പുള്ളി മായുന്നത് പോലെയാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മറക്കുന്നത് (തെരഞ്ഞെടുപ്പ് മുസ്ലീം, പൊളിറ്റിക്കല്‍ ഇസ്ലാം- കെ.ജെ ജേക്കബ്, 19 ഫെബ്രുവരി, രിസാല അപ്‌ഡേറ്റ് യൂട്യൂബ് ചാനല്‍).
79. ദിഖ്‌റ് കൗണ്ടറും മാസിലാമണിയും
കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ പോകുന്ന ജനശതാബ്ദി എക്‌സ്പ്രസില്‍നിന്ന് തനിക്കൊരു ടാലി കൗണ്ടര്‍ ലഭിച്ചതായി സംവിധായിക കുഞ്ഞില മാസില്ലാമണി ഫേസ്ബുക്കില്‍ എഴുതി. നര്‍മരസം തുളുമ്പുന്നതായിരുന്നു ആ പോസ്റ്റ് (20 ഫെബ്രുവരി, ഫേസ്ബുക്ക്/ കുഞ്ഞില മാസിലാമണി)
യുവതി പ്രാര്‍ത്ഥനയ്ക്കിടെ എണ്ണാന്‍ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതായി ജനം ടിവി ആരോപിച്ചു:
ഇസ്ലാമിക വിശ്വാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കിടെ എണ്ണാന്‍ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശവുമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞില മാസിലാമണി എന്ന സ്ത്രീയാണ് വിശ്വാസികള്‍ ജപമാലക്ക് പകരം ഉപയോഗിക്കുന്ന, ടാലി കൗണ്ടര്‍, തസ്ബിഹ് കൗണ്ടര്‍, ദിക്ക്ര്‍ കൗണ്ടര്‍ എന്നിങ്ങനെയൊക്കെ പരക്കെ അറിയപ്പെടുന്ന ചെറിയ ഇലക്ള്‍ട്രോണിക്ക് ഉപകരണത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയത് (ദിക്ക്ര്‍ കൗണ്ടര്‍ ഇനി മുതല്‍ തന്റെ ബോഡി കൗണ്ട് എണ്ണാന്‍ ഉപയോഗിക്കുമെന്ന് യുവതി: തസ്ബിഹ് ചൊല്ലുന്നത് എണ്ണാനുപയോഗിക്കുന്ന ടാലി കൗണ്ടര്‍ കളഞ്ഞു കിട്ടിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റ്, 20 ഫെബ്രുവരി, ജനം ടിവി).
കുഞ്ഞില ഇതിന് മറുപടി എഴുതി: ദൈവസ്‌നേഹത്തിന്, ജനം ടിവി, ഒന്നാമതായി, ഇത് ഒരു ദിക്ര്‍ കൗണ്ടര്‍ അല്ല. ഇത് ഒരു ടാലി മെഷീന്‍ മാത്രമാണ്. നിങ്ങള്‍ക്ക് അതില്‍ എന്തും എണ്ണാം. ബോഡി കൗണ്ട് ഉള്‍പ്പെടെ, ‘ശരീര എണ്ണം’ അല്ല. അത് മരിച്ചവരുടെ എണ്ണം മാത്രമാണ് അര്‍ത്ഥമാക്കുന്നത്. മലയാളികള്‍ ചിലപ്പോള്‍ വളരെ രസകരവും വിഡ്ഢിത്തവുമായ രീതിയില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നു. ഇത് അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നാണ്. രണ്ടാമതായി, മലം ടിവി ആകരുത് (20 ഫെബ്രുവരി, ഫേസ്ബുക്ക്/ കുഞ്ഞില മാസിലാമണി)
80. സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറിയും ഇഫ്താറും
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ജീവനക്കാര്‍ നിസ്‌കരിക്കുന്നുണ്ടെന്നും അതിനുവേണ്ടി പ്രത്യേക മുറി അനുവദിച്ചതായും ആ മുറിയിലേക്ക് മറ്റുള്ള മതക്കാരെ കടത്തുന്നില്ലെന്നും ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇഫ്താര്‍ നടത്തുന്നുണ്ടെന്നാണ് ആരോപണമായി ഉന്നയിച്ച മറ്റൊരു കാര്യം. മറ്റ് ആരോപണങ്ങള്‍: മുന്‍ വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ പുറത്ത് നിന്നുള്ളവരാണ് കൂടുതലും പങ്കെടുക്കാറുള്ളത്. ബാങ്ക് വിളിച്ച് മതപരമായാണ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്നത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സര്‍വകലാശാലയില്‍ സൗകര്യം നല്‍കാത്ത അധികൃതരാണ് നിസ്‌കാര മുറിയൊരുക്കുകയും ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നത്. സിപിഎം നോമിനിയായി കാലിക്കറ്റ് സര്‍വകലാശാല വി.സി ആകാനുള്ള താത്കാലിക വിസിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മുസ്ലീം ലീഗ് വഴി സംസ്‌കൃത സര്‍വകലാശാലയില്‍ വി.സി ആകാനാണ് പുതിയ മുസ്ലീം പ്രീണനം- എബിവിപിയെ ഉദ്ധരിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് (സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു, 21 ഫെബ്രുവരി, ജന്മഭൂമി).


81. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്യില്ല
ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയോട് യുഡിഎഫ് സന്ധിചെയ്യില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍: വോട്ടുബാങ്കാണെന്ന് പറഞ്ഞ് ആരുവന്നാലും വര്‍ഗീയതയുമായി സന്ധിചെയ്യില്ല. ഭരണപരാജയം മറയ്ക്കാന്‍ സിപിഎം നേതാക്കള്‍ മാറിമാറി വര്‍ഗീയത പറയുന്നു. സംഘപരിവാറിന്റെ അതേ വഴിയിലൂടെയാണ് സിപിഎം സഞ്ചരിക്കുന്നത് (വോട്ട്ബാങ്കെന്ന് പറഞ്ഞ് ആരുവന്നാലും വര്‍ഗീയതയുമായി യുഡിഎഫ് സന്ധിചെയ്യില്ല, 21 ഫെബ്രുവരി, കേരള കൗമുദി)
82. അപകട രാഷ്ട്രീയത്തിന്റെ ബിസ്മയ സഖ്യം
‘അപകട രാഷ്ട്രീയത്തിന്റെ ‘ബിസ്മയ സഖ്യം’ എന്ന കുറിപ്പോടുകൂടി # അപകടം പൊളിറ്റിക്‌സ് എന്ന ഹാഷ്ടാഗ് ചേര്‍ത്ത് ബിജെപി കേരളം ഒരു രാഷ്ട്രീയ കാര്‍ട്ടൂണ്‍ പങ്കുവെച്ചു: കാര്‍ട്ടൂണില്‍ കേരളത്തിന്റെ ഭൂപടം ഒരു പീഠത്തിന്മുകളില്‍ സ്ഥാപിച്ചിരിക്കുന്നതായി കാണിക്കുന്നു. ഭൂപടത്തെ സ്വന്തമാക്കാന്‍ രണ്ടുവശങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ മത്സരിക്കുന്ന രീതിയിലാണ് ദൃശ്യാവിഷ്‌കാരം. ഒരു വശത്ത് ഇടതുപക്ഷ നേതൃത്വത്തെ പ്രതിനിധീകരിക്കുന്നതായി കാണുന്ന നേതാവിനെ എസ്ഡിപിഐ എന്ന എഴുത്തുള്ള വ്യക്തി ചുമലിലേറ്റിയിരിക്കുന്നു; താഴെ ഐഎന്‍എല്‍ എന്ന അടയാളമുള്ള വ്യക്തിയും കാണുന്നു. മറുവശത്ത് യുഡിഎഫ് നേതൃത്വത്തെ പ്രതിനിധീകരിക്കുന്നതായി കാണുന്ന നേതാവിനെ ജമാഅത്തെ ഇസ്ലാമി എന്ന എഴുത്തുള്ള വ്യക്തി ചുമലിലേറ്റിയിരിക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയ നിയന്ത്രണം സ്വന്തമാക്കാനുള്ള മത്സരം എന്ന ആശയം ദൃശ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് പോസ്റ്റ് (21 ഫെബ്രുവരി, ഫേസ്ബുക്ക്/ ബിജെപി കേരളം)
83. കോണ്‍ഗ്രസിനെ ഇന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാശ്
കോണ്‍ഗ്രസിനെ ഇന്ന് നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാശാണ്. യുഡിഎഫ് അധികാരത്തില്‍ ജമാഅത്തെ ഇസ്ലാമി ഭരണം വരും- ബിജെപി സംസ്ഥാന മേധാവി രാജീവ് ചന്ദ്രശേഖര്‍ (22 ഫെബ്രുവരി, കേരളകൗമുദി പോസ്റ്റര്‍)
84. ഹൈന്ദവര്‍ ഒരുമിച്ചാല്‍ മാത്രം വര്‍ഗീയത
ഹൈന്ദവര്‍ ഒരു മിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ശിവഗി രി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണ ഗുരുവേന്റെ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമാവുകയാണ്. ഹിന്ദുമത മഹാമണ്ഡലം അയിരൂര്‍ പമ്പാ മണല്‍പ്പുറത്ത് സംഘടിപ്പിച്ച 114-ാമത് ഹിന്ദു മത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി:
ഇതര മതങ്ങള്‍ക്കെല്ലാം സംഘടിക്കാം. എന്നാല്‍ ഹൈന്ദവര്‍ ഒന്നിച്ചാല്‍ മാത്രം വര്‍ഗീയതയാകും. 42 വര്‍ഷമായി ഒരു തീര്‍ത്ഥാടകനായാണ് ഞാന്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെത്തി ചേരുന്നത്. മഹാത്മാക്കളുടെ പാദ സ്പര്‍ശം കൊണ്ട് പ്രഭാഷണങ്ങള്‍ കൊണ്ടും പൂണ്യഭൂമിയായ ചെറുകോല്‍പ്പുഴയില്‍ അറിവിന്റെ തീര്‍ത്ഥാടനമാണ് നടക്കുന്നത്. ശ്രീനാരായണ ഗുരുവിനെ പോലും സനാതന ധര്‍മ്മത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഗുരുദേവന്റെ 73 വര്‍ഷത്തെ ദീപ്തമായ ജിവിതത്തിലും കൃതികളിലും സനാതന ധര്‍മത്തിന് വിരുദ്ധമായി ഒന്നുമില്ല. ഭാരതത്തിന്റെ അടിസ്ഥാന ഗ്രന്ഥം വേദങ്ങളാണ്. വേദാന്തം അറിവിന്റെ അവസാനമാണ്. ഉപനിഷത്തിന് തുഖ്യമായ ജ്ഞന സരണി ലോകത്ത് മറ്റെങ്ങും കാണാനില്ല. ഏതെങ്കിലും ലോകത്ത് ഒളിഞ്ഞിരുന്ന് ശിക്ഷ നിര്‍വ്വഹിക്കുന്ന ദൈവത്തെയല്ല മനുഷ്യരിലും സര്‍വ്വ ചരാചരങ്ങളിലും കൂടികൊള്ളുന്ന ഈശരനെയാണ് സനാതന ധര്‍മം മുന്നോട്ടുവയ്ക്കുന്നതെന്നും സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു (ഹൈന്ദവര്‍ ഒരുമിച്ചാല്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന സാഹചര്യം: സ്വാമി സച്ചിദാനന്ദ, ഫെബ്രുവരി 23, ജന്മഭൂമി).
85. ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ്
ഹിന്ദു സമൂഹം സംഘടിക്കുന്നതില്‍ കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ക്കാണ് എതിര്‍പ്പെന്ന് പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ ഹിന്ദു ഏകതാ സമ്മേ ളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം:
ഭാരതം നിലവില്‍ ഹിന്ദു രാഷ്ട്രമാണ്. ഇത് പറയുമ്പോള്‍ മതരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ആര്‍എസ്എസിനുള്ളതെന്നാണ് കുപ്രചരണം നടത്തുന്നത്. ആരാധന കൊണ്ടുമാത്രം കാര്യമില്ലെന്നും ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഹിന്ദുസമൂഹം സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു (ഹിന്ദു സംഘടിക്കുന്നതില്‍ എതിര്‍പ്പ് വോട്ടുബാങ്ക് രാഷ്ടീയം കളിക്കുന്നവര്‍ക്ക്: ജെ. നന്ദകുമാര്‍, 23 ഫെബ്രുവരി, ജന്മഭൂമി).
86. ഭീകരവാദ പ്രീണനം
ധനുവച്ചപുരം ഗവ. ഐടിഐ യൂണിയന്‍ ആര്‍ട്‌സ് ഫെസ്റ്റിന് കലിമ എന്ന് പേരിട്ടത് ഭീകരവാദ പ്രീണനമെന്ന് ജനം ടിവി:
ഭീകരവാദ പ്രീണനവുമായി എസ്എഫ്‌ഐ? ആര്‍ട്‌സ് ഫെസ്റ്റിന് പേരിട്ടത് ‘കലിമ’. ധനുവച്ചപുരം ഗവ. ഐടിഐ യൂണിയന്‍ ആര്‍ട്‌സ് ഫെസ്റ്റിനാണ് ‘കലിമ’ എന്ന് പേരിട്ടത്; പഹല്‍ഗാം ഭീകരാക്രമണത്തിനിടെ ഇരകളെ നിര്‍ബന്ധിച്ച് ചൊല്ലിപ്പിച്ചത് കലിമയായിരുന്നു (23 ഫെബ്രുവരി, ജനം ടിവി പോസ്റ്റര്‍).
87. മൗദൂദി വിഴുങ്ങി
‘വിശപ്പിന്റെ പേരില്‍ കര്‍തൃത്വ നിഷേധം’ എന്ന പേരില്‍ കെ.കെ ബാബുരാജ് മാധ്യമത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. അതേ കുറിച്ച് അഭിനന്ദ് മുരളീധരന്‍ എന്ന ഐഡി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘ഇങ്ങേരൊക്കെ ഇപ്പോ വെറും കോമഡി ആയി മാറി. ഈ സംഘത്തിനെ മൊത്തത്തില്‍ മൗദൂദി വിഴുങ്ങി എന്നാണ് തോന്നുന്നത്’ (23 ഫെബ്രുവരി, ഫേസ്ബുക്ക്/ അഭിനന്ദ് മുരളീധരന്‍)
88. കടയുടെ രഹസ്യം
അജ്ഫാന്‍ ഡേറ്റ്‌സ് ആന്റ് നട്ട്‌സ് എന്ന സ്ഥാപനത്തെക്കുറിച്ച് വിദ്വേഷപ്രചാരകനായ അഡ്വ. കൃഷ്ണരാജ്: ഇതുപോലെ മൂന്ന് കടകള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. സ്ഥലത്തിന്റെ പ്രാധാന്യവും കടകളുടെ പ്രൗഡിയും നോക്കുമ്പോള്‍ ലക്ഷക്കണക്കിന് രൂപ മുടക്കിയുള്ള സംരംഭങ്ങള്‍. നടക്കാന്‍ പോകുമ്പോഴും അല്ലാതെ പല സമയങ്ങളില്‍ ഈ കടകളുടെ മുന്നില്‍ കൂടി പോകുമ്പോഴും ഒരാളെ പോലും ഈ കടകള്‍ക്കുള്ളില്‍ കണ്ടിട്ടില്ല. എങ്ങനെയായിരിക്കും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതെ നടത്തിക്കൊണ്ട് പോവുന്നത്? അതോ ഇത്തരം സ്ഥാപനങ്ങള്‍ ധര്‍മ്മ സ്ഥാപനങ്ങള്‍ ആണോ? കേരളത്തില്‍ അങ്ങോളം ഇങ്ങോളം യാത്ര ചെയ്യുമ്പോഴും എല്ലായിടത്തും ഇത്തരം കടകള്‍ കണ്ടിട്ടുണ്ട്. എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴൊന്നും സാധനങ്ങള്‍ വാങ്ങാനുള്ള ഒരുത്തനെയും കടകള്‍ക്കുള്ളില്‍ കണ്ടിട്ടില്ല. എന്തായിരിക്കും ഇതിന്റെ രഹസ്യം.? (25 ഫെബ്രുവരി, ഫേസ്ബുക്ക്/ അഡ്വ. കൃഷ്ണരാജ്).


89. ദൈവരാജ്യവും രാമരാജ്യവും
ചിലര്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയെ വ്യാഖ്യാനിച്ച് ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിക്കുന്നുവെന്ന് ദീപിക. ഡോക്ടര്‍ ജിന്റോ ജോണിന്റെ പ്രസംഗത്തെയാണ് ദീപിക പരാമര്‍ശിച്ചത്: അടുത്തയിടെ ഒരു കോണ്‍ഗ്രസുകാരന്‍ പറഞ്ഞത്, ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ഥനയില്‍ അങ്ങയുടെ രാജ്യം വരണമേ എന്നു പറയുന്നതിന്റെ അര്‍ഥം ക്രൈസ്തവഭരണം വരണമേയെന്നല്ല എന്നാണ്. അങ്ങനെയാണെന്നു വിവേകമുള്ള ആരും പറഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ വക്രീകരണം, തങ്ങളുടെ ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക്കാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിക്കാനായിരുന്നു. നിക്ഷിപ്ത താത്പര്യക്കാര്‍ അതേറ്റെടുക്കുന്നതിനാല്‍ ചിലതു പറയാതെ വയ്യ. മറ്റൊന്ന്, ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല ധര്‍മരാഷ്ട്രമാണെന്ന ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവനയാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കാക്കത്തൊള്ളായിരം തീവ്രഹിന്ദുത്വ സംഘടനകളെ തള്ളിപ്പറയാതെയാണ് അദ്ദേഹത്തിന്റെ ധര്‍മരാഷ്ട്ര വ്യാഖ്യാനം. ഇത്തരം മതരാഷ്ട്ര ന്യായീകരണങ്ങളുടെ കാലത്ത്, ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥനയെ, ദയവായി സ്വന്തം വര്‍ഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാന്‍ ദുരുപയോഗിക്കരുത് (ഈ ദൈവരാജ്യം രാമരാജ്യവു നിങ്ങളുദ്ദേശിച്ചതല്ല, 26 ഫെബ്രുവരി, ദീപിക).
90. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമി
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഭരണത്തെ നിയന്ത്രിക്കുക ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍: സാധാരണ മലയാളിയോട് ചോദിക്കൂ, ആരാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന്? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാവും ഭരണത്തെ നിയന്ത്രിക്കുക എന്നതിനുള്ള ഉത്തരം ജമാഅത്തെ ഇസ്ലാമി എന്നായിരിക്കും. അവരുടെ കാശാണ് ഇവരുടെ തെരഞ്ഞെടുപ്പ് ഫണ്ട്. അത് നാടിന് അപകടമാണ്. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ ആശയങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. അവരെ മെയിന്‍ സ്ട്രീമിലേക്ക് കൊണ്ടുവരരുത്. അത് നാടിന് അപകടമാണ്. ഹിന്ദൂസിനും ക്രിസ്ത്യനും മാത്രമല്ല, ഇസ്ലാമിനും അവര്‍ അപകടമാണ് (‘മത്സരിക്കുന്നത് ജയിക്കാന്‍ തന്നെ’, രാജീവ് ചന്ദ്രശേഖറുമായി മുഖാമുഖം, 26 ഫെബ്രുവരി, കേരളകൗമുദി).
91. മലപ്പുറം വിഭജനം പരിഗണിക്കേണ്ടിവരുമെന്ന് കലക്ടര്‍
മലപ്പുറം ജില്ല വിഭജിക്കേണ്ടിവരുമെന്ന് സ്ഥാനമൊഴിയുന്ന കലക്ടര്‍ വി.ആര്‍ വിനോദ്: ‘ഭാവിയില്‍ മലപ്പുറം ജില്ലാവിഭാജനം പരിഗണിക്കേണ്ടിവരും, വലിയ ജില്ല ആയതിനാല്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടക്കുമ്പോള്‍ പല പ്രതിസന്ധികളും നേരിടേണ്ടിവരാറുണ്ട്. 16 മണ്ഡലങ്ങളിലേക്ക് മാന്‍പവര്‍ പ്ലാന്‍ ചെയ്യുക എന്നുള്ളത് സാധാരണ ബുദ്ധിമുട്ടായി കാണാറുണ്ട്. ജില്ലകള്‍ക്കൊക്കെ ഡെപ്യൂട്ടി കളക്ടര്‍മാരുടെ എണ്ണം ഇക്വല്‍ ആണ്. കോഴിക്കോടിനുള്ള മാന്‍പവര്‍ മലപ്പുറത്തിന് ഉണ്ടാവാണെമെന്നില്ല. മാന്‍പവര്‍ന്റെ ഒരു ബുദ്ധിമുട്ട് ഇലക്ഷനൊക്കെ ഫേസ് ചെയ്യാറുണ്ട് (‘ഭാവിയില്‍ മലപ്പുറം ജില്ലാ വിഭജനം പരിഗണിക്കേണ്ടി വരും,വലിയ ജില്ല ആയതിനാല്‍, തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടക്കുമ്പോള്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്’; അഭിപ്രായവുമായി കളക്ടര്‍ വി.ആര്‍ വിനോദ്, 27 ഫെബ്രുവരി, ഏഷ്യാനെറ്റ് ന്യൂസ്)
92. ഭര്‍ത്താവറിയാതെ മതംമാറ്റിയെന്ന് ജന്മഭൂമി
ഹരിപ്പാട്ട് ചിങ്ങോലി സൂരജ്ഭവനത്തില്‍ സൂരജിന്റെ ഭാര്യ സൂര്യ നാഗപട്ടണം തിരുവാവുര്‍ സ്വദേശി അമീര്‍ ഫൈസലുമായി പ്രണയത്തിലായി. ഇരുവരും നാഗപ്പട്ടണത്തേക്ക്‌പോയി. ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇവരെ തിരികെയെത്തിച്ചെങ്കിലും സൂര്യ, സൂരജിനൊപ്പം പോകാന്‍ തയ്യാറായില്ല. ഇതേ കുറിച്ച് ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി എന്ന ശീര്‍ഷകത്തില്‍ ജന്മഭൂമി നല്‍കിയ വാര്‍ത്ത ഇങ്ങനെ: വിവാഹിതയായ യുവതിയെ ഭര്‍ത്താവ് അറിയാതെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഫാത്തിമ അമീര്‍ എന്ന് പേരും നല്‍കി. യുവതിയുടെ കുടുംബത്തിന് പണം നല്‍കിയാണ് മതംമാറ്റിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സൂര്യയുടെ വീട്ടില്‍ അപരിചിതരായ ചില മുസ്ലീം പണ്ഡിതന്മാരെത്തി മതപരിവര്‍ത്തനത്തിന്റെ മുന്നോടിയായിട്ടുള്ള പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു. ഇതിന് ശേഷം യുവതിയെ പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലെത്തിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. രേഖാമൂലം വിവാഹം വേര്‍പെടുത്താത്ത യുവതിയെ പണം നല്‍കി മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമായ നടപടിയാണ്. ചിങ്ങോലി, പാനൂര്‍ ഭാഗങ്ങളില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായും അറിയുന്നു. മതപരിവര്‍ത്തനത്തിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് (ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി, 28 ഫെബ്രുവരി, ജന്മഭൂമി).
തയ്യാറാക്കിയത് : റെൻസൻ വി.എം, മർവ അബ്ബാസ്, അബ്ദുൽ ബാസിത് പി.കെ,
എ.എസ് അജിത് കുമാർ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, ഹുദ അസ്‌ലം,
നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, ഹന വഹാബ്, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനാദ്, മുഹമ്മദ് തശ്‌റീഫ്, റിദ ഫാത്തിമ,മുഹമ്മദ് മുസ്തഫ കെ.പി, മിശ്അൽ അബ്ദുൽ റഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, കമാൽ വേങ്ങര, ദിലാന തസ്ലീം, എം.കെ അൻസാർ, മുഹ്സിൻ ആറ്റാശ്ശേരി, റുബായിഷ് ഉസ്മാൻ, റീഹ ഇ ജെ, ശബരി എസ്, ഹുദ ആയിഷ, മുഹ്സിൻ വദൂദ്.

