പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പ്രോഗ്രാമിന്റെ നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എൻ.ജി.എം.എ) ‘മൻ കി ബാത്തി’ൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിച്ച കലാസൃഷ്ടികളുടെ പ്രദർശനം തുടരുന്നു. സ്ത്രീ ശാക്തീകരണം, കോവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം, സ്വച്ഛ് ഭാരത് അഭിയാൻ, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ഇന്ത്യൻ കാർഷിക സമ്പ്രദായം, യോഗയും ആയുർവേദവും, വടക്കു-കിഴക്കൻ ഇന്ത്യയുടെ പാരമ്പര്യവും കലയും ഉൾപ്പെടെ ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി അവതരിപ്പിച്ച ആശയങ്ങളുടെ കലാവിഷ്ക്കാരങ്ങളാണ് ‘ജൻ ശക്തി’ എന്ന കലാപ്രദർശനത്തിന്റെ പ്രമേയങ്ങൾ.
ഇന്ത്യയിലെ അറിയപ്പെടുന്ന 13 കലാകൃത്തുക്കളാണ് മൻ കി ബാത്തിന്റെ പ്രചാരണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ക്യൂറേറ്ററോ, ഗാലറിയോ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും പ്രദർശനത്തിന് അനൗദ്യോഗികമായ ഒരു പോസ്റ്റർ വരച്ചുകൊണ്ടാണ് ഇന്ത്യയിലെ പ്രഥമ ഗ്രാഫിക്ക് നോവലിസ്റ്റ് ഒർജിത് സെൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ഒരു ഗ്രീക്ക് ദേവനായി അവതരിക്കുന്ന പോസ്റ്ററിൽ 13 പ്രശസ്ത കലാകാരും ഒരു ദേവനും (ഒരു രാജ്യം ഒരൊറ്റ ദേവൻ) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു പ്രൊപ്പഗണ്ട റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ പ്രൊപ്പഗണ്ട കലാപ്രദർശനത്തിന് എതിരെ ഉയർന്ന ഒറ്റപ്പെട്ടതും ശക്തവുമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു ഒർജിത് സെനിന്റെ ഈ അനൗദ്യോഗിക പോസ്റ്റർ. തന്റെ സഹകലാകാർ പങ്കെടുത്ത ഈ കലാപ്രദർശനം എന്തുകൊണ്ട് എതിർക്കപ്പെടണമെന്നും, കല പ്രൊപ്പഗണ്ടയായി മാറുന്നതെങ്ങനെ, അതിനെ പ്രതിരോധിക്കേണ്ടതെങ്ങനെ എന്നും കലയും ആവിഷ്ക്കാര സ്വാതന്ത്ര്യവും മുൻനിർത്തി ഒർജിത് സെൻ സംസാരിക്കുന്നു.
ഹിറ്റ്ലറും, മാവോയും അടക്കമുള്ള ഏകാധിപതികൾ പ്രചാരണ മാധ്യമമായി കലയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടല്ലോ. ഇന്ത്യയിലെ നവഫാസിസ്റ്റുകളും അതാവർത്തിക്കുന്നു. എന്നാൽ ‘മൻ കി ബാത്ത്’ പോലെയൊരു പ്രൊപ്പഗണ്ട റേഡിയോ പ്രോഗ്രാമിൽ നിന്നും പ്രചോദിതമായി ഒരു പ്രദർശനം നടക്കുമ്പോൾ, പ്രൊപ്പഗണ്ട പ്രോഗ്രാമിന്റെ പ്രചാരണാർത്ഥമുള്ള പ്രൊപ്പഗണ്ട ആർട്ട് ആയി അത് മാറുന്നു. ഇത് പ്രചോദനം എന്ന ആശയത്തെ തന്നെ പ്രശ്നവത്കരിക്കുന്നില്ലെ?
കലയ്ക്കും കലാകാർക്കും പലതരത്തിലുള്ള പ്രചോദനങ്ങളുണ്ടാവാറുണ്ട്. എല്ലായ്പ്പോഴും ഒരു കലാകൃത്ത് സ്വയം പ്രചോദിതനാവണമെന്നോ പ്രകോപിതനാവണമെന്നോ ഇല്ല. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കലാസൃഷ്ടി തന്നെ അതിനൊരുദാഹരണമാണ്. ഹൈദരാബാദിലെ പഴയ നഗരത്തെക്കുറിച്ചുള്ള ഒരു പരമ്പരയാണത്. ആ നഗരത്തെ ഞാൻ പഠിച്ചുകൊണ്ട് പണിയെടുക്കയാണ്. ഹൈദരാബാദിലെ പഴയ നഗരത്തിന്റെ ചരിത്രം, സംസ്കാരം, നിത്യജീവിതം… ഇതൊന്നും എന്റെ വിഷയം ആവുകയില്ല, ശുദ്ധമായ പ്രചോദനം മാത്രമാണ് കലയുടെ പ്രേരണയെങ്കിൽ.
ഹൈദരാബാദിലെ ഒരു ഗ്യാലറി ഉടമ എന്നെ സമീപിച്ച് താത്പര്യം പ്രകടിപ്പിച്ചു. “നിങ്ങൾ ചെയ്യുന്നത് എനിക്കിഷ്ടമാണ്, പഞ്ചാബും ഗോവയും നിങ്ങൾ ഉൾക്കൊണ്ട രീതി എനിക്കിഷ്ടമാണ്. അതുപോലെ ഹൈദരാബാദിലെ പഴയ നഗരത്തെ അന്വേഷിച്ച് എന്റെ ഗ്യാലറിയ്ക്ക് വേണ്ടി വരയ്ക്കാമോ?” എന്നു ചോദിച്ചതിനാലാണ് ഞാൻ പ്രചോദിതനായത്. അങ്ങനെ നോക്കിയപ്പോൾ, ഹൈദരാബാദിലാണ് ഞാൻ യുവാവായി വളർന്നത് എന്നതിനാൽ എനിക്ക് രസം തോന്നി. അതേക്കുറിച്ചെല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പറഞ്ഞു, “ഓക്കെ, ഞാൻ ഹൈദരാബാദിൽ വന്ന് പഴയ നഗരം കാണട്ടെ.”
പിന്നീട് ഹൈദരാബാദിലെത്തി പഴയ നഗരത്തെ കുറിച്ചുള്ള പ്രാരംഭ പഠനങ്ങളും, അന്വേഷണങ്ങളും, എല്ലായ്പ്പോഴും എന്നതുപോലെ അവിടുത്തെ മനുഷ്യരുമായുള്ള കൂടിക്കാഴ്ച്ചകളും കഴിഞ്ഞതിന് ശേഷമാണ് ഇതെങ്ങനെ ചെയ്യണം എന്ന തിരിച്ചറിവുണ്ടായത്. ഞാൻ അത് സമയബന്ധിതമായി ചെയ്തുകൊണ്ടിരിക്കയാണ്. തീർച്ചയായും ഒരു പണി തുടങ്ങി കഴിഞ്ഞാൽ, എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും തീർച്ചയായാൽ അത് പൂർണ്ണമായും എന്റേതായി മാറും. എന്നാൽ അതിന്റെ ഉത്ഭവം എന്റേതു മാത്രമല്ല. പ്രചോദനം എന്നാൽ സ്വന്തം മനസ്സിൽ നിന്നു മാത്രം വരുന്നതല്ല, അതിനെ അകം-പുറം എന്നു വിഭജിക്കേണ്ടതില്ല. പ്രചോദനം എവിടെ നിന്നും വന്നെത്താം. അത്തരം പ്രചോദനം സാധുവാണ് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കലാകൃത്തും സമൂഹവും തമ്മിലുള്ള സംവാദത്തിന്റെ ഭാഗമാണത്.
അങ്ങനെയെങ്കിൽ ജനശക്തി കലാപ്രദർശനത്തെ വിമർശിച്ച് ഒരു അനൗദ്യോഗിക പോസ്റ്റർ നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്താണ് ?
മറ്റൊരുദാഹരണം കൂടെ ഞാൻ നൽകാം. വർഷങ്ങൾക്കു മുൻപ്, രണ്ടായിരത്തിന്റെ തുടക്കത്തിൽ, വാജ്പേയ് ഗവൺമെന്റിനും മുൻപ്, പഞ്ചാബിലെ ഒരു മ്യൂസിയത്തിനു വേണ്ടി മ്യൂറൽ വർക്കുകൾ ചെയ്യാൻ അവിടുത്തെ സർക്കാർ എന്നെ സമീപിച്ചു. പഞ്ചാബിന്റെ സംസ്കാരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ഒരു വർക്കാണ് അവർ ആവശ്യപ്പെട്ടത്. അതിനുശേഷം എന്തു ചെയ്യണം എന്നു ഞാൻ തീരുമാനിച്ചു. പഞ്ചാബിനെ നേരിട്ടറിഞ്ഞു, പഠിച്ചു. എനിക്ക് ചിത്രീകരിക്കേണ്ട വിധത്തിൽ ഞാൻ ആ മ്യൂറലുകൾ ചെയ്തു.
സർക്കാരിൽ നിന്നും വലിയ ഇടപെടലുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ആക്ഷേപഹാസ്യത്തോടെ ഞാൻ ചെയ്ത ചില കാര്യങ്ങൾ അവർ തിരിച്ചറിഞ്ഞു. അതൊരു വലിയ മ്യൂറൽ ആയിരുന്നതിനാൽ ഒരുപാട് വിശദാംശങ്ങൾ ഉണ്ടായിരുന്നു. പഞ്ചാബിന്റെ ജീവിതവും സംസ്കാരവും പ്രകടമാകുമ്പോഴും സർക്കാരിനെതിരായ പല വിമർശനങ്ങളും അതിൽ ഉൾച്ചേർന്നിരുന്നു. അധികാരികളെയും ഗവൺമെന്റിനെയും പരിഹസിക്കുന്നുണ്ടായിരുന്നെങ്കിലും അവർക്കതത്ര പിടിത്തം കിട്ടിയിരുന്നില്ല. ഒരിടയ്ക്ക് അവർ അതിലൊരു കാർ കണ്ടെത്തി. ചുവന്ന ലൈറ്റുള്ള ഒരു കാറ്. അതൊരു സർക്കാർ കാറാണ്. അതിനകത്ത് നിന്നും എന്തൊ മാലിന്യം വലിച്ചെറിയുന്നുണ്ട്. ഒരു ക്യാനോ മറ്റോ. അവരത് കണ്ടെത്തി. ആ മാലിന്യം എടുത്തു കളയാമോ എന്ന് ചോദിച്ചു. ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു. അത് നൂറിൽ ഒന്നു മാത്രമാണ്. അതെടുത്തു കളഞ്ഞാലും പലമട്ടിലുള്ള വിമർശനങ്ങളുടെ അനേക വിശദാംശങ്ങൾ അതിനകത്തുണ്ടായിരുന്നു.
കലാകൃത്തുക്കൾ സർക്കാരിൽ നിന്നും മറ്റും കമ്മീഷൻഡ് വർക്കുകൾ സ്വീകരിക്കരുത് എന്നു ഞാൻ പറയുന്നില്ല. എന്നാൽ ഈ വിഷയത്തിൽ ഞാൻ ഇടപെടാനുള്ള കാരണം ഇതാണ്. ഈ സർക്കാർ മറ്റേത് സർക്കാരിനെയും പോലെയല്ല. ജനാധിപത്യത്തെ തകർക്കുന്ന സർക്കാരാണിത്. ഏതൊരു സർക്കാരിനെയും കാണുന്നതു പോലെ ഈ സർക്കാരിനെ നമുക്ക് പരിഗണിക്കാനാവില്ല. അതിനാൽ തന്നെ ഈ സർക്കാരിൽ നിന്നുള്ള ഒരു കമ്മീഷൻ വർക്ക് ഞാൻ സ്വീകരിക്കില്ല. എന്നാൽ ഈ കലാകൃത്തുക്കൾ, ഏറെ പ്രശസ്തരായവർ സർക്കാരിന്റെ കുറ്റകൃത്യങ്ങളെ മറച്ചുവെക്കാനും വെള്ളപൂശാനും കൂട്ടുനിൽക്കുകയാണ്.
കേരളാ സ്റ്റോറിയിലൂടെയും, കശ്മീർ ഫയൽസിലൂടെയും മറ്റും സർക്കാർ പ്രൊപ്പഗണ്ട നിർമ്മിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പ്രശസ്തരായ സ്വതന്ത്ര കാലാകൃത്തുക്കൾക്ക് ഗവൺമെന്റ് കമ്മീഷൻ നൽകുന്നതും കലാകൃത്തുക്കൾ അത് സ്വീകരിക്കുന്നതും തികച്ചും വ്യത്യസ്തമാണ്. സ്വതന്ത്ര കലാകൃത്തുക്കൾ സർക്കാരിന്റെ പ്രചാരകരായി മാറുന്നു. കലാകൃത്തുക്കളിൽ ചിലരോടെല്ലാം ഞാൻ സംസാരിച്ചിരുന്നു. അവർ തങ്ങളുടേതായ വ്യാഖ്യാനം നൽകിയിട്ടുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ഈ പ്രദർശനത്തിനായി അവർ അവരുടെ പേരുകൾ വിൽക്കുകയാണ്. ഇത്രയും കാലത്തെ പ്രവർത്തനങ്ങളാൽ മതിപ്പുണ്ടാക്കിയവരാണവർ, കീർത്തിയുള്ളവരാണവർ. സർക്കാർ പ്രൊപ്പഗണ്ടയ്ക്കായി അവർ തങ്ങളുടെ പേരുകൾ വിൽക്കുമ്പോൾ അത് തീർത്തും മറ്റൊരു പ്രശ്നമാണ്. ഞാൻ ഏറെ അസ്വസ്ഥനായി, ഇപ്പോഴും അതെ.
അസത്യ പ്രചാരണത്തിനായി കല ഒരു പ്രചാരണ മാധ്യമമായി ഉപയോഗിച്ചുവരുന്നു. കലയും പ്രചാരണകലയും സാമാന്യജനത്തിന് വേർതിരിച്ചു കാണാൻ കഴിയാതെ വരുന്നു. അത്തരം സൃഷ്ടികൾ മുഴക്കങ്ങളുണ്ടാക്കുന്നു, വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുന്നു. ആരവങ്ങൾ കെട്ടടങ്ങുമ്പോൾ ഒരു കലാസൃഷ്ടി എന്ന നിലയിൽ അപ്രസക്തമായി തീരുന്നു. എന്നാൽ അവ പ്രസരിപ്പിച്ച ആശയങ്ങൾ സമൂഹത്തെ സ്വാധീനിച്ചേക്കാം. പ്രചാരണകല പ്രവർത്തിക്കുന്നത് എങ്ങനെയാണ് ? പ്രചാരണകലയെ എങ്ങനെ തിരിച്ചറിയാം ?
പ്രമേയത്തെ അളന്നുകൊണ്ട് എപ്പോഴും പ്രചാരണ കലയെ കണ്ടെത്താനാവണമെന്നില്ല. ഇവിടെ (ദില്ലിയിലില്ലാത്തതിനാൽ ഞാൻ ആ ഷോ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും) അതുൽ ദോദിയയെയും, റിയാസ് കോമുവിനെയും പോലെയുള്ള കലാകൃത്തുക്കൾ ചെയ്തത് എന്താണെങ്കിൽ തന്നെയും അത് മോശമായിരിക്കില്ല. ഉദാഹരണത്തിന് റിയാസ് കോമു സ്വച്ഛ് ഭാരതിനെ കുറിച്ചാണ് ചെയ്തിട്ടുള്ളത്. തോട്ടിപ്പണിയെ കുറിച്ചും മറ്റു പ്രശ്നങ്ങളുമെല്ലാം അതിൽ കടന്നുവരുന്നുണ്ട്. ഈ കലാസൃഷ്ടി മറ്റൊരു ഗ്യാലറിയിൽ മറ്റാരു പ്രദർശനത്തിലായിരുന്നു എങ്കിൽ നമുക്ക് അതിനോട് എതിർപ്പുണ്ടാകുമായിരുന്നില്ല. നല്ല സൃഷ്ടിയെന്ന് പ്രശംസിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്തേനെ. എന്നാൽ ജനശക്തിയുടെ പശ്ചാത്തലത്തിലാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത് എന്നതിനാൽ അതിന്റെ പശ്ചാത്തലം മാറുന്നു. ഇവിടെ കലാസൃഷ്ടിയല്ല, പശ്ചാത്തലമാണ് പ്രൊപ്പഗണ്ട.
ഈ പ്രദർശനത്തിന്റെ പ്രചോദനവും ആശയങ്ങളും പ്രമേയങ്ങളും മൻ കി ബാത്തിലെ പ്രസംഗങ്ങളിൽ നിന്നാണ് എന്ന് ക്യൂറേറ്റർ വ്യക്തമാക്കിയിട്ടുണ്ടല്ലോ. മാത്രമല്ല ഈ സർക്കാരിനെ പ്രശംസിക്കുവാനാണ് ക്യൂറേറ്റർ നോട്ട് എഴുതപ്പെട്ടിരിക്കുന്നതും. ക്യൂറേറ്ററുടെ കാഴ്ച്ചപ്പാട് തന്നെ ഈ പ്രദർശനം ഒരു പ്രൊപ്പഗണ്ട പ്രോഗ്രാമാണ് എന്ന് വ്യക്തമാക്കുന്നു. ക്യൂറേറ്ററുടെ കാഴ്ച്ചപ്പാടിലൂടെയാണല്ലോ ഈ മികച്ച കലാസൃഷ്ടികൾ അവതരിപ്പിക്കപ്പെടുന്നത്?
അതെ, അങ്ങനെയാണ് അത് പ്രൊപ്പഗണ്ടയായി മാറുന്നത്. സർക്കാരിന്റെ മുതൽമുടക്കും ക്യൂറേറ്ററുടെ കാഴ്ച്ചപ്പാടും ഇവയെ പ്രൊപ്പഗണ്ട ടൂളുകളാക്കി മാറ്റുന്നു. അതുൽ ദോദിയയെ പോലെ ഒരാളുടെ സൃഷ്ടി സ്വയം ഒരു പ്രൊപ്പഗണ്ട ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അത് നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും എനിക്കുറപ്പുണ്ട്. അവരുടെ സൃഷ്ടികൾ എത്തരത്തിൽ ഉള്ളതാണ് എന്ന് എനിക്കറിയാം. ഇതുവരെ ചെയ്തതിന്റെ തുടർച്ച തന്നെയായിരിക്കും അവരുടെ സൃഷ്ടികൾ.
എന്നാൽ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ജഗന്നാഥ് പാണ്ടെയുടെ കലാസൃഷ്ടി വടക്കു- കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് തികച്ചും വിരുദ്ധമായ ധാരണകൾ ഉണ്ടാക്കുന്നതാണ്. അത്രയും പ്രക്ഷുബ്ധമായ ഈ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നത്, താമരയിതളുകളാണ്. വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാം ശാന്തമാണെന്നും, അവിടെ ഐക്യവും സമാധാനവും പുലരുന്നുവെന്നും തെറ്റിധരിപ്പിക്കുന്ന ഒരു സൃഷ്ടിയായാണ് ‘മണ്ടാല ഓഫ് റെസൊണൻസ്’ എനിക്ക് അനുഭവപ്പെട്ടത്.
അങ്ങനെയെങ്കിൽ അതു സംശയകരമായി തോന്നുന്നു. ജഗന്നാഥ് പാണ്ടെയെ പോലെ ഒരാൾ വടക്കു- കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് സൃഷ്ടി നടത്തുന്നു എന്നതു തന്നെ സംശയകരമാണ്. എന്തുകൊണ്ടാണ് വടക്കു-കിഴക്ക് തന്നെ ജഗന്നാഥ് പാണ്ടെയ്ക്ക് വിഷയമായി അവർ നൽകിയത് ?!
അതുപോലെ തന്നെ റിയാസ് കോമു സ്വച്ഛ് ഭാരതിനെ മുൻനിർത്തിയുള്ള തന്റെ കലാസൃഷ്ടിയിൽ ഗാന്ധിയെ കൊണ്ടുവരുന്നു. സ്വച്ഛ് ഭാരത് പോലെ പ്രതിച്ഛായ നിർമ്മിതിക്കായുള്ള സർക്കർ പരിപാടിയിൽ ഗാന്ധിയെ ഉപയോഗിച്ചതിന് സമാനമല്ലേ ജൻശക്തിയിൽ കോമുവും ചെയ്തത് ? ഗാന്ധിയുടെ ദർശനത്തെ മോദി സാക്ഷാത്കരിക്കുന്നു എന്ന ധ്വനി അതിനകത്തില്ലെ ? അത് കലയുടെ ചരിത്രവിരുദ്ധതയല്ലെ ? ഇത്തരം ഒരു സാഹചര്യത്തിൽ ചരിത്രത്തോട് നീതി പുലർത്താനുള്ള ബാധ്യത കലാകൃത്തിനില്ലെ ?
തീർച്ചയായും, അവർക്കത് നിഷേധിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മൗനം ഒരു സാധ്യതയല്ല. ഓരോ കലാകൃത്തിന്റെയും ഓരോ കലാസൃഷ്ടിയും ഭാവിയിൽ വിലയിരുത്തപ്പെടുമ്പോൾ നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ ചരിത്രപ്രക്രിയയിലെ തങ്ങളുടെ പങ്കിനെ നിഷേധിക്കാനാവില്ല. എനിക്കറിയില്ല, സ്വന്തം മനസ്സാക്ഷിയെ എപ്പോഴെങ്കിലും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇപ്പോൾ ഈ കലാസൃഷ്ടികൾക്ക് അവരെ പ്രേരിപ്പിച്ചത് എന്താണെങ്കിൽ തന്നെയും വിദൂരമല്ലാത്ത ഭാവിയിൽ അവർക്ക് കുറ്റബോധം അനുഭവിക്കേണ്ടി വരും. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയേക്കാം.
എന്നാൽ നമുക്ക് എങ്ങനെയാണ് ഒരു കലാകൃത്തിന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തെ നിർണ്ണയിക്കാനാവുക ? അതിന് പരിധി നിശ്ചയിക്കുക സാധ്യമാണോ ? അതേസമയം വിദ്വേഷ പ്രചാരണങ്ങളെയും അസത്യ പ്രചാരണങ്ങളെയും ആവിഷ്ക്കാര സ്വാതന്ത്ര്യമായി പരിഗണിക്കാനാവുമോ ?
ഇല്ല, ഒരിക്കലുമില്ല. എന്നാൽ പരിധികൾ ആവശ്യവുമാണ്. അവ സാർവ്വലൗകികമായ പരിധികളല്ല. എല്ലായിടത്തും എല്ലാകാലത്തും ഉപയുക്തമായ പരിധികളല്ല. ഉദാഹരണത്തിന് നാം ഇരുവരും. ഈ പ്രദർശനം ആരംഭിച്ചതിന് ശേഷം നമ്മെ പോലെ മറ്റു പലരും നടത്തിക്കൊണ്ടിരിക്കുന്ന സംഭാഷണങ്ങളിലൂടെയാണ് ഈ പരിധികൾ നിശ്ചയിക്കപ്പെടുന്നത്. പരിധികൾ നിശ്ചയിക്കുന്ന പ്രക്രിയയാണിത്. കലാകൃത്തുക്കൾ മാത്രമല്ല ഇതിൽ ഭാഗമാകുന്നവരെല്ലാം തന്നെ പരസ്പരം സംവദിച്ചുകൊണ്ടിരിക്കണം. അവർ ഒരു പരിധി മറികടന്നു കഴിഞ്ഞോ, അത് അപകടകരമാണോ എന്ന് വിലയിരുത്തിക്കൊണ്ടിരിക്കണം. അതിന് പ്രതികരണങ്ങളുണ്ടാവണം. ഇത്തരത്തിലാണ് പരിധികൾ നിശ്ചയിക്കപ്പെടേണ്ടത്. അതൊരു തുടർപ്രക്രിയയാണ്.
നവഫാസിസ്റ്റുകൾ വിദ്വേഷ പ്രചാരണങ്ങൾക്കായും പ്രതിച്ഛായ നിർമ്മിതിക്കായും കലയെ ഉപയോഗപ്പെടുത്തുമ്പോൾ കലാവിമർശനം നിർണ്ണായകമായി മാറുന്നുണ്ട്. എന്നാൽ മുതിർന്ന നിരൂപകരും വിമർശകരും മൗനം പാലിക്കുകയും പ്രതികരിക്കുവാൻ ഭയപ്പെടുകയും ചെയ്യുന്നു എന്നു മാത്രമല്ല പ്രകീർത്തകരായും മാറുന്നു. പ്രതിരോധിക്കുവാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോ ?
ഒരു ശുഭാപ്തിവിശ്വാസിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നല്ലതെന്തെങ്കിലും ചെയ്യാനാവുമെന്നും ചെയ്യേണ്ടതുണ്ടെന്നും വിശ്വസിക്കുന്നു. തീർച്ചയായും ദാരുണമായവയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, അത് തുടരുകയും ചെയ്യും. എന്നാൽ ഞാൻ എപ്പോഴും പ്രതിരോധത്തിന്റെ സാധ്യതകളെ അന്വേഷിക്കുന്നു. അതിനാണ് ഞാൻ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്, പൊതുജനാഭിപ്രായമുണ്ടാക്കാൻ. ഇക്കാലംകൊണ്ട് എനിക്ക് കുറേയേറെ ഫോളോവേഴ്സിനെ ലഭിക്കാൻ ഭാഗ്യമുണ്ടായി. ജനങ്ങൾ, എഴുത്തുകാർ, കലാകാരർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെല്ലാം ഉൾച്ചേർന്നാണ് പൊതുജനാഭിപ്രായമുണ്ടാക്കുന്നത്. അല്ലാതെ കലാവിമർശകർ മാത്രമായല്ല. കലാകൃത്തുക്കളും വിമർശകരും പലപ്പോഴും അവരവരുടെ കുമിളക്കകത്താണ്. പലരോടും സംസാരിച്ചാൽ അറിയാം സമകാലിക രാഷ്ട്രീയ സ്ഥിതിയെ കുറിച്ചോ, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ അവർക്ക് ആഴത്തിൽ അറിവുണ്ടാവുകയില്ല. അതിനാൽ തന്നെ അവർ ചെയ്തുകൊണ്ടിരിക്കുന്നതിലെ പ്രശ്നം എന്താണെന്ന് അവർക്ക് തിരിച്ചറിയാനാവണം എന്നുമില്ല. പലതരം കലാകാർ നമുക്കിടയിലുണ്ട്, അവർ ഇക്കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കുന്നവരാവണം എന്നില്ല. എന്നാൽ അരാഷ്ട്രീയരാവുന്നതോടെ ഫാസിസ്റ്റുകളുടെ കൈപ്പിടിയിൽ അകപ്പെടുകയാണെന്ന് പലരും തിരിച്ചറിയുന്നില്ല.
ഇക്കാര്യങ്ങളെ കുറിച്ചെല്ലാം സംവാദത്തിൽ ഏർപ്പെടുക എന്നത് പ്രധാനമാണല്ലോ. കേരളാ സ്റ്റോറി വന്നപ്പോൾ ഒരു സുഹൃത്തിനോട് ഞാൻ പറഞ്ഞു, അത് നിരോധിക്കുവാനുള്ള മണ്ടത്തരം കേരള സർക്കാർ കാണിക്കാതിരിക്കട്ടെ എന്ന്. കാരണം അതിന്റെ നിരോധനം കൂടുതൽ ഒച്ചപ്പാടുണ്ടാക്കിയേനെ. അതിനാൽ തന്നെ നിയന്ത്രണങ്ങളുണ്ടാവണം എന്നു പറയേണ്ടത് ജാഗ്രതയോടെയായിരിക്കണം. എങ്ങനെയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടത് ? സർക്കാർ നിർണ്ണയിക്കുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളുമാണ് അതിനുള്ള ഏറ്റവും മോശം വഴി. പ്രത്യേക സാഹചര്യങ്ങളിൽ അത്തരം നടപടികൾ നടപ്പിലാക്കേണ്ടി വരുമെങ്കിലും സംവാദത്തിന്റേതാണ് മെച്ചപ്പെട്ട വഴി. പൊതുജനാഭിപ്രായ നിർമ്മാണമാണ് ഏറ്റവും ശക്തമായ മാർഗം. അതിനാലാണ് എനിക്ക് പരിചിതരായ കലാകാരെ പോലും ഞാനിപ്പോൾ വിമർശിക്കുന്നത്. എന്തെന്നാൽ മൗനം ഒരു സാധ്യതയല്ല.
“എല്ലാത്തിനെയും ഉൾക്കൊള്ളുകയും വൈവിധ്യത്തെ പരിപോഷിപ്പിക്കുകയുമായിരുന്നു മോദി സർക്കാർ. ഈ ഉൾകൊള്ളലും വൈവിധ്യവും വസുധൈവ കുടുംബകം എന്ന ഇന്ത്യൻ സംസ്കാരവുമാണ് ഈ കലാപ്രദർശനത്തിന്റെ കാതൽ. ഇതാണ് നവ ഇന്ത്യ” എന്ന് ജനശക്തിയുടെ ക്യൂറേറ്റർ അവരുടെ കുറിപ്പിൽ അഭിപ്രായപ്പെടുന്നു. വർഗീയ പ്രഭാഷണങ്ങൾക്കും പരാമർശങ്ങൾക്കും പ്രകടനങ്ങൾക്കും മറയില്ലാതിരിക്കുമ്പോഴും ‘മൻ കി ബാത്തി’ന്റെ നൂറ് എപ്പിസോഡുകൾ ആഘോഷിക്കുന്ന കലാപ്രദർശനം എന്ന വൈരുദ്ധ്യത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്താണ്? ഈ കലാപ്രദർശനം അഭിമുഖീകരിക്കുന്നത് ആരെയാണ് ? ഈ പ്രദർശനത്തിലൂടെ ഇന്ത്യയിലെ ഭരണകൂട വർഗീയത മറച്ചുവെക്കാൻ സാധ്യമാണോ ?
അതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. ക്യൂറേറ്ററുടെ കുറിപ്പ് അത് വ്യക്തമാക്കുന്നതാണ്. ഇതിനായാണ് സർക്കാർ പണം ചെലവഴിക്കുന്നതും ഈ പ്രദർശനം നടത്തുന്നതുമെല്ലാം. അവരുടെ കുറ്റകൃത്യങ്ങൾ വെള്ളപൂശണം, ബുദ്ധിജീവികളും അക്കാദമിക്കുകളും ഉൾപ്പെടെയുള്ളവരുടെ സ്വീകാര്യത നേടണം. അവർ നടത്തുന്ന സ്വന്തം പ്രോഗ്രാമുകളിലൂടെ അവർക്ക് ഈ വിശ്വാസ്യത ലഭിക്കില്ല. എന്നാൽ വിശ്വാസ്യത കൈവരിച്ചിട്ടുള്ള ഈ കലാകാരിലൂടെ വിശ്വാസ്യത നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. അതാണ് അവരുടെ ലക്ഷ്യം. പുരോഗതിയെ കുറിച്ചും പുതിയ ഇന്ത്യയെ കുറിച്ചും അവർക്ക് സംസാരിക്കണം. കൂട്ടക്കൊലയും വർഗീയതയും കോവിഡ് കാലവും നോട്ടു നിരോധനവും മറ്റും അവർക്ക് മറച്ചു പിടിക്കണം. അതാണ് അവരുടെ ലക്ഷ്യം. അതിനാലാണ് നാം ഇതിനെ പ്രതിരോധിക്കേണ്ടതും.