വീണ്ടും മൻ കി ബാത്ത്: പത്ത് വർഷം പ്രധാനമന്ത്രി പറഞ്ഞതും പറയാതെ പോയതും

2023 ജൂൺ 18 രാത്രി. പരമ്പരാ​ഗത വേഷം ധരിച്ച മണിപ്പൂരി വനിതകൾ കയ്യിൽ പന്തവുമായി ഇംഫാലിൽ ഒരുമിച്ചുകൂടി. ‘You chose silence, so we choose not to listen Mann ki Baat’ (നിശബ്ദനായിരിക്കാൻ – മണിപ്പൂർ വിഷയത്തിൽ – നിങ്ങൾ തീരുമാനിച്ചു. അതുകൊണ്ട് മൻ കി ബാത്ത് ബഹിഷ്കരിക്കാനും ഞങ്ങൾ തീരുമാനിച്ചു) എന്ന് എഴുതിയ വലിയൊരു ഫ്ലക്സും അവർ പിടിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നിശബ്ദതക്കെതിരെ ശക്തമായ മുദ്രാവാക്യം വിളികളുമായി വന്ന സ്ത്രീകൾ തങ്ങളുടെ പക്കലുള്ള റേഡിയോ കയ്യിലെടുത്തു. അതുയർത്തിക്കാട്ടി അവർ വീണ്ടും മുദ്രാവാക്യം വിളിച്ചു. ‘Mann ki Baat taningdey’ (മൻ കീ ബാത്ത് കേൾക്കാൻ ഞങ്ങൾ ഒരുക്കമല്ല) എന്ന് ഉറക്കെവിളിച്ച് കയ്യിലുള്ള റേഡിയോകൾ ഓരോരുത്തരും റോഡിലേക്ക് എറിഞ്ഞു പൊട്ടിച്ചു. അരിശം തീരാത്തതുകൊണ്ട് പൊട്ടിയ റേഡിയോകൾക്ക് മുകളിൽ കാലുകൊണ്ട് ചവിട്ടി വീണ്ടും തവിടുപൊടിയാക്കി. ആ കഷ്ണങ്ങളെല്ലാം കൂട്ടിയിട്ട് കത്തിച്ച ശേഷമാണ് അവർ പിരിഞ്ഞുപോയത്. മണിപ്പൂരിലെ മെയ്ദാൻപോക്, അവാങ്ക്ഹുറെ, ഖുബോം​ഗ്, പത്സോയി, യുറമ്പം, സാ​ഗോർ ടോബ പ്രവിശ്യകളിലെ മെയ്തെയ് വിഭാ​ഗത്തിൽ പെട്ട സ്ത്രീകളാണ് ഇത്തരമൊരു പ്രതിഷേധവുമായി രം​ഗത്തുവന്നത്. ഓരോ മാസവും മൻ കി ബാത്ത് എന്ന റേഡിയോ പരിപാടിയിലൂടെ ജനങ്ങളോട് സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനോ ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാനോ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഈ പ്രതിഷേധം. മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി, പ്രതിമാസ റേഡിയോ സംപ്രേക്ഷണമായ മൻകി ബാത്ത് പുനരാരംഭിക്കുന്നു എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നത് ഈ പ്രതിഷേധം കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് 2024 ഫെബ്രുവരിയിൽ നിർത്തിവച്ച മൻ കി ബാത്ത് ജൂൺ 30ന് വീണ്ടും ആരംഭിച്ചിരിക്കുന്നു. രാജ്യത്തെ പ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് ജനങ്ങളുമായി സംവദിക്കാനുള്ള വേദിയെന്നാണ് 2014ൽ ആരംഭിച്ച മൻ കി ബാത്തിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ ശരിക്കും എന്ത് സംവാദമാണ് ഈ പത്ത് വർഷം നരേന്ദ്രമോദി ജനങ്ങളുമായി നടത്തിയത് എന്നത് നോക്കാം.

റോഡിയോ സെറ്റുകൾ എറിഞ്ഞുടച്ചുകൊണ്ട് മണിപ്പൂരിൽ നടന്ന പ്രതിഷേധം. കടപ്പാട്:thequint

മൻ കി ബാത്തും കുറേ വ്യാകുലതകളും

2014 ഒക്ടോബർ 3ന് ആണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൻ കി ബാത്ത് ആരംഭിക്കുന്നത്. ഒന്നാം മോദി സർക്കാർ അധികാരത്തിലേറി നാല് മാസത്തിന് ശേഷം. പ്രധാനമായും ആൾ ഇന്ത്യാ റേഡിയോ (AIR), ഡി.ഡി നാഷണൽ, ഡി.ഡി ന്യൂസ് എന്നീ ചാനലുകളിലൂടെയാണ് ഇത് സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നത്. നിലവിൽ 22 ദേശീയ ഭാ​ഷകളിലും 29 പ്രാദേശിക ഭാഷകളിലും 11 വിദേശ ഭാഷകളിലും, റേഡിയോക്ക് പുറമെ നിരവധി സാറ്റലൈറ്റ് ചാനലുകളിലും മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നു. രണ്ടാം മോദി മന്ത്രിസഭയിലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന അനുരാ​ഗ് സിം​ഗ് ഠാക്കൂർ 2021 ജൂലൈയിൽ രാജ്യസഭയിൽ പറഞ്ഞതനുസരിച്ച് രാജ്യത്തെ ദൈനംദിന ജീവിതത്തെക്കുറിച്ച് ജനങ്ങൾക്കും പ്രധാനമന്ത്രിക്കും ഇടയിൽ നടക്കുന്ന ഒരു സംവാദം എന്ന നിലക്കാണ് മൻ കി ബാത്തിനെ മന്ത്രിസഭ കാണുന്നത്. ഓരോ മൻ കി ബാത്തിനും മുമ്പ് മോദിക്ക് വിഷയങ്ങൾ കൈമാറാനുള്ള അവസരവും സാധാരണക്കാർക്കായി മോദിയുടെ വെബ്സൈറ്റ് ഒരുക്കുന്നുണ്ട്. രാജ്യത്തെ 90 ശതമാനത്തിലേറെ വരുന്ന ജനങ്ങൾക്കും എളുപ്പത്തിൽ കൈകാര്യം സാധ്യമാകുന്ന റേഡിയോ തന്നെയാണ് പ്രക്ഷേപണത്തിനായി മോദിയും സംഘവും തിരഞ്ഞെടുത്തത്.

മൻ കി ബാത്ത് പരിപാടി അവതരിപ്പിക്കുന്ന നരേന്ദ്ര മോ​ദി. കടപ്പാട്:pti

അപ്രത്യക്ഷമായ അഞ്ച് ലക്ഷം ‍ഡിസ് ലൈക്കുകൾ

സ്വച്ഛ് ഭാരത്, ഖാദി, ബേഠി ബചാവോ ബേഠി പടാവോ, യോ​ഗ, സ്പോർ‍ട്സ്, വിദ്യാഭ്യാസം തുടങ്ങി നിരവധി വിഷയങ്ങൾ കഴിഞ്ഞ 110 അധ്യായങ്ങളിലായി മൻ കി ബാത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. അതേസമയം തുടക്കം മുതൽ തന്നെ നിരവധി വിമർശനങ്ങളും ഈ പരിപാടിയുടെ കൂടെ ഉയർന്നുവന്നിരുന്നു. പ്രധാനമായും, സർക്കാർ ചെലവിൽ മോദിയുടെ പ്രതിച്ഛായ വ്യാപിക്കാനുള്ള ശ്രമമാണിത് എന്ന രൂപത്തിലാണ് വിമർശനങ്ങൾ ഉയർന്നുവന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളോട് കണ്ണടക്കുകയും അതിനെക്കുറിച്ച് കാര്യമായി ഒന്നും സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ഈ പ്രഭാഷണങ്ങൾ ഭരണകൂടം നടപ്പാക്കിയ പദ്ധതികളുടെ ​ഗുണവശങ്ങൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കാണാം. നരേന്ദ്ര മോദി നടത്തിയ എല്ലാ മൻ കി ബാത്ത് പ്രഭാഷണങ്ങളുടെയും ട്രാൻസ്ക്രിപ്ഷൻ അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അതിലൂടെ കടന്നുപോയാൽ പരിപാടിയുടെ രാഷ്ട്രീയ താത്പര്യം കൃത്യമായി മനസ്സിലാക്കാൻ കഴിയും. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പിലാക്കൽ, മിനിമം താങ്ങുവില വർധിപ്പിച്ച നടപടികൾ എന്നിവയെ ന്യായീകരിക്കാനുള്ള വേദിയാക്കി മൻ കി ബാത്ത് മാറുന്നതായി അതിൽ കാണാം.

ചിലപ്പോൾ വലിയ ഡിസ് ലൈക്ക് ക്യാമ്പയിനും മൻ കി ബാത്ത് വിധേയമായിട്ടുണ്ട്. 2020 ആ​ഗസ്ത് 30ന് ബി.ജെ.പിയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത മൻ കി ബാത്ത് വീഡിയോക്ക് അഞ്ച് ലക്ഷം ഡിസ് ലൈക്കുകളാണ് 24 മണിക്കൂറിനുള്ളിൽ ലഭിച്ചത്. ഇന്ത്യൻ എക്സ്പ്രസ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജെ.ഇ.ഇ (മെയിൻസ്), നീറ്റ് (യു.ജി) പരീക്ഷകൾ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ മാറ്റിവെച്ച ഘട്ടത്തിൽ അതിനെതിരെ കാര്യമായ ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും അതിനെക്കുറിച്ച് മൻ കി ബാത്ത് പരിപാടിയിൽ ഒന്നും തന്നെ ഉരിയാടാതിരിക്കുകയും ചെയ്തതിലെ പ്രതിഷേധമാണ് യുവാക്കൾ പ്രകടിപ്പിച്ചത്. പരീക്ഷകളെക്കുറിച്ചും പരീക്ഷാനുബന്ധ ഒരുക്കങ്ങളെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും നേരത്തെ ചില മൻ കി ബാത്തുകളിൽ മോദി വിശദമായി സംസാരിച്ചിട്ടുണ്ട്. വളരെ നിർണായകമായ ഈ ഘട്ടത്തിൽ വിഷയ സംബന്ധിയായി ഒന്നും സംസാരിച്ചില്ലെന്ന് മാത്രമല്ല, ഓണം, ഇന്ത്യൻ നിർമിത കളിപ്പാട്ടങ്ങൾ, ടീച്ചേഴ്സ് ഡേ, സെക്യൂരിറ്റി ഫോഴ്സിലെ നായകൾ എന്നിവയായിരുന്നു മോദിയുടെ സംസാര വിഷയം. ഈ വീഡിയോക്ക് 12 ലക്ഷം ഡിസ് ലൈക്കുകൾ വരെ കിട്ടിയിട്ടുണ്ടെന്നാണ് ചിലർ റിപ്പോർട്ട് ചെയ്തത്. ‌

ബി.ജെ.പിയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ മൻ കി ബാത്ത് വീഡിയോക്ക് ലഭിച്ച അഞ്ച് ലക്ഷം ഡിസ് ലൈക്കുകൾ. പിന്നീട് ഇത് കാണാതെയായി. കടപ്പാട്:indianexpress

12 ലക്ഷം ഡിസ് ലൈക്കുകൾ കാണാമെന്ന് കരുതി ആരെങ്കിലും ഇപ്പോൾ ഈ യൂട്യൂബ് ചാനലുകളിലേക്ക് പോയാൽ ഒരു മില്യൺ പോയിട്ട് ഒരു ഡിസ് ലൈക്ക് പോലും കാണാൻ കഴിയില്ല. ആകെ കാണാവുന്നത് നാല് ലക്ഷത്തിലേറെ ലൈക്കുകൾ മാത്രം. അവിടെ വന്ന് കൂടിയ ‘അനിഷ്ട സൂചക’ങ്ങളെല്ലാം എവിടെപ്പോയെന്ന് യൂട്യൂബിനും ബി.ജെ.പി ഐടി സെല്ലിനും മാത്രമേ അറിയൂ. പല ​ഘട്ടങ്ങളിൽ വീഡിയോക്ക് കിട്ടിയ ഡിസ് ലൈക്കുകൾ മനപ്പൂർവം കുറക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യക്കാർക്ക് വേണ്ടാത്ത മൻ കി ബാത്ത്

സ്വതന്ത്ര ​ഗവേഷണ സ്ഥാപനമായ സി.എസ്.ഡി.എസ് (സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിം​ഗ് സൊസൈറ്റീസ്) 2022ൽ പ്രധാനപ്പെട്ട ഒരു പഠന റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ എങ്ങനെയൊക്കെയാണ് മാധ്യമങ്ങൾ സ്വാധീനം ചെലുത്തുന്നതെന്നാണ് ‘MEDIA IN INDIA: Access, Practices, Concerns and Effects’ എന്ന പഠനം അന്വേഷിക്കുന്നത്. ഡാറ്റാ ശാസ്ത്രജ്ഞരായ സഞ്ജയ് കുമാർ, സുഹാസ് പൽഷീക്കർ, സന്ദീപ് ശാസ്ത്രി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പഠനം നടന്നിരിക്കുന്നത്. വളരെ ദീർഘമായ പഠന റിപ്പോർട്ടിൽ അവസാന ഭാ​ഗത്ത് PM’S Mann Ki Baat: A reality check എന്നൊരു ഭാ​​ഗമുണ്ട്. മോദിയുടെ മൻ കി ബാത്ത് ജനങ്ങൾക്കിടയിൽ എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നാണ് ഈ ഭാ​ഗം അന്വേഷിക്കുന്നത്. മൻ കി ബാത്തിന്റെ പ്രേക്ഷകർ ഇന്ത്യയിൽ നന്നേ കുറവാണെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.

സി.എസ്.ഡി.എസ് റിപ്പോർട്ട് പറയുന്ന കണക്കുകൾ

ഇന്ത്യൻ ജനസംഖ്യയുടെ 62 ശതമാനവും ഒരു തവണ പോലും മൻ കി ബാത്ത് കേൾക്കാത്തവരാണ്. 21 ശതമാനവും ഒന്നോ രണ്ടോ തവണ മാത്രം കേട്ട് അവസാനിപ്പിച്ചു. ഏഴ് ശതമാനവും എപ്പോഴെങ്കിലും കേൾക്കുന്നവർ. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരിൽ കേവലം അഞ്ച് ശതമാനം മാത്രമാണ് ഏകദേശം എല്ലാ മാസവും എന്ന തോതിൽ മൻ കി ബാത്ത് കേൾക്കുന്നവർ. ബി.ജെ.പി വലിയ അധികാര ശക്തിയായി നിലനിൽക്കുന്നിടങ്ങളിൽ അടക്കം രാജ്യത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും ഒരു തവണ പോലും മൻ കി ബാത്ത് കേൾക്കാത്തവരുടെ തോത് (നോർത്ത് വെസ്റ്റ് ഇന്ത്യ- 63 %, നോർത്ത് ഇന്ത്യ- 54 %, ഈസ്റ്റ് ഇന്ത്യ- 63 %, വെസ്റ്റ് ഇന്ത്യ- 57 %, സൗത്ത് ഇന്ത്യ- 75 %, ഹിന്ദി മാത്രം സംസാരിക്കുന്ന സംസ്ഥാനങ്ങൾ- 50 %, ഹിന്ദിയിതര ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങൾ- 62 %) വളരെ കൂടുതലാണ്. മേൽ സൂചിപ്പിച്ച ഒരു മേഖലകളിലും സ്ഥിരമായി കേൾക്കുന്നവരുടെ തോത് ആറ് ശതമാനത്തിന് മുകളിൽ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പൂർണമായും ബി.ജെ.പി അനുകൂല നിലപാടുള്ളവരിൽ 51 ശതമാനം പേരും മൻ കി ബാത്ത് കേട്ടിട്ടില്ലാത്തവരാണ്. സജീവ ബി.ജെ.പി അണികളിൽ കേവലം ഏഴ് ശതമാനം മാത്രമാണ് സ്ഥിരമായി മൻ കി ബാത്ത് കേൾക്കുന്നവർ. അതേപോലെ സ്ഥിരമായി മൻകി ബാത്ത് കേൾക്കുന്നവരായി നേരത്തെ സൂചിപ്പിച്ച അഞ്ച് ശതമാനം ഇന്ത്യക്കാരിൽ 58 ശതമാനം പേരും ബി.ജെ.പിക്കാരാണ് എന്നതും ശ്രദ്ധേയം. ആകെമൊത്തം സംഘപരിവാർ അനുകൂലികളുടെ ‌പരിപാടിയായി ഇത് മാറിയെന്ന് ചുരുക്കം.

നൂറാം എപ്പിസോഡും ഡൽഹിയിലെ കലാപ്രദർശനവും

ലോകമെങ്ങും പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിന്റെ നൂറാം എപിസോഡിന്റെ ഭാ​ഗമായി നിരവധി ആഘോഷങ്ങളാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരുന്നത്. ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ (എൻ.ജി.എം.എ) മൻ കി ബാത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിച്ച കലാസൃഷ്ടികളുടെ പ്രദർശനം അതിലൊന്നായിരുന്നു. സ്ത്രീ ശാക്തീകരണം, കോവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം, സ്വച്ഛ് ഭാരത് അഭിയാൻ, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, ഇന്ത്യൻ കാർഷിക സമ്പ്രദായം, യോഗയും ആയുർവേദവും, വടക്കു-കിഴക്കൻ ഇന്ത്യയുടെ പാരമ്പര്യവും കലയും ഉൾപ്പെടെ മൻ കി ബാത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച ആശയങ്ങളുടെ കലാവിഷ്ക്കാരങ്ങളായിരുന്നു ‘ജന ശക്തി’ എന്ന കലാപ്രദർശനത്തിന്റെ പ്രമേയങ്ങൾ.

‘ജന ശക്തി’ എന്ന കലാപ്രദർശനം കാണാനെത്തിയ നരേന്ദ്ര മോദി. കടപ്പാട്:X

റിയാസ് കോമു, അതുൽ ദോഡിയ, പരേഷ് മൈതി, ജഗന്നാഥ് പാണ്ഡ, ഇരണ്ണ ജി.ആർ, മനു പരേഖ്, മാധവി പരേഖ്, ആഷിം പുർകയസ്ത തുടങ്ങി ഇന്ത്യയിലെ അറിയപ്പെടുന്ന 13 കലാകാരന്മാരാണ് മൻ കി ബാത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച പ്രദർശനത്തിൽ പങ്കെടുത്തത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ കലാകാരന്മാർക്കിടയിൽ രൂപപ്പെട്ടത്. പ്രദർശനത്തിന് അനൗദ്യോഗികമായ ഒരു പോസ്റ്റർ വരച്ചുകൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ ഗ്രാഫിക് ആർട്ടിസ്റ്റ് ഒർജിത് സെൻ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി ഒരു ഗ്രീക്ക് ദേവനായി അവതരിക്കുന്ന പോസ്റ്ററിൽ 13 പ്രശസ്ത കലാകാരും ഒരു ദേവനും (ഒരു രാജ്യം ഒരൊറ്റ ദേവൻ) എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു പ്രൊപ്പഗണ്ട റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഈ പ്രൊപ്പഗണ്ട കലാപ്രദർശനത്തിന് എതിരെ ഉയർന്ന ഒറ്റപ്പെട്ടതും ശക്തവുമായ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു ഒർജിത് സെനിന്റെ ഈ അനൗദ്യോഗിക പോസ്റ്റർ. കേരളീയത്തിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ അതിരൂക്ഷമായാണ് ഒർജിത് സെൻ ഈ പ്രോ​ഗ്രാമിനെ വിമർശിച്ചത്. “കലാകൃത്തുക്കൾ സർക്കാരിൽ നിന്നും മറ്റും കമ്മീഷൻഡ് വർക്കുകൾ സ്വീകരിക്കരുത് എന്നു ഞാൻ പറയുന്നില്ല. എന്നാൽ ഈ വിഷയത്തിൽ ഞാൻ ഇടപെടാനുള്ള കാരണം ഇതാണ്. ഈ സർക്കാർ മറ്റേത് സർക്കാരിനെയും പോലെയല്ല. ജനാധിപത്യത്തെ തകർക്കുന്ന സർക്കാരാണിത്. ഏതൊരു സർക്കാരിനെയും കാണുന്നതുപോലെ ഈ സർക്കാരിനെ നമുക്ക് പരിഗണിക്കാനാവില്ല. അതിനാൽ തന്നെ ഈ സർക്കാരിൽ നിന്നുള്ള ഒരു കമ്മീഷൻ വർക്ക് ഞാൻ സ്വീകരിക്കില്ല. എന്നാൽ ഈ കലാകൃത്തുക്കൾ, ഏറെ പ്രശസ്തരായവർ സർക്കാരിന്റെ കുറ്റകൃത്യങ്ങളെ മറച്ചുവെക്കാനും വെള്ളപൂശാനും കൂട്ടുനിൽക്കുകയാണ്.”

ഒർജിത് സെൻ

രാജ്യത്തെ എല്ലാ കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾക്കും നൂറാം എപിസോഡ് പ്രക്ഷേപണം നടത്താൻ വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകിയിരുന്നു. നിർദേശം നൽകി വെറുതെയിരിക്കുകയായിരുന്നില്ല മന്ത്രാലയം. പ്രോ​ഗ്രാം തുടങ്ങുന്ന സമയത്തെ ആദ്യ 25 സെക്കന്റും അവസാനിക്കുന്ന സമയത്തെ 25 സെക്കന്റും ചേർത്ത് ഒരു മിനുറ്റ് ഓഡിയോ ക്ലിപ്പ് അയക്കാനും മന്ത്രാലയം റേഡിയോ സ്റ്റേഷനുകൾക്ക് നിർദേശം നൽകി. മൻ കി ബാത്തിന്റെ ഓർമ്മയ്ക്കായി പരിപാടിയുടെ ലോ​ഗോയും മറ്റും വെച്ച് 100 രൂപയുടെ കോയിനും സർക്കാർ പുറത്തിറക്കിയിരുന്നു. മോദി തന്നെയാണ് ഇത് അനാച്ഛാദനം ചെയ്തത്.

വ്യാജ പഠനവും വിവരാവകാശ മറുപടിയും

മൻ കി ബാത്തിന്റെ പ്രചാരണത്തിന് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാരും അനുയായികളും ആവിഷ്കരിക്കുന്നത്. പരിപാടിയുടെ സ്വാധീനത്തെ സൂചിപ്പിക്കുന്ന തരത്തിൽ പല പഠനങ്ങളും ഇതിന്റെ ഭാ​ഗമായി നടക്കുന്നുണ്ട്. അത്തരത്തിലൊരു പഠന റിപ്പോർട്ടായിരുന്നു ഐ.ഐ.എം ബാ​ഗ്ലൂരിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ നടന്നുവെന്ന രൂപത്തിൽ പുറത്തുവന്നത്. പെൺകുട്ടികളുടെ ക്ഷേമം, യോ​ഗ, ഖാദി തുടങ്ങിയ ​ഗവൺമെന്റ് പദ്ധതികൾ ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിൽ മൻ കി ബാത്ത് ഏറെ സഹായിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ‘Transformational Impact of Mann Ki Baat: An Analysis by SBI and IIM Bengaluru’ എന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഏറെ പ്രാധാന്യത്തോടെ ഈ പഠനം പബ്ലിഷ് ചെയ്തിട്ടുമുണ്ട്. 2023 ഒക്ടേബർ 3ന് ഇക്കണോമിക്സ് ടൈംസ് അടക്കമുള്ള നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

ദീപക് മൽ​ഗാൻ

എന്നാൽ ഐ.ഐ.എമ്മിന്റെയും എസ്.ബി.ഐയുടെയും നേതൃത്വത്തിൽ അത്തരമൊരു പഠനമേ നടന്നിട്ടില്ലാ എന്നാണ് ഐ.ഐ.എമ്മിലെ (ബാം​ഗ്ലൂർ) തന്നെ പ്രൊഫസറായ ദീപക് മൽ​ഗാൻ നൽകിയ വിവരാവകാശത്തിന് മറുപടിയായി ഐ.ഐ.എം മാനേജ്മെന്റ് പ്രതികരിച്ചത്. വിവരാവകാശത്തിൽ ഉന്നയിച്ച ഒമ്പത് ചോദ്യങ്ങളും അതിന് സ്ഥാപനം നൽകിയ മറുപടിയും ദീപക് മൽ​ഗാൻ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ റിപ്പോർട്ടിന് വലിയ വാർത്താ പ്രാധാന്യം നൽകിയ മാധ്യമ സ്ഥാപനങ്ങൾ അധികവും ഈ വിവരം അറിഞ്ഞ മട്ടില്ല. അതേസമയം ദ ടെല​ഗ്രാഫ് ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൻ കി ബാത്ത് കണ്ടില്ലെങ്കിൽ ശിക്ഷ

ഛത്തീസ്​ഗഢിലെ പോസ്റ്റ് ​ഗ്രാജ്വുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് (PGIMER) ലാണ് സംഭവം. 2023 ഏപ്രിൽ 30ന് നടന്ന 100ാം മൻ കി ബാത്തിൽ നേരിട്ട് പങ്കെടുക്കണമെന്നായിരുന്നു സ്ഥാപന ഡയറക്ടറിൽ നിന്ന് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം. പക്ഷേ, സ്ഥാപനത്തിലെ 36 നഴ്സിം​ഗ് വിദ്യാർത്ഥികൾ അതിൽ പങ്കെടുക്കാതിരുന്നതിനാണ് അവർക്ക് ഒരാഴ്ചത്തെ ശിക്ഷാ നടപടിക്ക് വിധേയരാകേണ്ടി വന്നത്. നിരവധി പ്രതിഷേധങ്ങളും പ്രതികരണങ്ങളുമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ദ വയർ ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. “എല്ലാ വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം നിർബന്ധമാക്കുന്ന അക്കാദമിക് ലക്ചറോ സെമിനാറോ പോലെയല്ല മൻ കി ബാത്ത്. സാന്നിധ്യം നിർബന്ധമാണെന്ന് സ്ഥാപനം വാശി പിടിക്കുന്ന സെമിനാറോ ലക്ചറോ ഒഴിവാക്കിയാൽ പോലും ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നിട്ടാണ് കേവലം രാഷ്ട്രീയ ലക്ഷ്യത്തിനായി നടത്തുന്ന മൻ കി ബാത്തിൽ പങ്കെടുക്കാത്തതിന് ശിക്ഷ. ഇതൊരിക്കലും അം​ഗീകരിക്കാനാകില്ല.” പി.ജി.ഐ നേഴ്സസ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് മൻജ്നീക് പറഞ്ഞു. നമ്മുടെ അക്കാദമിക് ഡയറക്ടർമാർ ഭരണാധികാരികൾക്ക് നിർലജ്ജം കീഴ്പെടുന്നത് വളരെ സങ്കടകരമായ അവസ്ഥയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഡൽഹി യൂണിവേഴ്സിറ്റി പ്രഫസറും എഴുത്തുകാരനുമായ അപൂർവാനന്ദ് എക്സിൽ കുറിച്ചത്.

മൻ കി ബാത്ത് റേഡിയോ പ്രോ​ഗ്രാം കേൾക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ. കടപ്പാട്:indiancentury

ഛത്തീസ്​ഗഢിലെ നഴ്സിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം ഒതുങ്ങിയ ഒരു സംഭവമായി ഇതിനെ ചുരുക്കാനൊക്കില്ല. ഇന്ത്യയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിർബന്ധപൂർവം മൻ കി ബാത്ത് തങ്ങളുടെ സ്ഥാപനങ്ങളിൽ കേൾപ്പിക്കുന്നത്. പലയിടത്തും ഇത് കേൾക്കാൻ തയ്യാറാകാത്ത വിദ്യാർത്ഥികൾ സ്ഥാപന മേലധികാരികളുടെ ശിക്ഷകൾക്ക് വിധേയരാകുകയും ചെയ്യുന്നുണ്ട്. ഡെറാഡൂണിലെ ജി.ആർ.ഡി നിരഞ്ജൻപൂർ അക്കാദമിയിൽ മൻ കി ബാത്ത് കാണാതെ ക്ലാസിലേക്ക് വന്ന കുട്ടികൾക്ക് 100 രൂപയാണ് അധ്യാപകർ പിഴ ചുമത്തിയത്. ഇവിടെയും മൻ കി ബാത്തിലെ നൂറാം അധ്യായമാണ് വില്ലൻ. നൂറാമത് മൻ കി ബാത്ത് കാണണമെന്ന് സ്കൂളിലെ വാട്സ്അപ് ​ഗ്രൂപ്പിലാണ് അധ്യാപകർ നിർദേശം നൽകിയത്. ഇത് അനുസരിക്കാതെ സ്കൂളിലെത്തിയവർക്ക് പിഴ ചുമത്തുകയും ചെയ്തു.

വീണ്ടും മൻ കി ബാത്ത്

വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നെങ്കിലും മൻ കി ബാത്ത് പരിപാടിയുമായി മുന്നോട്ടുപോവുകയാണ് നരേന്ദ്ര മോദി. ജൂൺ 30ന് പുനരാരംഭിച്ച എപ്പിസോഡിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിച്ചതിന് വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി എന്ന കുടകളെ പ്രശംസിക്കുന്ന പരാമർശവും ഈ എപ്പിസോഡിൽ ഉണ്ടായിരുന്നു. അങ്ങനെ കേരളം മൂന്നാം സീസണിലെ ആദ്യ എപ്പിസോഡിൽ തന്നെ മൻ കി ബാത്തിൽ കടന്നുവന്നിരിക്കുന്നു. രാജ്യം ചർച്ച ചെയ്യുന്ന നിർണ്ണായക വിഷയങ്ങളിൽ മൗനം പാലിക്കുന്ന മൻ കി ബാത്ത് ഇത്തവണയും ആ നയം തുടരാൻ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന സൂചനയാണ് ആദ്യ എപ്പിസോഡിലൂടെ നരേന്ദ്ര മോദി നൽകുന്നത്. ഇല്ലെങ്കിൽ, ദേശീയ മത്സര പരീക്ഷകളിലുണ്ടായ വൻ ക്രമക്കേടുകളെക്കുറിച്ച് ഒരു വാക്കെങ്കിലും പ്രധാനമന്ത്രി പറയുമായിരുന്നല്ലോ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read