ഷവർമ, റെഡ് ജിഹാദി, വിസ്ഡം, മോഹൻലാൽ, മക്തൂബ് മീഡിയ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പഹൽഗാം ആക്രമണത്തെ മുസ്ലീങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചർച്ച മെയ് ആദ്യ രണ്ടു വാരവും തുടർന്നു. ഹിന്ദുത്വരാണ് വിദ്വേഷ പ്രചാരണങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ജിഹാദ് എന്ന വാക്കിനെ ചുറ്റിപ്പറ്റി ധാരാളം വ്യാജപ്രചാരണങ്ങൾ വികസിച്ചു. ഇസ്‌ലാമോഫോബിയയുടെ ഫലം രാഷ്ട്രീയ അവകാശങ്ങളുടെ നിഷേധം കൂടിയാണ്. കശ്മീർ വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കാനിരുന്ന സെമിനാർ മാറ്റിവെച്ചതോ മക്തൂബ് മീഡിയക്ക് നിരോധനമേർപ്പെടുത്തിയതോ ആവിഷ്കാര സ്വാതന്ത്ര്യ പ്രശ്നമായി ചർച്ചയായില്ല.

മുസ്ലീങ്ങൾ മാത്രമല്ല ഇസ്‌ലാമോഫോബിയയുടെ ലക്ഷ്യമാവുന്നത്. റാപ്പർ വേടനെ അല്ലാമ മുഹമ്മദ് ഇഖ്ബാലിനോട് ഉപമിച്ച് വിഭജനവാദിയാക്കിയും ഇസ്‌ലാമിസ്റ്റാക്കിയും നടന്ന പ്രചാരണങ്ങൾ മെയ് രണ്ടാം വാരത്തിൽ ശക്തി പ്രാപിച്ചു. നടൻ മോഹൻലാലിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, ഇടത് മാധ്യമ പ്രവർത്തകനായ റിജാസ് എം ഷീബക്ക് പിന്നിൽ ജിഹാദി കരങ്ങൾ, നടി അഹാനയെ ആമിന എന്ന് വിളിച്ച് നടന്ന വിദ്വേഷഭാഷണം തുടങ്ങിയ പ്രശ്നങ്ങളും ഉയർന്നു. മുസ്ലീം ജനസംഖ്യ ഭീതി, മുസ്ലീം പ്രീണനം, മിനി പാകിസ്ഥാൻ, മലപ്പുറം തുടങ്ങിയ പതിവ് വിഷയങ്ങളും ചർച്ചയായി.

ഒരു ദിവസം ചുരുങ്ങിയത് രണ്ട് ഇസ്‌ലാമോഫോബിക് സംഭവങ്ങളെങ്കിലും മെയ് ആദ്യ രണ്ടു വാരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ‘എന്തുപറഞ്ഞാലും ഇസ്‌ലാമോഫോബിയ’, ‘ഇസ്‌ലാമോഫോബിയ ഇല്ല ശരിക്കുമുള്ളത് ഇസ്‌ലാം ഫിയർ’ എന്നീ പ്രചാരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയയെ തന്നെ നിഷേധിക്കാനുള്ള ശ്രമങ്ങളും നടന്നു.

1. ജയില്‍, മുസ്ലീം, സംഘപരിവാർ

സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥര്‍ കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്ന വാര്‍ത്ത മെയ് ഒന്നാം തിയതി പുറത്തുവന്നു (മെയ് 1, മാതൃഭൂമി). ഉദ്യോഗസ്ഥരുടെ വാട്സാപ്പ് സ്റ്റാറ്റസും മറ്റും പുറത്തുവന്നതോടെ സ്പെഷ്യല്‍ ബ്രാഞ്ചാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്. ‘ഒരേമനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്ക് കോട്ടയത്ത് തുടക്കമായിരിക്കുന്നു… ഇനി വളര്‍ന്നുകൊണ്ടേയിരിക്കും’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഉദ്യോഗസ്ഥര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചായിരുന്നു യോഗം. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലംമാറ്റി.

ജനുവരിയിരുന്നു യോഗം നടന്നത്. 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും അഞ്ച് അസി. പ്രിസണ്‍ ഓഫിസര്‍മാരും പങ്കെടുത്തു. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുത്തത് (മെയ് 1, മാതൃഭൂമി).

മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത

കൃത്യം ഒരു വർഷം മുമ്പ് സംഭവിച്ചത്

ഈ വാർത്ത പുറത്തുവന്നപ്പോൾ ഒരു വർഷം മുമ്പ് എബിസി ചാനൽ നടത്തിയ ഒരു പ്രചാരണം കൂടുതൽ ശ്രദ്ധ നേടി. 2024 മെയ് ഒന്നാം തിയ്യതി എബിസി ചാനൽ ഒരു ചർച്ച സംഘടിപ്പിച്ചു. പത്രപ്രവർത്തകനായ രാമചന്ദ്രനായിരുന്നു അതിഥി. ഗൗതം കൃഷ്ണയായിരുന്നു ചർച്ച നയിച്ചത്. റംസാൻ കാലത്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ 84 വിവിധ മുസ്ലീം തടവുകാർക്ക് വ്രതാനുഷ്ഠാനത്തിന് ഒരേ ബ്ലോക്കിൽ പ്രത്യേക സൗകര്യം നൽകിയതായിരുന്നു ചർച്ച. നമ്മുടെ ജയിലുകൾ മുസ്ലീം തടവുകാർക്ക് പ്രത്യേക അവകാശം നൽകുന്നു, തീവ്രവാദ ക്ലാസുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണം. ജയിൽ ജീവനക്കാർ അതിന് ഒത്താശ നൽകിയെന്നും രാമചന്ദ്രൻ ആരോപിച്ചു.

എബിസി ചാനലിൽ നടന്ന ചർച്ച

2. അദൃശ്യമായ മതഫത്‌വ, കേസരിയുടെ ജനസംഖ്യാഭീതി

മുസ്ലീം ജനസംഖ്യയെക്കുറിച്ച ഭീതി മുസ്ലീം വിരുദ്ധ പ്രചാരണത്തിലെ പ്രധാനപ്പെട്ട ഘടകമാണ്. കേസരി വാരിക ഫെബ്രുവരി 28 മുതല്‍ മെയ് 2 വരെ മുരളി പാറപ്പുറത്തിന്റെ ഈ വിഷയത്തെ മാത്രം കേന്ദ്രീകരിച്ച് ഒരു ലേഖന പരമ്പര (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍) പ്രസിദ്ധീകരിച്ചു. രാജ്യത്ത് ജനസംഖ്യാവളര്‍ച്ച വര്‍ധിക്കേണ്ടതുണ്ടെന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ബുദ്ധിജീവികള്‍ ജനസംഖ്യ കുറയണമെന്ന് ഉപദേശിക്കുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ മുസ്ലീങ്ങൾ കൂടുന്നു. അതുകൊണ്ട് ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു ഭാഗവതിന്റെ ഉപദേശം. ജനസംഖ്യയെക്കുറിച്ചും ജനപ്പെരുപ്പത്തെക്കുറിച്ചും ജനസംഖ്യയിലെ അപകടകരമായ മാറ്റങ്ങളെക്കുറിച്ചും സ്വതന്ത്രമായ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കാറില്ല. മുസ്ലീം ജനസംഖ്യാ വളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ മറച്ചുപിടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം തന്നെ വിഭജിക്കേണ്ടി വന്ന ഭാരതത്തില്‍ ജനസംഖ്യയുടെ മതപരമായ സ്വഭാവം ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. കുടിയേറ്റം സൃഷ്ടിച്ച ജിഹാദി ഭീകരതയുടെ സാഹച്യത്തില്‍ മുസ്ലീം ജനസംഖ്യയെക്കുറിച്ച് ആകുലത പ്രകടിപ്പിക്കുന്ന യൂറോപ്പിനെ മാതൃകയാക്കാനും ലേഖനം ഉപദേശിക്കുന്നു (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍, മുരളി പാറപ്പുറത്ത്, ഫെബ്രുവരി 28 – മെയ് 2, കേസരി വാരിക).

കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം

മറ്റുവാദമുഖങ്ങള്‍ ഇവയാണ്: ഭാരതത്തിന് വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാ നയമാണെന്നും, രാജ്യത്തെ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞത് ചില കോണുകളില്‍നിന്ന് വിമര്‍ശിക്കപ്പെട്ടു. ഏതു രാജ്യത്തെയും ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് 2.1 ആയി നിലനിര്‍ത്തണം. അത് താഴ്ന്നുപോയാല്‍ രാജ്യം പ്രതിസന്ധി നേരിടും. അതുകൊണ്ട് ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും ഒരു കുടുംബത്തില്‍ വേണം. ജനസംഖ്യയിലെ മതപരമായ ഏറ്റക്കുറച്ചിലാണ് മറ്റൊരു പ്രശ്‌നം. അതുണ്ടാക്കുന്ന സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും പൊതുസമൂഹം അറിയരുതെന്ന നിക്ഷിപ്തതാല്‍പ്പര്യവുമാണ് ജനസംഖ്യയെക്കുറിച്ചു മാത്രം മിണ്ടിപ്പോകരുത് എന്ന അദൃശ്യമായ മതഫത്വയ്ക്ക് പിന്നിലുള്ളത്. മതേതരത്വവും മതസൗഹാര്‍ദ്ദവുമൊക്കെ ഇതിന് മറയാക്കുകയും ചെയ്യുന്നു.

ജനസംഖ്യാപരമായ പ്രശ്നങ്ങള്‍ പലരും കരുതുന്നതുപോലെ രാജ്യത്തിന്റെ അതിരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കുന്നതല്ല. അനധികൃതമായ കുടിയേറ്റം, വിഭവദാരിദ്ര്യം, സാമൂഹ്യ സംഘര്‍ഷങ്ങള്‍, സാംസ്‌കാരികമായ കടന്നാക്രമണങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് വഴിവയ്ക്കും. കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ അതിന്റെ വിപത്തുകള്‍ പലതരത്തില്‍ അനുഭവിക്കുകയാണ്.

2024 മെയ് മാസത്തില്‍ പുറത്തുവിട്ട ‘മതന്യൂനപക്ഷങ്ങളുടെ വിഹിതം: ഒരു രാജ്യാന്തര അപഗ്രഥനം’ (ഷമിക രവി, അബ്രഹാം ജോസ്, അപൂര്‍വകുമാര്‍ മിശ്ര എന്നിവരടങ്ങുന്ന സമിതിയാണ് തയ്യാറാക്കിയത്) എന്ന റിപ്പോര്‍ട്ട് പ്രകാരം ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രത്യുല്‍പ്പാദന നിരക്കിന് മതവുമായല്ല, വിദ്യാഭ്യാസവുമായും വരുമാന പരിധിയുമായാണ് ബന്ധം എന്ന വാദം തെറ്റാണ്. മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്നു. പ്രത്യുല്‍പ്പാദന നിരക്കിലെ തുല്യത കൈവരുമ്പോഴേക്കും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി കഴിഞ്ഞിരിക്കും. മുസ്ലീങ്ങളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദന നിരക്ക് നിരക്ഷരതയുമായും ദാരിദ്ര്യവുമായും ബന്ധപ്പെട്ടതാണെന്ന് പറയുന്നതില്‍ വാസ്തവമില്ല. മുസ്ലീങ്ങള്‍ കുടുംബാസൂത്രണം സ്വീകരിക്കുന്നത് കുറവാണ്. ഓരോ ഹിന്ദു സ്ത്രീയെക്കാളും കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ഓരോ മുസ്ലീം സ്ത്രീയും അധികമായി ജന്മം നല്‍കുന്നു. ഭാരതത്തിലെ മുസ്ലീം ജനസംഖ്യ എണ്ണത്തിലും ശതമാനത്തിലും കുത്തനെ ഉയരുകയാണ്. അതേസമയം ഹിന്ദു, സിഖ്, ജയിന്‍, ബുദ്ധ മതങ്ങളുടെ ജനസംഖ്യ കുറയുകയുമാണ്.

രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കെടുക്കുമ്പോള്‍ നിലവില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജനസംഖ്യ പിന്നെയും കുറയുന്നതായി കണ്ടെത്തുകയുണ്ടായി. ഈ പ്രവണത ഏറ്റവും കൂടുതലുള്ളത് ബംഗ്ലാദേശിലാണ്. ‘അസാധാരണ’മാണ് ഇത്. ഭൂട്ടാനിലെ ജനസംഖ്യയില്‍ രണ്ടാമതായ ഹിന്ദുക്കള്‍ 1950 ല്‍ 23 ശതമാനമായിരുന്നു. 2015 ല്‍ അത് 11 ശതമാനമായി കുറഞ്ഞു. ഭാരതവും നേപ്പാളുമാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. എന്നാല്‍ ഇവിടങ്ങളിലും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയുകയാണുണ്ടായത്.

‘സാര്‍ക്ക്’ രാജ്യങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ മുസ്ലീം ജനസംഖ്യ വർദ്ധിക്കുകതന്നെയാണ്. മാലദ്വീപ് മാത്രമാണ് ഇതിന് അപവാദം. അവിടുത്തെ മുസ്ലീങ്ങളുടെ ജനസംഖ്യയില്‍ ഇടിവുണ്ട്. ദക്ഷിണേഷ്യയിലെ ഹിന്ദു ജനസംഖ്യ ക്ഷയിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലും മതന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകതന്നെയാണ്. നേപ്പാളും ഭാരതവും മാത്രമാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. മറ്റുള്ളവയില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവ-മുസ്ലീം രാജ്യങ്ങളാണ്.

ആസ്ട്രേലിയന്‍ ധനമന്ത്രി പീറ്റര്‍ കാസ്റ്റെല്ലോ ആവശ്യപ്പെട്ടത് ഓരോ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്നാണ്. “ഒരു കുട്ടി അമ്മയ്ക്കും ഒരു കുട്ടി അച്ഛനും ഒരു കുട്ടി രാജ്യത്തിനും.” സാമുവല്‍ ഹണ്ടിംഗ്ടണ്‍ വ്യക്തമാക്കിയത് 2025 ല്‍ ലോകജനസംഖ്യയില്‍ മുസ്ലീങ്ങള്‍ 30 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ്.

ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് 2061 ആകുമ്പോഴേക്കും ഭാരതം, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ മുസ്ലീം ജനസംഖ്യ മൊത്തം ഹിന്ദു-സിഖ് ജനസംഖ്യയെ മറികടക്കുമെന്നാണ്. ഇത് ആധിപത്യത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടങ്ങളിലേക്ക് നയിക്കും. മതപരമായ ജനസംഖ്യ ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെക്കുറിച്ച് ഹിന്ദുക്കളെ ബോധവാന്മാരാക്കാന്‍ വേണ്ടത്ര നേതാക്കള്‍ ഇല്ലെന്നതാണ് വസ്തുത. ഇങ്ങിനെ പോകുന്നു ആരോപണങ്ങൾ.

വസ്തുത

മുൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.വൈ ഖുറൈശി, ‘ദി പോപുലേഷൻ മിത്ത്: ഇസ്‌ലാം, ഫാമിലി പ്ലാനിംഗ് ആൻ്റ് പൊലിറ്റിക്സ് ഇൻ ഇൻഡ്യ’ (2021) എന്ന പുസ്തകത്തിൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വിശകലനം ചെയ്യുന്നുണ്ട്. മുസ്ലീം ജനസംഖ്യ “വളരെ വേഗത്തിൽ” വർധിക്കുന്നുവെന്നും അവർ ഹിന്ദു ജനസംഖ്യയെ “മറികടക്കും” എന്നുമുള്ള ഹിന്ദുത്വ വാദങ്ങളെ അദ്ദേഹം ഡാറ്റ ഉപയോഗിച്ച് ഖണ്ഡിക്കുന്നു.

ദി പോപുലേഷൻ മിത്ത്, കവർ

മുസ്ലീം ജനസംഖ്യാ വളർച്ച: 1951-ൽ ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ 9.8 % ആയിരുന്നു, 2011-ൽ 14.2% ആയി. 60 വർഷത്തിനിടെ 4.4 % വർധന മാത്രമാണ്, “വിസ്ഫോടനാത്മക” വളർച്ച എന്ന ആരോപണത്തിന് തെളിവില്ല. മാത്രമല്ല മുസ്ലീം ജനസംഖ്യ 2100-ഓടെ 18 % ആകുമെന്ന് ജനസംഖ്യാ പഠന വിദഗ്ധർ പ്രവചിക്കുന്നു. പക്ഷേ, ഹിന്ദുക്കളെ (79.8 %/ 2011) മറികടക്കാൻ സാധ്യതയില്ല .

പ്രജനന നിരക്ക് : 2019-21 ലെ നാഷനൽ ഫെർറ്റിലിറ്റി ഹെൽത്ത് സർവേ (5) ഡാറ്റ പ്രകാരം, മുസ്ലീങ്ങളുടെ പ്രജനന നിരക്ക് (ടോറ്റൽ ഫെർറ്റിലിറ്റി റേറ്റ്) 2.4 ആണ്, ഹിന്ദുക്കൾക്ക് 1.9, ക്രിസ്ത്യാനികൾക്ക് 1.6. എന്നാൽ, മുസ്ലീം പ്രജനന നിരക്ക് 1992-93 മുതൽ 47 % കുറഞ്ഞു, ഹിന്ദുക്കളുടെ 41% കുറവിനേക്കാൾ വേഗത്തിൽ.

മതവും പ്രജനന നിരക്കും: കേരളത്തിൽ, മുസ്ലീം പ്രജനന നിരക്ക് (1.86) ബിഹാറിലെ ഹിന്ദു പ്രജനന നിരക്കി (3.29) നേക്കാൾ കുറവാണ്, ഇത് മതത്തിനേക്കാൾ സാമൂഹിക-സാമ്പത്തിക ഘടകങ്ങളാണ് പ്രജനന നിരക്കിനെ നിർണയിക്കുന്നതെന്ന് കാണിക്കുന്നു.

3. മാറാടും പഹല്‍ഗാമും

പഗല്‍ഗാം ആക്രമണത്തിന് ശേഷം ഹിന്ദു ഐക്യവേദി ഗുരുവായൂരില്‍ ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ‘മാറാടും പഗല്‍ഗാമും മുസ്ലീം തീവ്രവാദ ആക്രമണം, ലക്ഷ്യം ഹിന്ദു കൂട്ടകൊല’ എന്നായിരുന്നു പരിപാടിയുടെ ശീര്‍ഷകം. മെയ് 2ാം തിയ്യതി വൈകീട്ട് 5.30ന് ഗുരുവായൂരില്‍ നടന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി ബാബു മുഖ്യപ്രഭാഷണം നടത്തി. പഹല്‍ഗാമിലെയും മാറാട്ടെയും പ്രതികള്‍ ഒരേ ശക്തികളാണെന്നും അത് മുസ്ലീങ്ങളാണെന്നുമാണ് ഹിന്ദു ഐക്യവേദി പറയാന്‍ ശ്രമിച്ചത്. മെയ് 2ന് മാറാട് അനുസ്മരണ ദിനമാണെന്നും അടിച്ചിറക്കിയ പോസ്റ്ററില്‍ പറയുന്നു.

സമാനമായ പരിപാടി കോഴിക്കോട്ടെ മാറാടും നടന്നു. ‘മുസ്ലിം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചുകൊണ്ടാണ്’ പരിപാടി തുടങ്ങിയതെന്നാണ് ജന്മഭൂമി റിപ്പോർട്ടിൽ പറയുന്നത്. ഭീകരതയെ ചെറുക്കാനും ഇല്ലാതാക്കാനും രാഷ്ട്രം വിജയിക്കുമ്പോഴും കേരളം മുസ്ലീം ഭീകരരുടെ സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു (മെയ് 3, ജന്മഭൂമി).

മാറാട് അനുസ്മരണം, ജന്മഭൂമി വാർത്ത.

പഹല്‍ഗാമിലും മാറാടിലെപ്പോലെ മതം തിരഞ്ഞാണ് ആക്രമണം നടത്തിയതെന്ന് കല്‍പ്പറ്റയില്‍ ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ കുറ്റപ്പെടുത്തി (മെയ് 3, ജന്മഭൂമി).

4. പഹൽഗാം കാലത്ത് ‘ജിഹാദിനെ’ പ്രോല്‍സാഹിപ്പിക്കാമോ?

പഹല്‍ഗാം ആക്രമണം കഴിഞ്ഞ് ഏറെ താമസിയാതെ മാധ്യമപ്രവര്‍ത്തകന്‍ പി.ടി മുഹമ്മദ് സാദിഖ് തന്റെ ഫേസ്ബുക്ക് വാളില്‍ ഒരു കുറിപ്പ് എഴുതി, ‘പ്രബോധന’ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെക്കുറിച്ച്. പഹല്‍ഗാമില്‍ മതം ചോദിച്ച് നിരപരാധികളായ മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കെ തീവ്രവാദത്തിന്റെ അടിസ്ഥാനമായ ജിഹാദിനെ മഹത്വവല്‍ക്കരിച്ചും പ്രോത്സാഹിപ്പിച്ചും ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരിക ഒരു ലേഖനം (ജിഹാദും ഹജും, കെ. മുഹമ്മദ് പാണ്ടിക്കാട്. മെയ് 2, പ്രബോധനം വാരിക) പ്രസിദ്ധീകരിച്ചു: ജിഹാദിന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്ന് ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. ജിഹാദും ഹജ്ജും ഉംറയും ഇസ്ലാമില്‍ എത്രമേല്‍ മഹത്തരമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു എന്നു കാണിക്കാനാണ് പ്രബോധനത്തിലെ ഹദീസ് പഠന കോളത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സീസണിന്റെ മറ്റൊരു പ്രത്യേകതയും ലേഖകനും പ്രബോധനം പത്രാധിപരും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ ഇസ്ലാമിക തീവ്രവാദികള്‍ നിരപധാകിളെ മതം നോക്കി കൊന്നൊടുക്കിയ സന്ദര്‍ഭം (മെയ് 3, ഫേസ്ബുക്ക്, പി ടി മുഹമ്മദ് സാദിഖ്).

പടവെട്ടുന്നതും ഹജും ഒരുപോലെയാണെന്നാണ് ലേഖനം പറയുന്നതെന്ന് ആരോപിച്ച അദ്ദേഹം ഹജും ജിഹാദും സമീകരിച്ച് മുസ്ലീം സമുദായത്തെ ഉത്ബോധിപ്പിക്കുമ്പോള്‍, ഹജിന് പോകാന്‍ പറ്റാത്ത ഏതെങ്കിലും മുസ്ലീം വാളെടുത്താല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും നിരീക്ഷിക്കുന്നു.

ജിഹാദ് എന്താണെന്ന് പഠിപ്പിക്കാന്‍ വന്നേക്കാവുന്ന സുഹൃത്തുക്കള്‍ക്കും അദ്ദേഹം തന്റെ പോസ്റ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്. മൗദൂദിയുടെ ഫണ്ടമെന്റല്‍സ് ഓഫ് ഇസ്ലാം (ഖുതുബാത്ത്) എന്ന പുസ്തകത്തിലെ ജിഹാദ് എന്ന അധ്യായത്തില്‍ ജീവന്‍ നല്‍കിയും അനിസ്ലാമിക ഭരണകൂടങ്ങളില്‍ നിന്ന് അധികാരം പിടിച്ചെടുക്കണമെന്ന് മൗദൂദി ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. അക്ഷരാര്‍ഥത്തില്‍ മുസ്ലീങ്ങളെ വാളെടുക്കാനും പടവെട്ടാനും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അധ്യാപനങ്ങള്‍ ഇസ്ലാമിക തീവ്രവാദം ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും പ്രചരിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്നു പഹല്‍ഗം കൂട്ടക്കുരുതിയെ അപലപിക്കുന്ന ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബുറഹ്‌മാന്‍ വിശദീകരിക്കുമോ? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.

പഹല്‍ഗാം ആക്രമണത്തെ സൈദ്ധാന്തികമായി കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തുകയായിരുന്നു ലേഖകന്‍. അദ്ദേഹത്തിന്റെ കുറിപ്പ് പല മാധ്യമങ്ങളും പുന:പ്രസിദ്ധീകരിച്ചു (മെയ് 13, മറുനാടന്‍ മലയാളി).

5. ഏവരെയും ‘കല്‍മ’ ചൊല്ലാന്‍ പഠിപ്പിക്കണം!

എ19 എന്റര്‍ടെയ്ന്‍മെന്റ് വെഞ്ചേഴ്സ്, ഇന്‍ഫോപാര്‍ക്ക് റോഡ്, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന ‘പിഒവി മലയാളം’ ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തു. മീഡിയാവണിന്റെ പേരില്‍ വ്യാജമായി നിർമ്മിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് താഴെ നല്‍കുന്നു: ‘ജാതിമതഭേദം നോക്കാതെ നമ്മുടെ കുട്ടികളെ കല്‍മ ചൊല്ലാന്‍ പഠിപ്പിക്കണം. അത് നമ്മളെ രക്ഷിക്കുമെങ്കില്‍ അത് ചൊല്ലുന്നതില്‍ എന്താണ് തെറ്റ്. തീര്‍ത്തും സെക്കുലര്‍ ആയ വാക്യങ്ങളാണ് കല്‍മയില്‍ ഉള്ളത്. നന്മയുള്ള ലോകം നന്മമലയാളി.’ പോസ്റ്ററില്‍ മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദിന്റെ ഫോട്ടോയും മീഡിയാവണിന്റെ ലോഗോയും ഉപയോഗിച്ചിട്ടുണ്ട്.

ഇതിനെതിരേ ചാനല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ചാനലിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റര്‍ ഫേസ്ബുക്ക് പേജ് വഴി പ്രചരിപ്പിച്ച പേജിനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനും കലാപം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള വ്യാജപ്രചരണമാണ് പിഒവി മലയാളം പേജ് നടത്തിയിരിക്കുന്നത്. മീഡിയവണ്‍ ചാനലിനും മാനേജിങ് എഡിറ്റര്‍ക്കും എതിരായ ഈ വ്യാജപ്രചരണം ക്രിമിനല്‍ കുറ്റകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഉദ്ദേശിച്ചുള്ള ഉള്ളടക്കങ്ങളാണ് നിരന്തരം ഈ പേജില്‍ പ്രത്യക്ഷപ്പെടുന്നത് എന്നും പരാതിയില്‍ പറയുന്നു (മെയ് 3, മീഡിയാവണ്‍).

6. കാഫിറിന്റെ പട്ടാളം

പഹല്‍ഗാം വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ന്യൂസ് 18 കേരള ഒരു പ്രൈംടൈം ഡിബേറ്റ് സംഘടിപ്പിച്ചു. പാകിസ്താന്റെ ലക്ഷ്യം രാജ്യത്ത് ഹിന്ദു മുസ്ലീം കലാപം വളര്‍ത്തിയെടുക്കുകയാണെന്നും അത് ഇന്ത്യക്ക് ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞെന്നുമാണ് ചര്‍ച്ച നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ആമുഖമായി പറഞ്ഞത്. ഇതിനോട് ഇടപെട്ടുകൊണ്ട് സംസാരിച്ചത് എക്‌സ് മുസ്ലീം ആക്റ്റിവിസ്റ്റ് ഡോ. ആരിഫ് ഹുസൈനാണ്.

പഹല്‍ഗാം മതഭീകരതയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നു പറയുമ്പോഴും ഏത് മതമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു: ന്യൂനപക്ഷരാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് സിംഗപ്പൂരിലെ പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ സ്വത്വരാഷ്ട്രീയത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അതിനെ അഭിമുഖീകരിച്ചേ പറ്റൂ. ഇന്ത്യയുമായുള്ള യുദ്ധം ജയിച്ചാല്‍ ബാബരി മസ്ജിദിലെ ആദ്യ കല്ലിടുമെന്നാണ് പാകിസ്താനിലെ ഓരോ ആളും പറയുന്നത്. അതിനര്‍ത്ഥം അവിടെയുള്ള അമ്പലം പൊളിച്ച് അതുചെയ്യുമെന്നാണ്. ഇക്കാര്യത്തില്‍ നാം മൗനം പാലിക്കുന്നത് ശരിയല്ല. അവര്‍ക്കൊപ്പം ജീവിച്ച എന്നെപ്പോലുള്ളവര്‍ക്ക് അത് മനസ്സിലാവും.

ഇന്ത്യയില്‍ ഹിന്ദു മുസ്ലീം കലാപമുണ്ടാക്കാനാണ് ഉദ്ദേശ്യമെന്ന അഭിപ്രായത്തോട് ഡോ.ആരിഫ് യോജിച്ചില്ല. പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയെ പിടിക്കലാണ്. ഇന്ത്യക്കൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങളും അവരുടെ ശത്രുവാണ്. പഹല്‍ഗാമില്‍ കൊലചെയ്യപ്പെട്ടവരില്‍ ഒരാള്‍ മുസ്ലീമാണ്. ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്തതുകൊണ്ടാണ് അയാളെ കൊന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ചേരരുതെന്ന് മുസ്ലീങ്ങളെ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇത് ആരും ചര്‍ച്ചയാക്കുന്നില്ല. ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നാല്‍ കാഫിറിന്റെ പട്ടാളത്തിലാണ് ചേരുന്നത്. അങ്ങനെ ചേര്‍ന്നാല്‍ വെടിവെയ്‌ക്കേണ്ടിവരിക പാകിസ്താനി മുസ്ലീമിനെയാണ്. ഇസ്ലാം അറിയാത്തതുകൊണ്ടാണ് മുസ്ലീങ്ങൾ പട്ടാളത്തില്‍ ചേരുന്നത്. ഇസ്ലാമറിയുന്നവര്‍ ചേരില്ല. സൈന്യത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന തന്റെ ചെറുപ്പകാലത്ത് അരുതെന്ന ഉപദേശം തനിക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു (മെയ് 3, ന്യൂസ് 18 കേരളം).

7. രാഹുൽ ഗാന്ധിയും പൊളിറ്റിക്കല്‍ ഇസ്ലാമും

ബ്രൗണ്‍ യൂനിവേഴ്സിറ്റിയിലെ വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സില്‍ നടന്ന സംവാദത്തിനിടെ രാമനെക്കുറിച്ച രാഹുൽ ഗാന്ധിയുടെ പരാമര്‍ശം സംഘപരിവാര്‍ വിവാദമാക്കി. ശ്രീരാമനെ പുരാണ കഥാപാത്രമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹിന്ദു ദേശീയത ആധിപത്യം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തില്‍ എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന മതേതര രാഷ്ട്രീയം എങ്ങനെ രൂപപ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ മഹാന്മാരായ സാമൂഹിക പരിഷ്‌കര്‍ത്താക്കളും രാഷ്ട്രീയ ചിന്തകരും ആരും തന്നെ മതഭ്രാന്തന്മാരല്ലെന്ന് മറുപടി നല്‍കിയ രാഹുല്‍ ഗാന്ധി, ബി.ജെ.പി പറയുന്നത് ഹിന്ദു ആശയമായി താന്‍ പരിഗണിക്കുന്നതേ ഇല്ലെന്നും സൂചിപ്പിച്ചു: “നമ്മുടെ പുരാണ കഥാപാത്രമായ ശ്രീരാമനും അങ്ങനെയുള്ള ആളായിരുന്നു. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു. ബി.ജെ.പി പറയുന്നതിനെ ഹിന്ദുക്കളുടെ ആശയമായി ഞാന്‍ കണക്കാക്കുന്നില്ല. ഹിന്ദുക്കളുടെ ആശയം കൂടുതല്‍ ബഹുസ്വരതയുള്ളതും സഹിഷ്ണുതയുള്ളതും തുറന്നതും ആണെന്നാണ് കരുതുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സമൂഹങ്ങളിലും ആ ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ആളുകളുണ്ട്. ഗാന്ധിജി അവരില്‍ ഒരാളാണ്. ആളുകളോടുള്ള വെറുപ്പും കോപവും ഭയത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ ആരെയും വെറുക്കുന്നില്ല എന്നാണർത്ഥം.”- രാഹുല്‍ പറഞ്ഞു.

അഭിമുഖത്തിന്റെ ക്ലിപ്പ് ബിജെപി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചു. രാമക്ഷേത്ര നിർമ്മാണത്തെ പോലും എതിര്‍ത്തവരാണ് സംസാരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

ഈ വിഷയം മെയ് 4ന് ജനം ടിവി ചര്‍ച്ച ചെയ്തു. വിദേശത്തെത്തുമ്പോള്‍ തനിനിറം പുറത്താവുന്നോ? ഹൈന്ദവ സമൂഹത്തോട് രാഹുല്‍ മാപ്പു പറയേണ്ടേ? രാജ്യവിരുദ്ധതയ്‌ക്കൊപ്പം ഹിന്ദു വിരുദ്ധതയോ? തുടങ്ങിയ ചോദ്യങ്ങളാണ് ചര്‍ച്ചയില്‍ ജനം ടിവി ഉയര്‍ത്തിയത്. രാഹുലിന്റേത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയാണെന്നാണ് അവതാരക ആരോപിച്ചത്.

രാഹുലിന്റേത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഷയാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ബി ഗോപാലകൃഷ്ണന്റെ അഭിപ്രായം: രാഹുലും കോണ്‍ഗ്രസ്സും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കുഞ്ഞാടുകളാണ്. അധികാരത്തില്‍ വരാന്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വോട്ട് വേണം. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസ് നിശ്ശബ്ദരായിരിക്കുന്നു. നെഹ്രുവിന്റെ രാഷ്ട്രീയകാഴ്ചപ്പാട് ഹിന്ദുവിരുദ്ധതയാണ്. ഭാരതത്തിന്റെ സംസ്‌കാരത്തെ അധിക്ഷേപിക്കാന്‍ ശ്രമിച്ചയാളാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിന് കൂട്ടുനില്‍ക്കുകയായിരുന്നു. അത് കൂടിക്കൂടി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കുഞ്ഞാടുകളായി. കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ ഇസ്ലാമിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. ആരിഫ് ഹുസൈനിന്റെയും അഭിപ്രായം (മെയ് 4, ജനം ടിവി). രാഹുലിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഹല്‍ഗാമിന് പിന്നിലെ മതം ഇസ്ലാമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

8. ഗുജറാത്ത് കലാപം: മോദിയുടെ പങ്കിനെക്കുറിച്ച് അഡ്വ. ജയശങ്കര്‍

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടോ എന്നതിനെ സംബന്ധിച്ച് അഡ്വ. ജയശങ്കര്‍ എബിസി മലയാളത്തില്‍ ഒരു വീഡിയോ ചെയ്തിരുന്നു. മോദിക്ക് കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും കലാപം അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം വീഡിയോയില്‍ വാദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിശ്വഹിന്ദു പരിഷത്തും അതിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയുമാണ് കലാപത്തിന് ഉത്തരവാദികള്‍: ഭീകരാക്രമണം ടെലിവിഷനില്‍ കാണാന്‍ കഴിഞ്ഞത് മുംബൈയില്‍ ജിഹാദികള്‍ ആക്രമണം നടത്തിയ സമയത്താണ്. അതുപോലെ വര്‍ഗീയ ലഹള ടെലിവിഷന്‍ ചാനലില്‍ കാണാന്‍ അവസരം കിട്ടിയത് ഗുജറാത്ത് കലാപത്തിലാണ്. ഗുജറാത്ത് കലാപം ആളി പടരാതിരിക്കാനാണ് നരേന്ദ്രമോദി ശ്രദ്ധിച്ചത്. കലാപം ആളിക്കത്തിച്ചത് വിശ്വഹിന്ദു പരിഷത്തും അതിന്റെ പ്രധാന നേതാവ് പ്രവീണ്‍ ഭായ് തൊഗാഡിയയുമാണ്. തൊഗാഡിയ പാട്ടീദാര്‍ സമുദായക്കാരനാണ്. പട്ടേലാണ്. പുള്ളിയുടെ താല്പര്യം ഈ ഒബിസി വിഭാഗക്കാരനായിരുന്ന ഇപ്പോഴും ആയിരിക്കുന്ന നമ്മുടെ നരേന്ദ്രമോദിയെ സ്ഥാനത്തു നിന്ന് നിഷ്‌കാസനം ചെയ്യുക എന്നുള്ളതാണ്. കലാപം തടയാനായിട്ട് നരേന്ദ്രമോദി എത്ര ശ്രമിച്ചാലും തടയാന്‍ സാധിക്കുമായിരുന്നില്ല. പുള്ളി ശ്രമിക്കുന്നുണ്ട്. പക്ഷേ, ഫലിക്കുന്നില്ല. കാരണം മുഖ്യമന്ത്രിക്ക് ഭരണത്തിന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ല.” (ഗുജറാത്ത് കലാപവും നരേന്ദ്രമോദിയും, അഡ്വ. ജയശങ്കര്‍, മെയ് 4, എബിസി മലയാളം).

എബിസി മലയാളം സംപ്രേക്ഷണം ചെയ്ത പ്രോഗ്രാം.

9. ഇസ്‌ലാമോഫോബിയ എന്ന ഉടായ്പ്പ്

ഇസ്‌ലാമോഫോബിയ വെറും ഉടായ്പ്പാണെന്ന് യുക്തിവാദി സി രവിചന്ദ്രന്‍ (ട്രെൻഡിംഗ് ബൈറ്റ്സ്). എല്ലാ മതങ്ങളും ടോക്‌സിക്കാണെങ്കിലും ഒരുപടി കൂടുതല്‍ കുഴപ്പം ഇസ്ലാമല്ലേ എന്ന ഒരാളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ പറഞ്ഞാല്‍ അത് ഇസ്‌ലാമോഫോബിയയാവുമോയെന്നും ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ഇസ്‌ലാമോഫോബിയ വെറും ഉടായ്പ്പാണ്. അങ്ങനെയൊന്നില്ല. ഇസ്‌ലാമിനെ ഭയപ്പെടുന്നത് അതിനുള്ളിലുള്ളവരാണ്. അതവരുടെ ചിന്തയിലും പ്രവര്‍ത്തിയിലും കാണാം. ഫോബിയ അകാരണമായിരിക്കണം, യുക്തിപരമായിരിക്കണം. ഇസ്‌ലാമിന്റെ കാര്യത്തില്‍ അങ്ങനെയില്ല. ഇസ്‌ലാമോഫോബിയ എന്നല്ല ഇസ്ലാം ഫിയര്‍ എന്നാണ് പറയേണ്ടത്.

10. രാജ്യം വൃത്തിഹീനമാക്കിയ മുസ്ലീങ്ങൾ

2025 ജനുവരി 22ാം തിയ്യതി നെടുമങ്ങാട് നടന്ന സുഗതകുമാരിടീച്ചറുടെ അനുസ്മരണ പരിപാടിയെക്കുറിച്ച് ഇ.പി അനില്‍ ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചു (മെയ് 5, ബിജുമോഹന്‍ യുട്യൂബ് ചാനല്‍): ആ പരിപാടിയില്‍ ഗ്രാമങ്ങളിലെ മാലിന്യസംസ്‌കരണമെന്ന വിഷയത്തില്‍ ധാരാളം കുട്ടികള്‍ സംസാരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഒരു കുട്ടി പ്രസംഗിച്ചത് മാലിന്യസംസ്‌കരണം ഇന്ത്യയില്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ മുസ്ലീങ്ങളുടെ അധിനിവേശത്തിനുശേഷമാണ് അതില്‍ മാറ്റമുണ്ടായതെന്നുമാണ്. കുട്ടിയുടെ വാദമനുസരിച്ച് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍ വൃത്തിയെക്കുറിച്ച് ശീലങ്ങള്‍ പഠിപ്പിച്ചിരുന്നു. എന്നാല്‍ അധിനിവേശം നടത്തിയ മുസ്ലീങ്ങള്‍ ഇതൊക്കെ തകര്‍ത്തു. മുസ്ലീങ്ങളുടെ ആധിപത്യം ഉണ്ടായതോടെയാണ് രാജ്യം വൃത്തിഹീനമാകാന്‍ തുടങ്ങിയത്. യൂട്യൂബില്‍ ഈ വീഡിയോ അപ് ലോഡ് ചെയ്തപ്പോള്‍ അതില്‍ വന്ന ഒരു കമന്റ് ഇസ്ലാം ചിന്താപരമായ അശ്ലീലവും/വൃത്തികേടുമാണ് എന്നാണ് (മെയ് 5, യൂട്യൂബ്, ബിജുമോഹന്‍).

11. പ്രവാചകനെതിരേ വിദ്വേഷ കാര്‍ട്ടൂണ്‍

നാദാപുരം സ്വദേശി കുയ്യാലില്‍ സുധീഷ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ വിദ്വേഷസ്വഭാവത്തിലുള്ള കാര്‍ട്ടൂണും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇതിനെതിരേ ലഭിച്ച പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. വിദ്വേഷ പ്രചാരണം മാത്രം ലക്ഷ്യം വച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഈ തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലൂടെ നാട്ടില്‍ നിലനിന്നുപോരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുക മാത്രമാണ് ലക്ഷ്യമെന്നും ഇയാളുടെ ഈ തരത്തിലുള്ള പോസ്റ്റുകള്‍ സംബന്ധിച്ചു പല തവണ സൂചിപ്പിച്ചിട്ടും വിദ്വേഷ പ്രചരണം സുധീഷ് തുടര്‍ന്ന് പോരുകയാണെന്നും പരാതിക്കാര്‍ പറയുന്നു: ലോകം മുഴുവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഹമ്മദ് നബിയെ വളരെ മോശമായ രീതിയില്‍ അവഹേളിച്ച നടപടി വിശ്വാസിസമൂഹത്തിന് ഏറെ വിഷമമുണ്ടാക്കുന്നതാണ്. ഇദ്ദേഹം ഇതിന് മുന്‍പും ഇതുപോലുള്ള നിരവധി പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ട്. നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന സുധീഷിനെ പോലുള്ളവര്‍ക്ക് തക്കതായ ശിക്ഷ നല്‍കി നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്നില്ലെങ്കില്‍ നാട്ടിലെ സമാധാനന്തരീക്ഷം തകരും – പരാതി തുടരുന്നു (മെയ് 5, മീഡിയാവണ്‍).

12. വേടന്‍ അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെപ്പോലെ വിഘടനവാദി

വേടന്റെ അറസ്റ്റിനെത്തുടര്‍ന്ന് കേരളത്തില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ആദ്യ ഘട്ടത്തില്‍ ഭരണകക്ഷി വേടനെതിരേ നിന്നെങ്കിലും പൊതുജന വികാരം കണക്കിലെടുത്തായിരിക്കണം പെട്ടെന്നുതന്നെ നിലപാട് മാറ്റി. ഈ സമയത്താണ് വേടനെയും കവി ഇഖ്ബാലിനെയും താരതമ്യം ചെയ്ത് ന്യൂസ് ഐ എന്ന പോര്‍ട്ടല്‍ ആര്‍ രാഹുല്‍ എന്ന പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. മഹാനായ കവിയാരിക്കുമ്പോള്‍ത്തന്നെ ഇഖ്ബാല്‍ വിഘടനവാദിയായിരുന്നെന്ന പോലെ വേടനും വിഘടനവാദിയാണെന്നാണ് കുറിപ്പ് പറയാന്‍ ശ്രമിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രാജ്യത്തെ യുവാക്കളെ ആവേശം കൊള്ളിച്ച വ്യക്തിത്വമായിരുന്നു മഹാകവി മുഹമ്മദ് ഇഖ്ബാലിന്റേത്. ഇന്ത്യയുടെ ദേശീയ ഗാനമാകേണ്ടിയിരുന്ന “സാരെ ജഹാം സേ അച്ചാ”യുടെ രചയിതാവ്. ഇന്ന് ഇന്ത്യയുടെ കര നാവിക വ്യോമ സേനകള്‍ പലപ്പോഴും ഈ പാട്ടിന് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാര്‍ച്ച് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ ഔദ്യോഗികമാര്‍ച്ച് സോങ്ങുകളില്‍ ഒന്നാണ് ഇന്നും ഇഖ്ബാലിന്റെ ഗാനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് അദ്ദേഹത്തെപ്പോലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുവജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാകാരനും ഉണ്ടായിട്ടില്ല. പിന്നീട് അദ്ദേഹം വിഘടനവാദത്തിന്റെ ശക്തമായ വക്താവായി മാറുകയായിരുന്നു. ലണ്ടനില്‍ ഇരുന്ന് ദ്വിരാഷ്ട്ര വാദം ആളിക്കത്തിച്ചു. ഇന്ത്യ വിഭജനം സംഭവിച്ചപ്പോള്‍ പാകിസ്താന്റെ ദേശീയ കവിയായി മാറി. മഹാകവി ഇഖ്ബാല്‍ പറഞ്ഞതിനേക്കാള്‍ വ്യക്തമായി ഇന്ത്യയുടെ അഖണ്ഡതയെക്കുറിച്ച് ഒരു കവിയും പാടിയിട്ടില്ല. പിന്നീട് രാജ്യത്തെ യുവാക്കളുടെ സിരയില്‍ വിഘടനവാദം വളര്‍ത്തിയ ഇഖ്ബാല്‍ മഹാകവി തന്നെയാണ് അല്ലാതെ മഹാത്മാവല്ല. അര്‍ത്ഥമറിഞ്ഞ് ശ്രവിച്ചാല്‍ ഇന്നും കണ്ണീര്‍ പൊഴിപ്പിക്കുന്ന ‘സാരെ ജഹാം സെ അച്ചാ’യുടെ രചയിതാവായ പകരം വയ്ക്കാനില്ലാത്ത മഹാകവി തന്നെയാണ് ഇഖ്ബാല്‍. അല്ലാതെ പുണ്യാത്മാവല്ല (മെയ് 5, ന്യൂസ് ഐ).

13. കുടിയേറ്റക്കാര്‍ രാജ്യസുരക്ഷക്ക് ഭീഷണി

പഹല്‍ഗാം കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ പാകിസ്താനികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കൊട്ടാരക്കരയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസംഗിച്ചു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസന കേരളം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന നിര്‍ദേശം പാലിക്കാത്ത സംസ്ഥാനമാണ് കേരളം. ഹമാസിനെയും പാകിസ്താനി ബംഗ്ലാദേശി കുടിയേറ്റക്കാരെ കുറിച്ച് പറയുമ്പോള്‍ വിഷമം മുഴുവന്‍ യുഡിഎഫിനും എല്‍ഡിഎഫിനുമാണ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. ഇരുമുന്നണിയുടെയും പ്രീണന രാഷ്ട്രീയമാണ് അതിനെ എതിര്‍ക്കും. വികസന കേരളത്തിന് സുരക്ഷിത കേരളം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ത്യാഗം പ്രീണന രാഷ്ട്രീയത്തിന് അടിയറവ് വെയ്ക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റങ്ങളെ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തിയ അദ്ദേഹം അതിനെതിരേ കടുത്ത നടപടിയെടുക്കാത്തതിനെ മുസ്ലീങ്ങളോടുള്ള പ്രീണനമായാണ് വ്യഖ്യാനിച്ചത് (മെയ് 6, മെട്രൊ വാര്‍ത്ത).

രാജീവ് ചന്ദ്രശേഖരിന്റെ എഫ്ബി പേജിലെ പോസ്റ്റർ

ഇതേ ദിവസം എറണാകുളത്ത് നടന്ന പരിപാടിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എ.എന്‍ രാധാകൃഷ്ണനും ഇതേ കാര്യമാണ് പറഞ്ഞത്. പാക് പൗരന്മാരെ പുറത്താക്കാന്‍ കേരളം, പശ്ചിമബംഗാള്‍, കര്‍ണാടക സര്‍ക്കാരുകള്‍ തയ്യാറല്ലെന്നും രാജ്യവിരുദ്ധശക്തികളോട് സന്ധിചെയ്യുന്നതിന്റെ ഭാഗമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കണയന്നൂര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (മെയ് 6, മെട്രൊ വാര്‍ത്ത).

ഇതേ ദിവസം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പാകിസ്താനികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി നിരവധി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് അവശേഷിക്കുന്ന 103 പാകിസ്താന്‍ പൗരന്മാരെ പുറത്താക്കണമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ ആവശ്യപ്പെട്ടു (മെയ് 6, ജന്മഭൂമി).

കേരളം പാക് പൗരന്മാരെ സംരക്ഷിക്കുകയാണെന്ന ആരോപണമുയര്‍ത്തുന്ന ഒരു എഡിറ്റോറിയലും ജന്മഭൂമി പ്രസിദ്ധീകരിച്ചു, ‘പാക് പൗരന്മാരോട് ദാക്ഷിണ്യം വേണ്ട’ എന്നായിരുന്നു ശീര്‍ഷകം. മതമല്ല മതമല്ല പ്രശ്‌നം എന്ന് സിപിഎം മുദ്രാവാക്യം വിളിക്കുമ്പോള്‍ മതമാണ്, മതമാണ് പ്രശ്‌നമെന്ന് വിളിച്ചുപറയുന്നവര്‍ മറുഭാഗത്തുണ്ടെന്ന് മനസ്സിലാക്കണം. എല്ലാ മതങ്ങളും ഒരുപോ​ലെയല്ലെന്നും മതവിശ്വാസവും മതതീവ്രവാദവും തമ്മില്‍ വേര്‍തിരിക്കണമെന്നും എഡിറ്റോറിയല്‍ ഉപദേശിച്ചു (മെയ് 7, ജന്മഭൂമി).

ജന്മഭൂമി എഡിറ്റോറിയൽ

14. അഹാനയല്ല, ആമിന

വീടിനടുത്തുള്ള ക്ഷേത്രത്തിലെ ലൗഡ്സ്പീക്കര്‍ കാരണം സഹികെട്ടെന്ന് നടി അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാഹചര്യം നോക്കാതെ ആരാധനാലയങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അഹാന പങ്കുവച്ച വീഡിയോയും കുറിപ്പുകളും മിനിറ്റുകള്‍ കൊണ്ട് വൈറലായി. പലരും അഹാനയെ അഭിനന്ദിച്ചെങ്കിലും ചിലര്‍ ശക്തമായിത്തന്നെ വിമര്‍ശിച്ചു. ഇന്ന് മുതല്‍ നീ അഹാനയല്ല ആമിനയാണെന്നും അച്ഛന് ഇനി പാര്‍ട്ടി സീറ്റ് തരില്ലെന്നുമായിരുന്നു ഒരു വിമര്‍ശനം: ഇന്ന് മുതല്‍ നീ അഹാനയല്ല ആമിനയാണ്. അച്ഛന് ഇനി പാര്‍ട്ടി സീറ്റ് തരില്ല. അമ്പലത്തില്‍ വര്‍ഷങ്ങളായി പാട്ട് വെക്കുന്നു. ഇതുവരെ പ്രശ്‌നമില്ലായിരുന്നു. വിമര്‍ശിച്ച നീ പാകിസ്താനിലേയ്ക്ക് പോണം.

ഇന്‍സ്റ്റയില്‍ ഇട്ട സ്റ്റോറിയില്‍ സ്പീക്കറില്‍ നിന്ന് ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനം കേള്‍ക്കുന്ന വീഡിയോയാണ് നടി പങ്കുവച്ചത്. ‘അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര’ എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘എനിക്കും എന്റെ ഫോണിനും ഈ മ്യൂസിക് ബീറ്റിനൊപ്പം വൈബ് അടിക്കണം’ എന്നാണ് മറ്റൊരു സ്റ്റോറിയിലെ പരാമര്‍ശം. പിറ്റേ ദിവസം രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെയും വിമര്‍ശിച്ചിട്ടുണ്ട്. ‘ഗുഡ് മോണിങ്, ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?’ എന്ന് ചോദിച്ചു കൊണ്ടാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

ബിജെപി നേതാവും 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണന്‍ (മെയ് 6, മലയാള മനോരമ).

അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ചുള്ള മനോരമ വാർത്ത

15. പ്രീണനരാഷ്ട്രീയ ചാമ്പ്യന്മാര്‍

യുഡിഎഫും എല്‍ഡിഎഫും പ്രീണനരാഷ്ട്രീയ ചാമ്പ്യന്മാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുസ്‌ലീംകളോട് പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണത്തെയാണ് പ്രീണന രാഷ്ട്രീയമെന്നതുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ഉദ്ദേശിക്കുന്നത്. കോട്ടയം ബിജെപി വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വികസിത കേരളം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം: പഹല്‍ഗാം വിഷയത്തിലൂടെ ഇരു മുന്നണികളുടെയും പ്രീണനരാഷ്ട്രീയം വെളിവായി. ബിജെപി വര്‍ഗീയപാര്‍ട്ടിയാണെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു (മെയ് 7, മംഗളം).

16. ഭീകരരെ സഹായിച്ചാല്‍ പുണ്യം

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി കരുവാന്‍തൊടി മുഹമ്മദ് ഷാനിബിന്റെ മൃതദേഹം കശ്മീരിലെ വനാന്തരത്തില്‍നിന്ന് കണ്ടെത്തി. ഈ വാര്‍ത്തയോടുള്ള പ്രതികരണങ്ങള്‍ പൊതുവെ മുസ്ലീം വിരുദ്ധമായിരുന്നു. കേരള കൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്തയോടുള്ള വായനക്കാരുടെ പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. ചില മാതൃകകള്‍: ‘ഭീകരന്‍. പഹല്‍ഗാമിലെ കൊലയില്‍ ഇവന്‍ ഉണ്ടാവും’, ‘സ്വര്‍ഗ്ഗ വാതില്‍ തേടിപോയതായിരിക്കും’, ‘മലയാളി ബന്ധം ഇല്ലാത്ത എന്ത് ഭീകരാക്രമണം’, ‘ഒരു വര്‍ഗ്ഗീയതീവ്രവാതി ചത്തൂ’, ‘സ്വര്‍ഗത്തില്‍ പോകുന്നതിന്റെ കവാടം അവിടെയല്ലേ, ഇനി ഹുറികളെ അന്വേഷിച്ച് ഇറങ്ങിയതാവും’, ‘പഹല്‍ഹാം തീവ്രവാദികള്‍ കേരളത്തില്‍ ഉണ്ടാകുമോ?’, ‘ഭീകരരെ സഹായിച്ചാല്‍ പുണ്യം കിട്ടുമെന്ന് ഓര്‍ത്തിട്ടാ പോയത്.. കിട്ടുകയും ചെയ്തു. സ്വര്‍ഗത്തില്‍ ഹൂറികളുമൊത്ത് സല്ലപിക്കുന്നുണ്ട്’, ‘മലയാളി സുടാപ്പി ഇല്ലാതെ എന്ത് ഭീകരാക്രമണം’, ‘ശ്രീലങ്ക ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടി തെറിച്ച ബോംബോളി സുടാപ്പി ആറ് മാസം കണ്ണൂര്‍ ജില്ലയില്‍ ട്രെയിനിങ് ചെയ്തിരുന്നു’, ‘കേരളം പാകിസ്താന്റെ ഒരു ജില്ലയാണോ’ (മെയ് 7, കേരള കൗമുദി ഫേസ്ബുക്ക് പേജ്).

17. അബ്രാം ഖുറേഷി വേണ്ട, സോഫിയ ഖുറേഷി മതി

പഹല്‍ഗാം ആക്രമണത്തിനുശേഷം പാകിസ്താനെതിരേ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരിനെ അഭിനന്ദിച്ചും ആശംസിച്ചും നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു സന്ദേശം പങ്കുവച്ചു. സിന്ദൂര്‍ പാരമ്പര്യത്തിന്റെ മാത്രമല്ല, അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണെന്നാണ് അദ്ദേഹം എഴുതിയത്.

എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരേ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നു. അദ്ദേഹം അഭിനയിച്ച എമ്പുരാന്റെ കഥയുമായി ബന്ധപ്പെടുത്തിയായിരുന്നു ആക്രമണം. ഏതാനും കമന്റുകള്‍ താഴെ നല്‍കിയിരിക്കുന്നു:

‘മോഹന്‍ലാല്‍ എന്ന നടന്‍ (വെറും നടന്‍) എമ്പുരാന്‍ എന്ന ചരിത്രം വളച്ചൊടിച്ച ജിഹാദി സിനിമയില്‍ അഭിനയിച്ച അന്ന് തീര്‍ന്നു, നിങ്ങളോടുള്ള ആരാധന. ഇനി മസൂദ് അസ്ഹര്‍ മനുഷ്യ സ്‌നേഹി എന്ന സിനിമയേ പറ്റി ആലോചിക്കുക’,
‘നാണം ഇല്ലേ… ജിഹാദികളെ വെള്ള പൂശി സിനിമ എടുത്തിട്ട് ഇപ്പോള്‍ പോസ്റ്റും കൊണ്ട് വന്നേക്കുന്നു’, ‘അബ്രാം ഖുറേഷി വേണ്ട, സോഫിയ ഖുറേഷി മതി’ – എന്നിങ്ങനെ പോകുന്നു കമന്റുകള്‍ (മെയ് 7, ഫേസ്ബുക്ക്‌പോസ്റ്റ് മോഹന്‍ലാല്‍; മെയ് 7, റിപ്പോര്‍ട്ടര്‍).

മോഹൻലാലിന് എതിരായ സൈബർ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ച വാർത്ത.

18. മക്തൂബ് മീഡിയക്ക് നിയന്ത്രണം

പഹല്‍ഗാം ആക്രമണം ചര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത് ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ആദ്യത്തേത് മക്തൂബ് മീഡിയയാണ് (മെയ് 8). മലയാളിയായ അസ്ലഹ് കയ്യാലകത്ത് എഡിറ്ററായ മക്തൂബിന്റെ എക്‌സ് അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. ഇൻഡ്യയിൽ മുസ്‌ലീം ഉടമസ്ഥതയിലുള്ള അപൂർവം ഓൺലൈൻ ചാനലകളിൽ ഒന്നാണ് ഇത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദി വയറാണ് നിരോധനം നേരിട്ടതിൽ രണ്ടാമത്തേത്. അവരുടെ വെബ്‌സൈറ്റിന് ഇന്ത്യയില്‍ ആക്‌സസ് ചെയ്യുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഫ്രീ പ്രസ് കശ്മീര്‍, ദി കശ്മീരിയത്ത് തുടങ്ങിയവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് രാജ്യത്ത് 8000 അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സാമൂഹികമാധ്യമമായ എക്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു (മെയ് 9, ദി വയര്‍).

എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ തുടർന്ന് മക്തൂബ് എഡിറ്റോറിയൽ ടീം പുറത്തുവിട്ട പ്രസ്താവന.

19.ഇസ്‌ലാമിക തീവ്രവാദമാണ് ഈ നൂറ്റാണ്ടിന്റെ വെല്ലുവിളി

പഹല്‍ഗാം കൂട്ടക്കുരുതിയെക്കുറിച്ച് ‘ദീപിക’ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഇസ്‌ലാമോഫോബിക് പദാവലികൊണ്ട് സമൃദ്ധമായിരുന്നു. ഏതാനും വാചകങ്ങള്‍ താഴെ നല്‍കുന്നു: ലോകസമാധാനം കെടുത്തുന്ന ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഏഷ്യന്‍ പാചകപ്പുരകളില്‍ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നമല്ല, ആഗോളഭീകരവിരുദ്ധതയ്ക്ക് ഇന്ത്യയുടെ സംഭാവനയാണ്. തീവ്രവാദികള്‍ വിനോദയാത്രികരെ കൊന്നത് അവര്‍ തങ്ങളുടെ മതത്തില്‍ പെട്ടവരല്ലെന്ന് ഉറപ്പാക്കിയശേഷമാണ്. കണ്‍മുന്നില്‍ ഭര്‍ത്താക്കന്മാരെ കൊന്ന് സ്ത്രീകളെ ജീവച്ഛവങ്ങളാക്കുകയായിരുന്നു. മതഭ്രാന്തിന് മാത്രം സാധിക്കുന്ന ക്രൂരത! മുസ്‌ലീം തീവ്രവാദികളുടെയും അവരുടെ നിഴല്‍യുദ്ധക്കാരുടെയും സ്ഥിരം തന്ത്രമായ ഇരവാദവുമായി ഐക്യരാഷ്ട്രസഭയിലെത്തിയ പാകിസ്താന് സുരക്ഷാസമിതിയില്‍ ഉദ്ദേശിച്ച പിന്തുണ ഇത്തവണ കിട്ടിയില്ല. ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് പാകിസ്താനൊപ്പം പരസ്യമായി നിന്നത്. തുര്‍ക്കി ആധുനിക യുഗത്തിലും ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഖലീഫ ഭരണം തിരികെ കൊണ്ടുവരാന്‍ വിയര്‍പ്പൊഴുക്കുന്ന രാജ്യമാണ്. ഇസ്‌ലാമിക ഭീകരകേന്ദ്രങ്ങള്‍ ലോകത്തെവിടെ തകര്‍ത്താലും അത് സുസ്ഥിര സമാധാനത്തിനുവേണ്ടിയാണ്. മത്രഭാന്തില്‍ പൂത്തുലയുന്ന മരണാനന്തര സൗഭാഗ്യങ്ങളുടെ പച്ചില കാണിച്ച് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പൗരന്മാരെ ആട്ടിത്തെളിക്കുന്ന തീവ്രവാദികളുടെ സംരക്ഷണകേന്ദ്രമാണ് പാകിസ്താന്‍. അതിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ട്, തീവ്രവാദംകൊണ്ട് മാത്രം മുളയ്ക്കുന്ന വിഷവിത്തുകള്‍ ഈ മതേതര മണ്ണിന്റെ മനസിലും വളരുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്‌ലാമിക തീവ്രവാദമാണ്. തിരിച്ചറിയാന്‍ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന മാരകവൈറസ് (സിന്ദൂരം ചോദിച്ചവര്‍ക്ക് ഹോളി സമ്മാനം, മെയ് 8, ദീപിക എഡിറ്റോറിയല്‍).

20. ഇസ്‌ലാമിക തീവ്രവാദം നൂറ്റാണ്ടിന്റെ വെല്ലുവിളി: ആര്‍.വി ബാബു

ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പഹല്‍ഗാം വിഷയത്തിനോടുള്ള പ്രതികരണങ്ങള്‍ സംഘപരിവാറിന്റെ ഇസ്‌ലാമോഫോബിക് ചിന്താരീതികളുടെ മാതൃകകളായിരുന്നു. ഏതാനും ചിലത് താഴെ നല്‍കുന്നു:

1) പഹല്‍ഗാം കൂട്ടക്കുരുതിയെക്കുറിച്ച് ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനോടുള്ള (സിന്ദൂരം ചോദിച്ചവര്‍ക്ക് ഹോളി സമ്മാനം, മെയ് 8, ദീപിക എഡിറ്റോറിയല്‍) ഫേസ്ബുക്ക് പ്രതികരണം ഇതായിരുന്നു: ഇന്ന് ദീപിക പത്രം എഴുതിയ എഡിറ്റോറിയല്‍ ഇസ്‌ലാമിക തീവ്രവാദമാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. ഇസ്‌ലാമിന്റെ ഓരം ചേര്‍ന്ന് നില്‍ക്കുന്നവര്‍ സ്വയം മരണം വരിക്കുവാനുള്ളവരാണ് (മെയ് 8, ആര്‍.വി ബാബു/ ഫേസ്ബുക്ക്).

2) പാകിസ്താനില്‍ ഭീകരവാദികളുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ഭീകരനേതാക്കളും ഓപ്പറേഷന്‍ സിന്ദൂരിനെ പിന്തുണച്ച് പത്രസമ്മേളനം നടത്തുന്ന ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും ഒരു പോലെ ദുഃഖിതരാണ്? (മെയ് 8, ആര്‍.വി ബാബു/ ഫേസ്ബുക്ക്).

3) ജിഹാദ് എന്നാല്‍ അവനവന്റെ ആത്മ വിശുദ്ധിക്കുവേണ്ടിയുള്ള പവിത്രമായ വിശ്വാസസംബന്ധമായ പ്രവര്‍ത്തി മാത്രമാണെന്നും അത് അന്യര്‍ക്കെതിരായി നടത്തുന്ന വിശുദ്ധയുദ്ധമല്ലെന്നും ടി വി ചര്‍ച്ചകളില്‍ തള്ളി മറിക്കുന്ന മതസാഹോദര്യ ജാഡകള്‍ ഇതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്? (അല്‍ഖാഇദയുടെ പഹല്‍ഗാം വിഷയത്തിലെ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം, മെയ് 8, ആര്‍.വി ബാബു/ ഫേസ്ബുക്ക്).

4) പലസ്തീനിലെ ഹമാസ് ഇസ്രായേലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെവരെ നിഷ്‌കരുണം നടത്തിയ ഭീകര ആക്രമണത്തെ സമ്പൂര്‍ണ്ണമായും ന്യായീകരിച്ച സഖാവിന് പഹല്‍ഗാമില്‍ 26 നിരപരാധികളെ ഇസ്‌ലാമിക ഭീകരര്‍ മതം നോക്കി കൊലപ്പെടുത്തിയതിന് തിരിച്ചടി നല്‍കണമെന്ന ജനങ്ങളുടെ ആഗ്രഹം യുദ്ധജ്വരമാണത്രെ! കമ്മ്യൂണിസ്റ്റാവുക എന്നാല്‍ ഇന്ത്യാ വിരുദ്ധനാവുക എന്നാണോ അര്‍ത്ഥം? (പഹല്‍ഗാം വിഷയത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന യുദ്ധജ്വരത്തെ വിമര്‍ശിച്ച എം സ്വരാജിനെതിരേയുള്ള പ്രതികരണം, മെയ് 8, ആര്‍.വി ബാബു/ ഫേസ്ബുക്ക്).

21. റെഡ് ജിഹാദി റിജാസ്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന പേരില്‍ മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം ഷീബ സൈദീഖിനെ നാഗ്പൂരില്‍നിന്ന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. മെയ് 8ന് നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്ന് റിജാസിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. റിജാസിനെതിരേ മാവോവാദി ആരോപണവും പൊലീസ് ഉയര്‍ത്തിയിട്ടുണ്ട്. റിജാസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബീഹാര്‍ സ്വദേശി ഇഷയെ വിട്ടയച്ചു.

ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനാണ് റിജാസ്. കൊച്ചിയില്‍ നടന്ന ‘കശ്മീരി ആകുന്നത് കുറ്റകരമല്ല’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന് റിജാസിനെതിരേ പൊലീസ് നേരത്തെയും കേസെടുത്തിരുന്നു (മെയ് 9, ഏഷ്യാനെറ്റ് ന്യൂസ്). കളമശ്ശേരി സ്‌ഫോടന സമയത്ത് മുസ്‌ലീം ചെറുപ്പക്കാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് റിപോര്‍ട്ട് ചെയ്തതിന്റെ പേരിലും പൊലീസ് നടപടി നേരിട്ടു. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്ന റിജാസ്, മക്തൂബ് മീഡിയ, കൗണ്ടര്‍ കറന്റ്സ് എന്നീ മാധ്യമങ്ങളിലും എഴുതിയിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡും ഐബി ഉദ്യോഗസ്ഥരും പരിശോധന നടത്തി (മെയ് 11, മീഡിയാവണ്‍). ഇത്തവണത്തെ അറസ്റ്റിന് കാരണമായി പൊലീസ് കണ്ടെത്തിയ കുറ്റങ്ങള്‍ പലതവണ മാറിമറിഞ്ഞതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യം ചാര്‍ത്തിയ കുറ്റങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തെയും വിമര്‍ശിച്ചതും പിസ്റ്റള്‍ ഉപയോഗിച്ച് ഫോട്ടോക്ക് പോസ് ചെയ്തതും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സിപിഐ മാവോവാദി, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ബന്ധം ആരോപിച്ചു. അടുത്ത ഘട്ടത്തില്‍ കബീര്‍ കലാ മഞ്ച് ബന്ധം ആരോപിച്ചു (മെയ് 17, ദി വയര്‍).

‘സുടാപ്പി ഇന്ത്യ വിടുക’

മാവോവാദി ബന്ധമാരോപിച്ചാണ് റിജാസിനെ അറസ്റ്റ് ചെയ്തതെങ്കിലും അദ്ദേഹത്തിന്റെ മുസ്‌ലീം സ്വത്വത്തെ മുന്നില്‍വച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളും അറസ്റ്റിന് ശേഷം പുറത്തുവന്നു. മെയ് 9ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കർമ്മ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്ത പലരും റിജാസിനെ സുഡാപ്പിയെന്നാണ് അഭിസംബോധന ചെയ്തത്. ചില കമന്റുകള്‍ ഇതാ: ‘സുടാപ്പിയെ വെടിവച്ച് കെല്ലണം മീഡിയ മുഖ മുടി അണിഞ്ഞ പാക്കിസ്ഥാന്‍ സുടാപ്പി’, ‘ഇന്ത്യ വിടുക’, ‘എന്തിന് അറസ്റ്റ് ചെയ്യണം, ടും ടും രണ്ടു ബുള്ളറ്റ, പരുപാടി തീര്‍ക്കണം’, ‘ഇവനെ പാകിസ്താനിലേക്ക് നാടു കടത്തണം’, ‘തോളില്‍ കിടക്കുന്ന ടവ്വല്‍ കണ്ടോ. അതാണ് തെളിവ് , കൂറ് എവിടെയാണെന്ന്’, ‘ഇങ്ങനെ ചെയ്യുന്ന രാജ്യത്തെ അപമാനിക്കുന്നഎല്ലാ പന്നി തീവ്രവാദി രാജ്യദ്രോഹികളെയും വെട്ടം കാണാതെ ജയിലിലടക്കണം’, ‘മാവോവാദിയൊന്നുമല്ല, ഒറിജിനല്‍ 916 ജിഹാദി. അവര്‍ പല രൂപത്തില്‍വരും.’

‘റെഡ് ജിഹാദി’

സംഘപരിവാര്‍ നേതാവായ ജെ നന്ദകുമാറിന്റെ പോസ്റ്റില്‍ റിജാസിനെ റെഡ് ജിഹാദിയെന്നാണ് വിശേഷിപ്പിച്ചത്: ‘കേരളത്തില്‍ നിന്നുള്ള മാവോയിസ്റ്റ് ഭീകരനെ നാഗപൂരില്‍ നിന്ന് പൊക്കി. പാകിസ്താന്റെ ഭീകരതയ്‌ക്കെതിരെ ഭാരതം കൈക്കൊണ്ട നടപടികളെ വിമര്‍ശിക്കുകയും പ്രതിരോധസേനയെ അവഹേളിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. റിജാസ് എന്നാണ് ഈ റെഡ് ജിഹാദി യുടെ പേര്. ഇവന്‍ ‘നാഗപൂരില്‍’ എന്തിന്,എങ്ങനെ എത്തി? കാമുകിയേ കാണാന്‍ ആണെന്ന് പറയുന്നതില്‍ വസ്തുതയുണ്ടോ?’ (മെയ് 9, ജെ നന്ദകുമാര്‍/ഫേസ്ബുക്ക്).

ജെ നന്ദകുമാറിന്റെ എഫ്.ബി പോസ്റ്റ്

ലക്ഷ്യം ലൗ ജിഹാദ്

ഓപ്പറേഷന്‍ സിന്ദൂറിനെതിരേയും സൈന്യത്തിനെതിരേയും നീങ്ങിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ റെജാസ് ബി ഷീബ സിദീഖിനെതിരെ യുഎപിഎ ചുമത്തിയേക്കുമെന്നും ഇയാളുടെ ലക്ഷ്യം ലൗ ജിഹാദാണെന്നും കർമ്മ ന്യൂസ് ആരോപിച്ചു: ഇയാള്‍ തോക്കുകളുമായി നിൽക്കുന്ന ചിത്രം പുറത്ത് വന്നു. റെയ്ഡില്‍ ഏജന്‍സികളാണിത് കണ്ടെടുത്തത്. ആര്‍എസ്എസ്/ബിജെപി നേതാക്കളുടെ പെണ്‍കുട്ടികളെ ലക്ഷ്യം വയ്ച്ച് ലൗ ജിഹാദ് നടത്തി എന്നതും ഗുരുതര ആരോപണം ഇയാള്‍ക്കെതിരെ ഉയര്‍ന്നു കഴിഞ്ഞു. ഹത്രാസ് കലാപ ഗൂഢാലോചന കേസില്‍ ഭീകരവാദ കേസില്‍ പ്രതിയായ സിദ്ദിഖ് കാപ്പന്റെ സുഹൃത്തുകൂടിയാണ് റെജാസ് ബി ഷീബ സിദീഖ്. രണ്ട് തോക്കുകള്‍ ഒരേ സമയം രണ്ട് കൈകളില്‍ പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്. ജേര്‍ണലിസവും തോക്കും, രണ്ടു തോക്കുകളുമായി റിജാസിന്റെ നാഗപ്പൂരിലെ ‘ദൗത്യം’ എന്തായിരുന്നു എന്നതും ചോദ്യം ഉയരുന്നു. നാഗ്പൂരില്‍ ഭഗത്സിംഗിന്റെ ചിത്രം ‘കാട്ടിയുള്ള’ നില്പിന്റെ പശ്ചാത്തലകെട്ടിടങ്ങള്‍ ഏതാണ്? യുദ്ധമുഖത്ത് നില്‍ക്കുന്ന രാഷ്ട്രത്തെ ആഭ്യന്തര കലാപത്തിലേക്ക് നയിക്കാനുള്ള ‘ആപത്കരമായ ദൗത്യം’ റിജാസിനെ ഏല്‍പിച്ചതാരാണ്?- വാര്‍ത്ത തുടരുന്നു (മെയ് 13, കർമ്മ ന്യൂസ്).

ഐഎസ്‌ഐ, സിപിഐ മാവോവാദി, ജെകെഎല്‍എഫ്

അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ റിജാസിനെ ഐഎസ്‌ഐയും പാക് ചാരനുമാക്കാനുള്ള ശ്രമങ്ങള്‍ തീവ്രമായി. മെയ് പകുതിയോടെ ഏജന്‍സികളുടെ വാര്‍ത്തകളില്‍ ഈ ഘടകം കാണാം. മെട്രോവാര്‍ത്തയിലെ സൂചന ഇങ്ങനെ: അര്‍ബന്‍ നക്‌സലെന്ന സംശയത്തില്‍ പിടികൂടിയ റിജാസിന് നിരോധിത സംഘടനയായ ജെകെഎല്‍എഫുമായും സിപിഐ മാവോവാദി സംഘടനയുമായും ബന്ധമുണ്ടെന്നും അദ്ദേഹം യുകെയിലേക്ക് വിളിച്ച ഒരു ഫോണ്‍ നമ്പറിന് ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്നും പിന്നീട് പൊലീസ് ആരോപിച്ചു (മെയ് 14, മെട്രോ വാര്‍ത്ത).

ജന്മഭൂമി വാര്‍ത്ത ആരോപണങ്ങളാല്‍ കുറച്ചുകൂടെ സമൃദ്ധമായിരുന്നു. വാര്‍ത്തയിലെ പ്രധാന ആരോപണങ്ങള്‍: റിജാസിന് പാക് ഭീകരസംഘടനയായ ഐഎസ്‌ഐയുമായും ജെകെഎല്‍എഫുമായും ബന്ധമുണ്ട്. പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡില്‍ ഇതിനുള്ള തെളിവ് ലഭിച്ചു. മാവോവാദി ഭീകരനായ കണ്ണന്‍ മുരളിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുകെയിലേക്ക് ഇയാള്‍ വിളിച്ചിട്ടുണ്ട്. അതിന് ഐഎസ്‌ഐയുമായി ബന്ധമുണ്ട്. പത്രപ്രവർത്തനത്തിന്റെ മറവില്‍ ഇയാള്‍ പല വിവരങ്ങളും പാകിസ്താന് കൈമാറിയിട്ടുണ്ട്. കശ്മീര്‍ ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കൊച്ചിയില്‍ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ചു (മെയ് 14, ജന്മഭൂമി).

കടലാസ് മാധ്യമപ്രവര്‍ത്തകന്‍

റിജാസിന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തെ സിദ്ദിഖ് കാപ്പന്‍ കേസുമായും ചില മാധ്യമങ്ങള്‍ ബന്ധപ്പെടുത്തി. സിദ്ദിഖ് കാപ്പന്‍ കേസിലെ വിശദാംശങ്ങളും റിജാസിന്റെ കേസും തമ്മില്‍ സമാനതകളുണ്ടെന്നായിരുന്നു ഒരു വാദം. മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്‌കറിയയാണ് ഈ ആരോപണമുയര്‍ത്തിയത്:

സിദ്ദിഖ് ഒരു കടലാസ് മാധ്യമപ്രവര്‍ത്തകനാണ്. അതുപോലെ റിജാസും കടലാസ് മാധ്യമപ്രവര്‍ത്തകനാണ്. സിദ്ദിഖ് അഴിമുഖത്തെ ഉപയോഗപ്പെടുത്തിയതുപോലെ റിജാസ് മഖ്ദൂബിനെയാണ് ഉപയോഗിക്കുന്നത്. മഖ്ദൂബാകട്ടെ ഒരു പ്രൊപ്പഗാന്‍ഡ മാധ്യമമാണ്. റിജാസിന്റെ പുരോഗമനം വെറും മുഖംമൂടിയാണ്. രാജ്യത്തെമ്പാടും വിഘടനവാദം ശക്തിപ്പെടുക്കുകയാണ് ലക്ഷ്യം. അയാള്‍ യുവതികളെ ചൂഷണം ചെയ്യുന്നുണ്ട്. റിജാസ് മഹാരാഷ്ട്രയില്‍ ഒരു ആര്‍എസ്എസ് നേതാവിന്റെ മകളെ പ്രണയക്കുരിക്കിലാക്കാന്‍ ശ്രമിച്ചിരുന്നു.

മഖ്ദൂബ് മീഡിയ പ്രൊപ്പഗാന്‍ഡ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമമാണ്. അതില്‍ തന്നെക്കുറിച്ചും മോശം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതില്‍ തന്നെ വിശേഷിപ്പിക്കുന്നത് മുസ്ലീം വിരോധി വര്‍ഗീയവാദി എന്നൊക്കെയാണ്. വ്യാജവാര്‍ത്തകള്‍ പുറപ്പെടുവിക്കുന്ന മാധ്യമമാണ്. അതിന്റെ ഭാഗമാണ് റിജാസ്. ഓപറേഷന്‍ സിന്ദൂറിന്റെ സമയമായതിനാലാണ് അദ്ദേഹത്തിനെതിരെ ഇരവാദം ഉയരാത്തത്. സിദ്ദിഖ് കാപ്പന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു (മെയ് 13, മറുനാടന്‍ മലയാളി).

റിജാസും മഖ്ദൂബിന്റെ റോളും

ഭാഗര്‍ഗവറാം എന്ന എഫ്ബി പ്രൊഫൈല്‍ റിയാസിന്റെ വാര്‍ത്ത സൂക്ഷ്മമായി ഫോളോ ചെയ്ത പ്രൊഫൈലാണ്. അദ്ദേഹം റിജാസിന്റെ അറസ്റ്റിനെയും മഖ്ദൂബിനെയും സിദ്ദിഖിനെയും മറ്റും ബന്ധപ്പെടുത്തുക മാത്രമല്ല, ആഗോള ഫണ്ടിങ്ങിന്റെ ഭാഗമായും വിലയിരുത്തി: പ്രസിദ്ധീകരണ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം മക്തൂബിന് അടക്കം ഉള്ളടക്കം തയ്യാറാക്കുന്ന ‘സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍’ ആണ് റിജാസ് എം ഷീബ സിദ്ദീഖി എന്ന വിഘടനവാദി നേതാവ്. മാധ്യമ പ്രവര്‍ത്തകപരിവേഷം വിഘടനവാദ പ്രവര്‍ത്തനത്തിനുള്ള കവര്‍ ആയും അതിനോട് സമന്വയിപ്പിച്ചും കൈകാര്യം ചെയ്തു പോന്ന പലരില്‍ ഒരാളാണ് റിജാസും. കാപ്പന്‍ പിടിയിലായതിനും ശേഷമാണ് മക്തൂബ്, ഡല്‍ഹിയിലെ ഓഖ്‌ലയില്‍ നിന്നും കോഴിക്കോട്ടേക്ക് പ്രസിദ്ധീകരണം മാറ്റിയത്. ജാമിയ മില്ലിയക്കും ഷഹീന്‍ ബാഗിനും ഇടയില്‍ കിടക്കുന്ന ‘പ്രത്യേകത’യുള്ള പ്രദേശമാണ് ഓഖ്‌ല. ഒട്ടു മിക്ക വിഘടനപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രമായി ഓഖ്‌ല പണ്ടേക്ക് പണ്ടേ കുപ്രസിദ്ധവുമാണ്. ഹരിയാനയിലെ നൂഹ് കലാപം ഉണ്ടാക്കി പൊലിപ്പിച്ചെടുക്കുന്നതില്‍ മക്തൂബിന്റെ റോള്‍ അക്കാലത്ത് തന്നെ പലരും ഉന്നയിച്ചതാണ്. (അല്‍ – ജസീറയും മക്തൂബും പത്രപ്രവര്‍ത്തക പരിവേഷവും മറ്റും, മെയ് 13, ഭാര്‍ഗവ റാം/ ഫേസ്ബുക്ക്).

ഭാർഗവറാമിന്റെ എഫ്ബി പോസ്റ്റ്

അല്‍ജസീറ ബന്ധം

മാധ്യമപ്രവര്‍ത്തകവേഷത്തില്‍ ‘പോരാളികളെ’ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനം രാജ്യത്ത് സജീവമാണ്. കേരളാ മീഡിയാ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ അനുപാതത്തെ കുറിച്ചും സ്പോണ്‍സറിങ് രീതികളെ കുറിച്ചും അറിഞ്ഞാല്‍ അത് മനസ്സിലാവും. ജാമിയ മില്ലിയയിലെ ‘മാധ്യമപ്രവര്‍ത്തന പഠനവിഭാഗ’ത്തില്‍ ചിലരെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കാന്‍ എത്തിക്കുന്നത് തൊട്ട് പഠിക്കുമ്പോള്‍ തന്നെ അവരെ ആക്ടിവിറ്റികളില്‍ നിയോഗിക്കുന്നത് തൊട്ട്, അവരെ പലരേയും ഖത്തറിലും മറ്റുമായി അല്‍ – ജസീറാ കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അയക്കുന്നത് തൊട്ട് പലതും ദുരൂഹതയുള്ളതാണ്. സ്‌പോണ്‍സര്‍ഷിപ്പടക്കമുള്ള കാര്യങ്ങള്‍ക്ക് ഖത്തർ ഫണ്ട് ആണെന്നാണ് സ്ഥിരീകരിക്കാന്‍ കഴിയുന്നത്. പ്രമുഖ പാര്‍ട്ടി ചാനലില്‍ നിന്നും ഖത്തറിലെത്തിയ മലയാളിയായ ജസീറക്കാരന്‍ ആണ് ഇതിനായി ഉല്‍സാഹിക്കുന്നത്.

എംപിമാരുടെ പേഴ്‌സണ്‍സ്റ്റാഫിലും: അല്‍ ജസീറാപരിശീലനം കിട്ടിക്കഴിഞ്ഞവര്‍ ഇവിടെ വന്ന് വിവിധ മാധ്യമങ്ങളില്‍ ചേര്‍ന്ന് അവരവരുടെ റോളുകള്‍ നിര്‍വഹിക്കുന്നു. അല്ലാത്തവര്‍ സ്റ്റിംഗര്‍മാരായോ സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായോ രംഗപ്രവേശം ചെയ്യുന്നു. ഇക്കൂട്ടത്തില്‍ പലരും പല എം പി മാരുടെ പേര്‍സണല്‍ സ്റ്റാഫിന്റെ ഭാഗമായി അനായാസം മാറുന്നു. പാര്‍ലമെന്റിലും പുറത്തും എം പി മാര്‍ പറയേണ്ട വാക്കുകള്‍ അടക്കം തീരുമാനിക്കുന്ന മിടുക്കന്മാര്‍ അടക്കം ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ക്കുണ്ടാകുന്ന ഉന്നതബന്ധവും സ്വാധീനവും എത്രയായിരിക്കും എന്നത് പല സന്ദര്‍ഭങ്ങളില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്.

പിഎഫ്‌ഐ ബന്ധം:

പിഎഫ്‌ഐ തുടങ്ങിയ സംഘടനകളുമായി പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ ആണെങ്കിലും ഈ വിഷയത്തില്‍ മതരാഷ്ട്രവാദികളും തറവാടികളായ മതരാഷ്ട്രീയസംഘടന അടക്കമുള്ളവരും കൂട്ടായ നീക്കമാണ് നടത്തുന്നത്. റിക്രൂട്ട് ചെയ്തവരെ, എം പി മാരുടെ ഓഫീസിന്റെ ഭാഗമാക്കിയതിന്റെ ക്രെഡിറ്റ് തറവാടി പാര്‍ട്ടിയുടെ എം പി ക്ക് തന്നെ. മുന്‍ക്കൂട്ടത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ‘നിയമസഹായം’ എത്തിക്കുന്നതും ടിയാന്‍ തന്നെ. (അല്‍ – ജസീറയും മക്തൂബും പത്രപ്രവര്‍ത്തക പരിവേഷവും മറ്റും, മെയ് 13, ഭാര്‍ഗവ റാം/ ഫേസ്ബുക്ക്)

22. മിനി പാകിസ്ഥാന്‍

പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് ശേഷം സംഘപരിവാര്‍ നേതാവും അഭിഭാഷകനുമായ അഡ്വ. കൃഷ്ണരാജ് അടുത്തടുത്ത ദിവസങ്ങളിലായി ഒന്നിലധികം കുറിപ്പുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പഹല്‍ഗാം ആക്രമണത്തെ മുസ്ലീങ്ങളും ഇസ്ലാമുമായി കൂട്ടിക്കൊണ്ടുള്ള ആഖ്യാനമായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തെ മിനിപാകിസ്താനെന്നും വിശേഷിപ്പിച്ചു:

1) മോദിജിയോട് ഒരു അപേക്ഷ. ലക്ഷണം കണ്ടിട്ട് അവലക്ഷണം കെട്ട ആ പന്നി രാജ്യം സൈന്യം പിടിച്ചെടുക്കുമെന്നാണ് തോന്നുന്നത്. ദയവ് ചെയ്ത് പാകിസ്താനൊന്നും പിടിച്ചെടുക്കരുത് എന്ന് അങ്ങ് സൈന്യത്തോട് പറയണം. മിനി പാകിസ്താനെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ ജനം. ഇനി അവന്മാരെയും കൂടി താങ്ങാനുള്ള കെല്‍പ്പില്ല. പ്ലീസ് (മെയ് 8, ഫേസ്ബുക്ക്).

2) ഇന്ത്യന്‍ പട്ടാളം ചെയ്തത് കൊലച്ചതി. ഇത് തീരേ ശരിയായില്ല. പാകിസ്ഥാന്‍ ഇന്ത്യയിലോട്ട് വിട്ട 15 വാണങ്ങളും അതിര്‍ത്തിയില്‍ വെച്ച് തന്നെ നിര്‍വീര്യമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. അതില്‍ ചിലത് മിനി പാകിസ്താനിലെ ചില വീടുകളിലേക്ക് തിരിച്ചുവിട്ടിരുന്നേല്‍ ചിലരുടെ ചൊറിച്ചിലുകള്‍ മാറി കിട്ടിയേനെ. കഷ്ടമായിപ്പോയി (മെയ് 8, ഫേസ്ബുക്ക്).

3) കരുതിയിരിക്കാം. പാകിസ്താനിലെ തീവ്രവാദി സംഘടനകള്‍ ഭാരതത്തിനെതിരെ ഗസ്വ ഇ ഹിന്ദ് ജിഹാദ് പ്രഖ്യാപിച്ചു. ഉറപ്പായും മിനി പാകിസ്താനിലെ ജിഹാദികള്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട (മെയ് 8, ഫേസ്ബുക്ക്).

4) ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്. പണ്ട് തുര്‍ക്കിയില്‍ ഭൂമികുലുക്കം ഉണ്ടായപ്പോള്‍ മിനി പാകിസ്താന്‍ 10 കോടി കൊടുത്തത് എന്തിനാണെന്ന് വല്ല പിടിയുമുണ്ടോ? ഭാരതത്തിനെതിരായുള്ള പാകിസ്താന്റെ യുദ്ധത്തില്‍ തുര്‍ക്കി നേരിട്ട് പങ്കെടുത്തു എന്ന് ഭാരത സൈന്യം. അതായത് മിനി പാകിസ്താന്‍ തുര്‍ക്കിക്ക് 10 കോടി കൊടുത്തത് ഭാരതത്തിനെതിരെയുള്ള ജിഹാദ് യുദ്ധത്തിനാണെന്ന്. ഇപ്പോള്‍ കാര്യം പിടികിട്ടിയോ? (മെയ് 9, ഫേസ്ബുക്ക്).

23. പഹല്‍ഗാമും മുസ്ലീം ജിഹാദും

പഹല്‍ഗാം ആക്രമത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്ന ഷെയ്ക് സജ്ജാദ് കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചിരുന്നുവെന്ന വാര്‍ത്ത മെയ് ആദ്യ വാരത്തില്‍തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിടിഐയാണ് ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത്. മെയ് ആദ്യവാരത്തില്‍ കേരളം സന്ദര്‍ശിച്ച വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡേ ഇതിനെ കേരളത്തിനെതിരേ ആയുധമായി ഉപയോഗിച്ചു. കേരളത്തില്‍ മുസ്ലീം ജിഹാദ് ശക്തമാവുകയാണെന്നതിന് തെളിവാണ് സജ്ജാദിന്റെ കേരളത്തിലേക്കുള്ള വരവെന്നായിരുന്നു പറഞ്ഞ ന്യായം: ഷെയ്ക് സജ്ജാദ് കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചിരുന്നുവെന്നത് ഞെട്ടല്‍ ഉളവാക്കുന്ന വാര്‍ത്തയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രത്യേക മതവിഭാഗത്തിന് ഒപ്പം ചേര്‍ന്ന് ഒത്താശ ചെയ്യുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിക്കാനാണ്. അതിനായി ഹിന്ദുസമൂഹത്തിന്റെ ആചാരങ്ങളെയും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തൃശൂര്‍ പൂരത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഹിന്ദുക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള ഒരു ക്യാമ്പയിന്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ദക്ഷിണ ഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ശക്തമായി നടത്തും. ഹിന്ദു സമൂഹത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് വിഎച്ച്പി നടത്തുന്നത്. ജാതിക്കുപരി എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ലക്ഷ്യം. പഹല്‍ഗാം ഉള്‍വനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശിയായ ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ട്. ഇതിനെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം (മെയ് 10, ജന്മഭൂമി).

24. വിസ്ഡം: പൊലീസുകാരന്റെ ഗോഷ്ടി

വിസ്ഡം സ്റ്റുഡന്‍സിന്റെ കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് മെയ് 11ന് പെരിന്തല്‍മണ്ണയിലാണ് നടന്നത്. അന്നുണ്ടായ ഒരു അനിഷ്ട സംഭവം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ നോക്കി പെരിന്തല്‍മണ്ണ എസ്എച്ച്ഒ ഗോഷ്ടി കാണിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതേ കുറിച്ച് സംഘാടകനായ ടി കെ അഷ്റഫ് (ജനറല്‍ സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) നല്‍കിയ വിശദീകരണം ഇതാണ്: പരിപാടി രാത്രി 10 മണിക്ക് മുമ്പ് നിര്‍ത്തിവയക്കണമെന്ന് തീരുമാനിച്ചെങ്കിലും സമാപന പ്രസംഗം മൂന്ന് മിനിറ്റ് വൈകി. ഈ സമയത്ത് പൊലീസുകാര്‍ വിളിച്ചു. ഇപ്പോള്‍ നടക്കുന്നത് സമാപന സംസാരമാണെന്നും ഉടനെ നിര്‍ത്താമെന്നും സംഘാടകര്‍ മറുപടി പറഞ്ഞു. അത് ചെവിക്കൊള്ളാതെ പൊലീസുദ്യോഗസ്ഥന്‍ തിങ്ങിനിറഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഇടയിലൂടെ അലറി വിളിച്ച് വരികയും സ്റ്റേജിലേക്ക് കയറി പ്രഭാഷകന് നേരെ ആക്രോശിക്കുകയുമാണ് ചെയ്തതെന്ന് സംഘാടകര്‍ പറയുന്നു. പൊലീസുകാര്‍ വന്ന ഉടന്‍ പരിപാടി നിര്‍ത്തിവച്ചു. തിരിച്ച് പോകുന്ന വഴിക്ക് ഇതിന് നേതൃത്വം നല്‍കിയ പൊലീസുകാരന്‍ കുട്ടികളെ നോക്കി മുഖം കൊണ്ട് പ്രത്യേക രീതിയില്‍ ഗോഷ്ടി കാണിച്ചു. ഈ വീഡിയോ പിന്നീട് വൈറലായി.

ട്രാഫിക്കുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ശാസ്ത്രീയമായ പ്ലാനുകള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ സമ്മേളനത്തിന്റെ സംഘാടകര്‍ ഇതേ പൊലീസുകാരുമായി, സമ്മേളനത്തലേന്ന് യോഗം ചേര്‍ന്നിരുന്നുവെന്നും അതുകൊണ്ട് ട്രാഫിക്കിന്റെ യാതൊരു പ്രയാസവും സമ്മേളനം കൊണ്ട് ഉണ്ടായിട്ടുമില്ലെന്നും അഷ്റഫ് പറഞ്ഞു. പുതുതലമുറയെ അരാജകത്വത്തില്‍ നിന്നും ലഹരിയില്‍ നിന്നും രക്ഷപ്പെടുത്തുന്ന പരിപാടികളോട് അസഹിഷ്ണുത കാണിക്കുകയും ലഹരി ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ അര്‍ദ്ധരാത്രി പിന്നിട്ടാലും നിയമം നോക്കുകുത്തിയാവുകയും ചെയ്യുന്നത് അത്യന്തം അപലപനീയമാണെന്നും വിസ്ഡം നേതാവ് ടി.കെ അഷ്‌റഫ് പറഞ്ഞു (മെയ് 12, മീഡിയാവണ്‍).

പൊലീസ് വിശദീകരണം

വലിയ ആള്‍ക്കൂട്ടമുള്ള പരിപാടിയായിരുന്നതിനാല്‍ അനിവാര്യമായ നടപടിയാണ് കൈക്കൊണ്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. പത്തുമണിക്ക് മുമ്പേ നിര്‍ത്താന്‍ സംഘാടകരോട് നിര്‍ദേശിച്ചിരുന്നുവെന്ന് പെരിന്തല്‍മണ്ണ സിഐ പറഞ്ഞു. രാത്രി 9.24ന് ആദ്യം ഫോണ്‍ ചെയ്തു. 9.47ന് വീണ്ടും വിളിച്ചു. 10.06ന് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിയെത്തിയശേഷമാണ് നേരിട്ടെത്തിയത് (മെയ് 13, മാധ്യമം).

പ്രായമായ ഒരാള്‍ ഒന്ന് ചിരിക്കാന്‍ പറഞ്ഞു. ഞാനൊന്ന് ചിരിച്ചു. അത് പോലീസിനെതിരെയും, സര്‍ക്കാരിനെതിരെയും വഴി തിരിച്ചു വിടുന്നവരുടെ ഉദ്ദേശ്യം മനസ്സിലാവുന്നില്ലെന്ന് ആരോപണവിധേയനായ പെരിന്തല്‍മണ്ണ എസ്എച്ച്ഒ സുമേഷ് സുധാകര്‍ പിന്നീട് വിശദീകരിച്ചു (മെയ് 13, നിള 24).

കണ്ണൂരില്‍ ബാധകമല്ലാത്ത നിയമം

ഇതേ ദിവസം ഇതേ സമയത്ത് കണ്ണൂരില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നാടന്‍പാട്ട് അവതരിപ്പിച്ചിരുന്നു. ആ പരിപാടി രാത്രി പത്ത് മണി കഴിഞ്ഞും നീണ്ടെങ്കിലും പോലിസ് ഇടപെട്ടില്ലെന്ന് മാധ്യമം റിപോര്‍ട്ട് ചെയ്തു (മെയ് 13, മാധ്യമം).

രാഷ്ട്രീയ പ്രതികരണങ്ങള്‍

‘രാവ് പുലരുവോളം പാട്ടും കൂത്തും നടത്താം, ജനനന്മ ഉദ്ദേശിച്ചുള്ള പരിപാടി പത്ത് മിനുട്ട് പോലും അധികം പാടില്ല’; പൊലീസ് കാണിച്ച കോപ്രായത്തില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്ന് സര്‍ക്കാറിനോട് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇത് അസഹിഷ്ണുതയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം (മെയ് 13, മാധ്യമം).

വിസ്ഡം കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നിര്‍ത്തിവെപ്പിച്ച പൊലീസ് നടപടിയെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍ കുമാര്‍ എം.എല്‍.എയും വിമര്‍ശിച്ചു. പരിപാടി അലങ്കോലമാക്കിയ പൊലീസുകാരുടെ പശ്ചാത്തലത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏതു ചെറിയ പ്രശ്‌നത്തെയും അങ്ങേയറ്റം വഷളാക്കുന്നതില്‍ കാട്ടുന്ന താല്‍പര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാനപാലന രംഗത്തുമാണ് വേണ്ടത്. പൊലീസ് നടപടിയെ നീതീകരിക്കാനാവില്ലെന്നും അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു (മെയ് 13, മാധ്യമം).

മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം

പ്രശ്‌നത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എ ഷാജിയും പ്രതികരിച്ചു: വിസ്ഡംകാരെ നിരോധിക്കുകയോ നാടുകടത്തുകയോ എന്നത് വേണേല്‍ ചെയ്യ്. പക്ഷെ, ഒരു ബഹുസ്വര ജനാധിപത്യത്തിലെ പൊലീസ് അതിലുള്‍പ്പെടുന്ന ഒരു ജനസമൂഹത്തോടും കോക്രി കാണിക്കരുത് എന്നാണഭിപ്രായം. അതിനല്ല അവര്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത്. നിയമലംഘനത്തെ കോക്രികൊണ്ട് നേരിടണമെന്ന് ഒരു ഭാരതീയ ന്യായസംഹിതയയും പറയുന്നില്ല. മറുവശത്ത് ആര്എസ്എസോ ഡിവൈഎഫ്‌ഐയോ വന്നാലും ഇത് തന്നെ ആയിരിക്കും അഭിപ്രായം. സമയത്ത് യോഗം നിര്‍ത്തിയില്ലെങ്കില്‍ അതിനെതിരെ വ്യവസ്ഥാപിതമായ നിരവധി വഴികളുണ്ട് (മെയ് 14, കെ.എ ഷാജി/ ഫേസ്ബുക്ക് പോസ്റ്റ്).

വര്‍ഗീയത അരുത്!

ഈ സംഭവത്തെക്കുറിച്ച് ന്യൂസ് മലയാളം ടെലികാസ്റ്റ് ചെയ്ത ഒരു വീഡിയോ വിശകലനം ആരംഭിച്ചത് വിസ്ഡം ഓര്‍ഗനൈസേഷന്റെ ഉദ്ഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: വിസ്ഡം സലഫി ആശയം പിന്തുടരുന്ന സംഘടനയാണ്. 2012ല്‍ കേരള നദ്വത്തുല്‍ മുജാഹിദ്ദീനിൽ നിന്ന് പിളര്‍ന്ന് ഉണ്ടായി. ഭിന്നത ആശയപരമായിരുന്നു. അറിവും ബുദ്ധിയുമുള്ള തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് വിവിധ നേതാക്കളുടെ പ്രതികരണത്തിലേക്ക് കടന്നു. ആലപ്പുഴയില്‍ നടന്ന സമാനമായ ഒരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചു. ഏത് സാഹചര്യത്തിലും മസില്‍പ്രയോഗം പാടില്ലെന്നാണ് അവതാരകരുടെ അഭിപ്രായം. അവരുടെ അഭിപ്രായത്തില്‍ പെരിന്തല്‍മണ്ണയില്‍ മസില്‍പ്രയോഗം ഉണ്ടായിട്ടില്ല. ‘ചിരിക്കട’ എന്ന് ഒരാള്‍ പറഞ്ഞതുകൊണ്ടാണ് പൊലീസുകാരന്‍ ചിരിച്ചത്. പത്തുമണിയെന്നത് നിയമമാണ്. കൊച്ചിയിലും പരിപാടി നിര്‍ത്തിവപ്പിച്ചിട്ടുണ്ട്. വിവിധ കാലങ്ങളില്‍ ഇപ്രകാരം പത്തുമണി കഴിഞ്ഞ് നീണ്ടുപോയ പരിപാടികള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചതിന്റെ ഡാറ്റ ചാനല്‍ പങ്കുവച്ചു. പെരിന്തല്‍മണ്ണയിലും സംഭവിച്ചത് അതാണ്. അതിന്റെ പേരില്‍ സംഘിപ്പോലീസ് എന്ന് വിളിക്കുന്നത് ശരിയല്ല. ഈ വിഷയത്തെ വര്‍ഗീയമായി അവതരിപ്പിക്കുന്നതും ശരിയല്ല പൊലീസ് നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തത് – അതേസമയം പെരിന്തല്‍മണ്ണയിലെ പരിപാടി നടന്ന അതേ ദിവസം കണ്ണൂരില്‍ നടന്ന സര്‍ക്കാര്‍ ആഘോഷം പത്തുമണി കഴിഞ്ഞും നീണ്ടുപോയ കാര്യം അവതാരകര്‍ സൂചിപ്പിച്ചില്ല (മെയ് 13, ന്യൂസ് മലയാളം).

25. ക്രൈസ്തവ പ്രീണനവും മുസ്ലീം പ്രീണനവും

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് എന്നത്തേയും പോലെ ഇത്തവണയും വിവാദമായി. ഒടുവില്‍ നറുക്ക് വീണത് സണ്ണി ജോസഫിനാണ്. അദ്ദേഹത്തെ നിയമിച്ചതിന് പിന്നില്‍ ക്രൈസ്തവ ലോബിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. ഈ വിഷയമാണ് ദീപികയിലെ ‘അനന്തപുരി’ എന്ന കോളത്തില്‍ ദ്വിജന്‍ കൈകാര്യം ചെയ്തത്.

കോണ്‍ഗ്രസ് ക്രൈസ്തവ പ്രീണനത്തില്‍ വീണുപോയിരിക്കുന്നുവെന്ന വാദം ലേഖനം നിഷേധിച്ചു. ക്രൈസ്തവരാരും ഇങ്ങനെയൊരു വാദം ഉന്നയിച്ചിട്ടില്ലെന്നും ലൗ ജിഹാദ്, വഖ്ഫ് വിഷയങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരേ നിന്ന ബെന്നി ബെഹനാനെക്കുറിച്ചും ഇതേ ആരോപണം ഉണ്ടായിരുന്നതായി ലേഖനം പറയുന്നു: 2020 ജനു വരിയില്‍ സീറോ മലബാര്‍ മെത്രാന്‍ സിനഡ് കേരളത്തില്‍ ലൗ ജി ഹാദ് ഉണ്ടെന്ന് പ്രസ്താവന ഇറക്കിയപ്പോള്‍ ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ ചോദ്യം ചോദിച്ച് അങ്ങനെയൊന്ന് ഇല്ല എന്ന് ഉത്തരം മേടിച്ച ബെന്നി ബഹനാനാണുപോലും ക്രൈസ്തവരെ പ്രീതിപ്പെടുത്തുന്നതിനുള്ള നോമിനി. സമുദായത്തെ കുറ്റം പറഞ്ഞ് മറ്റ് സമുദായങ്ങളുടെ നല്ലപിള്ള ആകുന്ന ക്രൈസ്തവ നേതാക്കളും ക്രൈസ്തവ പ്രാതിനിധ്യത്തില്‍ വല്ലതും നേടാന്‍ കളത്തിലുണ്ട്. കോണ്‍ഗ്രസിന്റെ ക്രൈസ്തവ സമുദായസ്‌നേഹം ധാരാളം തെളിവുകളുള്ള ചരിത്രമാണ്. ക്രൈസ്തവര്‍ക്ക് ഉണ്ടായിരുന്ന വര്‍ക്കിംഗ് പ്രസിഡന്റ് പദവി പോലും ഇപ്പോള്‍ ഇല്ല. അതാണ് കത്തോലിക്ക സമുദായ സ്‌നേഹത്തിന്റെ യഥാര്‍ഥ മുഖം. തുടര്‍ന്ന് ലേഖനം കോണ്‍ഗ്രസ് നടത്തുന്ന മുസ്ലീം പ്രീണനത്തോട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുതന്നെ യോജിപ്പില്ലെന്നും നിരീക്ഷിക്കുന്നു (കണ്ണൂര്‍ നേതാക്കളുടെ പോരാട്ട നാളുകള്‍, മെയ് 11, ദീപിക).

26. നേട്ടം മുസ്ലീങ്ങള്‍ക്ക്, നഷ്ടം ഈഴവര്‍ക്ക്

സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ഈഴവര്‍ക്ക് മാത്രമെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ദര്‍ശനോല്‍സവം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: യുഡിഎഫില്‍ ഈഴവര്‍ അന്യം നില്‍ക്കുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം ക്രൈസ്തവര്‍ക്ക് നല്‍കി. മലപ്പുറത്ത് പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഈഴവസമുദായത്തിന് അവിടെ ഒരു കോളജുപോലുമില്ല. 17 കോളജുകളും മുസ്ലീങ്ങളിലെ സമ്പന്നരുടേതാണ്. അധികാരത്തിന്റെ സ്വാധീനത്തില്‍ സാമൂഹ്യനീതി നിഷേധിച്ച് മുസ്ലീം ലീഗ് സാമ്രാജ്യങ്ങള്‍ കെട്ടിയുണ്ടാക്കുന്നു. അതിനെ വിമര്‍ശിച്ചാല്‍ മുസ്ലീങ്ങളെ വിമര്‍ശിക്കുന്നുവെന്നാക്കുകയാണ്. സംവരണമുന്നണിയുണ്ടാക്കി സമരം നടത്തിയവര്‍ അധികാരത്തിലെത്തിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവര്‍ കബളിപ്പിക്കപ്പെടുകയാണ് (മെയ് 12, കേരള കൗമുദി).

വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്‍

വെള്ളാപ്പള്ളി നടത്തിയ വിദ്വേഷപ്രചാരണം വിവാദമായ സമയത്തുതന്നെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ കേരള കൗമുദി ആദരിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് മന്ത്രി വി.എന്‍ വാസവനാണ് ഉദ്ഘാടനം ചെയ്തത്.

വെള്ളാപ്പള്ളി നടേശന്റേത് അപാരമായ കർമ്മശേഷിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു: കുത്തഴിഞ്ഞ പുസ്തകം പോലുള്ള സമുദായത്തെ കുത്തിക്കെട്ടി പുസ്തകം പോലെയാക്കിയത് വെള്ളാപ്പിള്ളിയാണ്. മൂന്ന് പതിറ്റാണ്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ വെള്ളാപ്പള്ളിക്കല്ലാതെ മറ്റാര്‍ക്കുമാവില്ല. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിയുടെ മഹത്വം മനസ്സിലായത് വെള്ളാപ്പള്ളി അധികാരത്തിലെത്തിയ ശേഷമാണ്. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം സമുദായനേതാവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം, ജീവകാരുണ്യപ്രവര്‍ത്തനം, മൈക്രോഫിനാന്‍സ്, സംഘടനകളുടെ വളര്‍ച്ച തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യബോധം, നിശ്ചയദാര്‍ഢ്യം, സേവനസന്നദ്ധത, ത്യാഗമനോഭാവം, ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ധൈര്യം എന്നിവയെല്ലാം അദ്ദേഹത്തിന് കൈമുതലായുണ്ട്. വിമര്‍ശനങ്ങളെ കുറിക്കുകൊള്ളുന്ന ഭാഷയില്‍ നേരിടും. ശ്രീനാരായണഗുരുവിന്റെ മഹത് സന്ദേശം പിന്തുടരുന്നയാളാണ്. വിശ്വാസ്യത വെള്ളാപ്പള്ളിയുടെ മൂലധനമെന്നും മന്ത്രി പുകഴ്ത്തി (മെയ് 17, കേരള കൗമുദി).

27. ഭീകരവാദികളുടെ പണം മോഹന്‍ലാലിനും

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച ഇന്ത്യന്‍ വാണിജ്യ, വിനോദ, സാംസ്‌കാരിക മേളയായ ‘കമോണ്‍ കേരള’യുടെ ഏഴാം എഡിഷന്‍ മേയ് 9, 10, 11 തീയതികളില്‍ ഷാര്‍ജയില്‍ നടന്നു. മുഖ്യാതിഥിയായി പങ്കെടുത്തത് നടന്‍ മോഹന്‍ലാലായിരുന്നു. ഇതേ കുറിച്ച് ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: പാക് തീവ്രവാദികള്‍ നമ്മുടെ സ്വന്തം ഭാരതത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഷെല്ലുകളും വര്‍ഷിക്കുമ്പോള്‍ ഗള്‍ഫില്‍ പോയി മൗദൂദി പത്രത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്. ഇസ്ലാമിസ്റ്റുകള്‍ ഇങ്ങേരെ എത്ര പണം കൊടുത്താണ് അവിടെയിറക്കിയതെന്ന് അറിയില്ല. എന്തായാലും രാജ്യസ്‌നേഹത്തിന് മുകളിലാണ് ഭീകരവാദികളുടെ പണമെന്ന് തെളിയിച്ചല്ലോ?? (മെയ് 12, അനില്‍ നമ്പ്യാര്‍/ഫേസ്ബുക്ക് പോസ്റ്റ്).

അനിൽ നമ്പ്യാരുടെ എഫ്ബി പോസ്റ്റിനെക്കുറിച്ച് ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത.

മോഹന്‍ലാലിനെതിരേ ഓര്‍ഗനൈസര്‍

തൊട്ടടുത്ത ദിവസം ആര്‍എസ്എസ്സും ‘ഓര്‍ഗനൈസര്‍’ വീക്കിലിയും മോഹന്‍ലാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു: മോഹന്‍ലാലിന്റെ സാന്നിധ്യം അനുചിതമാണ്. പണം കൊടുക്കുകയാണെങ്കില്‍ മോഹന്‍ലാല്‍ പാകിസ്താനില്‍ നിന്നും അംഗീകാരവും ആദരവും സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധസംഘടനയാണ്. മോഹന്‍ലാല്‍ പങ്കെടുത്തത് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഒരു തന്ത്രപ്രധാനമായ നീക്കമാണ്. അവര്‍ ഇതുവരെ ഒരു സിനിമാതാരത്തെ ഇത്തരത്തില്‍ ആദരിച്ചിട്ടില്ല. അവരെ സംബന്ധിട്ടത്തോളം ഇത് രാഷ്ട്രീയതന്ത്രമാണ്. മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ എമ്പുരാന്‍ സിനിമയിലെ പങ്കാളിത്തവും ലേഖനം ചോദ്യം ചെയ്തു. എമ്പുരാന്‍ ഇസ്ലാമിക ഭീകരതയോട് അനുകമ്പ പുലര്‍ത്തുന്നു. പാകിസ്താന്‍ ഇന്ത്യന്‍ ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍ മോഹന്‍ലാല്‍ ഇതുപോലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ല.

മോഹന്‍ലാലിനെതിരേയുള്ള ലേഖനം പിന്നീട് ‘ഓര്‍ഗനൈസര്‍’ പിന്‍വലിച്ചു (മെയ് 14, ദി ന്യൂസ് മിനിറ്റ്). മോഹന്‍ലാലിന്റെ പതനം ആസന്നമായിക്കഴിഞ്ഞുവെന്ന് മോഹന്‍ലാല്‍ പടുകുഴിയിലേക്ക് പോവുകയാണെന്നും മോഹന്‍ലാലിന്റെ ഇന്ത്യന്‍ ജനതയോടുള്ള പ്രതിബദ്ധതയുടെ അഭാവമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തെക്കുറിച്ചുള്ള കർമ്മ ന്യൂസ് വാര്‍ത്ത നിരീക്ഷിക്കുന്നു (മെയ് 13, കർമ്മ ന്യൂസ്). ഇവന്‍ രാജ്യദ്രോഹിയെന്നാണ് കർമ്മ ന്യൂസ് വാര്‍ത്തയോടുള്ള ഒരാളുടെ പ്രതികരണം.

28. ഐഎന്‍എസ് വിക്രാന്ത് ലൊക്കേഷന്‍ ചോദിച്ചയാള്‍ പാകിസ്താനിയുടെ ജാരസന്തതി

നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ കോഴിക്കോട് എലത്തൂര്‍ സ്വദേശി മുജീബ് റഹ്‌മാനെ കൊച്ചി ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടത്തിന് പുറമെ, ഔദ്യോഗിക രഹസ്യ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. അതിര്‍ത്തിയില്‍ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായ സമയത്താണു ഇയാള്‍ ഫോണ്‍ വിളിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാഘവനാണെന്ന് പറഞ്ഞായിരുന്നു വിളി. വിക്രാന്തിന്റെ ലൊക്കേഷനാണ് മുജീബ് അന്വേഷിച്ചത്. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതേ മൂലമുള്ള മനോവിഭ്രാന്തിക്കു ചികിത്സ തേടുന്ന വ്യക്തിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഇയാള്‍ ചോദ്യം ചെയ്യലിന് ഹാജരായി.

ഇതേ കുറിച്ച സാമൂഹ്യമാധ്യമ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് കർമ്മ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

1) ഇയാളുടെ മുഖം കണ്ടാല്‍ പാക് തീവ്രവാദിയാണെന്ന് തോന്നുമെന്നാണ് ചിലര്‍ എഴുതിയത്. ഇവന്റെ ഉപ്പ പാകിസ്താനിയായിരിക്കും. മലപ്പുറം, കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങള്‍ ഇവന്മാരുടെ കയ്യിലാണ്. അവിടെ 70 പാകിസ്താന്‍കാരുണ്ട്. അവര്‍ എന്തിന് വന്നു, എപ്പോള്‍ വന്നുവെന്നൊന്നും ആര്‍ക്കുമറിയില്ല. തീവ്രവാദലഹരിയില്‍ അവര്‍ മുഴുകിയിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്.

2) അവന്റെ ഉപ്പ പാകിസ്താനിയാണ്. ഉമ്മ ഇന്ത്യക്കാരിയും. അതുകൊണ്ട് പാകിസ്താനി തന്തയെ സംരക്ഷിക്കേണ്ടത് ജാരസന്തതിയുടെ കടമയാണ്. നീ ഞങ്ങളെ ഒറ്റിയാല്‍ നിന്നെയും നിന്റെ ഉസ്താദക്കന്മാരെയും ഏത് ഒളിത്താവളത്തിലാണെങ്കിലും പൊക്കിയിരിക്കും. നിന്റെയൊന്നും ഭീകരവാദം ഇനി ഇന്ത്യയില്‍ നടക്കില്ലെന്ന് ഞങ്ങളുടെ പ്രതിരോധമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

3) ഇയാള്‍ക്ക് പാകിസ്താന്‍ ഐഎസ്‌ഐയുമായി ബന്ധമുണ്ട്. സ്ലീപ്പര്‍ സെല്‍ മെമ്പറാണ്. (മെയ് 12, കര്‍മ്മ ന്യൂസ്)

4) ഇയാള്‍ കശ്മീരിലെ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട് (മെയ് 14, ജന്മഭൂമി).

പാക് അനുകൂല അക്കൗണ്ട്

മുജീബ് പാക് അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരുന്നുവെന്ന ആരോപണം താമസിയാതെ അന്വേഷണ ഏജന്‍സികള്‍ ഉന്നയിച്ചു. ഇന്ത്യാ വിരുദ്ധവും തീവ്രനിലപാടുള്ളതുമായ അക്കൗണ്ടുകളെ മുജീബ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്‌തെന്നും അവകാശപ്പെട്ടു (മെയ് 15, മലയാള മനോരമ).

29. മലപ്പുറത്തെ ഗ്ലോറിഫൈ ചെയ്യുമ്പോള്‍ മതത്തെ ഗ്ലോറിഫൈ ചെയ്യുന്നു

മലപ്പുറത്തെക്കുറിച്ച ഇസ്ലാമോഫോബിക് മാതൃക കുറൊച്ചൊക്കെ പഠിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലപ്പുറം നന്മയെന്ന പ്രയോഗവും പടര്‍ന്നുപിടിച്ചു. ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള പഠനങ്ങള്‍ മലപ്പുറം നന്മയുടെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാല്‍ മലപ്പുറം നന്മയെക്കുറിച്ച പരാമര്‍ശങ്ങളെ ഇസ്ലാമോഫോബിക് മാതൃക ഉപയോഗപ്പെടുത്തി വിമര്‍ശിക്കുകയാണ് മലയാളം വാരികയില്‍ താഹ മാടായി എഴുതിയ മലപ്പുറം നന്മമരമോ? എന്ന ലേഖനം (മലപ്പുറം നന്മമരമോ?, താഹ മാടായി , മെയ് 12, പേജ് 32, 33, മലയാളം വാരിക).

എന്ത് പറയുമ്പോഴും മലപ്പുറം വൈബ്, മലപ്പുറം കിസ്സ, സ്‌നേഹത്തിന്റെ കടല്‍ ഇങ്ങനെ തീറ്റിച്ചതും മധുരം വിളമ്പിയതും പറയുന്ന ആ സംഭവം മഹാബോറാണ്. മുസ്ലീം ചരിത്രത്തില്‍ കൊടുങ്ങല്ലൂരിനോ മാടായിക്കോണത്തിനോയുള്ള സ്ഥാനമൊന്നും മലപ്പുറത്തില്ല. മുസ്ലീം പെണ്‍കുട്ടികള്‍ സ്വസമുദായത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ ചതുരവടിവുകളില്‍നിന്ന് പുറത്തുകടക്കുകയും വ്യക്തിഗത ചിന്താ സ്വാതന്ത്ര്യങ്ങളിലൂടെ ഉന്മേഷം നിറഞ്ഞ കണ്ടന്റുകളുമായി മുന്നോട്ടുപോവുകയാണ്. മലപ്പുറത്തെ ഗ്ലോറിഫൈ ചെയ്യുമ്പോള്‍ മതത്തെ ഗ്ലോറിഫൈ ചെയ്യുകയാണ്. കയ്യൂരും കാവുമ്പായിലും കര്‍ഷക സമരം നടത്തിയവര്‍ക്ക് ജാതിയും മതവുമുണ്ടായിരുന്നു. പക്ഷേ, അവിടെയൊന്നും മതം ചരിത്രാവലോകനത്തിന്റെ ഭാഗമായില്ല. മുസ്ലീം ചരിത്രം പറഞ്ഞത് മാപ്പിള ആണുങ്ങളാണെന്നാണ് മലപ്പുറം വൈബുകാര്‍ പറയാന്‍ മടിക്കുന്നത്. എല്ലാ കേരളീയരുടെയും നന്മതന്നെയേ മലപ്പുറത്തുമുള്ളൂ.

30. ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിശയോ തോമസോ ഇല്ല

ഷവര്‍മയെ മുസ്ലീം വിദ്വേഷത്തിനുള്ള അവസരമാക്കി മാറ്റുന്നത് കേരളത്തില്‍ ഇതാദ്യമല്ല. 2024ലും ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാനമായ വിദ്വേഷപരാമര്‍ശമാണ് കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍ മധു നടത്തിയത്. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തിലെ വേദിയിലായിരുന്നു മധുവിന്റെ പ്രസംഗം: “ആഹാരം തൃപ്തി തോന്നണമെന്നുണ്ടെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് രാത്രിഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്, ആ ഭക്ഷണങ്ങളുടെ പേരുകള്‍ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാന്‍പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല. ഇന്ന് കേരളത്തിലെ തെരുവിലൂടെ നടന്നുപോവുമ്പോള്‍ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ഗന്ധം നമ്മുടെ നാസാദ്വാരങ്ങളെ തുളച്ച് കടന്നു പോവുന്നു. ഒരു ശ്മാശാനത്തിലൂടെ നടന്നുപോകുന്ന പ്രതീതിയാണ് ഇന്ന് കേരളത്തിലെ തെരുവിലൂടെ വൈകീട്ട് നടന്നുപോവുമ്പോള്‍. അവര്‍ ശവവവര്‍മയാണ് കഴിക്കുന്നത് ചിലര്‍ അതിനെ ഷവര്‍മ എന്ന് വിളിക്കുന്നു. കഴിക്കുന്നത് ‘വര്‍മയാണ്’, കഴിക്കുന്നത് ‘ശവമാണ്’. കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല തോമസ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്. ആക്രാന്തം മൂത്ത് ഇത് കഴിച്ച് പണ്ടാരമടങ്ങുന്നവന്റെ പേര് ഹിന്ദുവെന്നാണ്” (മെയ് 13, ന്യൂസ് 18).

ന്യൂസ് 18 പ്രസിദ്ധീകരിച്ച വാർത്ത

ഇതേ പ്രസംഗത്തില്‍ അദ്ദേഹം വേടനെയും ആക്രമിച്ചു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നും ഇതിന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നുമായിരുന്നുമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. വേടനെതിരേയുള്ള പരാമര്‍ശത്തിനെതിരേ കിഴക്കെ കല്ലട പൊലീസ് കേസെടുത്തു (മെയ് 16, ന്യൂസ് മലയാളം).

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ എന്‍.ആര്‍ മധുവിനെതിരെ കേസെടുത്തു. സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധന്റെ പരാതിയിലാണ് കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തത്. ഇസ്ലാമോഫോബിക് വിദ്വേഷപ്രചാരണം പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല (മെയ് 16, മീഡിയാവണ്‍).

വേടന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍

മധുവിനെതിരെ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വേടന് പിന്നില്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്: കേസരി പത്രാധിപര്‍ ശ്രീ എന്‍.ആര്‍ മധുവിനെതിരെ കേസെടുത്ത നടപടി പൗരന്റെ മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. തീവ്ര ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേടന്‍ ജാതി ഭീകരവാദം വളര്‍ത്തുന്നു എന്ന ശ്രീ മധുവിന്റെ ആരോപണം വസ്തുതപരമായി ഉന്നയിക്കപ്പെട്ടതാണ്. വേടന്റെ പ്രമോട്ടര്‍മാര്‍ തീവ്ര ഇസ്ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണ്. ദലിത് വിഭാഗത്തെ ഹിന്ദു സമൂഹത്തില്‍ നിന്നും വേര്‍പ്പെടുത്തി ഇസ്ലാമിക ഐക്യത്തിലൂടെ ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. കേരളത്തെ സ്വാധീനിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ ഭക്ഷണ സംസ്‌കാരം കേരളീയ ഹിന്ദു ജീവിത രീതിയെ ഗുരുതരമായി ബാധിക്കുന്നു എന്ന് ആരും സമ്മതിക്കും. കേരളത്തില്‍ ആ ദുസ്വാധീനത്തിന് കൂടുതലും വഴിപ്പെടുന്നത് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണെന്ന് പറയാന്‍ ഹിന്ദു സംഘടന പ്രവര്‍ത്തകന്‍ കൂടിയായ മധുവിന് അവകാശമുണ്ട്. പാല ബിഷപ്പ് നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞതും കെ.ടി ജലീല്‍ മയക്കുമരുന്ന് കച്ചവടത്തിലെ മുസ്ലീം പങ്കാളിത്തത്തെ കുറിച്ച് പറഞ്ഞതും ഇതേ രീതിയില്‍ തന്നെയാണ്. വസ്ത്രധാരണവും ഭക്ഷണവുമെല്ലാം സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. അതിലുണ്ടാവുന്ന മാറ്റം സംസ്‌കാരവിരുദ്ധമാവുന്നത് ഒരു നാടിന്റെ ജീവിത സംസ്‌കാരത്തിന് ഗുണകരമല്ല (മെയ് 17, ആര്‍.വി ബാബു/ഫേസ്ബുക്ക്).

31. മദ്രസയിലെ ഭീകരവാദം

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 13ന് ജനം ടിവി ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യന്‍ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ കരസേന ഉദ്യോഗസ്ഥന്‍ സനല്‍കുമാര്‍ ഭീകരവാദം പാകിസ്താന്റെ പ്രഖ്യാപിത നയമാണെന്ന് അഭിപ്രായപ്പെട്ടു: തങ്ങളുടെ രാജ്യത്ത് ഭീകരവാദമില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. സൈദ്ധാന്തികമായി അത് ശരിയാണ്. കാരണം പാകിസ്താനില്‍ ഇരിക്കുന്നിടത്തോളം അവര്‍ മദ്രസ അധ്യാപകരും വിദ്യാര്‍ത്ഥികളും മതാധ്യാപകരുമാണ്. കശ്മീരിലേക്ക് അയക്കുമ്പോഴാണ് അവര്‍ ടെററിസം ചെയ്യുന്നത്. അതുവരെ അവര്‍ സിവിലിയന്‍സാണ്. പക്ഷേ, അതവര്‍ സമ്മതിക്കുന്നില്ല. സമ്മതിച്ചാല്‍ പാകിസ്താനിലെ ഭരണകൂടം പ്രതിസന്ധിയിലാകും. നിങ്ങളെന്ത് ചെയ്യുകയാണെന്ന് അവര്‍ ചോദിക്കും. (‘മദ്രസയില്‍ പഠിക്കുമ്പോള്‍ തന്നെ ആയുധങ്ങള്‍ കൊടുത്ത് അതിര്‍ത്തിയിലേക്ക് കടത്തിവിടുന്നത് ഭീകരവാദം അല്ലേ?’, മെയ് 13, ജനം ടിവി). മദ്രസകളാണ് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നത് പ്രചാരത്തിലുള്ള ഇസ്ലാമോഫോബിക് വാദഗതിയാണ്.

ജനം ടിവി സംപ്രേക്ഷണം ചെയ്ത ഡിബേറ്റ്

32. എന്തുപറഞ്ഞാലും ഇസ്‌ലാമോഫോബിയ

യുക്തിവാദിയായ രവിചന്ദ്രന്‍ ഇസ്‌ലാമോഫോബിയയെക്കുറിച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്ന്:

ഏത് മുസ്ലിംരാജ്യങ്ങളിൽ നോക്കിയാലും അവിടെ ഒന്നുകില്‍ മതനേതൃത്വത്തെ തുടച്ചുനീക്കാന്‍ ഏകാധിപതികളും പട്ടാളവും നില്‍ക്കുന്നു, അല്ലെങ്കില്‍ ഏകാധിപതികളെ തുടച്ചുനീക്കാന്‍ മതനേതൃത്വം നില്‍ക്കുന്നു. ഈ അവസ്ഥയില്ലാത്ത മുസ്ലീം രാജ്യങ്ങളുണ്ടോയെന്ന് ചോദിച്ചാല്‍ അത് ഇസ്‌ലാമോഫോബിയയാവുമോ? അത് ഇസ്‌ലാമോഫോബിയയാണ്. മുസ്ലീങ്ങൾ ന്യൂനപക്ഷങ്ങളാണെങ്കില്‍ ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങളെക്കുറിച്ച് വലിയ തോതിലുള്ള ധാരണയുണ്ടാവും. അവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ അങ്ങനെയുണ്ടാവുന്നില്ല. മുസ്ലീങ്ങൾ ന്യൂനപക്ഷങ്ങളാകാത്ത രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ അവകാശാധികാരങ്ങളെക്കുറിച്ച് മുസ്ലീങ്ങൾക്ക് വേണ്ടത്രെ ബോധമില്ലല്ലോ എന്ന് ചോദിച്ചാലും ഇസ്‌ലാമോഫോബിയയാവുമത്രെ. ഇസ്‌ലാമോഫോബിയയുടെ നിര്‍വചനം പോകുന്ന പോക്കാണ്. ഇന്‍ക്ലൂസീവ് ജനറലൈസേഷനും എക്‌സ്‌ക്ലൂസീവ് ജനറലൈസേഷനും ഇസ്‌ലാമോഫോബിയയാണ്. എല്ലാ മുസ്ലീം രാജ്യങ്ങളിലും ഒന്നുകില്‍ പട്ടാളഭരണോ അല്ലെങ്കില്‍ ഏകാധിപതികളുടെ ഭരണമോയാണ് (മെയ് 13, രവിചന്ദ്രന്‍, ന്യൂറോണ്‍സ്).

33. കശ്മീര്‍: സെമിനാറിന് വിലക്ക്

തീവ്രദേശീയതയുടെ പ്രശ്‌നത്തെ കശ്മീര്‍ ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്ന സെമിനാറിന് കോഴിക്കോട് സര്‍വകലാശാല വിലക്കേര്‍പ്പെടുത്തി. സര്‍വകലാശാലയുടെ ഇഎംഎസ് ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസാണ് സെമിനാര്‍ തീരുമാനിച്ചത്. മെയ് 15ന് നടക്കാനിരുന്ന സെമിനാറില്‍ ഡോ. സെയ്ദ സൈയിദയിന്‍ ഹമീദിനെയാണ് പ്രഭാഷകയായി നിശ്ചയിച്ചിരുന്നത്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു സെമിനാര്‍ നടത്താന്‍ അനുവദിക്കാനാവില്ലെന്നാണ് വിസി സംഘാടകരെ അറിയിച്ചത്. സെമിനാര്‍ വിഷയം വിസി ഡോ. പി രവീന്ദ്രനെ അറിയിച്ചിരുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കേന്ദ്ര ആസൂത്രണബോര്‍ഡ് മുന്‍ അംഗവും വനിതാ അവകാശപ്രവര്‍ത്തകയുമാണ് ഡോ. സെയ്ദ.

ഇതേ ദിവസങ്ങളില്‍ കേരള സര്‍വകലാശാല തമിഴ് വകുപ്പ് ദേശീയതയെക്കുറിച്ച് നടത്താന്‍ നിശ്ചയിച്ച സെമിനാറിനും വിലക്കേര്‍പ്പെടുത്തിയിരുന്നു (മെയ് 13 മാധ്യമം).

കേരള സര്‍വകലാശാലയിലേത് പാക് അനുകൂല സെമിനാറാണെന്നും എസ്എഫ്‌ഐ തീവ്രവാദത്തിന് കുടപിടിക്കുകയാണെന്നുമുള്ള ആരോപണവുമായി എബിവിപി പ്രത്യക്ഷപ്പെട്ടു. ഇത്തരം സെമിനാറുകളെ തങ്ങള്‍ നേരിടുമെന്നും പാലക്കാട് ഐഐടിയലും എബിവിപി ഇത് ചെയ്തിട്ടുണ്ടെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു (മെയ് 14, ജന്മഭൂമി).

കശ്മീര്‍ ചര്‍ച്ച ചെയ്യാന്‍ സംഘപരിവാറിന് മടി

കശ്മീര്‍ പ്രശ്‌നം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഡോ. സെയ്ദ സായിദീന്‍ ഹമീദ് പ്രതികരിച്ചു. കലിക്കറ്റ് സര്‍വലാശാലയില്‍ വ്യാഴാഴ്ച ഇഎംഎസ് ചെയര്‍ നടത്താനിരുന്ന ‘കശ്മീരിയത്തും അതിഭൂരിപക്ഷ വാദവും’ സെമിനാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. കശ്മീരിയത്ത് വിഷയം കലിക്കറ്റ് സര്‍വകലാശാലയില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചത് മഹത്തരമായ തീരുമാനമായിരുന്നു. കശ്മീര്‍ ജനത അനുഭവിക്കുന്ന ദുരിതം എന്താണെന്ന് മനസ്സിലാക്കാനും അതേക്കുറിച്ച് ചര്‍ച്ചചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍, വൈസ് ചാന്‍സലര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചു. നിരവധി വിഷയങ്ങളില്‍ ചര്‍ച്ചനടന്നിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ല.

വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും മുഴങ്ങുന്ന കശ്മീരിന് സാന്ത്വന സ്പര്‍ശം അനിവാര്യമാണെന്ന് സെറീന ട്രസ്റ്റ് ‘സൂഫിസം ദി ഇന്റഗ്രേഷന്‍ ഓഫ് ടു ഫെയ്ത്സ്’ വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. എല്ലാ രാത്രികളിലും ബ്ലോക്ക് ഔട്ട് നടക്കുന്ന കശ്മീരിലെ ജനജീവിതം സുഗമമല്ല. പാകിസ്താനിലെ സാധാരണ ജനങ്ങളും യുദ്ധവും സംഘര്‍ഷവും ആഗ്രഹിക്കുന്നവരല്ല. വിദ്യാഭ്യാസവും ആരോഗ്യവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരായി കാണാനാണ് നിലവിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുസ്ലീമായി ജീവിക്കുകയെന്നത് എളുപ്പമല്ലാതായി മാറി. ഹിന്ദുവും മുസ്ലീമും ഒരുപോലെ ജീവിക്കുന്ന കേരളം മതേതരത്വത്തിന്റെ മനോഹരകൂടിച്ചേരലുള്ള നാടാണ്. ഈ കരുത്തുമായാണ് താന്‍ കശ്മീരിലേക്ക് പോകുക.

34. പഹല്‍ഗാം ആക്രമണത്തില്‍ സുപ്രീംകോടതിക്കും പങ്ക്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുപ്രീംകോടതിക്കും പങ്കുണ്ടെന്ന് ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രഭാഷണത്തിലാണ് നന്ദകുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നത്. ജമ്മു കശ്മീരിലെ സ്ഥിതി വഷളാക്കിയതിലും സുപ്രീംകോടതിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു: തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം കേന്ദ്രത്തിന് നടപ്പാക്കേണ്ടി വരികയായിരുന്നു. കശ്മീരിലെ സ്ഥിതി സാധാരണ നിലയില്‍ എത്തുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അങ്ങനെ അവിടെ ഭീകരവാദികളെ പിന്തുണക്കുന്ന, അവര്‍ക്ക് ആക്‌സസ് ഉള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ‘കൊളീജിയം എംപുരാന്‍മാര്‍, കൊളീജിയം തിരുമേനിമാര്‍’ എന്നു പറഞ്ഞ് സുപ്രീംകോടതി ജഡ്ജിമാരെ പരിഹസിക്കുന്നുമുണ്ട് അദ്ദേഹം. ആര്‍എസ്എസിന്റെ വൈജ്ഞാനിക, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കണ്‍വീനറാണ് ജെ നന്ദകുമാര്‍. പ്രസംഗത്തിനെതിരെ അഭിഭാഷകനും കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആര്‍ അനൂപിന്റെ പരാതി നല്‍കി (മെയ് 14, ഡൂള്‍ ന്യൂസ്).

35. ഇസ്‌ലാമോഫോബിയ: ശീതയുദ്ധത്തിന് ശേഷം വിതയ്ക്കപ്പെട്ട മാരക വിത്ത്

ശീതയുദ്ധത്തിന് ശേഷം വിതയ്ക്കപ്പെട്ട വിപരീതങ്ങളുടെ വിത്തുകളില്‍ മാരകം ഇസ്‌ലാമോഫോബിയ എന്ന സാമ്രാജ്യത്വ ഉത്പന്നമാണെന്ന് എഴുത്തുകാരന്‍ ഡോ. ആസാദ്. സാമ്രാജ്യത്വത്തിന് നേരിടാനുള്ള മുഖ്യശത്രു സോഷ്യലിസമല്ല, വംശീയ വിപരീതമാണെന്ന പുതുകണ്ടെത്തല്‍ കോര്‍പ്പറേറ്റ് നവ മുതലാളിത്തത്തെ വംശീയമുതലാളിത്തമാക്കിയും പരിവര്‍ത്തിപ്പിച്ചു. ആ ദ്വന്ദ്വങ്ങളിലേക്ക് ലോകക്രമത്തെ പുതുക്കിപ്പണിയാന്‍ മൂലധന ശക്തികളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും കിണഞ്ഞു ശ്രമിച്ച മൂന്ന് പതിറ്റാണ്ടുകളാണ് പിന്നീട് കടന്നുപോയത്- രാമദാസ് കടവല്ലൂരിന്റെ ‘സത്യപ്പുല്ല്’ എന്ന ഡോക്യുമെന്ററിയെക്കുറിച്ച് എഴുത്തുകാരനും അധ്യാപകനുമായ ഡോ. ആസാദ് പങ്കുവച്ച കുറിപ്പാണ് ഇത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയയുടെ ബലതന്ത്രത്തെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്.

ഇസ്ലാം വെറുപ്പിന്റെയോ ഇസ്ലാം ഭയത്തിന്റെയോ അന്തരീക്ഷം രൂപപ്പെടുത്തി വളര്‍ത്തിയെടുക്കാന്‍ പാകത്തില്‍ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം വളര്‍ന്നു. ബാബറിമസ്ജിദ് തകര്‍ത്തുകൊണ്ട് പുതു അജണ്ടയുടെ പ്രയോഗം ആരംഭിച്ച ‘ഹിന്ദുത്വം’ ഗുജറാത്ത് വംശഹത്യയോടെ വംശീയ മുതലാളിത്തത്തിന്റെ ഇന്ത്യന്‍ പാത ശക്തിപ്പെടുത്തി. കേന്ദ്ര ഭരണം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ കഴിയുമെന്ന് വന്നതോടെ ഇന്ത്യന്‍ മുസ്ലീങ്ങളും ചൂഷിത സാമൂഹിക വിഭാഗങ്ങളും ജീവഭയത്തോടെ കഴിയേണ്ട അവസ്ഥയിലായി. പൗരത്വ നിയമ ഭേദഗതിയും ന്യൂനപക്ഷ അവകാശ നിഷേധങ്ങളും മുസ്ലീം വേട്ടയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ ജീവിതം അതീവ ദുഷ്‌കരമാക്കി. ആഴത്തില്‍ പിളര്‍ക്കപ്പെട്ട സമൂഹമായി ഇന്ത്യന്‍ പൗരസമൂഹം മാറി. ആട്ടിയോടിക്കപ്പെടേണ്ട വിഭാഗം എന്ന നിലയില്‍ ഉന്മൂലന ത്വരയോടെ മുസ്ലീം സമൂഹത്തെ നോക്കാന്‍ പ്രേരിപ്പിക്കുന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു. നിങ്ങളുടെ ദേശം മറ്റൊന്നാണ് എന്ന് അവര്‍ നിരന്തരം അക്രമിക്കപ്പെട്ടു.

വിവേചനത്തിനും വെറുപ്പിനും ഇരയാകുന്നത് കൂടുതലും മുസ്ലീം സ്ത്രീകളാണെന്ന് വന്നു. പലവിധ ചൂഷണങ്ങളാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. അതേ സമയം കൂടുതല്‍പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലേക്ക് വളര്‍ന്നു. അത് അവരില്‍ സൃഷ്ടിച്ച ആത്മബോധവും സ്വാതന്ത്ര്യേച്ഛയും ചെറുതല്ല. എന്നാല്‍ അതിന് തടസ്സമായി വളഞ്ഞു നിന്ന ഇസ്‌ലാമോഫോബിയയുടെ എല്ലാ രൂപങ്ങളോടും അവര്‍ക്ക് പൊരുതാതെ വയ്യെന്നായി. അത് തീരെ എളുപ്പമല്ല. അതുകൊണ്ടുതന്നെ ഡിപ്രഷനിലേക്കോ ആത്മഹത്യയോളം പോന്ന രോഗാതുരമൗനത്തിലേക്കോ അവര്‍ എടുത്തെറിയപ്പെട്ടു.

ഇതോടൊപ്പം ദലിതുകളോടും ആദിവാസികളോടും ഇതര ഗോത്ര അടിത്തട്ടു സമൂഹങ്ങളോടും ഉള്ള ഹിന്ദുത്വ നിലപാട് കൂടുതല്‍ ഹിംസാത്മകമായി. ജാതികോയ്മാ വരേണ്യതയുടെ അഴിഞ്ഞാട്ടമായി. ന്യൂനപക്ഷ സമുദായങ്ങളും ദുർബല വിഭാഗങ്ങളും വംശീയാധികാര ദുഷ്പ്രഭുത്വത്തിന്റെ വേട്ടയാടലിന് തുടര്‍ച്ചയായി വിധേയപ്പെട്ടു. ഹിന്ദുത്വ മേല്‍ക്കോയ്മയുടെ പ്രകടനങ്ങള്‍, ഈ വിഭാഗങ്ങളെയും എല്ലാ മതത്തില്‍ പെട്ടവരും മതവിശ്വസികളേ അല്ലാത്തവരും ഉള്‍പ്പെട്ട മതേതര ഇന്ത്യന്‍ ദേശസ്‌നേഹികളെയും ഏറെ തകര്‍ത്തു. അഖണ്ഡമെന്ന് കരുതിയതും ആഗ്രഹിച്ചതുമെതെല്ലാം തകര്‍ന്നു ചിന്നിമാറുന്നത് കണ്‍മുന്നില്‍ കണ്ടു. അവര്‍ കഠിനമായ ദുഖവും അമര്‍ഷവും അനുഭവിച്ചു. ഏറെ ഒറ്റപ്പെട്ടു. മനക്ലേശത്തില്‍ ഉഴന്നു. പലവിധ ട്രോമകളില്‍ ചിതറി. ഇന്ത്യന്‍ രാഷ്ട്രീയ ഗതികേടിന്റെ വേരുകളില്‍ ചെന്ന് വെട്ടുകയാണ് രാമദാസ്. ഇസ്‌ലാമോഫോബിയയുടെ കലാവഴക്കങ്ങളെയും വരേണ്യനിഷ്ഠ വിവേചനങ്ങളെയും അയാള്‍ തുറന്ന് പുറത്തിടുന്നു. ഇന്ത്യന്‍ ചരിത്രത്തിനും ദേശീയതക്കും അവയുടെ സമീപകാല വ്യാഖ്യാനങ്ങള്‍ക്കും കുറുകെ നിലയ്ക്കാതെ പല താളത്തില്‍ സഞ്ചരിക്കുന്ന അന്‍വര്‍ അലിയുടെ തീവണ്ടിക്കവിത ഈ ചലച്ചിത്രത്തിന്റെ ആത്മാവിനെ തെളിച്ചു നിര്‍ത്തി. റാഷിദ എന്ന പെണ്‍കുട്ടിയുടെ വൈയക്തിക അനുഭവങ്ങളിലൂടെ ഒരു ദേശത്തില്‍ ചവിട്ടിയമര്‍ത്തപ്പെടുന്ന ജീവിതങ്ങളുടെ വീര്‍പ്പുകള്‍ ഉയര്‍ന്നുകണ്ടു. (മെയ് 14, ഡോ. ആസാദ്/ ഫേസ്ബുക്ക് പോസ്റ്റ്).

36. ഇസ്‌ലാമോഫോബിയയുടെ മനഃശാസ്ത്രം

അണ്‍മാസ്‌കിങ് അനോമലീസ് എന്ന യുട്യൂബ് ചാനലിലൂടെ ഇസ്‌ലാമോഫോബിയയുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ ഒരു ഡോക്യുമെന്ററി പുറത്തുവിട്ടു (മെയ് 14, അണ്‍മാസ്‌കിങ് അനോമലീസ്). ഡോക്യുമെന്ററിയുടെ പ്രധാന വാദങ്ങള്‍ ഇവയാണ്: മനുഷ്യര്‍ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ നിലപാടുകളും രൂപപ്പെടുത്തുന്നത് എന്നത് തെറ്റിദ്ധാരണയാണ്. മനുഷ്യന്‍ വികാരജീവിയാണ്. യുക്തി ആനപ്പുറത്തിരിക്കുന്ന പാപ്പാനാണെന്ന് ജൊനാഥന്‍ ഹൈഥ് വിശദീകരിക്കുന്നത്. വികാരമാകുന്ന ആനയെ സേവിക്കലാണ് പാപ്പാന്റെ ജോലി.

മുസ്ലീങ്ങള്‍ക്കെതിരേ ധാരാളം ആരോപണങ്ങളുണ്ട്. ഇറാഖ്, സിറിയ, യമന്‍, ഫലസ്തീന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ പരിശോധിച്ചുകൊണ്ട് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ ആ രാജ്യം കുട്ടിച്ചോറാകും എന്നും ബോംബും വെടിയുമായിരിക്കും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തും എന്ന തീര്‍പ്പിലെത്തും. ആദ്യം പറയുന്ന വസ്തുതകളില്‍നിന്ന് സ്വാഭാവികമായ നിഗമനമല്ല രണ്ടാമത്തേത്. മറിച്ചാണ്. അല്ലായിരുന്നെങ്കില്‍ ആ നിഗമനത്തിലെത്തുന്നതിനു മുമ്പ് തജിക്കിസ്താന്‍, തുര്‍ക്കുമിനിസ്താന്‍, അസര്‍ബൈജാന്‍, മലേഷ്യ, ഇന്തോനേഷ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ അനേകം മുസ്ലീം രാജ്യങ്ങളെക്കൂടി പരിഗണിക്കുമായിരുന്നു. ഇപ്പോള്‍ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ നൂറ്റാണ്ടുകളായി ഇസ്ലാമുണ്ടായിരുന്നുവെന്നും വിവിധ ജനവിഭാഗങ്ങള്‍ ജീവിച്ചിരുന്ന ഈ പ്രദേശങ്ങള്‍ സാമ്പത്തികവും സാംസ്‌കാരികവും തുടങ്ങി എല്ലാ തലങ്ങളിലും ഉന്നതിയിലായിരുന്നുവെന്നുമുള്ള വസ്തുതയും പരിഗണിക്കുമായിരുന്നു. സിറിയക്കാരും ലിബിയക്കാരും ഖുര്‍ആന്‍ കാണുന്നത് രണ്ടായിരത്തിനുശേഷമല്ല. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചില വ്യക്തികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളും ഭൗമരാഷ്ട്രീയത്തിന്റെ പ്രത്യേകതയുമാണുള്ളത്.

ഇന്ത്യയിലേക്ക് വന്നാല്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം ഇവിടത്തെ 14 ശതമാനം മുസ്ലീങ്ങളാണെന്നാണ് പ്രചാരണം. അവര്‍ ഇന്ത്യക്ക് ഭീഷണിയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം മുസ്ലീങ്ങളുണ്ടായിരുന്നെന്നും അറുന്നൂറ് വര്‍ഷങ്ങളോളം മുസ്ലീങ്ങള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും ഇന്നും ഭൂരിപക്ഷം അമുസ്ലീങ്ങളാണെന്നുമുള്ള വസ്തുത നിലനില്‍ക്കെയാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയില്‍ മതസംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. പിന്നീട് 90കള്‍ക്കുശേഷം രാഷ്ട്രീയകാലാവസ്ഥയില്‍ വീണ്ടും മാറ്റം വന്നു. ഇതിന്റെ പിന്നില്‍ ചുരുക്കം ചിലരുടെ അധികാര, രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളാണ്.

ഇവിടെയൊക്കെ നടക്കുന്നത് നേരത്തെ രൂപപ്പെടുത്തിയ നിഗമനങ്ങള്‍ക്ക് യുക്തി ഉപയോഗിച്ച് ന്യായീകരണം കണ്ടെത്തലാണ്. അതിനാവശ്യമായ ഡാറ്റ മാത്രം പരിഗണിക്കുകയെന്നതാണ്. അതുകൊണ്ടാണ് കൈവെട്ടുകേസിനു ശേഷമാണ് മതധ്രൂവീകരണമുണ്ടാവുന്നതെന്നും ഹലാല്‍ഭക്ഷണവും മതപ്രബോധനവുമാണ് കാരണമെന്നും പ്രചരിപ്പിക്കപ്പെടുന്നത്. ഇതൊക്കെ വസ്തുതാവിരുദ്ധമാണെന്നു മാത്രമല്ല, യുക്തിരഹിതവുമാണ്.

അനലിറ്റിക്കല്‍ തിങ്കിങ്, ഇന്റ്യൂറ്റീവ് തിങ്കിങ് എന്നിങ്ങനെ നമ്മുടെ ചിന്തകള്‍ രണ്ട് രീതികളുണ്ട്. അനലറ്റിക്കല്‍ തിങ്കിങ് ആണ് യഥാര്‍ത്ഥ ചിന്ത. ഇത് ബോധപൂര്‍വവും യുക്തിസഹവുമാണ്. വിശകലനാത്മകവുമാണ്. ഇതിന് തലച്ചോറിന് കൂടുതല്‍ ഊര്‍ജം വേണം. ഇന്റ്യൂറ്റീവ് തിങ്കിങ് ആണ് സ്ഥായി. ഇത് സഹജവും വൈകാരികവും ബോധപൂര്‍വമല്ലാത്തതുമാണ്. പെട്ടെന്ന് നിഗമനങ്ങളിലെത്തുന്നു. രണ്ടും മനുഷ്യന് ആവശ്യമാണ്. സ്‌നേഹം, ദയ, ധാർമ്മികത ഇതൊക്കെ ഈ വിചാരങ്ങളുടെ ഭാഗമാണ്. അധ്വാനിച്ചുണ്ടാക്കിയ പണം മറ്റൊരാള്‍ക്ക് നല്‍കി സഹായിക്കണമോയെന്നത് വിശകലന ബുദ്ധിയോടെ ചിന്തിച്ചാല്‍ വേണ്ടെന്നായിരിക്കും പറയുക. ഇന്റ്യൂറ്റീവ് തിങ്കിങാണ് അത് സാധ്യമാക്കുന്നത്. മുസ്ലീങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മറ്റിതര വിഭാഗങ്ങള്‍ നടത്തുന്ന അക്രമങ്ങളേക്കാള്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നു. ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാന്‍ ഫണ്ട് ചെയ്യുന്ന ഏജന്‍സികളുണ്ട്. ഇസ്‌ലാമോഫോബിയ പല തരത്തിലും മുസ്ലീങ്ങളെ ബാധിക്കുന്നു. ഇസ്‌ലാമോഫോബിയക്ക് ഇസ്ലാം തന്നെയാണ് പരിഹാരം.

37. കോന്നിയിലെ ആനയും മലപ്പുറത്തെ ആനയും

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് സ്വദേശി രാജുവിനെ സിപിഎം എം.എല്‍.എ കെ.യു ജനീഷ് കുമാര്‍ ഫോസ്റ്റ് സ്‌റ്റേഷനിലെത്തി മോചിപ്പിച്ചു. ഇതിനെതിരേ കൂടല്‍ പൊലീസ് കേസെടുത്തു. ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടിലെ സാധാരണക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതിനെതിരെയാണ് താന്‍ ഇടപെട്ടതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എം.എല്‍.എയുടെ വിശദീകരണം. കൈതച്ചക്ക കൃഷി പാട്ടത്തിന് എടുത്തവര്‍ സോളാര്‍ വേലിയിലൂടെ വലിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേല്‍ക്കാന്‍ കാരണമെന്നായിരുന്നു വനം വകുപ്പ് പറഞ്ഞത്. വിവരം പുറത്തറിഞ്ഞതോടെ ഡി.എഫ്.ഒ ആയുഷ് കുമാര്‍ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കുളത്തുമണ്ണിലെ വനമേഖലയോട് ചേര്‍ന്ന മണ്ണില്‍ ബൈജുവിന്റെ സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. അന്ന് ബൈജുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ബൈജുവിന്റെ വസ്തുവില്‍ ഇടുക്കി സ്വദേശികളായ ജാന്‍, ബൈജു ജോബ് എന്നിവരാണ് പാട്ടത്തിന് കൈതച്ചക്ക കൃഷി ചെയ്തിരുന്നത്. എം.എല്‍.എക്ക് പിന്തുണയുമായി ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് രംഗത്തുവന്നു.

കോന്നിയിൽ നിന്ന് വ്യത്യസ്തമായി സമാനമായ വന്യജീവിപ്രശ്‌നം നേരിടുന്ന മലയോര മേഖലകളെക്കുറിച്ച് ഇസ്ലാമോഫോബിക്കായ നിരവധി പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2020 മേയ് 27-ന് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ ഒരു ഗർഭിണിയായ കാട്ടാന മരിച്ചു. ആന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. താടിയും നാക്കും തകർന്ന് വെള്ളത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയാതെ ആന ദാരുണമായി മരിച്ചു. സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. മനേക ഗാന്ധി, ബിജെപി നേതാവും മൃഗസംരക്ഷണ പ്രവർത്തകയും, ഈ സംഭവത്തിൽ ശക്തമായ പ്രതികരണം നടത്തി. മനേക മലപ്പുറം ജില്ലയെ “ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല” എന്ന് വിശേഷിപ്പിച്ചു. അവർ പറഞ്ഞു: മലപ്പുറത്ത് മൃഗങ്ങളോടുള്ള ക്രൂരതകൾ സാധാരണമാണ്. ട്വിറ്ററിൽ മലപ്പുറത്തെ “മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് പ്രസിദ്ധമായ സ്ഥലം” എന്ന് വിശേഷിപ്പിച്ചു. ആനയുടെ മരണം “കൊലപാതകം” ആണെന്ന് മനേക ആരോപിച്ചു. സംഭവം നടന്നത് പാലക്കാട്ടാണെങ്കിലും മനേക മലപ്പുറത്തെയാണ് ലക്ഷ്യമിട്ടത്. അവർ കേരള വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ രാജി ആവശ്യപ്പെട്ടു (മെയ് 15, മാധ്യമം).

38. അര്‍ബുദമാണ് ജിഹാദി ഇസ്ലാം

മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനും മുന്‍സൈനികനുമായ സി.ആര്‍ പരമേശ്വരന്‍ പഹല്‍ഗാം ആക്രമണത്തിനുശേഷം ഒരു കുറിപ്പ് തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതി. പഹല്‍ഗാം ആക്രമണത്തില്‍ പ്രധാനമന്ത്രിയെയും സൈന്യത്തെയും മൊത്തത്തില്‍ ഭരണകൂടത്തെയും അഭിനന്ദിച്ച അദ്ദേഹം പൊളിറ്റിക്കല്‍ ഇസ്ലാമിനെയും ഇടതുപക്ഷ ആഖ്യാനങ്ങളെയും കുറ്റപ്പെടുത്തി. അതേസമയം സംഘപരിവാറിന്റെ സൈബര്‍ അണികളുടെ അത്യാവേശത്തെയും കുറ്റപ്പെടുത്തി. ജിഹാദി ഇസ്ലാം ലോകത്തിന്റെ അര്‍ബുദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന മുസ്ലീം പ്രതിരോധങ്ങളെ പരിഹസിക്കാനും അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തി:

മുത്തലാഖ് നിരോധിക്കുക, ഏക സിവില്‍ കോഡിന് ശ്രമിക്കുക എന്നിവയടക്കം സംഘപരിവാര്‍ സര്‍ക്കാരിന്റെ പല നിയമനിര്‍മ്മാണങ്ങളെയും അനുകൂലിക്കുന്ന ആളാണ് ഞാന്‍. അതുപോലെതന്നെയാണ് നിരന്തരമായ ബോംബ് സ്‌ഫോടനങ്ങളാല്‍ പോയ ദശകങ്ങളില്‍ ഇന്ത്യയെ തകര്‍ത്ത ഹിംസാത്മകമായ പൊളിറ്റിക്കല്‍ ഇസ്ലാമിനോടുള്ള അവരുടെ പ്രതിരോധവും. ഇപ്പോള്‍ ഇന്ത്യയില്‍ ദിവസേനയെന്നോണം ബോംബുകള്‍ പൊട്ടുന്നില്ല. ഇന്നും സജീവമായ ഇരപിടിയന്‍ മുതലാളിത്തത്തിനോടൊപ്പം ലോകത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു അര്‍ബുദമാണ് ജിഹാദി ഇസ്ലാം. നിരപരാധികളായ ലക്ഷക്കണക്കിന് ജനസാമാന്യത്തിന്റെ, വിശിഷ്യാ മുസ്ലീം ജനതയുടെ, ഘാതകരായ ഈ ദുഷ്ട ശക്തിക്കെതിരെ കഴിഞ്ഞ പത്തിലേറെ കൊല്ലങ്ങളായി ഇന്ത്യ നന്നായി പ്രതിരോധിക്കുന്നുണ്ട്. അക്കാര്യത്തിലും സംഘപരിവാര്‍ സര്‍ക്കാര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ഇതേ അളവിലുള്ള മികവുറ്റ നടപടിയാണ്, സ്വന്തം പാര്‍ട്ടിയിലെ പോലും യുദ്ധക്കഴുകന്മാരുടെ പ്രോത്സാഹനങ്ങള്‍ക്ക് ചെവി കൊടുക്കാതെ, ശരിയായ സമയത്ത് യുദ്ധ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇപ്പോള്‍ കാണിച്ച ധീരത. ഞാന്‍ നല്ല ഒരു അളവില്‍ ഒരു ശാന്തിവാദി ആണ്. എന്നാല്‍, ശാന്തിവാദം എന്നതിനര്‍ത്ഥം ബോംബുകളുടെയും അത്യാധുനിക ആയുധങ്ങളുടെയും തെമ്മാടി രാഷ്ട്രങ്ങളുടെയും സഹായത്തോടെ ഇരച്ചു കയറി വരുന്ന ഭീകരവാദികളുടെ മുന്‍പില്‍ മലന്നു കിടന്നുകൊടുക്കണം എന്നല്ല. അടിക്കണം. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ചുട്ട തിരിച്ചടി കൊടുക്കണം.

ജനാധിപത്യം പുലരുന്ന സോഫ്റ്റ് ടാര്‍ഗറ്റുകളില്‍ ഇരച്ചു കയറി മുസ്ലീങ്ങള്‍ അടക്കമുള്ള ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നു, നല്ല അസ്സല്‍ പ്രതിരോധം ഉള്ള ഇടങ്ങളില്‍ ‘ ചുണ്ടങ്ങ- കൊടുത്ത്- വഴുതനങ്ങ- വാങ്ങല്‍’ സിന്‍ഡ്രോം പരാജയപ്പെട്ട് ലോകത്തിന് മുന്നില്‍ മോങ്ങുന്നു (മെയ് 15, യുദ്ധം – ചില പാര്‍ശ്വദൃശ്യങ്ങള്‍, സി.ആര്‍ പരമേശ്വരന്‍/ഫേസ്ബുക്ക് പോസ്റ്റ്).

തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.

Also Read