“കടല് വിറ്റൊരു പരിപാടിക്കും ഞങ്ങൾ കൂട്ടുനിക്കത്തില്ല, അതില്ലാണ്ട് നമുക്ക് പറ്റൂല്ല”

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വാടി, മൂതാക്കര പിന്നിട്ട് പോർട്ട് കൊല്ലം എത്തുന്നത് വരെയും തീരദേശ റോഡിന്റെ ഇരുവശത്തും മീൻ വിൽപ്പനയുടെ തിരക്കായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഫ്രഷ് മീൻ വാങ്ങുവാനെത്തിയവരുടെ കാറുകളും സ്കൂട്ടറുകളും റോഡരുകിൽ നിർത്തിയിട്ടിരുക്കുന്നത് കാണാം. ടാർപ്പോളിൻ‌ വലിച്ചുകെട്ടിയ താൽക്കാലിക സൗകര്യങ്ങളിൽ മീൻ വില്ക്കുന്നവർ, തൊട്ടുരുമ്മി നിൽക്കുന്ന വീടുകൾ‌ക്ക് മുന്നിൽ വില്പന നടത്തുന്നവർ, അലൂമിനിയം ചരുവത്തിന് മുകളിൽ മീൻ നിരത്തി വെച്ച് വിൽക്കുന്ന സ്ത്രീകൾ – കൊല്ലം ന​ഗരത്തിനടുത്തുള്ള ഈ കടലോര ഗ്രാമങ്ങളിലെ പതിവ് വൈകുന്നേര കാഴ്ചയാണിത്. ഒന്നോ രണ്ടോ സെന്റിൽ ഇടുങ്ങി നിൽക്കുന്നതും, ഒരേ ഭിത്തി പങ്കിടുന്നതുമായ വീടുകൾ ഈ നാട്ടിലെ സ്ഥല പരിമിതിയെ അടയാളപ്പെടുത്തുന്നു. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാനാകുന്ന ഇടവഴിയിലൂടെ രോഹിന്റെ വീട്ടിലെത്തുമ്പോൾ അമ്മ സുമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കടപ്പുറത്ത് പോയിട്ട് തിരിച്ചെത്തിയ രോഹിൻ കറിവെക്കാൻ പോലും കടൽ പണിക്കാരനായ തന്റെ വീട്ടിൽ മീനില്ലെന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. “എല്ലാം നശിച്ച പോയിരിക്കുകയാണ്. വലക്കൊന്നും ഒരു പണിയുമില്ല, ചൂണ്ടക്കും പണിയില്ല, ഒന്നിനുമില്ല… കടല് മൊത്തത്തി കരിഞ്ഞ് പോയിരിക്കുവാ, അതിന്റെ കൂടിപ്പോ മണൽ ഖനനം കൂടെ വരാമ്പോന്ന്, നമ്മളെന്ത് ചെയ്യണം? നമ്മടെ തൊഴില് പോകും. വേറെ വല്ല ജോലിക്കും പോണമിനി. ഈ നാട്ടിലിനി നിക്കാനേ പറ്റത്തില്ല നമക്ക്.” കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ ഇരുപത്തഞ്ചുകാരന്റെ വാക്കുകളിൽ നിറഞ്ഞു. രാജ്യത്താദ്യമായി, കടൽ നിന്നും മണൽ ഖനനം ചെയ്തെടുക്കാനായി കേന്ദ്ര സർക്കാർ ലിസ്റ്റ് ചെയ്തിരിക്കുന്ന പോർട്ട് കൊല്ലത്താണ് രോഹിൻ താമസിക്കുന്നത്.

രോഹിൻ

കടൽ മണൽ ഖനന പദ്ധതി

കടലിലെ ധാതു സമ്പത്ത് ഖനനം ചെയ്യുന്നതിനായി സ്വകാര്യ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 13 ബ്ലോക്കുകളിലായാണ് ഖനനം നടക്കുക. കേരളത്തിൽ മൂന്ന് ബ്ലോക്കിൽ നിന്നും മണലും ഗുജറാത്തിലെ പോർബന്തറിലെ മൂന്ന് ബ്ലോക്കിൽ നിന്നും ചുണ്ണാമ്പുചെളി (ലൈം മഡ്), ആൻമാൻ കടലിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപിനടുത്തുള്ള ഏഴ് ബ്ലോക്കുകളിൽ നിന്ന് പോളിമെറ്റാലിക് നോഡ്യൂൾസ്, ക്രസ്റ്റ്‌സ് എന്നിവ ഖനനം ചെയ്യാനാണ് പദ്ധതി. കോവിഡിന്റെ മറവിൽ 2021 ലാണ് കേന്ദ്ര സർക്കാർ ബ്ലൂ ഇക്കോണമി നയവുമായി എത്തുന്നത്. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ 2002 ലെ ഒ.എ.എം.ഡി.ആർ ആക്ട് (Offshore Minerals – Development and Regulation- Act, 2002) 2023 ൽ ഭേദഗതി ചെയ്തു. മണിപ്പൂരിലെ ആഭ്യന്തര പ്രശനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച സന്ദർഭത്തിൽ തന്ത്രപൂർവ്വമാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതി നടപ്പിലാക്കിയത്. അതിനെ തുടർന്നാണ് 13 ബ്ലോക്കുകളിൽ നിന്നും ധാതുഖനനം നടത്തുന്നതിന് കേന്ദ്ര ഖനി മന്ത്രാലയം ടെണ്ടർ ക്ഷണിച്ചത്.

പോർട്ട് കൊല്ലം, ഫോട്ടോ: അനിഷ എ മെന്റസ്

കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് ബ്ലൂ ഇക്കോണമി നയത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ശൈലേഷ് നായിക് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നത്. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവയാണ് അഞ്ച് സെക്ടറുകൾ. ഇതിൽ കൊല്ലം സെക്ടറിലെ മൂന്ന് ബ്ലോക്കുകളിൽ നിന്നും മണൽ ഖനനം ചെയ്യുന്നതിനുള്ള നടപടികളാണ് പുരോ​ഗമിക്കുന്നത്. 2024 നവംബർ 28ന് കേന്ദ്ര സർ‌ക്കാർ ഇതിനായുള്ള നീക്കം ആരംഭിച്ചിരുന്നു. ടെണ്ടർ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 2 വരെ നീട്ടിയിട്ടുമുണ്ട്. ഫെബ്രുവരി 27-ാം തിയതി സംസ്ഥാന വ്യാപകമായി ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടൽ മണൽ‌ ഖനന പദ്ധതിക്കെതിരെ ഹർത്താൽ‌ നടന്നിരുന്നു. എന്നാൽ കേരളത്തിലെ പ്രതിഷേധം കണ്ട് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നടപ്പാക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കുന്നത്.

പ്രതീക്ഷയറ്റ മത്സ്യത്തൊഴിലാളികൾ

പോർട്ട് കൊല്ലം ഹാർബറിലെത്തുമ്പോൾ മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ രണ്ട് വള്ളങ്ങളിൽ അന്ന് ലഭിച്ച മീനുകളുടേയും കണവയുടേയും ലേലം നടക്കുകയായിരുന്നു. ഓഫീസുകളിൽ ഒരുമിച്ച് ജോലി ചെയ്യുന്നവർ മൂന്നും നാലും പേരടങ്ങുന്ന സം​​ഘങ്ങളായി വന്ന് ലേലം ഉറപ്പിച്ച് ചൂരയും നെമ്മീനും വാങ്ങിപ്പോകുന്നത് കാണാമായിരുന്നു. ഹാർബറിന്റെ ഒരുവശത്തായി കരയിലേക്ക് കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങളിൽ ചാരി നിന്ന് സംസാരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികളായ നെൽസണും ആന്റണിയും. “ലൈറ്റ് ഹൗസിന്റെ കിഴക്കോട്ട് മണലാണ്, പടിഞ്ഞാറോട്ട് ചെളിയും മണലുമാണ്. ചെളിക്കാത്തിരുന്നാ മീനൊക്കെ മൊട്ടയിടുന്നത് ഈ മണ്ണെടുത്ത് കഴിഞ്ഞാ പിന്നെ ഇവിടുള്ള മത്സ്യത്തൊഴിലാളികൾ മൊത്തം പട്ടിണിയും പരിവട്ടവുമായിരിക്കും. കാരണം നമ്മൾ ജനിച്ച് വളർന്ന കാലം തൊട്ട് നമുക്കറിയാവുന്ന തൊഴില് ഇതേയുള്ളൂ. ഞങ്ങളെ നശിപ്പാക്കാൻ നോക്കിയാണേ അവര് ഞങ്ങളെയങ്ങ് കൊല്ലട്ട്.” നെൽസൺ പ്രതീക്ഷ നഷ്ടപ്പെട്ട പോലെ പറഞ്ഞുതുടങ്ങി.

പോർട്ട് കൊല്ലം ഹാർബർ, ഫോട്ടോ: അനിഷ എ മെന്റസ്

കാലാവസ്ഥാ മാറ്റം മൂലമുള്ള പ്രശ്നങ്ങൾക്കൊപ്പം ഖനനം കൂടി വന്നാൽ‌ കടല് നശിച്ചുപോകുമെന്നും നെൽസൺ കേരളീയത്തോട് പറ‍ഞ്ഞു. “ഓഖി വന്നതിന് ശേഷമാണ് കടലിന്റെ പ്രക‍‍‍‍ൃതിയൊക്കെ മാറ്റം വന്നത്. മുമ്പത്തെ കണക്കല്ല, കടലിലെ വെള്ളം വലിവൊക്കെയെന്ന് പറഞ്ഞാ നമ്മൾ ഉദ്ദേശിക്കുന്നതിനെ കാട്ടിയൊക്കെ വലിവായി. വെള്ളത്തിന്റെ ഒഴുക്ക് കൂടി കഴിഞ്ഞാ നമുക്ക് മത്സ്യം കിട്ടാൻ പാടാണ്. മുൻ കാലങ്ങളിൽ ഒരു കോളായിരുന്നാലും, മഴയായിരുന്നാലും അതിന്റെ സമയത്തെ വരുത്തുള്ളൂ. ഇപ്പഴൊക്കെ ചെറിയ കാർ‌മേഘം വെച്ചാലും ഭയങ്കരമായ ശക്തമായ കാറ്റാണ്. നമക്ക് പണിയെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. മുൻപുള്ള കാലം നമുക്ക് ഒറപ്പുണ്ട്. ഒരു കൊടുങ്കാറ്റ് വന്നാലും മൂന്നാല് മണിക്കൂറ് കഴിയുമ്പോ മാറി പോകുമെന്നറിയാം. ഇന്നത് പറയാൻ പറ്റത്തില്ല. പടിഞ്ഞാറുന്ന് വരുന്ന കാറ്റ് പല ദിശയിൽ നിന്നാണ് മാറി വീഴുന്നത്, ഒരിടത്ത് നിന്ന് വന്നിട്ട് പല ദിശയിൽ മാറി വീഴും. ഞങ്ങക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ജീവന് ഭയപ്പാട് തന്നെ. എപ്പോഴും ഏത് സമയം എന്തും സംഭവിക്കാം. ഇവരിപ്പോ ഇങ്ങനെ കാണിക്കുമ്പോ ഇവര് കൊല്ലട്ടെ ഞങ്ങളെ, അല്ലാതിപ്പോ എന്താ ചെയ്യാൻ പറ്റുക? വേറെ മാർഗമൊന്നുമില്ല.” അമർഷത്തോടെ നെൽസൺ പറഞ്ഞു.

നെൽസൺ(ഇടത്) ആന്റണി (മധ്യത്തിൽ)

കേട്ട് നിന്ന ആന്റണി സർക്കാർ നൽകുന്ന മണ്ണെണ്ണ പെർമിറ്റ് ആറുമാസമായി ലഭിക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി. “ഒരു തുള്ളി എണ്ണയില്ല, ആറുമാസം കൊണ്ട് ഒന്നും കൊടുക്കുന്നില്ല. സബ്സി‍ഡിയുള്ള എല്ലാം നിർത്തി കളഞ്ഞ്. ഇപ്പോ പെട്രോൾ എൻജിനിറങ്ങിയേ പിന്നെ പെട്രോൾ വാങ്ങിക്കണം, മണ്ണെണ്ണ മാത്രം പോരാ. ഇതെല്ലാം കൂടി ആകുമ്പോൾ മത്സ്യത്തൊഴിലാളിക്ക് ഒന്നും കിട്ടാനില്ല. (മണ്ണെണ്ണക്കൊപ്പം ഓയിലും നിശ്ചിതാനുപാതത്തിൽ ചേർ‌ത്താണ് ഇന്ധനാവശ്യത്തിനുപയോഗിക്കുക. എൻജിൻ സ്റ്റാർ‌ട്ട് ചെയ്യാൻ പെട്രോളും ആവശ്യമാണ്). മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാ മൊത്തത്തിൽ. ഇപ്പോ ഇവിടുന്നൊരു വള്ളം പണിക്ക് പോകണമെങ്കിൽ പത്തയ്യായിരം രൂപ ചെലവാണ്. പോയ് അയ്യായിരം രൂപ ചെലവ് വീട്ടി കഴിഞ്ഞാ ഒന്നുമില്ല പിന്നെ.” ആന്റണി പറഞ്ഞു.

“കടത്തിന്റെ പുറത്ത് കടമാ, പണി പരാജയമാ ഇപ്പോ. ഞങ്ങൾ മൂന്ന് ദിവസം പണിക്ക് പോയി ഒരു ദിവസം 500 രൂപക്ക് ഉണ്ടായിരുന്നു, ഒരു ദിവസം 600 രൂപക്ക് ഉണ്ടായിരുന്നു. ഒരു ദിവസം 400 രൂപക്കുണ്ടായിരുന്നു. എങ്ങനെ പോകും. വള്ളമുണ്ടായിരുന്നു, അതൊക്കെ പോയി, നശിച്ച് നമ്മളെ കൊണ്ട് നടത്താൻ പറ്റത്തില്ല, ഇനിയുള്ള ജനറേഷന് ഒന്നും മത്സ്യ മേഖലയിൽ വന്നാൽ പറ്റത്തില്ല.” ഇനിയുള്ള തലമുറക്ക് മത്സ്യബന്ധനമെന്ന തൊഴിൽ സാധ്യമാകുമോ എന്ന ആശങ്ക നെൽസന്റെ വാക്കുകളിൽ‌ നിറ‍ഞ്ഞുനിന്നു.

നാട് വിടണോ തീരദേശ യുവത?

രോഹിന്റെ ഇളയ സഹോദരന് വിദേശത്ത് പോകാനായി വേണ്ടി വിസ ശരിയാക്കുന്ന കാര്യം അമ്മ സുമ ഒരു ബന്ധുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞ് ഹംഗറിയിൽ ജോലിക്ക് പോകാനായി രോഹിനും പണം നൽകിയിരുന്നെങ്കിലും അത് നടന്നില്ല. വെൽഡിങ് ജോലി ചെയ്തിരുന്ന രോഹിൻ കടൽ പണിക്ക് പോകാൻ തുടങ്ങിയത് ആ കാലത്താണെന്നും അമ്മ പറഞ്ഞു.

“ഉള്ളേ കടലില് പോലും (പടിഞ്ഞാറേ കടല്) പണി ഇല്ല ഇപ്പോ. കര കടലിലും (കിഴക്ക്) പണിയില്ല, ഒരെടത്തുമില്ല.” (പടിഞ്ഞാറേ കടല് – പണി തീരെ കുറയുന്ന ചൂട് കൂടുന്ന സമയത്ത് മത്സ്യബന്ധനത്തിനായി കൂടുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പതിവുണ്ട് കൊല്ലത്ത്). എന്റെ പ്രായത്തിലുള്ള ഒരുപാട് പേരുണ്ട് പണിക്ക് വരുന്ന, അവന്മാരൊക്കെ ഇപ്പോ ചോദിക്കുന്നത് എന്തിനാ നമ്മൾ കടൽ പണിക്ക് ഇറങ്ങിയേന്നാ. ഇത് സ്വപനം കണ്ട് കുറേ ആൾക്കാര് കടൽ പണിയിലോട്ടിറങ്ങി, പൈസയെല്ലാം കിട്ടുമെന്ന് വെച്ച്, ഇപ്പോ അതും ഇല്ല, ഒന്നും ഇല്ല. വീട്ടില് നൂറ് രൂപ പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.” രോഹിൻ കേരളീയത്തോട് പറഞ്ഞു.

“പിന്നെ ഇവിടെ കെടന്നിട്ടെന്താ? എന്റെ ചേട്ടൻ വലിയ പണിക്കാരനാ, അങ്ങേരിപ്പോ വിദേശത്തേക്ക് പോകാൻ വേണ്ടി നിക്കുന്നു, സ്വന്തമായി വലയും വള്ളവും ഉണ്ട്. അങ്ങേര് വരെ ഇവിടെ നിന്ന് പോകാൻ വേണ്ടി നിക്കുവാ… പിന്നെ എന്ത് ചെയ്യാനാ പറഞ്ഞിട്ട് കാര്യമില്ല. പണി മൊത്തത്തി പോയിരിക്കുവാ, കൊല്ലം നാട് മൊത്തത്തി നശിച്ച്. മത്സ്യത്തൊഴിലാളികള് പട്ടിണി കിടന്ന് ചാകാൻ പോകുവാ മൊത്തത്തിൽ.” തീരദേശത്ത് വർദ്ധിച്ച് വരുന്ന വിദേശ നാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ കാരണങ്ങൾ രോഹിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
ആശങ്കകൾക്കിടയിലും നാട് വിട്ടുപോകാൻ താല്പ്പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് രോഹിൻ നിർത്തിയത്.

“സമരത്തിനായി നമ്മടെ കൂട്ടുകാര് മൊത്തം ഇറങ്ങിയിട്ടുണ്ട്, നമ്മടെ നാട് വിട്ട് കളയാൻ പറ്റുമോ? നമ്മടെ നാട് വിട്ട് കളഞ്ഞ് എവിടെ പോകാനാണ്? വേറെ ഒരു ജോലിക്കും പോകാറില്ല, തൊഴില് ഇത് തന്നെ. വേറെ എവിടെ പോയി കേറാനാ, അല്ലേ വേറെ വല്ല നാട്ടിലും പോയ് ജീവിക്കണം. പണി ഉണ്ടെങ്കിലിവിടെ തന്നെ ചെയ്യും.” മത്സ്യബന്ധന മേഖലയിൽ തൊഴിൽ ചെയ്യാനെത്തുന്ന യുവതലമുറയുടെ പ്രതിസന്ധികളാണ് രോഹിൻ ഏറെയും പങ്കുവച്ചത്.

മീനുമില്ല, തീരവുമില്ല

വാടി കടപ്പുറത്ത് എത്തിയപ്പോൾ ലേല ഷെഡിൽ കടലിൽ പണിക്ക് പോകാനുള്ള വല തയ്യാറാക്കുകയായിരുന്നു കടൽപ്പണിക്കാരായ ഷിബുവും സു​ഹൃത്തുക്കളും. ഖനനം തൊഴിലിനെ ബാധിക്കുമോ എന്ന ഭയമാണ് അവർക്കും പറയാനുണ്ടായിരുന്നത്.

“ഈ ഖനനത്തിന്റെ സൗണ്ട് കേട്ടാ മീൻ പടിഞ്ഞാറോട്ട് മാറി പോകത്തേയുള്ളൂ, കെഴക്കോട്ട് വരത്തില്ല. മീനെല്ലാം നശിക്കും. നമ്മള് പ്രതികരിച്ചിട്ട് കാര്യമില്ല അവർ നടത്താനുള്ള നടത്തും. ഈ ഖനനത്തിന്റെയെല്ലാം കഴിഞ്ഞ് കിടക്കുവാ, ആരംഭമായി എന്നൊക്കെ പറയുന്ന കേട്ടു. ഇപ്പോ തന്നെ ഒന്നും ഇല്ല കടലിൽ. ചെറിയ മത്തി അല്ലാതെ ഒന്നും ഇല്ല. അഞ്ച് മാസം ആറു മാസം പണിയില്ലിപ്പോ. നാല് മാസമായി കാണും എന്തേലും കിട്ടിയിട്ട്. ഈ പൊടി മത്തിയല്ലാതെ വേറെ മത്സ്യമൊന്നുമില്ല. അത് കൂടി തീർന്നാ മത്സ്യത്തൊഴിലാളികൾ കടലിലോട്ട് പോകണ്ടാ. വേറെ പണി അറിയത്തുമില്ല.” ഷിബു കേരളീയത്തോട് പറഞ്ഞു.

ഷിബുവും, ആൻണിയും

“ചെയ്യാനൊന്നുമില്ല, കെടക്കുന്ന ഭവനം വരെ പോയി. ചിന്നക്കടയിലോ കൊട്ടിയത്തോ പോയി തെരുവിൽ കിടക്കണം. ഇവിടെ കെടക്കാനൊന്നും പറ്റത്തില്ല. ഈ കടല് ഒരോ കൊല്ലം കഴിയുമ്പോ കേറി കേറി വരുകയാ, കര പോയ് കൊണ്ടിരിക്കയാ. അത് ഞങ്ങളെ പോലത്തെവർക്കേ അറിയൂ. രാജ്യത്ത് സുരക്ഷിതമായി ഇരിക്കാൻ വേണ്ടിയാണ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് അവര് തന്നെ രാജ്യം കുട്ടിച്ചോറാക്കുന്നു.” കുനിഞ്ഞിരുന്ന് വല നെയ്തുകൊണ്ട് ബേബി പറഞ്ഞു. “രണ്ട് വർഷം കഴിയുമ്പോ ഇതെല്ലാേം ചുരുട്ടി കെട്ടാം. കരയിൽ വെള്ളം കേറി മണ്ണ് പോകുമ്പോ തീരത്ത് ഭൂചലനം ഒക്കെ ഉണ്ടാകും. വീടൊക്കെ ഇടിഞ്ഞു വീഴും.” ഷിബു തുടർന്നു. “ഡേ, മണ്ണെടുപ്പ് 50 വർശത്തേക്കാണ് എന്നാ പറേന്നത്” കൂട്ടത്തിലാരോ പറഞ്ഞു. വലപ്പണിയിലേർപ്പെട്ടുകൊണ്ട് സാംസണും വിൽസണും ആന്റണിയും ഷിബുവും ബേബിയും കടൽ മണൽഖനനത്തെ കുറിച്ചുള്ള ചർച്ചകൾ തുടർന്നു.

നേവിയുടെ കപ്പലുകൾ

സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ പലപ്പോഴും തദ്ദേശീയ ജനത അറിയാറില്ല എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. തൊഴിലിനെയും ജീവിതത്തേയും ബാധിച്ച് തുടങ്ങുമ്പോഴാണ് തദ്ദേശീയർക്ക് പല പദ്ധതികളെക്കുറിച്ചും അറിവ് കിട്ടുന്നത്. അത്തരമൊരനുഭവവും രോഹിൻ കേരളീയത്തോട് പങ്കുവെച്ചു.

“ഇപ്പോ തന്നെ ഇവിടെ നേവീടെ കപ്പലുണ്ടല്ലോ, കടന്ന് കറക്കാവാ. അങ്ങോട്ടും ഇങ്ങോട്ടും രാത്രിയും പകലും മൊത്തം കിടന്ന് കറക്കമാണ്. അങ്ങ് തെക്ക് വരെ പോകും എണ്ണയുണ്ടോന്ന് നോക്കാൻ വേണ്ടീട്ട്. മൊത്തം കറങ്ങി കറങ്ങി നോക്കും, നാലഞ്ചെണ്ണമുണ്ട്. ഇപ്പോ നമക്ക് വല നീട്ടാൻ പോലും പേടിയാണ്, ഇവന്മാരുടെ വല കേറിയിറങ്ങി പോയി കഴിഞ്ഞാ നമ്മടെ വല പോയി. പേടിയാണിപ്പോ. ഇടിക്കുവോ ഇല്ലയോന്ന് പേടിച്ചു പേടിച്ചാ ഞങ്ങള് പോകുന്നത്, രാത്രി ലൈറ്റ് ഇല്ലാതയാ അവന്മാര് വരുന്നത്. അടുത്തുകൂടെ പോകുമ്പോ ഒരു ചെറിയ സൗണ്ട് മാത്രം കാണും.” നേവിയുടെ കപ്പലുകൾ തദ്ദേശീയ മനുഷ്യരുടെ ഉപജീവനം നഷ്ടപ്പെടുത്തുന്നതിന്റെ അനുഭവം രോഹിൻ പങ്കുവച്ചു.

നേവിയുടെ കപ്പലുകൾ കൊല്ലം തീരത്ത് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പണിക്ക് പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണെന്നും വലകൾ നശിക്കുന്നുണ്ടെന്നും പറയുന്നു വാടി സ്വദേശിയായ ജോയി. “മീനിപ്പോ മത്തിയാ കിട്ടുന്നേ, അത് വിലയുമില്ല, ഒരുപാടൊരുപാട് ബുദ്ധിമുട്ടും കാര്യങ്ങളും തന്നെ. മൊത്തം കടലിലെ മത്സ്യ സമ്പത്ത് നശിച്ചോണ്ടിരിക്കുകയാണ്. മുമ്പെന്ന് പറഞ്ഞാ പല സൈസ് മീനുകളും കടലിൽ ഉണ്ട്. പണ്ടത്തേനെ അപേക്ഷിച്ച് ഒരുപാട് മീനുകൾ കുറവാണ് ഇപ്പോ. പരാജയമാണ്, അതിന്റെ കൂടെ ഇങ്ങനെ ഖനനം പോലെയുള്ള കാര്യം വരുമ്പോ തീരദേശത്ത് മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് ബുദ്ധിമുട്ട് വരും. ഇതിനായി വലിയ കപ്പലൊക്കെ വന്നാ ബുദ്ധമുട്ടല്ലേ പണിക്ക് പോകാൻ?” 25 വർഷമായി കടലിൽ പണിക്ക് പോകുന്ന വാടി സ്വദേശി ജോയി ചോദിക്കുന്നു. ഈ നേവിയുടെ കപ്പലുകളുടെ സാന്നിധ്യം എന്തിന് വേണ്ടിയാണെന്ന് ആർക്കും വ്യക്തമായ ധാരണയില്ല. സർവേ കപ്പലാണെന്നും പെട്രോളിങ്ങിനായി വന്നതാണെന്നും എണ്ണ പര്യവേഷണം നടത്താനെത്തിയതാണെന്നും പല കാരണങ്ങളാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

കൊല്ലം പരപ്പ്: ഖനന മന്ത്രാലയത്തിന്റെ വാദങ്ങളിലെ കള്ളങ്ങൾ

കാലാവസ്ഥാ വ്യതിയാനം, കടലിലെ ചൂട് കൂടുന്നത്, മത്സ്യങ്ങളുടെ ലഭ്യതക്കുറവ്, തുടർച്ചയായി ഉണ്ടാകുന്ന പ്രക‍ൃതിക്ഷോഭം, തീരശോഷണം, ഇന്ധന വില വർധന എന്നിവ മൂലം പ്രതിസന്ധിയിലാണ് മത്സ്യബന്ധന മേഖലയും തൊഴിലാളികളും. എന്നാൽ, ഇതിന് പരിഹാരം സർക്കാർ സംവിധാനങ്ങൾ കടലിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരുടെ പ്രയാസങ്ങൾ തിരസ്കരിച്ചുകൊണ്ട് കുത്തകൾക്കായി കടൽ തുറന്നുകൊടുക്കാനാണ് തിടുക്കം കൂട്ടുന്നത്. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്റർ നളത്തിലും 3300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന ‘കൊല്ലം പരപ്പ്’ എന്നറിയപ്പെടുന്ന ‘ക്വയിലോൺ ബാങ്കി’ൽ ഉൾപ്പെടുന്നതാണ് ഖനനം ചെയ്യാനായി ഉദ്ദേശിക്കുന്ന കൊല്ലം സെക്ടർ. ഇന്ത്യയിലെ തന്നെ ഏറ്റവും ഉത്പാദന ക്ഷമതയുള്ള മേഖലയാണ് കൊല്ലം പരപ്പ്. എന്നാൽ പരിസ്ഥിതി ആഘാതം പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

കടൽ മണൽ ഖനന പദ്ധതിക്കെതിരെ കേരളത്തിൽ നടന്ന പ്രതിഷേധ സമരങ്ങളെ തുടർന്ന് വിശദമായ പരിസ്ഥിതി ആഘാത പഠനം ടെണ്ടർ നൽകിയശേഷം നടത്തുമെന്നാണ് ഖനന മന്ത്രാലയം സെക്രട്ടറി വി.എൽ കാന്തറാവു വ്യക്തമാക്കിയത്. ടെണ്ടർ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികളാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ പോകുന്നതെന്ന് കാന്തറാവു പറയുന്നതിൽ നിന്നും വ്യക്തമാണ്. മാത്രമല്ല, കൊല്ലത്തെ നിർദ്ദിഷ്ട ഖനന മേഖലയിൽ സമുദ്ര ജൈവ ആവാസവ്യവസ്ഥ വളരെ കുറവും ധാതുക്കൾ വളരെ കൂടുതലുമാണ് എന്നാണ് കാന്തറാവു മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. എന്നാൽ, കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ ബിജുകുമാർ നടത്തിയ പഠനത്തിൽ പ്രദേശത്തെ ജൈവവൈവിധ്യത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തെ ഏറ്റവും ഉത്പാദനക്ഷമതയുള്ള മത്സ്യമേഖലകളിലൊന്നാണ് കൊല്ലം പരപ്പെന്നാണ് പഠനം പറയുന്നത്. കൊല്ലം – ആലപ്പുഴ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ കടൽ പ്രദേശം ആഴക്കടൽ കൊഞ്ച്, ചെമ്മീൻ, ലോബ്സറ്റർ‌, മത്തി, അയല, കയറ്റുമതി അധിഷ്ഠിത കണവ തുടങ്ങിയ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യത്തിന്റെ കലവറയാണ്. കൂടാതെ മീനുകൾ പ്രജനനം നടത്തുന്ന പാറപ്പാരുകളെ പറ്റിയും പവിഴ ജീവികളെ പറ്റിയും പഠനം പറയുന്നുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിലേർപ്പെടുന്ന ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്’ എന്ന സംഘടനയുടെ സ്ഥാപകനായ റോബർട്ട് പനിപ്പിള്ള ഫെബ്രുവരിയിൽ കൊല്ലത്തെ കടലിന്നടിത്തട്ടിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും ഈ പ്രദേശത്തെ ജൈവവൈവിധ്യത്തിന്റെ സമ്പന്നത വെളിപ്പെടുത്തുന്നു.

കൊല്ലം തീരത്തെ ഓറഞ്ച് കപ്പ് പവിഴ ജീവി, കടപ്പാട്: പ്രൊഫ. എ ബിജുകുമാറിന്റെ പഠന റിപ്പോർട്ട്

കൊല്ലം പരപ്പിന്റ ജൈവവൈവിധ്യ പ്രത്യേകതകൾ കൊണ്ട് തന്നെ നിരവധി ആളുകളാണ് മത്സ്യബന്ധനവും അനുബന്ധത്തൊഴിലുകളുമായി ഈ പ്രദേശത്തെ ആശ്രയിച്ച് കഴിയുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖമായ നീണ്ടകരയുടെയും ശക്തികുളങ്ങര, വാടി, മൂതാക്കര, പോർട്ട് കൊല്ലം, തങ്കശ്ശേരി, ഇരിവിപുരം, ചെറിയഴീക്കൽ, വലിയഴീക്കൽ, പുത്തൻതുറ തുടങ്ങിയ തീരദേശ ഗ്രാമങ്ങളുടെയും ആശ്രയമാണ് കൊല്ലം പരപ്പ്. മാത്രവുമല്ല അഷ്ടമുടിക്കായലിന്റെ ഭാഗമായുള്ള നിരവധി ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളുമുണ്ടിവിടെ. ആയിരത്തിലധികം ട്രോൾ ബോട്ടുകളിലും, ഫൈബർ വള്ളങ്ങൾ, ഇൻ–ബോർഡ് വള്ളങ്ങൾ എന്നിവയിലായി നിരവധി യന്ത്രവത്കൃത മത്സ്യത്തൊഴിലാളികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഉപജീവനത്തിനായി ആശ്രയിക്കുന്ന പ്രദേശമാണിത്. കൊല്ലത്തിന്റെ മലയോര മേഖലകളിൽ നിന്ന് വരെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അനുബന്ധ തൊഴിലിൽ ഏർപ്പെടുന്നവരും ഇവിടെ ഏറെയുണ്ട്.

മീൻ ലേലം ചെയ്യാനായി കൊണ്ടുവരുന്നു, പോർട്ട് കൊല്ലം ഹാർബർ. ഫോട്ടോ: അനിഷ എ മെന്റസ്

പോരാടാനുറച്ച് കടലോര ജനത

പോർട്ട് കൊല്ലം ഹാർബറിന് പുറത്തേക്ക് ഇറങ്ങുമ്പോൾ‌ ഒരു വശത്ത് മീൻ വില്ക്കാനിരിക്കുന്ന സ്ത്രീകളുടെ നീണ്ടനിര. അതിന്റെ അങ്ങേ അറ്റത്തായിരുന്നു സെലിനിരുന്ന് മീൻ വിറ്റിരുന്നത്. “മണ്ണ് വാരി തിന്ന് ജീവിക്കാൻ പറ്റുമോ? ഈ കടലുകൊണ്ട് ജീവിക്കുന്ന ആൾക്കാര് എന്ത് ചെയ്യാൻ പറ്റും? ഞങ്ങടെ മക്കളെയൊക്കെ വളർത്തണ്ടേ ഞങ്ങക്ക്? അവര് മണല് വാരി കൊണ്ട് പോയാ ഇവിടെ ഉള്ളവര് എന്ത് ചെയ്യും? ഞാൻ കാലണ നാലണടെ കച്ചവടക്കാരിയാണ്. 48 വർഷം കൊണ്ടുള്ള കച്ചവടക്കാരിയാണ്, മൊത്തത്തിൽ ബാധിക്കുമല്ലോ. നമ്മുടെ മക്കളെ വളർത്താൻ പറ്റുമോ? ആണുങ്ങള് കടലിൽ പോയ് കൊണ്ട് വന്നാലല്ലേ കുടുംബങ്ങൾ ജീവിക്കാൻ പറ്റത്തോളൂ. അവര് കടലി പോയി കൊണ്ട് വന്നാലല്ലേ ഞങ്ങക്കും വിക്കാൻ പറ്റുവോള് ഞങ്ങക്കിവിടെ വന്നിരിക്കാൻ പറ്റുവോള്.” തങ്ങളുടെ ഉപജീവന മാർഗത്തെ പരിഗണിക്കാത്ത സർക്കാരിനോടായിരുന്നു സെലിന്റെ ചോദ്യങ്ങൾ. “ഞങ്ങക്കും ജീവിക്കേണ്ടതാണ്. ഞങ്ങള് കാലാകാലങ്ങളായി ജനിച്ചപ്പോ തൊട്ട് കാണുന്ന കടലാണ്. ഇപ്പോഴാണ് വിറ്റെന്നൊക്കെ നമ്മളറിയുന്നത്. നമുക്കതിനെ പറ്റിയൊന്നും അറിയത്തില്ല, ഞങ്ങള് സമ്മതിക്കൂല്ല, മത്സ്യം പിടിച്ചോണ്ട് വന്ന് ജീവിക്കുന്നവരാ നമ്മള്. അതില്ലാണ്ട് നമുക്ക് പറ്റൂല്ല, കടല് വിറ്റൊരു പരിപാടിക്കും ഞങ്ങൾ കൂട്ടുനിക്കത്തില്ല. ശക്തമായി എതിർക്കും.” അടുത്തിരുന്ന മേബിളും നിലപാട് വ്യക്തമാക്കി.

സെലിൻ മത്സ്യക്കച്ചവടത്തിനിടെ

പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ അംഗവും കേരളാ ഫിഷറീസ് കോ-ഓഡിനേഷൻ കമ്മിറ്റി മെമ്പറുമായ എം അംബ്രോസ് പറയുന്നത്. “കേന്ദ്ര സർ‌ക്കാരിന്റെ ഈ നിലപാട് ജനദ്രോഹ നിലപാടാണ്. ‍മത്സ്യം എവിടെയാണ് പെറ്റ് പെരുകുന്നതെന്ന് അറിയാൻ പാടില്ലാത്ത കേന്ദ്ര സർ‌ക്കാരിന്റെ മന്ത്രിമാരും പ്രധാന മന്ത്രിയുമൊക്കെയാണ്. മത്സ്യം പ്രകൃതിദത്തമായി നമുക്ക് കിട്ടുന്ന സാധനമാണ്. സാധാരണ മത്സ്യത്തൊഴിലാളികൾക്ക് വളരെ വ്യക്തമായി അറിയാം കടലിലെ മത്സ്യങ്ങൾ എവിടെയാണ് ജീവിക്കുന്നതെന്ന്. കടലിലെ മത്സ്യങ്ങളെ സംബന്ധിച്ച് പൊറ്റ പാരുകളുണ്ട്, കണ്ടൽക്കാടുകളുണ്ട്, ചെടികളുണ്ട്, മൺപരപ്പുകളുണ്ട്. നമ്മൾ പറയുന്നത് വെറും ചെളിയെന്നാണ്. ചെളിയല്ല കണ്ടൽക്കാടുകളവിടെയുണ്ട്. ആ ചെളിയിൽ തന്നെ അപ്പോ കണ്ടൽക്കാടുകളുടെ തണലിൽ നിന്നാണ് ഈ മത്സ്യം പെറ്റ് പെരുകി മുട്ടയിടുന്നത്. എല്ലാ മത്സ്യങ്ങളുമതേ. വെള്ളത്തിന്റെ മീതെ മുട്ടയിടുന്നത് മൊരൽ മാത്രമാണ്. ആ മത്സ്യങ്ങളെ സംരക്ഷിക്കാൻ കടല് ശാന്തമായിരിക്കണം. കടലിലെ പാരുകൾ സംരക്ഷിക്കപ്പെടണം. ആ കടലിനെ മൊത്തത്തിൽ അടിച്ചുമാറ്റിയിട്ട് മണൽ കുഴിച്ചെടുക്കുക എന്ന് പറഞ്ഞാൽ ഈ ഭൂപ്രകൃതി ഉണ്ടാകാൻ ആയിരകണക്കിന്, ലക്ഷകണക്കിന് വർഷങ്ങളെടുക്കും. കടലിന്നടിയിൽ പൊറ്റപാരുകളെ കൊണ്ട് പ്രദർശിപ്പാക്കാൻ പറ്റുമോ?” അംബ്രോസ് ചോദിക്കുന്നു.

എം അംബ്രോസ്

“മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുന്ന ഒരു പദ്ധതി ഇവിടെ വന്നാല് തീർച്ചയായും മത്സ്യത്തൊഴിലാളികൾ അവരുടെ ജീവൻ വെടിഞ്ഞുതന്നെ അതിനെയെതിർക്കും. ഞങ്ങള് ദാ ഇപ്പോഴേ പറയുവാ, ഒരു പറ്റം തൊഴിലാളികൾ തയ്യാറായി ഇവിടെ നിന്ന് വള്ളമായാലും ബോട്ടായാലും താങ്ങുവള്ളമായാലും എല്ലാം കൂടെ ഒന്നിച്ച് കൊല്ലം കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ ആ കപ്പല് ഞങ്ങള് കത്തിക്കും, കത്തിക്കും… ഞങ്ങള് പേടിയുള്ളവരല്ല, ട്രോളിംഗ് നിരോധനം ലംഘിച്ച് കടലിൽ പോയ ബോട്ട് അന്ന് ഞാൻ കൂടെ കേറിപ്പോയാണ് കത്തിച്ചത്.” ട്രോളർ ബോട്ടുകൾക്കെതിരെ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ 1980 കളിൽ നടത്തിയ സമരത്തിന്റെ ആവേശം അംബ്രോസിന്റെ വാക്കുകളിൽ നിറഞ്ഞു.

“മത്സ്യത്തൊഴിലാളികൾ പാവപ്പെട്ടവരാണ്, അവരൊന്നും ഇല്ലാത്തവരാ, അവർക്ക് ഒന്നും ഇല്ല ചിന്തിക്കാനായിട്ട്. അവര് പോയി അങ്ങ് ജീവൻ വെടിയും. ബിജെപി സർക്കാര് ഇത് മുന്നോട്ട് കൊണ്ട് പോകാനാണെങ്കിൽ പതിനായിരകണക്കിന് വള്ളങ്ങൾ കടലിലേക്ക് മാർച്ച് ചെയ്യും. ബോട്ടുകൾ മാർച്ച് ചെയ്യും. കട്ടമരങ്ങൾ എല്ലാം കെട്ടിവലിച്ച് ഞങ്ങള് പോകും. പോയി അവിടെയിട്ട് കപ്പലിനെ കത്തിക്കും. അവര് വെടിവെക്കട്ടെ, ഒരു കുഴപ്പവുമില്ല. ഈ വർഷം ഇതിന് വേണ്ടി ഇത്ര ആയിരം ജനങ്ങൾ മരിച്ചെന്ന്, മോദി സർക്കാരിന്റെ വെടി കൊണ്ട് മരിച്ചെന്ന് ഓർമ്മിക്കട്ടെ. ഞങ്ങൾ‌ക്ക് വേറെ എന്താ ജീവിത മാർഗം? ഈ കടല് കുഴിച്ച് മണലെടുത്താ അവിടെ മത്സ്യത്തിന്റെ പ്രജനനം എങ്ങനെ ഉണ്ടാകും. ഞങ്ങൾ രണ്ടും തുനിഞ്ഞാണ്.” അംബ്രോസ് നിശ്ചയദാർഡ്യത്തോടെ പറഞ്ഞു നിർത്തി.

മേബിളും പരിമളവും മത്സ്യക്കച്ചവടത്തിനിടയിൽ‌

തീരദേശമാകെ പ്രതിഷേധമുയർന്നിട്ടും കടൽ മണൽ ഖനന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ. ജനങ്ങളോടും മത്സ്യത്തൊഴിലാളികളോടും പദ്ധതി സംബന്ധിച്ച് ബോധവത്കരണം നടത്താൻ കേന്ദ്ര മന്ത്രിമാരുൾപ്പടെ എത്തുമെന്നാണ് റിപ്പോർട്ട്. കടലിനെ വെറും വ്യവസായിക മൂലധനമായി കാണുന്ന, പരിസ്ഥിതിയെയോ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരെയോ പരിഗണിക്കാത്ത സർക്കാരിനോട് മേബിളിനും സെലിനുമൊപ്പം മീൻ വിറ്റ് കൊണ്ടിരുന്ന പരിമളം ദേഷ്യത്തോടെ ഇങ്ങനെ ചോദിക്കുന്നു, “വയസായവരുണ്ട്, ഭർത്താക്കന്മാർ മരിച്ചവരുണ്ട്, ഭർത്താക്കന്മാര് ഇട്ടോണ്ട് പോയവരുണ്ട്, ഭർത്താക്കന്മാര് ഇല്ലാത്തവരുണ്ട്, വയസായ അമ്മച്ചിമാരുണ്ട്, രോഗം പിടിച്ച അമ്മച്ചിമാരുണ്ട്. ഇവർക്കുമൊക്കെ ജീവാക്കാൻ വേണ്ടിയാണ് ഈ കടല് കിടക്കണത്. ഇവരുടെ കഞ്ഞികുടി മുട്ടിക്കുന്നവരൊക്കെ നന്നാവുമോ? ഗുണം പിടിക്കത്തില്ല ഇവരൊക്കെ. ഭർത്താവ് തളർന്ന് വീണതിന് ശേഷമാണ് പരിമളം മീൻ വിൽക്കാനിറങ്ങിയതെന്ന വിവരം മേബിൾ അപ്പോൾ കൂട്ടിച്ചേർത്തു. “എത്രപേരുടെ വയറ്റിലടിച്ചിട്ടാണ് ഇത് ചെയ്യുന്നതവര്? എത്രയോ അമ്മമാര്, ഭർത്താക്കന്മാര് നോക്കാതെ മക്കള് നോക്കാതെ ഇങ്ങനെ മീൻ വിക്കാൻ വന്ന് കഴിയുന്നവരാ. ഇതൊക്കെ വയറ്റിലടിക്കുന്നയല്ലേ മോളെ? എത്രപേരുടെ കണ്ണീരാ…” അവർ സങ്കടത്തോടെ ചോദിക്കുമ്പോഴേക്കും മീൻ വാങ്ങാനായി പരിമളത്തിന്റെ ചരുവത്തിന് മുന്നിൽ ആളെത്തിയിരുന്നു.

Also Read

11 minutes read March 4, 2025 3:29 pm