പാർലമെന്റിലെത്തിയ ഉൾഫാ കമാൻഡറുടെ ജനാധിപത്യ സങ്കൽപ്പങ്ങൾ

ഹീരാ സരനിയ എന്നറിയപ്പെടുന്ന നബ കുമാർ സരനിയ (Naba Kumar Saraniya) 2014 മുതൽ ആസാമിലെ കൊക്രജാർ (Kokrajhar) ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അം​ഗമാണ്. 2014 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും 2019 ലിൽ ജന സുരക്ഷാ പാർട്ടി സ്ഥാനാർത്ഥിയുമായാണ് ആണ് അദ്ദേഹം മത്സരിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്വതന്ത്ര സ്ഥാനാർത്ഥി ആയാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ ഉൾഫയുടെ 709 ബറ്റാലിയന്റെ കമാൻഡറായിരുന്ന സരനിയ ആസാമിലെ ഏറ്റവും ഭീകരനായ തീവ്രവാദികളിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. ഏകതാ പരിഷത് സംഘടിപ്പിച്ച വനാവകാശത്തെക്കുറിച്ചുള്ള ശില്പശാലയിൽ പങ്കെടുക്കാൻ മധുരയിൽ എത്തിയ അദ്ദേഹം ജനാധിപത്യ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരാൻ ഇടയായ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുന്നു.

താങ്കൾ എങ്ങനെയാണ് ഉൾഫ (The United Liberation Front of Asom) എന്ന നിരോധിത സംഘടനയിൽ പ്രവർത്തിക്കാൻ ഇടയായത് ?

1990-ൽ ആസാമിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യുന്നതിനായാണ് ഞാൻ ഉൾഫയിൽ ചേർന്നത്. 18-ാം വയസ്സിൽ ആണ് സായുധ സമരത്തിന്റെ പാത തെരഞ്ഞെടുക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉൾഫ പ്രവർത്തനം ആസാമിന്റെ മണ്ണിനും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു. ആസാമിലെ തദ്ദേശീയരായ ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങൾ ലഭിച്ചിരുന്നില്ല. ഒരുകാലത്ത് ആസാം സ്വതന്ത്ര പ്രദേശം ആയിരുന്നല്ലോ. പിന്നീട് ആസാമിന്റെ വികസനം അവഗണിക്കപ്പെടുകയായിരുന്നു. പുറത്തുള്ള ആളുകൾ കച്ചവടം നടത്താൻ ആസാമിലെത്തിയിരുന്നെങ്കിലും അവർ ആസാമിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോൾ കുറച്ചൊക്കെ ആ സാഹചര്യത്തിന് മാറ്റം വന്നിട്ടുണ്ട്. ആ കാലത്ത്, ഉൾഫയുടെ വഴിയാണ് നീതി ലഭിക്കാൻ ശരി എന്നെനിക്ക് തോന്നി. എന്റെ സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള സ്നേഹം എന്റെ ജീവിതത്തിൽ എപ്പോഴും പരമപ്രധാനമായ കാര്യമാണ്. ഞാൻ ഉൾഫയിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരു നിരപരാധിയെയും ഉപദ്രവിച്ചിട്ടില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ ആളുകൾ എനിക്ക് വലിയ തോതിൽ വോട്ട് ചെയ്യില്ലായിരുന്നു. അതിനാൽ ഒരു ഉൾഫ അംഗമെന്ന നിലയിൽ പ്രവർത്തിച്ചതിൽ എനിക്ക് ഖേദവുമില്ല. ഉൾഫയുമായി സജീവമായി ഇടപെടുന്നവരെല്ലാം ആസാമിനെ സ്നേഹിക്കുന്നതുകൊണ്ടാണ് തങ്ങളുടെ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്നത്.

നബ കുമാർ സരനിയ

തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് പാർലമെന്ററിൽ എത്തിയ ശേഷവും താങ്കളെ ഒരു തീവ്രവാദിയായി ആളുകൾ കാണാറുണ്ടോ?

ഉൾഫ ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. ആസാമിൽ സാമൂഹ്യ മാറ്റം വേണമെന്ന് തീവ്രമായി ആഗ്രഹിച്ചവരാണ് ആ പ്രസ്ഥാനത്തിൽ അണിനിരന്നത്. ആ സമയത്ത് ആസാമീസ് ജനതയുടെ ഒരോ വീട്ടിലും ഒരു ഉൾഫാ പ്രവർത്തകനെങ്കിലും ഉള്ള കാലമാ
യിരുന്നു. സായുധ പോരാട്ടം ചെയ്യുന്നവരെ എല്ലാം തീവ്രവാദി എന്നും രാജ്യദ്രോഹി എന്നും വിളിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഉൾഫ പ്രവർത്തകരെ കലാപകാരി എന്ന് വിളിക്കാം. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ആയുധങ്ങൾ എടുത്ത് ഹിംസാത്മക പ്രവർത്തനം നടത്താറുണ്ടല്ലോ. അവരെയും സ്വന്തം രാജ്യത്തെ ജനങ്ങളുടെ നേർക്ക് വെടിയുതിർക്കുന്ന ഭരണകൂടത്തെയും ഒക്കെ നമ്മൾ തീവ്രവാദി എന്ന് വിളിക്കാറുണ്ടോ? അതിനർത്ഥം ഹിംസാത്മക പ്രവർത്തനം ശരിയാണ് എന്നല്ല. ഉൾഫയുടേത് ശരിയായ വഴിയാണ് എന്നുമല്ല.

താങ്കളുടെ അച്ഛൻ ഒരു ഇന്ത്യൻ സൈനികനായിരുന്നല്ലോ. താങ്കൾ ഉൾഫയിൽ ചേർന്നപ്പോൾ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നോ?

ആദ്യത്തെ കുറച്ചുകാലം അദ്ദേഹത്തിന് അതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സത്യം മനസിലാക്കി. അത് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അദ്ദേഹത്തിന് എന്നെ പറ്റിയുള്ള പ്രതീക്ഷകൾ ഒക്കെ തികച്ചും വ്യത്യസ്തമായിരുന്നു. എന്റെ പ്രവർത്തനങ്ങൾ കുടുംബത്തെ മുഴുവൻ ബാധിക്കുന്നതാണെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി. എന്റെ പ്രവർത്തനങ്ങൾ കാരണം അദ്ദേഹം പറഞ്ഞപോലെ പോലീസ് അന്വേഷണവും മറ്റും കൊണ്ട് എന്റെ കുടുംബത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. ഒരുപാട് കാലം നിരന്തരം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടായി.1991ൽ ഒരു അപകടത്തിൽപ്പെട്ടാണ് അദ്ദേഹം മരിച്ചത്.

എന്തിനായിരുന്നു താങ്കളെ ഉൾഫയിൽ നിന്നും പുറത്താക്കിയത്?

ഏകദേശം 15,000 മനുഷ്യർ ഇരുപത് കൊല്ലത്തിനിടയിൽ ആസാമിൽ കൊല്ലപ്പെട്ടിരുന്നു. ലക്ഷക്കണക്കിനാളുകൾ ജയിലിലടക്കപ്പെട്ടിരുന്നു. ജനങ്ങൾ കൊല്ലപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അങ്ങനെ 2014 ൽ ഞാൻ സർക്കാരുമായി സമാധാന ചർച്ചയിൽ പങ്കെടുത്തു. സമാധാന ചർച്ചയിൽ അധികം ആളുകുൾ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഉൾഫ എന്നെ സംഘടനയിൽ നിന്നും പുറത്താക്കിയത്. ജനങ്ങൾ എന്നോട് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത് ഞാൻ നേതൃത്വത്തോട് പറഞ്ഞു. ചെയർമാൻ എന്നെ സംഘടനയുടെ ഉത്തരവാദിത്തത്തിൽ നിന്നും സ്വതന്ത്രമാക്കാം എന്ന് പറഞ്ഞു. എന്നാൽ കുറച്ചുപേർ എനിക്കെതിരായും സംഘടനയിൽ ഉണ്ടായിരുന്നു. അവർ എനിക്ക് വോട്ടു നൽകരുതെന്ന് ജനങ്ങളോട് പറഞ്ഞു. എന്നാൽ ജനങ്ങൾ അത് ചെവിക്കൊണ്ടില്ല. അങ്ങനെ ഞാൻ 52 ശതമാനം വോട്ടു നേടി ജയിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ നേതാക്കൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. എന്നാൽ ജനങ്ങളെ ഒന്നിച്ചുനിർത്താനോ അവരുടെ പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം കണ്ടെത്താനോ യാതൊരു പരിശ്രമവും ഉണ്ടായില്ല എന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു.

നബ കുമാർ സരനിയ കൊക്രജാറിലെ ഒരു കൃഷി തോട്ടത്തിൽ

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരാൻ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്? വോട്ടു നേടി ജയിച്ച് എം.പി ആയ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ എന്ത് മാറ്റം ആണ് ഉണ്ടായത് ?

എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഞാൻ അവരെ പാർലമെന്റിൽ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിച്ചു, അവരുടെ ആഗ്രഹം ഞാൻ നിറവേറ്റുകയായിരുന്നു. എനിക്ക് അവർക്കായി എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ഒരു എം.പി എന്ന നിലയിലുള്ള എന്റെ ജീവിതം അവർക്കായി അർത്ഥപൂർണ്ണമാക്കാനാണ് ഞാൻ യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, എന്റെ മണ്ഡലത്തിൽ വികസനവും ഐക്യവും സമാധാനവും ഞാൻ സ്വപ്നം കാണുന്നു. ബോഡോകളും അല്ലാത്തവരും ഒരുമിച്ച് അഭിവൃദ്ധിപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഉൾഫയിൽ പ്രവർത്തിക്കുമ്പോഴും വിവിധ ജനവിഭാഗങ്ങൾ അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുവാൻ എന്റെ അടുത്ത് വരുമായിരുന്നു. ഉൾഫയിൽ പ്രവർത്തിക്കുമ്പോഴും ഞാൻ ജനങ്ങളുടെ കൂടെയായിരുന്നു, അതിപ്പോഴും തുടരുന്നു. ഒരു പൊതുപ്രവർത്തകൻ എപ്പോഴും ജനങ്ങളുടെ കൂടെ ഉണ്ടാവുക എന്നതാണ് പ്രധാനം. ഇപ്പോൾ അതിനുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ചുവരികയാണ് ഞാൻ. എനിക്ക് ഇന്ത്യയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നത് എന്റെ പ്രവർത്തനങ്ങൾക്ക് ശക്തിയേകുന്നുണ്ട്. ഉൾഫയിൽ പ്രവർത്തിക്കുമ്പോൾ അത്തരം കാര്യങ്ങൾ ഒന്നും സാധ്യമല്ലല്ലോ.

കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി 2012 ഓഗസ്റ്റ് 20 ന് ഗുവാഹത്തിയിൽ വച്ച് താങ്കൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നല്ലോ. ഉൾഫയിൽ നിന്നും പുറത്തുവന്ന ശേഷം കേസുകളുടെ അവസ്ഥ എന്താണ്?

കേസുകൾ അവസാനിച്ചിട്ടില്ല. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ ഒക്കെ ഒരു വിഭാഗം ശ്രമിച്ചു. അവർ ആ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നുമൊക്കെ ഒരു വിധി എനിക്കനുകൂലമായി വരുമ്പോൾ അവർ അപ്പീൽ നൽകും. അങ്ങനെ അത് തുടന്നുകൊണ്ടിരിക്കുന്നു. അത് എന്നെ ബുദ്ധിമുട്ടിക്കാനും എന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ഉദ്ദേശിച്ചു ചെയ്യുന്നതാണ്. എന്നാൽ എനിക്ക് കേസുകളെക്കുറിച്ചു ഭയം ഒന്നും ഇല്ല. ആരോടും വിവേചനം കാണിക്കാതെ, എം.പി ആയിരിക്കുന്നിടത്തോളം എന്റെ ജോലി ഞാൻ ചെയ്യും. നിയമനടപടികൾ തുടരട്ടെ, ഞാൻ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തിടത്തോളം എന്നെ കുറ്റക്കാരനെന്ന് വിളിക്കാൻ കഴിയില്ലല്ലോ.

ഇപ്പോൾ ഉൾഫയുടെ അവസ്ഥ എന്താണ്?

1979 ഏപ്രിലിൽ സിബാസാഗറിലെ (Sibasagar) റോങ് ഘോർ (Rong Ghor) പരിസരത്ത് ഒത്തുകൂടിയ ഒരുകൂട്ടം യുവാക്കൾ ആസാമിനെ ഡൽഹി ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുക വഴിയായിരുന്നല്ലോ ഉൾഫ രൂപംകൊള്ളുന്നത്. 1979-ൽ ആയിരുന്നു ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഉയർന്നുവന്നത്. ഉൾഫ ഉയർത്തിയ പ്രക്ഷോഭത്തിന്റെ ശക്തി ഇന്ന് നിലനിൽക്കുന്നില്ല. കാർഗിൽ യുദ്ധ സമയത്ത് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ ‘സ്വാതന്ത്ര്യ സമര സേനാനികൾ’ ആണെന്ന പ്രഖ്യാപനത്തെത്തുടർന്ന് 1998 വരെ ഉൾഫയ്ക്ക് ഉണ്ടായിരുന്ന പൊതുജന സമ്മതി ഇല്ലാതാവുകയായിരുന്നു. മാത്രമല്ല, ബംഗ്ലാദേശും ഭൂട്ടാനും തങ്ങളുടെ പ്രദേശത്ത് നിന്ന് തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സർക്കാരുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും ഉൾഫയുടെ പ്രവർത്തനത്തെ ബാധിച്ചു.

ഉൾഫ തീവ്രവാദികൾ ആയുധങ്ങളുമായി. കടപ്പാട്:eastmojo

ഞാൻ പുറത്തുവന്ന ശേഷവും ഒരു കൂട്ടം ആളുകൾ അതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അവർ പഴയ രീതിയിൽ പ്രവർത്തിക്കുന്നില്ല. സായുധ പോരാട്ടത്തിലൂടെ എന്തെങ്കിലും സാമൂഹ്യ മാറ്റം കൊണ്ടുവരാൻ കഴിയും എന്നുള്ള വിശ്വാസം ഒന്നും അവർക്കില്ല. സ്വാതന്ത്ര്യം അധോലോക പ്രവർത്തനത്തിലൂടെ ലഭിക്കില്ല എന്ന് ജനങ്ങൾക്കും അറിയാം. അതുകൊണ്ട് ജനങ്ങളുടെ പിന്തുണയും അവർക്കില്ല. ആസാമിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സായുധ വിപ്ലവത്തിലൂടെ പരിഹരിക്കപ്പെടും എന്നായിരുന്നു ഞാനും കുറേകാലം വിശ്വസിച്ചത്. അത് നടക്കില്ലെന്നുള്ള വിവേകം വൈകിയാണ് ഉണ്ടായതെങ്കിലും ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം ജനാധിപത്യ രീതിയിൽ തുടരാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.

ആസാമിലെ സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നാണല്ലോ ഉൾഫ ഉണ്ടാകുന്നത്. ഇപ്പോൾ ആസാമിലെ അവസ്ഥ എന്താണ്?

കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ക്രിസ്ത്യൻ മിഷനറി ആസാമിൽ വന്നപ്പോഴാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നത്. അതുകൊണ്ടാണ് ഒരു വിഭാഗം ആളുകൾക്ക് ആസാമിന്‌ പുറത്തു പോകാനും ജീവിക്കാനും പറ്റിയത്. ഇത്തരം ഇടപെടലുകൾ നടത്താൻ വേറെ ആരും ആ കാലത്ത് മുന്നോട്ടുവന്നില്ല. ഇപ്പോൾ ക്രമാനുഗതമായി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ പുരോഗമനം ഉണ്ടായിട്ടുണ്ട്. പണ്ട് ആശയവിനിമയം ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ പരിതാപകരമായിരുന്നു. അതുപോലെ റോഡ്‌, റെയിൽ ഗതാഗതവും പുരോഗമിച്ചിട്ടുണ്ട്. തൊഴിലില്ലായ്മയാണ് മറ്റൊരു വലിയ പ്രതിസന്ധി. മറ്റ് സംസ്ഥാനങ്ങളിലെ ഒരുപാട് തൊഴിലാളികൾ ഇപ്പോഴും ആസാമിൽ തൊഴിൽ ചെയ്യുന്നു എന്നതാണ് മറ്റൊരു വൈരുധ്യം. സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കാൻ കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വാസ്തവം. മെഡിക്കൽ കോളേജിന്റെ ഒക്കെ പണി നടക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണനിലവാരം അത്ര നല്ലതൊന്നുമല്ല. പൊതുവിദ്യാഭ്യാസം നേരത്തേതിലും കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. ചെറുകിട കർഷകരുടെ അവസ്ഥ വളരെ മോശമാണ്. ഡാമുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു പൊതുപ്രശ്നം ആണ്.

ഇന്ത്യയുടെ ഭാഗമായി നിൽക്കുന്ന ഒരു പ്രദേശം എന്ന നിലയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഇത്തരം പ്രശ്നങ്ങളുടെ വാർത്തകൾ മാധ്യമങ്ങൾ നൽകുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

ഇന്ന് മാധ്യമങ്ങൾ പണത്തിന്റെ പിന്നാലെ ആണെന്നാണ് തോന്നുന്നത്. വിൽപ്പന മൂല്യമുള്ള വാർത്തകൾ ആണ് അവർക്കു പ്രിയം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നെങ്കിൽ അത് പല സാധ്യതകൾക്കും വഴിതുറക്കുമായിരുന്നു. ഇപ്പോൾ ബി.ജെ.പി പറയുന്നതാണ് മാധ്യമങ്ങൾ വാർത്തകൾ ആയി നൽകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇവിടുത്തെ പ്രശ്നങ്ങൾ പുറംലോകം അറിയുന്നില്ല എന്നതാണ് വാസ്തവം.

നരേന്ദ്രമോദി സർക്കാർ വന്ന ശേഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ടോ?

ജനസംഖ്യയുടെ ഗണ്യമായ ഭാഗം ഗോത്രമതങ്ങളെ പിന്തുടരുന്നവരാണ് ഇവിടെ. അതിനാൽ ഹിന്ദുക്കളുടെ വലിയ കൂട്ടത്തിൽ അവർ ഉൾപ്പെടുന്നില്ല. ആസാമിന്റെ ചരിത്രത്തിലെ ഭൂരിപക്ഷം സംഘർഷങ്ങൾക്കും കാരണം മതമായിരുന്നില്ല. എന്നാൽ ഇപ്പോൾ ദേശീയവും വംശീയവുമായ പ്രശ്നങ്ങൾ മാറി മത സ്പർദ്ധയുടെയും സംഘർഷങ്ങളുടെയും ഭൂമിയായി ആസാം മാറിയിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയും കോൺഗ്രസും തമ്മിൽ ഉയർന്ന മത്സരത്തിന് ആസാം വേദിയായപ്പോൾ ഉടലെടുത്ത വർഗീയ സംഘർഷങ്ങൾ സൂചിപ്പിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം സംസ്ഥാനത്ത് അടിയുറപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നെന്നാണ്. 2013 ഓഗസ്റ്റ് 25 ന് സിൽചാർ (Silchar) ജില്ലയിലെ റോങ്പൂർ (Rongpur) പട്ടണത്തിലെ ഒരു കാളി ക്ഷേത്രത്തിൽ ഒരു കഷണം ബീഫ് ഉപേക്ഷിച്ചതാണ് ആസാമിലെ ബീഫ് രാഷ്ട്രീയത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പോലീസ് രേഖകൾ വെളിപ്പെടുത്തുന്നു. സംഭവം പ്രതിഷേധത്തിനും തീവെപ്പിനും കൊള്ളയ്ക്കും വഴിവെച്ചു. കഴിഞ്ഞ കാലയളവിൽ നടന്ന അക്രമങ്ങളുടെ മാതൃക സൂചിപ്പിക്കുന്നത് വംശീയ സ്വത്വത്തെ മറയ്ക്കുന്ന ഒരു മത സ്വത്വം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ്.

വിഭാഗീയത ആസാമിൽ നേരത്തെയും ഉണ്ടായിരുന്നില്ലേ?

ബംഗാളി സംസാരിക്കുന്ന പ്രദേശത്തിന് സ്വത്വവാദത്തിന്റെ ഭാഗമായി മുഖ്യധാരാ ആസമീസ് രാഷ്ട്രീയവുമായി ഒരു വൈരാഗ്യമുണ്ട്. അതിന്റെ ഭാഗമായാണ് ആസാമീസിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ച് 1961 ലെ ബംഗാളി ഭാഷാ പ്രസ്ഥാനം ഒക്കെ രൂപം കൊള്ളുന്നത്. ബ്രിട്ടീഷുകാർ ഭരിക്കാൻ തുടങ്ങിയപ്പോൾ ആസാമിസ്സ് ഭാഷയ്ക്കും ബംഗാളീ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകി. അത് വിഭാഗിയത സൃഷ്ടിച്ചു. കൂടാതെ ഹിന്ദു-മുസ്ലിം മതങ്ങൾക്കിടയിലും ചെറിയ ഭിന്നിപ്പുകൾ നിലനിന്നിരുന്നു. ഇപ്പോൾ ബി.ജെ.പി വന്ന ശേഷം വിഭാഗീയത വീണ്ടും വർധിച്ചു. അതിന്റെ ഫലമായി തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്.

ആസാമിൽ ദേശീയ പൗരത്വ രജിസ്റ്റർ ഉണ്ടാക്കി ഒരുവിഭാഗത്തെ പുറത്താക്കാനുള്ള ശ്രമത്തെ എങ്ങനെയാണ് കാണുന്നത്?

മുസ്ലിം ആയതിന്റെ പേരിൽ ഒരു പ്രദേശത്തെ ജനതയെ അനധികൃത കുടിയേറ്റക്കാരായി കാണുന്നതിൽ എനിക്ക് പ്രശ്നമുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം ഞാൻ നിഷേധിക്കുന്നില്ല. അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടി എടുക്കുന്നതിനെ എതിർക്കുന്നില്ല. എന്നാൽ ഒരു യഥാർത്ഥ പൗരനെ ഒരു മുസ്ലീം ആയതുകൊണ്ട് മാത്രം ശല്യപ്പെടുത്തുന്നതിന് ഞാൻ എതിരാണ്.

ബോഡോ വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങളെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

സാധാരണ ബോഡോ ജനത സമാധാനപരമായ സഹവർത്തിത്വവും അവരുടെ ജീവിതത്തിൽ വികസനവും പുരോഗതിയും ആഗ്രഹിക്കുന്നു. എല്ലാവർക്കും തുല്യമായ വികസനം ഉറപ്പാക്കാൻ ഭരണഘടന നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടണം. ആസാമിലെ ആളുകൾക്ക് വേണ്ടത് മാന്യമായ ഒരു ജീവിതവും വിഭവങ്ങളുടെ തുല്യ വിതരണവുമാണ്. ഭൂരിപക്ഷത്തെ മാറ്റിനിർത്തി ന്യൂനപക്ഷത്തിന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന സാഹചര്യം കൂടുതൽ അസമത്വത്തിലേക്ക് നയിക്കും. എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും പുരോഗതിയുമാണ് ഞാൻ ലക്ഷ്യം വയ്ക്കുന്നത്.

നബ കുമാർ സരനിയ പാർലമെന്റിൽ സംസാരിക്കുന്നു

കൊക്രജാറിനെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ബോഡോ ഇതര എം.പി മാത്രമല്ല, ഉൾഫയുടെ ഭാഗമായ പാർലമെന്റിലെ ആദ്യത്തെ അംഗവുമാണ് താങ്കൾ. ഇന്ത്യൻ പാർലമെന്റിൽ താങ്കളുടെ അനുഭവം എങ്ങനെയായിരുന്നു?

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ എനിക്ക് തികച്ചും അപരിചിതമായിരുന്നു. ജനങ്ങളടെ പ്രശ്നങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട പല വേദികളിലും പല ആളുകളോടും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അതിന് അർഹിക്കുന്ന പരിഗണ ഒരു ഭാഗത്ത് നിന്നും കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് ജനങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ മുന്നിലുള്ള മുഖ്യപ്രശ്‌നം ആസാമിലെയും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെയും ആദിവാസികൾ അനുഭവിക്കുന്ന അവഗണനയും ചൂഷണവും ആണ്. അതിന് അവരെ സംഘടിപ്പിച്ചു നിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ജനാധിപത്യ സംവിധാനങ്ങൾക്കകത്തുള്ള സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ തന്നെയാണ് എന്റെ തീരുമാനം.

ഒരു എം.പി എന്ന നിലയിൽ പാർലമെന്ററി സംവിധാനങ്ങൾക്കകത്ത് ഫലപ്രദമായി പ്രവർത്തിക്കാനുള്ള പരിമിതികളെ താങ്കൾ എങ്ങനെയാണ് മറികടക്കുന്നത്?

എനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ ഞാൻ സംതൃപ്തനല്ല, എങ്കിലും എനിക്ക് പറ്റാവുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത്. ഒരു എം.പി എന്ന നിലയിൽ പാർലമെന്റിൽ ഉള്ള പരിമിതികളെ മറികടക്കാനാണ് രാജ്യത്തുടനീളം സഞ്ചരിച്ചുകൊണ്ട് ജനങ്ങളെ സംഘടിപ്പിക്കാനും സമാനമനസ്ക്കരായ ആളുകളോടും സംഘടനകളോടും ചേർന്ന് പ്രവർത്തിക്കാനും ഞാൻ ശ്രമിക്കുന്നത്. അങ്ങനെയുള്ള വഴികൾ കണ്ടെത്തേണ്ടത് കൂടി എന്റെ ഉത്തരവാദിത്തം ആണെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഈ സംവിധാനം നൽകുന്ന പരിമിതമായ സാധ്യതകളിൽ ഞാൻ തൃപ്തിയടയേണ്ടി വരികയോ നിരാശനാകേണ്ടിവരികയോ ചെയ്യും. ഒരിക്കൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള എം.പി മാരുടെ ഒരു യോഗം ഞാൻ സംഘടിപ്പിച്ചു. പതിനാറുപേരിൽ ഏഴു പേരാണ് വന്നത്. അവർ എല്ലാവരും ഞങ്ങൾ ചർച്ചചെയ്ത ആദിവാസി ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ അംഗീകരിച്ചെങ്കിലും അവർക്ക് അത് സംബന്ധിച്ചു അവരുടെ പാർട്ടിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാൻ കഴിയുകയില്ല എന്നാണ് അറിയിച്ചത്. അവരെല്ലാം പ്രവർത്തിക്കുന്നത് പാർട്ടിക്ക് വേണ്ടിയാണ്. എന്നെപോലെ ഒരു ഇരുപത് സ്വതത്ര എം.പി മാർ എങ്കിലും ആദിവാസി വിഭാഗത്തിൽ നിന്നും ഉണ്ടായിരുന്നെങ്കിൽ ഒരുമിച്ചു നിന്ന് കുറച്ചെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. അതിനുള്ള പരിശ്രമത്തിലാണ് ഞാൻ. ആദിവാസി ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന എം.പി മാർ ഉണ്ടാവുക എന്നതാണ് എന്റെ സ്വപ്നം.

എന്തുകൊണ്ടാണ് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നത്?

ആദിവാസി വിഭാഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളിലായും മത വിഭാഗങ്ങളിലായും വിഭജിച്ചു കിടക്കുകയാണ്. അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കാനോ മനസ്സിലാക്കാനോ രാഷ്‌ടീയപാർട്ടികൾ തയ്യാറല്ല എന്നതാണ് ഒരു കാരണം. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഐക്യം ഇല്ലാത്തത് മുതലെടുക്കുകയാണ് ഭരണകൂടം. ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കിയ നിയമങ്ങൾ നടപ്പിലാക്കാൻ ഭരണകൂടങ്ങൾ കാണിക്കുന്ന ബോധപൂർവ്വമായ അവഗണനയാണ് മറ്റൊന്ന്. പെസ നിയമം (Panchayats Extension to Scheduled Areas Act, 1996 ) വന്ന് 25 വർഷം കഴിഞ്ഞിട്ടും കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും അത് ഇപ്പോഴും നടപ്പാക്കിയിട്ടില്ല. ഇരുപത് ശതമാനത്തിന് മുകളിൽ ആദിവാസികളുള്ള ഛത്തിസ്‌ഗഡിലും മധ്യപ്രദേശിലും ഇതാണ് സ്ഥിതി. ഇത് വടക്കു കിഴക്കൻ സംഥാനങ്ങളിലെ മാത്രം അവസ്ഥയല്ല. ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷം ആയതിനാൽ ഞങ്ങൾക്ക് സംസ്ഥാന തലത്തിലോ, കേന്ദ്രത്തിലോ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നു. ആദിവാസികളല്ലാത്ത സമൂഹം നടത്തുന്ന ചൂഷണമാണ് ഇന്ത്യയിലൂടനീളം സഞ്ചരിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞ മറ്റൊരു കാര്യം. അതൊക്കെ തടയാനുള്ള വനാവകാശ നിയമമോ പെസ നിയമമോ ഇപ്പോഴും എല്ലാ സഥലത്തും നടപ്പിലാക്കപ്പെട്ടില്ല എന്നത് വലിയ ഭാണകൂട വീഴ്ചയാണ്.

സി.പി.ഐ മാവോയിസ്റ്റ് അടക്കമുള്ള തീവ്രവാദ സംഘടനകൾ നമ്മുടെ രാജ്യത്ത് പല സ്ഥലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അവരെ ഏതുവിധേയനെയും അടിച്ചമർത്താൻ ആണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. ഇത്തരം സംഘടനകൾ തങ്ങളുടെ പ്രവർത്തന രീതി മാറ്റേണ്ടതുണ്ട് എന്ന് താങ്കൾ കരുതുന്നുണ്ടോ?

സി.പി.ഐ മാവോയിസ്റ്റ് പോലുള്ള സംഘടനകൾ ജന്മമെടുക്കുന്നതിന് ഓരോ സ്ഥലത്തും ഓരോ സാഹചര്യം ഉണ്ടാകും. മാവോയിസ്റ്റുകൾ ഏറ്റവും ശക്തമായി നിൽക്കുന്നത് ആദിവാസി മേഖലകളിൽ ആണ്. ആദിവാസി മേഖലകളിൽ നടക്കുന്ന വ്യാപകമായ ചൂഷണമാണ് അതിന് കാരണം. അതുകൊണ്ട് ഹിംസയെ നമുക്ക് ന്യായീകരിക്കാൻ കഴിയില്ല. തങ്ങളുടെ ഇത്രയും കാലത്തെ പ്രവർത്തനം എന്ത് മാറ്റം കൊണ്ടുവന്നു എന്ന് അവർ പുനർവിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മറുവശത്ത് സ്വന്തം ദേശത്തെ ജനതയോട് യുദ്ധം ചെയ്യുന്ന സർക്കാരിന്റെ നയവും ശരിയല്ല. സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ബദൽ അന്വേഷണങ്ങൾ മാവോയിസ്റ്റ് അടക്കമുള്ള സംഘടനകൾ നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ആർക്കുവേണ്ടിയാണോ അവർ പോരാടിക്കൊണ്ടിരിക്കുന്നതു അവർക്ക് തന്നെയാണ് നഷ്ടം. പഴയപോലെയുള്ള ആദിവാസി ജനങ്ങളുടെ പിന്തുണ മാവോയിസ്റ്റ് സംഘടനകൾക്ക് ഇപ്പോൾ ഇല്ല എന്നുള്ളതും ഒരു വാസ്തവമാണ്.

ആദിവാസി മേഖലകളിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങൾ അല്ലെ ആദിവാസി ജനവിഭാഗങ്ങളുടെ ഒരു പ്രധാന പ്രശ്നം ആയി നിൽക്കുന്നത്?

തീർച്ചയായും, സർക്കാർ നടത്തുന്ന വികസനപ്രവർത്തനത്തിൽ ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന പ്രശ്നം. അവരെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ അവരെ ചൂഷണം ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഈ അടുത്ത് ഞാൻ ബസ്തറിൽ പോയിരുന്നു. അവിടെ ഒരു ഗ്രാമത്തിൽ ജനങ്ങൾ ഒരുപാട് ദിവസമായി ഒരു പ്രതിഷേധ ധർണ്ണ നടത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ വരാൻ പോകുന്ന ഒരു പാലത്തിന് എതിരെയാണ് അവർ പ്രതിഷേധിക്കുന്നത്. ഞാൻ അവരോട് എന്തിനാണ് പാലം വരുന്നതിനെ എതിർക്കുന്നത് എന്ന് ചോദിച്ചു. അവർ പറഞ്ഞത് തൊട്ടടുത്തുള്ള ഒരു കുന്നിൽ ഇരുമ്പ് ഖനനം ചെയ്യാൻ പറ്റുമെന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നും പാലം പണിയുന്നത് അവിടെ ഖനനം തുടങ്ങാൻ വേണ്ടിയാണ് എന്നുമാണ്. അത് സംഭവിച്ചാൽ അവരുടെ ഗ്രാമം തന്നെ ഇല്ലാതാകും എന്നും അവർ പറഞ്ഞു. നോക്കൂ, പൊതുജനത്തിന് തങ്ങളുടെ നാട്ടിൽ പാലം വരുന്നത് വികസനം ആണെങ്കിൽ ആദിവാസി സമൂഹത്തിന് അവരുടെ കിടപ്പാടം തന്നെ ഇല്ലാതാകുന്ന വിനാശ പദ്ധതിയാണ്. ഒരു നഗരവാസിക്ക് ഈ യാഥാർഥ്യം എളുപ്പത്തിൽ മനസിലാകില്ല, മനസിലായാലും അത് അംഗീകരിക്കില്ല. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വനമേഖലകളിലും ഒരുപാട് സാധാരണ മനുഷ്യർ ഭയത്തോടെയാണ് ജീവിക്കുന്നത്. അവരുടെ സമരം ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടിയല്ല, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്താൻ വേണ്ടിയാണ്.

ഒരു ജനപ്രതിനിധി എന്ന നിലയിൽ താങ്കൾ ഈ വിഷയങ്ങളെ എങ്ങനെയാണ് അഡ്രസ് ചെയ്യാൻ പോകുന്നത്?

ആദിവാസി വിഭാഗങ്ങൾ ഇന്ത്യയിൽ ഉടനീളം അനുഭവിക്കുന്നത് സമാനമായ അവസ്ഥയാണ്. അവർ കാലാകാലങ്ങളായി ചൂഷണം ചെയ്യപ്പെടുകയും വഞ്ചിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. അത് പരിഹരിക്കാൻ ഞാൻ എന്റെ മണ്ഡലത്തിൽ മാത്രം പ്രവർത്തിച്ചാൽ പോരാ എന്നാണ് ഞാൻ മനസിലാക്കുന്നത്. വിവിധ ദേശങ്ങളിലെ ആദിവാസി വിഭാഗങ്ങളെ ഒരുമിച്ചു നിർത്തി പോരാടുകയാണ് ആവശ്യം. അതുകൊണ്ടാണ് ഞാൻ പല സ്ഥലത്തും യാത്ര ചെയ്യുകയും പല സംഘടനകളുമായി സംവദിക്കുകയും ചെയ്യുന്നത്. അല്ലാത്തെ ഒരു എം.പി എന്ന നിലയിൽ മാത്രം പ്രവർത്തിച്ചാൽ പരിഹരിക്കാവുന്ന കാര്യങ്ങൾ അല്ല ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ. ആദിവാസി വിഭാഗങ്ങൾ ഒരുമിച്ചു നിന്ന് തങ്ങളുടെ ശബ്ദം കേൾപ്പിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ ഭൂമി, വനം എന്നിവയിലുള്ള അവകാശങ്ങൾ പോലെ തന്നെ തങ്ങൾക്ക് സ്വയംഭരണം ലഭിക്കുക എന്ന ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന അവകാശവും ലഭിക്കാൻ വേറെ മാർഗമില്ല. തങ്ങളുടെ ജീവിത ഭാഗധേയം നിർണ്ണയിക്കാൻ അവർക്കു കഴിയേണ്ടിയിരിക്കുന്നു.

ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

ആദിവാസി ജനവിഭാഗങ്ങൾക്ക് ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ വേണ്ട സാഹചര്യങ്ങൾ നൽകുക എന്നതാണ് പ്രധാനം. ആദിവാസി വിഭാഗങ്ങളുടെ കൃഷി അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പഴയ പോലെ സ്വയം പര്യാപ്തമായി ജീവിക്കുക എളുപ്പമല്ല. മാറിയ സാഹചര്യത്തിൽ തങ്ങളുടെ ജീവിതം തുടരാനുള്ള ശേഷിയും സാഹചര്യവും അവർക്കുണ്ടാകേണ്ടിയിരിക്കുന്നു. തങ്ങളുടെ പരമ്പരാഗത ജീവിതവും സംസ്കാരവും സംരക്ഷിക്കുക എന്ന ഉദ്ദേശം നടക്കണമെങ്കിൽ അവർ ജീവിച്ചിരിക്കേണ്ടേ? അതുകൊണ്ട് ആദിവാസി വിഭാഗങ്ങളുടെ ജീവിതം നിലനിൽക്കുക എന്നതാണ് പ്രാഥമികമായ കാര്യം. ആദിവാസി വിഭാഗങ്ങൾ നഗരജീവിതത്തിലേക്ക് ചുവടുമാറ്റണം എന്നല്ല ഞാൻ പറയുന്നത്. ഇന്നത്തെ ലോകത്തെ യാഥാർഥ്യങ്ങൾ മനസിലാക്കി തങ്ങളുടെ ജീവിതം ക്രമീകരിക്കാനും കണ്ടെത്താനുമുള്ള ശേഷി ഉണ്ടാകണം എന്നാണ് ഞാൻ കരുതുന്നത്.

എല്ലാ രാഷ്‌ടീയ പാർട്ടികളും അവകാശപ്പെടുന്നത് അവർ ആദിവാസികൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നാണ്. എന്നാൽ അവർ കൂടുതൽ അരികുവൽക്കരിക്കപ്പെടുകയാണ് ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും കാര്യമായി ഒന്നും സംഭവിച്ചില്ല എന്നത് വളരെ നിരാശയുളവാക്കുന്നതാണ്. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ആദിവാസികൾ സമര രംഗത്താണ്. ആദിവാസികൾ ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രത്തിന് പരിഹരിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്. ഈ യാഥാർഥ്യം ഇനിയും തുടർന്ന് കൂടാ. അതുകൊണ്ടാണ് ഞാൻ ജന സുരക്ഷാ പാർട്ടി എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. ആദിവാസികളും അരികുവൽക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാണ് ഇത് രൂപീകരിച്ചത്. ജനസംഖ്യയുടെ എട്ടു ശതമാനത്തോളം വരുന്ന ആദിവാസികൾക്ക് ഒന്നിച്ചു നിൽക്കാൻ കഴിഞ്ഞാൽ അത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും.

താങ്കൾ മുൻകൈ എടുത്ത് രൂപീകരിച്ച Indian Regional Parties Front എന്ന സഖ്യത്തിന്റെ ഉദ്ദേശം ഏതാണ് ?

നൂറോളം പ്രാദേശിക പാർട്ടികൾ ചേർന്ന് നിൽക്കുന്ന ഒരു സഖ്യം ആണത്. അതിൽ അംഗങ്ങളായ പാർട്ടികൾ പ്രാദേശിക തലത്തിൽ ആയിരിക്കുമ്പോൾ ഈ സഖ്യം ദേശീയതലത്തിൽ ആണ് എന്നതാണ് അതിന്റെ പ്രത്യേകത. ഇപ്പോൾ അഞ്ചിൽ താഴെ പാർലിമെന്റ് അംഗങ്ങൾ മാത്രമേ അതിലുള്ളൂ. കേരളത്തിൽ സജീവമായ ഇന്ത്യൻ നാഷണൽ മുസ്ലിം ലീഗ് ഇതിന്റെ ഭാഗമാണ്. പ്രാദേശിക പാർട്ടികൾക്ക് അവർ പ്രവർത്തിക്കുന്ന മേഖലകളിൽ ജനങ്ങളെ കൂടുതൽ അടുത്തറിയാനും അവരുടെ പ്രശ്‍നങ്ങൾക്കു പരിഹാരം കൊണ്ടുവരാനും കഴിയും എന്ന വിശ്വാസം ആണ് ഈ സംഘടന രൂപീകരിക്കാൻ കാരണം. ഇത്തരം പാർട്ടികൾ കൂടിച്ചേർന്ന് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ചില വിഷയങ്ങൾ കൊണ്ടുവരാനും വലിയ പാർട്ടികൾ അവഗണിക്കുന്ന വിഷയങ്ങളെ ഉയർത്തിപ്പിടിക്കാനും കഴിയും എന്ന് ഞങ്ങൾ കരുതുന്നു. ദേശീയ പാർട്ടികൾക്ക് പലപ്പോഴും പ്രാദേശിക പ്രശ്നങ്ങളെ പ്രതിനിധീകരിക്കാൻ കഴിയാറില്ല.

നബ കുമാർ സരനിയ സംസാരിക്കുന്നു

ഈ സഖ്യത്തിൽ ആദിവാസികൾക്ക് വേണ്ട പ്രാതിനിധ്യം ലഭിക്കുമോ?

ഞാൻ അതിന്റെ പ്രസിഡന്റ് ആണ്. ആദിവാസികൾക്ക് സമരം ചെയ്യാനും പൊരുതാനും ഉള്ള ശേഷിയുണ്ടെന്ന വിശ്വാസത്തിലാണ് എന്നെ പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദിവാസികൾ ഇന്നും സമരരംഗത്ത് തന്നെയാണ്. ആദിവാസികളും മറ്റു പിന്നോക്ക വിഭാഗങ്ങളും ഒന്നിച്ചുചേർന്ന് പോരാടിയാൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ദക്ഷിണേന്ത്യയിൽ ആദിവാസികളുടെ ജനസംഖ്യ ചെറുതാണ്. അവർക്ക് മറ്റു പ്രദേശങ്ങളിലെ ജനങ്ങളുടെ കൂടി പിന്തുണ ആവശ്യമുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ വലിയ ശക്തിയായി മാറാനും മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും.

ഇന്ത്യൻ പ്രസിഡണ്ട് പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ആദ്യ വ്യക്തിയും പ്രതിഭാ പാട്ടീലിന് ശേഷം ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുർമു. ഇത് ആദിവാസി വിഭാഗങ്ങളുടെ പുരോഗമനത്തിന് കാരണം ആകും എന്ന് താങ്കൾ കരുതുന്നുണ്ടോ?

രാഷ്ട്രപതിയുടെ ഉത്തരവാദിത്തങ്ങൾ കുറച്ചു വ്യത്യസ്തമാണല്ലോ. കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ കാര്യമായ ഇടപെടൽ നടത്താനോ സ്വാധീനിക്കാനോ ഉള്ള സാധ്യതകൾ പ്രായോഗികമായി വളരെ കുറവല്ലേ. നിലനിൽക്കുന്ന സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രവർത്തിക്കാൻ മാത്രമേ അവർക്കു കഴിയുകയുള്ളൂ. തന്റെ നിലപാടുകൾ കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കാൻ അവർക്ക് കഴിയണമെന്നില്ല. പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ. ഇവിടെ എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയല്ലേ. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ആദിവാസി വിഭാഗത്തിലെ ഒരാളെ രാഷ്ട്രപതിയാക്കിയത്.

ഒരു സ്വതന്ത്ര സ്ഥാനാർഥിയായ താങ്കൾക്ക് എങ്ങനെയാണ് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്?

2014 ലെ എന്റെ ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ എനിക്ക് 52 ശതമാനം വോട്ടു ലഭിച്ചതിൽ 10 ശതമാനം മാത്രമാണ് ആദിവാസികളുടെ പങ്ക് ഉണ്ടായിരുന്നത്. എന്റെ മണ്ഡലത്തിലെ 34 ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗങ്ങളുടെ വോട്ടു മാത്രമല്ല എനിക്ക് ലഭിച്ചത്. അതിൽ 15 ശതമാനത്തിലധികം വോട്ടുകൾ മറ്റ് പിന്നോക്ക വിഭാഗങ്ങളും മുസ്‌ലിങ്ങളും നൽകിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നും കുടിയേറി വന്ന ജനങ്ങളും എനിക്ക് വോട്ടു ചെയ്തു. എന്റെ എതിർ സ്ഥാനാർത്ഥികളുടെ പാർട്ടികൾ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു നേടാൻ നോക്കിയപ്പോൾ ഞാൻ അവരെ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ആണ് ശ്രമിച്ചത്. അതുകൊണ്ടായിരിക്കാം അവർ ഒന്നിച്ച് എനിക്ക് വോട്ടുനൽകിയത്. കൂടാതെ അവരെ കാലാകാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളോടുള്ള പ്രധിഷേധം കൂടിയായിരിക്കാം അവർ പ്രകടിപ്പിച്ചത്. ഒരു ഉൾഫാ പ്രവർത്തകൻ ആയതിന്റെ പേരിൽ ജനങ്ങൾ ആരും തന്നെ എന്നെ ഒരിക്കലും ഭയന്നിരുന്നില്ല. ഇപ്പോഴും അവരുടെ കൂടെ പ്രശ്നങ്ങൾ മനസിലാക്കിയാണ് ഞാൻ പ്രവർത്തിച്ചിരുന്നത്.

ഉൾഫയിൽ നിന്നും പുറത്തുവന്ന ശേഷം വ്യക്തിപരമായി എന്താണ് ഇപ്പോൾ തോന്നുന്നത്?

ഉൾഫയിൽ പ്രവർത്തിക്കുമ്പോൾ പ്രസ്ഥാനത്തിനും അതിന്റെ ലക്ഷ്യങ്ങൾക്കും വേണ്ടി മരിക്കാൻ തായ്യാറായാണ് ഞാൻ ഓരോ ദിവസവും ജീവിച്ചത്. അന്ന് ഓരോ ദിവസവും മരണത്തെ പ്രതീക്ഷിച്ചുകൊണ്ടാണ് ഞാൻ ഉറങ്ങിയതും ഉണർന്നതും. അതുകൊണ്ട് ഇപ്പോഴത്തെ എന്റെ ജീവിതം എനിക്ക് വളരെ ലളിതവും അനായാസവും ആയി തോന്നുന്നു. മരണത്തിനുപകരം പ്രവർത്തിക്കാനുള്ള അനന്ത സാധ്യതകളും അതിനുള്ള ഉത്തരവാദിത്തങ്ങളുമാണ് ഓരോ പുതിയ പ്രഭാതവും എനിക്ക് നൽകുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 23, 2023 10:20 am