

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


1949 ൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവിൽ വന്ന നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) 12 രാഷ്ട്രങ്ങൾ ചേർന്നാണ് ആരംഭിച്ചത്. ഈ സൈനിക സഖ്യത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ് ലാൻഡ്, ലക്സംബർഗ്, നെതർലാൻഡ്, നോർവേ, പോർച്ചുഗൽ, അമേരിക്ക, കാനഡ എന്നിവയാണ് സ്ഥാപകാംഗങ്ങൾ. ഇസ്രയേലിന് നാറ്റോയുമായി പ്രത്യേക ബന്ധമുണ്ട്. സൂക്ഷിച്ച് നോക്കിയാൽ ഇവയിൽ പ്രധാന രാജ്യങ്ങളെല്ലാം ഭൂമിയിൽ കൊളോണിയലിസം, അടിമത്തം, ചൂഷണം, യുദ്ധം, കുത്തിക്കവർച്ച, കൊള്ള എന്നിവയ്ക്ക് അടിത്തറ പാകിയവരാണ്.
2025ൽ ഇസ്രായേലിന് വേണ്ടി ഇറാനെതിരെ യുദ്ധത്തിനിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, 12 ദിവസത്തെ ഇറാൻ യുദ്ധത്തിന് ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ച പിറ്റേന്നാൾ ജൂൺ 25ന് ഹേഗിൽ ചേർന്ന നാറ്റോ ഉച്ചകോടി ഗംഭീരമായ സ്വീകരണം നൽകുകയുണ്ടായി, ഹേഗിലെ രാജകൊട്ടാരത്തിൽ വച്ച്. അങ്ങനെ സ്വീകരണം (ബഹുമതി) ലഭിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആണ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട് അദ്ദേഹത്തെ ‘ശാന്തിയുടെ മാനവൻ’ (Man of Peace) എന്നും ‘ശക്തിയുടെ മനുഷ്യൻ ‘ എന്നും പ്രശംസിച്ചു. റുട്ട് കൂട്ടിച്ചേർത്തു, ട്രംപ് ‘നല്ല സുഹൃത്താണ്’. ട്രംപിന്റെ ഇറാന് നേരെയുള്ള നിശ്ചയദാർഢ്യമുള്ള പ്രവർത്തി (യുദ്ധം!) യും വിജയവും അതിപ്രശംസനീയമാണ്. നാറ്റോ രാജ്യങ്ങളുടെ രാജ്യരക്ഷാ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്തിയതും ഗംഭീരം തന്നെ (ആയുധക്കച്ചവടം!!).


ട്രംപ് വിനീതനായി മാധ്യമങ്ങൾക്ക് മുൻപിൽ: “എനിക്കറിയില്ല ഞാൻ അങ്ങനെയൊക്കെ ചെയ്തു എന്ന്.” തിടുക്കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ വിചാരിക്കുന്നത് ഞാനത് ചെയ്തു എന്ന് തന്നെയാണ്.” അദ്ദേഹം വിശദീകരിച്ചു. “നാറ്റോ രാജ്യങ്ങൾ രാജ്യ രക്ഷയ്ക്കായി അഞ്ച് ശതമാനം ആക്കിയത് അമേരിക്കക്കും യൂറോപ്യനും പാശ്ചാത്യ നാഗരികതയ്ക്കും (western civilization) മഹത്തായ വിജയമാണ്.” ലോകക്രമത്തിനുമേൽ പാശ്ചാത്യ നാഗരികതയുടെ ആറ് നൂറ്റാണ്ടുകളിലായുള്ള അധീശത്വത്തിൻ്റെ തുടർച്ച അമേരിക്കയുടെ നേതൃത്വത്തിൽ അദ്ദേഹം ഉറപ്പിക്കുകയാണ്.
പാശ്ചാത്യ നാഗരികതയുടെ ഹിംസാത്മകമായ അധീശത്വം തുടരുവാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് അമേരിക്കയിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റുകളാണ്. അദ്ദേഹത്തിന്റെ അധികാരത്തിന്റെ, ‘ജനസമ്മതിയുടെ’, വോട്ടിന്റെ അടിത്തറ ഇവരാണ്. ഗാസയിലെ 23 ലക്ഷത്തോളം വരുന്ന മനുഷ്യരെ ഇസ്രായേലിന്റെ അതിക്രൂരമായ ചെയ്തികൾക്ക് പിന്തുണ നൽകി പിഴുതെറിഞ്ഞ് മറ്റെവിടെയെങ്കിലും കുടിയിരുത്തി ഗാസ ഭൂവിഭാഗം ‘ഒരു പൂന്തോട്ടമാക്കി’ മാറ്റുന്നതിലൂടെ പലസ്തീനിയന്റെ മുഴുവൻ അവകാശത്തെയും ഇല്ലാതാക്കാൻ കഴിയും. ഇറാൻ അടക്കമുള്ള അറബ് രാഷ്ട്രങ്ങളുമായി ‘ഡീൽ’ ഉറപ്പിക്കുന്നതിലൂടെ പലസ്തീൻ പ്രശ്നത്തെ നേരിടാനാകുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. ഇറാൻ – ഇസ്രയേൽ – യുഎസ് യുദ്ധത്തിന് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണല്ലോ.
ഇന്ത്യ പാകിസ്താൻ സംഘർഷത്തിലും ട്രംപ് സൂചിപ്പിച്ചത് ഈ കച്ചവട സമവാക്യമാണ്. പാശ്ചാത്യ നാഗരികതയുടെ മുദ്രാവാക്യം കച്ചവടമാണ്. ക്രിസ്ത്യൻ മതത്തെയും ബൈബിളിനെയും പള്ളിയെയും എക്കാലവും കൊളോണിയലിസ്റ്റുകൾ അതിനായി കൂട്ടുപിടിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക” എന്ന മൈത്രീ ഭാവത്തെ, “നിന്റെ ഒറ്റ ചെകിടത്തടിച്ചാൽ മറ്റേ ചെകിടം കാണിച്ചുകൊടുക്കുക” എന്ന അഹിംസാ മന്ത്രത്തെ ഒരിക്കലും കൊളോണിയലിസ്റ്റ് രാഷ്ട്ര നേതാക്കളോ വിദഗ്ധരോ ശാസ്ത്രജ്ഞരോ കണക്കിലെടുക്കാറില്ല. ZAN, ZENDEGI, AZADI (Women, life ,freedom) എന്ന ഇറാനിയൻ പൗരന്റെയും സ്ത്രീയുടെയും ജൈവിക മുദ്രാവാക്യത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന ഖൊമൈനിമാർ ഇതിന്റെ മറ്റൊരു മുഖമാണ്. ‘വസുധൈവ കുടുംബകം’എന്ന് അന്തർദേശീയ വേദികളിൽ പ്രസംഗിക്കുകയും ‘വിശ്വഗുരുവായി’ വാഴ്ത്തപ്പെടുകയും നാട്ടിൽ മുസ്ലീമിനെയും ദലിതരെയും ദരിദ്രരെയും പീഡിപ്പിച്ചും പിഴുതെറിഞ്ഞും രാജ്യാതിർത്തികളിലേക്ക് തുരത്തിയും പൗരാവകാശ ബില്ലുകളിലൂടെ മുസ്ലീമിനെ രാജ്യഭ്രഷ്ടനാക്കുകയും ചെയ്യുന്ന ഹിന്ദുത്വവാദികളുടെ നേതാക്കളും മന്ത്രിമാരും ചെയ്യുന്ന അതേ രീതി തന്നെ.


കടപ്പാട് :abcnews.go.com
ഇവിടെ നാം മനസ്സിലാക്കേണ്ടത് ‘പാശ്ചാത്യ നാഗരികത’ എന്ന ട്രംപിന്റെ വിശേഷണമാണ്. ട്രംപിനെ സ്തുതിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വവാദികളും ട്രംപിനെ എതിർക്കുന്നതായി സൂചിപ്പിക്കുന്ന ഖൊമൈനിമാരും പ്രത്യക്ഷത്തിൽ ചെയ്യുന്നത് ‘പാശ്ചാത്യ നാഗരികത’ യുടെ ഹിംസാത്മക വികസനത്തെ, വിനാശത്തിന്റെ വികസനത്തെ കൂട്ടുപിടിച്ച് ദരിദ്ര കോടികളെ ഭൂമിയിൽ നിന്ന് ഇല്ലായ്മ ചെയ്യുകയാണ്. അതുവഴി ഈ ഭൂമിയുടെ അതിജീവനം തന്നെ ദുഃസാധ്യമാക്കുകയാണ്. ഭൂമിയിൽ എവിടെയെങ്കിലും ഒരു വെടിയൊച്ച കേൾക്കുമ്പോൾ അറിയണം നാം, ഭൂമിയുടെ മരണത്തിലേക്കുള്ള ഒരു ചുവടാണ് അതെന്ന്.
നമുക്ക് ഇന്ന് ആവശ്യം ഹിന്ദു മതമോ, ഇസ്ലാം മതമോ, ക്രിസ്തുമതമോ, യുദ്ധങ്ങളോ, യുദ്ധങ്ങൾ വഴിയുള്ള കച്ചവടസന്ധികളോ അല്ല. അന്തിമ കാഹളം മുഴങ്ങുകയാണ്. നമ്മുടെ വീട്ടുമുറ്റത്തെത്തുന്ന മയിലുകൾ, കാടുകളിൽ നിന്ന് വിശപ്പുമായി കൃഷിഭൂമിയിലേക്ക് എത്തുന്ന കാട്ടാനകൾ, കാട്ടുപന്നികൾ, മുള്ളൻ പന്നികൾ, പുലികൾ…
വീട്ടിലും തെരുവിലും കലാശാലകളിലും അസംബ്ലിയിലും പാർലമെന്റിലും ഹിംസയുടെ മുറവിളികൾ കേൾക്കുമ്പോൾ നമുക്ക് ഉറപ്പിക്കാം, നമ്മുടെ ഭൂമി മരണത്തോട് അടുക്കുകയാണ്. അതിവർഷങ്ങൾ, ഭൂകമ്പങ്ങൾ, സുനാമികൾ നിത്യ സംഭവങ്ങളായി മാറുകയാണ്… നാം നമ്മുടെ ഉപഭോഗ സംസ്കൃതിയുടെ കൂടുകളിലിരുന്ന്, വ്യാജവാർത്തകൾക്ക് കാതുകൊടുത്ത്, കൃത്രിമ കാഴ്ചകൾ നോക്കിയിരുന്ന്, ദുഷ്ട ചിന്തകൾ താലോലിച്ച്, അയൽക്കാരനെതിരെ പരദൂഷണം പറഞ്ഞ്, താൽക്കാലികമായ അധികാര നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമായി രാഷ്ട്രീയക്കാരുടെ അടിമകളായി സ്വയം വിജിഗീഷുക്കളായി രമിച്ച്, നമ്മുടെ ഉള്ളിലെ സ്വാതന്ത്ര്യത്തെയും ധാർമ്മികതയെയും കെടുത്തിക്കളയുന്നു.
ട്രംപിന്റെ പാശ്ചാത്യ നാഗരികതയിലൂടെ ആറ് നൂറ്റാണ്ടുകളായി സഞ്ചരിച്ച് ഭൂമിയെ വിഷലിപ്തമാക്കി ജീവന്റെ അതിജീവനത്തെ തന്നെ പ്രതിസന്ധിയിലാക്കിയത് ഒരർത്ഥത്തിൽ നാം തന്നെയാണ്. 1908 ൽ ഗാന്ധി ‘ഹിന്ദ് സ്വരാജി’ൽ പാശ്ചാത്യ നാഗരികതയുടെ അധീശ സ്വഭാവത്തെപ്പറ്റിയും ഹിംസാത്മകതയെപ്പറ്റിയും എഴുതിയത്, 2025 ൽ അക്രമത്തിന്റെയും തീവെട്ടിക്കൊള്ളയുടെയും വർഗീയതയുടെയും കച്ചവടത്തിന്റെയും പ്രതിനിധിയായ ട്രംപ് പാശ്ചാത്യ നാഗരികതയിൽ അഭിമാനിച്ചുകൊണ്ട് സ്വയം സ്തുതിക്കുന്ന സന്ദർഭം ഭൂമിയിലെ ദരിദ്രരുടെയും ഭൂമിയുടെ തന്നെയും ദുരന്ത കാഴ്ചയാണ്. അതിനെ താലോലിക്കുവാൻ, അതിന് കീഴ്പ്പെടാൻ നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളും മത്സരിക്കുന്നു എന്നത് ലജ്ജാവഹവും ദാരുണവുമാണ്.