എം കുഞ്ഞാമന്റെ ദലിത് വികസന കാഴ്ചപ്പാടും സമകാലിക ഇന്ത്യയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായകമായ സമരമുറകളിലൊന്നായിരുന്നു ഗാന്ധിജി ആവിഷ്കരിച്ച നിസ്സഹകരണ പ്രസ്ഥാനം. ബ്രിട്ടീഷ് നിയമങ്ങളോട് യാതൊരു വിധത്തിലും സഹകരിക്കാതെ സ്വദേശി ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം ആയിരുന്നു ഗാന്ധി മുന്നോട്ടുവെച്ച ആശയം. അത്‌ ഏറെക്കുറെ ഫലം കാണുകയും ചെയ്തു. ഇതേ രീതിയിലുള്ള ഒരു നിസ്സഹകരണമാണ് ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ വികസന മാതൃകയുള്ള, പുരോഗമന ആശയങ്ങളുടെ ഭൂമിയെന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിലെ എം കുഞ്ഞാമൻ എന്ന മനുഷ്യൻ തനിക്കെതിരെയുണ്ടായ ജാതി വിവേചനത്തിനെ അതിജീവിക്കാൻ തെരെഞ്ഞെടുത്തത്. ‘എതിര് – ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം’ എന്നാണ് കുഞ്ഞാമൻ തന്റെ ഓർമ്മക്കുറിപ്പിന് പേര് നൽകിയത്. ഇത്തരം ഒരു ശീർഷകം കാണുമ്പോൾ തന്നെ ഒരു വിപ്ലവകാരിയുടെ പുസ്തകമാണിതെന്ന തോന്നൽ ഭൂരിഭാഗം പേരിലും ഉണ്ടാകും. കുഞ്ഞാമൻ ഒരു വിപ്ലവകാരി തന്നെയായിരുന്നു. താൻ അനുഭവിച്ച ജാതീയ പീഡനങ്ങളെ തന്റെ വിദ്യാഭ്യാസവും, മനോബലവും കൊണ്ട് മറികടന്ന വ്യക്തിത്വത്തിനുടമ.

കൊടിയ ജാതിവിവേചനങ്ങൾ അനുഭവിച്ചെങ്കിലും അവയെ അതിജീവിച്ച് പഠിക്കാനും, കെ.ആർ നാരായണന് ശേഷം എം.എ യിൽ ഒന്നാം റാങ്ക് നേടിയ ദലിതൻ എന്ന ഖ്യാതി നേടിയെടുക്കാനും കുഞ്ഞാമന് സാധിച്ചു. സ്കൂളിൽ ഉച്ചകഞ്ഞി കുടിക്കാനാണ് പോയതെന്ന് പറഞ്ഞ ഒരു വിദ്യാർത്ഥിയിൽ പഠിക്കണം എന്ന വാശി ജനിപ്പിച്ചത് ഈ ജാതി പീഡനങ്ങളാണ്, അവയെ ചെറുത്ത് തോൽപ്പിക്കുമെന്ന ദൃഢനിശ്ചയമാണ്. തന്റെ അനുഭവങ്ങളും, വിദ്യാഭ്യാസവും തന്റെ ജനതയുടെ വികസനത്തിനുള്ള പരിപ്രേഷ്യം തയ്യാറാക്കാനും, മുഖ്യധാര സാമൂഹിക സാഹചര്യങ്ങളെയും, മാറി മാറി വരുന്ന സർക്കാരുകളെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കാനായും അദ്ദേഹം ഉപയോഗിച്ചു. ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് കേവലം രാഷ്രീയ പ്രാതിനിധ്യം മാതമല്ല വേണ്ടത്, അതിലുപരി മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണ് അവരുടെ ഉന്നമനത്തിന് ആവശ്യമെന്നും അദ്ദേഹം വാദിച്ചു.

എതിര്, ബുക്ക് കവർ

“തെളിഞ്ഞ ചിന്തകളാണ് വിപ്ലവ ഖഡ്ഗത്തിന്റെ ഉരക്കല്ല്”എന്ന് പറഞ്ഞത് ധീര വിപ്ലവകാരി ഭഗത് സിം​ഗാണ്. ചിന്തകൾ കൊണ്ട് ധാരാളം ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. കുഞ്ഞാമനും അത്തരത്തിൽ ജീവിതനുഭവങ്ങളുടെ വെളിച്ചത്തിൽ ചിന്തിച്ച ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ്. കീഴാള വിഭാഗത്തിന്റെ നിലനിൽപ്പിന് പുതിയ പരിപ്രേഷ്യം ആവശ്യമാണെന്ന വാദം ഉന്നയിക്കുന്നതിനും ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.

കുഞ്ഞാമന്റെ ദലിത് വികസന പരിപ്രേക്ഷ്യം

ദലിത്‌ – ആദിവാസി വിഭാഗങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി നിലനിന്ന പല ചിന്തകളെയും തിരസ്കരിച്ചാണ് എം കുഞ്ഞാമന്‍ തന്റെ ദലിത്‌ വികസന പരിപ്രേഷ്യം അവതരിപ്പിച്ചത്. അധികാരമല്ല സാമ്പത്തിക ശക്തിയാണ് കീഴാള വിഭാഗങ്ങള്‍ക്ക് മുഖ്യധാര സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ആവശ്യമുള്ളതെന്നും, കഠിനാധ്വാനത്തിന് പകരം സ്മാര്‍ട്ട്‌ വര്‍ക്ക് ചെയ്ത് ജീവിതം ഉല്പാദനക്ഷമമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായി കീഴാള വിഭാഗങ്ങളാണ് ഏറെ കഠിനാധ്വാനം ചെയ്യുന്നത്. എന്നാല്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലയില്‍ അവരുടെ പങ്കാളിത്തം വിരളമാണ്. മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആദിവാസി-ദലിത്‌ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി ഇന്നും ഏറെ പിന്നോക്കമായാണ് നില്‍ക്കുന്നത്. ഈ അവസ്ഥ വിശകലനം ചെയ്യുമ്പോള്‍ കുഞ്ഞാമന്‍ എന്തുകൊണ്ടാണ് “Don’t Do Hard work, Do Smart Work” എന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാം. പുതു തലമുറ വായിക്കാനും ചിന്തിക്കാനും ഏറെ സമയം നീട്ടിവെക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നുണ്ട്. കാരണം വിജ്ഞാനത്തിന്, ആശയത്തിന് അധികാര നിയന്ത്രണം സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

“നയരൂപീകരണ രംഗത്ത് ആരുടെ ചിന്തയാണ് അല്ലെങ്കില്‍ ആരുടെ വിജ്ഞാനമാണ്‌ സ്വാധീനം ചെലുത്തുന്നത്” എന്ന ചോദ്യമാണ് ദലിത്‌ വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞാമന്‍ മുന്നോട്ടുവെച്ച ചോദ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ, നാനാത്വത്തിലെ ഏകതയില്‍ വിശ്വസിക്കുന്ന ഇന്ത്യയില്‍ ദലിത്‌ – ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും ധാരാളം ഭരണഘടനാ വ്യവസ്ഥകളുണ്ട്. പല സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ കൊണ്ട് വന്ന ക്ഷേമ വികസന പദ്ധതികളുമുണ്ടായിട്ടുണ്ട്. പക്ഷേ, ദലിതരും ആദിവാസികളും വലിയ രീതിയില്‍ മാറ്റങ്ങളൊന്നും സംഭവിക്കാതെ ഇന്നും പഴയ നിലയില്‍ തന്നെ നില്‍ക്കുന്നു. അതിന് പ്രധാന കാരണമായി അദ്ദേഹം പറയുന്നത് ആദിവാസി ദലിത് ക്ഷേമ നയ രൂപീകരണ പ്രക്രിയയിൽ ആ വിഭാഗത്തിലുള്ളവരുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല എന്നതാണ്. സർക്കാർ ഒരു ടീമിനെ ആദിവാസി ദലിത് വിഭാഗങ്ങളുടെ ക്ഷേമ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയോഗിക്കുകയും അവർ ഒരു പ്രോജക്ട് തയ്യാറാക്കി നൽകുകയും ചെയ്യുന്നു. ഉയർന്ന പാണ്ഡിത്യമുള്ള ബുദ്ധിജീവികൾ തയ്യാറാക്കിയതിനാൽ സർക്കാർ മറ്റൊന്നും ചിന്തിക്കില്ല. ഇതാണ് മികച്ചതെന്ന തീരുമാനത്തിൽ എത്തും. പല പഞ്ചവത്സര പദ്ധതികളിലും അല്ലാതെയും ധാരാളം പദ്ധതികൾ സർക്കാർ കൊണ്ടുവന്നെങ്കിലും സമ്പൂർണ്ണമായ ദലിത് ആദിവാസി ഉന്നമനം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചിട്ടില്ല. ഇതിന്‍റെ പ്രധാന കാരണം പദ്ധതി തയ്യാറാക്കുന്നവർക്ക് ആദിവാസി-ദലിത്‌ ജീവിതരീതിയെ പറ്റി ശരിയായ അറിവില്ലാത്തതും, നയരൂപീകരണ പ്രക്രിയയിലെ ചർച്ചാ വേദിയിൽ അഭിപ്രായം അവതരിപ്പിക്കാനോ ആശങ്കകൾ ഉന്നയിക്കാനോ ആദിവാസി-ദലിത്‌ വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ സർക്കാർ തയ്യാറാകുന്നില്ല എന്നതുമാണ്.

കീഴാള വിഭാഗങ്ങൾ എന്നും തങ്ങളാൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും, അവർ എപ്പോഴും ആശ്രിതരായിരിക്കണം എന്നുമുള്ള ഒരു മേലാള ചിന്ത പരോക്ഷമായാണെങ്കിലും ഇത്തരം കാര്യങ്ങളിൽ കാണാം. അധികാര സ്ഥാനത്തിരിക്കുന്നവർ എന്നും അധികാരം കയ്യാളുകയും, മറ്റുള്ളവർ അവരുടെ ആശ്രിതരായി കഴിയുകയും വേണം എന്ന ഈയൊരു മനോഭാവത്തെ കുഞ്ഞാമൻ ‘ആശയങ്ങളുടെ പ്രയോഗവൽക്കരണം അധികാരമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്ന ഫുക്കോയുടെ സിദ്ധാന്തത്തിലൂടെയാണ് വിശകലനം ചെയ്യുന്നത് (ഫുക്കോ, 1980). സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്, ഗാന്ധിയൻ, അംബേദ്കറിയന്‍, നെഹ്റുവിയൻ എന്നിങ്ങനെ നാല് വികസന ചിന്തകളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിൽ നെഹ്റുവിയന്‍ വികസന ചിന്തയ്ക്കാണ് കൂടുതൽ സ്വീകാര്യത കിട്ടിയത്. അതിന് കുഞ്ഞാമൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്, നെഹ്റുവിനായിരുന്നു അധികാരമുണ്ടായിരുന്നത് എന്നാണ്. തന്റെ അധികാരത്തിലൂടെ തന്‍റെ ആശയങ്ങൾ പ്രയോഗത്തിലേക്ക് കൊണ്ടുവരാനും അതിന്റെ പ്രചാരണത്തിനും നെഹ്റുവിന് സാധിച്ചു. പക്ഷേ, വളരെ പുരോഗമനവാദിയായ സെക്യുലറിസ്റ്റായ നെഹ്‌റു, സമത്വം, സാഹോദര്യം, നീതി എന്നിവ ഇന്ത്യയിലെ എല്ലാ പൗരർക്കും ഒരുപോലെ തന്നെ ലഭിക്കുമെന്ന് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയെങ്കിലും, അതിന്റെ പ്രഥമ ലംഘനത്തിന് പരോക്ഷമായാണെങ്കിലും ഉത്തരവാദിയാകാന്‍ നെഹ്‌റു നിമിത്തമായെന്നത് വിരോധാഭാസമാണ്.

പഞ്ചേത് അണക്കെട്ട് ഉദ്ഘാടന വേദിയിൽ നെഹ്റുവിനൊപ്പം ബുധിനി. കടപ്പാട്:thehindu

വെള്ളപ്പൊക്ക നിയന്ത്രണം, ജലവൈദ്യുത പദ്ധതി, ജലസേചനസൗകര്യം എന്നിവ ലക്ഷ്യമാക്കി നെഹ്റു സർക്കാർ ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ ദാമോദർ നദിക്ക് കുറുകെ പഞ്ചേത് അണക്കെട്ട് പടുത്തുയർത്തി. 1959 ഡിസംബർ 6ന് നെഹ്റു തന്നെ ഉദ്ഘാടനം ചെയ്തു. 15 വയസ്സുകാരി ബുധിനി അദ്ദേഹത്തിന്‍റെ കഴുത്തിൽ മാലയിട്ട് സ്വീകരിച്ചു. അക്കാരണത്താൽ ബുധിനി ഒരു ദീകു(അപരിചിതനെ)വിനെ വിവാഹം ചെയ്തുവെന്ന് വ്യാഖ്യാനിച്ച് അവളുടെ ഗ്രാമം അവളെ പുറത്താക്കുന്നു. അവൾക്ക് നാടുവിടേണ്ടി വരുന്നു. ബുധിനി മൈജാന്‍ എന്ന വ്യക്തി മാത്രമല്ല അണക്കെട്ട് നിർമ്മാണത്തിന്റെ ഫലമായി കുടിയിറക്കപ്പെട്ട ഒട്ടനേകം ജീവിതങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. സർക്കാർ പല രീതിയിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവയൊന്നും നടപ്പിലാക്കാതെ നിരവധി കുടുംബങ്ങൾ സ്വന്തം ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെട്ടു. പുരോഗതിയുടെയും ആധുനികവൽക്കരണത്തിന്റെയും പേരിട്ട് വിളിക്കുന്ന ഓരോ പദ്ധതിയിലും ഇത്തരം അധസ്ഥിത വിഭാഗത്തിന്റെ കുടിയിറക്കപ്പെടലും, ആത്മഹത്യകളും, പൊലീസ് അതിക്രമങ്ങളും, പുനരധിവാസപ്പെടാത്ത ജീവിതങ്ങളും കാണാം. ഇന്നും ധാരാളം വികസന പദ്ധതികൾ നടക്കുന്നു, അവയ്ക്കുവേണ്ടി സ്വജീവിതം നൽകുന്നത് ഇത്തരം അടിസ്ഥാന വിഭാഗങ്ങളാണ്. ഇന്ത്യയിൽ 1947 നും 1997 നും ഇടയില്‍ വികസന പദ്ധതികൾ കാരണം 50 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടു എന്ന് ഒരു പഠനം പറയുന്നുണ്ട് (Baviskar, 2019). കുഞ്ഞാമൻ നിർദ്ദേശിക്കുന്നത് പോലെ, ഈ വിഭാഗങ്ങളെ കൂടി ചർച്ചാ പ്രക്രിയയിലേക്ക് കൊണ്ടുവന്നാൽ ഇത്തരം പ്രത്യാഘാതങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

കുഞ്ഞാമൻ മുന്നോട്ടുവെച്ച വികസന സങ്കൽപ്പങ്ങളിൽ പ്രസക്തമായ മറ്റൊന്ന് അധികാരമല്ല, സാമ്പത്തിക ശക്തിയാണ് വേണ്ടതെന്ന കാഴ്ചപ്പാടാണ്. ഇന്ത്യൻ ഭരണഘടന പ്രകാരം ആദിവാസി ദലിത് വിഭാഗങ്ങൾക്ക് പല മേഖലകളിലേക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സംവരണാനുകൂല്യത്താല്‍ വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡണ്ട്, എം.എൽ.എ, എം.പി എന്നീ നിലകളിലേക്ക് പലരും എത്തിയിട്ടുമുണ്ട്. എന്നാൽ ഇത്തരം രാഷ്ട്രീയ സ്ഥാനങ്ങൾ കൊണ്ട് മാത്രം ഈ ജനവിഭാഗങ്ങൾക്ക് പ്രയോജനമില്ല എന്നതാണ് കുഞ്ഞമ്മന്റെ വാദം. കാരണം രാഷ്ട്രീയ സ്ഥാനം ഉണ്ടെങ്കിലും ഇവർക്ക് മതിയായ സാമ്പത്തിക ശക്തി ഉണ്ടാകുന്നില്ല. സാമ്പത്തികമായി ശക്തിയുള്ളവരാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. അവർക്ക് രാഷ്ട്രത്തിന്റെ വിഭവങ്ങൾ യഥാസമയം നിയന്ത്രിക്കാനും ഉപയോഗിക്കാനും സാധിക്കുന്നു. അതിലൂടെ അവർക്ക് രാഷ്ട്രീയ ഭരണത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു. പക്ഷേ, ദലിതർക്കും ആദിവാസികൾക്കും ഇത്തരം സാമ്പത്തിക ശക്തിയില്ല. വിഭവങ്ങളെ നിയന്ത്രിക്കാൻ പറ്റുന്ന രീതിയിൽ സാമ്പത്തിക ശക്തി കൈവരിക്കുമ്പോഴാണ് ആദിവാസി വിഭാഗത്തിനും മുഖ്യധാര സമൂഹത്തിൽ ഉയർന്നുവരാൻ സാധിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇതിന് അദ്ദേഹം ഉദാഹരണമായി ഉയർത്തി കാട്ടുന്നത് പൂനെ കേന്ദ്രീകരിച്ചുള്ള ‘ദലിത് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി’ എന്ന ദലിത് സംരംഭകരുടെ സംഘടനയെയാണ്. “തൊഴിലാന്വേഷകരല്ല, തൊഴിൽദായകരാണ് ഞങ്ങൾ” എന്ന് അവർ പറയുന്നു. ഈ മുതലാളിമാർക്ക് ജാതി പ്രശ്നം നേരിടേണ്ടി വരാത്തത് സമ്പത്ത് നിയന്ത്രിക്കാൻ സാധിക്കുന്നത് കൊണ്ടാണെന്ന് കുഞ്ഞാമൻ നിരീക്ഷിക്കുന്നു. സമ്പത്ത് നിയന്ത്രിക്കുന്നവരാണ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്നും, സമ്പത്ത് നിയന്ത്രിക്കാൻ സാധിച്ചാൽ ജാതിയില്ലാതാവുമെന്നും, പരമ്പരാഗതമായ ദലിതന് അടിച്ചമർത്തപ്പെടേണ്ടി വന്നത് സമ്പത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടി വന്നതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ദലിത് ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ നിന്നും. കടപ്പാട്:dicci

ദലിത് രാഷ്ട്രീയം ഉയർത്തിക്കൊണ്ടു വരണം എന്നതായിരുന്നു അദ്ദേഹത്തിൻറെ മറ്റൊരു ആവശ്യം. പുതു തലമുറയിൽ വളർന്നുവരുന്ന അംബേദ്കറിയന്‍ ചിന്തയില്‍ അദ്ദേഹം പ്രതീക്ഷ വയ്ക്കുന്നുണ്ട്. അംബേദ്‌കറും ആഗ്രഹിച്ചത് ദലിത്‌ രാഷ്ട്രീയം ഉയര്‍ന്നു വരണമെന്നതായിരുന്നു. അധഃകൃതർ മറ്റ് പാർട്ടികളിലൂടെ വളർന്നു വരുന്നതിനെയല്ല, അവരുടെ സ്വന്തമായ മൂല്യമുയർത്തിപ്പിടിച്ച്, ദലിത് രാഷ്ട്രീയം സംസാരിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അതിലൂടെ സമ്പത്തിന്റെ പുനർവിതരണവും നടക്കണം. പക്ഷേ, ഇങ്ങനെയൊന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നടന്നിട്ടില്ല എന്നാണ് കുഞ്ഞാമൻ അഭിപ്രായപ്പെടുന്നത്.

സംവരണ മണ്ഡലത്തിൽ നിന്ന് വിജയിച്ച ജനപ്രതിനിധികൾ ആദിവാസി ദലിത് വിഭാഗങ്ങളുടെ ആവശ്യങ്ങൾ സംരക്ഷിക്കാനല്ല, തന്റെ പാർട്ടിയുടെ താൽപര്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ഉയർന്നുവരുന്നവർ ദലിത് ആദിവാസി സ്വത്വത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ആ വിഭാഗങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി യാതൊന്നും ചെയ്യുന്നില്ലെന്ന വാദവും കുഞ്ഞാമൻ മുന്നോട്ടുവയ്ക്കുന്നു. ജനങ്ങളല്ല, പാർട്ടിയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്ന പ്രശ്നം കുഞ്ഞാമൻ തുറന്നുകാട്ടുന്നു. ജനത്തിന്റെ അഭിലാഷത്തിനനുസരിച്ചല്ല, പാർട്ടിയുടെ താൽപര്യത്തിനൊപ്പം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ മാത്രമേ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നുള്ളൂവെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പല പാർട്ടികളും ആദിവാസി ദലിത് വിഭാഗങ്ങൾക്ക് വേറെ തന്നെ സംഘടന രൂപീകരിച്ചിരിക്കുന്നത് ആ വിഭാഗങ്ങളിൽ ഒരു സ്വയം നിർമ്മിത പാർശ്വവൽക്കരണം സൃഷ്ടിക്കാൻ കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് അവരിൽ കൂടുതൽ ആശ്രിതം മനോഭാവം സൃഷ്ടിക്കുന്നു.

സമകാലിക ഇന്ത്യയും കുഞ്ഞാമന്റെ ജീവിതവും

ലോകപ്രശസ്ത ചിന്തകന്‍ വോള്‍ട്ടയര്‍ ഒരിക്കല്‍ പറയുകയുണ്ടായി, “History never repeat itself, but man always does.” കുഞ്ഞാമന്റെ ജീവിതാനുഭവങ്ങളും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ചില സമകാലിക സംഭവങ്ങളും പരിശോധിക്കുമ്പോൾ വോള്‍ട്ടയറിന്റെ ഈ ഒരു ചിന്ത എത്രമാത്രം അർത്ഥവത്തായതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ജാതിയുടെ പേരിൽ കുഞ്ഞാമന്‍ നേരിട്ട വിവേചനങ്ങളും ക്രൂരതകളും ഇന്നും പല മനുഷ്യർക്കും അതേപടി അനുഭവിക്കേണ്ടിവരുന്നു.

സ്കൂൾ കാലഘട്ടത്തിൽ നിരന്തരം ‘പാണന്‍’ എന്ന് മാത്രം തന്നെ വിളിച്ച അധ്യാപകനോട് “എന്നെ ജാതി പേര് വിളിക്കരുത്, കുഞ്ഞാമൻ എന്നാണ് എൻറെ പേര്” എന്ന് അദ്ദേഹം പറയുന്നുണ്ട്. ആ പറഞ്ഞതിന്റെ ഫലം കുഞ്ഞാമന്‍ തന്നെ വിവരിച്ചതുപോലെ ചെകിട്ടത്തേക്കുള്ള അടിയായിരുന്നു. ഇന്നും കേരളത്തിലടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും വിദ്യാർത്ഥികളെ ജാതിപേര് വിളിച്ചതിനെ കുറിച്ചുള്ള എത്ര വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്, എത്ര മൂടിവക്കപ്പെടുന്നുണ്ടാകാം. ഓരോ ദലിത് ആദിവാസി വിദ്യാർത്ഥികളും തങ്ങളുടെ പ്രാരംഭ വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ പലതരം വിവേചനത്തിന് വിധേയമാകുന്നുണ്ട്. ഉന്നതമായ വിദ്യാഭ്യാസം തേടി പോകുന്തോറും അവർക്ക് നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ തോതും ഉയരുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ നിന്നുള്ള ദലിത്‌-ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും, രോഹിത് വെന്മുലയുടെത് പോലെ എത്ര ‘ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡറുകളും’ ഇന്ത്യയിൽ ആവർത്തിക്കുന്നു. 2007ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ദലിത് ആദിവാസി വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ പഠിക്കാൻ തോറാട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രൊഫ. എസ്.കെ തോറാട്ട് ആയിരുന്നു ഇതിന്റെ അധ്യക്ഷൻ. 76 ശതമാനം വിദ്യാർത്ഥികളോട് നേരിട്ടോ അല്ലാതെയോ ജാതിയെക്കുറിച്ച് ചോദിച്ചതായി ആ റിപ്പോർട്ട് വെളിപ്പെടുത്തി. 84 ശതമാനം വിദ്യാർത്ഥികൾ ജാതി കാരണം ഗ്രേഡുകളെ ബാധിച്ചതായി പരാതിപ്പെട്ടു. എന്നിട്ടും ഈ ഒരു റിപ്പോർട്ടിന് മേല്‍ കാര്യമായ നടപടി ഒന്നും ഉണ്ടായില്ല.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്.സി-എസ്.ടി വിഭാഗങ്ങളിലെ ഫാക്കല്‍ട്ടി നിയമനവുമായി ബന്ധപ്പെടുത്തി ധാരാളം വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 2017-ല്‍ അരുന്ധതി റോയ് അംബേദ്കറിന്റെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’-ല്‍ ‘ഡോക്ടർ ആൻഡ് ദ സെയ്ന്റ്’ എന്ന പേരില്‍ എഴുതിയ അവതാരികയില്‍ ഈ പ്രതിഭാസത്തെ തുറന്നുകാട്ടുന്നുണ്ട്. ജെ.എന്‍.യുവില്‍ യഥാർത്ഥത്തിൽ എസ്.സി വിഭാഗത്തിന് 15 ശതമാനവും, ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് 7.5 ശതമാനവും പ്രാതിനിധ്യം ആവശ്യമാണ്. എന്നാൽ അവിടെ 39 ദലിത്‌ അധ്യാപകരും 1.44 ശതമാനം ആദിവാസി വിഭാഗത്തിലെ അധ്യാപകരും മാത്രമാണുള്ളതെന്ന് അരുന്ധതി റോയ് വസ്തുതാടിസ്ഥാനത്തില്‍ വിവരിക്കുന്നു. ജെ.എന്‍.യു ഫാക്കല്‍ട്ടി നിയമനം സംവരണത്തെ കാലാകാലങ്ങളായി അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. മറ്റൊരു വിരോധാഭാസം പി.എച്ച്.ഡി പ്രവേശനത്തിൽ പരീക്ഷ എഴുതി നല്ല മാർക്കോടെ രണ്ടാം ഘട്ടമായ ഇന്റര്‍വ്യൂയിലെത്തുന്ന ദലിത്‌-ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് എല്ലാം ഒറ്റ അക്ക മാര്‍ക്ക് ആണ് ലഭിക്കുന്നത്. ‘വൈവ’ എക്സാമിലെ ഇത്തരം വിവേചനങ്ങൾക്കെതിരെ മുൻകാലങ്ങളിലെ വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ദലിത് ആദിവാസി വിഭാഗങ്ങൾക്ക് അത്ര ബുദ്ധിശക്തിയില്ല എന്ന മുൻധാരണ മാത്രമായെ മനഃപൂർവ്വമുള്ള ഈ നീക്കത്തെ കാണാനാകു. അതേപോലെ ഫാക്കല്‍റ്റി നിയമനവുമായി ബന്ധപ്പെട്ട് ചോദ്യമുയരുമ്പോൾ വരുന്ന മറുപടികള്‍, ദലിത്‌-ആദിവാസി വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ വരുന്നില്ല എന്നാണ്.

‘ഡോക്ടർ ആൻഡ് ദ സെയ്ന്റ്’ , കവർ

ഇതിവിടെ പറയാൻ കാരണം എം കുഞ്ഞാമന്‍ കാലിക്കറ്റ് സർവകലാശാലയില്‍ ജോൺ മത്തായി സെന്ററില്‍ ഇന്റർവ്യൂവിന് പോയതുമായി സാമ്യമുള്ളതിനാലാണ്. കുഞ്ഞാമന്‍ അഭിമുഖത്തിൽ പങ്കെടുത്തെങ്കിലും നിയമനം കിട്ടിയില്ല. റാങ്ക് നേടിയത് ഇന്റര്‍വ്യൂവില്‍ പ്രതിഫലിക്കില്ലെന്ന വാദം ഇവിടെ നിലനില്‍ക്കില്ല. കാരണം, അതിനുശേഷം അന്നത്തെ പ്രൊ-വൈസ് ചാൻസലർ സുകുമാർ അഴീക്കോട് സിൻഡിക്കേറ്റില്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു. “പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് അധ്യാപകരെ കിട്ടുന്നില്ല. അവരുടെ കാര്യത്തിൽ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തിയാൽ പോലും നിയമിക്കാൻ സർവ്വകലാശാല തയ്യാറാണ്.” ഈ ഒരു പ്രസ്താവനയെയും സന്ദർഭത്തെയും നേരത്തെ സൂചിപ്പിച്ച സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാം.

സാമൂഹിക നീതി കൈവരിക്കാനാണ് സംവരണം കൊണ്ടുവന്നത്. കാലാകാലങ്ങളിൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന് സാമൂഹിക രാഷ്ട്രീയ മേഖലയിൽ മേഖലകളിൽ പങ്കാളിത്തം നൽകാനും അവരുടെ ഉന്നമനം ലക്ഷ്യം വച്ചുമായിരുന്നു സംവരണാശയം അവതരിപ്പിച്ചത്. പക്ഷേ, സാമൂഹിക നീതിയുടെ തലത്തിൽ സംവരണത്തെ കാണാനാകില്ല എന്നാണ് കുഞ്ഞാമന്‍ നിരീക്ഷിക്കുന്നത്. അതിന് അദ്ദേഹം കാരണമായി പറയുന്നത് ദലിത് വിഭാഗങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥയിൽ എന്ത് മാറ്റം വന്നു എന്ന പരിശോധനയാണ്. സംവരണത്തിലൂടെ ദലിതരില്‍ നിന്നുയർന്നുവന്ന വരേണ്യ വർഗ്ഗം അധികാരം പങ്കിടുന്നവരാണെന്നും, വ്യവസ്ഥിതിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരാണെന്നും കുഞ്ഞാമന്‍ പറയുന്നു. സംവരണത്തിലൂടെ ഉയർന്നുവന്ന വിഭാഗങ്ങൾ തങ്ങളിൽ പെട്ട മറ്റുള്ളവർക്കായി ഒന്നും ചെയ്യാന്‍ തുനിയുന്നില്ല എന്ന വിമർശനം ഇതിലുണ്ട്. സംവരണത്തിലൂടെ വരുന്നവരെ താഴ്ന്നവരായി കാണുന്ന ഒരു മനസ്ഥിതി മറ്റുള്ളവർക്കുണ്ട്. ‘ഫീസ് അടയ്ക്കാതെ പഠിക്കുന്നവരല്ലേ’, ‘പൈസ അടയ്ക്കാതെ ഭക്ഷണം കഴിക്കുന്നവരല്ലേ’ എന്ന മുറിവേൽപ്പിക്കുന്ന ചോദ്യം പഠിക്കാൻ വരുന്ന ഓരോ വിദ്യാർത്ഥിയും അഭിമുഖീകരിക്കുന്നുണ്ട്. യാതൊരുവിധ കഷ്ടപ്പാടും കൂടാതെ, പഠിക്കാതെ ജോലിക്ക് കേറാന്‍ സംവരണ വിഭാഗങ്ങൾക്ക് സാധിക്കുമെന്ന അസംബന്ധ ചിന്താഗതി മേലാള വിഭാഗത്തിൽ നിലനിന്നുപോരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ആദിവാസി വിഭാഗങ്ങള്‍ ഇന്ന് വിവേചനങ്ങൾക്കിരയാവുന്നത് സംവരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം വിവേചനങ്ങളിലൂടെയാണ്.

ചെങ്ങറ ഭൂസമരം. കടപ്പാട്:fb, dalithakam

ദലിത്-ആദിവാസികളുടെ ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശത്തെ പറ്റിയുള്ളതാണ് മറ്റൊരു നിരീക്ഷണം. ലോകമേറെ പ്രശംസിച്ച കേരളത്തിലെ ഭൂപരിഷ്കരണത്തിലെ ക്രമക്കേടുകളെ ചോദ്യം ചെയ്തുകൊണ്ടാണ് കുഞ്ഞാമൻ ഈ വിഭാഗങ്ങൾ പരമ്പരാഗ ഭൂമിയിൽനിന്ന് അന്യാധീനപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുന്നത്. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണത്തില്‍ ഭൂപരിധിയില്‍ നിന്ന് തോട്ടങ്ങളെയും മതസ്ഥാപനങ്ങളെയും ഒഴിവാക്കിയപ്പോൾ കൂടുതലായി ഭൂമി ലഭിക്കുന്നത് ഇല്ലാതാക്കി. അതുകൊണ്ടുതന്നെ ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി കിട്ടാനില്ലാതായിയെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഭൂമി കയ്യേറ്റം വ്യാപകമായി നടന്നുവെന്നും ആദിവാസി ഭൂമി കൈയ്യേറിയെന്നും അദ്ദേഹം പറയുന്നു. കയ്യേറ്റക്കാർക്ക് രാഷ്ട്രീയ പാർട്ടികളുടെയും ക്രൈസ്തവ സഭകളുടെയും, സർക്കാറിന്‍റെ പോലും പിന്തുണ ലഭിച്ചെന്ന് പറയുന്ന കുഞ്ഞാമൻ ഭൂപരിഷ്കരണത്തെ ചരിത്രപരമായ വഞ്ചനയായാണ് കാണുന്നത്. ഫ്യൂഡൽ ജന്മിമാർക്ക് ഭൂമി നഷ്ടപ്പെടാതെ, മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതരായവർക്ക് ഭൂമി ലഭിക്കാതെ ഭൂപരിഷ്കരണം നടപ്പാക്കി എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.

എം കുഞ്ഞാമൻ

ജീവിച്ചിരിക്കുമ്പോൾ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെയും ഭരണകൂടനയങ്ങളെയും അധഃസ്ഥിത വിഭാഗത്തിന്റെ ഭാഗം നിന്ന് ചോദ്യം ചെയ്ത വ്യക്തിയാണ് കുഞ്ഞാമൻ. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്കരണത്തിലെ പോരായ്മകളെയും രാഷ്ട്രീയ പാർട്ടികളിൽ കണ്ടുവരുന്ന മേലാള സ്വഭാവത്തെയും വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ കുഞ്ഞാമൻ മുതിർന്നു. ജാതീയമായ പീഡനങ്ങൾ അതിജീവിച്ച ഒരു വ്യക്തി ഉയർന്ന പദവിയിലെത്തിയാലും അവിടെയും ജാതിയാണ് നിലയും വിലയും നിശ്ചയിക്കുന്നതെന്ന് ജയമോഹൻ എഴുതിയ ‘നൂറു സിംഹസനങ്ങൾ’ എന്ന കൃതിയിൽ പറയുന്നുണ്ട്. എം കുഞ്ഞാമനും നോവലിലെ കഥാപാത്രം നേരിട്ടതുപോലെ ധാരാളം അവഹേനങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും അദ്ദേഹം അതിൽ തളർന്നില്ല. പകരം അതിനേക്കാൾ ശക്തിയിൽ ജീവിച്ചുകാണിക്കുകയാണ് ചെയ്തത്. ഓരോ ദലിതനും മറ്റുള്ളവർക്ക് വിധേയപ്പെടാതെ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് അദ്ദേഹം ആശിച്ചു. ആദിവാസി-ദലിത് വിഭാഗങ്ങൾ എത്ര തന്നെ സംഭവനകൾ നൽകിയാലും, അംഗീകാരങ്ങൾ നേടിയാലും അവയെ തിരസ്കരിക്കുന്ന രീതി ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും എത്രയോ വർഷം മുമ്പേ തൻഹാ മൻജിയും, ബിർസ മുണ്ടയും, തലക്കൽ ചന്തുവുമൊക്കെ സ്വന്തം ജനതയെ സംഘടിപ്പിച്ച് ബ്രിട്ടഷുകാർക്കെതിരെ പോരാടി. ഇന്ത്യൻ ചരിതത്തിൽ ഇവർ അടയാളപ്പെടുത്തപ്പെട്ടത് വിരളമായി മാത്രമാണ്. അംബേദ്കറെയും ഒരു വിഭാഗത്തിന്റെ മാത്രം നേതാവായി ചിത്രീകരിക്കുന്നത് കീഴാള വിഭാഗത്തിലെ ഒരാൾ ചരിത്രത്തിൽ ഉയർന്നുനിൽക്കരുതെന്ന ലക്ഷ്യത്തോടെയാണ്. അതിനാൽത്തന്നെ എം കുഞ്ഞാമന്റെ നേട്ടങ്ങളും ആശയങ്ങളും മൂടിവയ്ക്കപ്പെടാൻ സാധ്യത ഏറെയാണ്. അത് ഉയർത്തിക്കൊണ്ട് വരിക എന്നത് ഏറെ അത്യാവശ്യമായിരിക്കുന്നു.

Also Read

10 minutes read November 29, 2024 7:24 am