ഇസ്രായേൽ തെരഞ്ഞെടുപ്പിലെ അറബ് രാഷ്ട്രീയ മുന്നേറ്റവും പൗരത്വ പ്രതിസന്ധികളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2026 ഒക്ടോബർ 27-ന് നടന്ന ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്കുള്ള സാധ്യത തുറന്നിരിക്കുകയാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ രാഷ്ട്രീയ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിക്കാതിരിക്കുകയും പലസ്തീൻ വംശജരായ ഇസ്രായേൽ പൗരന്മാരെ പ്രതിനിധീകരിക്കുന്ന അറബ് രാഷ്ട്രീയ പാർട്ടികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാർലമെന്ററി പ്രാതിനിധ്യം കൈവരിക്കുകയും ചെയ്തതോടെ, ഇസ്രായേലിന്റെ അധികാര രാഷ്ട്രീയത്തിൽ അറബ് വോട്ടുകളുടെ നിർണായക സ്വാധീനം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനും തുടർന്നുണ്ടായ ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്കും ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് എന്ന നിലയിലും ഈ തെരഞ്ഞെടുപ്പിന് പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇസ്രായേലിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 21 ശതമാനം വരുന്ന അറബ് പൗരന്മാർ ദീർഘകാലമായി രാഷ്ട്രീയമായും സാമൂഹികമായും വിവിധതരം വിവേചനങ്ങൾ നേരിടുന്ന സമൂഹമാണ്. തെരഞ്ഞെടുപ്പുകളിൽ അവരുടെ പങ്കാളിത്തം പലപ്പോഴും കുറഞ്ഞ വോട്ടിങ് ശതമാനത്തിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലെ ഭിന്നതകളിലും പ്രതിഫലിച്ചിരുന്നു. എന്നാൽ 2026-ലെ തെരഞ്ഞെടുപ്പിൽ അറബ് മേഖലകളിലെ വോട്ടിങ് പങ്കാളിത്തം ഏകദേശം 80 ശതമാനത്തിലേക്ക് ഉയർന്നത് ഈ രാഷ്ട്രീയ സാഹചര്യത്തിൽ ശ്രദ്ധേയമായ മാറ്റമാണ്. അറബ് രാഷ്ട്രീയ കൂട്ടായ്മയായ ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും മൻസൂർ അബ്ബാസ് നേതൃത്വം നൽകുന്ന റാഅം പാർട്ടി എട്ട് സീറ്റുകളും നേടിയതോടെ ആകെ 19 സീറ്റുകൾ അറബ് രാഷ്ട്രീയ പ്രതിനിധികൾക്ക് ലഭിച്ചു. 2022-ലെ തെരഞ്ഞെടുപ്പിൽ നേടിയ പത്ത് സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ മുന്നേറ്റമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഈ മുന്നേറ്റത്തിന് പിന്നിൽ ഇസ്രായേലിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടൽ, അറബ് പൗരന്മാർക്കെതിരായ വിവേചനപരമായ നിലപാടുകൾ, പലസ്തീൻ പ്രശ്നത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം, അറബ് പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങളും സാമ്പത്തിക അസമത്വങ്ങളും തുടങ്ങിയ നിരവധി ഘടകങ്ങളുണ്ട്. അതിനാൽ അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തത്തെ കേവലം തെരഞ്ഞെടുപ്പ് വിജയമായി വായിക്കുന്നതിനേക്കാൾ, രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയിൽ തങ്ങളുടെ അവകാശങ്ങളും സാമൂഹിക ആവശ്യങ്ങളും സ്ഥാപിക്കാനുള്ള ജനാധിപത്യപരമായ ഇടപെടലായി മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം, വിവിധ പാർട്ടികളുടെ നില.

120 അംഗങ്ങളുള്ള നെസെറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. അന്തിമമായി പുറത്തുവന്ന തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം നെതന്യാഹുവിന്റെ രാഷ്ട്രീയ സഖ്യത്തിന് 53 സീറ്റുകളും ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് പാർട്ടികൾ നേടിയ 19 സീറ്റുകൾ പുതിയ സർക്കാർ രൂപീകരണത്തിൽ നിർണായകമായ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് അറബ് പാർട്ടികളുടെ പിന്തുണ ലഭിച്ചാൽ 67 സീറ്റുകളുടെ സാധ്യതയുണ്ടെങ്കിലും അറബ് രാഷ്ട്രീയ പ്രതിനിധികളെ സർക്കാർ പങ്കാളികളായി അംഗീകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിനകത്ത് തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ അറബ് പാർട്ടികളുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് നെതന്യാഹു ഉന്നയിച്ച വോട്ടിങ് ക്രമക്കേട് ആരോപണങ്ങളും പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള വ്യവസ്ഥാപിത ക്രമക്കേടുകൾക്ക് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കിയത്. അറബ് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ഈ ഉയർച്ച ഇസ്രായേലിലെ ജനാധിപത്യത്തിന്റെ യഥാർഥ സ്വഭാവത്തെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ അധികാരപങ്കാളിത്തത്തെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. അറബ് വോട്ടുകൾ അധികാരത്തിലെത്താനുള്ള ഗണിതപരമായ പിന്തുണയായി സ്വീകരിക്കുകയും അതേ രാഷ്ട്രീയ സമൂഹത്തെ ഭരണപങ്കാളിത്തത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന സമീപനം ഇസ്രായേലിലെ ജനാധിപത്യത്തിന്റെ പ്രതിനിധാനപരമായ പരിമിതികളെയാണ് വെളിപ്പെടുത്തുന്നത്.

ഇസ്രായേലിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനങ്ങളിൽ പൊതുവെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ രാഷ്ട്രീയം, സയണിസ്റ്റ് പാർട്ടികളുടെ അധികാരമത്സരം, പലസ്തീൻ പ്രശ്നം, ഭരണസഖ്യങ്ങളുടെ രൂപീകരണം തുടങ്ങിയ പ്രശ്നങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. എന്നാൽ ഇസ്രായേലിന്റെ രാഷ്ട്രീയ സംവിധാനത്തിനകത്ത് പ്രവർത്തിക്കുന്ന അറബ് പൗരന്മാരുടെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം പരിശോധിക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനവും അതിന്റെ ദേശീയ സ്വത്വത്തെ നിർവചിക്കുന്ന രാഷ്ട്രീയ ഘടനയും തമ്മിലുള്ള സങ്കീർണമായ വൈരുധ്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ഇസ്രായേലിലെ അറബ് പൗരന്മാർക്ക് വോട്ടവകാശവും പാർലമെന്റിലേക്ക് മത്സരിക്കാനുള്ള നിയമപരമായ അവകാശവും ലഭിക്കുന്നുണ്ടെങ്കിലും, അവരുടെ ദേശീയ സ്വത്വം, ഭൂമിയവകാശം, പലസ്തീൻ രാഷ്ട്രീയത്തോടുള്ള ബന്ധം, ഭരണകൂടത്തിന്റെ നയങ്ങളിൽ പങ്കാളികളാകാനുള്ള സാധ്യത എന്നിവ നിരന്തരം രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമാകുന്നതായി കാണാൻ സാധിക്കും. അതിനാൽ ഇസ്രായേൽ തിരഞ്ഞെടുപ്പുകളിലെ അറബ് പ്രാതിനിധ്യത്തെ കേവലം തിരഞ്ഞെടുപ്പ് കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിനു പകരം, പൗരത്വത്തിന്റെ ചരിത്രം, രാഷ്ട്രീയ സംഘടനകളുടെ വളർച്ച, സയണിസ്റ്റ് ദേശീയതയുടെ സ്വാധീനം, പാർലമെന്ററി അധികാരത്തിന്റെ പരിധികൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ രാഷ്ട്രീയ സാഹചര്യത്തിൽ പരിശോധിക്കേണ്ടതുണ്ട്.

1948 ലെ നക്ബ (Nakba) കാലഘട്ടത്തിൽ പലസ്തീനിൽ നിന്ന് ജോർദാനിലേക്ക് ആട്ടിയോടിക്കപ്പെട്ട പലസ്തീൻ അഭയാർത്ഥികളുടെ ചരിത്രപ്രസിദ്ധമായ ചിത്രം. കടപ്പാട്:wikipedia

ഇസ്രായേലിലെ അറബ് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ചരിത്രം 1948-ലെ രാഷ്ട്രസ്ഥാപനത്തോടും നഖ്ബയോടും (Nakba) ബന്ധപ്പെട്ടാണ് ആരംഭിക്കുന്നത്. പലസ്തീൻ ജനതയുടെ വലിയൊരു വിഭാഗം അഭയാർഥികളായി മാറുകയും ശേഷിച്ച ജനവിഭാഗത്തിലെ ഒരു വിഭാഗം ഇസ്രായേലിന്റെ പൗരന്മാരായി തുടരുകയും ചെയ്തതോടെ, പുതിയ രാഷ്ട്രത്തിന്റെ രാഷ്ട്രീയ സംവിധാനത്തിൽ അറബ് പൗരന്മാർക്ക് വോട്ടവകാശവും പാർലമെന്ററി പ്രാതിനിധ്യവും ലഭിച്ചു. എന്നാൽ 1948 മുതൽ 1966 വരെ അറബ് ജനതയുടെ വലിയൊരു വിഭാഗം സൈനിക ഭരണനിയന്ത്രണത്തിന് കീഴിലായിരുന്നു; സഞ്ചാരസ്വാതന്ത്ര്യം, ഭൂമിയുടെ ഉടമസ്ഥാവകാശം, രാഷ്ട്രീയ സംഘടന, പ്രാദേശിക ഭരണസംവിധാനം തുടങ്ങിയ മേഖലകളിൽ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ നിലനിന്നത് അവരുടെ പൗരത്വത്തെ സങ്കീർണമായ രാഷ്ട്രീയ അനുഭവമാക്കി മാറ്റി. 1949-ലെ ആദ്യ നെസറ്റ് (Knesset) തെരഞ്ഞെടുപ്പുമുതൽ അറബ് പ്രതിനിധികൾ പാർലമെന്റിൽ എത്തിയിരുന്നുവെങ്കിലും ആദ്യകാലത്ത് അവരുടെ രാഷ്ട്രീയ പങ്കാളിത്തം പലപ്പോഴും ഭരണകക്ഷിയായ മപായി (Mapai) രൂപീകരിച്ച അറബ് അനുബന്ധ പാർട്ടികളിലൂടെയും ഭരണകൂടത്തോട് സഹകരിച്ചിരുന്ന രാഷ്ട്രീയ സംവിധാനങ്ങളിലൂടെയുമായിരുന്നു. അതിനാൽ നിയമപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ആദ്യഘട്ടത്തിൽത്തന്നെ സ്വതന്ത്രമായ രാഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പരിമിതമായിരുന്നു.

1966-ൽ സൈനിക ഭരണനിയന്ത്രണം അവസാനിച്ചതും 1976-ലെ ഭൂമിദിനവും (Land Day) അറബ് രാഷ്ട്രീയ ബോധത്തിന്റെ വളർച്ചയിൽ നിർണായക സംഭവങ്ങളായി മാറി. ഗലീലി പ്രദേശത്തെ അറബ് ഭൂമികൾ ഏറ്റെടുക്കാനുള്ള ഭരണകൂട നടപടികൾക്കെതിരെ 1976 മാർച്ച് 30-ന് നടന്ന പ്രതിഷേധങ്ങളും അതിനെ തുടർന്നുണ്ടായ സംഘർഷങ്ങളും ഭൂമിയവകാശം, ദേശീയ സ്വത്വം, പൗരത്വം എന്നീ വിഷയങ്ങളെ അറബ് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് 1977-ൽ രൂപംകൊണ്ട ഹദാഷ് (Hadash) അറബ്-ജൂത ഇടതുപക്ഷ സഹകരണത്തിനും സാമൂഹിക സമത്വത്തിനും തൊഴിലാളി രാഷ്ട്രീയത്തിനും പ്രാധാന്യം നൽകി. 1992–1995 കാലയളവിൽ യിത്സാക് റാബിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് അറബ് പാർട്ടികൾ പുറത്തുനിന്ന് നൽകിയ പിന്തുണയും ബജറ്റ് അംഗീകാരങ്ങളിലും പ്രാദേശിക വികസന പദ്ധതികളിലും അവരുടെ സ്വാധീനം പ്രകടമാക്കി. 2000 സെപ്റ്റംബറിൽ രണ്ടാം ഇൻതിഫാദയുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ അറബ് പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങളും പോലീസുമായുള്ള ഏറ്റുമുട്ടലുകളും ജൂത-അറബ് ബന്ധങ്ങളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതിനുശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ അറബ് വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും രാഷ്ട്രീയ സംവിധാനത്തോടുള്ള നിരാശ ശക്തിപ്പെടുകയും ചെയ്തു. ഈ ചരിത്രപരമായ മാറ്റങ്ങളെ Do Economic Changes Affect the Political Preferences of Arabs in Israel? എന്ന ഗവേഷണ പ്രബന്ധത്തിൽ രണ്ടാം ഇൻതിഫാദയ്ക്കുശേഷമുള്ള സാമൂഹിക ബന്ധങ്ങൾ അടിസ്ഥാനമാക്കി വിശദീകളിക്കുന്നുണ്ട്.

അറബ് രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര വൈവിധ്യം ഈ ചരിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഹദാഷ് സാമൂഹിക ജനാധിപത്യത്തിനും അറബ്-ജൂത സഹകരണത്തിനും പ്രാധാന്യം നൽകുമ്പോൾ, ബലദ് (Balad) ഇസ്രയേലിനെ എല്ലാ പൗരന്മാർക്കും തുല്യമായ ദേശീയാവകാശം ഉറപ്പാക്കുന്ന രാഷ്ട്രമായി പുനർനിർവചിക്കണമെന്ന ആശയം മുന്നോട്ടുവെക്കുന്നുണ്ട്. റആം (Ra’am) മതപരവും സാമൂഹികവുമായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം അറബ് സമൂഹത്തിന്റെ പ്രാദേശിക വികസനത്തിനും ഭരണകൂടവുമായുള്ള പ്രായോഗിക സഹകരണത്തിനും പ്രാധാന്യം നൽകുന്നു. അഹ്മദ് തിബിയുടെ നേതൃത്വത്തിലുള്ള തഅൽ (Ta’al) രാഷ്ട്രീയവും ദേശീയവുമായ അവകാശങ്ങൾക്കൊപ്പം സാമൂഹിക വികസനത്തെയും മുൻനിർത്തുന്നുണ്ട്. 2014-ൽ നെസറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പരിധി 2 ശതമാനത്തിൽനിന്ന് 3.25 ശതമാനമായി ഉയർത്തിയതും ഈ പാർട്ടികൾക്ക് സംയുക്തമായി മത്സരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചു. 2015-ൽ ഹദാഷ്, ബലദ്, തഅൽ, റആം എന്നീ നാല് പാർട്ടികൾ ചേർന്ന് ജോയിന്റ് ലിസ്റ്റ് (Joint List) രൂപീകരിക്കുകയും പതിമൂന്ന് സീറ്റുകൾ നേടുകയും ചെയ്തു. വ്യത്യസ്ത ആശയധാരകളുള്ള പാർട്ടികൾ ഒരുമിച്ചപ്പോൾ അറബ് വോട്ടർമാരുടെ പങ്കാളിത്തവും പാർലമെന്ററി സ്വാധീനവും വർധിക്കാമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. എന്നാൽ 2019 ഏപ്രിലിലെ തെരഞ്ഞെടുപ്പിന് മുമ്പ് ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ കാരണം സഖ്യം തകർന്നതോടെ അറബ് വോട്ടെടുപ്പ് പങ്കാളിത്തം 49.2 ശതമാനമായി താഴുകയും പാർലമെന്റിലെ പ്രാതിനിധ്യം പത്ത് സീറ്റുകളായി ചുരുങ്ങുകയും ചെയ്തു. 2019 സെപ്റ്റംബറിൽ ജോയിന്റ് ലിസ്റ്റ് പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ പങ്കാളിത്തം 59.2 ശതമാനമായി ഉയരുകയാണ് ഉണ്ടായത്. 2020-ലെ തെരഞ്ഞെടുപ്പിൽ അത് 64.8 ശതമാനത്തിലെത്തുകയും ജോയിന്റ് ലിസ്റ്റ് പതിനഞ്ച് സീറ്റുകൾ നേടുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പ് മാറ്റങ്ങളെ എഫ്രയിം ലാവി, മുർസി അബു മോഖ്, മെയർ എൽറാൻ എന്നിവർ Strategic Assessment ജേണലിൽ പ്രസിദ്ധീകരിച്ച Arab Society and the Elections for the 21st and 22nd Knesset എന്ന പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.

ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്ന ഒരു അറബ് ഇസ്രായേലി വനിത. കടപ്പാട്:gettyimages

2021-ലെ ഇരുപത്തിനാലാം നെസറ്റ് തെരഞ്ഞെടുപ്പ് അറബ് പാർലമെന്ററി രാഷ്ട്രീയത്തിൽ മറ്റൊരു ചരിത്രപരമായ വഴിത്തിരിവായി. അറബ് വോട്ടർമാരുടെ പങ്കാളിത്തം 44.6 ശതമാനമായി താഴുകയും ജോയിന്റ് ലിസ്റ്റിന്റെ വിഭജനത്തെ തുടർന്ന് അറബ് പാർട്ടികളുടെ മൊത്തം പ്രാതിനിധ്യം പത്ത് സീറ്റുകളിലൊതുങ്ങുകയും ചെയ്തെങ്കിലും, മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള റആം പാർട്ടി നെഫ്താലി ബെന്നറ്റിന്റെയും യായർ ലാപിഡിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ഭരണസഖ്യത്തിൽ ചേർന്നു. ഒരു സ്വതന്ത്ര അറബ് പാർട്ടി ഇസ്രയേൽ ഭരണസഖ്യത്തിൽ നേരിട്ട് പങ്കാളിയാകുന്ന ചരിത്രപരമായ സംഭവമായിരുന്നു ഇത്. അറബ് സമൂഹത്തിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ അസമത്വങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടത്തിന്റെ ബജറ്റ് നയങ്ങളുമായി ബന്ധിപ്പിക്കാമെന്ന പ്രായോഗിക രാഷ്ട്രീയ സമീപനമാണ് റആം സ്വീകരിച്ചത്. 2022 നവംബർ ഒന്നിന് നടന്ന ഇരുപത്തിയഞ്ചാം നെസറ്റ് തെരഞ്ഞെടുപ്പിൽ അറബ് പ്രദേശങ്ങളിലെ വോട്ടെടുപ്പ് പങ്കാളിത്തം 53.2 ശതമാനമായി ഉയർന്നു. റആമിനും ഹദാഷ്-തഅൽ സഖ്യത്തിനും അഞ്ച് വീതം സീറ്റുകളും ലഭിച്ചു. അറബ് വോട്ടർമാരിൽ 85.8 ശതമാനം അറബ് പാർട്ടികൾക്ക് വോട്ട് ചെയ്തതായും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് പ്രസിദ്ധീകരിച്ച പഠനത്തിൽ കാണാം (Arab Society in Israel and the Elections to the 25th Knesset).

അറബ് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ചരിത്രത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പൗരത്വവും ദേശീയ സ്വത്വവും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതുണ്ട്. 2018-ൽ ഇസ്രയേൽ പാസാക്കിയ Basic Law: Israel – The Nation State of the Jewish People എന്ന നിയമം ഇസ്രയേലിനെ ജൂതജനതയുടെ ദേശീയ രാഷ്ട്രമായി നിർവചിക്കുകയും ദേശീയ സ്വയംനിർണയാവകാശത്തെ ജൂതജനതയുടെ പ്രത്യേക അവകാശമായി സ്ഥാപിക്കുകയും ചെയ്തു. അതിനാൽ അറബ് പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും പാർലമെന്റിൽ അംഗങ്ങളാകാനും കഴിയുന്ന സാഹചര്യത്തിലും രാഷ്ട്രത്തിന്റെ ഔദ്യോഗിക ദേശീയ സ്വത്വത്തിൽ അവർക്ക് തുല്യമായ സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന ചോദ്യം കൂടുതൽ പ്രസക്തമായി. നാദിം റൂഹാനയും നിമർ സുൽത്താനിയും എഴുതിയ Redrawing the Boundaries of Citizenship: Israel’s New Hegemony എന്ന പഠനം ഇസ്രയേലിലെ പൗരത്വത്തിന്റെ രാഷ്ട്രീയ പരിധികളും സയണിസ്റ്റ് ആധിപത്യത്തിന്റെ പുതിയ രൂപങ്ങളും വിശദീകരിക്കുന്നുണ്ട്. റൂഹാനയും സഹർ ഹുനൈദിയും എഡിറ്റ് ചെയ്ത Israel and Its Palestinian Citizens: Ethnic Privileges in the Jewish State എന്ന ഗ്രന്ഥവും അറബ് പൗരന്മാർ നേരിടുന്ന ഘടനാപരമായ അസമത്വങ്ങൾ, രാഷ്ട്രീയ അപരവൽക്കരണം, ദേശീയ സ്വത്വത്തിന്റെ പ്രശ്നങ്ങൾ എന്നിവ പഠിക്കാൻ പ്രധാനപ്പെട്ട സൈദ്ധാന്തിക അടിത്തറ നൽകുന്നുണ്ട്.

Israel and Its Palestinian Citizens, കവർ.

ഈ സാഹചര്യത്തിൽ സാമി സ്മൂഹയുടെ Ethnic Democracy എന്ന ആശയവും അമൽ ജമാലിന്റെ അറബ് രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങളും ചർച്ചയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇസ്രയേലിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ജനാധിപത്യപരമായ മത്സരവും വോട്ടവകാശവും നിലനിൽക്കുമ്പോഴും രാഷ്ട്രത്തിന്റെ ദേശീയ സ്വത്വം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ അവകാശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനെ സ്മൂഹയുടെ സൈദ്ധാന്തിക സമീപനം വിശകലനം ചെയ്യുന്നു. അതോടൊപ്പം, അറബ് രാഷ്ട്രീയ പ്രതിനിധികൾ നേരിടുന്ന നിയമപരവും സാമൂഹികവുമായ വെല്ലുവിളികൾ പാർലമെന്റിലെ സീറ്റുകളുടെ എണ്ണത്തിൽനിന്ന് മാത്രം മനസ്സിലാക്കാനാവില്ല. ഭൂമിയേറ്റെടുക്കൽ, പ്രാദേശിക വികസനത്തിലെ അസമത്വം, വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളിലെ വ്യത്യാസം, അറബ് നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ പ്രസ്താവനകൾക്കുമേലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളും പ്രതിനിധീകരണത്തിന്റെ യഥാർഥ സ്വഭാവത്തെ നിർണയിക്കുന്നു. ഇവിടെ മുസ്‌ലിം, ക്രൈസ്തവ, ദ്രൂസ്, ബെദൂയിൻ വിഭാഗങ്ങൾക്കിടയിലെ സാമൂഹികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങളും പരിഗണിക്കണം; നഗരപ്രദേശങ്ങളിലെ അറബ് വോട്ടർമാരുടെ രാഷ്ട്രീയ താൽപര്യങ്ങൾ നെഗെവ് മേഖലയിലെ ബെദൂയിൻ സമൂഹങ്ങളുടെ ഭൂമിയവകാശ പ്രശ്നങ്ങളുമായി പൂർണമായും ഒരുപോലെയല്ല. അതിനാൽ അറബ് സമൂഹത്തെ ഒരൊറ്റ രാഷ്ട്രീയ നിലപാടിന്റെ പ്രതിനിധിയായി അവതരിപ്പിക്കുന്നത് ഗവേഷണപരമായ കൃത്യതയ്ക്ക് യോജിച്ചതല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

2023 ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ആരംഭിച്ച യുദ്ധവും അതിനെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങളും ഇസ്രയേലിലെ അറബ് പൗരന്മാരുടെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഗാസയിലെ ജനങ്ങളുടെ അവസ്ഥയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവകാശം, അഭിപ്രായസ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ സുരക്ഷാനയങ്ങൾ, ജൂത-അറബ് ബന്ധങ്ങൾ എന്നിവ രാഷ്ട്രീയ ചർച്ചകളിൽ കൂടുതൽ പ്രാധാന്യം നേടിയതും അങ്ങനെയാണ്. അതേസമയം അറബ് പ്രദേശങ്ങളിലെ സംഘടിത കുറ്റകൃത്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ അസമത്വം തുടങ്ങിയ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രധാന ആവശ്യങ്ങളായി തുടർന്നു പോരുകയായിരുന്നു. 2025 നവംബറിൽ കൊൻറാഡ് അഡനോവർ ഫൗണ്ടേഷന്റെ ജൂത-അറബ് സഹകരണ പരിപാടി പ്രസിദ്ധീകരിച്ച സർവേയിൽ അടുത്ത തെരഞ്ഞെടുപ്പ് നടന്നാൽ അറബ് പ്രദേശങ്ങളിലെ വോട്ടെടുപ്പ് പങ്കാളിത്തം 52.4 ശതമാനമായിരിക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. ഹദാഷ്-തഅലിന് 5.3 സീറ്റുകളും റആമിന് 3.9 സീറ്റുകളും ലഭിക്കാമെന്നും നാല് അറബ് പാർട്ടികളും വീണ്ടും ജോയിന്റ് ലിസ്റ്റായി മത്സരിച്ചാൽ പങ്കാളിത്തം 61.8 ശതമാനമായി ഉയർന്ന് സഖ്യത്തിന് 15.5 സീറ്റുകൾ ലഭിക്കാമെന്നും പഠനത്തിലുണ്ടായിരുന്നു.

അഥവാ, 1948-നുശേഷമുള്ള പൗരത്വത്തിന്റെ ചരിത്രം, 1976-ലെ ഭൂമിദിനം, 2000-ലെ സംഘർഷങ്ങൾ, 2015-ലെ ജോയിന്റ് ലിസ്റ്റിന്റെ രൂപീകരണം, 2019-ലെ വിഭജനവും പുനഃസംഘടനയും, 2020-ലെ പതിനഞ്ച് സീറ്റുകളുടെ നേട്ടം, 2021-ലെ റആമിന്റെ ഭരണസഖ്യ പ്രവേശനം, 2022-ലെ തെരഞ്ഞെടുപ്പ്, 2018-ലെ രാഷ്ട്ര-ദേശീയതാ നിയമം, 2023-നുശേഷമുള്ള യുദ്ധസാഹചര്യം തുടങ്ങിയ ഒട്ടനവധി ചരിത്ര സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ചാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തേണ്ടത്.

References:

  1. Ephraim Lavie, Mursi Abu Mokh & Meir Elran (2019), “Arab Society and the Elections for the 21st and 22nd Knesset,” Strategic Assessment, INSS. inss.org.il
  2. Ephraim Lavie et al. (2022), Arab Society in Israel and the Elections to the 25th Knesset, INSS. inss.org.il
  3. Yoav Milshtein (2021), Arabs Voting 2019–2021: General Data, Reichman University. runi.ac.il
  4. Nadim N. Rouhana & Nimer Sultany, “Redrawing the Boundaries of Citizenship: Israel’s New Hegemony.” palquest.org
  5. Nadim N. Rouhana & Sahar Huneidi (eds.) (2017), Israel and Its Palestinian Citizens: Ethnic Privileges in the Jews state.
  6. Do Economic Changes Affect the Political Preferences of Arabs in Israel?, IZA Discussion Paper. docs.iza.org
  7. Konrad Adenauer Program for Jewish-Arab Cooperation (2025), Survey of Israeli Arab Citizens, November 2025.
  8. Israel Democracy Institute, The Israeli Democracy Index 2024. Israeli Democracy Institute.

Also Read

8 minutes read November 1, 2026 1:59 pm