Follow-up
കഠിന വേനലിനൊടുവിൽ കേരളം മഴയിൽ മുങ്ങിത്തുടങ്ങിയതോടെ ശക്തമായ കാറ്റും മഴയും ലക്ഷദ്വീപിലേക്കും എത്തിയിരിക്കുന്നു. ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, 55 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും ആഴക്കടലിലുള്ള മത്സ്യത്തൊഴിലാളികൾ ഇരുപത്തി മൂന്നിനകം തീരത്തേക്ക് മടങ്ങണമെന്നും ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. മൺസൂൺ എത്തുന്നതോടെ ലക്ഷദ്വീപിലെ മത്സ്യബന്ധനം കഠിനമാകും. വർഷാവർഷം മൺസൂൺ എത്തും മുമ്പേ വലിയ ബോട്ടുകൾ എല്ലാം തീരത്തെ ഷെഡുകളിൽ കയറ്റിവെക്കും. ബോട്ടുകളിൽ കപ്പികളിട്ട് ട്രാക്ക്ടറിൽ കൊളുത്തിവലിച്ച് ഷെഡുകളിൽ എത്തിക്കുകയെന്നത് ഓരോ മൺസൂണിനും മുമ്പ് മുടക്കാനാവാത്ത യത്നമാണ് അഗത്തിയിലെ മത്സ്യത്തൊഴിലാളികൾക്ക്. ഇല്ലെങ്കിൽ ശക്തമായ കാറ്റിലും മഴയിലും ബോട്ടുകൾ തകരും. മഴയൊഴിഞ്ഞാലും കാറ്റടങ്ങിയാലും കടലിൽ പോകാൻ കഴിയാതെയാവും. ഇങ്ങനെ തലമുറകളായി ബോട്ടുകൾ കയറ്റിവെച്ചിരുന്ന തീരം നഷ്ടപ്പെട്ട വ്യഥയിലാണ് അഗത്തിയിലെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ. ദ്വീപിന്റെ വടക്കോട്ട് മാറ്റി കേറ്റിയിട്ട ബോട്ടുകളൊന്നും കൺവെട്ടത്തില്ലാത്തതിനാൽ ഈ വർഷത്തെ മൺസൂൺ മഴയും കാറ്റും അവരെ പതിവിലേറെ ആശങ്കപ്പെടുത്തുന്നു.
ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡിന്റെ ആഢംബര ടൂറിസം പദ്ധതിയായ ടെന്റ് സിറ്റിയ്ക്ക് വേണ്ടിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അഗത്തി ദ്വീപിലെ പടിഞ്ഞാറെ ജെട്ടി മുതൽ വടക്കോട്ടുള്ള 5,000 ചതു. മീറ്റർ (1.235527 ഏക്കർ) തീരഭൂമി മത്സ്യത്തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്തത്. എത്രയോ തലമുറകളായി അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ ഓരോ മൺസൂൺ കാലത്തും ബോട്ടുകൾ കയറ്റിവെച്ചിരുന്ന ഈ തീരത്ത് മഴയേൽക്കാതെ ബോട്ടുകൾ സൂക്ഷിക്കുന്നതിനായി താത്കാലിക ബോട്ട്ഷെഡുകൾ ഉണ്ടായിരുന്നു. മീനുകൾ ഉണക്കുന്നതിനായി വേലിതിരിച്ച ഇടങ്ങളുണ്ടായിരുന്നു. മീൻ ഉണക്കാനും മാസാക്കാനും ബോട്ടുകളും ഉപകരണങ്ങളും സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന തീരം അഗത്തിയിലെ നിവാസികളുടെ പൊതുവിടമായിരുന്നു.
തീരദേശത്തെ റോഡിന്റെ വികസനത്തിനായി ബോട്ട് ഷെഡുകൾ പൊളിക്കേണ്ടി വന്ന മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ടെന്റ് സിറ്റിയുടെ നിർമ്മാണത്തിനായി ബോട്ടുകൾ കയറ്റിവെക്കാൻ പോലും തീരത്ത് ഇടമില്ലാതായിരിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന തീരഭൂമി അക്രീറ്റഡ് ലാന്റ് ആണെന്നും അക്രീറ്റഡ് ലാന്റ് എല്ലാം ഗവൺമെന്റ് ലാന്റ് ആണെന്നും ചൂണ്ടിക്കാട്ടി അടിയന്തിര നോട്ടീസ് നൽകിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മത്സ്യത്തൊഴിലാളികളിൽ നിന്നും തീരഭൂമി പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളുടെ എതിർപ്പുകളെയെല്ലാം അവഗണിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അഗത്തിയിലെ 5,000 ചതു.മീറ്റർ തീരഭൂമി പ്രവേഗ് ലിമിറ്റഡിന് കൈമാറി കഴിഞ്ഞിരിക്കുന്നു. ഇതോടുകൂടി അൽ സുന്നിയ, അൽ മദീന, ഹസ്റത്ത് ഉബൈദുള്ള, മുൽത്തസിം, ബാഹിറത്തുൽ റഷദ് ഉൾപ്പെടെയുള്ള ബോട്ടുകൾക്ക് ഈ മൺസൂണിൽ അവരുടെ തീരത്ത് ഇടം ഇല്ലാതെയായി.
മൺസൂൺ തുടങ്ങി കഴിഞ്ഞതിനാൽ ബോട്ടുകൾ തീരത്ത് കയറ്റണമെന്നും, എന്നാൽ ബോട്ടുകൾ കയറ്റിവെക്കുന്നിടത്ത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രവേഗ് ലിമിറ്റഡ് അവരുടെ വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണെന്നും ബോട്ട് കയറ്റിവെക്കാൻ കഴിയാത്തതിനാൽ ആ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബോട്ടുടമകളായ സി കോയ, ആലിക്കോയ കെ, സൈദ് കുത്തുബ്, കെ അൻവർ സാദിഖ്, ഫത്തഹുള്ള എന്നിവർ അഗത്തി ഡെപ്യൂട്ടി കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ബോട്ടുടമകളുടെ ആശങ്കകൾ ഡെപ്യൂട്ടി കളക്ടർ പരിഗണിച്ചില്ലെന്ന് അൽ-സുന്നിയ ബോട്ടിന്റെ ഉടമയും മത്സ്യത്തൊഴിലാളിയുമായ അൻവർ സാദിക്ക് കേരളീയത്തോട് പറഞ്ഞു.
“മൺസൂൺ വരുന്നതിനുമുമ്പേ ബോട്ടുകൾ കയറ്റിവെക്കാൻ ഇടം തരണം എന്ന് ഇവിടെയുള്ള ഉദ്യോഗസ്ഥരോട് ഞങ്ങൾ പറഞ്ഞതാണ്. ഈ സീസണിൽ ഇനി കടലിൽ പോകാൻ കഴിയില്ല. ഞങ്ങളുടെ ബോട്ടുകൾ തീരത്ത് കയറ്റിവെക്കണം. വലിയ ബോട്ടുകൾ ആയതുകൊണ്ട് കപ്പികളൊക്കെയിട്ട് ട്രാക്ടറുകൊണ്ട് വലിച്ച് തീരത്തേക്ക് കേറ്റിവെക്കുന്നത് വലിയൊരു പണിയാണ്. എന്നാൽ ഞങ്ങൾ ബോട്ട് കേറ്റിവെക്കുന്ന സ്ഥലത്ത് അവരുടെ സാധനങ്ങൾ ഡമ്പ് ചെയ്തിരിക്കയാണ്. ട്രാക്ടർ ഓടിച്ച് വലിച്ചെടുക്കേണ്ട ഇടത്ത് ചരലും മണ്ണും നിറച്ച ചാക്കുകൾ ഡമ്പ് ചെയ്തതിനാൽ ഞങ്ങൾക്ക് ബോട്ട് കേറ്റിവെക്കാൻ കഴിയില്ല. ബോട്ട് വെക്കാനായി ഇടം തരണം എന്ന് ഇവിടുത്തെ ജില്ലാ കള്കടറോട് ഞങ്ങൾ പറഞ്ഞിരുന്നു. ജില്ലാ കളക്ടർ അവരുടെ കോൺട്രാക്ടറോട് പറയാമെന്ന് പറഞ്ഞിട്ടും പറയാതിരുന്നതിനാൽ ഞങ്ങൾ ഇവിടുത്തെ കോൺട്രാക്ടറോട് നേരിട്ട് പറഞ്ഞു. മാറ്റിത്തരും.. മാറ്റിത്തരും.. എന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലാതെ ബോട്ട്കേറ്റാനാകും വരെയെന്നാൽ അവരതൊന്നും മാറ്റിതന്നില്ല.”
മൺസൂൺ എത്തും മുമ്പേ ബോട്ടുകൾ സുരക്ഷിതമാക്കാനുള്ള അഗത്തിയിലെ മത്സ്യത്തൊഴിലാളികളുടെ നിവേദനങ്ങൾ അഗത്തി ഡെപ്യൂട്ടി കളക്ടർ തള്ളിക്കളഞ്ഞു. മൺസൂണിലെ ശക്തമായ കാറ്റിൽ നിന്നും മഴയിൽ നിന്നും ബോട്ടുകൾ സുരക്ഷിതമാക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പരിശ്രമങ്ങൾ പ്രവേഗ് ലിമിറ്റഡും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും തടഞ്ഞതെങ്ങനെ എന്നും അൻവർ സാദിഖ് വ്യക്തമാക്കി.
“പതിനേഴാം തിയതിയാണ് ആദ്യത്തെ ബോട്ട്കേറ്റാൻ തീരുമാനിച്ചിരുന്നത്. ബോട്ട് കേറ്റിവെക്കാനായി ചാക്കുകളും കമ്പികളും മാറ്റിത്തരണം എന്ന് പതിനാറാം തിയതി ഞങ്ങൾ ഒരിക്കൽ കൂടി അവരോട് പറഞ്ഞു. നാളെ ഞങ്ങൾ വരുമ്പോഴേക്കും നിങ്ങൾ ഇതെല്ലാം മാറ്റിയില്ലെങ്കിൽ ഞങ്ങൾ ഇതെല്ലാം മാറ്റുമെന്നും ബോട്ട് കേറ്റിവെക്കുമെന്നും കൂട്ടത്തിലുള്ള ഒരു പയ്യൻ അവരോട് പറഞ്ഞു. ഒരു മാസമായി ഞങ്ങൾ പറഞ്ഞിട്ടും അവിടെ നിന്നും അതൊന്നും മാറ്റാത്തതുകൊണ്ടാണ് അവന് അങ്ങനെ പറയേണ്ടി വന്നത്. തൊഴിലാളികൾ ഹിന്ദിക്കാരാണ്. എന്നാൽ അവരുടെ കൂട്ടത്തിലുള്ള ആരോ ഇത് ഹിന്ദിയിൽ അവർക്ക് പറഞ്ഞുകൊടുത്തു. കോൺട്രാക്ട്ർമാരത് ഗുജറാത്തിലെ കമ്പനിയെ അറിയിച്ചിട്ടുണ്ടാവണം.”
മത്സ്യത്തൊഴിലാളികൾ ടെന്റ് സിറ്റിയുടെ നിർമ്മാണം തടസപ്പെടുത്തുന്നതായി പരാതിപ്പെട്ടുകൊണ്ട് പ്രവേഗ് ലിമിറ്റഡ് ലക്ഷദ്വീപ് ടൂറിസം ഡയറക്ടർക്ക് അന്നേ ദിവസം തന്നെ പരാതി നൽകുകയുണ്ടായി. ബോട്ടുകൾ കേറ്റിവെക്കുന്ന സ്ഥലമായതിനാൽ ഉടനെ ഒഴിഞ്ഞ് പോകാൻ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം നിർമ്മാണസ്ഥലത്തെ സാധനങ്ങളെല്ലാം നീക്കം ചെയ്ത് ബോട്ടുകൾ കേറ്റിവെക്കുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. പ്രവേഗ് ലിമിറ്റഡിന്റെ പരാതി സ്വീകരിച്ച ടൂറിസം ഡയറക്ടർ അന്നുതന്നെ ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെ ഉള്ളവർക്ക് കത്തയച്ചു. ഏജൻസിക്ക് യാതൊരു പ്രയാസങ്ങളും വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കണം എന്ന് ടൂറിസം ഡയറക്ടറുടെ കത്തിൽ ആവശ്യപ്പെടുന്നു. അന്നുതന്നെ നടപടിയുണ്ടായതായി അൻവർ സാദിഖ് പറയുന്നു.
“നാളെ രാവിലെ ബോട്ട്മാറ്റാൻ നിന്നയാളോട് രാത്രിക്ക് രാത്രി പൊലീസുകാർ വന്ന് പറഞ്ഞു – ഇത് ഗവൺമെന്റ് ലാന്റാണ്. ഇത് പ്രവേഗ് ഗ്രൂപ്പുകാർക്ക് കൊടുത്തതാണ്. അതുകൊണ്ട് മത്സ്യബന്ധനവും ആയി ബന്ധപ്പെട്ട ഒരു പ്രവർത്തനവും ഇവിടെ നടത്താൻ പാടില്ല.”
മൺസൂൺ എത്തിയാൽ ബോട്ടുകൾ കയറ്റിവെക്കുകയല്ലാതെ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽ മറ്റൊരു മാർഗവുമില്ല. പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന ഭൂമി നഷ്ടമായതോടെ ബോട്ടുകൾ കേറ്റിവെക്കാനായി ഒടുവിൽ മറ്റൊരിടം കണ്ടെത്തേണ്ടി വന്നു മറ്റ് ബോട്ടുടമകളെ പോലെ അൻവർ സാദിഖിനും. എന്നാൽ ബോട്ട് തീരത്ത് കേറ്റിയിട്ടും ആശങ്കകൾ വിട്ടൊഴിയുന്നില്ല.
“ഒരു കടയിൽ നിങ്ങൾ ഇനി സാധനങ്ങൾ വിൽക്കണ്ടെന്ന് അഡ്മിനിസ്ട്രേഷൻ പറഞ്ഞാൽ കടയുടെ ഷട്ടർ അടച്ചിട്ട് പോകാം. എന്നാൽ ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ ബോട്ട് കേറ്റണ്ട എന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യും?” ബോട്ട് കേറ്റിവെക്കാതെ പറ്റില്ല. കാറ്റും മഴയും തുടങ്ങി കഴിഞ്ഞു. ഇവിടെ തന്നെ കേറ്റിവെക്കണം എന്ന് വിചാരിച്ച് ഇത്രയും നാൾ ഞാൻ പിടിച്ച് നിന്നു. പക്ഷെ സാധനങ്ങളൊന്നും അവർ മാറ്റിതന്നില്ല. ഒടുവിൽ ഇന്നാണ് വടക്കോട്ട് മാറി ഒരിടത്ത് എന്റെ ബോട്ടും കേറ്റിവെച്ചത്.”
പാരമ്പര്യ മത്സ്യബന്ധനം സംരക്ഷിക്കുന്നതിനായുള്ള സി.ആർ.സെഡ് നിയമങ്ങൾ പാലിക്കാതെ അക്രീറ്റഡ് ലാന്റ് എന്ന പേരിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും പരമ്പരാഗതമായി ഉപയോഗിക്കുന്ന തീരം പിടിച്ചെടുത്ത് പ്രവേഗ് ലിമിറ്റഡിന് കൈമാറുകയും കോർപ്പററേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേഷൻ നയത്തെയും അൻവർ സാദിഖ് വിമർശിച്ചു.
“മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഒരു ടൂറിസം പദ്ധതിയും തീരത്ത് നടക്കാൻ പാടില്ല. എന്നാൽ ഡെപ്യൂട്ടി കളക്ടർക്കും അഡ്മിനിസ്ട്രേറ്ററായ പട്ടേലിനുമെല്ലാം ഇവിടെ ഈ പദ്ധതി നടപ്പിലാക്കണം, അവർക്ക് അതിൽ നിന്നും ലാഭം ഉണ്ടായിരിക്കാം. എന്നാൽ ഇത് ലക്ഷദ്വീപിന്റെ ടൂറിസം പോളിസിക്ക് തന്നെ എതിരാണ്. ടൂറിസം പോളിസി അനുസരിച്ച് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടത്ത് ടൂറിസം നടത്താൻ പറ്റില്ല. ഷെഡ്യൂൾ ട്രൈബിൽ വരുന്ന ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. വേറെ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാൾക്കും ഇവിടെ ഭൂമി വാങ്ങിക്കാനോ വിൽപ്പന നടത്താനോ കഴിയില്ല. ഞങ്ങളുടെ ഭൂമി പിടിച്ചെടുത്തുകൊണ്ട് ഗവൺമെന്റ് പുറത്തുള്ള കുത്തക കമ്പനികൾക്ക് കൊടുക്കുന്നത് ശരിയല്ല.”
ടെന്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളീയം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ ലിങ്ക്:
1. മത്സ്യത്തൊഴിലാളികളുടെ ഭൂമി പിടിച്ചെടുത്ത് ലക്ഷദ്വീപിലേക്കെത്തുന്ന ടെന്റ് സിറ്റി
2. കോടതി വിലക്കിയിട്ടും നിർമ്മാണം തുടരുന്ന ടെന്റ് സിറ്റി