തുള്ളൽ പ്രസ്ഥാനം ഹിന്ദുത്വത്തിന് കീഴടങ്ങുമ്പോൾ

കേരളത്തിൽ ഇന്നും പ്രബലമായി നിലനിൽക്കുന്ന സവർണ്ണാധികാരത്തോടുള്ള എതിർപ്പായിരുന്നു കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥകളുടെ ആധാരശില. നമ്പൂതിരി-നായർ സമുദായങ്ങളുടെ ആചാരരീതികളെയും ലൈംഗിക അരാജകത്വത്തെയും ഭീരുത്വത്തെയും ക്രൂരമായി പരിഹസിച്ചുകൊണ്ട് നമ്പ്യാർ ശ്രേണീകൃത ജാതിവ്യവസ്ഥയുടെ മേൽത്തട്ടിന് ഇരട്ടപ്രഹരമേൽപ്പിച്ചു. പരദേശി ബ്രാഹ്മണർ, മലയാളി ബ്രാഹ്മണർ, നായർ പ്രമാണിമാർ എന്നിവർ തങ്ങളുടെ അധികാരത്തിന്റെ പ്രതാപകാലത്ത് തന്നെ നമ്പ്യാരുടെ പരിഹാസത്തിന്റെ മൂർച്ചയറിഞ്ഞു. അധുനികോത്തര രാഷ്ട്രീയപരിസരത്ത് നിന്നുകൊണ്ട് ചില ന്യൂനതകൾ നമ്പ്യാരിൽ ആരോപിക്കാൻ സാധിക്കുമെങ്കിലും അത്തരം ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കി നമ്പ്യാർ സാഹിത്യത്തെയും തുള്ളൽ പ്രസ്ഥാനത്തെയും വിലയിരുത്തുന്നത് ഏകപക്ഷീയമായ തീർപ്പാക്കലായിപ്പോകും. അതിനപ്പുറം കുഞ്ചൻ നമ്പ്യാരുടെ കൃതികളെ പ്രസക്തമാക്കുന്ന, പ്രതിരോധത്തിന്റെ ലാവണ്യശാസ്ത്രത്തെ വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുഞ്ചൻ നമ്പ്യാർ, രേഖാചിത്രം. കടപ്പാട്:Wikimedia Commons

പുരാണത്തിൽ നിന്ന് പ്രമേയങ്ങൾ സ്വീകരിക്കുമ്പോഴും, ഭക്തിയുടെ പാരവശ്യത്തിൽ മതിമറക്കുന്ന, താണുവണങ്ങാൻ ആസ്വാദകരെ പ്രേരിപ്പിക്കുന്ന കഥാപാത്ര ചിത്രീകരണമല്ല നമ്പ്യാർ കൃതികളിൽ ഉള്ളത്. മുലകളും യോനിയുമുള്ള സ്ത്രീകളും ലിംഗോദ്ധാരണമുള്ള പുരുഷൻമാരുമാണ് അയാളുടെ കഥാപാത്രലോകം. സദാചാരപരമായ സംയമനവും ലളിതപദങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വികാരലോല മുഹൂർത്തങ്ങളും ഇതിഹാസലബ്ദമായ പദവിയുടെ മഹത്വവും അവർക്ക് അന്യമാണ്. അതുകൊണ്ടുതന്നെ ദ്വാരകാധിപനായ കൃഷ്ണൻ,

‘കൊങ്കകൾ രണ്ടും പണയം തന്നാ-
ലെങ്കിലൊരിക്കൽ പൊരുതാമെന്നും’

രുക്മിണിയോട് പറഞ്ഞുചിരിക്കും.

‘മട്ടോലും മൊഴിയാളേ!നിൻമുല
മൊട്ടുകൾ രണ്ടും നമ്മുടെ മാറിൽ
പുഷ്പാനന്ദം ചേർത്തുപുണർന്നി –
ട്ടൊട്ടു ശമിപ്പീച്ചീടുക താപം’

എന്നഭ്യർത്ഥിക്കുന്ന ഇന്ദ്രനെ,

‘വരിക മനോഹരരൂപാ! നിന്നുടെ
കരളിലുദിച്ചൊരു കാമിതമെല്ലാം
വിരവൊടു സാധിച്ചീടുക വേഗാ-
ലരുതിനിയതിനൊരു താമസമൊട്ടും ‘

എന്ന് തന്റെ കിടക്കയിലേയ്ക്ക് സന്തോഷപൂർവ്വം ക്ഷണിക്കുന്ന അഹല്യയെയും നമുക്കവിടെ കാണാം. അന്തർജ്ജനങ്ങളുടെ ലൈംഗികദാരിദ്രം, നായർ സ്ത്രീകളുടെ ഉപജീവന സംഘർഷങ്ങൾ, സംബന്ധം പോലെയുള്ള ദുരാചാരങ്ങൾ, പുരുഷൻമാരുടെ ഭോഗലോലുപത എന്നിവയെ നമ്പ്യാർ നിശിതമായി നിരീക്ഷിച്ചു, വിമർശിച്ചു. തന്റെ കൃതികളിൽ അന്നത്തെ ജാതിസമൂഹത്തിന്റെ അസാധാരണ പ്രതിരൂപം അയാൾ പകർത്തി. ആശ്വാസം പകരാനാവാത്ത വിധം കുഞ്ചൻനമ്പ്യാർ പട്ടന്മാരെ കളിയാക്കിയിട്ടുണ്ട് എന്ന് ‘നായർ മേധാവിത്വത്തിന്റെ പതനം ‘ എന്ന ഗ്രന്ഥത്തിൽ റോബിൻ ജെഫ്രി രേഖപ്പെടുത്തിയിട്ടുണ്ട്. ജെഫ്രി കണ്ടെടുത്ത നമ്പ്യാർ ചിരിയുടെ ഈ രാഷ്ട്രീയാർത്ഥത്തെ പിൽക്കാല മലയാളം മറന്നുകളഞ്ഞു. ഉദ്ഭവകാലം മുതൽ കടുത്ത അവഗണന നേരിട്ട തുള്ളൽ പ്രസ്ഥാനം തനത് കല എന്ന നിലയിലും പരിഗണിക്കപ്പെട്ടിട്ടില്ല.

ശീതങ്കൻ തുള്ളൽ, മരുത്തോർവട്ടം കണ്ണൻ

അവതരണത്തിന്റെ ആദ്യദിനം തന്നെ അമ്പലപ്പുഴ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറത്താക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന തുള്ളൽ പിന്നീട് വളർന്നതും നിലനിന്നതും ജനകീയ കലാരൂപമായാണ്. വരേണ്യ ആഖ്യാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന താളിയോലക്കെട്ടുകളിൽ തുള്ളൽക്കഥകൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. നാടിന്റെ സ്പന്ദനങ്ങളോട് ഇടകലർന്നു പാഠഭേദങ്ങളുള്ള വാമൊഴിപ്പാട്ടുകളായി അവ നിലനിന്നു – എസ്.ടി റെഡ്യാർ കേരളത്തിന്റെ പലയിടങ്ങളിൽ നിന്നും തുള്ളൽക്കഥകൾ സമാഹരിച്ചു. കൊ. വ. 1084- ൽ പ്രസിദ്ധീകരിക്കുന്നത് വരെ .

സ്വതന്ത്ര സാഹിത്യപ്രസ്ഥാനം ആയിരിക്കുമ്പോഴും ദൃശ്യാവതരണത്തിന് അടിത്തറയാകുക എന്നതാണ് തുള്ളൽപ്പാട്ടുകളുടെ ലക്ഷ്യം. സമൂഹത്തിന് നേർക്കുയരുന്ന ചൂണ്ടുവിരലാകുക എന്നത് തുള്ളൽ കലാകാർക്കുണ്ടായിരിക്കേണ്ട അടിസ്ഥാന നീതിബോധവും കലാബോധവുമാണ്. സാഹിത്യഭാഷയിൽ നിന്ന് ദൃശ്യഭാഷയിലേയ്ക്ക് സംക്രമിക്കുന്ന ഏതൊരു സാഹിത്യരൂപവും കൂടുതൽ വിനിമയസാധ്യതയുള്ള ഒന്നായിത്തീരുന്നു. അരങ്ങിൽ നിൽക്കുന്ന കലാകാരിൽ തങ്ങളുടെ പ്രകടനത്തിലൂടെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വിനിമയത്തിലൂടെയും നമ്പ്യാരുടെ ആശയതലങ്ങളെ ആസ്വാദകർക്കു പരിചയപ്പെടുത്തി നൽകുക എന്ന ഭാഷാന്തരണ പ്രക്രിയയുടെ ദൗത്യം ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ തുള്ളൽ കലാകാർ നമ്പ്യാരുടെ പരിഹാസത്തിന്റെ സംസ്കാരിക രാഷ്ട്രീയത്തെപ്പറ്റി ബോധവാൻമാരല്ല. ജനകീയകലയിൽ നിന്ന് ക്ഷേത്രകല എന്ന നിലയിലേക്കുള്ള തുള്ളലിന്റെ പരിമിതപ്പെടലിന്റെ പ്രധാന കാരണവും ഈ അജ്ഞതയാണ്. അതേസമയം തുള്ളലിനെ മെരുക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സവർണ്ണ വ്യവഹാരങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
‘സമൂഹവും ചരിത്രവും സാഹിത്യവും ഒന്നായിരിക്കുന്ന ‘ജൈവവാങ്മയം’ എന്ന് വിശേഷിപ്പിക്കാവുന്ന തുള്ളൽപ്പാട്ടുകളെ വഞ്ചിച്ചുകൊണ്ടുള്ള അവതരണങ്ങൾ അരങ്ങേറിയതോടെ തുള്ളലിന്റെ പതനം വേഗത്തിലായി. വിമർശനത്തിന്റെ മുനയൊടിച്ചു, ക്ഷേത്രകലയായി അതിനാൽത്തന്നെ ഹൈന്ദവകലയായി തുള്ളലിനെ പ്രതിഷ്ഠിക്കുന്നതിൽ വിജയിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അജണ്ട വിവിധ രീതിയിലാണ് കേരളത്തിൽ നടപ്പിലായത്.

പറയൻ തുള്ളൽ, കലാ. നിഖിൽ മലയാലപ്പുഴ

ചാക്യാർ കൂത്തിൽ, കൂത്ത് അവതരിപ്പിക്കുന്ന സമയം കലാകാരന് അവകാശപ്പെടാവുന്ന ദേവപരിവേഷമോ, ദേവഭാഷയായി കരുതപ്പെടുന്ന സംസ്‌കൃതത്തിന്റെ അതിപ്രസരമോ തുള്ളലിനെ തൊട്ടുതീണ്ടിയിട്ടില്ലെന്നിരിക്കെ, തുള്ളലിനെ കൂത്തിന് കടപ്പെടുത്തുവാനുള്ള ശ്രമങ്ങൾ വൈജ്ഞാനിക മേഖലയിൽ ഉണ്ടായി. കൂത്തിന് മിഴാവ് വായിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയ നമ്പ്യാരെ, ചാക്യർ കളിയാക്കിയതിന്റെ രോഷം തീർക്കാൻ നമ്പ്യാർ ഒറ്റരാത്രി കൊണ്ട് കല്യാണസൗഗന്ധികം തുള്ളൽ എഴുതി സംവിധാനം ചെയ്തവതരിപ്പിച്ചു എന്ന കഥയ്ക്ക് ലഭിച്ച അമിതപ്രചാരം തന്നെ തുള്ളൽ പ്രസ്ഥാനത്തിന്റെ ഉദ്ഭവത്തെ നിസ്സാരവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സമാനതകൾ ഉള്ളപ്പോഴും പരസ്പരവിരുദ്ധമായി നിൽക്കുന്ന രണ്ട് കലകൾ ഒരു പ്രദേശത്ത് തന്നെ അവതരിപ്പിക്കപ്പെടുമ്പോളുണ്ടാകാവുന്ന അസ്വാരസ്യങ്ങളെ പ്രതിപാദിക്കുന്നതൊഴിച്ചാൽ മറ്റൊരു പ്രസക്തിയും ഈ കഥയ്ക്കു ഇല്ലെന്നിരിക്കെ, ഇങ്ങനെ തന്നെയാണ് തുള്ളലിന്റെ ആരംഭം എന്ന രീതിയിലുള്ള വിശ്വാസ്യത ഈ കഥയ്ക്കു ലഭ്യമായിട്ടുണ്ട്. തുള്ളൽ കലാകാർ തന്നെയാണ് ഇന്ന് ഈ കഥയുടെ പ്രധാന പ്രചാരകർ എന്നതാണ് വിരോധാഭാസം.

അമ്പലപ്പുഴ ക്ഷേത്രത്തിലെ ‌കുഞ്ചൻ നമ്പ്യാർ സ്മാരകം. കടപ്പാട്:Wikimedia Commons

1930-ൽ സ്ഥാപിക്കപ്പെട്ട കേരള കലാമണ്ഡലത്തിൽ 1956-ലാണ് തുള്ളൽ പഠനം ആരംഭിക്കുന്നത്. തുള്ളലിന്റെ ചമയത്തിന്റെയും ശൈലിയുടെയുമൊക്കെ കാര്യത്തിൽ കുറച്ചൊക്കെ ഏകീകരണം ഇതോടെ സാധ്യമായി. അതേസമയം തന്നെ തുള്ളൽ ക്ലാസ്സിക് കലയാണെന്ന മനോഭാവം വളരാനും കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നീ ക്ലാസ്സിക് ദൃശ്യകലകൾക്കൊപ്പമാണ് കലാമണ്ഡലത്തിൽ തുള്ളൽ പരിശീലനം നൽകുന്നത് എന്നതിനാൽ തുള്ളലിന് അതുവരെ ഇല്ലാതിരുന്ന ആഭിജാത്യം അവകാശപ്പെടാനും കലയെ സ്ഥാപനവൽക്കരിക്കാനും കലാമണ്ഡലത്തിലെ തുള്ളൽ വിഭാഗം ശ്രമിച്ചു.

കമലദളം സിനിമയിലെ രം​ഗം

‘കമലദളം’ സിനിമയിൽ കലാമണ്ഡലം ഗീതാനന്ദൻ ആശാൻ, നാടൻ തുള്ളക്കാര് തുള്ളിത്തുള്ളി വില കളഞ്ഞ കലയാണിതെന്ന് അഭിപ്രായപ്പെട്ടു. രണ്ടര നൂറ്റാണ്ടുകാലം നാടൻ കലാകാർ അവരുടെ നിസ്വാർത്ഥമായ ആത്മാർപ്പണം കൊണ്ട് നിലനിർത്തിയ ഒരു കലയിൽ നിന്നും അവരെ അന്യവൽക്കരിക്കാനും അടച്ചാക്ഷേപിക്കാനും ക്ലാസ്സിക്‌ ശൈലിയുടെ അപരമാണ് നാടൻ ശൈലി എന്ന പ്രതീതി സൃഷ്ടിക്കാനും അദ്ദേഹത്തിനു ഇതിലൂടെ അനായാസം സാധിച്ചു. നാടൻകലാകാരുടെ ആത്മാഭിമാനത്തെ തന്നെ ചോദ്യം ചെയ്തു അവർക്ക് ഭ്രഷ്ട് കല്പിച്ചതുകൊണ്ട് മാത്രം തുള്ളലിനെ ക്ലാസ്സിക്‌ കലയായി അവരോധിക്കാൻ സാധിക്കാതിരുന്നതിനാൽ തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചും, അവതരണത്തിൽ ഇടയ്ക്കയുടെ ഉപയോഗം പ്രചരിപ്പിച്ചും, തുള്ളലിനെ കഥകളിയോട് താരതമ്യം ചെയ്തും സവർണ്ണവത്കരിക്കാൻ അദ്ദേഹം ശ്രമിച്ചു. കലാമണ്ഡലത്തിൽ ഇപ്പോൾ തുള്ളൽവിഭാഗം മേധാവിയായിരിക്കുന്ന മോഹനകൃഷ്ണൻ ആശാൻ അറിഞ്ഞോ അറിയാതെയോ തുള്ളൽ ചരിത്രത്തെ തന്നെ സവർണ്ണവത്കരിക്കുകയാണ് ചെയ്യുന്നത്. നമ്പ്യാരിൽ അവകാശവാദം ഉന്നയിക്കുന്നതിനുള്ള സവർണ്ണ രാഷ്ട്രീയത്തിന്റെ തന്ത്രമായി വിലയിരുത്തേണ്ട അല്ലെങ്കിൽ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ട ഒരു ഐതിഹ്യത്തെ സവിശേഷമായി ഉദ്ധരിച്ചുകൊണ്ട് നമ്പ്യാരുടെ ജന്മം ബ്രാഹ്മണ്യത്തിന്റെ അച്ചാരമാണെന്ന പ്രതീതി പരോക്ഷമായി അദ്ദേഹം സൃഷ്ടിക്കുന്നു. കലാമണ്ഡലത്തിലെ തുള്ളൽ വിഭാഗം മേധാവികൾ കാലങ്ങളായി അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അവാസ്തവിക നിലപാടുകൾ അങ്ങേയറ്റം അപലപനീയവും അപമാനകരവുമാണ്. എന്നിട്ടും അവർ ചോദ്യം ചെയ്യപ്പെടാത്തത് ദുഃഖകരവുമാണ്.

കലാമണ്ഡലം ഗീതാനന്ദൻ

തുള്ളൽ കലാകാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പേടിപ്പിക്കുന്ന നിരാശ്രയത്വം അവതരണത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് പരിധി നിർണ്ണയിച്ചതാണ് തുള്ളൽ ഹൈന്ദവവത്കരിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം. ഉത്സവങ്ങളുടെയും വഴിപാടുകളുടെയും ഭാഗമായി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന തുള്ളൽ അവതരണങ്ങൾക്ക് സവർണ്ണാന്തരീക്ഷത്തിലാണ് അരങ്ങുയരുന്നത്. തുള്ളൽ കലാകാരുടെ ഉപജീവനം പ്രധാനമായും ഇത്തരം അവതരണങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, ജാതിവിമർശനം പൂർണ്ണമായും ഒഴിവാക്കി, ദേവതാസ്തുതി കൊണ്ട് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന, സവർണ്ണതയെ തൃപ്തിപ്പെടുത്തുന്ന, പുരാണ കഥാഖ്യാനമായി തുള്ളൽ അവതരിപ്പിക്കാൻ കലാകാർ നിർബന്ധിതരാകുന്നു.

കലാമണ്ഡലം മോഹനകൃഷ്ണൻ

കലയെ സമരായുധമാക്കിക്കൊണ്ട് നമ്പ്യാർ എതിർത്ത അതേ ഹിന്ദുത്വത്തിന് തുള്ളൽ പ്രസ്ഥാനം കീഴടങ്ങിപ്പോകാൻ ഈ സാഹചര്യങ്ങൾ കാരണമായി. ബ്രാഹ്മണ്യത്തിന്റെയും നായർ മേധാവിത്വത്തിന്റെയും അവശിഷ്ടാധികാരങ്ങൾക്ക് മുന്നിൽ ജാതിവ്യവസ്ഥയ്ക്ക് പോറലേൽപ്പിക്കാത്ത നിർദോഷഫലിതം മാത്രമായിത്തീർന്ന തുള്ളലിനാണ് 2006-ൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേയ്ക്ക് പുനഃപ്രവേശനം ലഭിച്ചത്.

പ്രതിരോധമൂല്യത്തോട് കൂടിയുള്ള തുള്ളൽ അവതരണങ്ങളെ ഇല്ലാതാക്കാനുള്ള സവർണ്ണശ്രമങ്ങളുടെ ഫലമായാണ് തുള്ളൽ ഇന്ന് ക്ഷേത്രകലയായി വിലയിരുത്തപ്പെടുന്നത്. ജാതിയെ ഭയക്കാതെ തുള്ളൽ രംഗത്ത് അവതരിപ്പിക്കുന്നതിന് പര്യാപ്തമായ സാംസ്‌കാരിക ആവാസവ്യവസ്ഥകളിൽ തുള്ളലിന് അരങ്ങുയരേണ്ടതുണ്ട്. ഹിന്ദുത്വത്തിന് കുഞ്ചനെ വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും ഉണ്ടാകണം. അല്ലെങ്കിൽ കുഞ്ചന്റെ കലയോട് കേരളം ചെയ്യുന്ന മാപ്പർഹിക്കാത്ത തെറ്റായിരിക്കും അത്.

റഫറൻസ്
– കുഞ്ചൻനമ്പ്യാർ, കുഞ്ചൻനമ്പിയാരുടെ തുള്ളൽക്കഥകൾ, പി കെ ശിവശങ്കരപ്പിള്ള (എഡി.), 1989, കേരള സാഹിത്യ അക്കാദമി, തൃശൂർ

– റോബിൻ ജെഫ്രി, നായർ മേധാവിത്വത്തിന്റെ പതനം, പുതുപ്പള്ളി രാഘവൻ, എം.എസ് ചന്ദ്രശേഖര വാരിയർ (വിവ.), 2014, ഡി സി ബുക്സ്, കോട്ടയം.

https://youtu.be/CmJBGVWwrrU

https://youtube. be/7uacUToq9GB

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 1, 2023 7:57 am