Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാർത്ഥികളുടെ അഹിംസാത്മകമായ മുപ്പത്തിയാറ് ദിവസത്തെ സത്യാഗ്രഹ സമരത്തിനും സോനം വാങ്ചുക്കിന്റെയും വിദ്യാർത്ഥികളുടെയും നിരാഹാര സമരത്തിനും ശേഷം രാജിവെയ്ക്കുന്നത് “രാജ്യദ്രോഹികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ” എന്ന് പറഞ്ഞുകൊണ്ടാണ്. അല്ലാതെ വിദ്യാഭ്യാസ സിസ്റ്റത്തിന്റെ അടിത്തറയിളക്കിയ രീതികളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടല്ല. ധാർമ്മികത എന്ന വാക്ക് ഇന്ന് രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും കൊലചെയ്യപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ചും പന്ത്രണ്ട് വർഷത്തെ മോദി ഭരണം ഇന്ത്യൻ പൗരർക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നത് ഈ ധാർമ്മിക പരാജയമാണ്. ഇന്ത്യൻ യുവതയും പൗരജനതയും നേരിടുന്നത് ഈ കടുത്ത പ്രതിസന്ധിയാണ്.
ധാർമ്മിക പ്രതിസന്ധി നേരിടുന്ന ഒരു ജനതയുടെ ഏറ്റവും വലിയ മാനസിക പ്രഹേളിക ഭയമാണ്. പ്രീണനം, ഭീഷണി, പീഡനം എന്നീ രീതികളിലൂടെ ഒരു ജനതയെ ഒന്നാകെ ഭയപ്പെടുത്തി, ഏത് കുത്സിത തന്ത്രങ്ങളും മാർഗങ്ങളും ഉപയോഗിച്ച് അധികാരത്തിൽ അള്ളിപ്പിടിച്ച് ഇന്ത്യൻ ജനതയുടെ അധ്വാനശേഷിയെ, ക്രിയാത്മകതയെ, പ്രകൃതിവിഭവങ്ങളെ കോർപ്പറേറ്റുകൾക്ക് കച്ചവടം ചെയ്യുന്ന ഒരു മാഫിയ സംഘമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്ന നീതിന്യായ വ്യവസ്ഥ (സുപ്രീംകോടതിയടക്കം) അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, നിയമപാലകർ, ഉദ്യോഗസ്ഥർ, ആർ.എസ്.എസ്, വിശ്വഹിന്ദുപരിഷത്ത്, ബി.ജെ.പി തുടങ്ങിയ സംഘടനകളുടെ കാലാൾപ്പടകൾ, സാമൂഹ്യ മാധ്യമങ്ങൾ, ടി.വി ചാനലുകൾ, ഹിന്ദുത്വയിലേക്ക് ചായുന്ന ഒരു ഹിന്ദു മധ്യവർഗ മനസ്സ് ഇവയെല്ലാം ഈ മാഫിയാ സംഘത്തിനുള്ള അനുകൂല ഘടകങ്ങളാണ്. ആസാം, മണിപ്പൂർ, ലഡാക്ക്, ജമ്മു കശ്മീർ, ഹരിയാന, ബിഹാർ, ഷഹീൻബാഗ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നെല്ലാം മുളച്ചുപൊന്തിയ അഹിംസാത്മക സമരങ്ങളെ മോദി സർക്കാർ തോക്കും ലാത്തിയും ബയണറ്റും ഉപയോഗിച്ചാണ് നിശബ്ദമാക്കിയതെന്ന് നമുക്കറിയാം.


ഇത്തരം സമരങ്ങളിൽ പങ്കെടുക്കുന്നവർ എത്രയോ പേർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട് തടവറകളിലാണ്. വാസ്തവത്തിൽ ഇന്ത്യ ഇന്ന് ഒരു വലിയ തടവറയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തടവറകൾ രാജ്യദ്രോഹികളെ അകത്താക്കി, നിശബ്ദരാക്കി, ജീർണ്ണതയിലേക്ക് വർഷങ്ങളോളം തള്ളിയിടാനായി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. ഈയിടെയാണ് ദൽഹി പ്രാന്തത്തിൽ ഒരു അതീവ സുരക്ഷാജയലിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി നിർവഹിച്ചതായി പത്രത്തിൽ വായിച്ചത്. നമുക്ക് തടവറകളാണ് വേണ്ടത്, വിദ്യാലയങ്ങളല്ല എന്ന ഒരു ധ്വനി ഇവരുടെ പ്രവർത്തികളിലെല്ലാം നിഴലിക്കുന്നുണ്ട്.
എന്തുകൊണ്ട് ഭയം വായുവും ഭക്ഷണവുമാക്കി ജീവിക്കേണ്ടി വരുന്നു? ഇതിന്റെ പിന്നിലുള്ള സൈക്കോളജിക്കലായ ഒരു പാത്തോളജിയുണ്ട്. ഭരിക്കുന്നവർ ഭയചകിതരാണ്. ഭയത്തിൽ നിന്നും മുക്തി നേടി സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് പറയാനോ, വിമർശിക്കാനോ, സർക്കാർ ചെയ്തികളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനോ ശ്രമിക്കുന്നവർ, ഏത് രംഗത്തായാലും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. ആരാണ് രാജ്യദ്രോഹി എന്നതിനുള്ള ഉത്തരമാണ് ഈ ‘മുദ്ര’കുത്തൽ. ബ്രിട്ടീഷുകാരുടെ കാലത്ത് notified criminal tribeകളായി ഒരു വിഭാഗം ജനങ്ങളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി, ബ്രിട്ടീഷ് സർക്കാർ കല്പനകളിറക്കിയിരുന്നു. നെഹ്റുവാണ് സ്വാതന്ത്യം കിട്ടിയ ഉടനെ അത് റദ്ദാക്കി ഉത്തരവിറക്കിയത്. രാജിവെച്ച വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവർത്തിക്കുന്നത് ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവാണ്. ഈ സർക്കാരിനെ വിമർശിക്കുന്നവർ, എതിർക്കുന്നവർ ക്രിമിനിൽ ട്രൈബിൽപ്പെട്ട രാജ്യദ്രോഹികളാണ്.
കഴിഞ്ഞ മുപ്പത്തിയാറ് ദിവസങ്ങളായി ദൽഹിയിൽ നാമ്പിട്ട് രാജ്യമാകെ കാട്ടുതീയായി പടർന്ന അഹിംസാത്മക സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും യുവജനങ്ങളും നിശബ്ദരായി ഏറ്റെടുത്തത് മോദി ഭരണസംഘത്തിന്റെ ‘രാജ്യദ്രോഹ’ കുരിശാണ്. അതിൽ അവരെ ആണിയടിച്ച് തറയ്ക്കാൻ പൊലീസുകാരും മറ്റ് സേനകളും അതിക്രൂരമായി ശ്രമിച്ചു. ഇലക്ട്രിക് ബാറ്റൺകൊണ്ട് മർദ്ദിച്ചു, പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചു, സമരത്തിനെത്തിയെ പെൺകുട്ടികളെ അസഭ്യം പറഞ്ഞു, അവരുടെ സ്വകാര്യ ഭാഗങ്ങൾ നോക്കി പല്ലിളിച്ച് പരിഹസിച്ചു. ഇതിനെയെല്ലാം മോദി സംഘത്തിന്റെ വിജയമാക്കി ഗോഡി മീഡിയയും സോഷ്യൽ മീഡിയയും നാണംകെട്ട വാർത്തകൾ പ്രചരിപ്പിച്ചു. പെൺകുട്ടികൾ അടക്കമുള്ളവരുടെ നിർഭയത്വം, നിശ്ചയദാർഢ്യം, അഹിംസയിൽ ഉറച്ചുനിന്നുകൊണ്ട് ദിവസങ്ങളോളം സമരത്തെ അതേപടി നിലനിർത്താനുള്ള സ്ഥൈര്യം അവർക്കുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും അഭയവും നൽകിയ വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ട യഥാർത്ഥ മനുഷ്യരുടെ ചേർന്നുനിൽപ്പും മോദി ഭരണം വെറും സോപ്പുകുമിളയാണ്, ധാർമ്മികത, നിർഭയത്വം, സ്ഥൈര്യം, അഹിംസ എന്നിവയിൽ ഉറച്ചുനിന്നാൽ ഈ ദുർഭരണത്തിന്റെ കൃത്രിമകോട്ടകളെ പൊളിച്ചുമാറ്റാനാവും എന്ന് ഉദാഹരിച്ചു.


കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഈ കുട്ടികളുടെ മാതൃഭാവത്തിൽ നിന്ന് എന്തെങ്കിലും പഠിക്കുമോ? ഈ ഭരണത്തെ തൂത്തെറിയാൻ ധാർമ്മികതയുടെയും ഭരണഘടനയുടെയും അഹിംസയുടെയും മൂല്യങ്ങൾ ഉയർത്തി പരമ്പരാഗത സമരരീതികളും പത്രപ്രസ്താവനകളും അവസാനിപ്പിച്ച് പുതിയ ഗൃഹപാഠങ്ങൾ ചെയ്ത് മുന്നോട്ടുവരുമോ? രാജ്യദ്രോഹിയാരാണെന്ന് പ്രതിപക്ഷമടക്കമുള്ള ഇന്ത്യൻ ജനതയെ വിദ്യാർത്ഥി യുവജനം പഠിപ്പിക്കുന്നു. പക്ഷേ, വിദ്യാർത്ഥികളും യുവജനങ്ങളും നിരന്തരം ജാഗരൂകരല്ലെങ്കിൽ ധാർമ്മികമായി നേടിയ ഈ ചെറിയ, വലിയ ചുവടുവയ്പ്പ് പോലും ഹൈജാക്ക് ചെയ്യപ്പടും. ഭരണസംഘവും അവരുടെ കാലാൾപ്പടകളും രാപ്പകൽ സജീവമാണ്. ഫാസിസ്റ്റുകൾ ഉറങ്ങാറില്ലെന്ന് നമുക്കറിയാം.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കാം. 2026 ജൂൺ മൂന്നിലെ ദി ഹിന്ദു പത്രത്തിൽ ഒരു ചെറിയ വാർത്തയുണ്ട്. ഗുജറാത്തിലെ ബറോഡയിലുള്ള മഹാരാജ സയാജിറാവു സർവകലാശാലയുടെ സോഷ്യോളജി വിഭാഗം രാജ്യത്ത് ആദ്യമായി അവരുടെ ബി.എ, എം.എ ക്ലാസുകളിൽ ‘Modi Tatwa’ – മോദി ദർശനം ഒരു പേപ്പറായി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് അഭിമാനത്തോടെ സർവകലാശാലയുടെ സോഷ്യോളജി വിഭാഗം തലവൻ വീരേന്ദ്രസിങ് പത്രക്കുറിപ്പ് ഇറക്കി. ‘മോദി തത്വം’ എന്തിനെന്നോ? നമ്മുടെ സാമൂഹ്യശാസ്ത്ര ചട്ടക്കൂടിനുള്ളിൽ പ്രധാനമന്ത്രിയുടെ നേതൃത്വപാടവം എപ്രകാരം പ്രതിഫലിക്കുന്നുയെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ്! രാഷ്ട്രീയ സ്വയം സേവക സംഘിന്റെയും അതിലെ ചരിത്രനായകരുടെയും ദർശനങ്ങളും ഇതോടൊപ്പം പഠിപ്പിക്കുന്നുണ്ടെന്ന് വീരേന്ദ്ര സിങ് കൂട്ടിച്ചേർക്കുന്നു.

