കളമശ്ശേരി: മൂന്ന് തരം നടുക്കങ്ങൾ

കളമശ്ശേരി കേരളത്തിനുണ്ടാക്കിയ നടുക്കവും അതിന്റെ മുറിവും തുടരുകയാണ്. ഡേവിഡ് മാ‍‍ർട്ടിൻ എന്ന മുൻ യഹോവയുടെ സാക്ഷി പ്രവ‍ർത്തകൻ അയാളുടെ വിമ‍ർശനം അവതരിപ്പിച്ചത് ഭീകരതയുടെ രൂപത്തിലാണ്. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അനിവാര്യമായും വള‍ർന്ന് വരേണ്ട ജനാധിപത്യമൂല്യമാണ് വിമ‍ർശനം. എന്നാൽ വിയോജിപ്പുകൾ ഭീകരതയുടെ രൂപം സ്വീകരിക്കുന്നു എന്നുള്ളത് നടക്കമുണ്ടാക്കുന്നതാണ്. കളമശ്ശേരി സംഭവം മൂന്ന് തരത്തിലുള്ള നടുക്കമാണ് നമ്മളിൽ ഉണ്ടാക്കേണ്ടത് എന്ന് ഞാൻ വിചാരിക്കുന്നു.

പ​രി​ക്കേ​റ്റവ​രെ പ്ര​വേ​ശി​പ്പി​ച്ച കാ​ഷ്വാ​ലി​റ്റി വാ​ർ​ഡി​നു മുന്നിൽ പൊ​ലീ​സു​കാ​ർ കാവൽ നിൽക്കുന്നു. ഫോട്ടോ: റോയിട്ടേഴ്‌സ്

ഒന്ന്, സ്ഫോടനം തന്നെ. മരണങ്ങളും പരിക്കുകളും യഹോവ സാക്ഷികളുടെ ആശയാവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയും ഉണ്ടാക്കുന്ന നടുക്കം. രണ്ട്, ജനാധിപത്യ രീതിയിൽ അവതരിപ്പിക്കുന്നതിന് പകരം ഭീകരതയുടെ രീതി സ്വീകരിക്കാൻ ഡേവിഡ് മാ‍ർട്ടിനെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രം. മൂന്നാമത്തേത്, ഏതെങ്കിലും തരത്തിലുള്ള സ്ഫോടനങ്ങളോ ആക്രമണങ്ങളോ ഉണ്ടാകുമ്പോൾ അതിൽ ഉൾപ്പെട്ടവരെ അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം അഭിപ്രായരൂപീകരണം നടത്തുന്നതിന് പകരം, അതിന് മുമ്പേ തന്നെ അഭിപ്രായരൂപീകരണം ദൃഢപ്പെട്ടുവരികയും ആ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും മാധ്യമങ്ങൾ അത് ആഘോഷിക്കുകയും ചെയ്യുന്ന പ്രവണത. ഇസ്ലാമോഫോബിക്ക് എന്ന് കൃത്യം വിളിക്കാവുന്ന ഈ അവസ്ഥ അത്യന്തം അപകടകരമാണ്.

സ്‌ഫോടന പരമ്പരയിൽ പരിക്കേറ്റവർ വൈദ്യസഹായം തേടുന്നു. ഫോട്ടോ: AFP

സ്ഫോടനത്തോളം തന്നെ സ്ഫോടനാത്മകമായിരുന്നു മാധ്യമങ്ങളിലും പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലും വന്ന അഭിപ്രായ പ്രകടനങ്ങൾ. ഇത്തരം ഒരു കാര്യത്തെക്കുറിച്ച് പക്വമായ അഭിപ്രായ പ്രകടനം നടത്തേണ്ട കേന്ദ്രമന്ത്രി പോലും വ്യത്യസ്തമായ ഒരു അഭിപ്രായ പ്രകടനം നടത്തുകയും അതിനെതിരെ ജനരോഷം ഉയർന്നപ്പോൾ തെറ്റ് മനസ്സിലാക്കി തിരുത്തുന്നതിന് പകരം അതേ തെറ്റ് വീണ്ടും ആവർത്തിക്കുകയുമാണ് ഉണ്ടായത്. അത് വളരെ ഞെട്ടലുളവാക്കുന്നതാണ്.

ആശങ്കയും ആശ്വാസവും

സ്ഫോടനത്തെ തുടർന്നുണ്ടായ ആശങ്കയും പ്രതിയെ കണ്ടെത്തിയപ്പോഴുണ്ടായ ആശ്വാസവും അപഗ്രഥിക്കപ്പെടേണ്ട ഒന്നാണ്. എവിടെയെങ്കിലും ഒരു സ്ഫോടനമുണ്ടായാൽ ആ സ്ഫോടനത്തിൽ പങ്കെടുത്തയാളുടെ മതം അടിസ്ഥാനമാക്കി ആ മതത്തിൽ ഉൾപ്പെട്ട ആളുകൾക്ക് ആശങ്കപ്പെടേണ്ടി വരുന്നുണ്ടെങ്കിൽ, കേരളത്തിൽ പോലും ഇസ്ലാം മതത്തിൽ പെട്ടവ‍ർ‌ക്ക് ആ വിധത്തിൽ ഒരു ഉത്കണ്ഠ ഉണ്ടായിത്തീരുന്നുണ്ടെങ്കിൽ മതനിരപേക്ഷ വാദികൾക്ക് ഉത്കണ്ഠ ഉണ്ടായിത്തീരുന്നുണ്ടെങ്കിൽ ആ ഉത്കണ്ഠ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശയ സ്രോതസ്സ്‌ ഏതാണെന്നും, അതെങ്ങനെ പ്രബുദ്ധ രാഷ്ട്രീയ പശ്ചാത്തലമുള്ള മലയാളി സമൂഹത്തിന്റെ അബോധത്തിലേക്ക് കടന്നുവന്നു എന്നതും ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്. ഇതിനെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കായിരിക്കും നാം പോകുന്നത്.

യഹോവ സാക്ഷികളുടെ കൺവെൻഷനിലുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യം.

വ്യാജദേശീയതയുടെ വെള്ളപ്പൊക്കം

യഹോവയുടെ സാക്ഷികളുടെ സമീപനത്തോട് ആർക്കും യോജിക്കാം വിയോജിക്കാം. അതിനെ ദേശീയതയുമായി ചേർത്തുവെക്കുന്ന ഒരു ഇന്ത്യൻ പശ്ചാത്തലം, ഇന്ത്യൻ നവഫാസിസത്തിന്റെ നിർമ്മിതിയാണ്. “ഇന്ത്യൻ തത്വചിന്ത സഹിഷ്ണുതാപരമാണ്. ഇന്ത്യയിലെ സാഹചര്യം സഹിഷ്ണുതാപരമാണ്. അതുകൊണ്ട് ഈ കാര്യത്തിൽ അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കാൻ പാടില്ല” എന്നാണ് ദേശീയഗാന ആലാപനവുമായി ബന്ധപ്പെട്ട യഹോവ സാക്ഷികളുടെ കേസിലെ സുപ്രീംകോടതിയുടെ വിധിയിൽ പറഞ്ഞത്.

സുപ്രീംകോടതി എന്ത് പറഞ്ഞാലും തീയറ്ററിൽ വരെ ദേശീയഗാനം കൊണ്ടുവരികയും വ്യാജ മേൽക്കോയ്മാ ദേശീയതയുടെ ഒരു വെള്ളപ്പൊക്കമുണ്ടാവുകയും അത് അന്തരീക്ഷത്തിൽ ലയിക്കുകയും ആ വായു ശ്വസിക്കേണ്ട അവസ്ഥ വരികയും ചെയ്തിരിക്കുന്നു. ഡേവിഡ് മാർട്ടിന്റെ പ്രസ്താവന നോക്കിക്കഴിഞ്ഞാൽ ഇത്തരത്തിൽ ഇന്ത്യൻ ഫാസിസം അടിച്ചേൽപ്പിച്ച ഒരു വ്യാജദേശീയതയുടെ ഇരയാണ് ഈ ഭീകരതയുടെ നേതൃത്വമായി മാറിക്കഴിഞ്ഞത് എന്നുള്ളത് നമ്മെ കൂടുതൽ സംഘർഷപ്പെടുത്തേണ്ടതാണ്.

ഡേവിഡ് മാ‍‍ർട്ടിൻ

സ്വാമ്രാജ്യത്വ വിരുദ്ധസമരത്തിൽ ഒരു നിലക്കും പങ്കെടുക്കാത്ത, പലപ്പോഴും അതിനെ ഒറ്റിക്കൊടുത്ത, സാമ്രാജ്യത്വ വിരുദ്ധ സമരത്തിലൂടെ ഇന്ത്യയിൽ സാമുദായിക മൈത്രിയുണ്ടായപ്പോൾ അതിന് വിള്ളൽ വീഴ്ത്താൻ വേണ്ടി വളരെ വിധ്വംസകമായ, ബോംബിനേക്കാൾ സ്ഫോടനശക്തിയുള്ള സവർക്കറുടെ ഡെഫനിഷൻ ഓഫ് ഹിന്ദുത്വ ഉൾപ്പെടെ ഒരുപാട് ആശയങ്ങളിലൂടെ നിർമ്മിച്ച വ്യാജദേശീയതയും മേൽക്കോയ്മാ ദേശീയതയുമാണ് ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് സൂക്ഷ്മതലത്തിൽ പരിശോധിക്കപ്പെടേണ്ടത്.

സവർക്കർ

പൗരത്വത്തിന്റെ സാക്ഷ്യപത്രം

ഒരു രാജ്യത്തെ ജനത മുഴുവൻ ആ രാജ്യത്തിൽ തന്നെ ജീവിക്കുമ്പോൾ, അവിടെ തൊഴിലെടുക്കുമ്പോൾ, അവിടുത്തെ വായു ശ്വസിക്കുമ്പോൾ അവരുടെ ദേശീയതയ്ക്ക് പ്രതേകിച്ചൊരു സാക്ഷ്യപത്രം ആവശ്യമില്ല. അത് അവരുടെ മണ്ണാണ്. കാരണം ഇവിടെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവരുടെ മുൻഗാമികളുടെ സ്മരണകളും അവരുടെ ജീവിതവും അവരുടെ തൊഴിലും സമ്പത്തുമാണ് നഷ്ടപ്പെടുന്നത്. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരുകൂട്ടരുടെ മാത്രം ബാധ്യതയല്ല.

വംശീയതയുടെ ഐക്യം

ഒരു പ്രത്യയശാസ്ത്രം വിജയിക്കുന്നത് അത് പ്രത്യയശാസ്ത്രമായി പ്രചാരണം നടത്തുമ്പോഴല്ല. സാധാരണ മനുഷ്യരുടെ സംഭാഷണമായും തമാശയായും പതിവ് കാഴ്ച്ചപ്പാടായും മാറുമ്പോഴാണ് പ്രത്യയശാസ്ത്രം വിജയിക്കുന്നത്. ഹമാസിനെ പറ്റി കേൾക്കുകയോ അവിടെ നടക്കുന്നത് ദേശീയ വിമോചന സമരമാണെന്ന് അറിയുകയോ ചെയ്യാത്ത ആളുകൾ പോലും 2023 ഒക്ടോബർ 7 നാണ് ചരിത്രം ആരംഭിക്കുന്നത് എന്ന രീതിയിൽ പ്രതികരിക്കുന്നു. ഫാസിസ്റ്റ് സയണിസ്റ്റ് ആശയങ്ങളുടെ വിജയമാണിത്. അത്തരം ഒരു പശ്ചാത്തലത്തിലാണ് കളമശ്ശേരി സംഭവത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നിലേക്ക് കണ്ണിചേ‍ർക്കുന്നത്. സ്ഫോടനം പോലെയുള്ള കാര്യങ്ങൾ ഒരു പ്രത്യേക വിഭാ​ഗം ആളുകളുടേതാണ് എന്ന നിലയ്ക്കാണ് പൊലീസ് പാനായിക്കുളത്തേക്കെല്ലാം പെട്ടന്ന് പാഞ്ഞുചെന്നത്. എന്തു കൊള്ളരുതായ്മ നടന്നാലും സംശയിക്കാൻ പാകത്തിന് ചിലരെ ഒരുക്കി നി‍ർത്തുക എന്നത് ഫാസിസത്തിന്റെ രീതിയാണ്. ഇന്ത്യയിലെ നവഫാസിസ്റ്റുകളെയും ഇസ്രായേലിലെ സയണിസ്റ്റുകളെയും ഐക്യപ്പെടുത്തുന്നത് വംശീയതയുടെ കാര്യത്തിലാണ്.

പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൽ സത്താറും നിസാം പാനായിക്കുളവും

ഫാസിസത്തെ പ്രീതിപ്പെടുത്താനാവില്ല

ക്രിസ്ത്യൻ സമൂഹവും സത്യത്തിൽ ഇന്ത്യയിൽ പീഡിതരാണ്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും ജാർഖണ്ഡിലും മണിപ്പൂരിലും ക്രിസ്ത്യൻ ചർച്ചുകൾ തകർക്കപ്പെടുന്നു. ക്രിസ്തുമസ് ആഘോഷത്തിനെതിരെ വെല്ലുവിളികൾ ഉയരുന്നു. മതപ്രചാരണ പ്രവർത്തനം ഭീകരകൃത്യമാണ് എന്ന രീതിയിലുള്ള നിയമങ്ങൾ ഉണ്ടാകുന്നു. അങ്ങനെ പൊതുവിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ ക്രിസ്തുമതവും ഇസ്ലാം മതത്തെ പോലെ തന്നെ മർദ്ദിത മതമാണ്. പക്ഷേ, ചില വരേണ്യ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇന്ത്യൻ ഫാസിസത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ തങ്ങളുടെ ചില താത്പര്യങ്ങൾ സംരക്ഷിക്കാൻ അധികാരത്തോട് ചേർന്നു നിൽക്കുന്നത് സൗകര്യപ്രദമാകും എന്ന കാഴ്ച്ചപ്പാട് വരേണ്യ ക്രിസ്ത്യൻ വിഭാഗങ്ങളിലെ സ്ഥാപനവത്കൃത അധികാരികൾക്കുള്ളിൽ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരുപക്ഷേ ലോകപശ്ചാത്തലത്തിൽ തന്നെ ക്രിസ്ത്യൻ സയണിസം എന്നൊക്കെ പറയുന്ന ആശയത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്ക്കാരവും ചിലയിടങ്ങളിൽ രൂപപ്പെടുന്നുണ്ട്. എന്നാൽ അതിന് നിലനിൽക്കാൻ കഴിയും എന്ന് തോന്നുന്നില്ല, കാരണം ഫാസിസത്തെ പ്രീതിപ്പെടുത്തിക്കൊണ്ട് ഒരു പീഡിത വിഭാഗത്തിനും മുന്നോട്ടുപോകാൻ കഴിയില്ല. ഫാസിസത്തെ പ്രീതിപ്പെടുത്താനാവില്ല പരാജയപ്പെടുത്താനേ പറ്റുകയുള്ളൂ. പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർ അത് പതിയെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലാണ് നാം ഇപ്പോൾ.

തയ്യാറാക്കിയത് : ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 31, 2023 9:30 am