മെ​ഗാ പ്രോജക്ടുകൾ ഇല്ലാത്ത റണ്ണിം​ഗ് ബജറ്റ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വർദ്ധനവില്ലാത്ത ക്ഷേമ പെൻഷനും ജീവനക്കാരുടെ ഡി.എയും

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. വരവുകളും ചെലവുകളും തമ്മിൽ വലിയ വിടവ് വന്ന് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ദ്രവ്യത(liquidity)യെ ഈ പ്രതിസന്ധി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. വിഭവങ്ങളെ പരമാവധി സമാഹരിക്കുക, നീതിയുക്തമായ രീതിയിൽ വിഭവങ്ങൾ വിതരണം ചെയ്യുക എന്നുള്ളതാണ് ഈ സാഹചര്യത്തിൽ ചെയ്യാവുന്നത്. സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയിലൂടെ നിലവിൽ നൽകുന്ന 1,600 രൂപയിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള വർദ്ധനവ് നിലവിലെ സാമ്പത്തികാവസ്ഥയിൽ പെൻഷന്റെ കാര്യത്തിൽ സാധ്യമല്ല. സാധാരണ ഒരു തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാവുക ക്ഷേമ പദ്ധതിയിലൂടെയാണ്. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് ക്ഷേമ പെൻഷനിൽ വർദ്ധനവ് വേണ്ട എന്ന തീരുമാനം എന്ന് വിലയിരുത്താം.

സ‍‍ർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ സാമൂഹ്യ ക്ഷേമ പദ്ധതിയിൽ ഉൾപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ സംസ്ഥാന ജീവനക്കാരുടെ കുടിശ്ശികയായിട്ടുള്ള ഡി.എ സാധാരണ ബജറ്റിലൂടെയല്ല പ്രഖ്യാപിക്കാറുള്ളത്. അതൊരു കമ്മിറ്റഡ് എക്സപെൻഡിച്ചർ ആണ്. പണപ്പെരുപ്പത്തെ ആധാരമാക്കിയാണ് അതിന്റെ സൂചികകൾ നി‍ർണ്ണയിക്കാറുള്ളത്. എപ്പോഴായാലും സ‍ർക്കാറിനത് ജീവനക്കാർക്ക് കൊടുത്തേ തീരൂ.

കെ.എൻ ബാലഗോപാലിനെ വരവേൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.

നികുതിയും വരുമാനവും

ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഉയർന്ന നികുതി വരുമാനമാണ് കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ ജി.എസ്.ടിയിൽ ഒരുപാട് പിഴവുകളും പ്രശ്നങ്ങളുമുണ്ട്. ഉദാഹരണത്തിന് ഐ.ജി.എസ്.ടി പോലെയുള്ള മേഖലയിൽ നല്ല രീതിയിൽ നികുതി പിരിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്തർ സംസ്ഥാന കൈമാറ്റത്തിലുള്ള നികുതിയുടെ ചോർച്ച നിയന്ത്രിക്കാൻ സാധിച്ചില്ല. അതൊരു പോരായ്മയാണ്. അതേസമയം ജി.എസ്.ടി വന്നതിന് ശേഷം എക്സൈസ് ഡ്യൂട്ടി, സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ എന്നീ മൂന്ന് മേഖലകളിലേക്ക് സംസ്ഥാനത്തിന്റെ വരുമാനം ചുരുങ്ങി. എന്നാൽ ഈ മേഖലകളിൽ വലിയ വ്യതിയാനം വരുത്തുവാൻ സാധ്യമല്ല. എക്സൈസ് ഡ്യൂട്ടിയിൽ പത്ത് രൂപയാണ് ​ഗാൽവനേഷൻ ഫീസ് എന്ന നിലയിൽ വർദ്ധിപ്പിച്ചിട്ടുള്ളത്. സ്റ്റാംപ് ഡ്യൂട്ടിയിൽ നാമമാത്രമായ വർദ്ധനവുണ്ടായിട്ടുണ്ട്. പുതിയ നികുതികൾ കൊണ്ടുവരാനുള്ള ഉറവിടങ്ങളില്ലാത്തതിനാൽ മദ്യത്തിന്റെ വില കൂട്ടിയതുകൊണ്ടൊന്നും കാര്യമില്ല.

ഭരണപരമായ ചിലവുകൾ ചുരുക്കേണ്ടതുണ്ട്

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനം വർദ്ധിപ്പിക്കുക എന്നുള്ളതിനേക്കാൾ പ്രധാനം ചെലവ് ചുരുക്കുക എന്നത് തന്നെയാണ്. പൊതു ധനകാര്യം രാഷ്ട്രീയപരമാണ്. നികുതിയും രാഷ്ട്രീയപരമാണ്. ധനവ്യയവും രാഷ്ട്രീയപരമാണ്. അതുകൊണ്ടുതന്നെ ഭരണപരമായിട്ടുള്ള ചിലവുകൾ ചുരുക്കേണ്ടതായിട്ടുണ്ട്. അതിൽ യാതൊരു സംശയവും ഇല്ല.

ഡോ. സന്തോഷ് കുമാർ പി.കെ

പൊതുചെലവുകളുടെ കുറവും വളർച്ചയിലെ ഇടിവും

ഈ വ‍ർഷത്തെ സാമ്പത്തിക വളർച്ച 6.6 ആണ്. എന്തുകൊണ്ടാണ് സാമ്പത്തിക വളർച്ച കുറഞ്ഞത്? സാമ്പത്തിക വളർച്ച കുറയാനുള്ള ഒരു പ്രധാന കാരണം പൊതു ചെലവുകൾ കുറഞ്ഞതാണ്. അതായത് ഒരു 50 ശതമാനം പദ്ധതി തുകകൾ മാത്രമെ ചെലവാക്കപ്പെട്ടിട്ടുള്ളു. ഒരാളുടെ ചെലവ് മറ്റൊരാളുടെ വരുമാനം എന്നാണ് പറയാറ്. പൊതു ചെലവുകൾ എന്നുള്ളത് ജനങ്ങളുടെ വരുമാനമാണ്. അതിൽ കുറവ് വന്നതോടുകൂടി വളർച്ച കുറഞ്ഞു. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും സമാനമാണ് സ്ഥിതി. കാരണം കോർപ്പറേറ്റ് ടാക്സ് കുറച്ചിട്ടും ഇന്ത്യയിൽ സ്വകാര്യ നിക്ഷേപങ്ങൾ കൂടുന്നില്ല. കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് പൊതു ചെലവുകളുടേതാണ്. പ്രതേകിച്ചും മൂലധന ചെലവുകൾ. അത് കുറഞ്ഞതോടുകൂടി കേരളത്തിന്റെ വളർച്ച കുറഞ്ഞു. കാരണം കേരളത്തിലെ സ്വകാര്യ നിക്ഷേപം വളരെ പരിമിതമാണ്.

വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുമ്പോൾ

കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. വിദേശ സർവ്വകലാശകൾ നൽകുന്ന ​ഗുണനിലവാരം, പാ‍ർടൈം ജോലിക്കുള്ള സാഹചര്യം എന്നിവ സംസ്ഥാനത്ത് നിലനിർത്താൻ കേരളത്തിലെ നിലവിലെ സർവ്വകലാശാലാ സാഹചര്യം അനുകൂലമല്ല. അതിനാൽ വിദേശ സർവ്വകലാശാലകളുടെ മാതൃകയിലുള്ള സംവിധാനങ്ങൾ കേരളത്തിൽ വരേണ്ടതുണ്ട്. അതിലൂടെ ഒരു വിഭാ​ഗം വിദ്യാർത്ഥികളെ എങ്കിലും കേരളത്തിൽ നിലനിർത്താനും, വിദ്യാഭ്യാസ കുടിയേറ്റത്തെ നിയന്ത്രിക്കാനുമാവും. വിദേശ രാജ്യങ്ങളോടൊപ്പം തന്നെ തുടർ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ഏറെയാണ്. അതായത് ഹൊറിസോണ്ടൽ മൈ​ഗ്രേഷൻ. അതും ഇങ്ങനെ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.

കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിടെ.

സ്വകാര്യ നിക്ഷേപം വർദ്ധിക്കുമ്പോൾ

വികസന സൂചികകളിൽ എല്ലാം നമ്മൾ സുസ്ഥിരമായ നിലയിലാണുള്ളത്. ആരോ​ഗ്യ മേഖലയും, വിദ്യഭ്യാസ മേഖലയും എല്ലാം സുസ്ഥിരമായത് ഈ മേഖലകളിൽ പൊതു നിക്ഷേപം വന്നതുകൊണ്ടാണ്. എന്നാൽ ഇനിയും ഈ സ്ഥിതിയിൽ മുന്നോട്ട് പോവാനാവില്ല. ഈ മേഖലകളിലും മറ്റ് പല മേഖലകളിലും സ്വകാര്യ നിക്ഷേപങ്ങളുടെ വർദ്ധനവ് ഉണ്ടാവേണ്ടതുണ്ട്. ഉദാഹരണത്തിന് ആരോ​ഗ്യ മേഖലകളിൽ നിരവധി സർക്കാർ ആശുപത്രികൾ ഉണ്ട്, എന്നാൽ അവയിലൂടെ മാത്രം പരിഹരിക്കാനാവുന്നതല്ല കേരളത്തിലെ ആരോ​ഗ്യ പ്രശ്നങ്ങൾ. അതുകൊണ്ടുതന്നെ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കേണ്ടതുണ്ട്. അതിലൂടെ സംസ്ഥാനത്ത് കുറേക്കൂടി മത്സരാന്തരീക്ഷം രൂപപ്പെടും. ഒരു മത്സരാധിഷ്ഠിത സമൂഹത്തിൽ മാത്രമേ ​ഗുണനിലവാരമുള്ള ഉന്നതവിദ്യഭ്യാസം സാധ്യമാവൂ. യൂറോപ്പിലെയും, അമേരിക്കയിലെയും എല്ലാം യൂണിവേഴ്സിറ്റികളും കോളേജുകളും തമ്മിൽ അതിശക്തമായ മത്സരം നടക്കുന്നുണ്ട്. അതിന്റെ ഫലം മികച്ചതാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യു​ഗത്തിൽ അതിവേ​ഗം വളരുന്ന സാങ്കേതിക നൈപുണ്യമുള്ളവരുടെ നിക്ഷേപവും സാന്നിധ്യവും ഇവിടെ വന്നേ തീരൂ. ഇങ്ങനെ നോളജ് ഇക്കണോമി എന്നതിൽ നിന്നും സൺറൈസ് ഇക്കണോമി എന്നതിലേക്കുള്ള പരിണാമം സാധ്യമാക്കേണ്ടതുണ്ട്.

മെ​ഗാ പ്രോജക്ടുകൾ ഇല്ലാത്ത ബജറ്റ്

തോമസ് ഐസക്ക് ബജറ്റുകളും ബാല​ഗോപാൽ ബജറ്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം മെ​ഗാ പ്രോജക്ടുകളുടെ അഭാവമാണ്. മെ​ഗാ പ്രോജക്ടുകൾ ഒന്നും ഈ ബജറ്റിൽ ഇല്ല. ഐസക്ക് കൂടുതലും ഊന്നിയത് ദീർഘകാല, സുസ്ഥിര പദ്ധതികളിൽ ആയിരുന്നു. എന്നാൽ അത് വളരെ ചെലവേറിയതാണ്. എന്നാൽ ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്നതാണ് അവയുടെ സവിശേഷത. ഒരു വർഷത്തെ മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് ബാല​ഗോപാലിന്റെ ബജറ്റ്. അതായത് ഹ്രസ്വകാല പദ്ധതികളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മെ​ഗാ പ്രോജക്ടുകൾ ഇല്ല. ഖജനാവിന് വലിയ ബാധ്യതകൾ വരാത്ത രീതിയിൽ നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടാണ് ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. നാമമാത്ര തുകകളാണ് എല്ലാം. ഏതെങ്കിലും ഒരു മേഖലയിൽ ഒരു വലിയ വ്യത്യാസം കാണാൻ കഴിയില്ല. ചെറിയ തുകകൾ നൽകിക്കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖ മേഖലയിൽ ആണ് കൂടുതൽ നിക്ഷേപം വരുന്നത്. വിഴിഞ്ഞം പോ‍ർട്ടിന്റെ പശ്ചാത്തല വികസനം അനിവാര്യമായി കാണുന്നു. വലിയ ഒരു സീ പോർട്ടാണ് വരുന്നത് എന്നതിനാൽ സർക്കാറിന് വലിയ പ്രതീക്ഷകളുണ്ട്.

തയ്യാറാക്കിയത്: ആദിൽ മഠത്തിൽ

Also Read

4 minutes read February 5, 2024 2:29 pm