ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാറിൽ 130.75 ചതുരശ്ര കിലോമീറ്റർ വനം വികസന പദ്ധതികൾക്കായി തരം മാറ്റാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുകയാണ്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തെക്കേ അറ്റത്തുള്ള ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ. ഈ ദ്വീപിന്റെ ‘സമഗ്ര വികസനം’ എന്ന പേരിൽ, കേന്ദ്ര സർക്കാരിന്റെ ആസൂത്രണ സമിതിയായ നീതി ആയോഗ് രൂപകല്പന ചെയ്ത പദ്ധതിക്ക് നേതൃത്വം നൽകുന്നത് ആൻഡമാൻ നിക്കോബാർ സംയോജിത വികസന കോർപ്പറേഷനാണ്. സുനാമിയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമികുലുക്കങ്ങളും ബാധിക്കുന്ന ഈ പ്രദേശം ഷോമ്പന്‍ എന്ന മംഗ്ലോയിഡ് വംശജരായ ഗോത്രസമൂഹങ്ങളുടെ പരമ്പരാഗത വാസസ്ഥാനവും മഴക്കാടുകളും കണ്ടൽക്കാടുകളും നിറഞ്ഞ ജൈവസമ്പന്ന മേഖലയുമാണ്. 14.2 ദശലക്ഷം TEU (ചരക്ക് ശേഷിയുടെ യൂണിറ്റ്) കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ ആണ് മുഖ്യ പദ്ധതി. കൂടാതെ ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഒരു ടൗൺഷിപ്പ്മെന്റും ഗ്യാസ്- സോളാർ പവർ പ്ലാന്റും പദ്ധതിയിൽ ഉൾപ്പെടുന്നതായി കൺസൾട്ടിംഗ് സ്ഥാപനമായ എയ്കോം ഇന്ത്യ നടത്തിയ സാധ്യതാ പഠന റിപ്പോർട്ട് പറയുന്നു. 8.52 ലക്ഷം മരങ്ങൾ വെട്ടിമാറ്റുന്നതിലേക്ക് പദ്ധതി നയിക്കുമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ വിലയിരുത്തൽ സമിതി (ഇഎസി) യോഗത്തിന്റെ മിനിട്സിൽ പറയുന്നത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് പ്രകാരം ഏകദേശം 12 മുതൽ 20 ഹെക്ടർ വരെ കണ്ടൽക്കാടുകൾ നഷ്‌ടപ്പെടാൻ പദ്ധതി കാരണമാകും. ഇന്ത്യൻ ഉപദ്വീപിനേക്കാൾ മ്യാൻമറിനും ഇന്റോനേഷ്യയ്ക്കും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ 2013 ൽ യുനെസ്കോയുടെ ബയോസ്ഫിയർ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷിത പ്രദേശം കൂടിയാണ്. ദ്വീപുകളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും ജൈവവൈവിധ്യവും തദ്ദേശീയ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ശാസ്ത്ര സമൂഹം ഈ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്.
തെക്കൻ നിക്കോബാർ ദ്വീപുകളിലെ കാടിനോടും കടലിനോടും ചേർന്ന് കഴിയുന്ന ഗ്രാമീണ സമൂഹങ്ങളെക്കുറിച്ച് പഠിക്കുകയും അവർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മലയാളി ഗവേഷകൻ മനിഷ് ചാണ്ടി ഈ പദ്ധതി സൃഷ്ടിക്കാൻ പോകുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
കേന്ദ്ര സർക്കാർ ഗ്രേറ്റർ നിക്കോബാറിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയെക്കുറിച്ച് പരിസ്ഥിതി മന്ത്രാലയം തന്നെ പറയുന്നത് 8.5 ലക്ഷം മരങ്ങൾ ഈ പദ്ധതിക്കായി മുറിച്ച് മാറ്റേണ്ടി വരുമെന്നാണ്. സംരക്ഷിത ഉഷ്ണമേഖലാ വനങ്ങളുള്ള ഈ പ്രദേശത്തെ സസ്യ, ജന്തു വൈവിധ്യത്തെയും ഈ പദ്ധതി എങ്ങനെയാണ് ബാധിക്കാൻ പോകുന്നത്? വനനശീകരണം കൂടാതെ മറ്റെന്തെല്ലാം ആഘാതങ്ങളാണ് താങ്കളെപ്പോലുള്ള ഗവേഷകർ പ്രതീക്ഷിക്കുന്നത്?
മറ്റ് ആഘാതങ്ങൾ എന്ന് പറയുമ്പോൾ അഞ്ച് മുതൽ ആറു ലക്ഷം വരെ വരുന്ന ജനങ്ങളുടെ ജലവിതരണത്തേയും ഭക്ഷ്യവിതരണത്തേയും മാലിന്യ സംസ്കരണത്തേയും പലവിധത്തിൽ ഈ പദ്ധതി ബാധിക്കാനിടയുണ്ട്. 2004 ഡിസംബറിലുണ്ടായ സുനാമിയിൽ വെള്ളം കയറി നശിച്ച കൃഷിഭൂമി ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ കർഷകർ ബംഗാളി/ ബംഗ്ലാദേശ് കുടിയേറ്റക്കാർക്ക് പാട്ടത്തിന് നൽകുകയും ജൈവകൃഷി ചെയ്തിരുന്ന തോട്ടങ്ങളും പാടങ്ങളും അവർ അജൈവകൃഷിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുറഞ്ഞ കാലത്തിനുള്ളിൽ വരുമാനം വർദ്ധിപ്പിക്കാനായി കുടിയേറ്റ കർഷകർ വിളകളിലേക്ക് സ്റ്റിറോയ്ഡുകളും ഹോർമോണുകളും പമ്പ് ചെയ്തു. ജനസംഖ്യയിലുണ്ടായ വർധനവ് മൂലം വിളകളുടെ ആവശ്യകത വർധിക്കുകയും അത് രാസകൃഷിയുടെ തീവ്രത കൂട്ടുകയും ചെയ്തു. ചുരുക്കം ചില പച്ചക്കറികളും തേങ്ങയുമല്ലാതെ മറ്റൊന്നും ഇവിടെ കൃഷി ചെയ്തിരുന്നില്ല. എല്ലാം മെയിൻലാൻഡിൽ നിന്ന് തന്നെ പോർട്ട്ബ്ലെയർ വഴി ഇറക്കുമതി ചെയ്തിരുന്നതാണ്. വർഷം മുഴുവൻ മഴ ലഭിച്ചിട്ടും ഇപ്പോൾ ജലക്ഷാമം നേരിടുന്നുണ്ട്. കൂടാതെ ജലസംഭരണ വിതരണ സ്രോതസുകളും വളരെ കുറവും മോശം രീതിയിൽ പരിപാലിക്കപ്പെടുന്നതും നിലവിലെ ആവശ്യത്തിന് പര്യാപ്തവുമല്ല.
ദ്വീപിൽ മാത്രം കാണപ്പെടുന്ന വന്യജീവികൾ ഈ പദ്ധതി കാരണം വലിയരീതിയിൽ കഷ്ടതയനുഭവിക്കും. മെഗാ പ്രോജക്റ്റിനായി നടക്കുന്ന വനനശീകരണവും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനവും കാരണം നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഇന്ത്യൻ മെഗാപോഡുകളുടെ എണ്ണം കുറയും. ലിറ്റിൽ നിക്കോബാർ ഐലന്റിന്റെ ഭാഗമായ മെഞ്ചൽ ഐലന്റിൽ ഒരു മെഗാപോഡ് സാങ്ചറി ഒരുക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ വളരെ ചെറിയ ആ ദ്വീപിൽ രണ്ട് ജോടിയിൽ കൂടുതൽ മെഗാപോടുകളെ ഉൾകൊള്ളില്ല എന്ന് മാത്രമല്ല വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. പ്രോജക്ട് നടപ്പിലാക്കാൻ പോകുന്ന പ്രദേശങ്ങളിൽ മെഗാപോടുകളെ കാണപ്പെടുന്ന പ്രധാന സ്ഥലങ്ങളാണ് ഗലാത്തിയ ഉൾക്കടലും അതിന്റെ തെക്ക് ഇന്ദിരാ പോയിന്റ് വരെയുള്ള ഭാഗങ്ങളും. പുഴകളിലും അതിന്റെ കൈ വഴികളിലും ഇവിടെ ധാരാളം സാൾട്ട് വാട്ടർ മുതലകൾ കാണപ്പെടുന്നു. ഇത് അവിടുത്തെ ഗോത്ര സമൂഹമായ ഷോമ്പനുകളുടെ ഭക്ഷണത്തിന്റ ഭാഗമാണ്. ഇതിന്റെ പ്രജനന ഇടങ്ങളൊക്കെയും നശിച്ച് പോകും. ഈ സ്ഥാന ചലനത്തിൽ മുതലകൾക്കും മനുഷ്യനും സംഭവിക്കാവുന്ന സംഘർഷങ്ങളും പരിക്കുകളും മരണങ്ങളും തള്ളിക്കളയാനാവില്ല. നിലവിൽ മനുഷ്യർക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലേക്ക് അവ നീങ്ങുകയും വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. അല്ലെങ്കിൽ വികസനം എന്ന പേരിൽ കൂട്ടിലടക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യാം. ഗ്രേറ്റ് നിക്കോബാറിലും നിക്കോബാറിലും മാത്രം കാണപ്പെടുന്ന സസ്യ ജീവിവർഗങ്ങളെ പദ്ധതി സാരമായി ബാധിക്കും.
എന്താണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് ? നിലവിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ പദ്ധതിയുമായി ബന്ധപ്പെട്ട് അവിടെ തുടങ്ങിയിട്ടുണ്ടോ? പദ്ധതിയോട് ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷന്റെയും തദ്ദേശീയരുടെയും പ്രതികരണം എന്താണ്?
ഈ പ്രദേശത്തിന്റെ തന്ത്രപ്രധാനവും ഭൂമിശാസ്ത്രപരവുമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ, കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ട്രാഫിക്കിൽ നിന്നും വരുമാനം കണ്ടെത്താൻ ഇന്ത്യക്ക് മലാക്ക കടലിടുക്കിനോട് ചേർന്നോ അല്ലെങ്കിൽ അതിന് സമീപത്ത് എവിടെയെങ്കിലുമോ ഒരു ടെർമിനൽ വേണം എന്ന നിലപാട് കേന്ദ്ര സർക്കാരിനുണ്ട്. എന്നാൽ, സിംഗപ്പൂർ ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിന്റെ വികസനത്തെക്കുറിച്ചുള്ള ലേഖനങ്ങൾ വായിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ ഈ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിനെതിരെ പിടിച്ചുനിൽക്കണമെങ്കിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപുകൾ എത്രത്തോളം വലിയ മത്സരമാണ് ഉയർത്തേണ്ടി വരുകയെന്ന് മനസ്സിലാക്കാൻ സാധിക്കും. പദ്ധതിയിലേക്ക് വൻ തോതിൽ നിക്ഷേപം വരുന്നുണ്ടാവും. എന്നാൽ അനുബന്ധ റോഡുകൾ, മണ്ണിടിച്ചിൽ നിയന്ത്രിക്കൽ, വസ്തുക്കൾ ഇറക്കുമതി ചെയ്യൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യം കൂടി കണക്കിലെടുക്കുമ്പോൾ 75000 കോടിക്ക് മുകളിൽ പദ്ധതി ചിലവ് വരും. പ്രതീക്ഷച്ചത്ര നിക്ഷേപം ഉണ്ടാകാൻ ഇടയില്ല. 75000 കോടിക്ക് അപ്പുറം തുടർച്ചയായ നിക്ഷേപം ഈ പദ്ധതിക്കാവശ്യമായതിനാൽ തന്നെ ഈ പദ്ധതിക്കകത്ത് നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. ബാഹ്യമായ ഘടകങ്ങൾ മാത്രം അറിഞ്ഞിട്ട് കാര്യമില്ല.
ദ്വീപസമൂഹങ്ങളിൽ നിരവധി തദ്ദേശീയ ഗോത്ര സമൂഹങ്ങൾ കഴിയുന്നുണ്ട്. അതുപോലെ തന്നെ മറ്റാവശ്യങ്ങൾക്കായി ഇവിടെ വന്ന് താമസിക്കുന്നവരുമുണ്ട്. ഈ പദ്ധതി എങ്ങനെയാണ് മേൽപ്പറഞ്ഞ രണ്ട് വിഭാഗങ്ങളേയും ബാധിക്കുക? നിക്കോബാറിലെ തദ്ദേശീയ മനുഷ്യരെ സാംസ്കാരികമായി ഈ പദ്ധതിയെങ്ങനെ ബാധിക്കും?
വനത്തിനുള്ളിൽ തന്നെ ജീവിക്കുന്ന ഷോമ്പൻ വിഭാഗം ആണ് ഗ്രേറ്റ് നിക്കോബാറിലാണുള്ളത്. ഷോമ്പൻ വിഭാഗത്തിന്റെ രണ്ട് ജനവാസ മേഖലകൾ പദ്ധതി പ്രദേശത്ത് ഉൾപ്പെടുന്നതിനാൽ പദ്ധതി അവരെ നേരിട്ട് ബാധിക്കും. വീട് നഷ്ടപ്പെടും എന്നതിനപ്പുറം അവരുടെ ആഹാര ലഭ്യതയെ ഇത് സാരമായി ബാധിക്കും. നൂറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലങ്ങൾക്ക് ഇത്തരത്തിൽ മാറ്റം സംഭവിച്ചാൽ അത് അവരുടെ ഭക്ഷണരീതിയെയും വേട്ടയാടൽ ശീലങ്ങളെയും ബാധിക്കുകയും പ്രതിരോധശേഷിയടക്കം നഷ്ടപ്പെടാൻ ഇടയാവുകയും ചെയ്യും. മറ്റൊരു വിഷയം, ദ്വീപിലെ ആദിവാസി സമൂഹങ്ങളെ ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഒന്നും സംസാരിക്കുകയോ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ല എന്നതാണ്.
നിരവധി ആദിവാസി സംവരണ മേഖലകൾ ഈ പദ്ധതി കൈവശപ്പെടുത്താൻ ഇടയുണ്ട്. ആദിവാസി ജനതക്ക് അവരുടെ പരാമ്പരാഗത വാസസ്ഥലങ്ങൾ നഷ്ടമാകാൻ ഇത് കാരണമാകും. ചിൻഗെൻ ഐലന്റ്, ഇൻഹിൻഗ്ലോയ്, പലോപുക്ക, കൊകിയോൺ ഇൻഹാഗ് എന്നീ സ്ഥലങ്ങൾ താമസ സൗകര്യം, പ്രതിരോധ സംവിധാനങ്ങൾ, റിസോർട്ടുകൾ, വിനോദ സഞ്ചാരം എന്നിങ്ങനെ പലതരത്തിൽ ഉപയോഗിക്കപ്പെടും. പക്ഷെ ഈ മേഖലയിലുള്ള ജനങ്ങൾക്ക് വീടുകൾ, സർക്കാർ ആശുപത്രികൾ, വിദ്യാഭ്യാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവുന്നില്ല. എന്നാൽ ടൂറിസത്തിനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായി വൻതോതിൽ നിക്ഷേപം നടത്താൻ സർക്കാർ തയ്യാറാവുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം. ആദിവാസികളെ അവരുടെ സ്വന്തം ഭൂമിയിൽ നിന്ന് കുടിയിറക്കി ടൂറിസം, വാണിജ്യം, പ്രതിരോധം എന്നിവക്കായി അവിടെ നിക്ഷേപം നടത്തുന്ന കൊളോണിയൽ രീതിയാണ് ഇന്ത്യയും പിന്തുടരുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ വീണ്ടും പാർശ്വവൽക്കരിക്കുന്നു.
ധാരാളം ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും നിക്കോബാറിൽ താമസിച്ച് ഈ പ്രദേശത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. നിക്കോബാർ ദ്വീപുകളുടെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന ഈ പദ്ധതിക്കെതിരെ ഗവേഷകരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിയോജിപ്പ് ഉണ്ടാകുന്നുണ്ടോ?
ഗവേഷകർ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. പല പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലും പദ്ധതിയെ എതിർത്ത് ഞങ്ങളിൽ പലരും ലേഖനങ്ങൾ എഴുതുകയും ആ ലേഖനങ്ങളിൽ ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ സർക്കാർ അവയൊന്നും അംഗീകരിക്കാൻ തയ്യാറാവുന്നില്ല.
നിക്കോബാർ ദ്വീപിലെ കമ്മൂണിറ്റി ഷെയറിംഗ് സംവിധാനത്തെക്കുറിച്ച്, 2004 ലെ ഭൂകമ്പവും സുനാമിയുമായി ബന്ധപ്പെടുത്തിയാണല്ലോ താങ്കൾ ഗവേഷണം നടത്തിയിരിക്കുന്നത്. ഗവേഷണത്തിന്റെ പഠനഫലങ്ങൾ എന്തായിരുന്നു ? കമ്മ്യൂണിറ്റി ഷെയറിംഗ് എന്താണെന്ന് വിശദീകരിക്കാമോ?
വിവിധ നിക്കോബാർ ദ്വീപ് നിവാസികൾ പരമ്പരാഗതമായി നടത്തിയിരുന്ന സാമ്പത്തിക പങ്കിടലുകളെ ബാഹ്യ ഇടപെടലുകൾ എങ്ങനെ ബാധിച്ചുവെന്ന മേഖലയിലാണ് ഞാൻ ഗവേഷണം നടത്തിയത്. സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനും സഹവർത്തിത്ത്വത്തിനും ഉള്ള സംവിധാനങ്ങൾ അവർക്കിടയിൽ തന്നെയുണ്ട്. അതിലുപരി നിക്കോബാറിലെ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനുള്ള ചുമതലയും ഈ റിസോഴ്സ് ഷെയറിംഗ് സംവിധാനത്തിലുണ്ട്. ഇന്നും നിലനിൽക്കുന്ന ജൈവ വൈവിദ്ധ്യത്തിന് തെളിവാണ്. കണ്ടെയിനർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വികസിപ്പിക്കാനുള്ള ഈ പദ്ധതി അത്തരം പരമ്പരാഗത കമ്മ്യൂണിറ്റി ഷെയറിംഗുകളെ കൂടിയാണ് ഇല്ലാതാക്കുന്നത്. നിലവിലുള്ള ഇന്ത്യൻ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുകൾ എത്രത്തോളം ലാഭകരവും സാമ്പത്തിക വിജയമുള്ളതും ആണെന്ന ചോദ്യം കൂടി ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
നേച്ചർ കൺസർവേഷൻ ഫൗണ്ടേഷന്റെ (എൻ.സി.എഫ്) ആൻഡമാൻ നിക്കോബാർ പരിസ്ഥിതി ടീമിലെ അംഗമെന്ന നിലയിൽ നിങ്ങൾ ദ്വീപുകളിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തുന്നത്? കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളെ എങ്ങനെ ബാധിക്കും?
ഞാൻ എൻ.സി.എഫ് ഉണ്ടായിരുന്നത് പിഎച്ച്‌ഡി പ്രോഗ്രാമിന്റെ ഭാഗമായാണ്. 25 വർഷം ഞാൻ ജോലി ചെയ്ത ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ പരിസ്ഥിതി ടീമിൽ നിന്ന് ഇത് വത്യസ്തമാണ്. ഈ മേഖലയിലെ കടലാമകളെക്കുറിച്ച് ഞങ്ങൾ നിരവധി സർവേകൾ നടത്തിയിട്ടുണ്ട്, 2000 മുതൽ 2004 വരെയും പിന്നീട് 2007 മുതൽ 2011 വരെയും ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് കടലാമകളുടെ തെക്കൻ നിക്കോബാർ ദ്വീപുകളിലെ സ്ഥിതിയും സംരക്ഷണവും നിരീക്ഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ടീമിന്റെ ഭാഗമായിരുന്നു. തെക്കൻ നിക്കോബാർ ദ്വീപുകളിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ കണ്ടൽക്കാടുകളുടെ പുനരുദ്ധാരണ പദ്ധതികൾ ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തു. ഇതുകൂടാതെ ഈ മേഖലയിലെ നിക്കോബാറീസ്, ഷോമ്പൻ സമൂഹങ്ങളുടെ സാമൂഹിക-പാരിസ്ഥിതിക, നരവംശശാസ്ത്ര-സാംസ്കാരിക പഠനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേയും ,പോർട്ട് ബ്ലയറിലെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ട്രൈബൽ റിസർച്ച് അഡ്വൈസറി ബോർഡിൽ അംഗമായിരിക്കെ ഷോമ്പൻ ആദിവാസി സമൂഹത്തിനായുള്ള നയരൂപീകരണത്തിൽ പങ്കാളിയാകാനും കഴിഞ്ഞു. 2011 മുതൽ 2019 വരെ ഒരു ഉപദേശകനായും അതിൽ പ്രവർത്തിച്ചു.