കാതലും കുടുംബം എന്ന തമോഗർത്തവും

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ അദ്ദേഹത്തിന്റെ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയ്ക്ക് ശേഷം പ്രമേയപരമായ സവിശേഷതകൊണ്ടും അത് ആവിഷ്‌ക്കരിക്കാൻ തെരഞ്ഞെടുത്ത ചലച്ചിത്രഭാഷ കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും. ഇതിനുമുൻപും മലയാള സിനിമയിൽ പല രീതിയിൽ വന്നുപോയ കുടുംബ പശ്ചാത്തലത്തിലെ സങ്കീർണ്ണതകളെയും പ്രതിസന്ധികളെയും കുടുംബം എന്ന സ്ഥാപനത്തിനകത്തെ നിശബ്ദ ജീവിതത്തെയും വീർപ്പുമുട്ടലുകളെയും വേറിട്ടരീതിയിൽ അവതരിപ്പിക്കുന്നതിൽ കാതൽ വിജയിച്ചു എന്നതുകൊണ്ട് തന്നെയാണ് ഈ സിനിമ കേരളം ഏറ്റെടുത്തതെന്ന് കരുതാം.

സ്വവർഗ്ഗാനുരാഗം മാത്രമോ കാതൽ?

കാതൽ എന്ന വാക്കിന് മലയാളത്തിൽ അകം അഥവാ സുപ്രധാന ഭാഗം എന്ന അർഥം കൂടി ഉണ്ട്. സ്വവർഗ്ഗാനുരാഗം എന്ന ജീവിതാനുഭവത്തെ പ്രമേയമാക്കിയതിന്റെ കലാപരവും രാഷ്ട്രീയവുമായ വിമർശനങ്ങളും ആസ്വാദനവുമാണ് മുഖ്യമായും ഈ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. അങ്ങനെയൊരു സുപ്രധാന വിഷയത്തെ ആധാരമായി മുന്നോട്ടുപോകുമ്പോഴും സമൂഹത്തിന്റെ അംഗീകൃത സദാചാര മാനദണ്ഡങ്ങളെ, വീർപ്പുമുട്ടിക്കലുകളെയൊക്കെ നിശബ്ദമായി പേറേണ്ടിവരുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതം കൂടിയാണ് കാതലിന്റെ കാതൽ. അതുകൊണ്ടുതന്നെ മലയാളി പൊതുസമൂഹം ഏറെ വികലമായി മനസിലാക്കുകയും മറ്റൊരു തരത്തിൽ ആഘോഷമാക്കുകയും ചെയ്യുന്ന സ്വവർഗ്ഗാനുരാഗത്തിന്റെ പശ്ചാത്തലത്തിലും ലിംഗവൈവിധ്യങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ പരിപ്രേഷ്യത്തിലും മാത്രം ഈ സിനിമയെ വിലയിരുത്തിയാൽ പോരാ എന്ന് തോന്നുന്നു. തീർച്ചയായും ക്വിയർ (QUEER) സമൂഹം അനുഭവിക്കുന്ന ഒറ്റപ്പെടലും അവഗണനയും പരിഹാസവും പല വശങ്ങളിൽ നിന്നുള്ള പീഡനവും ഈ സിനിമയുടെ പശ്ചാത്തലത്തിൽ ചർച്ചാവിഷയമാവേണ്ടത് അനിവാര്യവും സ്വാഭാവികവുമാണ്. പ്രത്യേകിച്ചും വ്യത്യസ്ത ലൈംഗിക അഭിരുചികളോടെ ജീവിക്കുന്നവരെ സമഭാവനയോടേയും ആദരവോടെയും കാണാൻ ഇന്നും നമുക്ക് കഴിയാതിരിക്കുമ്പോൾ.

കുടുംബം എന്ന വിശുദ്ധ സ്ഥാപനം

കുടുംബം, സ്വകാര്യ സ്വത്ത്, സ്റ്റേറ്റ് എന്നിവയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചും എംഗൽസ് അവതരിപ്പിച്ച വിമർശത്തെ മാർക്സിയൻ ആശയധാരകളുടെ പശ്ചാത്തലത്തിൽ കേരളവും ഏറെ ചർച്ച ചെയ്തിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ ആവിഷ്‌ക്കാര സാധ്യതകളെ, സ്വാതന്ത്യത്തെ പരിമിതപ്പെടുത്തുന്ന ഈ മൂന്ന് ഘടകങ്ങളെ ഒന്ന് തള്ളിമാറ്റാൻ പോലും ശ്രമിക്കാതെ അറച്ചും ഭയന്നും തണുത്തുറഞ്ഞും കിടക്കുകയാണ് നമ്മുടെ സാംസ്ക്കാരിക രാഷ്ട്രീയ പരിസരം. കൂട്ടത്തിൽ നവോത്ഥാനം എന്ന അലങ്കാരത്തിനപ്പുറം ഘനീഭവിച്ച് രൂഢമൂലമായി കിടക്കുന്ന ജാതിബോധത്തിന്റെ നാനാവിധ അടരുകളെയും ചേർത്ത് വായിക്കാം. ‘അവിഹിത’ ബന്ധങ്ങളെ, പ്രണയത്തെ, എന്തിനു ഗാഢമായ സൗഹൃദങ്ങളെപ്പോലും അപസർപ്പകഥകളുടെ ബീഭത്സ ചേരുവകളോടെ, മതാത്മക വിശകലന ടൂളുകൾ ഉപയോഗിച്ച്‌ മനസിലാക്കുകയും, അത് ആസ്വദിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്ന മലയാളി മുഖ്യധാരാ സമൂഹത്തിന്റെ സാംസ്ക്കാരിക പരിമിതികളുടെ പശ്ചാത്തലത്തിൽ കൂടിവേണം ഈ സിനിമ വിശകലനം ചെയ്യാൻ. അതേസമയം പുതുതലമുറ ഈ രംഗത്ത് നടത്തുന്ന ബൗദ്ധികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങളെ കാണാതിരിക്കാനാവില്ല. അവർ ലിംഗഭേദമന്യേ കൈകോർത്തുകൊണ്ട് പുരുഷാധിപത്യ ലോകത്തിന്റെ ഉൽപ്പന്നമായ ലൈംഗിക വൈകൃത നോട്ടങ്ങളെ എതിർത്ത് തോൽപ്പിച്ച് മുന്നേറാൻ ശ്രമിക്കുന്നുണ്ട്.

കാതൽ സിനിമയുടെ പോസ്റ്റർ

കുടുംബ ബന്ധങ്ങൾക്കകത്തുള്ള ശൈഥില്യങ്ങളെ, പ്രതിസന്ധികളെ പല രീതിയിൽ ഒട്ടനേകം മലയാള സിനിമകൾ പ്രമേയമാക്കിയിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ മധു സി നാരായൺ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമപോലും അന്തിമ ഘട്ടത്തിൽ പരമ്പരാഗത കുടുംബ വ്യവസ്ഥയുമായി രാജിയാവുന്നത് കാണാം. കാതൽ സിനിമയിൽ മാത്യുവിനോടുള്ള ബന്ധം പിരിയാൻ ഒരുങ്ങുന്ന ഓമനയ്ക്കും പ്രലോഭനങ്ങൾക്കും ധർമ്മ സങ്കടങ്ങൾക്കും സാക്ഷിയാകേണ്ടി വരുന്നുണ്ട്. അനന്തരം അവർ നിലപാട് മാറ്റി തന്റെ കുടുംബ ജീവിതം തുടരുമോ എന്ന് ഏറെ ആശങ്കപ്പെട്ടുകൊണ്ടായിരുന്നു സിനിമ കണ്ടത്. എന്തായാലും പതിവ് സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ഓമന വ്യവസ്ഥാപിത കെട്ടുപാടുകളിൽനിന്നും സ്വാതന്ത്രയാവുന്നു. ആത്മഹത്യയോ യാഥാർഥ്യങ്ങളിൽ നിന്നും ഒളിച്ചോട്ടമോ നടത്താതെ അവർ സധൈര്യം തന്റെ ജീവിതം കണ്ടെത്തുന്നു. അതിന് ഒഴികഴിവ് കണ്ടെത്താൻ പതിവ് രീതിയിൽ മകളുടെ ഭാവിയെക്കുറിച്ചുള്ള ഒരു പരാമർശം പോലും സിനിമയിൽ ഇല്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

ഒരു മധ്യവർഗ കുടുംബത്തിനകത്ത് തളം കെട്ടിക്കിടക്കുന്ന നിശബ്ദതയും നിസ്സഹായതയും ഒറ്റപ്പെടലും നെടുവീർപ്പിടലുകളും സിനിമയിലുടനീളം കാഴ്ചക്കാരന് അനുഭവിക്കാൻ കഴിയും. ഒരുപക്ഷേ മൗനത്തിലൂടെ സംഘർഷങ്ങളെ പ്രേക്ഷകന്റെ മനസിലേക്ക് തള്ളിവിടുന്ന സങ്കേതമാണ് ഈ സിനിമയുടെ രൂപകൽപ്പനയ്ക്കായി ഉപയോഗിച്ചത് എന്ന് പറയാം. വൈകാരികതയുടെ മൂർധന്യ നിമിഷങ്ങൾ പോലും അതിന്റെ കൃത്യമായ സ്ഥാനത്ത് അതി തീക്ഷ്ണമായി നമ്മുടെ മനസിലേക്ക് ആഞ്ഞു തറയ്ക്കുന്ന രീതിയിൽ ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മാത്യു തനിക്കെതിരെ സാക്ഷി പറഞ്ഞ ചാച്ചനെ അഭിമുഖീകരിക്കുന്ന രംഗവും ഓമന അവസാനമായി ഒരു ദിവസം കൂടി തന്റെ കൂടെ ഒന്നിച്ചുകിടക്കാൻ മാത്യുവിനോട് പറയുന്ന രംഗവും ഏറെ വൈകാരിക പ്രക്ഷുബ്ധതകൾ നിറഞ്ഞതാണ്. മമ്മൂട്ടിയും ജ്യോതികയും നമ്മുടെ അകം പൊള്ളിക്കുന്ന രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വൈകാരികതയിൽ കുടുങ്ങി കിടക്കേണ്ടതുമല്ല ഈ സിനിമയുടെ പ്രമേയം. കാരണം ലൈംഗിക നിർണ്ണയമായ പ്രതിസന്ധികളെ മാത്രമല്ല നമ്മുടെ കുടുംബ ബന്ധങ്ങൾക്ക്‌ നേരിടേണ്ടി വരുന്നത്. വ്യത്യസ്ത അഭിരുചികളെ, പ്രത്യയശാസ്ത്രത്തെ, ജീവിതാനുഭവങ്ങളെ, കാഴ്ച്ചപ്പാടുകളെ ഒക്കെ ഉള്ളിൽ വഹിക്കുന്ന വ്യക്തികളെ തുന്നിച്ചേർത്ത് നിർമ്മിച്ചെടുക്കുന്ന ഒരു സ്ഥാപനമാണല്ലോ കുടുംബം. അതിന്റെ ദൈനംദിന ദീർഘകാല വ്യവഹാരങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഘടകമാണ് സ്വകാര്യ സ്വത്തും സാമ്പത്തിക വ്യവസ്ഥയും എല്ലാം. ഇതെല്ലാം കൂടി ചേർന്ന് പലപ്പോഴും ജീർണ്ണതയുടെ പടുകുഴിയിൽ അകപ്പെടുമ്പോഴും വ്യവസ്ഥയുടെ താത്പര്യാർത്ഥം അതിനെ ജീവിതാവസാനം വരെ നിലനിർത്താൻ ബാധ്യതപ്പെടുകയാണ് ഓമനയെപ്പോലുള്ള മനുഷ്യർ. അതിനെ ഒന്ന് തുറന്നമനസോടെ പ്രകടിപ്പിക്കാൻ കഴിയാതെ ശ്വാസമുട്ടുകയാണ് തങ്കനെയും മാത്യുവിനെയും പോലുള്ളവർ. അല്ലെങ്കിൽ ഭയവും അപകർഷതാബോധവും മുൻവിധികളും പകർന്നുനൽകി ഒന്ന് നേരെ നിന്ന് സ്വന്തം മനസിന്റെ പ്രതിരൂപം കാണാൻ വ്യക്തികളെ അനുവദിക്കാതിരിക്കുകയാണ് മതവും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്ന് കാണാം. ഇതിനെതിരെ പ്രതിരോധത്തിന്റെ ശബ്ദവും, പുതിയ ജീവിതാനുഭവങ്ങളുടെ പരിസരവും സധൈര്യം സൃഷ്ടിക്കുകയാണ് നവസാമൂഹ്യ പ്രസ്ഥാനങ്ങൾ ലോകത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ കൂടി പിൻബലത്തിലാവണം കാതൽ പോലുള്ള സിനിമയ്ക്ക് വേണ്ടി ഒരു കൂട്ടം മനുഷ്യർ രംഗത്തുവരുന്നത് എന്നും കരുതേണ്ടിവരും. അതിന്റെ ആത്മവിശ്വാസത്തിൽകൂടിയാവാം പത്മരാജൻ ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെ ഒളിച്ചുകടത്താൻ ശ്രമിച്ചതും ലാൽ ജോസ് സംവിധാനം ചെയ്‍ത ചാന്തുപൊട്ട് വികൃതമാക്കിയതുമായ വ്യത്യസ്ത ലൈംഗികാനുഭവങ്ങളുടെ ജീവിതപരിസരത്തെ ജിയോ ബേബി വർഷങ്ങൾക്കിപ്പുറം കുറെ കൂടി വിശാലമായ ഉൾക്കാഴ്ചകൾ നൽകുന്ന രീതിയിൽ കാതൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ചാച്ചൻ എന്ന കഥാപാത്രമായി ആർ.എസ് പണിക്കർ.

പള്ളിയും ചുവന്ന കൊടിയും ചില യാഥാർഥ്യങ്ങളും

ഒരു കുർബാനയുടെ സാഹചര്യത്തിൽ നിന്ന് തുടങ്ങുന്ന സിനിമയിൽ ഉടനീളം പള്ളിയുടെ പശ്ചാത്തലവും ചുവന്ന കൊടിയുടെ സാന്നിധ്യത്തിൽ ഇടതുപക്ഷ രാഷ്ട്രീയവും ഇഴുകിച്ചേർന്നിരിക്കുന്നുണ്ട്. ഓമനയുടെയും മാത്യുവിന്റെയും ജീവിതത്തിൽ ഇത് രണ്ടും പല ഘട്ടങ്ങളിൽ ഇടപെടുന്നുമുണ്ട്. മതവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയർത്തിപ്പിടിക്കുന്ന സാമ്പ്രദായിക മൂല്യങ്ങളുടെ തുടർച്ചയെ സിനിമയിൽ പരാമർശിക്കുമ്പോഴും കൂടുതൽ സമസ്വീകാര്യതയുള്ള (inclusive) ഇടങ്ങളായിട്ടാണ് അവ ഇവരുടെ ജീവിതത്തിൽ ഇടപെടുന്നത്. ക്രൈസ്തവ മതത്തിൽ പോപ്പ് ഫ്രാൻസിസ് ക്വിയർ സമൂഹത്തിന് നൽകിയ സ്വീകാര്യതയും ഇടതുപക്ഷത്തിന്റെ മുൻകൈയിൽ നടക്കുന്ന ചില പുരോഗമനപരമായ ഇടപെടലുകളും നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ തന്നെയാണ്. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും ഉൾക്കൊള്ളാൻ ഈ രണ്ടു വിഭാഗങ്ങളും കൂടി ഉൾക്കൊള്ളുന്ന മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കാലത്തിനൊത്തു സജ്ജമായിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു. ഒരുപക്ഷേ ജിയോ ബേബി എന്ന മനുഷ്യന്റെ സ്വപ്നവും പ്രതീക്ഷയുമാവാം കേരളത്തിലെ ഇടതുപക്ഷം കൂടുതൽ വിശാലമായി വ്യത്യസ്ത മനുഷ്യരുടെ പ്രാതിനിധ്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന പുരോഗമന പ്രസ്ഥാനമായി ഇവിടെ നിലനിൽക്കുക എന്നത്. എന്നാൽ ലിംഗനീതിക്കുവേണ്ടി അതിനകത്തും പുറത്തും നടക്കുന്ന സമരങ്ങൾ അത്ര ശുഭകരമായ ഒരു സ്വപ്നം കാണാൻ അനുവദിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത. മോറൽ പൊലീസിങ് രംഗത്ത് ശക്തമായ സാന്നിധ്യമായി പലപ്പോഴും രംഗത്ത് വരുന്നത് മതങ്ങളെ പോലെ തന്നെ പുരോഗമന പ്രസ്ഥാനങ്ങളും കൂടിയാണ്. എന്നാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേക്കാൾ എളുപ്പം ഇടതുപക്ഷവുമായും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഒരു സംവാദം നടത്താൻ കഴിയും എന്നതും ഒരു യാഥാർഥ്യമാണ്. അതേസമയം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ അടഞ്ഞ ലൈംഗികതയുടെ എക്കാലത്തെയും വലിയ വക്താക്കളായി കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളുന്നതായും ചരിത്ര വായനയിൽ വെളിപ്പെടുന്ന കാര്യമാണ്. സദാചാര ബോധത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനിറ്റിയുടെയും വിക്ടോറിയൻ കാഴ്ചപ്പാടുകളുടെയും വലിയ സ്വാധീനത്തിൽ പാർട്ടി അകപ്പെട്ടതുവഴി ഒരു വലിയ സമൂഹത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റെ ഉത്തരവാദത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. കേരള സമൂഹത്തിന് ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിലും അതിന്റെ വൈകൃത ഭാവങ്ങളിലെക്ക് മനുഷ്യരെ കൊണ്ടുചെന്നെത്തിച്ചതിലും മതങ്ങൾക്കെന്നപോലെ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് ചർച്ച ചെയ്യാൻ കൂടി കാതൽ ഒരു നിമിത്തമാവട്ടെ എന്ന് പ്രത്യാശിക്കാം.

മമ്മൂട്ടി കാതൽ സിനിമയിൽ

ഒറ്റപ്പെടലിന്റെ വിങ്ങലുകൾ

ഒരുപക്ഷേ കാതൽ സിനിമയിൽ ഏറ്റവും ഒറ്റപ്പെടൽ അനുഭവിക്കുന്നത് സുധി ബാലുശ്ശേരി എന്ന നടൻ അവിസ്മരണീയമാക്കിയ തങ്കൻ എന്ന മനുഷ്യനാണ്. തന്റെ ഉള്ളിലെ നീറ്റൽ പങ്കുവയ്ക്കാൻ മറ്റുള്ളവരെപ്പോലെ ചുറ്റും ഒരുപാട് ആളുകൾ അയാൾക്കില്ല. സ്നേഹിക്കുന്നവർ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ജീവിക്കുന്ന മനുഷ്യരെക്കുറിച്ചും അങ്ങനെ ഭയപ്പെട്ട് സ്നേഹം നിഷേധിക്കപ്പെടുന്ന ജീവിതത്തെക്കുറിച്ചും അയാൾ ആത്മഗതം ചെയ്യുന്നുണ്ട്. വിവിധ സാഹചര്യത്തിൽ ആവിഷ്‌ക്കാര സാധ്യതകൾക്ക് ചലനശേഷി നഷ്ടപ്പെട്ട് പക്ഷാഘാതം പിടിപെട്ട മനസുമായി ജീവിക്കുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങൾ കാവ്യാത്മകമായി അവതരിപ്പിച്ചു എന്നതാകും കാതലിന്റെ മറ്റൊരു പ്രത്യേകത. തങ്കൻ കൂടുതലും തന്റെ വൈകാരിക ലോകത്തെ സങ്കീർണ്ണതകളെയും നിസ്സഹായതകളെയും പ്രകാശിപ്പിക്കുന്നത് കണ്ണുകളുടെ അതി സൂക്ഷ്മ ചലനങ്ങളിലൂടെയാണ്. മാത്യു ഓമനയെ ചേർത്തുപിടിച്ചുകൊണ്ട് ആരുടേയും നെഞ്ചുകീറുന്ന ‘ദൈവമേ’ എന്ന ഒറ്റ വിളിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തെ വികാരനിർഭരമാക്കുന്നുണ്ട്. അതുപോലെ ഹൃദയ ദ്രവീകരണശക്തിയുള്ള ചില നോട്ടങ്ങൾ, നിശ്ശബ്ദതകൾ ഒക്കെ കൊണ്ട് തങ്കൻ പല സന്ദർഭങ്ങളിലും മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ചകൾ നമുക്ക് നൽകുന്നുണ്ട്. മാത്യുവിന്റെ ഹൃദയ വേദന ഒരു നിലവിളിയായി നമ്മുടെ നെഞ്ചകം പിളർക്കുമ്പോൾ തങ്കനും ചാച്ചനും ഓമനയും അത് ഉള്ളിലൊതുക്കി വിങ്ങുകയാണ്. ഇതേ വിങ്ങൽ പുതിയ തലമുറയുടെ പ്രതിനിധിയായ ഫെമി മാത്യുവും നിശബ്ദമായി ഉള്ളിലടക്കിപ്പിടിക്കുന്നുണ്ട്. പുരോഗമന ആശയങ്ങളെ ഉള്ളിൽ വഹിക്കുമ്പോഴും മാതാപിതാക്കൾ പിരിയുന്നതിന്റെ അങ്കലാപ്പുകൾ അവളെയും മുറിവേൽപ്പിക്കുന്നുണ്ട്. തന്റെ അന്തസംഘർഷങ്ങൾ എങ്ങനെ പങ്കുവയ്ക്കണം എന്നറിയാതെ നീറിപ്പുകയുന്ന കഥാപാത്രമാണ് ആർ.എസ് പണിക്കർ അവിസ്മരണീയമാക്കിയ ചാച്ചൻ എന്ന കഥാപാത്രം. ചുരുങ്ങിയ വാക്കുകൾ മാത്രമേ അയാൾ ഉച്ചരിക്കുന്നുള്ളൂ. മൗനത്തെ, നിസ്സഹായതയെ, നിലപാടുകളെ ഒക്കെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ച ശക്തമായ സാന്നിധ്യമായി ചാച്ചൻ പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. ഇങ്ങനെ നിശബ്ദതയ്ക്കു കാവ്യാത്മകമായ ചലച്ചിത്ര ഭാഷ്യം തീർക്കുന്നു എന്ന രീതിയിലും കാതൽ മലയാള സിനിമയിൽ തീർച്ചയായും അടയാളപ്പെടുത്തപ്പെടും.

കാതലിലെ തങ്കനായി സുധി ബാലുശ്ശേരി.

ഓമന തേടുന്ന സ്വാതന്ത്ര്യം

നീണ്ടകാലയളവിൽ ഒരു സ്ത്രീ എന്ന നിലയിൽ തനിക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെ വീണ്ടെടുക്കാനും വിമോചന സ്വപ്നം യാഥാർഥ്യമാക്കാനും ഓമന നിയമ വഴികൾ സ്വീകരിക്കുന്നതാണ് അവരുടെ കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വഴിത്തിരിവാകുന്നത്. 2018 ൽ സ്വവർഗ്ഗാനുരാഗം കുറ്റവിമുക്തമാക്കിയുള്ള സുപ്രീംകോടതിയുടെ വിധിയെ പിൻപറ്റി തന്റെ ഒറ്റപ്പെട്ട ലോകത്ത് നിന്നും പുറത്തുകടക്കുകയാണ് ഓമന. സ്വാതന്ത്ര്യം നേടാൻ നിയമ സംവിധാനങ്ങളുടെ പിന്തുണയുണ്ടായിട്ടും അതിന്റെ അഭാവത്തിലും ഇങ്ങനെ വീർപ്പുമുട്ടി ജീവൻ ഉരുക്കഴിക്കുന്ന ഒട്ടനവധി മനുഷ്യരുടെ നടുവിൽ ഓമന തന്റെ നിലപാടുമായി പുതിയൊരു ലോകത്തേക്ക് മുന്നേറുന്നത് തീർച്ചയായും ജനാധിപത്യ പ്രക്രിയയിൽ പുതിയ തുറസ്സുകൾ സൃഷിടിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിക്കും. ഇത്തരം വീർപ്പുമുട്ടലുകൾക്കും ഒറ്റപ്പെടലിനും ശാരീരിക മാനസിക പീഡനങ്ങൾക്കും വഴിവയ്ക്കുന്ന ലൈംഗികേതരമായ കാരണങ്ങൾകൂടി ഉണ്ട് എന്നതിലേക്ക് അത്തരം സംവാദങ്ങൾ വികസിക്കേണ്ടതുണ്ട്. അത്തരം ഒരു സാധ്യത കൂടിയാണ് ഓമനയുടെ കുടുംബത്തിൽനിന്നുള്ള പിന്മടക്കത്തിലൂടെ തുടക്കം കുറിക്കുന്നത്. വിവാഹത്തിലൂടെ കുടുംബം എന്ന സംവിധാനത്തിനകത്ത് പെടുകയും പിന്നീട് പുറത്തുകടക്കാൻ കഴിയാതെ, അതിന് മുതിരാനുള്ള വൈയക്തിക/ സാമൂഹ്യ മൂലധനം കണ്ടെത്താനാകാതെ എന്തുകൊണ്ട് മനുഷ്യർ ഒരായുസ്സ് മുഴുവൻ ജീവിതത്തിന്റെ ആഘോഷങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്നത് ഏറെ പ്രസക്തമാണ്. ഓരോ മനുഷ്യന്റെയും ആത്മ പ്രകാശനത്തിനും അഭിരുചികൾക്കും അനുസരിച്ച ജീവിതം കെട്ടിപ്പടുക്കാൻ വിവാഹ/കുടുംബ ചട്ടക്കൂടുകൾ പ്രതിബന്ധമാകുന്നു എന്നതിലേക്ക് കൂടി കാതൽ വിരൽ ചൂണ്ടുന്നുണ്ട്. വിവാഹ മോചനം എന്ന നിയമ വ്യവസ്ഥ ഇപ്പോഴും അവസാനത്തെ സാധ്യതയായി മാത്രം നിലനിൽക്കുകയും ഒന്നിച്ചുചേരുന്നതുപോലെ പിരിയുന്നതും അനിവാര്യമാണെന്ന് തിരിച്ചറിയാത്തതുമായ ഒരു അടഞ്ഞ സമൂഹത്തിനു കണ്ണാടി നോക്കാനുള്ള അവസരം കൂടിയാണ് കാതൽ. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, സാധ്യതകൾ, പരിമിതികൾ ഒക്കെ അന്വേഷിക്കാനുള്ള വകയും അത് ഒരുക്കിത്തരുന്നുണ്ട്. കുറഞ്ഞ പക്ഷം ആത്മപ്രകാശനത്തിനുള്ള സാധ്യതകൾപോലും ഇല്ലാതെ ഒരു അടഞ്ഞ വ്യവസ്ഥയ്ക്കുള്ളിൽ എന്തിന് ആത്മ വഞ്ചകരായി തുടരുന്നു എന്നുള്ള ചോദ്യം മനുഷ്യരുടെ മനസിലേക്ക് കൊണ്ടുവരാൻ എങ്കിലും ഈ സിനിമ ശ്രമിക്കുന്നുണ്ട്. ഒരു സിനിമ കണ്ട് മാറുന്നതല്ല ജീവിതം എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും ആ സാധ്യത തരുന്ന ബോധനവീകരണത്തിന്റെ നേർത്ത പ്രകാശത്തെ നിഷേധിക്കാനാവില്ലല്ലോ.

കാതൽ സിനിമയിൽ ഓമനയായി നടി ജ്യോതിക

അനുരാഗത്തിന്റെ ഹൃദയാവിഷ്ക്കാരങ്ങൾ

അനുരാഗത്തിന്റെ ശാരീരിക ആവിഷ്ക്കാരങ്ങൾ നേരിട്ട് കാണിക്കാതെ ഗുപ്തമാക്കി വച്ചുകൊണ്ട് മാത്യുവും തങ്കനും ഇടയിലുള്ള ആത്മബന്ധത്തിന്റെ വൈകാരിക തലങ്ങളെ ചുരുങ്ങിയ വാക്കുകളിലും നോട്ടങ്ങളിലും അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരുപക്ഷെ അവർ തമ്മിൽ ചുംബിക്കുന്നതും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നതുമായ രംഗങ്ങൾ ഉൾക്കൊള്ളാൻ മലയാളി മനസ് പരുവപ്പെട്ടിട്ടില്ല എന്ന് സംവിധായകൻ തിരിച്ചറിയുന്നുണ്ടാവാം.1996 ൽ ഇറങ്ങിയ ഫയർ എന്ന സിനിമയിൽ ലെസ്ബിയൻ ബന്ധം കാണുന്ന ലാഘവത്തോടെ പുരുഷ സ്വവർഗാനുരാഗം ഒരു പുരുഷാധിപത്യ സമൂഹത്തിനു ഉൾക്കൊള്ളാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. അത്തരമൊരു സിനിമയ്ക്കുള്ള ആമുഖം കുറിക്കാൻ തുനിഞ്ഞതായിരിക്കാം സംവിധായകൻ.

പ്രണയത്തിന്റെ പ്രത്യേകിച്ച് സ്ത്രീ പുരുഷ പ്രണയത്തിന്റെ ശാരീരിക അഭിനിവേശങ്ങൾ പരിചിതമായ മലയാളി സമൂഹത്തിന് അത്രമേൽ പരിചിതമല്ല രണ്ട് സ്വവർഗ്ഗാനുരാഗികൾക്കിടയിൽ ശാരീരിക ബന്ധത്തിനപ്പുറം നിലനിൽക്കുന്ന വൈകാരിക ബന്ധം പോലും. തന്റെ ഭാര്യ പ്രസവിച്ച് കിടക്കുമ്പോൾ പരിക്കുപറ്റിയ തങ്കനെ കാണാൻ പോകാനുള്ള മാത്യുവിന്റെ തീരുമാനം ആ വൈകാരിക അടുപ്പത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസിൽ അച്ചടിച്ചു വന്ന മാത്യുവിന്റെ ചിത്രം ആൾക്കൂട്ടത്തിൽ നിന്നും മാറി ഏറെ വൈകാരികമായി നോക്കുന്ന തങ്കന്റെ കണ്ണുകളും. ക്വിയർ സമൂഹത്തെ രാഷ്ട്രീയമായി ഉൾക്കൊള്ളുമ്പോഴും ഒരുപക്ഷേ മലയാളിക്ക് അപരിചിതമാവാൻ ഇടയുള്ള ഒരു കാര്യം വ്യത്യസ്ത മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന വൈകാരികതയും അതിന്റെ ആവിഷ്‌ക്കാര സാധ്യതകളും ആയിരിക്കും. മാത്രവുമല്ല പുറം ലോകത്തെ ശാരീരിക സവിശേഷതകളും അതിലൂടെയുള്ള ലൈംഗികതയുടെ ലോകവും ഏറെ കൗതുകത്തോടെ അന്വേഷിക്കുബോൾ മനുഷ്യരുടെ ഉള്ളിലെ വൈകാരികതയുടെ സൂക്ഷ്മതലങ്ങൾ നമ്മുടെ ഭാവനയ്ക്കുപോലും എത്തിപ്പിടിക്കാൻ സാധ്യമല്ലാത്ത രീതിയിൽ അകലെയാകുന്നു.

മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ആവിഷ്‌ക്കരിക്കാൻ ഒരു ദൃശ്യ മാധ്യമത്തിന് സാധ്യതകൾ പോലെ പരിമിതികളും ഉണ്ട്. കറുപ്പും വെളുപ്പുമായി ജീവിതത്തെ കാണാൻ ശ്രമിക്കുന്നതിനിടയിൽ കാണാതെ പോവുന്ന ഗ്രേ ഏരിയയിൽ കാഴ്ചകൾ അസ്തമിക്കുകയാണ് പതിവ്. കൂടാതെ യഥാർത്ഥ ജീവിതത്തിൽ ഓരോ മനുഷ്യരുടെയും അന്ത സംഘർഷങ്ങൾ വർധിപ്പിക്കുകയും, ഭാവനകൾ,സ്വാതന്ത്ര്യ ബോധം ഒക്കെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളായി കുടുംബവും മതവും സ്‌റ്റേറ്റും ഒക്കെ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഈ പരിമിതികളെ ഭേദിക്കുന്നവർ ഒറ്റപ്പെട്ട പോരാട്ടം നടത്തുന്നു. ജീവിതത്തിന്റെ വൈവിധ്യത്തെ, മനോഹാരിതയെ, സ്വാതന്ത്ര്യത്തെ ആഘോഷമാക്കുന്നു. അങ്ങനെയൊരു ലോകത്തേക്ക് നടന്നു നീങ്ങാൻ നമ്മുടെ ചുറ്റുമുള്ള സ്ഥാപിത താല്പര്യങ്ങളെ അറുത്തുമാറ്റുവാനുള്ള ആത്മധൈര്യവും തെളിച്ചവുമാണ് ഓമനയെ നയിക്കുന്നത് എന്ന് കാണാം. അപ്പോൾ മാത്രമേ അനുരാഗത്തിന്റെ ദിനങ്ങൾ ആസ്വദിക്കാനും സ്വാതന്ത്ര്യത്തിന്റെ പുതിയ വിഹായസ്സുകൾ തേടിപ്പോകാനും മനുഷ്യർക്ക് കഴിയുകയുള്ളൂ.

കൂടാതെ പ്രഖ്യാപിത ലിംഗ സ്വത്വത്തിനപ്പുറം ഓരോ മനുഷ്യനിലും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന മനുഷ്യ ബന്ധങ്ങളുടെ അനന്ത സാധ്യതകളോട് തുറന്ന മനസ്സോടെ സംവദിക്കാനും അതിന്റെ ആവിഷ്‌ക്കാര ലോകങ്ങൾ തേടാനും മനുഷ്യർക്ക് കഴിയേണ്ടതാണെന്നും ഓർക്കാം. മനുഷ്യരുടെ ആന്തരിക ജീവിതത്തിന് നേരെ പിടിച്ച കണ്ണാടി എന്ന നിലയിൽ കാതൽ അത്തരം ചർച്ചകൾക്ക് കൂടി തുടക്കമിടും എന്ന് കൂടി പ്രതീക്ഷിക്കാം. കൂടാതെ ഒരാളിൽ തന്നെയുള്ള ഒരായിരം മനുഷ്യരെക്കുറിച്ച് സ്വത്വവിഭജനത്തിന്റെ യുക്തിയും സൗകര്യവും മറന്ന് മനുഷ്യ സമൂഹം എന്നെങ്കിലും സഞ്ചരിക്കുമെന്നും. ആ സഞ്ചാരത്തിനുള്ള സാധ്യതകളാണ് സ്വവർഗ്ഗാനുരാഗത്തിന്റെ പശ്ചാത്തലത്തിൽ കാതൽ തുറന്നിടുന്നത് എന്ന് തോന്നുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 13, 2023 11:22 am