രാമനെ ആവാഹിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി

ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനും ആക്ടിവിസ്റ്റുമായ പ്രൊഫ. ഷംസുൽ ഇസ്ലാം പ്രതികരിക്കുന്നു. തയ്യാറാക്കിയത്: എ.കെ ഷിബുരാജ്

2024 ജനുവരി 22 ന് അയോധ്യ രാമക്ഷേത്രനഗരിയിൽ മന്ദിർ ഉദ്ഘാടനവും ‘പ്രാണപ്രതിഷ്ഠ’ ചടങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കാൻ പോവുകയാണല്ലോ. ആര്യസമാജത്തിന്റെ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയെയാണ് ആർ.എസ്.എസ്സും പ്രധാനമന്ത്രി മോദിയും ഹിന്ദു രാഷ്ട്രത്തിന്റെ വലിയ പ്രചാരകൻ ആയി വാഴ്ത്തുന്നത്. ഈ അവസരത്തിൽ വിഗ്രഹാരാധനയെക്കുറിച്ചും വിഗ്രഹപ്രതിഷ്ഠയെക്കുറിച്ചും സ്വാമി ദയാനന്ദ സരസ്വതി പറഞ്ഞത് ഓർക്കുന്നത് ഏറെ പ്രസക്തമാണ്. അതറിയാൻ താത്പര്യമുള്ള എല്ലാവരും അദ്ദേഹത്തിന്റെ മാസ്റ്റർപീസായ സത്യാർത്ഥ് പ്രകാശിന്റെ (സത്യത്തിന്റെ വെളിച്ചം) 11-ാം അധ്യായം വായിക്കണം. ഈ വിഷയം കൈകാര്യം ചെയ്യുന്ന പ്രസ്തുത പുസ്തകത്തിൽ ആർ.എസ്.എസ്സും മോദിയും പ്രതികരിക്കേണ്ട വിഷയങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു:

“നിങ്ങൾ പറയുന്നതുപോലെ ആവാഹിക്കുമ്പോൾ ദൈവം വിഗ്രഹത്തിലേക്ക് വരുന്നു എങ്കിൽ എന്തുകൊണ്ടാണ് വിഗ്രഹം ചേതനയുടെ അടയാളങ്ങൾ കാണിക്കാത്തത്, എന്തുകൊണ്ടാണ് ദൈവത്തോട് വിടപറയാൻ ആവശ്യപ്പെടുമ്പോൾ പ്രതിമയും ഇല്ലാതാകാത്തത്? അത് എവിടെ നിന്ന് വരുന്നു, എവിടെ പോകുന്നു? സർവ്വവ്യാപിയായ ആത്മാവിന് അകത്ത് വരാനോ വിഗ്രഹമാകാനോ അതിനെ ഉപേക്ഷിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. നിങ്ങൾ ദൈവത്തെ വിളിക്കാൻ ഉപയോഗിക്കുന്ന മന്ത്രങ്ങൾ ഫലപ്രദമാണെങ്കിൽ, അതേ മന്ത്രങ്ങളുടെ ശക്തിയാൽ എന്തുകൊണ്ട് നിങ്ങളുടെ മരിച്ച മകന് ജീവൻ പകരാൻ കഴിയില്ല? നിങ്ങളുടെ ശത്രുവിന്റെ ശരീരത്തിൽ നിന്ന് ആത്മാവിനെ പറഞ്ഞയക്കാൻ കഴിയാത്തത് എന്തുകൊണ്ട്?”

സ്വാമി ദയാനന്ദ സരസ്വതി തുടരുന്നു.

“ആത്മാവ് ബോധമുള്ളതാണ്, അതേസമയം വിഗ്രഹം ബോധമില്ലാത്തതും നിർജ്ജീവവുമാണ്. ആത്മാവും ബോധം നഷ്ടപ്പെട്ട് വിഗ്രഹത്തെപ്പോലെ നിർജീവമാകണം എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? വിഗ്രഹാരാധന ഒരു വഞ്ചനയാണ്.”

വിഗ്രഹ പ്രതിഷ്ഠ വലിയ ആഘോഷമാക്കുമ്പോൾ മോദിക്കും ആർ.എസ്.എസ്സിനും ഇത് സംബന്ധിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.

ബാബറി മസ്ജിദ് തകർക്കുന്ന കർസേവകർ. കടപ്പാട്:AFP Photo

തുളസീദാസിന് അറിയാത്ത വസ്തുത !

1511-1623 കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാമന്റെ ഇന്നത്തെ ഏറ്റവും പ്രമുഖനായ ആരാധകനായ ഗോസ്വാമി തുളസീദാസിന്റെ രചനകളിൽ മുസ്ലിങ്ങൾ രാമക്ഷേത്രം നശിപ്പിച്ചതിനെപ്പറ്റി പരാമർശമില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. രാമന്റെ കഥ സംസ്‌കൃതത്തിൽ എഴുതാതെ അവധി ഭാഷയിൽ ‘രാമചരിതമാനസം’ എഴുതി  പ്രാദേശിക ബ്രാഹ്മണരെ ചൊടിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ശ്രീരാമന്റെ കഥ പറഞ്ഞ് ഇന്ത്യയിലെ ഹിന്ദുക്കളെ വിസ്മയിപ്പിച്ച കൃതിയായിരുന്നു ഇത്. അങ്ങനെ ഉത്തരേന്ത്യയിലെ എല്ലാ ഹിന്ദുഭവനങ്ങളുടെയും ആരാധന മൂർത്തിയായി രാമൻ മാറി. 1575-76 കാലഘട്ടത്തിലാണ് അദ്ദേഹം മുകളിൽ സൂചിപ്പിച്ച കൃതി എഴുതിയത്. ഹിന്ദുത്വ സംഘടനകളുടെ വാദം അനുസരിച്ച് 1538-1539 കാലഘട്ടത്തിൽ രാമജന്മക്ഷേത്രം നശിപ്പിക്കപ്പെട്ടു. അങ്ങനെയെങ്കിൽ രാമജന്മക്ഷേത്രം നശിപ്പിക്കപ്പെട്ട് ഏകദേശം 37 വർഷങ്ങൾക്ക് ശേഷം എഴുതിയ ‘രാമചരിതമാനസം’ ഈ ആക്രമണത്തെ പരാമർശിക്കണമായിരുന്നു. എന്നാൽ അത് ഇല്ല എന്നത് ഹിന്ദുത്വ ശക്തികളുടെ പ്രചാരണത്തിന്റെ പൊള്ളത്തരത്തെ വെളിപ്പെടുത്തുന്നു.

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ഒരു സാധാരണ മതപരമായ ചടങ്ങല്ല എന്ന് പകൽപോലെ വ്യക്തം. അതിന് വ്യക്തമായ രാഷ്ട്രീയവും ധ്രുവീകരണ അജണ്ടയുമുണ്ട്. ഉദ്‌ഘാടന ചടങ്ങിന്റെ ഈ സ്വഭാവത്തിന് അടിവരയിടുന്ന പ്രധാനമന്ത്രി മോദി, ഇത് സംഭവിക്കുന്നത് കാണാൻ “രാമഭക്തർ 550 വർഷമായി കാത്തിരുന്നു” എന്നാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മാത്രമല്ല, ഏതാണ്ട് 60 വിദേശരാജ്യങ്ങളിൽ ഹിന്ദുത്വ സംഘടനകൾ ഹിന്ദുക്കൾക്കിടയിൽ സജീവമാണ്, അവരൊക്കെ ഇത് ഏറ്റെടുക്കുകയാണ്. “ഹിന്ദുക്കളുടെ 500 വർഷത്തെ പോരാട്ടത്തിന് ശേഷം ഭഗവാൻ ശ്രീരാമ മന്ദിർ ഉദ്ഘാടനം ചെയ്യുന്നു” എന്ന പേരിലാണ് ജനുവരി 22 ആഘോഷിക്കുന്നത്. 500 വർഷങ്ങൾക്ക് മുമ്പ് മുസ്ലീങ്ങൾ തകർത്ത അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു എന്നതാണ് ആഘോഷ പരിപാടികളുടെ ഊന്നൽ. ഈ സാഹചര്യത്തിലാണ് ഗോസ്വാമി തുളസീദാസ് ഈ വസ്തുത അറിയാതെ പോയി എന്ന് ഓർമ്മിപ്പിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രിയും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ഹിന്ദുത്വ സഹപ്രവർത്തകരും ഇത്തരം അവകാശവാദങ്ങൾ നടത്തി മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പടർത്തുകയാണ്. അങ്ങനെ ഇന്ത്യയിലും വിദേശത്തും ഇസ്‌ലാമോഫോബിക് ആഖ്യാനത്തിന് ആക്കംകൂട്ടുകയാണ്. ഖേദകരമെന്ന് പറയട്ടെ, ഇത്തരം പ്രസ്താവനകൾ അയോധ്യയെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയെ അവഹേളിക്കുക മാത്രമല്ല, ചരിത്രത്തിന്റെ ‘ഹിന്ദു’ ആഖ്യാനത്തിന് വിരുദ്ധവുമാണ്. 1925-ൽ ബ്രിട്ടീഷ് ഭരണകാലത്ത്, ആർ.എസ്.എസ്സിന്റെ  തുടക്കകാലത്ത് അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുന്നത് തെളിയിക്കാൻ ആർക്കൈവുകളിൽ ഒരു രേഖയും ഇല്ലായിരുന്നു എന്നും നമുക്ക് ഓർക്കാം.

1039 പേജുള്ള സുപ്രിം കോടതി വിധിയിൽ ബാബറി മസ്ജിദ് നിർമ്മിച്ചത് ഏതെങ്കിലും രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്ന് സമ്മതിച്ചിട്ടില്ല. മതവിദ്വേഷം ഭരണകൂടം തന്നെ പരസ്യമായി പ്രചരിപ്പിക്കുമ്പോൾ, കണ്ടെത്തലുകൾ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ സുപ്രീം കോടതി നിശബ്ദ കാഴ്ചക്കാരനായി തുടരുന്നത് സങ്കടകരമാണ്.

2020 ആഗസ്റ്റ് 5ന് രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ നരേന്ദ്ര മോദി പങ്കെടുക്കുന്നു. കടപ്പാട്:pib

മോദി അപഹരിച്ച ദീപാവലി

ദീപാവലി (വിളക്കുകളുടെ ഉത്സവം) ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഏറ്റവും പ്രശസ്തമായ ഹിന്ദു ഉത്സവമാണ്. ലങ്കയിലെ രാവണനെ പരാജയപ്പെടുത്തി ഭാര്യ സീതയ്ക്കും സഹോദരൻ ലക്ഷ്മണനുമൊപ്പം രാമൻ തന്റെ രാജ്യത്തേക്ക് മടങ്ങിയതിന്റെ ആഘോഷമാണ് ദീപാവലി. തിന്മയുടെ മേൽ സത്യത്തിന്റെ വിജയമായാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇപ്പോൾ രാമന്റെ  ദീപാവലി പ്രധാനമന്ത്രി ‘മോദിയുടെ ദീപാവലി’ എന്ന് പേരിടാവുന്ന തരത്തിൽ  മാറിയിട്ടുണ്ട്. 2023 ഡിസംബർ 31-ന് അയോധ്യയിൽ നടന്ന റോഡ് ഷോയ്ക്കിടെ മോദി ഈ പദ്ധതി പ്രഖ്യാപിച്ചത് ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, “ലോകം മുഴുവൻ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ്. അയോധ്യയിൽ രാമന്റെ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് നിങ്ങളുടെ വീട്ടിൽ രാമജ്യോതി കത്തിച്ച് ദീപാവലി ആഘോഷിക്കണമെന്ന് ഞാൻ രാജ്യത്തെ 140 കോടി ജനങ്ങളോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു.”

അങ്ങനെ, ജീവനില്ലാത്ത രാമന്റെ വിഗ്രഹത്തിൽ ആത്മാവിനെ പ്രതിഷ്ഠിക്കുന്നതിനായി ഒരു ഋഷിയുടെയോ ബ്രാഹ്മണ സന്ന്യാസിയുടെയോ വേഷത്തിൽ പ്രധാനമന്ത്രി മോദി പ്രത്യക്ഷപ്പെടുമ്പോൾ, രാമനുള്ള ദീപാവലിക്ക് പകരം അത്  മോദിയുടെ ദീപാവലിയായി മാറുകയാണ് . ജനുവരി 22 മഹാദീപാവലി (വലിയ ദീപാവലി) ആയി ആഘോഷിക്കാൻ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വവാദികൾ ഇതിനെ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. രാമന് ദീപാവലി, പ്രധാനമന്ത്രി മോദിക്ക് മഹാദീപാവലി!

ആരുടെ രാമൻ?

നീതിയും അനുകമ്പയും ദയയും ഉയർത്തിപ്പിടിക്കുക വഴി തന്റെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ രാമൻ വിട്ടുവീഴ്ച ചെയ്യാറില്ല എന്നാണ് പറയപ്പെടുന്നത്; അങ്ങനെ രാമൻ സാധാരണ സ്ത്രീകൾ/പുരുഷന്മാർക്ക് തുല്യനാവുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണം രാമരാജ്യം അല്ലെങ്കിൽ സാധാരണ ജനങ്ങളുടെ പ്രയോജനത്തിനായുള്ള ഭരണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഗാന്ധിയുടെ അഭിപ്രായത്തിൽ “രാമ രാജ്യമെന്നാൽ സാർവ്വലൗകിക ബോധത്തിന്റെ അംഗീകാരത്തിനായുള്ള ധർമ്മത്തിന്റെ ഭൂമിയും, ആബാലവൃദ്ധം ഉയർന്നവർക്കും താഴ്ന്നവർക്കും എല്ലാ ജീവികൾക്കും വേണ്ടിയുള്ള ഭൂമിയുമാണ്. അത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും മണ്ഡലം ആണ്.”

എന്നാൽ, ജനുവരി 22 ന് നടക്കുന്ന ചടങ്ങിൽ നേരിട്ട് പങ്കുചേരാൻ സാധാരണ ഹിന്ദുക്കൾക്ക് സാധ്യമല്ല. ജനുവരി 22 ന് രാമനെ ആരാധിക്കുന്ന സാധാരണക്കാരോട് അയോധ്യയിൽ തിരക്ക് കൂട്ടരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. അവരോട് അവരുടെ സൗകര്യാർത്ഥം പിന്നീട് വരാൻ പറഞ്ഞിരിക്കുന്നു. കാരണം “ഇത്തവണ നവ്യ, ഭവ്യ, ദിവ്യ (പുതിയ, മഹത്തായ, ദിവ്യ) ക്ഷേത്രം എവിടെയും പോകുന്നില്ല എന്നും നൂറ്റാണ്ടുകളോളം ‘ദർശനം’ ലഭ്യമാകും എന്നും പറഞ്ഞ് അവരെ പറ്റിച്ചിരിക്കുന്നു.

ഖേദകരമെന്നു പറയട്ടെ, പണക്കാരോടും സിനിമാ നടന്മാരോടും വ്യവസായികളോടും പ്രമുഖ കായികതാരങ്ങളോടും ഇങ്ങനെ പിന്നീട് വരാൻ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടില്ല. വാസ്തവത്തിൽ ജനുവരി 22 ന്റെ  ആഘോഷ പങ്കാളിത്തം പൗരപ്രമുഖർക്ക്  മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ദുരിതപൂർണമായ ജീവിതത്തിനിടയിലും രാമക്ഷേത്രം പണിയുന്നതിനായി വി.എച്ച്‌.പിയുടെ ഖജനാവിലേക്ക് സംഭാവന നൽകിയ പാവപ്പെട്ട രാമഭക്തർക്കാണ് ആദ്യ ക്ഷണം ലഭിക്കേണ്ടിയിരുന്നത് എന്ന വസ്തുത പ്രധാനമന്ത്രി മോദി അവഗണിച്ചു. ക്ഷണിക്കപ്പെട്ടവരിൽ പലരും മാംസാഹാരം മാത്രമല്ല, ബീഫ് ഇഷ്ടമുള്ളവരുമാണ് എന്നറിയുന്നത് ഇവിടെ രസകരമായ കാര്യമാണ്.

അയോധ്യയിൽ നടന്ന രാമനവമി ആഘോഷം. കടപ്പാട്:Manish Swarup/AP Photo

തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനുള്ള കുതന്ത്രം

ഇന്ന് അയോധ്യയെ മുസ്ലീങ്ങൾക്കെതിരായ ഹിന്ദുക്കളുടെ നിത്യയുദ്ധത്തിന്റെ ചരിത്ര മുഹൂർത്തം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലും നികൃഷ്ടമായ ഒരു നുണ വേറെയില്ല. 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലത്ത്, ബ്രിട്ടീഷ് ഭരണത്തിനെതിരായി മൗലവിമാരും മഹാൻമാരും സാധാരണ ഹിന്ദു-മുസ്ലിംകളും ഒറ്റക്കെട്ടായി നിൽക്കുകയും തൂക്കുമരത്തെ സ്വീകരിക്കുകയും ചെയ്ത അതേ അയോധ്യയിലാണ് ഇത് നടക്കുന്നത്. മൗലാന അമീർ അലി അയോധ്യയിലെ ഒരു പ്രശസ്ത മൗലവിയായിരുന്നു. അയോധ്യയിലെ അറിയപ്പെടുന്ന ഹനുമാൻ ക്ഷേത്രത്തിലെ പുരോഹിതൻ ബാബ രാംചരൺ ദാസ് ബ്രിട്ടീഷ് ഭരണത്തിനെതിരായ സായുധ പ്രതിരോധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയപ്പോൾ, മൗലാനയും വിപ്ലവ സൈന്യത്തിൽ ചേർന്നു. ബ്രിട്ടീഷുകാരുമായും അവരുടെ കൂട്ടാളികളുമായും നടന്ന ഒരു യുദ്ധത്തിൽ, ഇരുവരെയും പിടികൂടി അയോധ്യയിലെ പുതിയ ക്ഷേത്രത്തിനായി വെട്ടിമാറ്റിയ ഒരു പുളിമരത്തിൽ ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു.

അയോധ്യ എന്ന പ്രദേശം ബ്രിട്ടീഷ് സൈന്യത്തിന് അങ്കലാപ്പുകൾ സൃഷ്ടിച്ച വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള രണ്ട് മികച്ച സുഹൃത്തുക്കളെ കൂടി സൃഷ്ടിച്ചിട്ടുണ്ട്. ഫൈസാബാദ് ജില്ലയിൽ രാജാ ദേവിബക്ഷ് സിങ്ങിന്റെ സൈന്യത്തെ നയിച്ച അച്ചൻ ഖാനും ശംഭു പ്രസാദ് ശുക്ലയും. രണ്ടുപേർക്കും ബ്രിട്ടീഷ് സൈന്യത്തെ പല യുദ്ധങ്ങളിലും പരാജയപ്പെടുത്താൻ കഴിഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഇത്തരം കൂട്ടുകെട്ടുകൾ ഒഴിവാക്കാനായി ഈ രണ്ട് സുഹൃത്തുക്കളെയും പരസ്യമായി ദീർഘനേരം പീഡിപ്പിക്കുകയും അവരെ ക്രൂരമായി ഇല്ലാതാക്കുകയുമായിരുന്നു.

ഇത്തരം ചരിത്ര പശ്ചാത്തലത്തെ തമസ്ക്കരിച്ചുകൊണ്ട് സ്വന്തം അജണ്ട നടപ്പാക്കുന്ന ഒരു ഭരണകൂടം ആണ് ഇന്ത്യ ഭരിക്കുന്നന്നത്. അവർക്ക് നമ്മുടെ രാഷ്ട്രത്തിന്റെ  സാംസ്ക്കാരിക പശ്ചാത്തലവുമായി എന്ത് ബന്ധം? അഞ്ച് വർഷം കൂടി ഇന്ത്യ ഭരിക്കാനുള്ള വിജയം ഉറപ്പാക്കാൻ ഇന്ത്യ എന്ന ജനാധിപത്യ-മതേതര രാഷ്ട്രീയത്തിന്റെ അസ്തിത്വം ബലിയർപ്പിക്കാനുള്ളതല്ലെന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഹിന്ദുത്വ ഭരണാധികാരികൾ മനസ്സിലാക്കണം. അങ്ങനെ നമുക്ക് ആശിക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read