Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തെക്കൻ കേരളത്തിലെ പ്രത്യേകിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ഉത്സവാചാരമാണ് കളങ്കാവൽ. രാക്ഷസരാജാവായ ദാരികനെ തോൽപ്പിക്കാനിറങ്ങിയ ഭദ്രകാളിക്ക് അയാളെ കണ്ടെത്താനേ കഴിയുന്നില്ല. ലോകം മുഴുവൻ കാളി അലഞ്ഞ് നടന്നു. ഒടുവിൽ കണ്ടെത്തിയിട്ടും അതിശക്തനായ അയാളെ തോൽപ്പിക്കാൻ പ്രയാസമായിരുന്നു. ഏഴ് ദിവസം ആകാശത്തും ഏഴ് ദിവസം ഭൂമിയിലും യുദ്ധം ചെയ്തിട്ടാണ് ഒടുവിൽ കാളിയ്ക്ക് ദാരികനെ കൊല്ലാൻ കഴിയുന്നത്. അവസാന ദിവസം മാത്രമാണ് കാളി ജയിക്കുന്നത്. അക്കാലത്തിനിടയിലുള്ള ഭദ്രകാളിയുടെ നിസഹായതയുടെ ആവിഷ്‌കാരമാണ് കളങ്കാവൽ എന്ന ക്ഷേത്രാചാരം. പുതുമുഖ സംവിധായകനായ ജിതിൻ കെ. ജോസ് അണിയിച്ചൊരുക്കിയ, മമ്മൂട്ടിച്ചിത്രമെന്നോ വിനായകൻ ചിത്രമെന്നോ പറയാനാകാത്ത ക്രൈം ത്രില്ലർ സിനിമയുടെയും ടൈറ്റിൽ ‘കളങ്കാവൽ’ എന്നാണ്, ‘The Venom Beneath’ എന്ന ടാഗ് ലൈനും.


കേരള-തമിഴ്നാട് അതിർത്തിയിൽ കാട്ടായിക്കോണം എന്ന ഗ്രാമത്തിൽ നടന്ന വർഗീയ ലഹളയുടെ പാശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാൻ വരുന്ന, ‘നത്ത്’ എന്ന് പൊലീസ് വൃത്തങ്ങളിൽ അറിയപ്പെടുന്ന ജയകൃഷ്ണൻ എന്ന സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വരവോടെയാണ് കഥയാരംഭിക്കുന്നത്. വിനായകനാണ് ആ കഥാപാത്രമായി എത്തുന്നത്. അതേസമയം സ്റ്റാൻലി ദാസ് എന്ന് മമ്മൂട്ടിയുടെ കഥാപാത്രം സിനിമയുടെ തുടക്കത്തിലേ കഥാപാത്രത്തിൻ്റെ സൈക്കോപാത്ത് സ്വഭാവം വരച്ചിടുംവിധം കൊലപാതകം നടത്തുന്നുമുണ്ട്. അതിർത്തി പ്രദേശത്തെ ആ സമൂഹത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിഷം (ടാഗ്ലൈനായ The venom beneath) വർഗീയ സംഘർഷത്തിലേക്ക് മാറുന്നത് സൂക്ഷ്മമായ നിരീക്ഷണമാണ്. കൂടാതെ നിയമവാഴ്ചകളുടെ പരിധിക്ക് പുറത്താണെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങൾ കൂടിയാണ് അതിർത്തി ഗ്രാമങ്ങൾ. അവിടെ ലഹളക്ക് കാരണമായ വ്യത്യസ്ഥ മതവിഭാഗത്തിൽപ്പെട്ട യുവാവിന്റെയും, കാണാതായ യുവതിയുടെയും ത്രെഡ് പിടിച്ചാണ് ചിത്രത്തിൻ്റെ അന്തരാത്മാവായ സീരിയൽ കൊലപാതകങ്ങൾ നടക്കുന്നത്.
ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിലെ കുപ്രസിദ്ധനായ സീരിയൽ കില്ലർ കർണ്ണാടകയിലെ ‘സയനൈഡ് മോഹൻ്റെ ‘ക്രൈം ഹിസ്റ്ററിയുമായി ഈ ചിത്രത്തിന് ഏറെ സാമ്യമുണ്ട്. സമൂഹത്തിലെ ഉന്നതിയിൽ വിരാജിച്ചിരുന്ന, പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്ന മോഹൻ തൻ്റെ കരിയറിൻ്റെ ബഹുമാനവും വിശ്വാസ്യതയും മുതലെടുത്ത് ഇഷ്ടം തോന്നുന്ന സ്ത്രീകളെ പരിചയപ്പെടും. താൻ ഒരു സ്ത്രീധന വിരോധിയും, സർക്കാർ അദ്ധ്യാപകനായ അവിവാഹിതനുമാണെന്നാണ് അവരെ പരിചയപ്പെടുത്തുന്നത്. വിവാഹ ആവശ്യങ്ങൾക്കുള്ള ഷോപ്പിംഗിനും, ക്ഷേത്ര ദർശനത്തിനും എന്ന വ്യാജേന ആ ഇരകളെ കർണാടകയിലെ പല നഗരങ്ങളിലേക്ക് കൊണ്ടുപോയി, വാക്ചാതുരിയിൽ അവരെ അനുനയിപ്പിച്ച് അവരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം ഗർഭനിരോധന ഗുളികയാണെന്ന് പറഞ്ഞ് സയനൈഡ് പുരട്ടിയ ഗുളിക നൽകുന്നു. ഗുളിക കഴിച്ചാൽ പുറത്ത് ഛർദ്ദിക്കുമെന്ന് നയത്തിൽ പറഞ്ഞ് ലോഡ്ജിലെയോ ബസ് സ്റ്റേഷനുകളിലെ ശുചിമുറികളിൽ വെച്ച് ഗുളിക കഴിക്കാൻ നിർദ്ദേശിക്കുന്നു. അവിടെ വെച്ച് ഇര മരിക്കുമ്പോൾ ഇരയുടെ ശരീരത്തിലെ ആഭരണങ്ങളുമായി മോഹൻ കുമാർ എന്ന സയനൈഡ് മോഹൻ രക്ഷപ്പെടുന്നു. രണ്ടായിരത്തിൽ തുടങ്ങി എട്ട് വർഷത്തോളം ഏകദേശം 20 സ്ത്രീകളെ ഇയാൾ ഈ വിധം കൊലപ്പെടുത്തി.


ഏകദേശം അതേ ക്രൈം ഹിസ്റ്ററിയുടെ ചുവടുപിടിച്ച് അവതരിപ്പിച്ച. സമൂഹത്തിൽ ബഹുമാന്യതയും വിശ്വാസ്യതയുമുള്ള പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ സ്റ്റാൻലി ദാസ് എന്ന പ്രതിനായക കഥാപാത്രം. പക്ഷേ, ഓരോ ഇരയേയും അയാൾ സമീപിക്കുമ്പോൾ അയാൾ പല പേരുകളിൽ, ഉയർന്ന ഗവൺമെൻ്റ് തസ്തികയിൽ ആണ് അവർക്ക് മുമ്പിൽ അവതരിക്കുന്നത്. ഇരകളാകട്ടെ ഒന്നുകിൽ വിവാഹ ബന്ധം വേർപെടുത്തിയവർ, അല്ലെങ്കിൽ വിധവ, അതല്ലെങ്കിൽ കല്യാണ പ്രായം കഴിഞ്ഞിട്ടും വീട്ടുകാരുടെ പരിഗണന കിട്ടാത്ത സ്ത്രീകൾ. ആ സ്ത്രീകളുടെ ദുർബലതകളാണ് സ്റ്റാൻലി ചൂഷണം ചെയ്യുന്നത്.
ഇണ ചേർന്നതിന് ശേഷം ഇണയെ കൊല്ലുന്ന ചിലന്തിയായി സ്റ്റാൻലിയെന്ന മമ്മൂട്ടി കഥാപാത്രത്തെ ഉപമിക്കുന്നത്, സിനിമയുടെ ടീസറുകളിലും പോസ്റ്ററുകളിലും തീം കളറായി ഉപയോഗിച്ചിരിക്കുന്ന ചുവപ്പ് നിറം പ്രതിഫലിക്കുന്ന ഒരു ചിലന്തി വലയിലൂടെയാണ്. അതും ഈ കഥാപാത്രത്തിൻ്റെ സ്വഭാവത്തിലേക്കുള്ള ചൂണ്ടുവിരലാണ്. സ്റ്റാൻലിയുടെ ആദ്യ കൊലപാതകം കഴുത്തിൽ കുരുക്കിയിട്ടാണെങ്കിലും പിന്നീടാണ് പുതിയൊരറിവിലൂടെ സയനൈഡിലേക്ക് മാറുന്നത്. സിനിമയുടെ ടാഗ് ലൈൻ ‘ഉള്ളിലെ വിഷം’ (The Venom beneath) എന്നത് ഇവിടെ പോയ്സണേക്കാൾ കൂടിയ വിഷമായ, വെനമായ സയനൈഡിനെ സൂചിപ്പിക്കുന്നു.
സയനൈഡ് മോഹൻ്റെ കഥ അറിയാത്തവർക്കും മമ്മൂട്ടി എന്ന നടൻ്റെ വക ഗംഭീരമായ അനുഭവം പകരുന്നുണ്ട് സ്റ്റാൻലി ദാസ്. കണ്ട് ശീലിച്ച സിനിമകളിൽ നിന്നും വ്യത്യസ്തമാണ് മമ്മൂട്ടിയുടെയും വിനായകൻ്റെയും പ്രതിനായക-നായക വേഷങ്ങൾ. കൂടാതെ ജിതിൻ കെ. ജോസ് ഇതൊരു ക്രൈം സ്റ്റോറിക്ക് അപ്പുറം ഒരു ക്രൈം ഡോക്യുമെൻ്ററി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൻ്റെ തിരക്കഥ ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസുമാണ്. നിർമ്മാണം മമ്മൂട്ടിക്കമ്പനിയും വിതരണം വേയ്ഫെറർ ഫിലിംസുമാണ്. രണ്ടായിരം കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യവിന്യാസം ഫൈസൽ അലി ഒരുക്കിയിരിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി വരുന്നത് വിൻ്റേജ് 90 തമിഴ് ഗാനമാണ്. 90 കളിലെ ഇളയരാജ ക്ലാസിക്കുകളെ അനുസ്മരിപ്പിക്കുന്ന ‘നിലാ കായും …’ എന്ന ഗാനവും മറ്റ് ഗാനങ്ങളും മുജീബ് മജീദ് ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ദാരികനെ നാടുമുഴുവൻ തേടിപ്പിടിച്ച് അവസാനം കാളി ദാരികവധം നടപ്പാക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെന്ന താരശരീരത്തെ പ്രതിനായകനായി നിർത്തി വിനായകൻ എന്ന നായകൻ വിജയിക്കുകയാണ്. മാന്യതയുടെ പുറംമോടികൾക്ക് താഴെ ഒളിഞ്ഞിരിക്കുന്ന വിഷത്തേയും ഈ ചിത്രം തുറന്നുകാട്ടുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ സവിശേഷത.

