ആദിവാസികൾ ആണെന്ന് ആത്മാഭിമാനത്തോടെ വിളിച്ചു പറയാൻ പാകപ്പെടുന്ന ഞങ്ങളോട് എന്തിനാണ് ഈ ക്രൂരത? ഞങ്ങൾ കാലൂന്നുന്നയിടം ഇരുട്ടിലാഴ്ത്താൻ ശ്രമിക്കരുത്. നിയമപാലകരും നിയമവും ആദിവാസികളുടെയോ ദളിതരുടെയോ പ്രശ്നം വരുമ്പോൾ നോക്കുകുത്തികളാവുന്നത് എന്ത്കൊണ്ട്? മരിക്കാനല്ല ജീവിക്കാനാണിപ്പോൾ ഭയം – ധന്യ വേങ്ങച്ചേരി എഴുതുന്നു..
ആദിവാസികൾ ആണെന്ന് ആത്മാഭിമാനത്തോടെ വിളിച്ചു പറയാൻ പാകപ്പെടുന്ന ഞങ്ങളോട് എന്തിനാണ് ഈ ക്രൂരത? നിറം കറുത്താലോ നിങ്ങളുടെ കണ്ണുകൾക്ക് പാകപ്പെടാത്ത വസ്ത്രം ധരിച്ചാലോ ഏതു കുറ്റവും ഞങ്ങൾ ആദിവാസികളുടെ മേൽ ചാർത്തി തരാമെന്ന പ്രബുദ്ധ കേരളത്തിലെ പ്രബുദ്ധരായ ആൾക്കൂട്ടത്തിന്റെ ധാരണ മാറ്റിവെക്കണം.
ഞങ്ങൾ കാലൂന്നുന്നയിടം ഇരുട്ടിലാഴ്ത്താൽ ശ്രമിക്കരുത്. നിയമപാലകരും നിയമവും ആദിവാസികളുടെയോ ദളിതരുടെയോ പ്രശ്നം വരുമ്പോൾ നോക്കുകുത്തികളാവുന്നത് എന്തുകൊണ്ട്?
ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെയും ചോദിക്കാനും പറയാനും ആരുമില്ല എന്നുള്ളതു കൊണ്ടാണോ? ഇത്തരം ധാരണ വച്ചു പുലർത്തുന്ന ആൾക്കൂട്ടങ്ങളെ പ്രബുദ്ധ കേരളം തിരിച്ചറിയണം. എന്തിനാണ് നിങ്ങൾ ആൾക്കൂട്ടത്തെ കൂട്ടുപിടിച്ചു കൊണ്ട് ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നത്? ആൾക്കൂട്ടം ഒരു മറയാണ്, തെറ്റു ചെയ്യുന്നവരെ പൊതിഞ്ഞു വെക്കുന്നതിനുള്ള മറ. ഞങ്ങൾക്കും ജീവിക്കണം ആത്മാഭിമാനത്തോടെ.
നിങ്ങൾ വെച്ചു കെട്ടുന്ന കപട വിശേഷണങ്ങൾ ഞങ്ങളെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്താനും ഞങ്ങളെ ഇല്ലായ്മ ചെയ്യാനുള്ളതാണെന്നും ഞങ്ങൾക്കറിയാം. അക്രമിക്കപ്പെട്ടതിന്റെ പേരിൽ പോലീസിൽ പരാതി നൽകാൻ കുടുംബം ചെന്നപ്പോൾ പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാത്ത പോലീസും നീതിക്കു വേണ്ടി നിലകൊള്ളുന്ന സർക്കാരും ഈ മരണത്തിന് ഉത്തരം പറയേണ്ടതുണ്ട്.
ആദിവാസികളുടെയും ദളിതരുടെയും നേർക്കുള്ള വംശവെറി അവസാനിപ്പിക്കുക.
കൂടപിറപ്പ് വിശ്വനാഥന്റെ കുടുംബത്തെ സംരക്ഷിച്ച് വിശ്വനാഥന്റെ മരണത്തിനു കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യുക. ഭരണകൂടം ഞങ്ങൾക്കു നേരെ ഉയരുന്ന അക്രമങ്ങൾക്കു നേരെ കണ്ണുകടയ്ക്കരുത്. ഇന്ത്യൻ ഭരണഘടന നൽകുന്ന എല്ലാ തരം അവകാശങ്ങളിലൂന്നി ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്.
ഇന്നലെ മധു ഇന്ന് വിശ്വനാഥൻ നാളെ നമ്മങ്ങളിൽ ആരെങ്കിലുമൊരാൾ . മരിക്കാനല്ല ജീവിക്കാനാണിപ്പോൾ ഭയം.
കൂടപിറപ്പ് വിശ്വനാഥനും കുടുംബത്തിനും വേണ്ടി പ്രതിഷേധം രേഖപ്പെടുത്തുന്നു.