മാറ്റമുണ്ടാക്കാൻ ശേഷിയുള്ളത് ‘ചെറിയ’ മാധ്യമങ്ങൾക്ക് മാത്രം

‘അഹിംസാത്മക മാധ്യമപ്രവർത്തനത്തിന്റെ സമകാലിക പ്രാധാന്യം’ എന്ന വിഷയത്തിൽ 2023 ജനുവരി 14ന് തുഷാർ ​ഗാന്ധി കേരളീയം മീഡിയ ഹൗസിൽ നടത്തിയ പ്രഭാഷണം. വിവർത്തനം: ആദിൽ മഠത്തിൽ

വയലൻസ് സ്വീകാര്യമായ ഒരിടം ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ അത് മാധ്യമപ്രവ‍ത്തനമാണ് എന്ന് ഞാൻ പറയും. വയലൻസ് എന്നതുകൊണ്ട് വെറുപ്പ് അല്ല ഞാൻ ഉദ്ദേശിക്കുന്നത്. അക്രമണോത്സുകമായ മാധ്യമപ്രവ‍ത്തനമാണ് അ‍ർത്ഥമാക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അക്രമണോത്സുകമാംവിധം ആത്മാ‍ർത്ഥമായ മാധ്യമപ്രവ‍ർത്തനം. ഈ രാജ്യം സംസാരിക്കേണ്ട വിഷയങ്ങളെ അവതരിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്താത്ത മാധ്യമപ്രവ‍ർത്തനം. തോക്കുകളും ബോംബുകളും ഉപയോ​ഗിക്കുന്ന അക്രമണത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. അക്രമണോത്സുകമായ സ്പിരിറ്റിനെ കുറിച്ചാണ് പറയുന്നത്. അനീതിക്കെതിരെ പോരാടാനുള്ള സ്പിരിറ്റ്, ദൗർഭാ​ഗ്യവശാൽ ഭൂരിഭാ​ഗം മാധ്യമപ്രവ‍ർത്തകരിലും ഇന്നത് കാണാനാവുന്നില്ല.

ഇതൊരു ചെറിയ മാധ്യമസ്ഥാപനമാണെന്ന് പലരും പറയുന്നത് കേട്ടു. വലിപ്പത്തിലല്ല കാര്യം. സ്പിരിറ്റിലാണ് കാര്യം. നിങ്ങൾ എല്ലാവരും ഭയപ്പെടാത്ത മാധ്യമപ്രവ‍ർത്തകരാണ്. ഈ മുറിയിൽ ഉള്ളവരെല്ലാം ഭയമില്ലാത്ത മാധ്യമപ്രവർത്തകരാണെങ്കിൽ ഇന്ന് ആ രീതിയിൽ പ്രവർത്തിക്കുന്നവരിൽ ഏറിയ പങ്കും ഇത്തരം ഇടങ്ങളിലാണുള്ളത്. അതൊട്ടും ചെറിയ കാര്യമല്ല. ഈ രാജ്യത്ത് ഒരു മാറ്റം ഉണ്ടാക്കാനാകും വിധം ശക്തരാണ് നിങ്ങൾ, അതാണ് അനിവാര്യം.

മാധ്യമപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. ബാപ്പു മാധ്യമങ്ങളുടെ ശക്തിയിൽ വിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ ചിന്തകൾ സമൂഹത്തിലേക്ക് പകരാനായി അദ്ദേഹം മാധ്യമങ്ങളെ ഉപയോ​ഗപ്പെടുത്തി. ആഫ്രിക്കയിൽ നിന്നുതന്നെ അതു തുടങ്ങി. ഇന്ത്യൻ ഒപീനിയൻ ആരംഭിച്ച് പ്രസാധനം ചെയ്തു. പിന്നീട് ഹരിജനും യങ് ഇന്ത്യയും ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ തന്റെ സന്ദേശം അദ്ദേഹം ഇന്ത്യയ്ക്കു പക‍ർന്നുനൽകി.

എന്റെ മുത്തച്ഛൻ മണിലാൽ ​ഗാന്ധിയെ ഫീനിക്ക്സ് ആശ്രമത്തിന്റെ മേൽനോട്ടത്തിനും യങ് ഇന്ത്യയുടെ പ്രസിദ്ധീകരണം തുടരുന്നതിനുമായി ആഫ്രിക്കയിലേക്ക് അയക്കുകയുണ്ടായി. എന്റെ അച്ഛൻ അതിൽ പ്രവ‍ർത്തിച്ചു. മുത്തച്ഛന്റെ മരണശേഷം അഞ്ചുവ‍ർഷക്കാലം എന്റെ മുത്തശ്ശി ഇന്ത്യൻ ഒപ്പീനിയൻ നടത്തി. 1959 ൽ ഇന്ത്യൻ ഒപ്പീനിയന്റെ പ്രവർത്തനം നിലച്ചു. എന്റെ അച്ഛൻ 25 വർഷം ടൈംസ് ഓഫ് ഇന്ത്യക്കായി പ്രവർത്തിച്ചു. എന്റെ കരിയറിന്റെ ആദ്യ മൂന്നുവർഷങ്ങളിൽ മുംബൈ ന​ഗരപ്രാന്തങ്ങളിൽ നിന്നുള്ള ഒരു ടാബ്ലോയ്ഡ് പ്രസിദ്ധീകരിക്കുവാനായി ഞാൻ എന്റെ അച്ഛനെ സഹായിച്ചു. ഇങ്ങനെ മാധ്യമപ്രവർത്തനവും പ്രസാധനവും എന്റെ രക്തത്തിലുള്ളതാണ്.

മഹാത്മാ​ ​ഗാന്ധി പത്രം വായനയിൽ

ഒരു മാധ്യമസ്ഥാപനം നടത്തുവാനുള്ള പ്രതിസന്ധികൾ എനിക്കറിയാം. ഇന്ന് ഭാ​ഗ്യവശാൽ ഇലക്ട്രോണിക്ക് സംവിധാനങ്ങളിലൂടെയും ഇടപെടലുകൾ സാധ്യമാണ്. എന്നാൽ അച്ചടി മാധ്യമങ്ങൾ അഭിമുഖീകരിക്കാത്ത പുതിയ പ്രശ്നങ്ങളെ ഇന്നു നേരിടേണ്ടതായുണ്ട്. തെറ്റായ വിവരങ്ങളും, പ്രൊപ​ഗാണ്ടകളുമാണ് ഇന്ന് ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഭരിക്കുന്നത്. ഇത് മാധ്യമപ്രവർത്തക‍ർക്കുള്ള വെല്ലുവിളികൂടിയാണ്. അതുകൊണ്ടുതന്നെ നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിങ്ങളെ ഞാൻ അഭിനന്ദിക്കുകയാണ്.

എന്റെ മുത്തച്ഛന്റെ ഒരു കഥ പറഞ്ഞുകൊണ്ട് ഞാൻ ഉപസംഹരിക്കാം. സൗത്ത് ആഫ്രിക്കയിൽ എത്തി മണിലാൽ ​ഗാന്ധി ഇന്ത്യൻ ഒപ്പീനിയൻ പ്രസിദ്ധീകരിക്കുകയായിരുന്നു. വരിസംഖ്യയിലൂടെ മാത്രം പത്രം നടത്തിക്കൊണ്ട് പോവാൻ അദ്ദേഹം നന്നെ പ്രയാസപ്പെട്ടു. പരസ്യങ്ങൾ സ്വീകരിക്കുവാൻ അനുവാ​ദം ചോദിച്ചുകൊണ്ട് അദ്ദേഹം ബാപ്പുവിന് എഴുതി. ഈ ആവശ്യത്തിന്റെ അനിവാര്യത അ​ദ്ദേഹം സമ‍ത്ഥിച്ചു. ഇന്ത്യൻ ഒപ്പീനിയൻ പുറത്തിറക്കുവാനുള്ള ചെലവ് എത്രത്തോളമാണ് എന്ന് വിവരിച്ചു. അതിനോട് താരതമ്യപ്പെടുത്തുമ്പോൾ വരിസംഖ്യയിലൂടെയുള്ള വരുമാനം ഒന്നും തന്നെയല്ലായിരുന്നു. ബാപ്പു അദ്ദേഹത്തോട് പറഞ്ഞു, പരസ്യം സ്വീകരിക്കുന്നതിന് മുമ്പെ നീ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതാവും ഭേദം. എന്തെന്നാൽ നീ പരസ്യം സ്വീകരിച്ചു തുടങ്ങുന്ന നാൾതൊട്ട് പ്രലോഭനം തുടങ്ങും. ഇന്ന് നീ ഒരു പരസ്യം സ്വീകരിക്കും, നാളെ രണ്ടെണ്ണം വരും, പിന്നെ ഓരോ പരസ്യത്തിനും നീ വാ‍ർത്തകളുടെ ഇടം കുറച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരുനാൾ നിന്റെ പത്രം പരസ്യങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്നതും എഡിറ്റോറിയൽ ഇല്ലാത്തതുമായിത്തീരും. അത് സംഭവിക്കുന്നതിന് മുന്നെ അച്ചടി നി‍ർത്തുന്നതാണ് നല്ലത്.

അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു അപകടം പരസ്യം നൽകുന്നവരുടെ ഇടപെടലാണ്. ഇത്തരം വാർത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കണമെന്നും ഇന്നതൊക്കെ ഒഴിവാക്കണമെന്നും പരസ്യക്കാർ നിർദ്ദേശിച്ചു തുടങ്ങും. കാരണം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ ഉപഭോക്താക്കൾ ഈ പരസ്യങ്ങൾ കാണില്ല എന്നവ‍ർ പറയും. നീ ബ്ലാക്ക്മെയിൽ ചെയ്യപ്പെടും, അതുകൊണ്ട് അത് അനുവദിക്കരുത്. എന്റെ മുത്തച്ഛൻ ആ ഉപദേശം സ്വീകരിക്കുകയും ഒരൊറ്റ പരസ്യം പോലും പ്രസിദ്ധീകരിക്കാതെ ഇന്ത്യൻ ഒപ്പീനിയൻ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. അത്തരം സമർപ്പണമാണ് നമ്മൾ മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത്. ആദർശാത്മകമായ മാധ്യമപ്രവർത്തനത്തിലൂടെ സാമൂഹികമായ കടമ നിർവഹിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള മാധ്യമപ്രവർത്തനത്തിന്റെ പ്രാപ്തി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്ക് മാധ്യമങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read