പഴയ ഭവനങ്ങളിൽ തങ്ങിനിൽക്കുന്ന പലസ്തീനികൾ

അമ്പത്തിനാലാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങിയിട്ടും വിടാതെ പിന്തുടർന്ന ചലച്ചിത്രാവിഷ്കാരമാണ് എ ഹൗസ് ഇൻ ജെറുസലേം എന്ന പലസ്തീനിയൻ സിനിമ. ബി.ജെ.പി ഭരണത്തിൻ കീഴിൽ നടന്നുവന്ന മേളകളിൽ പതിവുപോലെ ഇത്തവണയും മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും, പാക്കേജുകളും തഴയപ്പെട്ടിട്ടും പേരിനുണ്ടായ, പലസ്തീൻ രാഷ്ട്രീയം വിളക്കിച്ചേർക്കപ്പെട്ട ഈ ചിത്രം ഏറെ ശ്രദ്ധ നേടി. അപകടത്തിൽ മരണമടഞ്ഞ അമ്മയുടെ മരണത്തിൽ നിന്നും കരകയറാൻ സഹായിക്കാനുതകുന്ന ഒരു പുതിയ തുടക്കത്തിനായി ഇംഗ്ലണ്ടിൽ നിന്ന് ജറുസലേമിലേക്ക് പിതാവിനൊപ്പം പുറപ്പെട്ടപ്പെട്ട ഒരു ജൂത-ബ്രിട്ടീഷ് പെൺകുട്ടിയായ റബെക്ക ജറുസലെമിലെ ആ വീട്ടിൽ തുടരുന്ന നിമിഷങ്ങളാണ് ചിത്രത്തിൻ്റെ കാതൽ. സന്തോഷകരമായ പുതിയൊരു കൊച്ചു ജീവിതം റബേക്കക്കുണ്ടാകണമെന്ന പിതാവായ മൈക്കിളിൻ്റെ ആഗ്രഹമാണ് മൈക്കിളിൻ്റെ അപ്പൻ്റെ വീട്ടിലേക്ക് അവരെ എത്തിച്ചത്. എന്നാൽ ആ പഴയ വീട്ടിൽ നിന്ന് ഒരു പലസ്തീനിയൻ പെൺകുട്ടിയുടെ പ്രേതത്തെ അവൾ കണ്ടുമുട്ടുന്നു.

പ്രേതങ്ങളുടെ താഴ്‌വര എന്നറിയപ്പെടുന്ന ആ പ്രദേശത്തെ പഴയ വീട്ടിൽ താമസമാക്കിയ ഉടൻ, നിഗൂഢമായ സംഭവങ്ങളുടെ ഒരു പരമ്പര ആരംഭിക്കുകയും, മൈക്കിൾ റെബേക്കയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വീടിന്റെ നിഗൂഢതയിലേക്കും ജറുസലേമിലെ നിഗൂഢ നഗരത്തിലേക്കും ആഴത്തിൽ മുങ്ങി, വീടിന്റെ നിഴലുകളിൽ എന്താണ് മറഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താൻ റെബേക്ക ഒരു യാത്ര പുറപ്പെടുന്നു. പ്രതിഭാധനരും, സഹോദരന്മാരുമായ മുയാദ്, റാമി അലയാൻ എന്നിവർ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന എ ഹൗസ് ഇൻ ജെറുസലേം, ഓർമ്മയുടെ ശക്തിയും സ്നേഹത്തിന്റെ ശക്തിയും പര്യവേക്ഷണം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കണ്ണുകളിലൂടെ പറയുന്ന സസ്പെൻസ് നിറഞ്ഞതും ഹൃദയസ്പർശിയുമായ രചനയാണ്.

എ ഹൗസ് ഇൻ ജെറുസലേം സിനിമയിൽ നിന്നും

പടിഞ്ഞാറൻ ജറുസലേമിലെ ഗോഥിക് ശൈലി നിറഞ്ഞ മനോഹരമായ കൽക്കെട്ടിടം പ്രേതസിനിമയെന്ന് തോന്നിക്കുമെങ്കിലും, പോകെപ്പോകെ ശക്തമായ രാഷ്ട്രീയ സ്ഥിതിവിശേഷത്തിലേക്ക് വഴിമാറുന്ന കഥാവിന്യാസം നമ്മെ അത്ഭുതപ്പെടുത്തും. 1948 ൽ തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെ പലസ്തീൻദേശത്ത് കുടിയിരുത്തുമ്പോൾ പലസ്തീനികൾ ചരിത്രത്തിലന്നോളം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നക്ബയുടെ ചരിത്രവും സിനിമയിൽ കടന്നുവരുന്നുണ്ട്. പലസ്തീനികൾ ഗോഥിക് ശൈലിയിൽ നിർമ്മിച്ച (പ്രേതസിനിമയിലെ കെട്ടിടങ്ങൾ കൂടുതലും ഗോഥിക് ശൈലിയിലുള്ളതാണല്ലോ) ആ കെട്ടിടങ്ങൾ പൈതൃക ചരിത്രങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. 1948 ൽ നഖ്ബ സംഭവത്തിൽ നാടും വീടും വിട്ടോടിയ പലസ്തീനികൾ നിർമ്മിച്ചതായിരുന്നല്ലോ അവ. പ്രേതപരിവേഷം അതിനൊരു മെറ്റഫർ ആയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്തരമൊരു ഇട്ടെറിഞ്ഞോടിയ വീട്ടിലേക്കാണ് ആ ജൂത പെൺകുട്ടി എത്തുന്നത്. ഫാന്റസിയും റിയാലിറ്റിയും ഇഴചേർന്ന പരിചരണത്തിലൂടെ പ്രേക്ഷകരെ ‘ഹോണ്ട്’ ചെയ്യുന്ന അനുഭവമായിത്തീരുന്നു, ക്ലാസിക് ശൈലിയിൽ എടുത്ത ഈ ചിത്രം. കഥാപാത്രങ്ങളെ സവിശേഷമായ രീതിയിൽ കോർത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് ഘടനാപരമായി സങ്കീർണമായതും ഉള്ളടക്ക നിബി‍‌ഡവുമായ ഈ ചിത്രത്തിനുള്ളത്.

സംഘ‍ർഷവും വേദനയും നിറഞ്ഞ സന്ദർഭങ്ങളിലും പ്രത്യാശയുടെ നാളങ്ങൾ കാത്തുവെക്കാൻ ചിത്രം പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. മനുഷ്യമനസ്സിൽ അവശേഷിക്കുന്ന നിർബന്ധിത പലായനത്തിന്റെ നോവാർന്ന പാടുകൾ സിനിമ അടയാളപ്പെടുത്തിവയ്ക്കുന്നു. ഓർമ്മകളുടേയും മാനസികാഘാതങ്ങളുടേയും തലത്തേക്കാൾ സിനിമയുടെ സാമൂഹ്യ- രാഷ്ട്രീയ അന്തർഗതങ്ങളാവും സമകാലിക ലോകാവസ്ഥയിൽ പ്രേക്ഷകശ്രദ്ധയിൽപ്പെടുക. കുട്ടിത്തം നിറഞ്ഞ ഒരു പെൺമനസ്സിന്റെ സഹജാവബോധത്താൽ പ്രേരിതമായ സഞ്ചാരപഥം അതിന്റെ അവസാനം യാതനകളുടേയും നഷ്ടങ്ങളുടേയും ലോകത്തുനിന്ന് വിമുക്തി നേടുന്ന വികാരവിരേചനത്തിലേക്ക് നയിക്കുന്നു. ഏകപക്ഷീയമായ പുറംതള്ളലുകൾ സൃഷ്ടിക്കുന്ന മനുഷ്യമനസ്സിന്റെ യാതനകളേയും ആഘാതങ്ങളേയും പരിഗണിക്കേണ്ടതുണ്ട് എന്ന് അധിനിവേശശക്തികളെ സ്നേഹപൂർവ്വം ഓർമിപ്പിക്കുന്ന തലമാണിതിൽ പ്രബലമായിട്ടുള്ളത്.

സിനിമയിലെ ദൃശ്യം

പത്തു വയസ്സുകാരി റബേക്ക (Miley Locke) ജറുസലേമിലുള്ള അപ്പൂപ്പന്റെ വീട്ടിലേക്ക് പോകുന്നത് അവളുടെ അമ്മയുടെ അപകടമരണത്തെത്തുടർന്നാണ്. ജീവിതത്തിൽ നിന്നുള്ള അമ്മയുടെ വിടവാങ്ങൽ തളർത്തിയ മനസ്സുമായാണ് ഈ ജൂതപെൺകിടാവ് അവിടെ എത്തിപ്പെടുന്നത്. പിതാവ് മൈക്കിളിനൊപ്പമാണ് (Johnny Harris) ബ്രിട്ടനിൽ നിന്ന് അവൾ അവിടെയെത്തിയത്. ഒരു പുതിയ ജീവിതം കൊച്ചു റബേക്കക്കുണ്ടാകണമെന്ന ആഗ്രഹമാണ് ദുഃഖിതനായ മൈക്കിളിന്റേത്. മറ്റാരുമില്ലാത്ത പഴയ ഭവനത്തിൽ ഒരു പെൺകുട്ടിയുടെ പ്രേതത്തെ റബേക്ക കണ്ടെത്തുന്നതോടെ റബേക്കയുടെയും പിതാവിന്റേയും ജീവിതം മാറുന്നു. ഒപ്പം കഥ സഞ്ചരിക്കുന്ന വഴികളും. പ്രേതങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന പടിഞ്ഞാറൻ ജറുസലേമിലാണ് അവൾ താമസിക്കാനെത്തുന്ന വീട്. പരിസരങ്ങളുമായി വിനിമയത്തിലായ റബേക്ക വീട്ടുവളപ്പിലുണ്ടായിരുന്ന ഉപയോഗിക്കാത്ത കിണറിൽ പഴക്കമുള്ള ഒരു പാവ കണ്ടെത്തുന്നതോടെ പുതിയ തലത്തിലേക്ക് സംഭവങ്ങൾ വികസിക്കുന്നു. റഷയെന്ന (Sheherazade Farrell) സമപ്രായക്കാരിയായ കുട്ടിയുടെ സാന്നിധ്യം റബേക്കക്ക് മാത്രം ഗോചരമായ രീതീയിൽ അവിടെ ഉണ്ടാകുന്നു. അഭൗമ പരിവേഷമുള്ള അവൾ ഒരു പലസ്തീൻ പെൺകുട്ടി ആയിരുന്നു എന്നു റബേക്ക പതിയെ മനസ്സിലാക്കുന്നു. 1948- ലെ അധിനിവേശ യുദ്ധകാലത്ത് കുടുംബത്തോടൊപ്പം നാടുവിടേണ്ടി വന്നവളായിരുന്നു സങ്കടം സാന്ദ്രീകരിച്ച മുഖമുള്ള റഷ. റഷയുടെ അസ്തിത്വവും വേരും അന്വേഷിച്ച് വീടുവിട്ടിറങ്ങുന്ന റബേക്കയെ തന്റെ തിരച്ചിൽ എത്തിച്ചത് ബത്‍ലഹേമിലുള്ള ഒരു പലസ്തീൻ അഭയാർത്ഥിക്യാമ്പിലെ പാവനിർമാണം നടത്തുന്ന വൃദ്ധയായ ഒരു സ്ത്രീയിലായിരുന്നു (Souad Faress). നഖ്ബ ദുരന്തവും, ഇസ്രായേലിൻ്റെ അധിനിവേശവും റബേക്കയുടെ വൃദ്ധയുടെ വീട്ടിലേക്കുള്ള യാത്രയിലൂടെ നമുക്ക് മനസ്സിലാകുന്നു. ചെക്ക് പോസ്റ്റുകളും, സർവയലൻസ് ക്യാമറകളും ചൂഴ്ന്നു നോക്കുന്ന, വേർതിരിക്കുന്ന വൻമതിലുകളും ബിംബങ്ങളായി മുന്നിൽ നിൽക്കുന്നു.

സിനിമയിലെ ദൃശ്യം

റബേക്കയുട നോവും സംഘർഷവും പ്രേക്ഷകരിലേക്ക് പടർന്നുകയറുന്ന രീതിയിലാണ് ആഖ്യാനം മുമ്പോട്ടുപോകുന്നത്. റഷയെന്ന പ്രേതസാന്നിദ്ധ്യത്തെ ചുറ്റിപ്പറ്റിയുള്ള സസ്‍പെൻസ് നിലനിർത്തിക്കൊണ്ട് കൂടിയാണ് ആ സഞ്ചാരം. രഹസ്യാത്മകത ചുരുളഴിയവേ രാഷ്ട്രീയ യാഥാർത്ഥ്യലേക്ക് അടുക്കുകയാണ് സിനിമ. പ്രകൃത്യതീത ശക്തികൾ കൂടി കടന്നുവരുന്ന കഥയെ ദൃഢപ്പെടുത്തുന്നതും പ്രസക്തമാക്കുന്നതും അതിലെ രാഷ്ട്രീയമായ ഉൾപ്രവാഹങ്ങളാണ്. അവ സിനിമ അവസാനത്തോടടുക്കുന്തോറും കൂടുതൽ പ്രകടമായി വരുന്നുമുണ്ട്. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന്റെ സമകാലിക പശ്ചാത്തലത്തിൽ സിനിമയുടെ അന്ത്യരംഗങ്ങൾ വർദ്ധമാനമായി ശ്രദ്ധനേടുന്നു. ഹൊറർ, വയലൻസ് എന്നിവയുടെ ആധിക്യമില്ലാതെ മനോഹരമായ പക്വതയോടെ ആഖ്യാനം നിർവഹിക്കപ്പെട്ടിട്ടുണ്ട് ഈ രംഗങ്ങളിൽ. റബേക്കയുടെ നോട്ടപ്പാടിൽ നിന്നുകൊണ്ടാണ് സ്പഷ്ടമായും ലളിതമായും ആഖ്യാനം നിർവഹിക്കപ്പെട്ടിരിക്കുന്നത്.

പങ്കാളിയുടെ നഷ്ടം സമ്മാനിച്ച വേദനയിലൂടെ ജീവിതം തള്ളിനീക്കുന്ന മൈക്കിൾ തന്റെ അച്ഛന്റെ മരണത്തെത്തുടർന്ന് ലഭിച്ച പരമ്പരാഗത സ്വത്തായ പഴയ ബം​ഗ്ലാവിലേക്ക് മകളെ മാറ്റിപാർപ്പിക്കുന്നത് പുതിയ തുടക്കം മകൾക്കുണ്ടാവണമെന്ന് ഉദ്ദേശ്യത്തോടെയാണ്. പിതാവ് തന്റെ ജോലികളുമായി തിരക്കിലായതിനാൽ റബേക്ക വീട്ടിൽ തന്റെ സ്വകാര്യങ്ങളുമായി കഴിഞ്ഞുവരികയായിരുന്നു. പുതിയ സ്കൂളിലും അവൾ മിക്കവാറും ഏകാകിയായിരുന്നു. അവൾ കണ്ടെത്തിയ കറുത്ത കണ്ണുകളുള്ള പാവ ചില സൂചനകളായി അവളുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. റബേക്കക്ക് മാത്രം കാണാനാവുമായിരുന്ന മറ്റൊരു പെൺകുട്ടിയുടെ സാന്നിധ്യം ചകിതയായ റബേക്കയിൽ പ്രത്യക്ഷമാക്കിയത് ആ പാവയാണ്. ഭൂതാവിഷ്ടമായ നിരവധി വെളിപ്പെടലുകളിലൂടെയും വിനിമയങ്ങളിലൂടേയും റബേക്കയും റഷയും സ്നേഹിതകളായി മാറുകയായിരുന്നു. അമ്മയെ നഷ്ടപ്പെട്ട റബേക്കയും വീടും നാടും പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ട റഷയും. റഷയെ സംബന്ധിച്ച വാസ്തവം കണ്ടുപിടിക്കാനായി റബേക്ക തീരുമാനിക്കുകയാണ്. ബത്‍ലഹേമിലുള്ള അഭയാർത്ഥി ക്യാമ്പിലേക്കുള്ള സ്വപ്നസമാനമായ രാത്രി യാത്രയിലേക്ക് റബേക്കയെ തീരുമാനം നയിക്കുകയായിരുന്നു. ഉദ്വേഗജനകമായ സീക്വൻസുകളാണ് ആ ഭാഗത്തുള്ളത്. അവിടെ വച്ചാണ് വൃദ്ധയെ റബേക്ക കാണുന്നത്. അവരടക്കം ഓർമ്മകളുടേയും ഓർമ്മ നഷ്ടങ്ങളുടെയും ഭാരത്താൽ ജീവിക്കാൻ വിധിക്കപ്പെട്ട അഭയാർത്ഥികളാണ് അവിടെ ഉണ്ടായിരുന്നത്. അനീതി നടന്ന ഭൂതകാലത്തെക്കുറിച്ചുള്ള ഈ റഫറൻസിലൂടെ സംവിധായകൻ സിനിമയെ ചരിത്രപരമായ സാംഗത്യമുള്ള മറ്റൊരു തലത്തിലേക്ക് നയിക്കുകയാണ്.

എ ഹൗസ് ഇൻ ജെറുസലേം പോസ്റ്റർ

വേദനയും ദേഷ്യവും നിസ്സഹായതയും നിറഞ്ഞ മൈക്കിളിന്റെ ശബ്ദമില്ലാത്ത കരച്ചിലുകൾ ഇതിനിടെ സംഭവിക്കുന്നുണ്ട്. രഹസ്യാത്മകത നിറഞ്ഞ ഒരു തലം അവയ്ക്കുണ്ടെന്ന് തോന്നുന്ന വിധത്തിലാണത്. വീടിന്റെ ചരിത്രത്തിന് പിന്നിൽ ഉണ്ടെന്ന് സംശയിക്കുന്ന രഹസ്യത്തിന്റെ ചുരുളഴിയുന്നത് റബേക്കയുടെ ബത്ലഹേമിലേക്കുള്ള യാത്രയോടെയാണ്. റബേക്കക്ക് മാത്രമേ റഷയെ കാണാൻ കഴിയുന്നുള്ളൂ എന്നതിൽ മനുഷ്യരെ മനസ്സിലാക്കാൻ ബാല്യത്തിന്റെ നിഷ്കളങ്കതക്കാണ് കഴിയുക എന്ന പ്രസ്താവന കൂടിയുണ്ട്. അതിന് സ്നേഹവും ഓർമ്മകളും സഹായിക്കും എന്നും. തന്നെ സംബന്ധിച്ചിടത്തോളം യാഥാർത്ഥ്യമായതും മറ്റുള്ളവരെ സംബന്ധിച്ച് പരിഹാസ്യവുമായ ഒരനുഭവത്തെയാണവൾ വിടാതെ പിന്തുടരുന്നത്. ഇസ്രായേൽ രാഷ്ട്രരൂപീകരണത്തിന്റെ രാഷ്ട്രീയവും നൈതികവുമായ അടിയൊഴുക്കുകളിലേക്ക് കൂടി വെളിച്ചം തരുന്ന ഈ സിനിമ അടിസ്ഥാനപരമായി സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സിനിമാറ്റിക് ഗാഥയാണ്. സസ്പെൻസും ഹൊററും സ്നേഹവും വേദനയും പലായനവും എല്ലാം നന്നായി ബാലൻസ് ചെയ്തിട്ടുണ്ട്, കൂടുതൽ സമയവും പലസ്തീൻ പെൺകിടാവിന്റെ ആത്മാവ് തങ്ങിനിൽക്കുന്ന വീട്ടകത്തും പരിസരത്തും കറങ്ങുന്ന ദൃശ്യങ്ങളടങ്ങിയ ചലച്ചിത്രം.

ബലപ്രയോഗത്താൽ പുറത്താക്കപ്പെട്ടവരുടെ പിൻഗാമികളാണ് സിനിമയുടെ സംവിധായകരായ സഹോദരന്മാർ. തങ്ങളുടെ മാതാപിതാക്കൾ അവരുടെ തന്നെ പ്രേതങ്ങളോടൊപ്പം ജീവിക്കേണ്ടിവന്നവരാണെന്ന് റമി അലയൻ രേഖപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളിൽ നിന്ന് കേട്ട അതിജീവന കഥകളിൽ അത്തരം അനുഭവകഥനങ്ങൾ ഉണ്ടായിരുന്നതായും ചിത്രത്തിന്റെ ശിൽപ്പികളായ സഹോദരന്മാർ പറഞ്ഞിട്ടുണ്ട് .“If you make a Palestinian film, there’s no escaping the politics” എന്ന് റമി അലയൻ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. പരിചരണത്തിന്റെ സവിശേഷതകളിലൂടെയാണ് ഈ ചിത്രത്തിൽ രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. റബേക്ക റഷയെ കണ്ടെത്താനായി ബത്‍ലഹേമിലേക്ക് പോകുന്ന സീക്വൻസുകൾ ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗമാണ്. പലസ്തീനിന്റെ മുദ്രകൾ വഹിക്കുന്ന പരാമ്പരാഗത കരകൗശല വസ്തുക്കൾ റബേക്കക്ക് അഭയാർത്ഥി മന്ദിരത്തിൽ കാണാനാകുന്നുണ്ട്. അധികാരികളാൽ സദാസമയവും സർവയലൻസിന് വിധേയരാണവർ. അവിടെയുള്ള കൈവേലകൾ നിറഞ്ഞ പാവകൾ സ്വന്തം വീട്ടിനകത്തെ രഹസ്യങ്ങൾ മറനീക്കുന്നതായി മ്ലാനവദനയായ റബേക്ക കണ്ടെത്തുകയാണ്. അധിനിവേശക്കാർക്ക് തുടച്ചുനീക്കാനാവാത്ത സാന്നിദ്ധ്യമായാണ് ഒരു പക്ഷേ, റഷയുടെ പ്രേതത്തിന്റെ പ്രത്യക്ഷപ്പെടലും നിലനിൽപ്പും. ജീവിതത്തിന്റെ ഒരു ഭാഗം വ്യാഖ്യാനത്തിന് വിധേയപ്പെടാത്ത കാരണങ്ങളാൽ തങ്ങളുടെ പഴയ ഭവനങ്ങളിൽ ഇപ്പോളും തങ്ങിനിൽക്കുന്നുണ്ട് എന്ന് പറിച്ചുനടപ്പെട്ട പലസ്തീനികൾ ഇന്നും കരുതുന്നുണ്ട് എന്നത് യാഥാർത്ഥ്യമത്രെ.

മുയാദ്, റാമി അലയാൻ സഹോദരന്മാർ

സിനിമയുടെ ഉള്ളടക്കം നോവുകളും സ്മരണകളും നിറഞ്ഞതും രാഷ്ട്രീയത്തിന്റെ ഉൾപ്രവാഹത്താൽ കരുത്തുറ്റതുമായ ഒന്നാണ്. ഒരു പെൺകുട്ടിയുടെ അന്തരാളത്തിലെ നന്മയെ ഉദാത്തമായി ഉയർത്തിക്കാട്ടാതെ തന്നെ ചിത്രം ആവിഷ്കരിക്കുന്നു. ഇസ്രായേലിലേയും പലസ്തീനിലേയും യുവതയെ ഇത് സ്പർശിക്കുമെങ്കിൽ സിനിമ അതിന്റെ ലക്ഷ്യം നിറവേറ്റും. കുട്ടികൾക്ക് വിവിധ സാംസ്കാരിക സ്വത്വങ്ങൾക്ക് കുറുകെ സൗഹാർദ്ദത്തിന്റേയും കൂട്ടുജീവിതത്തിന്റേയും സ്ഥലികൾ കണ്ടെത്താനും സ്നേഹത്തിന്റെ പാലങ്ങൾ പണിയാനും കഴിയും എന്ന ആശയത്താൽ പ്രചോദിതരാണ് സിനിമയുടെ ശിൽപ്പികൾ. മുതിർന്നവർ മുറിവുണക്കുന്നതിൽ തോൽക്കുന്നിടത്ത് കുട്ടികൾ വിജയം നേടുന്നു. ഭൂതകാലത്തിൽ തളയ്ക്കപ്പെട്ടതും പ്രേതമാക്കപ്പെട്ടതുമായ (ghostified) ഒരാളുടെ ആത്മാവ് എന്ന ആശയം സിനിമയിൽ പുതിയതല്ലെങ്കിലും സാമാന്യ ജീവിത ചിത്രീകരണത്തിന്റെ ആഖ്യാനമണ്ഡലത്തിൽ അതിനെ കൈകാര്യം ചെയ്യുക ശ്രമകരമാണ്. ഇവിടെ പ്രേതാത്മാവ് സമാന്തരമായി നിലനിൽക്കുന്ന ലോകങ്ങളെ ഇണക്കുകയും ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിലെ പാലമായി വർത്തിക്കുകയും ചെയ്യുന്നു.

സിനിമ മുഖ്യമായും നിർമിച്ചിരിക്കുന്നത് Palestine’s PalCine Productions, UK’s Wellington Films Limited എന്നിവ ചേർന്നാണ്. കേന്ദ്രകഥാപാത്രമായ റബേക്കയെ അവതരിപ്പിച്ച Miley Locke ഉൾതാപത്താൽ പിടയുമ്പോഴും നന്മ ചെയ്യാനുഴറുന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു. റഷയെ അവതരിപ്പിച്ച Sheherazade യും മികവ് തെളിയിച്ചു. ഉള്ളിലെ താപം മറച്ചുവെക്കുന്ന മൈക്കിളിനെ ബ്രിട്ടീഷ് നടൻ Johnny Harris ഗംഭീരമാക്കി. അലക്സ് സിമു (Alex Simu) വിന്റെ പശ്ചാത്തല സംഗീതം സന്ദർഭത്തിനും മൂഡിനുമനുസരിച്ച് ഒരുക്കപ്പെട്ടതായി അനുഭവപ്പെട്ടു. Simone Weber ആണ് സൗണ്ട് ഡിസൈൻ നിർവഹിച്ചത്. Rachel Erskine എഡിറ്റിംഗ് നിർവഹിച്ച സിനിമയിൽ അറബി, ഇംഗ്ലീഷ്, ഹിബ്രു ഭാഷകളിലുള്ള സംഭാഷണങ്ങളുണ്ട്. ക്യാമറ കൈകാര്യം ചെയ്ത Sebastian Bock കഥയുടെ ആന്തരാർത്ഥം ഗ്രഹിച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണൊരുക്കിയത്. ക്ലോസ്അപ്പ് ഷോട്ടുകൾ ഫലപ്രദവും ശക്തവുമായി. വീടിനു പുറത്തുള്ള ദൃശ്യങ്ങൾ വർണ്ണാഭവും അകത്തുള്ളവ സന്ദർഭം ആവശ്യപ്പെടുന്ന തരത്തിൽ മങ്ങിയതുമായിരുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 7, 2023 10:38 am