ഇസ്രായേൽ തകർത്ത ക്യാമറകളിൽ പലസ്തീൻ പ്രതിരോധം

ലോക രാഷ്ട്രങ്ങളുടെ അനുവാദത്തോടെ ഇസ്രായേൽ പലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്ന സാഹചര്യത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡോക്യമെൻ്ററിയുണ്ട്, ഇമാദ് ബർണറ്റ് എന്ന പലസ്തീനി കർഷകൻ അഞ്ച് വർഷത്തോളമെടുത്ത് പകർത്തിയ ‘ഫൈവ് ബ്രോക്കൺ ക്യാമറാസ്.’ 2005ൽ ജനിച്ച നാലാമത്തെ മകൻ്റെ വീഡിയോ പകർത്താൻ വേണ്ടി ക്യാമറ വാങ്ങിയ ഇമാദ്, പിന്നീട് തൻ്റെ നാടായ ബിലിനിലെ കൃഷിഭൂമി കയ്യേറി വേലികൾ നിർമ്മിക്കാനുള്ള ഇസ്രായേലിൻ്റെ ശ്രമങ്ങളും അതിനെതിരെയുള്ള നാട്ടുകാരുടെ ചെറുത്ത് നിൽപ്പുകളും അനുബന്ധ സംഭവങ്ങളെയും ക്യാമറയിലൂടെ പകർത്താൻ തുടങ്ങി. നാല‌് വർഷത്തോളം നീണ്ട ഫിലിം മേക്കിങ്ങിനിടയിൽ ഇമാദിൻ്റെ അഞ്ച് ക്യാമറകൾ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും തകർത്തു. 2009ൽ ഇസ്രായേൽ ഫിലിംമേക്കർ ഗയ് ദാവിദിയും ഈ പ്രൊജക്റ്റിന്റെ ഭാഗമായി. പൊട്ടിയ ക്യാമറകളിൽ നിന്നുമെടുത്ത ഫൂട്ടേജുകൾ ചേർത്ത് വെച്ച് അവർ രണ്ടു പേരും ചേർന്ന് 2011ൽ ഈ ഡോക്യുമെൻ്ററി റിലീസ് ചെയ്തു. 2012ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡയറക്ടർക്കുള്ള അവാർഡ് നേടിയ സിനിമ, ഓസ്കർ അവാർഡിന് വേണ്ടിയും നാമനിർദേശം ചെയ്യപ്പെട്ടു. ക്യാമറയെ ഒരു സാക്ഷിയായി പ്രതിഷ്ഠിച്ചുകൊണ്ട് പലസ്തീനിലെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും ചെറുത്തുനിൽപ്പുകളെയും, അനീതികളെയും ട്രാജഡികളെയും കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കാൻ ലോകമെങ്ങും ഈ സിനിമ കാരണമായി. ഡോക്യുമെന്ററി പ്രദർശനത്തിനായി 2019ൽ ഡൽഹിയിൽ എത്തിയ ഇമാദുമായി നടന്ന സംഭാഷണം.

ഫൈവ് ബ്രോക്കൺ ക്യാമറാസ് പോസ്റ്റർ

എന്തിനാണ് താങ്കൾ ആദ്യമായി ക്യാമറ വാങ്ങിയത്?

എന്റെ കുടുംബത്തിലെ ചില നല്ല നിമിഷങ്ങൾ പകർത്താൻ വേണ്ടിയാണ് ഞാൻ ക്യാമറ വാങ്ങിയത്. എനിക്ക് ക്യാമറ ഇഷ്ടമാണ്. ക്യാമറ എന്റെ ഉറ്റ സുഹൃത്താണ്. ഇസ്രായേൽ അധിനിവേശത്തിനെതിരെ വെസ്റ്റ് ബാങ്കിലെ ബിലിൻ ഗ്രാമത്തിലുള്ള എന്റെ ജനങ്ങൾ ചെറുത്തുനിൽക്കാൻ തീരുമാനിച്ചപ്പോൾ, ചരിത്രപരമായ ആ സമരത്തിൽ പങ്കെടുക്കാൻ ക്യാമറയുമായി ഞാനും ഇറങ്ങിത്തിരിച്ചു. പക്ഷേ അഞ്ച് വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു മഹത്തായ സമരം പകർത്താനുള്ള ഒരു പോക്കാണ് അതെന്ന് അന്നെനിക്കറിയില്ലായിരുന്നു. അതേസമയം അധിനിവിഷ്ട പലസ്തീനിൽ ബാല്യം ചെലവിടാൻ വിധിക്കപ്പെട്ട എൻ്റെ മകൻ്റെ ജീവിതവും ഞാൻ ക്യാമറയിലൂടെ പകർത്തുന്നുണ്ടായിരുന്നു. ആ സമരത്തിലുടനീളം ക്യാമറയുമായി പങ്കെടുത്തത് കാരണം ഫൂട്ടേജിനായി പലരും എന്നെ സമീപിച്ചു. അപ്പോഴാണ് എന്തുകൊണ്ട് ഇതൊരു പേഴ്സണൽ സിനിമയാക്കിക്കൂടാ എന്ന ആശയം എൻ്റെ മനസ്സിൽ ഉദിച്ചത്.

താങ്കളുടെ സിനിമയിൽ ക്യാമറയ്ക്ക് ഒരു ദൃക്സാക്ഷിയുടെ പരിവേഷം ആണ്. ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയിൽ നിന്നും രക്ഷപ്പെടാൻ ക്യാമറ ഒരു കാരണമായി മാറിയിട്ടുണ്ടോ?

ക്യാമറ വളരെ ശക്തനായ ഒരു ദൃക്സാക്ഷിയാണ്. ആക്രമണങ്ങളിൽ നിന്നും അതെന്നെ സംരക്ഷിക്കും എന്ന് ഞാൻ കരുതി. പക്ഷേ, യാഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചാൽ ഒരു ക്യാമറയുടെ ശക്തി കാരണം നിങ്ങൾ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം. ക്യാമറ ഉപയോഗിക്കരുത് എന്ന് പലതവണ ഇസ്രായേൽ സൈന്യം എനിക്ക് താക്കീത് നൽകിയിട്ടുണ്ട്. എന്റെ അഞ്ചോളം ക്യാമറകൾ അവർ തകർത്തു. സമരത്തെ അടിച്ചമർത്താൻ വേണ്ടി മനുഷ്യത്വ വിരുദ്ധമായ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്ന ഇസ്രായേൽ സൈന്യം എല്ലാം കാണുന്ന എൻ്റെ ക്യാമറയെ ഭയപ്പെട്ടിരുന്നു. ക്യാമറ കാരണം എൻ്റെ ജനതക്കെതിരെയുള്ള സൈനികരുടെ ആക്രമണം താരതമ്യേന കുറഞ്ഞു എന്നത് സന്തോഷകരമായ ഒരു കാര്യമാണ്.

തകർന്ന ക്യാമറകളുമായി ഇമാദ്, ഡോക്യുമെന്ററിയിലെ ദൃശ്യം

‘ഫസ്റ്റ് പേഴ്സൺ നറേറ്റീവിന്’ ന് മികച്ച ഒരു ഉദാഹണമാണ് താങ്കളുടെ സിനിമ. സിനിമാ പരിസരവുമായുള്ള ജീവിതാനുഭവം നിങ്ങളെ ഏതൊക്കെ രീതിയിൽ ആണ് സഹായിച്ചത്? എന്തുകൊണ്ട് നിങ്ങളുടെ കഥ പറയാൻ നിങ്ങൾ തന്നെ തീരുമാനിച്ചു?

പുറത്ത് നിന്നും ക്യാമറയുമായി സിനിമ പിടിക്കാൻ വരുന്ന ആളുകൾക്ക് ഈ മണ്ണിൽ ജനിച്ച് ജീവിച്ച അനുഭവം ഇല്ല. ഞാൻ ഒരു പലസ്തീനിയാണ്. ഇസ്രായേൽ അധിനിവേശം എന്നത് ഓരോ നിമിഷവും ഞാനും എൻ്റെ കുടുംബവും നാട്ടുകാരും കടന്നുപോകുന്ന യാഥാർത്ഥ്യമാണ്. പുറത്ത് നിന്നും വന്ന് കുറച്ച് ദിവസങ്ങൾ ഇവിടെ ജീവിച്ച്, ഇവിടുത്തെ ജീവിതത്തെക്കുറിച്ച് സിനിമയെടുക്കുന്നവർ സഹാനുഭൂതിയുടെ പുറത്തോ പ്രഫഷണൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ടോ ആയിരിക്കും അത് ചെയ്യുക. ഞങ്ങളനുഭവിക്കുന്ന യാഥാർത്ഥ്യം അതേ രീതിയിൽ ഒരിക്കലും അവർക്ക് അനുഭവപ്പെടില്ല. എന്നാൽ ക്യാമറ കൊണ്ടുള്ള ഈ പോരാട്ടം എന്നത് എനിക്കെൻ്റെ ജീവിതം തന്നെയാണ്, വിമോചനത്തിനായുള്ള എൻ്റെ പോരാട്ടം.

ക്യാമറയേന്തി തെരുവിലേക്ക് ഇറങ്ങുമ്പോൾ എന്തായിരുന്നു നിങ്ങളുടെ മാനസികാവസ്ഥ?

ഒരു ക്യാമറയ്ക്ക് പിന്നിലൂടെ കാര്യങ്ങൾ കാണുമ്പോൾ ഞാൻ കുറച്ച് കൂടെ സത്യസന്ധനായിരിക്കും. ആ കഥയിൽ എനിക്ക് എന്നെ തന്നെ കാണാൻ സാധിക്കും. ഞാൻ ഷൂട്ട് ചെയ്യുന്ന എല്ലാം കാര്യങ്ങളും ഞാനുമായി ബന്ധപ്പെട്ടതാണ്. ക്യാമറയില്ലാതെയിരിക്കുമ്പോൾ ഇത്ര തീവ്രമായി ഈ ബന്ധം എനിക്ക് അനുഭവപ്പെടാറില്ല. സിനിമയെടുക്കാൻ വേണ്ടി ക്യാമറ എടുക്കുമ്പോൾ ജന്മ നാടിനുവേണ്ടി പ്രാധാന്യമുള്ള ഒരു കാര്യം ചെയ്യുന്ന തോന്നൽ ആണ്.

അറസ്റ്റ് ചെയ്യപ്പെട്ട മകൻ ഖാലിദിനെ മോചിപ്പിക്കണമെന്ന് ഇമാദിന്റെ അമ്മ ഒരു ഇസ്രായേലി സൈനികനോട് അപേക്ഷിക്കുന്നു.

നിങ്ങളുടെ സിനിമ സംഭവിക്കുന്ന കാലയളവിൽ നിങ്ങളുടെ സഹോദരൻ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. കുടുംബം പല വിധത്തിൽ ഇസ്രായേൽ ഉദ്യോഗസ്ഥരാൽ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഉറ്റ സുഹൃത്ത് കൺമുന്നിൽ വെച്ച് കൊല്ലപ്പെടുന്നു. ഇതിലൊന്നും വൈകാരികമായി പ്രതികരിക്കാതെ ഇതെല്ലാം ക്യാമറയിൽ പകർത്തുകയായിരുന്നു നിങ്ങൾ. എന്തുകൊണ്ട് അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്?

ഇങ്ങനെയുള്ള യാഥാർത്ഥ്യ നിമിഷങ്ങളെ പകർത്തുകയായിരുന്നു എൻ്റെ സിനിമ. ഈ നിമിഷങ്ങൾ ഒന്നും ഇല്ലെങ്കിൽ എൻ്റെ സിനിമയില്ല. ഞാൻ സിനിമയെടുക്കുമ്പോൾ എനിക്ക് സംഭവിച്ചതിനെയെല്ലാം മറന്ന് സിനിമയിൽ മാത്രം മുഴുകിപ്പോകും. ആ നിമിഷങ്ങളിൽ സിനിമ എന്നെ ഹീൽ ചെയ്യും. ക്യാമറ താഴേക്ക് വെച്ച് ആ നിമിഷങ്ങളെ അഭിമുഖീകരിച്ചാൽ ആ മുറിവ് ഉണങ്ങാതെ കിടക്കും.

അഞ്ച് വർഷത്തോളം ഷൂട്ട് ചെയ്ത ഈ സിനിമയുടെ എഡിറ്റിംഗ് എങ്ങനെ ആയിരുന്നു?

എൻ്റെ കയ്യിൽ ഒരുപാട് ഫൂട്ടേജുകൾ ഉണ്ടായിരുന്നു. സിനിമ എടുക്കുമ്പോൾ ഓരോ ഫൂട്ടേജിലും എന്താണ് എന്നുള്ളത് ഞാൻ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. ക്യാമറയിൽ പതിഞ്ഞ എല്ലാ നിമിഷങ്ങളും എൻ്റെ മനസ്സിലും ഉണ്ടായിരുന്നു. സമരങ്ങൾ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങൾ ആണേലും ഏതൊക്കെ ഉപയോഗിക്കണം എന്നതിൽ ഞങ്ങൾക്ക് ഒരു ധാരണ ഉണ്ടായിരുന്നു. എൻ്റെ സുഹൃത്ത് ഗയ് ദവീടിയും നല്ല രീതിയിൽ സഹായിച്ചു. കാണികളെ വൈകാരികമായി ബന്ധിപ്പിക്കാൻ സഹായിച്ചത് കുടുംബത്തോടുള്ള എൻ്റെ നിമിഷങ്ങൾ ആണ്.

പലസ്തീൻ വിമോചന പോരാട്ടം സായുധപരമായി വേണോ അതോ സമാധാനമാർഗ്ഗത്തിലൂടെ വേണോ എന്നതിനെ ചൊല്ലി ഇവിടെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?

ഒരു പലസ്തീനി എന്ന നിലയിൽ അധിനിവേശത്തെ ചെറുക്കുക എന്നത് എൻ്റെ ധാർമ്മിക ഉത്തരവാദിത്തം ആണ്. അത് ഏത് രീതിയിൽ വേണം എന്നത് തീരുമാനിക്കേണ്ടത് ഓരോ പലസ്തീനിയുടെയും അവകാശം ആണ്. അത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കാർക്കും ഇല്ല. ചിലർ കല്ലുകൾ എടുക്കും, ചിലർ തോക്കുകൾ എടുക്കും, ചിലർ നാവുകൾ കൊണ്ട് പോരാടും, മറ്റു ചിലർ പേനയും ക്യാമറയുമെടുക്കും. തളർച്ചയില്ലാതെ പോരാടുക എന്നത് മാത്രമാണ് പ്രാധാന്യം. ചുറ്റിലും മരണം പതിയിരിക്കുമ്പോൾ നിരായുധരായി മാത്രം പോരാടുക എന്നത് സാധ്യമല്ല. പോരാടാനുള്ള മാർഗങ്ങൾ വ്യത്യസ്തമായേക്കാം. പക്ഷേ ഞങ്ങൾക്കിടയിൽ ഉള്ള ഐക്യവും ലക്ഷ്യവുമാണ് പ്രധാനം.

ഡോക്യുമെന്ററിയിലെ ദൃശ്യം

ഇസ്രായേലുകാരെ വെറുക്കാൻ പലസ്തീനികൾ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നു എന്ന ആരോപണം കേട്ടിട്ടുണ്ട്. നിങ്ങൾ അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

ഞങ്ങൾ ഒരിക്കലും ഒരു ഇസ്രായേലുകാരെ വെറുക്കാൻ കുട്ടികളെ പഠിപ്പിക്കാറില്ല. അത് അവർ അവരുടെ അനുഭവങ്ങളിലൂടെ ആണ് പഠിക്കുന്നത്. അധിക ദിവസവും ഏതെങ്കിലുമൊരു കുട്ടി ഒരു പട്ടാളക്കാരൻ്റെ കയ്യാൽ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാറുണ്ട്. ‘മതിൽ, യുദ്ധം, കാട്രിഡ്ജ്’ എന്നിവയൊക്കെയാണ് എൻ്റെ കുട്ടി പഠിച്ച ആദ്യത്തെ വാക്കുകൾ.

വെസ്റ്റ് ബാങ്കിലെ പലസ്തീൻ ജീവിതത്തെ കുറിച്ച് പറയാമോ?

വെസ്റ്റ് ബാങ്കിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ ഒരു തരത്തിലുള്ള ബന്ധങ്ങളും ഇല്ല. ഓരോ ദിവസവും സ്ഥിതി മോശമാവുകയാണ്. ആയിരക്കണക്കിന് ഇസ്രായേലി കുടിയേറ്റക്കാർ ആണ് അവിടെ താമസിക്കുന്നത്. പലസ്തീനിയൻ ജീവിതം ഇന്ന് ഇസ്രായേലി ഗവൺമെൻ്റ് ആണ് നിയന്ത്രിക്കുന്നത്. ഞങ്ങളുടെ വെള്ളവും, ഭക്ഷണവും, വിദ്യാഭ്യാസവും, സമ്പത്തും, സഞ്ചാര സ്വാതന്ത്ര്യവും എല്ലാം അവരുടെ നിയന്ത്രണത്തിൽ ആണ്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ ഗവൺമെൻ്റ് ഓരോ ദിവസവും വിവേചനപരമായ പോളിസികൾ നടപ്പിലാക്കുകയാണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു എയർപോർട്ടോ കപ്പൽ തുറമുഖമോ പോലുമില്ല. എല്ലാ ദിവസവും ജോലിക്കോ സ്കൂളിലോ പോകുന്നതിനിടയിൽ ഒരുപാട് ചെക്ക് പോസ്റ്റുകൾ കടന്നുപോകണം.

ഇമാദ് ബർണറ്റ്

പലസ്തീൻ വിമോചന പോരാട്ടത്തിൽ മീഡിയ ആക്ടിവിസത്തിൻ്റെ പങ്ക് എന്താണ്?

ഇവിടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും ഇസ്രായേൽ അധിനിവേശത്തെ പിന്തുണക്കുന്നവരാണ്. പലസ്തീൻ പോരാട്ടത്തിന് വായനക്കാരുടെ മനസ്സിൽ ഒരു ഭീകരമുഖം നൽകുക എന്നതാണ് ഇവരുടെ പ്രധാന പണി. പലസ്തീനിൽ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇവരൊക്കെ മൗനത്തിലാണ്. ആ​ഗോള മാധ്യമങ്ങൾ പലസ്തീനികളെ തീവ്രവാദികൾ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്. സോഷ്യൽ മീഡിയയിലൂടെയും സമാന്തര മാധ്യമങ്ങളിലൂടെയും ആണ് പലസ്തീൻ അനുകൂല വാർത്തകൾ പ്രധാനമായും പുറത്ത് വരുന്നത്. നമ്മുടെ കഥകൾ നമ്മൾ തന്നെ പറയണം. അല്ലെങ്കിൽ മറ്റു പലരും അത് ഹൈജാക്ക് ചെയ്യും.

ഫൈവ് ബ്രോക്കൺ ക്യാമറാസ് ട്രെയിലർ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 18, 2023 2:39 pm