മത്സ്യത്തൊഴിലാളി സമൂഹത്തെ വഞ്ചിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നിർഭാഗ്യകരമെന്ന് പറയട്ടെ പുതിയ സർക്കാരിന്റെ ബജറ്റിനെ കേരളത്തിലെ തീരദേശ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎൽഎമാരോ, മത്സ്യത്തൊഴിലാളി സംഘടനകളോ ശരിയായി പഠിച്ച് വിലയിരുത്തി നിയമസഭയിലോ, പൊതുവേദികളിലോ പ്രതികരിച്ചതായി കണ്ടില്ല. ഈ സാഹചര്യത്തിലാണ് പുതുക്കിയ ബജറ്റ് നിർദ്ദേശങ്ങളും പണം വകയിരുത്തലുകളും തീരദേശ-മത്സ്യ മേഖലയെ എങ്ങനെയാണ് ബാധിക്കാൻ ഇടയുള്ളത് എന്നറിയാൻ ഇത്തരമൊരു പഠന-വിശകലനത്തിന് ശ്രമിക്കുന്നത്.

സംസ്ഥാന മുഖ്യമന്ത്രി കൂടിയായ ധനകാര്യ മന്ത്രി ഇപ്പോൾ അവതരിപ്പിച്ച ബജറ്റ് മുൻ സർക്കാർ അവതരിപ്പിച്ചതും നിയമസഭ അംഗീകരിച്ചതുമായ 2026-27 വർഷത്തേക്കുള്ള ബജറ്റിന്റെ പുതുക്കിയ രൂപമാണ്. മുൻ ബജറ്റിലെ ചില പദ്ധതി നിർദ്ദേശങ്ങൾ വേണ്ടെന്ന് വയ്ക്കാനും തുകകളിൽ മാറ്റം വരുത്താനും പുതിയ ചില പദ്ധതികൾ നിർദ്ദേശിക്കാനും പുതുക്കിയ ഒരു ബജറ്റിലൂടെ സാധിക്കും. മുൻ ബജറ്റിനെ കുറിച്ച് പുതുക്കിയ ബജറ്റിന്റെ ആമുഖത്തിൽ മുഖ്യമന്ത്രി എടുത്തുപറയുന്ന ഒരു കാര്യം പ്രതീക്ഷിത വരുമാനമായി കാണിച്ചിട്ടുള്ള തുകയിൽ ഗണ്യമായ കുറവ് ഉണ്ടെന്നും അത് കണക്കിലെടുക്കുമ്പോൾ പുതിയ പദ്ധതി അടങ്കൽ തുകയിൽ ആനുപാതിക കുറവ് വേണ്ടി വരുമെന്നുമാണ്. ഇതിന്നർത്ഥം ഈ ധനവർഷത്തിൽ ഉദ്ദേശിച്ചിരുന്ന പല പദ്ധതികളും നടപ്പാക്കാൻ കഴിയില്ലെന്നാണ്.

ബജറ്റ് അവതരണത്തിനായി എത്തുന്ന ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ. കടപ്പാട്:indianexpress

ഒരു വാർഷിക ബജറ്റ് അടിസ്ഥാനപരമായി ആ വർഷത്തെ പ്രതീക്ഷിക്കുന്ന വരവ്-ചെലവ് കണക്കാണ്. എന്നാൽ പുതുക്കിയ ബജറ്റിനെ കുറിച്ച് മുഖ്യമന്ത്രി ആദ്യമേ പറയുന്നത് ഇത് “അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു ദിശാസൂചിക” ആയിരിക്കുമെന്നാണ്. എന്നുവച്ചാൽ ബജറ്റിലെ പല പ്രഖ്യാപനങ്ങളും നടപ്പിലാക്കുന്നതിന് ബജറ്റിൽ തുക നീക്കിവച്ചിട്ടില്ല, അത് സർക്കാരിന്റെ നയ പ്രഖ്യാപനമായി കണ്ടാൽ മതിയെന്നാണ്. ഇത് ബജറ്റ് പ്രസംഗത്തിലും വ്യക്തമാണ്. പുതുക്കിയ ബജറ്റിൽ പുതുതായി തുക നീക്കിവച്ചിട്ടുള്ള പുതിയ പദ്ധതി പ്രഖ്യാപനങ്ങളുണ്ട്, ഒപ്പം യാതൊരു തുകയും നീക്കിവച്ചിട്ടില്ലാത്ത പ്രഖ്യാപനങ്ങളും ഉണ്ട്.

കടൽ മത്സ്യമേഖലയിലെ തുക വകയിരുത്തൽ

ഈ പശ്ചാത്തലത്തിൽ മുൻ സർക്കാരിന്റെ ബജറ്റിൽ മത്സ്യമേഖലയിലെ വിവിധ കാര്യങ്ങൾക്കായി നീക്കി വച്ച തുകകൾ, അതിൽ പുതുക്കിയ ബജറ്റ് വരുത്തിയ മാറ്റങ്ങൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയാണ് ഇവിടെ ആദ്യം പരിശോധിക്കുന്നത്. ആദ്യം ഇരു ബജറ്റിലുമായി മത്സ്യമേഖലക്ക് ബജറ്റിൽ വകയിരുത്തിയ തുകകൾ നോക്കാം. ഇതിനായി താഴെയുള്ള പട്ടിക കാണുക.

ഇരു ബജറ്റുകളിലെയും മത്സ്യമേഖലയ്ക്കുള്ള വകയിരുത്തൽ, തുക കോടി രൂപയിൽ.

ഈ പട്ടിക വ്യക്തമാക്കുന്നത് ഫിഷറീസ് മേഖലക്ക് മുൻ ബജറ്റ് ഏകദേശം 700 കോടി രൂപ വകയിരുത്തിയപ്പോൾ, പുതുക്കിയ ബജറ്റിൽ അത് 256 കോടി രൂപ ആയി കുറഞ്ഞെന്നാണ്. ഏകദേശം 444 കോടി രൂപയാണ് അങ്ങനെ മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി മത്സ്യമേഖലയിൽ കുറവ് വരുത്തിയത്. നിരവധി ഇനങ്ങളിലായി മുൻ ബജറ്റിൽ നീക്കിവച്ചിരുന്ന തുകകൾ പൂർണ്ണമായും പുതുക്കിയ ബജറ്റിൽ വെട്ടിമാറ്റിയിരിക്കുന്നു. അതേസമയം ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനത്തിന് മുൻ ബജറ്റിലേതിനെക്കാൾ ഏകദേശം 11 കോടി രൂപ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാലിത് ഏതാണ്ട് പൂർണ്ണമായും, മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർദ്ധിപ്പിച്ച് നൽകുമെന്ന പുതിയ വാഗ്ദാനം നടപ്പാക്കാൻ വേണ്ടി വരുമെന്നാണ് കരുതേണ്ടത്. തുക വകയിരുത്താതെ മത്സ്യമേഖലയിൽ നടപ്പാക്കുമെന്ന് പറയുന്ന പ്രഖ്യാപന/മുദ്രാവാക്യ സ്വഭാവത്തിലുള്ളവ ബജറ്റിൽ ഏറെയുണ്ട്. ഇവയിൽ മിക്കതും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലുള്ളവയാണ്.

പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു:

• കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കും

• പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളെ പോലെ മത്സ്യമേഖലയില പിന്നോക്കാവസ്ഥയിലുള്ളവരെ ഉയർത്തിക്കൊണ്ടുവരും.

• മറ്റ് തൊഴിൽ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള പരിശീലന പരിപാടികൾ

• സ്ത്രീകൾക്ക് സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് സഹായം

• പട്ടയമില്ലാത്ത എല്ലാ തീരദേശ നിവാസികൾക്കും പട്ടയം

• സർക്കാർ മുന്നറിയിപ്പ് പ്രകാരം മീൻപിടുത്തത്തിന് പോകാൻ സാധിക്കാത്തപ്പോൾ വേതന സഹായം

• തീരസംരക്ഷണത്തിന് കടൽഭിത്തി, ബ്രേക്ക് വാട്ടർ, ബീച്ച് നറിഷ്മെന്റ്

• മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണ അപാകതകൾ പരിഹരിക്കാൻ നടപടി

അതേസമയം, പണച്ചെലവ് ആവശ്യമുള്ളതും പ്രകടന പത്രികയിൽ ഉള്ളതുമായ നിരവധി വാഗ്ദാനങ്ങൾ പുതുക്കിയ ബജറ്റിൽ കാണുന്നില്ല. ഇങ്ങനെ ബജറ്റിൽ ഉൾപ്പെടുത്താത്ത പ്രധാനപ്പെട്ടവ ഇവയാണ്:

• വിഴിഞ്ഞം പദ്ധതി മൂലമുള്ള ആഘാതങ്ങൾ പരിഹരിക്കാൻ മുൻ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കും

• ഉപ്പുകാറ്റും പ്രതികൂല സാഹചര്യങ്ങളും കാരണം ഭവനങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനുള്ള റിപ്പയർ ഫണ്ട് പുനസ്ഥാപിക്കും

• ചെല്ലാനം, ആലപ്പാട്, മൺറോത്തുരുത്ത് പാക്കേജുകൾ നടപ്പാക്കും

• ഫിഷ് ലാൻഡിംഗ് സ്റ്റേഷനുകളും മാർക്കറ്റുകളും മെച്ചപ്പെടുത്താൻ പ്രത്യേക ഫണ്ട്

• മത്സ്യത്തൊഴിലാളി വീടുകളിൽ ടോയ്ലെറ്റുകൾ പണിയാനും റിപ്പയറിനും പ്രത്യേക ഫണ്ട്

• ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം

ഇതെല്ലാം പണം വകയിരുത്തേണ്ടതാകയാൽ ധനമന്ത്രി ബജറ്റിൽ ചേർക്കാതെ വിട്ടുകളഞ്ഞിരിക്കുന്നു.

പൂന്തുറയിൽ ഒരു ഫിഷിംഗ് ഹാർബർ നിർമ്മിക്കുമെന്ന വാഗ്ദാനം മത്സ്യബന്ധനം എന്നതിന് കീഴിൽ ഉൾപ്പെടുത്താതെ മറ്റ് പ്രധാന പദ്ധതികളുടെ കൂട്ടത്തിലാണ് ചേർത്തിട്ടുള്ളത്. ആ കൂട്ടത്തിലെ മിക്കവാറും എല്ലാ പദ്ധതികൾക്കും കൃത്യമായ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും പൂന്തുറ ഹാർബർ നിർമ്മാണത്തിന് തുക വകയിരുത്താത്തത് ഇത് നടപ്പാക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

പുതുക്കിയ ബജറ്റിൽ നടത്തിയിരിക്കുന്ന ഒരു പുതിയ പ്രഖ്യാപനമാണ് ഫിഷറീസ് സബ് പ്ലാൻ. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ളതു പോലെ മത്സ്യത്തൊഴിലാളികൾക്ക് ഒരു ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും എന്നാണ് പ്രഖ്യാപനം. സബ് പ്ലാനും അതിനായി ചെലവഴിക്കുന്ന തുകയും അടുത്ത ബജറ്റിൽ പ്രതീക്ഷിച്ചാൽ മതി. ഈ വർഷം പ്രഖ്യാപനം മാത്രമാണുള്ളത്.

പൂന്തുറ തീരം. ഫോട്ടോ:thehindu

മിഷൻ സമുദ്രയും കടൽ മത്സ്യമേഖലയും

മുൻ ബജറ്റിൽ ഇല്ലാത്തതും പുതുക്കിയ ബജറ്റിൽ പുതുതായി ഉൾക്കൊള്ളിച്ചിരിക്കന്നതും തുക വകയിരുത്തിയതുമായ പദ്ധതികളിൽ ഏറ്റവും പ്രധാനം മിഷൻ സമുദ്രയാണ്. യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉള്ളതാണെങ്കിലും ഈ ബജറ്റ് പ്രഖ്യാപനത്തോടെയാണ് അത് പൊതുസമൂഹത്തിൽ ചർച്ചക്ക് വിധേയമാകുന്നത്. പോർട്ട് സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മുൻ ബജറ്റിലെ മത്സ്യമേഖലക്ക് നീക്കിവച്ചതിൽ നിന്നും വെട്ടിക്കുറച്ച തുകയാണിതെന്ന് പറയാം. നിലവിലുള്ള വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ ഉൾപ്പെടെ കേരളമാകെ പുതിയ തുറമുഖാധിഷ്ഠിത പദ്ധതികൾ സ്വകാര്യ മേഖലയുടെ നിക്ഷേപം സാധ്യമാക്കി നടപ്പാക്കാനാണ് ശ്രമം. അതിന്റെ പ്രാരംഭ നടപടികൾക്കാണ് തുക ഉപയോഗിക്കാൻ പോകുന്നത്. കപ്പൽ നിർമ്മാണ ശാല, കപ്പൽ അറ്റകുറ്റപ്പണി, കടലിലൂടെ കൂടുതൽ ചരക്ക്-യാത്രാ ഗതാഗതം, നിലവിലുള്ള ചെറു തുറമുഖങ്ങൾ വിപുലമാക്കൽ എന്നിങ്ങനെയുള്ള കടൽ വികസനമാണ് മിഷൻ സമുദ്രയിൽ സർക്കാർ ലക്ഷ്യമിടുന്നത്.

സതേൺ കേരള ഇക്കണോമിക് കോറിഡോർ & റയർ എർത്ത് ആൻഡ് ക്രിറ്റിക്കൽ മിനറൽസ് കോറിഡോർ

പുതുക്കിയ ബജറ്റിൽ രണ്ടാമത്തെ പ്രധാനപ്പെട്ടതും പുതുതായി തുക വകയിരുത്തിയിട്ടുള്ളതുമായ ഒരു പദ്ധതി നിർദ്ദേശത്തിന്റെ പേരാണിത്. മലയാളത്തിലുള്ള പ്രസംഗ രേഖയിൽ പോലും ഈ ഇംഗ്ലീഷ് വാക്കുകൾ മാത്രമാണുള്ളത്. എന്താണ് സംഭവമെന്ന് നോക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് തീരദേശ ജില്ലകളിലെ തീരക്കടലിലെ ധാതുക്കളും മറ്റും കൂടുതലായി ഖനനം ചെയ്യാനും അതിന്റെ സംസ്കരണത്തിനുമായുള്ള രണ്ട് സമുദ്ര ബന്ധിത സ്വകാര്യ നിക്ഷേപ പദ്ധതികൾക്കാണ് കോറിഡോർ എന്ന ഓമനപ്പേര് നൽകിയിരിക്കുന്നതെന്ന് പച്ചമലയാളത്തിൽ പറയാം. ഇതിന്റെ രൂപരേഖകൾ തയ്യാറാക്കാനും സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാനുള്ള നടപടികൾക്കുമായി ഈ ബജറ്റിൽ 150 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

ബജറ്റ് പ്രസംഗത്തിൽ പോലും “ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി തലസ്ഥാനമായി മാറ്റും” എന്ന് പറയുന്നുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിനെതിരെയും കൊല്ലം കടലിൽ കടൽ മണൽ ഖനനം ചെയ്യാൻ കേന്ദ്ര സർക്കാർ നടത്തിയ ടെണ്ടർ നടപടികൾക്കെതിരെയും ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു എന്നതെല്ലാം മറന്നുകൊണ്ടാണ് പുതിയ ബജറ്റിൽ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തോട്ടപ്പിള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം. കടപ്പാട്:Mongabay

കടൽ മത്സ്യമേഖലയെ സർവനാശത്തിലേക്ക് തള്ളിവിടാനുള്ള ബജറ്റ്?

പുതിയ ബജറ്റിന്റെ വികസന ദിശാ സൂചിക അടിസ്ഥാനപരമായി ഈ രണ്ട് ധാരണകളിൽ അധിഷ്ഠിതമാണ്:

• കടലും കടലിലെ വിഭവങ്ങളും ഇതുവരെയും ഉപയോഗപ്പെടുത്താത്ത ഒരു വലിയ ധനസ്രോതസ്സ്

• കടൽ സർക്കാരിന്റെ വകയാണ്, അവിടെ എന്ത് ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ട്.

ഇവയുടെ അടിസ്ഥാനത്തിലാണ് പുതിയ ബജറ്റിൽ മിഷൻ സമുദ്രയും, കടൽ ധാതു മണൽ കോറിഡോറുകളും ഇടംപിടിച്ചിരിക്കുന്നത്. ഈ ധാരണകൾ തെറ്റാണെന്ന് മാത്രമല്ല, കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മീൻപിടുത്ത, അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ പങ്കിനെ പൂർണ്ണമായും മറന്നുകൊണ്ടുള്ളതുമാണ്.

കടലിൽ പ്രധാനമായും രണ്ട് തരം വിഭവങ്ങളാണുള്ളത്. ജീവനുള്ള, പുനരുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളുമാണ് ഒരു വിഭവം (living and renewable natural resource). മറ്റൊന്നാകട്ടെ, കടലിന്റെ അടിത്തട്ടിലുള്ള ജീവനില്ലാത്തതും എടുത്തുമാറ്റുന്നതോടെ ഇല്ലാതാകുന്നതുമായ ധാതുക്കളും, എണ്ണയും, പ്രകൃതി വാതകങ്ങളുമാണ് (non-renewable natural resource). കേരളത്തിലെ തീരക്കടലിൽ (12 മൈൽ വരെ) നിന്നും ഓരോ വർഷവും പരമാവധി 6 ലക്ഷം ടൺ വരെ പിടിച്ചെടുക്കാവുന്ന മത്സ്യ സമ്പത്ത് ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി പ്രതിവർഷം കടലിൽ നിന്നും നമ്മുടെ മീൻപിടുത്തക്കാർ പിടിച്ചുകൊണ്ടിരിക്കുന്ന മത്സ്യത്തിന്റെ അളവും ശരാശരി 6 ലക്ഷം ടൺ ആണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 2021-ലെ കണക്കനുസരിച്ച് കേരളത്തിൽ കടലിൽ പോയി മീൻപിടുത്തം നടത്തുന്നവരുടെ എണ്ണം 1.89 ലക്ഷമാണ്. ഇതിൽ 1.02 ലക്ഷം പേർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണുള്ളത്. ഫിഷറീസ് വകുപ്പിന്റെ തന്നെ 2021-ലെ കണക്കനുസരിച്ച് കേരളത്തിന്റെ കടലിൽ മീൻപിടുത്തം നടത്തുന്ന ആകെ ഉരുക്കളുടെ എണ്ണം 43,000 ആണ്, ഇതിൽ ചെറുകിട മോട്ടോർ-ഘടിപ്പിച്ചതും അല്ലാത്തതുമായ ഉരുക്കൾ 37,000 ആണ്. ഈ മീൻപിടുത്തക്കാരും, അനുബന്ധ തൊഴിലുകളിലേർപ്പെടുന്നവരും, അവരെ ആശ്രയിച്ചു ജീവിക്കുന്നവരും അടങ്ങുന്ന കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആകെ ജനസംഖ്യ 8.08 ലക്ഷമാണ്. കേരളത്തിലെ ജനങ്ങളേറെയും അവരുടെ പ്രോട്ടീൻ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഇവർ പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തെയാണ്. കരയിൽ വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്കും, കടലിന്റെ അടിത്തട്ടിലെ മത്സ്യ ആവാസവ്യവസ്ഥകൾ, കടലിലെ മീൻപിടുത്തക്കാർ, കടലിലെ മത്സ്യ സമ്പത്ത് എന്നിവ അദൃശ്യമായിരിക്കാം. 600 കിമീ നീളം വരുന്ന കേരള തീരത്തിന് സമീപത്തായുള്ള കടലിൽ രാത്രിയും പകലും എന്നില്ലാതെ അര ലക്ഷത്തോളം ഉരുക്കൾ മീൻ തേടി സഞ്ചരിക്കുകയും പിടിച്ച ശേഷം മീനുമായി തീരികെ കരയിലേക്ക് വരികയും ചെയ്യുന്നിടത്താണ്, കരയിലെ റോഡ്-റെയിൽ സംവിധാനങ്ങൾക്ക് ഉപരിയായി കൂടുതൽ ചരക്ക്, യാത്രാ ഗതാഗതത്തിനായി കടലിനെ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി ഈ ബജറ്റിൽ പണം വകയിരുത്തിയിട്ടുള്ളത്.

കടലിലെ ജീവനില്ലാത്ത വിഭവങ്ങളെ എടുത്തുമാറ്റി ലാഭമുണ്ടാക്കാവുന്ന സ്രോതസ്സായി കാണുന്നതും തെറ്റാണ്. കടലിലെ ജീവനുള്ള വിഭവങ്ങളുടെ ആവാസ വ്യവസ്ഥകളാണ് കടലിന്റെ അടിത്തട്ടും മറ്റും. ഇതിൽ പവിഴപ്പുറ്റുകളും റീഫുകളും പെടുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ ഇതെല്ലാം എടുത്തുമാറ്റുന്നതിന് ഒത്താശ ചെയ്യുന്ന കോറിഡോർ പദ്ധതികളിലൂടെ കടലിന്റെ ജൈവ ആവാസ വ്യവസ്ഥകളാണ് നശിപ്പിക്കുക. കടൽ സർക്കാരിന്റെ വകയാണെന്ന (state property) ധാരണയിലാണ് അവിടം സ്വകാര്യ നിക്ഷേപകരുടെ പ്രവൃത്തികൾക്ക് വിട്ടുകൊടുക്കാൻ ഈ ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നത്. പരമ്പരാഗത മീൻപിടുത്തക്കാർ കടലിനെയും കടലിലെ സമ്പത്തിനെയും സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചിരുന്നില്ല. അതിനെ എല്ലാവരുടെയും സ്വത്തായി (common property) കണ്ടുകൊണ്ടാണ് അവർ തൊഴിൽ ചെയ്തിരുന്നത്. ഇപ്പോൾ ബജറ്റിലെ നിർദ്ദേശങ്ങളിലൂടെ കടലിനെ സ്വകാര്യ സ്വത്തും (private property) കോർപ്പറേറ്റ് സ്വത്തും ആക്കി മാറ്റാനാണ് നീക്കം.

ഫലത്തിൽ യുഡിഎഫിന്റെ പ്രകടന പത്രികയിൽ അദ്ധ്യായം 13 മത്സ്യബന്ധനം എന്ന തലക്കെട്ടിലുള്ള വാഗ്ദാനങ്ങളിൽ ഒന്നാമത്തെ “കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പു വരുത്തുന്ന നടപടികൾ സ്വീകരിക്കും” എന്നതിന് കടക വിരുദ്ധമായി അദാനിമാർക്കും കരിമണൽ കർത്തമാർക്കും വേണ്ടി സംസ്ഥാനത്തിന്റെ കടലിനെയും കടൽ പരിസ്ഥിതിയെയും മത്സ്യസമ്പത്തിനെയും ഒട്ടാകെ തീറെഴുതുന്നതാണ് ബജറ്റിലെ മിഷൻ സമുദ്രയും കോറിഡോറും. കടൽ മത്സ്യമേഖലക്ക് വേണ്ടി മുൻ ബജറ്റിൽ വകയിരുത്തിയ പണം മുഴുവൻ ഇതിനായി വകമാറ്റിയതിലൂടെ മുഖ്യമന്ത്രി സതീശൻ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തോട് കടുത്ത വഞ്ചനയാണ് നടത്തിയിരിക്കുന്നത്.

Also Read

6 minutes read July 8, 2026 1:21 pm