ജാതി കേരളത്തിൽ നിന്നും ആ സിനിമാ വിദ്യാർത്ഥി നാടുവിട്ടു

യോ​ഗ്യതയില്ലെന്ന് പറഞ്ഞ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവാക്കിയ ശരത് എന്ന ദലിത് വിദ്യാർത്ഥി കൊൽക്കത്തയിലെ സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയിരിക്കുകയാണ്. എഡിറ്റിം​ഗ് കോഴ്സിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും ശരത്തിന് അർഹതപ്പെട്ട സംവരണ സീറ്റ് നൽകിയില്ല എന്നതാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഉയർന്ന പരാതി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ പറഞ്ഞതുപോലെ യോഗ്യത ഇല്ലാത്ത വിദ്യാർഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് കൊൽക്കത്തയിലെ സത്യജിത്​ റായ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ പോലെ മികച്ച ഒരു സ്ഥാപനത്തിൽ ശരത്തിന് സീറ്റ് ലഭിച്ചത്? ശരത് തന്നെ ഇക്കാര്യങ്ങൾ കേരളീയത്തോട് സംസാരിക്കുന്നു.

കേരളത്തിൽ ജാതി വിവേചനങ്ങൾ ഇല്ലെന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ നാടാണെന്നും ഇന്നും അഭിമാനത്തോടെ പറയുന്നവരുണ്ട്. എന്നാൽ അതേ കേരളത്തിൽ തന്നെയാണല്ലോ താങ്കൾക്ക് ഇത്തരം ഒരനുഭവം നേരിടേണ്ടിവന്നത്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു? ജാതി വിവേചനം കാരണം കേരളത്തിൽ പഠനം നിഷേധിക്കപ്പെടുകയും കൊൽക്കത്തയിലേക്ക് പോകേണ്ടിവരുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് പറയാമോ?

കേരളത്തിൽ ജാതി ഇല്ലാ എന്നുള്ള പ്രസ്താവന തന്നെ ഭയങ്കര തെറ്റാണ്. കാരണം ജാതി എല്ലായിടത്തുമുണ്ട്. പോയിട്ടൊന്നുമില്ല, അത് പലരുടേയും മനസിലാണെന്നേയുള്ളൂ. എന്റെ കേസിലേക്ക് വരാം. സ്ഥാപനങ്ങൾക്ക് മേലെ സംവരണം പോലത്തെ കാര്യങ്ങൾ ആവട്ടെ, അടിസ്ഥാന മനുഷ്യാവകാശങ്ങൾ ആകട്ടെ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇരിക്കുന്ന ആൾക്കാർ ജാതി ചിന്തയുള്ള ആളുകളാണ്. അവർക്ക് മെറിറ്റ് എന്താണെന്ന് അറിയില്ല. അവരുടെ വ്യക്തിപരമായ ചിന്താഗതി ഈ സ്ഥാപനത്തിൽ എങ്ങനെ നടപ്പിലാക്കാം എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. അവർക്ക് മേലെ വേറെ അധികാരികളില്ല. കേരള സർക്കാരോ ഉന്നത വിദ്യാഭ്യാസ വകുപ്പോ തിരിഞ്ഞുപോലും നോക്കില്ല. മന്ത്രിയെല്ലാം ചെല്ലുന്നുണ്ട്. ഒരുവിധത്തിലും മന്ത്രിയുടെ വാക്കുകൾ അവിടെ നടപ്പാക്കുന്നില്ല. മുകളിൽ ആരും നിയന്ത്രിക്കാൻ ഇല്ലാത്തതുകൊണ്ട് ഡയറക്ടർ ഒരു ഏകാധിപതി ആയിട്ടാണ് അവിടെ പ്രവർത്തിക്കുന്നത്. അതുകാരണം വിദ്യാർത്ഥികളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. പ്രധാനമായിട്ടും റിസർവേഷൻ വയലൻസായാലും, വിദ്യാർത്ഥികളെ വൈരാഗ്യപൂർവ്വം കാണുന്നതായാലും സമരം ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന് ദലിത് വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് സ്കോളർഷിപ്പുകൾ നിഷേധിക്കുക, അവരുടെ ഡിപ്ലോമ പ്രോജക്ടിൽ നിന്ന് അവരെ ഒരു കാരണവുമില്ലാതെ പുറത്താക്കുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്.  അധികാരമെല്ലാം അയാൾക്ക് കൊടുക്കുന്ന വ്യവസ്ഥ തന്നെ മണ്ടത്തരമാണ്. എസ്.ആർ.എഫ്.ടി.ഐ  (Satyajit Ray Film & Television Institute) എന്റെ സ്വപ്നം തന്നെയായിരുന്നു. പക്ഷെ വെയിറ്റിങ്ങ് ലിസ്റ്റായിരുന്നു. ആ സമയത്താണ് കെ.ആർ നാരായണനിലെ റിസൾട്ട് വരുന്നത്. എന്നാൽ ഇവിടെ സീറ്റ് ഉണ്ടായിട്ടും റിസർവേഷൻ ഉണ്ടായിട്ടും മാർക്ക് ഉണ്ടായിട്ടും പ്രവേശനം കിട്ടിയില്ല. മാർക്ക് ചോദിച്ചപ്പോൾ മാർക്ക് പറഞ്ഞില്ല. നാല് സീറ്റുണ്ടായിട്ടും എനിക്കെന്തുകൊണ്ട് കിട്ടിയില്ല എന്നുള്ള ചോദ്യം എന്റെയുള്ളിൽത്തന്നെ ഉയർന്നുവന്നു. എന്താണ് ഇതിന്റെ പിന്നിൽ നടന്നത് എന്നറിയാനാണ് മന്ത്രിക്ക് പരാതി കൊടുത്തത്. അതിനും മറുപടി കിട്ടിയിട്ടില്ല.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ സമരം

സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ എന്തെല്ലാമാണ്? വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പ്രതീക്ഷയുണ്ടോ? സംവരണ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രതിഷേധങ്ങളോട് പൊതുവെ തണുത്ത പ്രതികരണമല്ലേ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്? സംവരണ തത്വങ്ങൾ തന്നെ അട്ടിമറിക്കപ്പെടുന്ന EWS ന്റെ കാലത്ത് സർക്കാരിന്റെ ഈ സമീപനം വലിയ പ്രശ്നങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കില്ലേ?

എനിക്ക് വ്യക്തിപരമായി സർക്കാരിൽ നിന്നോ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നോ മറുപടി കിട്ടിയിട്ടില്ല. മുന്നോക്ക സംവരണത്തെ പറ്റി സംസാരിക്കുന്നുണ്ട്, കുറേ ആളുകൾ അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ എത്ര എസ്.സി-എസ്.ടി ഒ.ബി.സി സംവരണം നടപ്പിലാക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഞാൻ കേസ് കൊടുത്തതുകൊണ്ട് ഇത് പുറത്ത് അറിഞ്ഞതാണ്. കേസ് കൊടുത്ത് ഇവിടെ അഡ്മിഷൻ കിട്ടിക്കഴിഞ്ഞാണ് മാധ്യമങ്ങൾ എന്നെ ബന്ധപ്പെടുന്നത്. എന്നാൽ മിക്കവാറും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ നിയമങ്ങൾ ലംഘിക്കപ്പെടുന്നുണ്ട്. സർക്കാർ ഇതിൻമേൽ യാതൊരു സമ്മർദ്ദവും ചെലുത്തുന്നില്ല. ഞാൻ കേസിന് പോയപ്പോൾ എനിക്കെതിരെ ഇൻസ്റ്റിറ്റ്യൂട്ട് ഒരു വക്കീലിനെ ഏർപ്പെടുത്തി. അതുപോലെ എനിക്കെതിരെ നിന്നത് സ്റ്റേറ്റിന്റെ വക്കീലാണ്. ആലോചിച്ചു നോക്കൂ, ശരിക്കും നമ്മുടെ ശത്രു ആരാണ്? നമ്മു‍ടെ ശത്രു കേരള സ്റ്റേറ്റാണെന്നാണ് എനിക്കഭിപ്രായമുള്ളത്. സ്റ്റേറ്റാണ് നമ്മുടെ അവകാശങ്ങളെ നശിപ്പിക്കുന്നത്. അവർക്ക് ബാക്കിയെല്ലാം പുറത്ത് കാണിക്കാനുള്ള പ്രഹസനങ്ങളാണ്. ഇത്രയും നാളായിട്ടും ഇതിനെതിരെ ഏതെങ്കിലും മന്ത്രിമാർ പ്രതികരിച്ചോ? പ്രമുഖ ദലിത് സംഘടനകൾ ഒന്നും ഇടപെടാത്തത് എന്താണെന്നും എനിക്ക് മനസിലാവുന്നില്ല.

ഈ സ്ഥാപനം ഇരിക്കുന്ന പ്രദേശം വളരെ ഒറ്റപ്പെട്ട സ്ഥലമാണ്. കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് നിലവിൽ അവിടെ പഠിക്കുന്നത്. അങ്ങനെയുള്ള ഒരു സ്ഥലത്ത്, ഒരു ചെറിയ വിഭാഗം ആളുകൾ നേരിടുന്നതൊന്നും പ്രശ്നങ്ങളേ അല്ല എന്നാണ് പലരും ചിന്തിക്കുന്നത്. മന്ത്രി വാസവൻ അന്വേഷണ കമ്മീഷനെ നിയമിച്ചുവെന്ന് പറയുന്നു. എന്നാൽ ആരോപണ വിധേയനായ ഡയറക്ടറിനെ സസ്പെൻഡ് പോലും ചെയ്യാത്തത് എന്തുകൊണ്ടാണ്? സർക്കാരിന് തണുപ്പൻ മട്ടാണ്. പ്രതിപക്ഷവും ഇതിൽ ഇടപെടുന്നില്ല. കോടതി അഡ്മിഷൻ തരണം എന്നു പറഞ്ഞ് ഒരു മാസം കഴിഞ്ഞാണ് എന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിളിക്കുന്നതുതന്നെ. ഞാൻ ഇവിടെ അഡ്മിഷൻ എടുത്താൽ തന്നെ ഫീസ് അടക്കണം. ഇ-ഗ്രാന്റ്സ് കിട്ടുന്നില്ല, ഹോസ്റ്റലിൽ ഭക്ഷണത്തിന് നല്ല തുക വരും. ക്ലാസിന് ചേരാൻ വീണ്ടും സമയമെടുക്കും. എന്റെ രണ്ട് മാസത്തെ ക്ലാസ് നഷ്ടപ്പെടും.  അപ്പോൾ എങ്ങനെയാണ് എനിക്ക് നീതി കിട്ടിയെന്ന് പറയാൻ കഴിയുക. സ്കോളർഷിപ്പ് തടഞ്ഞുവയ്ക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചാണ് ശങ്കർ മോഹനെതിരെ പൂർവ്വ വിദ്യാർത്ഥി അനന്തപത്മനാഭൻ സമരം ചെയ്തത്. പഠിക്കാൻ നിർവ്വാഹമില്ലാത്തതുകൊണ്ട്, ഇ-ഗ്രാന്റ്സ് നടപ്പിലാക്കണമെന്ന അടിസ്ഥാന അവകാശത്തിന്റെ പേരിൽ സമരം ചെയ്ത അനന്തപത്മനാഭനെ പുറത്താക്കിയ ആളാണ് ശങ്കർ മോഹൻ. ഇതൊക്കെ നേരത്തെ നടന്ന സംഭവങ്ങളാണ്. ഒരു മീഡിയയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആ സാഹചര്യത്തിൽ അഡ്മിഷൻ തന്നില്ല എന്ന് പറഞ്ഞ് പരാതിപ്പെട്ട് കോടതിയിൽ പോയി അഡ്മിഷൻ എടുത്ത ഞാൻ അവിടെ ചെന്നാൽ മറ്റൊരു രോഹിത് വെമുല ആകേണ്ടി വരില്ല എന്നതിൽ എന്താണ് ഉറപ്പ്.

ഡയറക്ടർ ശങ്കർ മോഹൻ പറഞ്ഞ പോലെ, യോഗ്യത ഇല്ലാത്ത വിദ്യാർഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് കൊൽക്കത്തയിലെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് പോലെ മികച്ച ഒരു സ്ഥാപനത്തിൽ സീറ്റ് ലഭിച്ചത് ? കൊൽക്കത്തയിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് ഇതിന് ഒരു മറുപടി?

യോഗ്യത എങ്ങനെയാണ് അളക്കുന്നത് എന്നെനിക്ക് മനസിലാവുന്നില്ല. ഇവരുടെ മനസിലെ യോഗ്യത ജാതിയായിരിക്കാം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ഇന്റർവ്യൂവിന് എത്രത്തോളം പാഷൻ ഉണ്ടെന്നാണ് നോക്കുന്നത്. സത്യജിത് റായ് ഒഴിച്ച് പൂനയെയിലായാലും കെ.ആറിലായാലും രാഷ്ട്രീയം ഒരു ഘടകമാകുന്നുണ്ട്. മുൻപും പല പ്രാവശ്യം അഡ്മിഷൻ ശ്രമിച്ചപ്പോൾ കിട്ടാതിരുന്നത് അഭിമുഖത്തിലൊക്കെ എന്റെ രാഷ്ട്രീയ സംബന്ധമായ ചോദ്യങ്ങൾ വന്നതുകൊണ്ടാണ്. ഒരു പക്ഷെ എന്റെ രാഷ്ട്രീയ വീക്ഷണം കൊണ്ടുകൂടിയാകാം അന്ന് കിട്ടാതെ പോയത്. എനിക്ക് യോഗ്യത ഇല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ആകെ ഞാനുമായി സംസാരിച്ചത് ഇന്റർവ്യൂന്റെ സമയത്ത് മാത്രമാണ്. എന്റെ പ്രവേശന പരീക്ഷയുടെ പേപ്പർ, ഓറിയന്റേഷൻ സമയത്ത് ഞാനെഴുതിയ പേപ്പറുകൾ എല്ലാം പരിശേധിച്ചു നോക്കൂ. എനിക്ക് എത്ര മാർക്ക് കിട്ടിയിട്ടുണ്ടെന്ന് അറിയാമല്ലോ. അതൊന്നും അവർ പുറത്ത് വിട്ടിട്ടില്ല. അവർ നടത്തിയ ഇന്റർവ്യൂവിന്റെ പേരിൽ മാത്രം എങ്ങനെയാണ് യോഗ്യത തീരുമാനിക്കുന്നത്. യോഗ്യത എന്ന് പറഞ്ഞാൽ എന്താണ്? 45 മാർക്കാണ് കട്ട് ഓഫ്. എനിക്ക് 42.5 മാർക്കുണ്ട്. ഈ മാർക്ക് തന്നെ നേരായ രീതിയിലാണ് ഇട്ടതെങ്കിൽ കോടതി മാർക്ക് സബമിറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ  ഒരാഴ്ചക്കുള്ളിൽ ചെയ്യാമായിരുന്നല്ലോ? 45 ജനറൽ സീറ്റിലെ കട്ട് ഓഫാണ്.  ജനറൽ കാറ്റഗറിയിൽ 44 കിട്ടിയ വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കിൽ ആ വിദ്യാർത്ഥിക്ക് എങ്ങനെ യോഗ്യത കിട്ടി? പലയിടത്തും ഇന്റർവ്യൂ എന്നത് ഞങ്ങളെപ്പോലത്തെ വിദ്യർത്ഥികൾക്ക് അഡ്മിഷൻ നിഷേധിക്കാനാണുപയോഗിക്കുന്നത്. എൻട്രൻസിൽ നല്ല മാർക്ക് സ്കോർ ചെയ്താലും ഇന്റർവ്യ‍‍ൂവിന് നമ്മുടെ നിറവും ജാതിയും അച്ഛന്റെ പേരും കണ്ടാട്ടാണ് വിലയിരുത്തുന്നത്. ശങ്കർ മോഹന്റെ യോഗ്യതയനുസരിച്ച് ഞാൻ ക്വാളിഫൈ ചെയ്യണമെങ്കിൽ നായർ ആയിട്ട് ജനിക്കേണ്ടി വരും. ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല ഇത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ അടുത്തിടെ പ്രശ്നം നടന്നിരുന്നു. ജെ.എൻ.യുൽ പ്രശനമുണ്ടായിരുന്നു. ജെ.എൻ.യു പി.എച്ച്.ഡി പ്രവേശന പരീക്ഷ നല്ല മാർക്കോടെ വിജയിച്ച് ഇന്റർവ്യൂ അഭിമുഖീകരിച്ചപ്പോൽ ഇതേ അനുഭവം എനിക്കുണ്ടായി. എന്റെ ഗവേഷണ പ്രപ്പോസൽ സംഘപരിവാറിനെതിരെയുള്ളാതായിരുന്നു. അന്ന് എനിക്ക് ഇന്റവ്യൂന് മാർക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഇന്റർവ്യൂ ബോർഡിന്റെ പെരുമാറ്റം വളരെ മോശവുമായിരുന്നു.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലെ സമരം

സംവരണ വിഭാ​ഗത്തിലുള്ളവരെ എടുത്താൽ നിലവാരം കുറയും എന്ന അഭിപ്രായം കലാകാലങ്ങളായി ഒരു വിഭാഗം മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്താൻ വേണ്ടി സവർണ സമൂഹം ഉപയോഗിക്കുന്ന ഒരു തന്ത്രം അണെന്നല്ലേ കരുതേണ്ടത്?

ഞങ്ങളെപ്പോലുള്ളവർ എപ്പോഴും മെറിറ്റ് തെളിയിച്ചുകൊണ്ടേ ഇരിക്കണം. സ്കൂൾ കാലം മുതൽ അധ്യാപകരിൽ നിന്നായാലും സുഹ‍ൃത്തുക്കളിൽ നിന്നായാലും നേരിടുന്ന ചോദ്യമുണ്ട്, നിങ്ങൾക്കെല്ലാം കിട്ടുമല്ലോ? ഒരു ടീച്ചർ പറഞ്ഞത്, പഠിച്ച് കഷ്ടിച്ച് പാസായാൽ ജോലി കിട്ടുമെന്നാണ്. എന്റെ ബന്ധുക്കളിൽ എത്രപേരാണ് സർക്കാർ ജോലിയിലുള്ളതെന്ന് നോക്കൂ. ഇന്ത്യയിലെ ബ്രാഹ്മണരുടെ 20 ഇരട്ടിയുണ്ട് എസ്.സി ജനസംഖ്യ. എന്നാൽ എസ്.സിയുടെ റിസർവേഷൻ സീറ്റ് എന്ന് പറയുന്നത് 15 ശതമാനവും എസ്.ടിയുടേത് 7.5 ശതമാനവും ആണ്. എനിക്കിപ്പോൾ എസ്.ആർ.എഫ്.റ്റി.ഐയിൽ കിട്ടിയില്ലായിരുന്നു എങ്കിൽ എന്റെ യോഗ്യത തെളിയിക്കാൻ പറ്റില്ലായിരുന്നേനെ. ഇവിടെ പ്രവേശനം ലഭിച്ചതുകൊണ്ട് മാത്രമാണ് എന്റെ യോഗ്യത സംബന്ധിച്ച് ചോദ്യങ്ങളുയരാത്തത്.

ശരത്

എന്താണ് അടൂർ ഗോപാലകൃഷ്ണന്റെ പ്രശ്നം? ലോകം അറിയുന്ന ചലച്ചിത്രകാരനാണെങ്കിലും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം വലിയ പരാജയമാണെന്നാണല്ലോ ഇപ്പോൾ വ്യക്തമാകുന്നത്?

നൂറ് ശതമാനം പരാജയമാണ്. സർക്കാർ നോക്കുമ്പോൾ അടൂർ വലിയ സംവിധായകനാകാം. അങ്ങനെയായിരിക്കാം സ്ഥാപനത്തിന്റെ ചെയർമാനാക്കുന്നത്. പക്ഷെ ഒരു സ്ഥാപനത്തിന്റെ ചുമതല വഹിക്കുമ്പോൾ അത് നല്ല രീതിയിൽ ചെയ്യാൻ അറിയണം. കെ.ആർ നാരായണനിൽ വേണ്ടത് ഭരണകാര്യങ്ങളിൽ അറിവുള്ള, നിയമ വശങ്ങൾ അറിയുന്ന, പൊതുബോധമുള്ള, സിനിമിയിൽ തന്നെയുള്ളവരെ ചുമതലപ്പെടുത്തുകയെന്നുള്ളതാണ്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ശങ്കർ മോഹനെ സസ്പെൻഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ അടൂർ അവിടെ തുടരുമ്പോൾ ഇനി പുതുതായി ഉണ്ടാകുന്ന നിയമനവും ശങ്കര മോഹനെപ്പോലെയുള്ളവരാണെങ്കിലോ? വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടുന്നത്. സർക്കാരിന്റെയും നമ്മളുടെയും പണമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. എന്റെ ഉൾപ്പടെ മൂന്നോ നാലോ കേസുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യർത്ഥികൾക്ക് നീതിലഭിക്കണമെങ്കിൽ ഇവരെ ഒക്കെ മാറ്റി നല്ല ഒരു ഭരണ സംവിധാനം ആ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുവരണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 19, 2022 4:52 pm