Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കടുത്ത വേനൽച്ചൂടിൽ കേരളം ചുട്ടുപൊള്ളിയ ദിവസങ്ങളാണ് കടന്നുപോയത്. ഏപ്രിൽ മാസത്തിൽ പല ജില്ലകളിലെയും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ചൂട് ഉയർന്നതിനെ തുടർന്ന് കേരള ദുരന്തനിവാരണ അതോറിറ്റി മാർച്ച് മുതൽ തന്നെ തുടർച്ചയായി മഞ്ഞ, ഓറഞ്ച് ജാഗ്രതകൾ നൽകാൻ തുടങ്ങി. ഏപ്രിൽ മധ്യത്തോടെ 12 ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ടായിരുന്നു. സൂര്യാഘാതം കാരണമുള്ള മരണങ്ങളും ആരോഗ്യപ്രശ്നങ്ങളും മുൻ വർഷങ്ങളേക്കാൾ കൂടുതലായി ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്തരീക്ഷത്തിലെ ഈർപ്പം മൂലം അന്തരീക്ഷ താപനിലയേക്കാൾ കൂടുതലാണ് യഥാർത്ഥത്തിൽ അനുഭവപ്പെടുന്ന ചൂട് എന്നതും കേരളത്തിലെ വേനൽക്കാലം കടുപ്പമേറിയതാക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ പ്രയാസപ്പെടുന്ന ഈ സഹാചര്യത്തിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ‘How Extreme Heat is Impacting India: Assessing District-level Heat Risk’ എന്ന പേരിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഓൺ എനർജി, എൻവിയോൺമെന്റ് ആന്റ് വാട്ടർ (CEEW) എന്ന സംഘടന തയ്യാറാക്കിയ ഈ റിപ്പോർട്ട് ഇന്ത്യയിലെ 734 ജില്ലകളിൽ 417 ജില്ലകൾ ഉയർന്ന ‘ഹീറ്റ് റിസ്ക്’ വിഭാഗത്തിൽപ്പെടുന്നതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 1981 മുതൽ 2022 വരെ ഇന്ത്യയിൽ അതിതീവ്ര ചൂട് സ്ഥിരമായി വർധിച്ചുവെന്നും, പ്രത്യേകിച്ച് രാത്രിയിലെ ചൂട് പകൽ ചൂടിനേക്കാൾ വേഗത്തിലാണ് ഉയരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1981 മുതൽ 2022 വരെ 40 വർഷത്തെ തുടർച്ചയായ ഡാറ്റ വിശകലനം ചെയ്തുകൊണ്ടാണ് ചൂട് കൂടിയതിന്റെ കണക്കുകൾ റിപ്പോർട്ട് പുറത്തുവിടുന്നത്. റിപ്പോർട്ട് കൂടാതെ CEEW (Climate Resilience Analytics and Visualization- CRAVIS) എന്ന എ.ഐ അധിഷ്ഠിത കാലാവസ്ഥാ ഇന്റലിജൻസ് വെബ് പ്ലാറ്റ്ഫോമും CEEW പുറത്തിറക്കി. ഈ ഡിജിറ്റൽ മാപ്പിൽ നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചൂട് എങ്ങനെയാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ അപകടസാധ്യത ജില്ലാ അടിസ്ഥാനത്തിൽ കാണാൻ കഴിയും. 1981 മുതൽ 2024 വരെ ഉള്ള താപനില കണക്കുകളുടെ അടിസ്ഥാനത്തിൽ 2070 ആകുമ്പോഴേക്കും എന്താണ് സ്ഥിതിയെന്ന അപായ സാധ്യതയും ഈ മാപ്പിൽ നിന്നും മനസ്സിലാക്കാൻ കഴിയും. റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകളും മുന്നറിയിപ്പുകളും എന്താണെന്ന് നോക്കാം.


ആരോഗ്യം തകർക്കുന്ന ചൂട്
രാജ്യത്ത് ചൂടേറിയ രാത്രികൾ വർദ്ധിക്കുന്നു എന്നാണ് ഈ റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഏകദേശം 70 ശതമാനം ജില്ലകളിലും വേനൽക്കാലത്ത് അഞ്ച് അധിക ചൂടേറിയ രാത്രികൾ (very warm nights) രേഖപ്പെടുത്തിയതായി പഠനം വ്യക്തമാക്കുന്നു. ചൂടേറിയ പകലുകൾക്കൊപ്പം ചൂടുള്ള രാത്രികൾ വർദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പകൽ സമയത്തെ കഠിനമായ ചൂടിന് ശേഷം സാധാരണ മനുഷ്യശരീരം തണുക്കുന്നത് രാത്രികളിലാണ്. എന്നാൽ ചൂടുള്ള രാത്രികൾ അതിന് തടസ്സാമായി മാറുന്നു. രാത്രിയിലും ഉയർന്ന താപനില തുടരുന്നത് ശരീരത്തിന് വിശ്രമിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുകയും ഹീറ്റ് സ്ട്രെസ്, ഹൃദയ-ശ്വാസകോശ പ്രശ്നങ്ങൾ, മരണസാധ്യത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്ന മറ്റ് ആരോഗ്യ അപകടങ്ങൾ ഇവയാണ്. ചൂട് കൂടുന്നത് സൂര്യാഘാതം (heat stroke) പോലുള്ള ആരോഗ്യ അപകടസാധ്യതകളെ വർദ്ധിപ്പിക്കുന്നു. പ്രമേഹം, രക്തസമർദ്ദം തുടങ്ങിയ രോഗങ്ങളെ ചൂട് കൂടുന്നത് സാരമായി ബാധിക്കുന്നു. ചർമ്മം മുതൽ ആന്തരികാവയവങ്ങളെ വരെയും മാനസികാവസ്ഥയെയും ഒരുപോലെ തളർത്തുന്ന ഒന്നാണ് കഠിനമായ ചൂട്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയ വിഭാഗങ്ങളെയാണ് കൂടുതലായും ചൂട് ബാധിക്കുന്നത്. ചൂട് കാരണം ഉണ്ടാകുന്ന പ്രധാനപ്പെട്ട മാറ്റം നമ്മുടെ ഹൃദയമിടിപ്പിലുണ്ടാകുന്ന വർദ്ധനവാണ് (cardiovascular stress); ശരീരത്തെ തണുപ്പിക്കാനായി രക്തയോട്ടം വേഗത്തിലാക്കാൻ ഹൃദയം അമിതമായി അധ്വാനിക്കുന്നത് ഹൃദ്രോഗ സാധ്യതയുള്ളവരിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതോടൊപ്പം, വിയർപ്പിലൂടെ അമിതമായി ദ്രാവകങ്ങളും ലവണങ്ങളും നഷ്ടപ്പെടുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും, ഇത് രക്തസമ്മർദ്ദം കുറയാനും അവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും കാരണമാകുന്നു. ശരീരത്തിന് താപനില സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായ ഹീറ്റ് സ്ട്രോക്ക് (heat stroke) ബാധിക്കുന്നതോടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഉയർന്ന ചൂട് നമ്മുടെ രോഗപ്രതിരോധ ശേഷിയെ (immune system impairment) തളർത്തുന്നതിനൊപ്പം ശരീരത്തിൽ വീക്കങ്ങൾ (inflammation) ഉണ്ടാകാനും സന്ധിവേദന പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ വഷളാകാനും കാരണമാകുന്നു. സൂര്യതാപം കാരണമുള്ള പൊള്ളൽ (sunburn), ചർമ്മത്തിലെ അലർജികൾ എന്നിവയ്ക്ക് പുറമെ, കൃത്യമായ ഉറക്കം ലഭിക്കാത്തതും അസ്വസ്ഥതയും വഴി മാനസികാരോഗ്യത്തെയും ചൂട് സാരമായി ബാധിക്കുന്നുണ്ട്. ഉയർന്ന ഈർപ്പം (humidity) ശരീരത്തിന് വിയർപ്പിലൂടെ ചൂട് പുറത്താക്കാനുള്ള കഴിവ് കുറയ്ക്കുന്നതിനാൽ, താരതമ്യേന കുറഞ്ഞ താപനിലയിലും ഗുരുതരമായ ഹീറ്റ് സ്ട്രെസ് ഉണ്ടാക്കും.


ചൂടുയരുന്ന ഉഷ്ണ രാത്രികൾ
1981–2022 കാലയളവിലെ കണക്കുകൾ പരിശോധിച്ചുകൊണ്ട് ഇന്ത്യയിൽ ചൂടുള്ള ദിവസങ്ങളെക്കാൾ ചൂടുള്ള രാത്രികളാണ് വേഗത്തിൽ വർദ്ധിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 70 ശതമാനത്തിലധികം ജില്ലകളിലും ഓരോ വർഷവും കുറഞ്ഞത് അഞ്ച് അധിക ചൂടുള്ള രാത്രികൾ അനുഭവപ്പെടുമ്പോൾ, അഞ്ച് അധിക ചൂടുള്ള ദിവസങ്ങളുടെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് 28 ശതമാനം ജില്ലകളിലാണ്.
ഇന്ത്യയിലെ 734 ജില്ലകളിൽ 417 ജില്ലകൾ നിലവിൽ ഉയർന്നതോ വളരെ ഉയർന്നതോ ആയ താപ അപകടസാധ്യതാ വിഭാഗത്തിലാണ്. ഇതിൽ 151 ജില്ലകൾ ‘ഉയർന്ന അപകടസാധ്യത’ വിഭാഗത്തിലും 266 ജില്ലകൾ ‘വളരെ ഉയർന്ന അപകടസാധ്യത’ വിഭാഗത്തിലുമാണ്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 76 ശതമാനവും ഈ ജില്ലകളിലാണ് താമസിക്കുന്നത്. 201 ജില്ലകൾ മിതമായ അപകടസാധ്യതാ വിഭാഗത്തിലാണ്. ബാക്കിയുള്ള 116 ജില്ലകൾ താഴ്ന്നതോ വളരെ താഴ്ന്നതോ ആയ വിഭാഗങ്ങളിലുമാണ് ഉൾപ്പെടുന്നത്. ഡൽഹി, മഹാരാഷ്ട്ര, ഗോവ, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും ഉയർന്ന താപ അപകടസാധ്യത നേരിടുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. കേരളം ആ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ Diurnal Temperature Range (DTR) അഥവാ ദൈനംദിന താപനില വ്യത്യാസത്തിലും ഇന്ത്യയിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടായിട്ടുള്ളതായി റിപ്പോർട്ട് പറയുന്നു. DTR എന്നത് പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ്. ഉദാഹരണത്തിന് പകൽ 38 ഡിഗ്രിയും രാത്രി 22 ഡിഗ്രിയും ആണെങ്കിൽ താപനില വ്യത്യാസം 16 ഡിഗ്രിയായിരിക്കും. എന്നാൽ ഇപ്പോൾ പല പ്രദേശങ്ങളിലും രാത്രിയിലെ താപനില ഉയരുന്നതിനാൽ ഈ വ്യത്യാസം കുറയുന്നതായാണ് കാണാൻ കഴിയുന്നത്. രാത്രിയിലെ താപനില ഉയർന്ന് നിൽക്കുന്നതാണ് DTR കുറയുന്നതിനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ട് കണക്കുകളിലൂടെ വിശദമാക്കുന്നു.


സാധാരണയായി ഉച്ചകഴിഞ്ഞാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന താപനിലയും പുലർച്ചെയാണ് ഏറ്റവും കുറഞ്ഞ താപനിലയും രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിലെ 86 ശതമാനം ജില്ലകളിലും കഴിഞ്ഞ ദശാബ്ദത്തിൽ ഈ രണ്ട് താപനിലയും തമ്മിൽ വലിയ വ്യത്യാസമില്ലാതെയായി എന്ന് പഠനം വ്യക്തമാക്കുന്നു. രാത്രികാല താപനില ഉയരുന്നത് മനുഷ്യാരോഗ്യത്തെ മാത്രമല്ല, രോഗവ്യാപനത്തെയും ബാധിക്കുന്നു. കൊതുകുകളുടെ പ്രജനന ചക്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഡെങ്കിപ്പനി, മലേറിയ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകാമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നു.
കാർഷിക മേഖലയിലും ഇതിന്റെ ആഘാതം ഗുരുതരമാണ്. രാത്രിയിലെ ഉയർന്ന ചൂട് ചെടികളുടെ ഊർജ്ജനഷ്ടം വർധിപ്പിക്കുന്നതിനാൽ നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനം കുറയുന്നു. കൂടാതെ ചൂടുള്ള രാത്രികൾ ചെടികളുടെ പ്രകാശസംശ്ലേഷണ ശേഷി കുറയ്ക്കുകയും ധാന്യങ്ങൾ പാകമാകാനുള്ള സമയം ചുരുക്കുകയും ചെയ്യുന്നു. ഇത് ധാന്യങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും ബാധിക്കുന്നു.
പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗര ജില്ലകളിലാണ് ചൂടേറിയ രാത്രികളുടെ വർദ്ധനവ് ഏറ്റവും രൂക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ മുംബൈയിൽ ഓരോ വേനൽക്കാലത്തും 15 അധിക ചൂടുള്ള രാത്രികളും ബെംഗളൂരുവിൽ 11 അധിക ചൂടുള്ള രാത്രികളും, ഭോപ്പാൽ, ജയ്പൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും, ഡൽഹിയിൽ ആറും ചെന്നൈയിൽ നാലും രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.


നഗരങ്ങളിലെ ‘Urban Heat Island Effect’ അഥവാ നഗര താപദ്വീപ് പ്രതിഭാസമാണ് ഇതിന് പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ താപനില കൂടുതലായി അനുഭവപ്പെടുന്ന അവസ്ഥയാണ് നഗര താപദ്വീപ് പ്രതിഭാസം. കോൺക്രീറ്റ് കെട്ടിടങ്ങൾ, ടാർ റോഡുകൾ, വാഹനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ പകൽ സമയത്ത് വലിയ തോതിൽ ചൂട് ആഗിരണം ചെയ്യുകയും രാത്രി അത് പുറത്തുവിടുകയും ചെയ്യുന്നു. അതേസമയം മരങ്ങളും ജലാശയങ്ങളും തുറസായ മണ്ണും കുറയുന്നത് നഗരങ്ങൾക്ക് സ്വാഭാവികമായി തണുക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നു. ഇതിന്റെ ഫലമായി രാത്രികാല താപനില ഉയരുകയും ചൂടേറിയ രാത്രികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. പൂനെ, തൂത്തുക്കുടി, കോലാപ്പൂർ, മൈസൂർ, കോഴിക്കോട്, അജ്മീർ, ഗുരുഗ്രാം, ഗുവാഹത്തി തുടങ്ങിയ വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും ഈ പ്രവണത ശക്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം ഒഡീഷയിലെ ചില ജില്ലകളിൽ ചൂടിന്റെ തീവ്രത കൂടുതലായിരുന്നെങ്കിലും ഉയർന്ന ഹരിതാവരണം കാരണം അപകടസാധ്യത താരതമ്യേന കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിർദ്ദേശങ്ങൾ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ (SDMA), ജില്ലാ ഭരണകൂടങ്ങൾ, നഗരസഭകൾ തുടങ്ങിയ ഭരണസംവിധാനങ്ങൾ കൂടുതൽ ശാസ്ത്രീയവും ഡാറ്റ അധിഷ്ഠിതവുമായ Heat Action Plans (HAPs) തയ്യാറാക്കണമെന്നാണ് ഈ റിപ്പോർട്ട് ശിപാർശ ചെയ്യുന്നത്. നിലവിലുള്ള ധനസഹായ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് ചൂട് അപകടസാധ്യത കുറയ്ക്കുന്നതിനാണ് ശിപാർശകൾ പ്രധാനമായും ഊന്നൽ നൽകുന്നത്.
സംസ്ഥാനങ്ങളും ജില്ലകളും നഗരങ്ങളും ചൂടിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പകൽ താപനിലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ചൂടുള്ള രാത്രികൾ, ഈർപ്പം, ജനസംഖ്യാ രീതികൾ, ആരോഗ്യ ദുർബലതകൾ എന്നിവയും പരിഗണിക്കണമെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) കാലാവസ്ഥാ പ്രവചനങ്ങളിൽ രാത്രികാല, പകൽ സമയ താപനിലയിലെ വർദ്ധനവ്, ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിങ്ങനെ അധിക അപകടസാധ്യതാ പാരാമീറ്ററുകൾ ഉൾപ്പെടുത്തി പ്രവചനങ്ങൾ നൽകുന്നുണ്ട്. ഈ പ്രവചനങ്ങളെ മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കും HAP-കളിലേക്കും (Heat Action Plan) സംയോജിപ്പിക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വൈദ്യുതി ആവശ്യകത തുടങ്ങിയ ബഹുമേഖലാ പ്രത്യാഘാതങ്ങൾ മുൻകൂട്ടി കാണുന്നതിനും ദുർബല ജനവിഭാഗങ്ങൾക്ക് താപവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കൃത്യമായി നൽകുന്നതിനും HAP സഹായകമാകും. 2024 നവംബർ വരെയുള്ള, പൊതുജനങ്ങൾക്ക് ലഭ്യമായ 15 സംസ്ഥാനങ്ങളിലെ HAPs പരിശോധിച്ചപ്പോൾ, ബിഹാറും ആന്ധ്രാപ്രദേശും മാത്രമാണ് ഹീറ്റ് വൾണറബിലിറ്റി മാപ്പിങ് നടത്തിയതെന്ന് റിപ്പോർട്ട് കണ്ടെത്തിയിരുന്നു.
ഉഷ്ണതരംഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടുകൾ (SDMF) കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശയെ തുടർന്ന് ദേശീയ ദുരന്ത ലഘൂകരണ ഫണ്ടും (NDMF) സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടുകളും (SDMF) രൂപീകരിച്ചിട്ടുണ്ട്. ഉഷ്ണതരംഗത്തെ SDMF വഴി ധനസഹായം ലഭിക്കാവുന്ന ദുരന്തങ്ങളിലൊന്നായി 2024-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു.
ഈ ഫണ്ടിൽ 2021–26 സാമ്പത്തിക വർഷത്തിൽ 32,031 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ചൂടിനെ നേരിടാൻ ഫലപ്രദമായി ഉപയോഗിക്കണം എന്നാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. ഇന്ത്യയിലെ പകുതിയിലധികം ജില്ലകളും ഉയർന്നതോ വളരെ ഉയർന്നതോ ആയ ചൂട് അപകടസാധ്യതാ വിഭാഗത്തിൽപ്പെടുന്നതിനാൽ SDMF ഫണ്ട് കൂടാതെ ഉഷ്ണതരംഗങ്ങളെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള സംസ്ഥാനങ്ങൾ ഇതിനകം ഉഷ്ണതരംഗങ്ങളെ സംസ്ഥാന ദുരന്തമായി പ്രത്യേക പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലുകളുടെ ചൂട് പ്രതിരോധ ശേഷി (adaptive capacity) വിലയിരുത്തുന്നതിനിടെ പൊതുജനങ്ങൾക്ക് ലഭ്യമായ HAPs വളരെ കുറവാണെന്ന് ഈ പഠനം കണ്ടെത്തിയിരുന്നു. ഇത് വലിയ പോരായ്മയായി റിപ്പോർട്ട് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ (NDMA) നേതൃത്വത്തിൽ കേന്ദ്രീകൃത HAP ഡാറ്റാബേസ് രൂപീകരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഹീറ്റ് ആക്ഷൻ പ്ലാനുകളുടെ രൂപകൽപ്പനയിലെയും നടപ്പാക്കലിലെയും പോരായ്മകൾ തിരിച്ചറിയാനും കൂടുതൽ ശാസ്ത്രീയവും ഡാറ്റ അധിഷ്ഠിതവുമായ ചൂട് പ്രതിരോധ പദ്ധതികൾ രൂപപ്പെടുത്താനും ഇത്തരം ഒരു കേന്ദ്ര ഡാറ്റാബേസ് സഹായകരമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതിതീവ്ര ചൂട് ഒരു കാലാവസ്ഥാ പ്രശ്നം മാത്രമല്ലെന്നും, പൊതുജനാരോഗ്യം, നഗരാസൂത്രണം, ജലലഭ്യത, കാർഷികോൽപാദനം, തൊഴിൽ, ദുരന്തനിവാരണം എന്നിവയെ ഒരേസമയം ബാധിക്കുന്ന ബഹുമുഖ പ്രതിസന്ധിയായി മാറുകയാണെന്നുമുള്ള മുന്നറിയിപ്പാണ് ഈ പഠനം നമുക്ക് നൽകുന്നത്. ജില്ലാതല ഡാറ്റ, അപകടസാധ്യതാ മാപ്പിങ്, മുന്നറിയിപ്പ് സംവിധാനങ്ങൾ, ശാസ്ത്രീയ ഹീറ്റ് ആക്ഷൻ പ്ലാനുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലുകൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ വരും വർഷങ്ങളിൽ ചൂട് ഇന്ത്യയുടെ ഏറ്റവും ഗുരുതരമായ കാലാവസ്ഥാ ദുരന്തങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ട് എന്ന ഈ ശാസ്ത്രീയ വിലയിരുത്തൽ കേരളവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു.

