

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറ് മാസത്തിനുള്ളിൽ സംവരണമേർപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം ട്രാൻസ്ജെൻഡർ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച നൽസ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിർദ്ദേശം. സാധാരണ സർക്കാരിന്റെ നയരൂപവത്കരണത്തിൽ കോടതി ഇടപെടാറില്ലെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശം സുപ്രീംകോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒറ്റപ്പാലം സ്വദേശിയായ ട്രാൻസ് വുമൺ അനീറ കബീറിന്റെ ആറ് വര്ഷത്തെ നിയമപോരാട്ടമാണ് ഈ കോടതിവിധിക്ക് കാരണമായിത്തീർന്നത്. പൊളിറ്റിക്കല് സയന്സ്, സോഷ്യോളജി എന്നിവയില് ബിരുദാനന്തര ബിരുദവും ബി.എഡ്, എം.എഡ്, സെറ്റ് യോഗ്യതകളും നേടി അനീറ അധ്യാപകജോലിക്ക് ശ്രമിച്ചിട്ടും ട്രാൻസ് വുമൺ ആണെന്ന കാരണത്താൽ അവഗണിക്കപ്പെടുകയായിരുന്നു. നിയമപോരാട്ടത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും അനീറ കബീർ കേരളീയത്തോട് സംസാരിക്കുന്നു.
ട്രാൻസ് വ്യക്തികൾക്ക് ജോലി കിട്ടുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അങ്ങനെയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവന്നതിനെ തുടർന്ന് ദയാവധത്തിനായി കേസ് ഫയൽ ചെയ്ത വ്യക്തിയാണ് അനീറ. ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തടസ്സങ്ങൾ എന്തെല്ലാമാണെന്നാണ് അനീറ മനസ്സിലാക്കുന്നത്?
ഇസ്ലാം-ക്രിസ്ത്യൻ മതങ്ങൾ ട്രാൻസ് സമൂഹത്തെ അഡ്രസ് ചെയ്യാൻ തയ്യാറാകുന്നില്ല എന്നത് ഒരു കാരണമാണ്. അവർ ഇത്തരം മനുഷ്യരെക്കുറിച്ച് സംസാരിക്കാൻ പോലും സന്നദ്ധമല്ല. മത സംഘടനകൾക്കാണ് ഞാൻ താമസിക്കുന്ന മലബാർ മേഖലയിൽ സ്കൂളുകൾ ഏറെയുള്ളത്. ഒരു ടീച്ചറാകാൻ യോഗ്യതയുള്ള ഞാൻ മത സംഘടനകൾ നടത്തുന്ന സ്കൂളുകളിൽ അപ്ലൈ ചെയ്താൽ എന്നെ അവർ പരിഗണിക്കാറേയില്ല. ട്രാൻസ് വ്യക്തികൾ പൊതുവെ സെക്സ് വർക്കിൽ ഏർപ്പെടുന്നവരായി മാത്രമായിട്ടാണ് സമൂഹം കാണുന്നത്. അല്ലാത്തവരും ഉണ്ടെങ്കിലും തിരിച്ച് ചിന്തിക്കുന്ന മനുഷ്യരാണ് എല്ലാ സാധ്യതകൾക്കും തടസ്സമായി നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അനീറയുടെ സമരത്തിന്റെ നാൾവഴികൾ എങ്ങനെയായിരുന്നു?
2016-17ൽ ആണ് ഞാൻ കമിങ് ഔട്ട് ചെയ്തത്. പിന്നീട് ഒരു വരുമാന മാർഗം കണ്ടെത്താൻ നോക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നില്ല. അങ്ങനെയാണ് എന്റെ വീട്ടിൽ വച്ച് കുട്ടികൾക്ക് ട്യൂഷൻ എടുക്കാമെന്ന് തീരുമാനിക്കുന്നത്. നാൽപ്പതോളം കുട്ടികൾ എന്റെ വീട്ടിൽ ട്യൂഷന് വന്നിരുന്നു. പിന്നെ എന്റെ മാറ്റങ്ങൾ കണ്ടപ്പോൾ എന്റെ കുടുംബത്തിന് എന്നെ അവിടെ നിർത്താൻ താത്പര്യമുണ്ടായില്ല. എന്നോട് വീട്ടിൽ നിന്നും ഒഴിഞ്ഞുപോകാൻ പറഞ്ഞു. അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് വാടകയ്ക്ക് മാറേണ്ടി വന്നതും ചിലവ് കൂടിയതും. മാത്രമല്ല, എന്റെ വീട്ടിൽ നിന്നും ഒരുപാട് അകലത്തേക്ക് എനിക്ക് മാറേണ്ടി വന്നു. അതോടെ ട്യൂഷന് കുട്ടികളെ കിട്ടാത്ത സാഹചര്യമായി. അതോടെ ഞാൻ ഭയങ്കര പ്രശ്നത്തിലായി. തുണിക്കടകളിൽ സെയ്ൽസ് ഗേളായി ജോലി കിട്ടുമോ എന്ന് നോക്കി, എല്ലായിടത്ത് നിന്നും ഞാൻ റിജക്ട് ചെയ്യപ്പെട്ടു. എനിക്ക് രണ്ട് പി.ജിയും ബി.എഡും എം.എഡും സെറ്റും ഒക്കെയുള്ളതിനാൽ ഏതെങ്കിലും സ്കൂളിൽ ജോലി കിട്ടുമെന്നെല്ലാം പ്രതീക്ഷിച്ചിരുന്നു. പത്ര പരസ്യം കണ്ട് ഞാൻ പല സ്കൂളുകളിലും പോയി. എനിക്ക് യോഗ്യതയുള്ളതുകൊണ്ട് എന്നെ പരിഗണിക്കുമെന്നാണ് കരുതിയത്. പക്ഷേ, എന്റെ ജെൻഡർ കാരണം എനിക്ക് എവിടെയും ജോലി കിട്ടുന്നില്ല എന്നൊരു പ്രതിസന്ധി വന്നപ്പോൾ ഞാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) ജഡ്മെന്റിൽ ട്രാൻസ് വ്യക്തികൾക്ക് ജോലി നൽകണമെന്ന് പറയുന്ന കാര്യം അതിൽ സൂചിപ്പിച്ചു. അത് പരിഗണിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. ജോലിയിലും വിദ്യാഭ്യാസത്തിലും നിശ്ചിത സീറ്റ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മാറ്റിവയ്ക്കണമെന്ന് NALSA ജഡ്ജ്മെന്റിൽ പറഞ്ഞിട്ടുണ്ട്.


ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനുവിന്റെയും അർജുൻ ഗീതയുടെയും നിയമപോരാട്ടങ്ങൾ എങ്ങനെയാണ് പ്രചോദനമായി മാറിയത്?
ഗ്രേസ് ബാനുവിന്റെ സമരം എനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ട്. അർജുൻ ഞാൻ കേസ് കൊടുത്ത ശേഷം അതേ വക്കീലിന്റെ അടുത്താണ് പോയത്. അഡ്വ. തുളസി കെ രാജ്കുമാർ. വക്കീൽ നന്നായി പിന്തുണച്ചു. പക്ഷേ, അവർക്ക് ഒരുപാട് തിരക്കുണ്ടായിരുന്നതിനാൽ കേസ് നീണ്ടുപോയി. ജോലി ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. അതേസമയത്ത് എന്റെ കുടുംബത്തിലും സഹോദരന്റെ മരണത്തെ തുടർന്ന് കുറച്ച് ബാധ്യതകളുണ്ടായി. അങ്ങനെയാണ് 2024 ജനുവരിയിൽ അഡ്വ. പത്മ ലക്ഷിയോട് സംസാരിച്ച് കേസ് വേഗത്തിൽ മൂവ് ചെയ്യുന്നത്. 2019ൽ ഫയൽ ചെയ്ത ആ കേസ് തന്നെയാണ് പത്മയ്ക്ക് ഫോർവേർഡ് ചെയ്തത്. രണ്ട് അഭിഭാഷകരും കേസ് വാദിക്കുന്നതിൽ സഹായിച്ചു. ഞാൻ ഒരു വാട്സ്അപ് ഗ്രൂപ്പ് രൂപീകരിച്ചാണ് കേസിനുള്ള ഫണ്ട് സമാഹരിച്ചത്. എന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാലക്കാടുള്ള ഒരുമ എന്ന കമ്മ്യൂണിറ്റി ബെയ്സ്ഡ് ട്രാൻസ്ജെൻഡർ ഓർഗനൈസേഷനെയും ഇതിൽ കക്ഷി ചേർത്തു. ലീഗൽ സർവീസ് അതോറിറ്റിയും സഹായിച്ചു. പ്രായം റിലാക്സ് ചെയ്യുന്നതിനുള്ള കേസും കൊടുത്തിട്ടുണ്ട്. പലരും പ്രായപരിധി കഴിഞ്ഞവരാണ്, അതും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. അതിനായുള്ള നിയമപോരാട്ടം തുടരും.


ജോലി കിട്ടാൻ വേണ്ടി നടത്തിയ ശ്രമങ്ങൾ ഒന്നുകൂടി വിശദമാക്കാമോ?
ജോലി തരുമോ എന്ന് ചോദിച്ച് ഒരുപാട് കടകളിൽ പോയിട്ടുണ്ട്. ട്രാൻസ് വുമൺ ആയതുകൊണ്ട് എവിടെയും ജോലി കിട്ടിയില്ല. എന്നേക്കാൾ യോഗ്യത കുറഞ്ഞ എത്രയോ ആളുകളെ ജോലിക്ക് എടുത്തിട്ടുണ്ട്. ശരിക്കും വലിയ വിഷമം തോന്നി. അതിനേക്കാൾ ക്വാളിഫിക്കേഷനും എക്സ്പീരിയൻസും എനിക്കുണ്ട്. വീടിനടുത്തുള്ള സ്കൂളുകൾ പോലും പരിഗണിച്ചില്ല. ജോലി ചെയ്ത് ജീവിക്കാൻ കഴിയില്ല എന്ന ഒരു തോന്നൽ വന്നു. പതിനാലോളം ഇന്റർവ്യൂവിനാണ് ഒരു വർഷം പോയത്. കോവിഡ് കഴിഞ്ഞ സമയമായതിനാൽ തന്നെ ഒരുപാട് ഒഴിവുകൾ ആ വർഷം ഉണ്ടായിരുന്നു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി ടീച്ചർമാരുടെ ഒഴിവുകളെല്ലാം ശ്രമിച്ചുനോക്കി. അവസാനം ഒരു ഇന്റർവ്യൂവിന് പുരുഷവേഷമിട്ട് പോയി. അന്ന് കോവിഡ് കാലമായിരുന്നതിനാൽ മാസ്ക് വേണം. മാസ്ക്കും ഓവർ കോട്ടും ഇട്ട് ഇന്റർവ്യൂന് പോയപ്പോൾ പെട്ടെന്ന് മനസ്സിലായില്ല. അങ്ങനെയാണ് ചെറുപ്പുളശ്ശേരി ഗവൺമെന്റ് സ്കൂളിൽ ഇന്റർവ്യൂവിന് പോയത്. അവിടെ എട്ട് പേര് വന്നതിൽ ഒന്നാം റാങ്ക് എനിക്ക് കിട്ടി. പുരുഷൻ എന്ന പ്രിവിലേജിൽ പോയതുകൊണ്ടാണത് കിട്ടിയത്. എസ്.എസ്.എൽ.സി ബുക്കിൽ ജെൻഡർ മാറ്റിയിട്ടില്ലായിരുന്നു. ആധാർ ഞാൻ കാണിച്ചില്ല, ആധാറിൽ ജെൻഡർ ഞാൻ മുന്നേ മാറ്റിയിരുന്നു. അങ്ങനെ എനിക്ക് ജോലി കിട്ടി. പിറ്റേ ദിവസം നല്ല സെറ്റ് സാരിയൊക്കെ ഉടുത്താണ് ഞാൻ ജോലിക്ക് പോയത്. പക്ഷേ, അത് വലിയ ട്രാജഡിയായി മാറി. കുട്ടികളുടെ ഭാഗത്ത് നിന്നല്ല. കുട്ടികൾക്ക് അത് മനസ്സിലാകും. ചെർപ്പുളശ്ശേരി ഗവൺമെന്റ് സ്കൂളിലെ ഹെഡ്മാസ്റ്റർ എന്നെ വിളിച്ച്, കുട്ടികളെ ലൈംഗിക ചുവയോടെ നോക്കരുത്, ഇത്തരം വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കരുത് എന്നെല്ലാം പറഞ്ഞു. ഞാൻ കുറച്ചൊക്കെ പ്രതികരിച്ചു. പക്ഷേ, എനിക്ക് വലിയ വിഷമമായി. എന്റെ മുന്നിലിരിക്കുന്ന കുട്ടികളെ എന്റെ കുട്ടികളെപ്പോലെയാണ് ഞാൻ കാണുന്നത്. അവരെ ലൈംഗിക ചുവയോടെ നോക്കാനല്ല ഞാൻ ക്ലാസിൽ പോകുന്നത്. അവിടെ രണ്ടര മാസം ജോലി ചെയ്തു. കാലാവധി കഴിഞ്ഞ് പുതുക്കുമ്പോൾ ഇന്റർവ്യൂവിന് ഒന്നാം റാങ്ക് ഉണ്ടായിരുന്ന ആൾക്ക് തുടരാൻ കഴിയേണ്ടതാണ്. പക്ഷേ, അവർ എന്നെ തുടരാൻ അനുവദിച്ചില്ല. സ്റ്റാഫ് മീറ്റിംഗ് കൂടുമ്പോൾ പോലും എന്നെ വിളിച്ചിരുന്നില്ല. എനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് നടന്ന അധ്യാപകരുണ്ട്. പിന്നീട് എനിക്ക് അവിടെ വലിയ സ്വീകരണം കിട്ടിയിട്ടുണ്ട്. കുട്ടികളെ ഞാൻ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചിട്ടും അവർ ഒഴിവാക്കിയപ്പോഴാണ് ഞാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ച് ഹർജി കൊടുക്കുന്നത്. അത് മാതൃഭൂമി പത്രത്തിൽ ആദ്യ പേജിൽ വാർത്തയായി വന്നു. തുടർന്ന് മന്ത്രി ഇടപെട്ടു. അങ്ങനെ സമഗ്ര ശിക്ഷ കേരളയിൽ എനിക്ക് ജോലി ലഭിച്ചു. ഞാൻ ഇപ്പോഴും ആ ജോലിയിൽ തുടരുകയാണ്. വരുമാനം സ്ഥിരമായി കിട്ടിയതോടെ ഞാൻ കേസ് ശക്തമായി പുനരാരംഭിച്ചു. ഞാൻ പഠിപ്പിച്ച കുട്ടികളായിരുന്നു എന്നും എനിക്ക് സപ്പോർട്ട്. പുറത്താക്കിയ സ്കൂളിലെ കുട്ടികൾ പോലും ഞാൻ അവരുടെ ഏറ്റവും ഫേവറൈറ്റ് ടീച്ചർ ആണെന്ന് പറഞ്ഞത് വലിയ സന്തോഷവും ഊർജവുമായി.
2019ലെ ട്രാൻസ് പ്രൊട്ടക്ഷൻ റൈറ്റ്സിൽ റിസർവേഷനെക്കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ?
റിസർവേഷനെക്കുറിച്ച് പറയുന്നില്ല, മറ്റ് നിയമപരിരക്ഷകളാണ് നൽകുന്നത്. ട്രാൻസ് വ്യക്തികളെ പരിഹസിക്കുകയോ, പുശ്ചിക്കുകയോ ഒക്കെ ചെയ്താൽ ആറ് മാസം വരെ ശിക്ഷ ലഭിക്കും.
ട്രാൻസ് വ്യക്തിയായ അഭിഭാഷക അഡ്വ: പത്മ ലക്ഷ്മിയും മറ്റ് ട്രാൻസ് വ്യക്തികളും കേസിൽ കൂടെ നിന്നു. മറ്റൊരുവശത്ത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥിയായി ഋതിഷ വരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടാകുന്നുണ്ട്. അനീറയുടെ സമരം ഇങ്ങനെ പല മേഖലകളിലേക്കും കടന്നുവരുന്നവർക്ക് പ്രചോദനമായി മാറില്ലേ?
ഇനി വരുന്നവർക്കെല്ലാം ഈ വിധി ഒരു പ്രചോദനമാണ്. അവർക്ക് മുന്നിൽ ഇപ്പോൾ കൃത്യമായ ഒരു വഴിയുണ്ട്. എല്ലാ നിലയ്ക്കും ട്രാൻസ് വ്യക്തികൾക്ക് ജീവിക്കാൻ എല്ലാ അവകാശങ്ങളും നയങ്ങളും ഇപ്പോൾ നമ്മുടെ രാജ്യത്തുണ്ട്. വെൽഫെയർ ബോർഡുകളുണ്ട്. നന്നായി ജീവിക്കാൻ ശ്രമിക്കുന്നവർക്ക് എല്ലാ സാധ്യകളും മുന്നിലുണ്ട്. വിദ്യാഭ്യാസത്തിൽ ട്രാൻസ് വ്യക്തികൾ കൂടുതലായി ശ്രദ്ധിക്കുകയാണ് ഇനി വേണ്ടത്. വിദ്യാഭ്യാസത്തിലൂടെയാണ് നമുക്ക് ഒരു പുരോഗതി സാധ്യമാകുന്നത്. ഒപ്പം സംവരണവും ആവശ്യമാണ്. നമ്മൾ പൊതുസമൂഹത്തിൽ ഇറങ്ങി ജീവിച്ച് തന്നെ സ്വീകാര്യത നേടിയെടുക്കണം. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നിടത്ത് 47 സ്റ്റാഫുണ്ട്. സ്ത്രീകൾ അടക്കം എല്ലാവരും നന്നായിട്ടാണ് എന്നോട് പെരുമാറുന്നത്. എന്റെ ജോലിയുടെ ഭാഗമായി സ്കൂളുകൾ സന്ദർശിക്കുകയും, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ലാസുകൾ നൽകുകയും ചെയ്യുന്നുണ്ട്. ആദ്യം അധ്യാപകരൊക്കെ ഒന്ന് സംശയിക്കുമെങ്കിലും പിന്നീട് ആ ചിന്താഗതി മാറുന്നതായാണ് കണ്ടിട്ടുള്ളത്. ജോലിയിൽ തുടരാൻ കഴിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾ മൂന്നര സെന്റ് സ്ഥലം വാങ്ങിച്ചു, ലോൺ എടുത്ത് വീട് വച്ചു, എന്റെ കുടുംബം ഇപ്പോൾ കൂടെയുണ്ട്. റേഷൻ കാർഡ് എടുത്തു. ഒരുകാലത്ത് ഈ നാട്ടിൽ ചുരിദാർ ഇട്ട് നടക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം, ബാക്കി കിട്ടിയതെല്ലാം ഞാൻ ബോണസായിട്ടാണ് കാണുന്നത്. ഏഴ്-എട്ട് വർഷം പിന്നിലേക്ക് പോയാൽ, ഈ ഒറ്റപ്പാലത്ത് ചുരിദാറിട്ട് നടക്കുമ്പോൾ സ്ത്രീ വേഷം കെട്ടിയ പുരുഷൻ എന്ന് പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട്. ആ സ്ഥാനത്ത് നിന്ന് പൊലീസുകാർക്ക് ക്ലാസെടുക്കുന്ന ആളായി എനിക്ക് മാറാൻ കഴിഞ്ഞു. നമ്മളും സമൂഹത്തിന്റെ ഭാഗമായി നിന്നതുകൊണ്ടാണ് അത് സാധിച്ചത്.


ജോലിയൊന്നും ലഭ്യമാകാതെ വരുകയും സാമ്പത്തിക പ്രയാസങ്ങൾ വല്ലാതെ ബാധിക്കുകയും ചെയ്യുമ്പോഴല്ലേ ട്രാൻസ് വ്യക്തികൾ അരക്ഷിതരായി മാറുന്നതും എന്ത് ജോലിയും സ്വീകരിക്കേണ്ടി വരുന്നതും?
അതെ, റിസർവേഷൻ വരുമ്പോൾ ക്രമേണ മാറ്റം വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ജോലിക്കായി എല്ലാവർക്കും ശ്രമിക്കാൻ ഇത് പ്രചോദനമാകുമെന്ന് കരുതാം. അടുത്തിടെയുണ്ടായ ഒരു അനുഭവം പറയാം. പ്രൈമറി സ്കൂൾ ടീച്ചേഴ്സിന്റെ പി.എസ്.സി ലിസ്റ്റിലുള്ളവരുടെ ഒരു വാട്സ്അപ് ഗ്രൂപ്പിൽ എന്റെ കേസിന്റെ വാർത്ത ഇട്ടപ്പോൾ വന്ന ഒരു കമന്റ്, ഇത്തരം ആളുകൾ സർവീസിൽ കയറിക്കഴിഞ്ഞാൽ ഉള്ള കുട്ടികൾ കൂടി പഠനം നിർത്തി പോകും. അതോടെ നമ്മുടെ ജോലി പോകും എന്നാണ്. അതിന്റെ സ്ക്രീൻഷോട്ട് എന്റെ കൈയിലുണ്ട്. നടി ഹണി റോസ് ചെയ്തത് ഞാൻ അനുകൂലിക്കുന്നത് അതുകൊണ്ടാണ്. ഒരുപാട് ഹാരാസ്മെന്റ് ഉണ്ടായപ്പോൾ അവർ കേസ് ഫയൽ ചെയ്തു. കുറച്ച് അറസ്റ്റുണ്ടായി, അതോടെ മോശം കമന്റ് ഇടുന്നവരുടെ സ്വഭാവം നന്നായി. അതുപോലെ ട്രാൻസ്ജെൻഡേഴ്സിനെ കുറ്റം പറയുന്ന രണ്ട് പേരെയെങ്കിലും അറസ്റ്റ് ഉണ്ടായാലേ ഇതിനൊരു മാറ്റം വരൂ. സോഷ്യൽ ബുള്ളീയിംഗ് അവസാനിപ്പിക്കാൻ കഴിയൂ.