കാസർഗോഡിന്റെ മലയോര ജനതയെ കുടിയൊഴിപ്പിക്കാൻ സ്റ്റെർലൈറ്റ്

ദക്ഷിണ കർണാടകയിലെ ഉഡുപ്പി മുതൽ കാസർഗോഡ് ചീമേനി വരെ 115 കിലോമീറ്റർ നീളത്തിൽ 400 കിലോ വോൾട്ട് വൈദ്യുത ലൈൻ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് സ്റ്റെർലൈറ്റ് പവർ കമ്പനി. കേരളത്തിലും, കർണാടകയിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു അന്തർ സംസ്ഥാന ഊർജ പ്രസരണ പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കാനായി ഉഡുപ്പി-കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് (UKTL) എന്ന പേരിൽ സ്പെഷൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിക്കുകയും, കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിയായ ആർ.ഇ.സി ലിമിറ്റിഡ് 580 കോടി രൂപ വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആർ.ഇ.സി.ടി.പി.സിഎൽ (ആർ.ഇ.സി ട്രാൻസ്മിഷൻ പ്രോജക്ട്സ് കമ്പനി ലിമിറ്റഡ്) ൽ നിന്ന് ലഭിച്ച ലെറ്റർ ഓഫ് അവാർഡ് പ്രകാരം, പദ്ധതിയിൽ 400 കെ.വി (ക്വാഡ്) ഡി/സി ട്രാൻസ്മിഷൻ ലൈനിന്റെ നിർമ്മാണവും,1000 എം.വി.എ 400/220 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ (ജി.ഐ.എസ്) നിർമ്മാണവും ഉൾപ്പെടുന്നുണ്ടെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റിഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസർഗോഡിന്റെ മലയോര മേഖലയിലൂടെ 46 കിലോമീറ്റർ കടന്നുപോവുന്ന പദ്ധതിയെ സംബന്ധിച്ച അവ്യക്തതകളിൽ ആശങ്കാകുലരാണ് പ്രദേശവാസികൾ.

ടവർ നിർമ്മാണത്തിന്റെ ഭാ​ഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനം. കടപ്പാട്:manorama

ഭൂമി പിടിച്ചെടുക്കൽ

ആദ്യ സമയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പിന്നീട് ജനങ്ങൾ സംഘടിച്ച് തുടങ്ങിയപ്പോൾ കളക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിൽ പൊലീസിനെ ഉപയോഗിച്ചുമാണ് കമ്പനി ഭൂമി പിടിച്ചെടുക്കൽ നടപടിയുമായി മുന്നോട്ടുപോവുന്നതെന്ന് പദ്ധതിയുടെ ഇരയായ ടോമി എം.ജെ പറയുന്നു. തെറ്റിദ്ധരിപ്പിച്ചാണ് ആദ്യ ഘട്ടങ്ങളിൽ കമ്പനി ജനങ്ങളെ സമീപിച്ചതും വാടകയ്ക്കെന്ന് പറഞ്ഞ് ഭൂമി ഏറ്റെടുത്ത് തുടങ്ങിയതും. വ്യക്തികളുമായി വിലപേശി വിലയുറപ്പിച്ച് പോവുന്നതായിരുന്നു രീതി. എന്നാൽ ടവറുകൾ ഉയർന്നപ്പോഴാണ് വൈദ്യുതി ടവറുകളാണ് വരാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായത്. അതോടെ അവർ സംഘടിക്കാനും ചെറുത്ത് നിൽക്കാനും ആരംഭിച്ചു. മറ്റ് ചിലയിടങ്ങളിൽ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി വൃക്ഷങ്ങളിൽ അടയാളമിടുന്നതും പതിവായിരുന്നെന്നും ടോമി എം.ജെ പറഞ്ഞു.

ജനങ്ങൾ ചെറുത്തുനിൽപ്പ് ആരംഭിച്ചതോടെ ജില്ലാ ഭരണകൂടം പ്രത്യക്ഷത്തിൽ ഇടപ്പെട്ട് തുടങ്ങിയതായി ടോമി പറയുന്നു. ആദ്യം കളക്റ്ററുടെ നേതൃത്വത്തിലും പിന്നീട് തഹസിൽദാർമാരുടെ സാന്നിധ്യത്തിലും പദ്ധതി ബാധിത പഞ്ചായത്തുകളിൽ നടന്ന യോഗങ്ങളിൽ മാത്രമാണ് നഷ്ടപരിഹാരത്തെ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കളക്ടറും കമ്പനിയും മുന്നോട്ടുവെച്ച നഷ്ടപരിഹാര പാക്കേജ് പര്യാപ്തമായിരുന്നില്ല. അതിൽ പുനരധിവാസമെന്ന ആശയമേ ഇല്ലായിരുന്നു. ടവർ നിൽക്കുന്ന സ്ഥലത്തിന് ഫെയർ വാല്യുവിന്റെ ഇരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകാൻ എന്ന പേരിൽ പിടിച്ചെടുക്കുന്ന 46 മീറ്റർ സ്ഥലത്തിന് ഫെയർ വാല്യുവിന്റെ 15 ശതമാനവും നൽകുമെന്നായിരുന്നു കളക്ടറുടെ ഉറപ്പ്. ഒരു സെന്റ് ഭൂമിക്ക് ആയിരമോ രണ്ടായിരമോ രൂപ മാത്രം നഷ്ടപരിഹാരം കിട്ടുന്ന ആ നിർദ്ദേശത്തെ ജനങ്ങൾ എതിർത്തു. നഷ്ടപരിഹാര കാര്യത്തിൽ ഒരു തീരുമാനമാവുന്നതുവരെ പണി നിർത്തിവെക്കാൻ തീരുമാനമായെങ്കിലും പുനരധിവാസം എന്ന ആവശ്യം പരിഗണിക്കപ്പെട്ടതേയില്ല.

46 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുക്കുകയെന്നാൽ സാധാരണക്കാരന്റെ മുഴുവൻ ഭൂമിയും കമ്പനിയ്ക്ക് നൽകുന്നതിന് തുല്യമാണെന്ന് മറ്റൊരു ഇര ഷാനവാസ് പറയുന്നു. ഭൂമിയുടെ ഉടമസ്ഥത കർഷകന് തന്നെയാണെങ്കിലും അവിടെ കൃഷി അസാധ്യമാവും. വന്യജീവി സാന്നിധ്യമുള്ള ഇടങ്ങളിൽ നാണ്യവിള കൃഷികളായ തെങ്ങും റബ്ബറുമൊക്കെയാണ് അനുയോജ്യം. എന്നാൽ ലൈനിന് കീഴിൽ ഇത്തരം കൃഷികൾ സാധ്യവുമല്ല. പുതുതായി വീടോ കെട്ടിടങ്ങളോ നിർമ്മിക്കാൻ ഉടമയ്ക്ക് അവകാശമില്ല. വർഷാവർഷം നികുതിയടക്കുന്നത് മാത്രമായി മാറും ഉടമയുടെ ഉത്തരവാദിത്ത്വമെന്നും ഷാനവാസ് പറയുന്നു.

ഡോ. സുഖീഷിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറി മരങ്ങൾക്ക് അടയാളമിടുന്നു

ടവറിന് ഇരുവശവും അഞ്ച് മീറ്റർ ഭൂമി വീതം (ആകെ 10 മീറ്റർ) ഏറ്റെടുത്ത് അതിന് മാത്രം നഷ്ടപരിഹാരം നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ബാക്കി 36 മീറ്റർ ഭൂമി നഷ്ടപരിഹാരമൊന്നും നൽകാതെ ബഫർ സോണായി പിടിച്ചുവെക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും മലക്കല്ലിൽ നിന്നുള്ള ജോർജ് എ.ജെ പറയുന്നു. ഭൂമിയിൽ കൃഷി ചെയ്യാനോ വീട് വെക്കാനോ കൃഷിയിറക്കാനോ വായ്പ കിട്ടില്ലെന്നും ഭൂമി വിൽപ്പന അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പലരുടേയും ഭൂമിയെ പകുത്തും തുണ്ടംതുണ്ടമാക്കിയുമൊക്കെയാണ് ലൈൻ കടന്നുപോവുന്നതെന്നും അവശേഷിക്കുന്ന ഭൂമിയും ഉപേക്ഷിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും അട്ടയങ്ങാനത്ത് നിന്നുള്ള സതീഷ് ചന്ദ്രൻ പറയുന്നു.

നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച സമവായം ഉണ്ടാകുന്നതിന് മുമ്പേ ഏപ്രിൽ പകുതിയോടെ അക്രമാസക്തമായ ഭൂമിയേറ്റെടുക്കൽ നടപടികൾ പുനരാരംഭിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കളക്ടറുടെ സാന്നിധ്യത്തിൽ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി, ജെ.സി.ബി ഉപയോഗിച്ച് കൃഷിയിടങ്ങൾ തകർക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നതെന്ന് പദ്ധതിയുടെ മറ്റൊരു ഇരയായ സത്യൻ പറയുന്നു. മുള്ളേരിയയിൽ നിന്നുള്ള ഡോക്ടർ സുഖീഷ് പങ്കുവെച്ച അനുഭവം ഭരണകൂട ധാർഷ്ട്യം വെളിപ്പെടുത്തുന്നതാണ്. ഡ്രിപ്പ് ഇറിഗേഷൻ നൽകി താൻ നട്ട് പരിപാലിച്ച റബർ മരങ്ങൾ കളക്റ്ററുടെ നേതൃത്വത്തിൽ അനുവാദം കൂടാതെ പിഴുത് കളഞ്ഞെന്ന് അദ്ദേഹം പറയുന്നു. കളക്റ്റർ എല്ലാ സന്നാഹങ്ങളുമായി വന്ന് താങ്കൾ ഭൂമി വിട്ടുകൊടുക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ഭൂമിയിൽ അതിക്രമിച്ച് കയറി ജെ.സി.ബി ഉപയോഗിച്ച് പിഴുതുമാറ്റിയെന്നും താൻ നിശ്ചലനായി പോയെന്നും ഡോക്ടർ വിശദീകരിക്കുന്നു.

ഭൂമിയേറ്റെടുക്കലിനെതിരായ പ്രതിഷേധം വീഡിയോ

സമരം ശക്തമാകുന്നു

പദ്ധതിയുടെ ഇരകളായ 400 കുടുംബങ്ങളെച്ചേർത്ത് കർഷക രക്ഷാസമിതി എന്ന പേരിൽ സമരസംഘടന രൂപീകരിച്ചിട്ടുണ്ടെന്ന് കർഷക രക്ഷാസമിതി ചെയർമാനും കാസർഗോഡ് ജില്ലാ പഞ്ചയത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ പറഞ്ഞു. പദ്ധതി സംബന്ധിച്ച അവ്യക്തതകൾ മാറ്റണമെന്നും ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും ശാസ്ത്രീയ പുനരധിവാസവും ഉറപ്പാക്കണമെന്നുമാണ് യു.കെ.റ്റി.എൽ പദ്ധതിയിരകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. കെ റെയിൽ വിരുദ്ധ സമര മാതൃകയിൽ യു.കെ.റ്റി.എല്ലിനെതിരായ സമരത്തേയും സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് തദ്ദേശവാസികൾ. അതിന് മുന്നോടിയായി കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ജനറൽ കൺവീനറായ എസ് രാജീവനുമായി ചർച്ച നടത്തുകയും ചെയ്തു ജനങ്ങൾ. കാസർഗോഡ് ജില്ലയിലെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രചാരണ ജാഥകൾ നടത്താനും ക്വാറി വിരുദ്ധ സമര നേതൃത്വത്തിന്റെ പിന്തുണ തേടാനും ശക്തമായ സമര സമിതി രൂപീകരിക്കാനുമുള്ള പരിശ്രമത്തിലാണ് ജനങ്ങൾ. സമരപാരമ്പര്യമുള്ള കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ എല്ലാ അർത്ഥത്തിലുമുള്ള സഹായം അവർ ആഗ്രിക്കുന്നുണ്ടെന്നാണ് ഈ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്ന വസ്തുത.

(എം.കെ ഷഹസാദ്: സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read