സ്പിവാക് പറഞ്ഞ വിവർത്തന അസാധ്യത വിജയൻ വിശദീകരിച്ച വിധം

(വി മുസഫർ അഹമ്മദ് എഴുതിയിരുന്ന ഞായറാഴ്ച കോളം ‘ഓഫ്റോഡ്’ ഈ 25-ാം ഭാ​ഗത്തോടെ അവസാനിക്കുന്നു)

ഓഫ്റോഡ് 25

“സോഫയിൽ പെൻഗ്വിൻ ബുക്സ് 94ൽ പുറത്തിറക്കിയ ഖസാക്കിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ലെജന്റ്സ് ഓഫ് ഖസാക്ക്’. എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അതെടുത്ത് പേജുകൾ മറിച്ചു നോക്കുന്നതിനിടെ അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള വാക്കുകൾ: “പാലക്കാടൻ ഭാഷയും അപ്പുക്കിളിയുടെ കൊഞ്ഞയുമൊന്നും മൊഴിമാറ്റത്തിന് വഴങ്ങിയില്ല”. പിന്നെ ഇത്തിരി നേരം കണ്ണടച്ചിരുന്നു. ആംഗലേയ പരിഭാഷകനായി, തന്റെ തന്നെ ഗ്രാമ്യഭാഷയോടേറ്റുമുട്ടി പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു ആ ആത്മഗതം”. (ഒ.വി വിജയൻ 96ലെ ഒരു ദില്ലിയോർമ്മ/ചന്ദ്രശേഖരൻ കെ.വി/ കലാപൂർണ്ണ മാസിക, 2022 ജനുവരി). സ്വന്തം നോവൽ വിവർത്തനത്തിലെ വിവർത്തന അസാധ്യത എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഒ.വി വിജയന്റെ ഈ വാക്കുകൾ, അപ്പുക്കിളിയുടെ കൊഞ്ഞ, പാലക്കാടൻ ഭാഷ, ഇവയൊന്നും തനിക്ക് ഇംഗ്ലീഷ് പരിഭാഷയിലേക്ക് കൊണ്ടുവരാനായില്ലെന്ന ഏറ്റുപറച്ചിൽ, ഗായത്രി ചക്രവർത്തി സ്പിവാക്കിന്റെ ‘Living Translation’ വായിക്കുമ്പോൾ ഓർമ്മയിലേക്കു വന്നു.

ലെജന്റ്സ് ഓഫ് ഖസാക്ക് കവർ

സമീപകാലത്ത് എസ് ഹരീഷിന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ (ആദം/വിവ: ജയശ്രീ കളത്തിൽ) വായിക്കുമ്പോഴും വിവർത്തന അസാധ്യത എന്നൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടു. ഹരീഷിന്റെ ‘ചപ്പാത്തിലെ കൊലപാതകം’ (ഇംഗ്ലീഷ് പരിഭാഷയുടെ ശീർഷകം ‘Murder at the Culvert’) എന്ന കഥയിൽ ഇങ്ങിനെ വായിക്കാം: “മലയിറങ്ങി വരുമ്പോൾ രഹസ്യമായി വാറ്റുചാരായവും കാട്ടിറച്ചിയും വിൽക്കുന്ന അമ്മിണീസ് ബാർ എന്നു നാട്ടുകാർ പറയുന്ന ഒരു ചെറിയ വീടുണ്ട്. ഇന്നത്തെ ദിവസം ഇവിടെ കയറിയാലേ അനശ്വരമാകൂവെന്ന് അവർക്കു തോന്നി. ‘അമ്മിണിച്ചേച്ച്യേ രണ്ട് അര’, തിണ്ണയിലെ ബെഞ്ചിന്മേലിരുന്ന് ഒന്നാമൻ പറഞ്ഞു. ‘എന്റെ കൈയിൽ ഒരരയേ ഉള്ളൂ മകനേ’ അമ്മിണിച്ചേച്ചി കളിയായി പറഞ്ഞു”. ഇംഗ്ലീഷ് വിവർത്തനത്തിൽ ഒരുപക്ഷെ മലയാളിക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ‘അര’ പ്രയോഗമില്ല. 2019ൽ ബുക്കർ ഇന്റർനാഷണൽ ലഭിച്ച സയ്യിദാത്തുൽ ഖമർ (ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നു മലയാളത്തിൽ വിവർത്തനം ചെയ്യാം, ബുക്കർ ലഭിച്ച ഇംഗ്ലീഷ് പരിഭാഷയുടെ ശീർഷകം ‘Celestial Bodies’ എന്നായിരുന്നു. മൂലശീർഷകത്തെ അപ്പടി പരിഭാഷക മർലിൻ ബൂത്ത് മാറ്റി) മലയാളത്തിൽ വന്നപ്പോൾ ശീർഷകം നിലാവിന്റെ പെണ്ണുങ്ങൾ എന്നായിരുന്നു. അറബിയിൽ നിന്നും നേരിട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൃതിയാണ്. പരിഭാഷകൻ ഇബ്രാഹിം ബാദ്ഷ വാഫിയെ ശീർഷക വിവർത്തനം പ്രതിസന്ധിയിലാക്കി. ചന്ദ്രന്റെ പെണ്ണുങ്ങൾ എന്ന വിവർത്തനത്തിൽ ഒരു പ്രശ്നമുണ്ട്. മലബാറിൽ പലയിടത്തും പെണ്ണുങ്ങൾ എന്നാൽ ഭാര്യ എന്നാണർത്ഥം. അതായത് ചന്ദ്രൻ എന്നയാളുടെ ഭാര്യ എന്ന നിലയിലാണ് ഇത് മനസ്സിലാക്കപ്പെടുക. അങ്ങിനെയാണ് ‘നിലാവിന്റെ പെണ്ണുങ്ങൾ’ എന്ന തലക്കെട്ട് തെരഞ്ഞെടുത്ത് വിവർത്തകൻ അസാധ്യതയെ മറി കടന്നത്. പിറുപിറുക്കലുകളും മുറുമുറുക്കലുകളും എങ്ങിനെ വിവർത്തനം ചെയ്യുമെന്ന് എം.ടി വാസുദേവൻ നായർ ഒരു ലേഖനത്തിൽ ചോദിക്കുന്നതും ഇവിടെ ഓർക്കാം.

എസ് ഹരീഷ്

ഇനി സ്പിവാക്കിന്റെ പുസ്തകത്തിലേക്കു വരാം. അവർ പരിഭാഷയെക്കുറിച്ച് പല കാലങ്ങളിലായി എഴുതിയ ലേഖനങ്ങളുടേയും പുസ്തക ആമുഖങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരമാണ് അവരുടെ എൺപതാം പിറന്നാളിന്റെ ഭാഗമായി കൊൽക്കത്ത സീഗൾ ബുക്സ് ഇറക്കിയ ഈ പുസ്തകം. ദരിദയുടെ ‘ഓഫ് ഗ്രാമറ്റോളജി’യുടെ  വിവർത്തനത്തിന് എഴുതിയ ആമുഖം മുതൽ മഹാശ്വതാദേവിയുടെ രചനകളുടെ വിവർത്തനാനുഭവങ്ങൾ വരെ (അസാധ്യതകളിൽ നിന്നും സാധ്യതകളിലേക്കുള്ള വിവർത്തകയുടെ യാത്രകൾ) ഈ അസാധാരണ പുസ്തകത്തിൽ നാം വായിക്കുന്നു.

Living Translation കവർ

ഈ പുസ്തകത്തിൽ ചെറിയ ഒരു ലേഖനമുണ്ട്. മഹാശ്വതാദേവിയുടെ ചോട്ടിമുണ്ടയും അവന്റെ അമ്പും എന്ന കൃതിയുടെ സ്വന്തം വിവർത്തനത്തിന് സ്പിവാക്കെഴുതിയ പിൻകുറിപ്പ്. വിവർത്തനത്തെക്കുറിച്ചുള്ള നിരവധിയായ ആശയങ്ങൾ ഈ ചെറുകുറിപ്പിൽ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്നു. I had but that one arrow എന്ന ചോട്ടി മുണ്ടയുടെ പ്രയോഗം വിവർത്തകരെക്കുറിച്ചു കൂടി ഉള്ളതാണെന്ന് സ്പിവാക്ക് വിശദീകരിക്കുന്നു. അമ്പ് പല ആവശ്യങ്ങൾക്ക് പലതരത്തിൽ ഉപയോഗിക്കപ്പെടുന്നു. ഓരോ സമയത്ത് ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്. ഇങ്ങിനെയൊരാശയം സ്പിവാക്ക് പങ്കുവെക്കുമ്പോൾ എല്ലാ കൃതികളും ഒരേ പോലെയല്ല വിവർത്തനം ചെയ്യപ്പെടുന്നത് എന്ന സത്യത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. വിവർത്തന അസാധ്യതകൾ സാധ്യതയായി മാറുന്നത് വിവർത്തകരുടെ പല വഴി സഞ്ചാരങ്ങളിൽ നിന്നാണ്. അല്ലെങ്കിൽ ഒരുപക്ഷെ വിവർത്തനം എന്ന ഏറ്റവും പ്രധാനപ്പെട്ട മനുഷ്യ വിനിമയം തന്നെ ഇല്ലാതായിപ്പോയേനേ.

ചോട്ടി മുണ്ട എപ്പോഴും Subaltern solidarity യെ ഉയർത്തിപ്പിടിക്കുന്നു. 1980തുകളിൽ ബംഗാളിയിൽ എഴുതപ്പെട്ട നോവൽ Subaltern എന്ന സങ്കൽപ്പം സൈദ്ധാന്തികർ ഉപയോഗിക്കുന്നതിനു എത്രയോ മുമ്പേ അതിനെ പ്രവചിച്ചു എന്ന് തനിക്ക് അഭിപ്രായമില്ലെന്നും എന്നാൽ ലോക വ്യാപാരത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ആദിവാസികളും താഴെ തട്ട് മനുഷ്യരുടേയും കഥയായി ഇന്നത് ഒരു ആക്ടിവിസ്റ്റിന് വായിക്കാൻ കഴിയുമെന്നും കൃതികൾ അങ്ങിനെയാണ് സമകാലികത്വം ആർജിക്കുന്നതെന്നും സ്പിവാക്ക് പറയുന്നു. ഈ  പ്രവർത്തനത്തിൽ വിവർത്തകർക്കുള്ള അങ്ങേയറ്റം പ്രധാനപ്പെട്ട പങ്കിനെ അവർ ഇവിടെ നേരിട്ട് പറയാതെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ആ ലേഖനം ഇങ്ങിനെ അവസാനിക്കുന്നു: “20 വർഷത്തിലേറെയായി ഞാൻ മഹാശ്വതാദേവിയെ പിന്തുടരുന്നു. അവർ നോവലുകൾ എഴുതുന്നത്, തന്റെ നോവൽ എഴുത്ത് ആസൂത്രണങ്ങള മറികടന്ന് ആ കഥകൾ ഒഴുകിപ്പരക്കുന്നത് ഞാൻ കണ്ടു കൊണ്ടിരിക്കുന്നു. അവരുടെ പൊരുതുന്ന സ്ത്രീകൾക്കായി ഞാൻ കാത്തിരിക്കുന്നു. അവരുടെ പേരുകൾ എന്തുമായിക്കൊള്ളട്ടെ, അവരെ വിവർത്തനം ചെയ്യാനായും ഞാൻ കാത്തിരിക്കുന്നു”. 2002ൽ എഴുതിയ ഈ ലേഖനത്തിൽ വിവർത്തകയായ സ്പിവാക്കും എഴുത്തുകാരിയായ മഹാശ്വതാദേവിയും തമ്മിലുള്ള വിനിമയങ്ങൾ വളരെ സുതാര്യമായി കാണാം. ഇരുവരും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വിവർത്തനത്തിൽ അനിവാര്യമായും വേണ്ട സമീപനം കൂടിയാണിത്.

മഹാശ്വതാദേവി

1981ൽ മഹാശ്വതാദേവിയുടെ കഥ ദ്രൗപദിയുടെ (അല്ലെങ്കിൽ ദോപ്തിയുടെ) ഇംഗ്ലീഷ് പരിഭാഷക്കെഴുതിയ ആമുഖം ഇങ്ങിനെ അവസാനിക്കുന്നു: “സാധാരണ വിവർത്തകർക്കുള്ള പ്രശ്നം ഈ രചനയുടെ പരിഭാഷയിൽ എനിക്കുമുണ്ടായി. അത് ആദിവാസികളുടെ ബംഗാളി സംഭാഷണങ്ങൾ വിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. വിദ്യാസമ്പന്നരായ ബംഗാളികൾക്ക് ആദിവാസികളോടും അവരുടെ ഭാഷയോടും വംശീയമായ സമീപനം തന്നെയാണുള്ളത്. അന്തരിച്ച പീറ്റർ സെല്ലാസിന് ഇംഗ്ലീഷിനോടുണ്ടായിരുന്നതു പോലെ. ഡി.എച്ച്. ലോറൻസിന്റെ ‘സാധാരണ ജനങ്ങൾ’ , അല്ലെങ്കിൽ ഫോക്ക്നറുടെ ‘ബ്ലാക്ക്സ്’ പോലുള്ള സങ്കൽപ്പങ്ങൾ ഇക്കാര്യത്തിൽ ചമ്മിക്കുന്നതാകുമായിരുന്നേനേ. സൂക്ഷ്മ യുക്തി ആവശ്യമായി വരുന്ന കാര്യമാണിത്. അതിനാൽ എന്തു സംഭവിച്ചാലും ശരിയെന്ന് കരുതി ഞാൻ ഇവിടെ നേർ ഇംഗ്ലീഷ് (Straight English) ആണ് ഉപയോഗിച്ചിരിക്കുന്നത്”. ആദിവാസികളടക്കമുള്ളവർ ഉപയോഗിക്കുന്ന അവരുടെ സ്വന്തം ഭാഷകൾ, പ്രയോഗങ്ങൾ എന്നിവ വിദ്യാസമ്പന്നരായ എഴുത്തുകാരും വിവർത്തകരും ഉപയോഗിക്കുമ്പോൾ വംശീയം പോലും ആയിപ്പോകുന്നതായി സ്പിവാക്ക് കൃത്യമായി പറയുന്നു. തന്റെ ജീവിതം കൊണ്ട് ഈ അകലം കഴിയാവുന്നത്ര കുറക്കാൻ ശ്രമിച്ച മഹാശ്വതാദേവിയിലും വളരെ കുറഞ്ഞയളവിലാണെങ്കിലും ഈ പ്രശ്നം കാണാനാകും. പുറത്തു നിന്നു വന്ന് ആദിവാസി ജീവിതം പഠിച്ച് നോവലുകളും കഥകളും എഴുതുന്നവരും പിന്നീട് പുറത്തു നിന്നുള്ളവർ തന്നെ വിവർത്തകരാവുകയും ചെയ്യുമ്പോൾ തനത് ഭാഷയുടെ ഊന്നലുകൾ തന്നെ നഷ്ടപ്പെടാനിടയുള്ള സാധ്യതയിലേക്കാണ് സ്പിവാക്ക് വിരൽ ചൂണ്ടുന്നത്. ‘പരിഷ്കൃത’രുടെ എഴുത്തിലെ ഈ പ്രശ്നം ആദിവാസി സമൂഹങ്ങളിൽ നിന്നും ലോകമെങ്ങും എഴുത്തുകാരുണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ പ്രധാനപ്പെട്ട സംവാദമുഖം തന്നെ തുറക്കുന്നു. ‘ആധുനിക വിദ്യാഭ്യാസം’ നേടിയവർ പൈതൃക സമൂഹങ്ങളെ, അവരുടെ വികാരങ്ങളേയും വിചാരങ്ങളേയും എങ്ങിനെയാണ് കാണുന്നത്? സമീപകാലത്ത് ദിലീപ് രാജ് എഴുതി:  “ആദിവാസികളെ നമ്മൾ ഏതോ കാലത്ത് ജീവിക്കുന്ന മനുഷ്യരായി മാത്രം കാണുന്നു, ഒരിക്കലും ആദിവാസികൾ നമുക്ക് സമകാലികരല്ല. ഏതോ നൂറ്റാണ്ടിൽ ജീവിച്ച മനുഷ്യരാണ്”. ഇതേ പ്രശ്നത്തെ തന്നെ പോലെ വിദ്യാഭ്യാസം നേടിയവരുടെ മനോ-സാമൂഹ്യ ഘടനയെത്തന്നെ പൊളിച്ചു കാട്ടി വിമർശനം നടത്തുന്നതിന് (പരിഭാഷ തന്നെ ഒരു വിമർശനമാണ് എന്ന സങ്കൽപ്പം ഇവിടെ ഓർക്കാവുന്നതാണ്) സ്പിവാക്കിന് ഒരു മടിയുമില്ലെന്നതും ശ്രദ്ധേയമാണ്.  

ചോട്ടിമുണ്ടയിൽ സാഹിബ് എന്ന പദം പ്രയോഗിച്ചതിനെക്കുറിച്ച്, അതിന്റെ സാംസ്കാരികവും കൊളോണിയലുമായ അർത്ഥത്തെക്കുറിച്ച് അവർ എഴുതുന്നു: “സാഹിബ് എന്ന ഉറുദുപദത്തിന്റെ അർത്ഥം സുഹൃത്ത് എന്നാണ്. ബംഗാളിയിൽ മാത്രം ഈ പദത്തിനുള്ള അർത്ഥം ‘വെള്ളക്കാരൻ’ എന്നും. അതൊരു കൊളോണിയൽ പദമാണ്. ഇന്നത് ബോസ് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. കഥയിലെ സേനാനായകനെ (ആർമി ഓഫീസർ) ബുറ സാഹിബ് എന്നു വിളിച്ചത് ഇക്കാരണങ്ങൾ കൊണ്ടു കൂടിയാണ്”.

ഈ കഥ ബംഗാളിയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോഴുള്ള ഒരു പ്രശ്നത്തെക്കുറിച്ച് അവർ പറയുന്നു: “ദോപ്തി എന്ന കഥാപാത്രം കൗണ്ടർ എന്ന പദം കഥയിൽ ഉപയോഗിക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ (എൻകൗണ്ടറിൽ കൊല്ലപ്പെട്ടവരെ) കൗണ്ടർ (Kounter) എന്നു വിളിക്കുന്ന രീതി അവർക്കിടയിലുണ്ടെന്ന് മഹാശ്വതദേവി എന്നോട് പറഞ്ഞിരുന്നു. പോലീസ് പീഡനത്തിൽ കൊല്ലപ്പെട്ടതിനെക്കുറിച്ചുപറയുമ്പോഴുള്ള കോഡ് (ചുരുക്ക) വാക്കായിരുന്നു ഇത്. ദോപ്തിക്ക് ഇംഗ്ലീഷറിയില്ല. എന്നാൽ ഈ വാക്കും അതിനോട് ചേർന്നു നടക്കുന്ന കാര്യങ്ങളെക്കുറിച്ചും നന്നായി അറിയാം. കഥയുടെ അന്ത്യത്തിൽ ഈ പ്രയോഗത്തിന്റെ ഉപയോഗം പ്രോപ്പർ ഇംഗ്ലീഷായി തന്നെ മാറുന്നതിന്റെ നിഗൂഢത വായനക്കാർ അനുഭവിക്കുകയും ചെയ്യുന്നു. ഈ പദത്തിന്റെ യഥാർത്ഥ അർത്ഥം അറിയാതെ വിവർത്തനത്തിൽ അതുപയോഗിക്കുന്നതിൽ എന്തു കാര്യം?”. ഒടുവിൽ അവർ ചോദിക്കുന്നു: “It is the menacing appeal of the objectified subject to its politico-sexual enemy-the provisionally silenced master of the subject-object dialectic-to encounter-‘Kounter’ her. What is it to “use” a language “correctly” without “Knowing” it?”. ദ്രൗപദയിലെ മുണ്ട സന്താളുകളാണെന്നും ഇന്ത്യയിൽ മറ്റ് ഒമ്പതു വിഭാഗം മുണ്ടകളുണ്ടെന്നും സ്പിവാക്ക് ചൂണ്ടിക്കാട്ടുന്നു. മഹാശ്വതാദേവിയുടെ മുണ്ട സന്താൾ വിഭാഗക്കാരനാണെന്ന കാര്യം വിവർത്തകർ മനസ്സിലാക്കേണ്ടതുണ്ട്. മറ്റു മുണ്ടകളെ സവർണ്ണർ തൊട്ടുകൂടാത്തവരായി കാണുന്നു, സന്താളുകളെ അങ്ങിനെയല്ല. ഇത്തരത്തിൽ വിവർത്തനം ചെയ്യുന്ന കൃതിയുടെ ഏതേത് വിശദാംശങ്ങൾ, സാമാന്യവും സൂക്ഷ്മവുമായവ, വിവർത്തകർ മനസ്സിലാക്കേണ്ടതുണ്ടെന്ന് സ്പിവാക്ക് വ്യക്തമാക്കുന്നു. ഇതിലൂടെ വിവർത്തനം പദാനുപദ മൊഴിമാറ്റമല്ലെന്നും സംസ്കാരത്തിന്റെ ഉള്ളടര് സഞ്ചാരമാണെന്നും അവർ സുതാര്യമാക്കുന്നു.

200ത്തിൽ എഴുതിയ വിവർത്തന സംസ്കാരം എന്ന പ്രബന്ധത്തിലെ ആദ്യവാചകം ഇങ്ങിനെയാണ്: “എല്ലാ അർത്ഥത്തിലും വിവർത്തനം അനിവാര്യമാണ്, പക്ഷെ അസാധ്യവുമാണ്”. അനിവാര്യമായ വിവർത്തനത്തിലെ അസാധ്യതകളെക്കുറിച്ച് ഇങ്ങിനെ ഒരൊറ്റ വാചകത്തിൽ അതിന്റെ എല്ലാ സങ്കീർണ്ണതകളേയും അവതരിപ്പിച്ചവരിൽ ഒരാൾ സ്പിവാക്കാണെന്ന് നിസ്സംശയം പറയാം. അവർ മറ്റൊരിടത്ത് ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്നു: “Translation is thus not only necessary but unavoidable. And yet, as the text guards its secret, it is impossible”.

വിവർത്തനം ചെയ്യുന്നയാളല്ല പരിഭാഷയുടെ കേന്ദ്രം. കൃതിയിൽ പ്രത്യക്ഷപ്പെടുന്ന നിരവധി മനുഷ്യരാണ്. അവരിലൂടെയുള്ള സഞ്ചാരം എങ്ങിനെയെല്ലാം ജനാധിപത്യപരമാക്കാൻ സാധിക്കും? ചില സന്ദർഭങ്ങളിൽ മൂല കർത്താവിനു പോലും സാധിക്കാത്ത വിധം- അതാണ് വിവർത്തനത്തിന്റെ വെല്ലുവിളിയെന്ന് ഗ്രന്ഥകാരി ഇതേ പ്രബന്ധത്തിൽ വാദിക്കുന്നു. നിരവധി ഭാഷകൾ ലോകത്തുണ്ടായിരിക്കെ, ഒറ്റ ഭാഷയുടെ വിനിമയ യുക്തിയിൽ നിന്നാണ് ഒരു വിവർത്തക/വിവർത്തകൻ പ്രവർത്തിക്കുന്നത്. ഒരുപക്ഷെ വിവർത്തകരിൽ ഇത് കുറ്റബോധം പോലുമുണ്ടാക്കാം. മറ്റു ഭാഷകളുടെ യുക്തിയിൽ താൻ വിവർത്തനം ചെയ്തു കൊണ്ടിരിക്കുന്ന കൃതി എങ്ങിനെയായിരിക്കും പ്രത്യക്ഷപ്പെടുക എന്നോർക്കുമ്പോഴുണ്ടാകുന്ന കുറ്റബോധം. മനുഷ്യർക്കിടയിൽ അനിവാര്യമായ അങ്ങേയറ്റത്തെ വിനിമയ സാധ്യതകൾക്കായി ഊർജ്ജം ചിലവഴിക്കുകയാണ് വിവർത്തകർ. പക്ഷെ വിനിമയങ്ങളുടെ പരിമിതികളെക്കുറിച്ചു കൂടി ഓരോരുത്തരും ബോധവാന്മാരും ബോധവതികളുമായിരിക്കണമെന്നും സ്പിവാക്ക് പറയുന്നു. വിവർത്തകർ Diasporic Hybridity മാത്രം നോക്കുന്നവരായിരിക്കരുതെന്നും ഗ്രന്ഥകാരി വ്യക്തമാക്കുന്നു.

ദരീദയും ഗായത്രി ചക്രവര്‍ത്തി സ്പിവാക്കും

സബാൾട്ടേൺ എന്ന പദത്തെ അതിന്റെ എല്ലാ സമഗ്രതയിലും (‘കാൻ ദ സബാൾട്ടേൺ സ്പീക്ക്’ എന്ന അവരുടെ വിഖ്യാത പ്രബന്ധം ഓർക്കുക) തന്റെ വിവർത്തന ചിന്തകളിലും സ്പിവാക്ക് അവതരിപ്പിക്കുന്നു. സബാൾട്ടേണുകളുടെ സാഹിത്യവും കലയും പരിഭാഷപ്പെടുത്തുന്നവർ അതിന്റെ താളം നില നിർത്തണമെന്നാണ് എല്ലായ്പ്പോഴും പറയുക. ഈ താളം നില നിർത്തൽ മത്സരത്തിനിടെ ഉള്ളടക്കം ചോർന്നു പോകുമോ ഇല്ലയോ എന്നതിനെക്കുറിച്ച് പരിഭാഷകർ ആലോചിക്കാറുണ്ടോ എന്ന് അവർ ചോദിക്കുന്നു. യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിന്റെ ഉള്ളടക്കത്തിൽ നിന്നും രൂപപ്പെട്ട താളത്തെയാണ് അവരുടെ മൊഴിയിലും കലയിലും സാഹിത്യത്തിലും വാമൊഴി പാരമ്പര്യങ്ങളിലും നാം കാണുന്നത്. ഒന്നിൽ നിന്നും മറ്റൊന്നിനെ മുറിച്ചു നീക്കുക സാധ്യമല്ല. ഈ യാഥാർത്ഥ്യം ഗ്രന്ഥകാരി പരിഭാഷാ സന്ദർഭങ്ങളിൽ നിന്നുകൊണ്ട് വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. മഹാശ്വത ദേവിയുടെ രചനകളുടെ ഇംഗ്ലീഷ് വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ദൽഹിയിൽ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അവർ സബാൾട്ടേൺ ജനതയുടെ ജീവിത താളത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ആ പ്രസംഗം/ പ്രബന്ധം ഇങ്ങിനെ അവസാനിക്കുന്നു: “മഹാശ്വതേദേവിയുടെ രനചകളുടെ വിവർത്തനത്തിന് ഈ പുരസ്കാരം നൽകി കേന്ദ്ര സാഹിത്യ അക്കാദമി എന്നെ ബഹുമാനിച്ചിരിക്കുന്നു. ഇത്രയും ശക്തമായ ഗദ്യത്തിലെഴുതുന്ന മഹാശ്വതാദേവിക്ക് എന്റെ എല്ലാ വിധ നന്ദിയും. എന്റെ മാതാപിതാക്കളായ പരെസ് ചന്ദ്ര ചക്രവർത്തി, ശിവാനി ചക്രവർത്തി എന്നിവരോടുള്ള നന്ദിയും ഞാനിവിടെ രേഖപ്പെടുത്തുന്നു. ബംഗാളി സംസ്കാരത്തിന്റെ സമ്പന്നത മനസ്സിലാക്കുന്ന ഒരു വീട്ടിൽ ജനിച്ച് വളരാൻ എനിക്ക് അവരാൽ സാധിച്ചതിന്. എന്റെ അച്ഛൻ ഡോക്ടറായിരുന്നു. പക്ഷെ വീട്ടിൽ കുട്ടികൾക്ക് ഒരു കാര്യം എപ്പോഴും ഓർക്കേണ്ടതുണ്ടായിരുന്നു, അച്ഛൻ മെട്രിക്കുലേഷൻ പരീക്ഷക്കെഴുതിയ ബംഗാളി പ്രബന്ധം സാക്ഷാൽ ടാഗോറിന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു എന്ന കാര്യം!”. ഈ പുസ്തകത്തിൽ തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സ്പിവാക്ക് പറയുന്ന ഏക സന്ദർഭം കൂടിയാണിത്.

Translation is the intimate act of reading എന്ന ആശയവും സ്പിവാക്ക് അവതരിപ്പിക്കുന്നു. ഒരു കൃതി കൂടുതൽ അടുത്ത്, അങ്ങേയറ്റം സൂക്ഷ്മമായി അറിയാനുള്ള ശ്രമം. താനങ്ങനെ അറിഞ്ഞനുഭവിച്ച കൃതി മറ്റുള്ളവർക്കുകൂടി പങ്കുവെക്കാനുള്ള ശ്രമം- വിവർത്തനത്തെ താൻ അങ്ങിനെ കൂടി മനസ്സിലാക്കുന്നതായി ഗ്രന്ഥകാരി വിശദീകരിക്കുന്നു. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ എന്ന ലേഖനം തുടങ്ങുന്നതു തന്നെ മൂലകർത്താവുപയോഗിക്കുന്ന വാക്കുകളുടെ മുന്നൊരുക്കങ്ങളെ മനസ്സിലാക്കാൻ വിവർത്തകർക്ക് കഴിയണം എന്ന ആശയത്തോടെയാണ്. അത്തരം വാക്കുകൾ അനുമാനങ്ങളാണെന്നു തോന്നാം. എന്നാൽ അവയിൽ ദീർഘദർശിത്വം കൂടിയുണ്ടായിരിക്കും. അതു മനസ്സിലാക്കുക പ്രധാനമാണെന്ന് പറഞ്ഞുകൊണ്ടാണ് നിരവധി വിമർശനങ്ങളുയർത്തുന്ന ആ ലേഖനം ആരംഭിക്കുന്നതു തന്നെ. ആ ലേഖനത്തിന്റെ ഉള്ള് ഈ വാചകങ്ങളിലൂടെ അവർ പ്രകാശിപ്പിക്കുന്നു: “I begin this way because I am a translator in to English, not Just from specific languages. Because of the growing power of English as a global linguafranca, the responsibility of the translator in to English is increasingly complicated. It is of course true that the responsibility becomes altogether more grass when the original is not written in one of the languages of northwestern Europe”.

ബംഗാളിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയെക്കുറിച്ച് എഴുതുമ്പോൾ മുഗൾ ഭരണകാലത്ത് ബംഗാളി ഭാഷയിൽ വന്നു ചേർന്ന അറബി-പേർഷ്യൻ വാക്കുകളെക്കുറിച്ച് അവർ പറയുന്നുണ്ട്. അത്തരം പദങ്ങളെ വിവർത്തകർ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം അവരുന്നയിക്കുന്നു. ബംഗാളിപദങ്ങളായി തന്നെ അവയെ കൈകാര്യം ചെയ്യുമോ? അതോ അറബി-ഉറുദു പദങ്ങളുടെ പിറവി സന്ദർഭങ്ങളെ മനസ്സിലാക്കി ഉപയോഗിക്കുമോ? കാരണം ബംഗാളിയിൽ ഈ പദങ്ങൾ വന്നു ചേർന്ന സാംസ്കാരിക-രാഷ്ട്രീയ സന്ദർഭമായിരിക്കില്ല അതേ പദങ്ങൾ അതിന്റെ മാതൃഭാഷയിൽ പിറക്കുകയും പിന്നീട് ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഉണ്ടായിരുന്നത്. എന്നാലിന്ന് ലോകത്തെ ഏത് ഭാഷ എടുത്താലും ഈ പ്രതിഭാസം കാണാനാകും. ‘ശുദ്ധഭാഷ’ എന്ന പ്രയോഗം തന്നെ മനുഷ്യരുടെ നിരന്തര കുടിയേറ്റങ്ങളിലൂടെ അർത്ഥശൂന്യമായിരിക്കുന്നു. ഭാഷകൾ അങ്ങിനെ കലർന്നു കൊണ്ടിരിക്കുന്നു. അത്തരമൊരു സന്ദർഭത്തിൽ കൂടി നിന്നു കൊണ്ടാണ് സ്പിവാക്ക് ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നത്.

മലയാളത്തിലെ പല പദങ്ങളും വിദേശഭാഷകളിൽ നിന്നും വന്നിട്ടുള്ളതാണ്. പോർച്ചുഗലും അറബിക്കും ഇംഗ്ലീഷും ഫ്രഞ്ചും ഡച്ചും തമിഴും അടക്കം നിരവധി ഭാഷകളിൽ നിന്നുള്ള പദങ്ങൾ മലയാളത്തിലുണ്ട്. അമ്മിഞ്ഞ പോലും ഒരു പോർച്ചുഗീസ് വാക്കിൽ നിന്നുണ്ടായതാണെന്നാണ് സമീപകാലത്ത് ഒരിടത്ത് വായിക്കുകയുണ്ടായി. അങ്ങിനെ വരുമ്പോൾ ഈ വാക്കുകളെ പരിഭാഷകർ എങ്ങിനെ സമീപിക്കും? സ്പിവാക്ക് ഇക്കാര്യത്തിൽ സൂചന മാത്രമാണ് നൽകുന്നത്. അതിനുസരിച്ച് പരിഭാഷ ചെയ്യുന്ന ഭാഷയിലെ വാക്കായി തന്നെ വന്നു ചേർന്ന വാക്കുകളെ പരിഗണിക്കാം. അതോടൊപ്പം ഈ വാക്കുകൾ വന്നു ചേർന്ന വഴിയെക്കുറിച്ച്, അതിന്റെ ചരിത്രത്തെക്കുറിച്ച് പരിഭാഷകർ മനസ്സിലാക്കുകയും വേണമെന്ന് അവർ പറയുന്നു. 1950തുകളിൽ താൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഇത്തരം വാക്കുകൾ കേൾക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു തുടങ്ങിയതായും ഗ്രന്ഥകാരി പറയുന്നു. താനൊരു ബംഗാളി ഭാഷാ മൗലികവാദിയല്ലെന്നും ഇക്കാര്യങ്ങൾ പറയുമ്പോൾ അവർ വിശദീകരിക്കുന്നുണ്ട്.

ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് 2017 ഡിസംബര്‍ 10ന് മലപ്പുറം അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജില്‍ പ്രഭാഷണം നിര്‍വ്വഹിക്കാനെത്തിയപ്പോള്‍-ഫയല്‍ ചിത്രം

ഈ ലേഖനം വായിച്ചുകൊണ്ടിരിക്കെ ബംഗാളി-മലയാളം വിവർത്തകൻ സുനിൽ ഞാളിയത്ത് സമീപകാലത്ത് ദേശാഭിമാനി ആഴ്ച്ചപ്പതിപ്പിന്റെ വിവർത്തന സ്പെഷൽ ലക്കത്തിലെഴുതിയ (മാർച്ച് 20, 2022) ലേഖനം ഓർമ്മയിലേക്കു വന്നു. വിവർത്തനത്തിനിടെയുണ്ടാകാറുള്ള പ്രതിസന്ധിയെ നൈസർഗികമായി മറികടക്കാറുള്ളതിനെക്കുറിച്ച് അദ്ദേഹം ആ ലേഖനത്തിലെഴുതി: “ഓരോ പരിഭാഷയുടേയും പ്രയാണത്തിനിടെ ഏതെങ്കിലുമൊരു സന്ദർഭത്തിൽ വിരസതകൊണ്ടോ വിരക്തി കൊണ്ടോ ഒരു വാക്കിലോ വരിയിലോ തടഞ്ഞ് ഞാൻ വഴിമുട്ടി നിൽക്കാറുണ്ട്. മറ്റു ചിലപ്പോൾ നിരാശയുടെ ഇരുട്ടിൽപെട്ട് ഉഴറി നടക്കാറുമുണ്ട്. അപ്പോഴൊക്കെ ഇനിയാവില്ല ഒന്നിനും എന്ന് കരുതാറുമുണ്ട്. പക്ഷെ ഏറെക്കഴിയും മുമ്പ് തന്നെ ഒരുദേശവും അവിടുത്തെ ഭാഷയും ആത്മാവിൽ തൊട്ടു വിളക്കും. വാക്കുകളും വരികളും വീണ്ടും ചിലയ്ക്കാൻ തുടങ്ങും. ഒടുവിൽ ഒരു താറാവ് വെള്ളത്തിലിറങ്ങിപ്പോകുന്നത്ര അനായാസതയോടെ മനസ്സ് അതിലേക്കിറങ്ങിപ്പോവുകയും ചെയ്യും”. ചില വാക്കുകളിലും വരികളിലും ചെന്നുമുട്ടി നിൽക്കുക എന്ന് സുനിൽ ഞാളിയത്ത് പറയുന്നത് ഒരുപക്ഷെ അറബി/ പേർഷ്യൻ വാക്കുകളിലായിരിക്കുമോ എന്നത് സ്പിവാക്ക് ബംഗാളി ഭാഷയെക്കുറിച്ച് പറഞ്ഞതുമായി ബന്ധിപ്പിച്ച് നോക്കിയപ്പോൾ ഒരു വിവർത്തകൻ നേരിട്ടു വിശദീകരിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. തന്റെ വിവർത്തന ജീവിതത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സുനിൽ ആ  ലേഖനത്തിൽ ഇങ്ങിനെ കൂടി പറയുന്നു: “സത്യത്തിൽ ഓരോ വിവർത്തനത്തിലൂടെയും ഒരു കൃതിയെ അതിന്റെ മൂലഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്കുള്ള അർത്ഥപൂർണ്ണമായ പകർന്നാട്ടമായി മാറ്റിയെടുക്കുന്ന സർഗാത്മക പ്രക്രിയയുടെ ഭാഗമാവുക മാത്രമല്ല ഞാൻ ചെയ്യുന്നത്. ഓരോ കുറിയും വംഗഭാഷയെ മലയാളത്തിലേക്ക് പകർത്തുന്നതിലൂടെ എന്നോ വിട്ടു പോന്ന ഒരു നാടിനേയും ആ നാട്ടിലെ ഭാഷയേയും സംസ്കാരത്തേയും മനുഷ്യരേയും മണ്ണിനേയും ഇനിയുമുടയാത്ത ഓർമകളേയുമാണ് ഞാൻ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്”. ഇതേ അനുഭവ/ ആശയ തലത്തെയാണ്  Translation is the intimate act of reading  എന്ന സ്പിവാക്ക് വളരെ മുമ്പെ അവതരിപ്പിച്ച കാഴ്ച്ചപ്പാടിൽ നിന്നും നാം മനസ്സിലാക്കുന്നതെന്ന് അടുത്തടുത്ത ദിവസങ്ങളിൽ ഇവരെ രണ്ടു പേരേയും വായിച്ചപ്പോൾ തോന്നി. വെള്ളത്തിലിറങ്ങുന്ന ആ താറാവ് അനുരാഗിയായ വായനക്കാരൻ/പരിഭാഷകൻ അല്ലാതെ മറ്റാര്?

സുനിൽ ഞാളിയത്ത്

2018ൽ ദൽഹിയിൽ നടത്തിയ ‘അനിവാര്യം, എങ്കിലും അസാധ്യം’ എന്ന പ്രഭാഷണത്തിന്റെ പ്രബന്ധരൂപം ഈ പുസ്തകത്തിലെ വളരെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്. താൻ പലകാലങ്ങളിലായി പരിഭാഷയെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നിരവധി പൂരണങ്ങൾ കൂടി ഈ പ്രബന്ധത്തിലുണ്ട്. ഇംഗ്ലീഷിലേക്കുള്ള പരിഭാഷകളെക്കുറിച്ചുള്ള പ്രധാനപ്പെട്ട നിരീക്ഷണം ഈ പ്രബദ്ധത്തിലൂടെ അവർ വെളിവാക്കുന്നു. വിഖ്യാത കെനിയൻ എഴുത്തുകാരൻ ​ഗൂ​ഗി വാങ് തിയോ ആഫ്രിക്കൻ ഭാഷയിലെഴുതിയ നോവലുകൾ സ്വയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിന്റെ സാംസ്കാരിക വിവക്ഷകളെ മുൻ നിർത്തി ‘Decolonization of the mind’ എന്ന ആശയത്തെ ഗ്രന്ഥകാരി വിശദമാക്കുന്നു. ആഫ്രിക്കൻ ഭാഷ ഒരു സ്വകാര്യ ഭാഷയാണോ എന്ന ചോദ്യമാണ് സ്പിവാക്കുയർത്തുന്നത്. ആഫ്രിക്കയിലിന്നും സർക്കാർ രേഖകളിലും വിനിമയങ്ങളിലും ഇംഗ്ലീഷ് തന്നെ തുടരുന്ന സാഹചര്യത്തിലാണ് ആഫ്രിക്കൻ ഭാഷ പൊതുവല്ലേ, സ്വകാര്യമല്ലല്ലോ എന്ന ചോദ്യം അവരുന്നയിക്കുന്നത്. രണ്ടു ഭാഷകളും ഉപയോഗിക്കുന്നു, എന്നാൽ ഒന്നാം ഭാഷ ഇംഗ്ലീഷ് തന്നെ. (ഒന്നാം ഭാഷയും മാതൃഭാഷയും രണ്ടാകുന്നതിനെ അവർ നിശിതമായി വിമർശിക്കുന്നുണ്ട്) ഈ അവസ്ഥയിൽ നാടകമായാലും നോവലായാലും എഴുതുന്നതും വിവർത്തനം ചെയ്യുന്നതും ഇംപീരിയൽ ഭാഷയിലാകുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് എങ്ങിനെ ഇംഗ്ലീഷ് ഭാഷ തന്നെ ഉപയോഗിക്കാമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി ​ഗൂ​ഗി വാങ് തിയോയുടെ പരിഭാഷകളെ അവർ എടുത്തു കാണിക്കുന്നു. സ്പിവാക്ക് ഇങ്ങിനെയാണ് പറയുന്നത്: “Bilingual in Gikuyu and English, Ngugi ” translated” his texts, to instruct a wider and different audience in to flexing the imagination. I say this last thing because i find the signals embedded in English translation as i teach his texts”.

ഗൂ​ഗി വാങ് തിയോ

അതേ ലേഖനത്തിന്റെ അവസാന ഭാഗത്ത് സ്പിവാക്ക് പറയുന്നു: “നമ്മുടെ കാലത്ത്, കോളനി അനന്തര രാജ്യങ്ങളിൽ, മനസ്സിനെ കോളനി മുക്തമാക്കുകയും അത് പരിഭാഷകളിൽ സാക്ഷാത്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം വേണ്ട വിധം സജീവമാവുകയോ പ്രായോഗികമാവുകയോ ചെയ്തിട്ടില്ല. നമ്മൾ ഇംപീരിയൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു, അല്ലെങ്കിൽ അങ്ങിനെ ചെയ്യാനുള്ള ഉത്സാഹമാണ് കൂടുതലായി കാണുന്നത്.” അവർ ചൂണ്ടിക്കാട്ടുന്നു.

2018ൽ ദൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നടത്തിയ പ്രഭാഷണം, ‘What is it, Then to translate’ എന്ന ശീർഷകത്തിൽ പുസ്തകത്തിലുണ്ട്. അത് തുടങ്ങുന്നത് പരിഭാഷ സാധ്യമാണെന്നു പറയാനാണ് ഞാൻ ഇവിടെ പ്രധാനമായും ശ്രമിക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ്. വിവർത്തനത്തിന്റെ സാധ്യതയും അസാധ്യതയും ഇത്രയും ഗംഭീരമായി ലയിപ്പിച്ചെടുത്ത ലേഖനങ്ങൾ/ പ്രസംഗങ്ങൾ ഒരുപക്ഷെ അധികം ഉണ്ടാകാനിടയില്ലെന്ന് അതു വായിച്ചപ്പോൾ തോന്നി.  

1976ൽ അവരെഴുതിയ ‘Translators preface to of Grammatology by Jacques Derrida’ എന്ന പ്രബദ്ധത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ദരിദക്ക് ആമുഖമെഴുതുക എന്നത് തന്നെ എന്തൊരു ചപ്പാടിച്ചി എന്ന പ്രതികരണങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു. ‘The question of preface’ എന്നാണവരുടെ പ്രയോഗം. തുടർന്ന് അവരെഴുതുന്നു: “ദരിദയുടെ ഈ പുസ്തകം ആദ്യമായി വായിക്കുന്നവർക്കെങ്കിലും ഈ ആമുഖം ഉപയോഗപ്പെട്ടേക്കുമെന്ന് കരുതുന്നു. അതാണിതിന്റെ സാധുതയും”.

തന്റെ എഴുത്ത്/ചിന്ത/പ്രഭാഷണം/ അധ്യാപനം എന്നീ മേഖലകളിൽ ഗായത്രി ചക്രവർത്തി സ്പിവാക്ക് പല തരത്തിലുള്ള സാധുതകളെ അന്വേഷിക്കുകയും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ആ ലോകത്ത് പ്രവേശിക്കാൻ ഒരുപക്ഷെ ഏറ്റവും കൂടുതൽ സഹായിക്കുന്ന പുസ്തകമായിരിക്കും ‘Living Translation’.  ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ കുറച്ചു വർഷങ്ങൾക്കു മുമ്പ് (ഇപ്പോൾ അദ്ദേഹമില്ല) വിഖ്യാത അറബ്-ഇംഗ്ലീഷ് വിവർത്തകൻ ഡെന്നീസ് ജോൺസൺ ഡേവിഡ് ഫോൺ സംഭാഷണത്തിനിടെ പറഞ്ഞ കാര്യം ഓർത്തു: “വിവർത്തനമില്ലെങ്കിൽ മനുഷ്യ ജീവിതം തന്നെ അസാധ്യമായേനേ”.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read