പഠനം നിലച്ച അഫ്​ഗാൻ പെൺകുട്ടികളുടെ വേദന തിരിച്ചറിയുമ്പോൾ

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സർവ്വകലാശാലകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് അറിയിക്കുന്നു – ഒരു രാത്രി പുലർന്നപ്പോഴേക്കും എന്റെ രാജ്യത്തെ സർവകലാശാലകളെ തേടിയെത്തിയ താലിബാൻ സർക്കാറിന്റെ പുതിയ ഉത്തരവ് ഇപ്രകാരമായിരുന്നു. ഇതിലൂടെ നഷ്ടമായത് അഫ്‌ഗാനിലെ ഒരുകൂട്ടം സ്ത്രീകൾക്ക് അവരുട‌െ ഭാവി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും മാത്രമായിരുന്നില്ല, ഒരു രാഷ്ട്രത്തിന്റെ ഉന്നതിയിലേക്കും പുരോഗമനത്തിലേക്കുമുള്ള ചുവ‌ടുവയ്പ്പുകൂടിയായിരുന്നു. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് സാഹചര്യങ്ങൾ. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ ഒരു ദിവസം നേരം പുലരുമ്പോൾ നിങ്ങൾ പഠിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനം തകർന്ന് മണ്ണടിയുകയും നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും ഇനി പഠിക്കാനാകില്ലെന് ഭരണാധികാരികൾ നിങ്ങളോട് വിളിച്ചു പറയുകയും ചെയ്യുന്നത്? എന്ത് വസ്ത്രം ധരിക്കണമെന്നും എന്ത് ചെയ്യണമെന്നുമുള്ള നിങ്ങളുടെ തീരുമാങ്ങൾക്കും മുൻഗണനകൾക്കപ്പുറം അവർ നിങ്ങളുടെ മേൽ അവരുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയുമോ? രക്തബന്ധമില്ലാത്തതുകൊണ്ട് നിങ്ങളുടെ പെൺ സുഹൃത്തുക്കളുമായി പൊതു ഇടത്തിൽ നിന്ന് സംസാരിക്കാനാവില്ലെന്ന് നിങ്ങളുടെ അധികാരികൾ നിങ്ങളെ ചട്ടം കെട്ടുമ്പോൾ ! ഇതിനായി ആദ്യം അവർ ചെയ്തത് ഇസ്ലാമിൽ ഇല്ലാത്ത പ്രത്യയശാസ്ത്രം നിർമ്മിച്ചെടുത്ത് സ്ത്രീകളെ ഹിജാബ് ധരിപ്പിച്ചു, ആണും പെണ്ണുമെന്ന ലിംഗ വിവേചനം നടപ്പിലാക്കി, സ്ത്രീളെ പൊതു ഇടങ്ങളിൽ നിന്ന് മാറ്റിനിർത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തി മത പഠനങ്ങൾ നടപ്പിലാക്കി. ഒടുവിൽ വിദ്യാഭ്യസം പോലെയുള്ള അടിസ്ഥാന അവകാശങ്ങളെ സ്ത്രീകളിൽ നിന്ന് തട്ടിത്തെറിപ്പിച്ചു. കഠിന പ്രയത്നത്തിലൂടെ ഉന്നത വിദ്യാഭ്യാസം നേടി ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നവരും വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ കയറുന്ന വിദ്യാർത്ഥികളുമടക്കം ഒരു സമൂഹം ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എന്റേതായിരിക്കും വിദ്യാഭ്യാസം നേടാനും സ്വാതന്ത്ര്യം നുണയാനും ഭാഗ്യം കിട്ടിയ ഏറ്റവും അവസാനത്തെ ജനത. പ്രതികരണശേഷിയും ചിന്താശേഷിയും ആർജിക്കാനാവാതെ പോയേക്കാവുന്ന, വരാനിരിക്കുന്ന ഒരു തലമുറയെ ഓർത്ത് ഞാൻ ഭയപ്പെടുന്നു.

അഫ്ഗാനിൽ മുടങ്ങിപ്പോയ ഉപരിപഠനം ഡൽഹിയിലെ ഒരു സർവ്വകലാശാലയിൽ പൂർത്തിയാക്കികൊണ്ടിരിക്കുന്ന കാബൂൾ സ്വദേശിനിയായ വിദ്യാർത്ഥിനി (സുരക്ഷാ കാരണങ്ങളാൽ പേര് വെളുപ്പെടുത്തിന്നില്ല) 2022 ഡിസംബർ 20ന് താ​ലി​ബാ​ൻ അഫ്​ഗാനി സ്ത്രീകൾ‍ക്ക് ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിനെക്കുറിച്ച് കേരളീയത്തോട് ഇപ്രകാരം പ്രതികരിച്ചു. താ​ലി​ബാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാസ മ​ന്ത്രി​യാ​ണ് സ​ർ​വ്വക​ലാ​ശാ​ല​ക​ളിൽ വ​നി​ത​ക​ൾ​ക്ക് വി​ല​ക്കേ​​ർ​പ്പെ​ടു​ത്തി​യ​താ​യി ഒരു മുന്നറിയിപ്പുമില്ലാതെ പ്ര​ഖ്യാ​പി​ച്ച​ത്. മാധ്യമങ്ങൾ പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ മന്ത്രാലയ വക്താവ് സിയാവുള്ള ഹാഷ്മി പങ്കുവെച്ച കത്തനുസരിച്ച്, സ്വകാര്യ-പൊതു സർവകലാശാലകളോട് സ്ത്രീകൾക്കുള്ള പ്രവേശനത്തിന്റെ നിരോധനം എത്രയും വേഗം നടപ്പാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതെത്തുടർന്ന് അടുത്തദിവസം തന്നെ പലയിടങ്ങളിലും വിദ്യാർഥിനികളെ സർവ്വകലാശാലകളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. സർവകലാശാലകളിൽ എത്തിയ വിദ്യാർഥിനികളെ പലയിടങ്ങളിലും സായുധസേന തടഞ്ഞു. കാബൂളിലെ യൂണിവേഴ്സിറ്റികളുടെ പൂട്ടിയ ​ഗേറ്റുകൾക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടികളുടെ ചിത്രം പുറത്തുവന്നു.

കാബൂളിൽ നടന്ന വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ക‌ടപ്പാട്: അൽജസീറ

സ്വന്തം രാജ്യത്ത് വിദ്യാഭ്യാസവും സ്വതന്ത്രവും നിഷേധിക്കപ്പെടുന്നിടത്തോളം മാറ്റു രാജ്യങ്ങളിൽ അഭയം പ്രാപിക്കുകയാണ് പോംവഴി എന്നും ഈ രാഷ്ട്രതന്ത്ര വിദ്യാർത്ഥി കേരളീയത്തോട് പറയുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വലിയ വിഭാഗത്തിനാകട്ടെ ഇത്തരം പോവഴികളും അപ്രാഭ്യമാണെന്നും വിദ്യാർത്ഥി ചൂണ്ടിക്കാണിച്ചു. അഫ്‌ഗാനിൽ സ്ത്രീകളെ മിക്ക ജോലികളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് പെൺകുട്ടികൾക്ക് സർവ്വകലാശാലകളിലേക്കുള്ള പ്രവേശനവും താലിബാൻ സർക്കാർ കർശനമായി വിലക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്.

20 വർഷത്തെ യു.എസ് അധിനിവേശം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനിൽ 2021 ആ​ഗസ്റ്റിൽ അധികാരത്തിലെത്തിയ താലിബൻ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള അവകാശങ്ങൾ സംബന്ധിച്ച് കൂടുതൽ മിതത്വമുള്ള ഭരണം കാഴ്ചവക്കുമെന്നും തീവ്രമതനിയമങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും വാഗ്ദാനം ചെയ്തിരുന്നു. 1996ൽ താലിബാൻ ഭരണത്തിൽ അഫ്ഗാനിൽ ജനങ്ങൾക്ക് നേരിടേണ്ടിവന്ന അനിശ്ചിതാവസ്ഥയും, അരക്ഷിതാവസ്ഥയും ഞെട്ടലുള്ള ഓർമ്മയായി അവശേഷിക്കുന്നതുകൊണ്ടുതന്നെ താലിബാന്റെ ഈ വാഗ്ദാനം എത്ര കണ്ട് പ്രയോഗികമാകുമെന്ന ഭീതിയിലായിരുന്നു രാജ്യം. ഈ ആശങ്കയെ ശരിവയ്ക്കുന്നതരത്തിലാണ്, സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ മൂടത്തക്കവിധത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിച്ചും പാർക്കുകളിലും ജിമ്മുകളിലും വിലക്ക് ഏർപ്പെടുത്തിയും പുരുഷന്മാർക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നത് തടഞ്ഞുകൊണ്ടുമുള്ള സ്ത്രീവിരുദ്ധ നിലപാടുകളുമായി താലിബാൻ ഭരണം 14 മാസം പിന്നിടുമ്പോൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്ക് കൂടാതെ പുരുഷന്മാരും കർശന നിയമങ്ങൾ ബാധകമാണ്. പുരുഷന്മാർക്ക് താടിയും മുടിയും നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കിയിരുന്നു.
 
അഫ്ഗാനിസ്ഥാനിലെ സർവകലാശാല അദ്ധ്യാപകനായ ഇസ്മയിൽ മസ്ഹൽ വിദ്യഭ്യാസത്തിന് ഇടം നൽകാത്ത സർക്കാരിനെതിരെ പ്രതിഷേധിച്ചത് ചാനൽ ചർച്ചക്കിടെ ഡോക്ടറേറ്റ് ബിരുദം കീറിക്കളഞ്ഞാണെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട്‌ ചെയ്യുന്നു. തന്റെ അമ്മക്കും സഹോദരിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നിടത്ത് താൻ നേടിയ വിദ്യാഭ്യാസം കടലാസ് കഷ്ണങ്ങളുടെ വില മാത്രമാണെന്ന് അദ്ദേഹം പറയുന്നു. 1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ-സൈനിക പ്രസ്ഥാനമായ താലിബാൻ ഇസ്ലാമികലോകം ഇതുവരെ കാണാത്ത രീതിയിലുള്ള കർശന നിയമങ്ങളോടെയാണ് ഭരണം നടത്തിയത്. അക്കാലയളവിൽ വിദ്യാഭ്യാസ രം​ഗത്തുണ്ടായ നിരോധനം വഴി കാബൂളിൽ മാത്രം 106,256 പെൺകുട്ടികളെയും 148,223 പുരുഷ വിദ്യാർത്ഥികളെയും 8,000 വനിതാ യൂണിവേഴ്‌സിറ്റി ബിരുദധാരികളെയും വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റി നിർത്താനാണ്. 7,793 വനിതാ അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇത് വിദ്യാഭ്യാസ വ്യവസ്ഥയെ കാര്യമായി ബാധിച്ചു. തയ്യൽ ക്ലാസുകളുടെയും മറ്റും മറവിലാണ് കുട്ടികൾക്കായി രാഹസ്യമായി ക്ലാസുകൾ നടത്തിയിരുന്നത്. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബദം ഉയർത്തുന്നവരെ താലിബാൻ നേരിട്ടത് അതി ക്രൂരമായിട്ടാണ്. 2013 ൽ ഇന്ത്യൻ എഴുത്തുകാരിയായ സുസ്മിത ബാനർജിയെ താലിബാൻ വെടിവച്ചുകൊന്നത് അവരുടെ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചതിനെ തുടർന്നായിരുന്നു.

സർവ്വകലാശാലയക്ക് മുന്നിൽ വിദ്യാർത്ഥിനികൾ തടയപ്പെടുന്നു

സ്ത്രീകളുടെ സാംസ്കാരിക സാന്നിധ്യം പരിപൂർണ്ണമായി ഇല്ലാതാക്കാൻ ‘സ്ത്രീകൾ’ എന്ന പദം ഉപയോഗിക്കാത്തവിധം പരിഷ്‌കാരങ്ങൾ എല്ലാ മേഖലകളിലും നടപ്പിലാക്കി. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഇടങ്ങൾ പുനർനാമകരണം ചെയ്തു. അഫ്ഗാനിലെ ‘വനിതാ ഉദ്യാനം’ എന്നറിയപ്പെട്ട ഇടം ‘സ്പ്രിംഗ് ഗാർഡൻ’ എന്ന പേരിലേക്ക് താലിബാൻ പുനർനാമകരണം ചെയ്തിരുന്നു. രാജ്യത്തെ ബ്യൂട്ടി സലൂണുകൾ അടച്ചുപൂട്ടുകയും സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും താലിബാൻ നിർത്തലാക്കി. ആരോഗ്യരംഗത്ത് താലിബാൻ കൊണ്ടുവന്ന നിയന്ത്രണങ്ങളും രാജ്യത്തെ സ്ത്രീകളുടെ ആരോ​ഗ്യത്തെ സാരമായി ബാധിച്ചു. സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക ആശുപത്രി കാബൂളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. തന്മൂലം സ്ത്രീകൾക്ക് ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വന്നു. സാമ്പത്തികശേഷിയുള്ളവർ ചികിത്സക്കായി പാകിസ്ഥാനെ ആശ്രയിക്കാൻ തുടങ്ങി.

തിരികെ അധികാരത്തിലെത്തിയ താലിബാൻ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങൾ സ്ത്രീകളെ വീണ്ടും ദുരിതത്തിലാക്കുന്നതിന്റെ സൂചനയാണ് സർവ്വകലാശാല വിദ്യാഭ്യാസത്തിൽ ഏർപ്പെടുത്തിയ നിരോധനം. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ വിലക്കിയ താലിബാന്റെ നടപടിയെക്കുറിച്ച് ദില്ലി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനികൾ പ്രതികരിക്കുന്നു.

മെഹിനാ ഫാത്തിമ ശിഹാബ്

(കൊല്ലം സ്വ​ദേശി, ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി, ഡൽഹി യൂണിവേഴ്‌സിറ്റി)

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലാണ് ഞാൻ ജീവിക്കുന്നത്. എന്നിട്ടുപോലും ഞാൻ കടന്നുവന്ന പാതകൾ അത്ര എളുപ്പമായിരുന്നില്ല. എതിർപ്പുകളും അസഹിഷ്ണുതകളും എനിക്ക് പിന്നാലെയുണ്ടായിരുന്നു. ഹിജാബ് പോലുള്ള മത വസ്ത്രങ്ങൾ എന്നിൽ അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ട്. അതിനുപരി ഞാൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ പേരിൽ പോലും ഇവിടെ എനിക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ട്. ദില്ലി യൂണിവേഴ്സിറ്റിയിലെ പഠന കാലയളവ് രാഷ്ട്രീയബോധം വളർത്തുന്നതിനും ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഇത്തരത്തിൽ പല വിവേചനകളും നേരിടേണ്ടിവന്നതുകൊണ്ട് അഫ്​ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടതിന്റെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും. താലിബാൻ പിന്തുടരുന്ന മതവിശ്വാസങ്ങളെ പലരും വിമർശിക്കുന്നത് കേട്ടു. അടിസ്ഥനമായി വിമർശിക്കേണ്ടതും തിരുത്തേണ്ടതും താലിബാന്റെ മതവിശ്വാസത്തെയല്ല, താലിബാനെയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം താലിബാൻ മാത്രമല്ല, ഇന്ത്യ ഉൾപ്പെടയുള്ള സ്ത്രീകളെ വേർതിരിച്ചു നിർത്തുന്ന ലോകത്തെ എല്ലാ ഇടങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

സിനിഷ എ

(മലപ്പുറം കൊണ്ടോട്ടി സ്വദേശി, ബിരുദ വിദ്യാർത്ഥി, ഡൽഹി യൂണിവേഴ്‌സിറ്റി)

ഇസ്ലാം സൂക്തങ്ങൾ വളച്ചൊടിച്ച്, സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിൽ വരെ നുഴഞ്ഞു കയറിക്കൊണ്ട് താലിബാൻ നടത്തുന്നത് കടുത്ത ലിം​ഗവിവേചനമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തെ ഇല്ലാതാക്കി, സ്ത്രീകളെ ആശ്രിത സമൂഹം മാത്രമാക്കി മാറ്റുമ്പോൾ വലിയ രീതിയിലുള്ള വിവേചനങ്ങളും ഗാർഹിക പീഡനങ്ങളുമാണ് അവർക്ക് നേരിടേണ്ടിവരുക. ഒരു സാമ്പത്തികശക്തി അല്ലാത്തതുകൊണ്ട് തന്നെ അഫ്ഗാൻ സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്നും ജോലിയിൽ നിന്നും പിന്നോട്ട് വലിക്കുമ്പോൾ സമ്പദ് വ്യവസ്ഥ വലിയോ തോതിലുള്ള തകർച്ചയെ നേരിടേണ്ടി വരും. ഇത്തരം സ്ത്രീ വിരുദ്ധ നിലപാടുകൾ അന്താരാഷ്ട്ര സഹായങ്ങൾ നഷ്ടപ്പെടുന്നതിനും വഴി വയ്ക്കുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 10, 2023 4:37 pm