ഇന്ത്യയെ കാത്തിരിക്കുന്ന പട്ടിണി മഹാമാരി

ദരിദ്രരുടെ ദുരിതങ്ങളോടുള്ള മോദി സർക്കാരിന്റെ നിസ്സംഗത ഈ കാലത്തെ വലിയ ദുരന്തങ്ങളിലൊന്നാണ്. ‘അമൃത്’ പദ്ധതി (Atal Mission for Rejuvenation and Urban Transformation-AMRUT) വഴിയുണ്ടായ സമൃദ്ധിയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വാചാടോപങ്ങൾ ഒരു വലിയ ജനവിഭാഗം ജനങ്ങൾ പട്ടിണിയിലും ഉപജീവന പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുകയാണ് എന്ന വസ്തുത മറച്ചുപിടിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് ദരിദ്രരുടെ ജീവിതം മാറിയിരിക്കുന്നതിന് കാരണം ഔദ്യോഗിക നയങ്ങൾ തന്നെയാണ്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് ചുരുക്കം പദ്ധതികൾ മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ് 2022-23 ലെ യൂണിയൻ ബജറ്റ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പ്രകാരമുള്ള അധിക ഭക്ഷ്യവിതരണം 2022 മാർച്ച് മാസത്തോടെ അവസാനിപ്പിച്ചാൽ, ലോക്ക്ഡൗണിന് ശേഷമുണ്ടായ പട്ടിണി പ്രതിസന്ധി ഗണ്യമായി വർദ്ധിക്കുമെന്ന് കാണിച്ച് ഭക്ഷണാവകാശ (Right to Food) കാമ്പയിൻ പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. സർക്കാർ ഈ പദ്ധതി തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. അതേസമയം, 2021 ഡിസംബറിലും 2022 ജനുവരിയിലും മറ്റ് സംഘടനകളുമായി ചേർന്ന് സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ് 14 സംസ്ഥാനങ്ങളിൽ നടത്തിയ സർവെയിലെ കണ്ടെത്തലുകൾ സർക്കാരിന്റെ നയപരിപാടികളെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് തങ്ങളുടെ വരുമാനം കുറഞ്ഞതായി 66 ശതമാനം ആളുകളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 80 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി പറയുമ്പോൾ 25 ശതമാനം പേർ പണത്തിന്റെയും മറ്റു വിഭവങ്ങളുടെയും അഭാവം കാരണം ഭക്ഷണം ഒഴിവാക്കേണ്ടി വരുന്നതായും, പതിവിലും കുറവ് ഭക്ഷണം കഴിക്കേണ്ടി വരുന്നതായും, പട്ടിണി കിടക്കേണ്ടി വരുന്നതായും വെളിപ്പെടുത്തി. മഹാമാരിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, തങ്ങളുടെ ഭക്ഷണത്തിന്റെ പോഷക ഗുണനിലവാരം കുറഞ്ഞതായി 41 ശതമാനം പേർ പറഞ്ഞു. സർവെയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ 67 ശതമാനം പേർക്ക് പാചക വാതകം വാങ്ങാൻ കഴിഞ്ഞില്ല. 45 ശതമാനം കുടുംബങ്ങൾക്കും നിലവിൽ കടബാധ്യതകളുണ്ട്. ഇതെല്ലാമായിരുന്നു സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസ് സർവെയിലെ പ്രധാന കണ്ടെത്തലുകൾ. പൊതുവിതരണ സമ്പ്രദായവും (PDS), PMGKAY-യുടെ ഭാ​ഗമായി വിതരണം ചെയ്യുന്ന അധിക ധാന്യങ്ങളും ഭൂരിഭാഗം പേർക്കും ‘അതിജീവനത്തിനുള്ള കാരണവും പലപ്പോഴും ഭക്ഷണത്തിന്റെ ഏക സ്രോതസ്സും’ആയി മാറിയെന്നും സർവെ പറയുന്നു.

‘അമൃത് കാലം’ എന്ന ക്രൂരഫലിതം

2022-2023 ലെ കേന്ദ്ര ബജറ്റ് അവതരണ വേളയിൽ ഇന്ത്യ ‘അമൃത് കാല’ത്തിലേക്ക് പ്രവേശിക്കുകയാണെന്നും വരാനിരിക്കുന്ന 25 വർഷങ്ങൾ അഭൂതപൂർവമായ അഭിവൃദ്ധിയുടെ കാലഘട്ടം ആയിരിക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുകയുണ്ടായി. 2021ലെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി ‘അമൃത് കാലം’ എന്ന പദം ഉപയോഗിച്ചതും അടുത്ത 25 വർഷത്തേക്ക് രാജ്യത്തിന് ഒരു പുതിയ റോഡ് മാപ്പ് അയിരിക്കും അത് എന്ന് അവകാശപ്പെട്ടതും. ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസനത്തിലെ അന്തരം കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തിൽ സർക്കാരിന്റെ ഇടപെടൽ കുറയ്ക്കുക, അത്യാധുനിക സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെയാണ് മോദി അമൃത് കാലമെന്ന് വിശേഷിപ്പിച്ചത്. “ഇന്ത്യ അതിവേഗം കുതിച്ചുയരുമ്പോൾ, വികസനം പാരമ്യതയിൽ എത്തുമ്പോൾ ഓരോ ഗ്രാമത്തിനും റോഡുകൾ, എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട്, യോഗ്യരായ ഓരോ വ്യക്തിക്കും ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഗ്യാസ് കണക്ഷൻ എന്നീ കാര്യങ്ങളിൽ 100 ശതമാനം നേട്ടമുണ്ടാകും.” അദ്ദേഹം പറഞ്ഞു.

മോദിയുടെ ഏറെ പരിഹസിക്കപ്പെട്ട ‘അച്ഛേ ദിൻ’ വാഗ്ദാനത്തിന്റെ പുതുക്കിയ പതിപ്പ് മാത്രമാണ് ‘അമൃത് കാലം’ എന്ന് വിമർശകർ അന്ന് പരിഹസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് ഏകദേശം ആറുമാസത്തിനുശേഷം അവതരിപ്പിച്ച 2022- 23 ലെ കേന്ദ്ര ബജറ്റ് ഈ വീക്ഷണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായിരുന്നു. ലോക്ക്ഡൗണിന് ശേഷം ദാരിദ്ര്യത്തിലേക്ക് വീണുപോയവരടക്കമുള്ള രാജ്യത്തെ കോടിക്കണക്കിന് ദരിദ്രർക്ക് ചെറിയ ആശ്വാസമെങ്കിലും ചുരുങ്ങിയ നിലയിൽ ബജറ്റിൽ നൽകേണ്ടതായിരുന്നു. എന്നാൽ അത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

വിശപ്പ് എന്ന മഹാമാരി

നമ്മുടെ രാജ്യം നേരിടുന്ന ഭക്ഷ്യ പ്രതിസന്ധിയുടെ തീവ്രതയും വ്യാപനവും വെളിപ്പെടുത്തിയ നിരവധി കണക്കുകളിൽ ഏറ്റവും പുതിയത് മാത്രമാണ് RTF സർവെ നൽകുന്നത്. അതിന് മുൻപ് ഇന്ത്യയിൽ 45 വയസും അതിൽ കൂടുതലും പ്രായമുള്ളവരിൽ ഏകദേശം ആറ് ശതമാനം പേർ കുറച്ച് മാത്രം ഭക്ഷണം കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുന്നതായി ലോംഗ്‌റ്റിയുഡിനൽ ഏജിംഗ് സ്റ്റഡി (LASI) കണ്ടെത്തുകയുണ്ടായി. 5.3 ശതമാനം പേർക്ക് വിശന്നിട്ടും ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല; 3.8 ശതമാനം പേർക്ക് ഭക്ഷണം ലഭ്യമല്ലാത്തതിനാൽ ദിവസം മുഴുവൻ പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ട്.

ലോകമെമ്പാടുമുള്ള അസമത്വത്തെയും ദാരിദ്ര്യത്തെയും കുറിച്ച് പഠിക്കുന്ന ആഗോള സംഘടനയായ ഓക്സ്ഫാമിന്റെ 2022 റിപ്പോർട്ട് അനുസരിച്ച്, 2020 ൽ മാത്രം 4.6 കോടിയിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി കണക്കാക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഈ സംഖ്യ ആഗോളതലത്തിൽ പുതുതായി ദരിദ്രരായവരിൽ പകുതിയോളം വരും. ‘അസമത്വം കൊല്ലുന്നു’ (Inequality Kills) എന്ന തലക്കെട്ടിലുള്ള ഈ റിപ്പോർട്ട്, ‍ 2021-ൽ 84 ശതമാനം ഇന്ത്യൻ കുടുംബങ്ങളുടെ വരുമാനം ഇടിഞ്ഞ അതേ കാലയളവിൽ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 102 ൽ നിന്ന് 142 ആയി വർദ്ധിച്ചു എന്ന് വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും സമ്പന്നരായ ആളുകളുടെ സമ്പത്ത് 57.3 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് വർധനവിൽ എത്തി എന്നും റിപ്പോർട്ട് പറയുന്നു.

ICE 360 സർവേ 2021 എന്ന പേരിൽ മുംബൈ ആസ്ഥാനമായുള്ള തിങ്ക്-ടാങ്ക് ഇന്ത്യയുടെ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയെപ്പറ്റി നടത്തിയ പഠനവും (People’s Research on India’s Consumer Economy) ഈ പ്രവണതകളെ സ്ഥിരീകരിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യയിൽ സാമ്പത്തികമായി ഏറ്റവും താഴെയുള്ള 20 ശതമാനം ആളുകളുടെ വാർഷിക കുടുംബവരുമാനം 53 ശതമാനം ഇടിഞ്ഞതായും അതേസമയം ജനസംഖ്യയുടെ ഉയർന്ന 20 ശതമാനം ആളുകളുടെ വരുമാനം പകർച്ചവ്യാധി കാലഘട്ടത്തിൽ 39 ശതമാനം വർധിച്ചതായും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20 ശതമാനം പേരുടെ വാർഷിക വരുമാനം സാമ്പത്തിക ഉദാരവൽക്കരണ കാലഘട്ടമായ 1995 മുതൽ ക്രമാനുഗതമായി ഉയർന്നുകൊണ്ടിരുന്നതിനാൽ, ഈ പ്രവണതയെ ‘അഭൂതപൂർവം’ എന്നാണ് ഈ പഠനം വിവരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2020 ന്റെ തുടക്കത്തിൽ ഏർപ്പെടുത്തിയ കടുത്ത ലോക്ക്ഡൗൺ നടപടികൾ നഗര പ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്തിയതിനാൽ ഗ്രാമീണ ദരിദ്രരെ അപേക്ഷിച്ച് നഗരങ്ങളിലെ ദരിദ്രരാണ് കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതെന്ന് സർവെ കണ്ടെത്തി.

മഹാമാരിയുടെ തുടക്കം മുതൽ ലോകത്ത് ക്രമാതീതമായി വഷളായിക്കൊണ്ടിരിക്കുന്ന ഉപജീവനമാർഗങ്ങളെയും പട്ടിണിയെയും കുറിച്ചുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സ്ഥിരമായ മുന്നറിയിപ്പുകളും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു. ലോകബാങ്ക്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, പ്യൂ റിസർച്ച് സെന്റർ, ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയവരുടെ അന്താരാഷ്ട്ര സർവേകൾ, ഗ്ലോബൽ ഹംഗർ ഇൻഡക്സ്, ഗ്ലോബൽ ന്യൂട്രീഷൻ റിപ്പോർട്ട് തുടങ്ങിയ റിപ്പോർട്ടുകൾ, ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ ആനുകാലിക സർവെകളും ലേബർ ഫോഴ്‌സ് സർവെ (PLFS), നാഷണൽ ഫാമിലി ഹെൽത്ത് സർവെ (NFHS-5), നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) സൂചിക, അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സർവെകൾ എല്ലാം ഒരേ രീതിയിൽ അതിഭീതിതമായ ഇന്ത്യൻ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. പട്ടിണിയോ പോഷകാഹാരക്കുറവോ, തൊഴിലവസരമോ, ഉപഭോക്തൃ ചെലവുകളോ ഏതു മേഖല എടുത്താലും ഇന്ത്യയുടെ പ്രധാന സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെ താഴേക്ക്പോക്ക് ലോക്ക്ഡൗണിന് ശേഷമുള്ള കാലഘട്ടത്തിൽ ത്വരിതഗതിയിലാണ്.

ചുരുക്കത്തിൽ, ഉപജീവനമാർഗങ്ങളുടെയും പട്ടിണിയുടെയും കാര്യമെടുത്താൽ, സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറയാം. വൻതോതിലുള്ളതും ക്ഷേമാധിഷ്ഠിതവുമായ സർക്കാർ ഇടപെടലിന്റെ ആവശ്യം നിർണ്ണായകമായ കാലം. എന്നിട്ടും ഇന്നുവരെ അത്തരമൊരു പ്രതിസന്ധി നിലവിലുണ്ടെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അതിന്റെ ഏറ്റവും നല്ല തെളിവാണ് 2022-23 കേന്ദ്ര ബജറ്റ്.

ബജറ്റ് യാഥാർഥ്യങ്ങൾ

രാജ്യത്ത് അതി രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും കേന്ദ്ര സർക്കാർ ഭക്ഷ്യ സബ്‌സിഡി വിഹിതത്തിൽ 80,000 കോടി രൂപ കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത് എന്ന് RTF കാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നു. ബജറ്റിൽ അനുവദിച്ച 2.06 ലക്ഷം കോടി രൂപ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ നേരത്തെ നിലവിലുള്ള ആവശ്യകതകൾ നിറവേറ്റാൻ മാത്രമേ മതിയാവുകയുള്ളൂ എന്നും അവർ പ്രസ്താവനയിൽ പറയുന്നു.

2022 ലെ ബജറ്റ് വിഹിതം സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ ദരിദ്രരുടെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും സർക്കാർ കൂടുതൽ അവതാളത്തിലാക്കിയിരിക്കുന്നു എന്നാണ്. ദരിദ്രർക്ക് ആശ്വാസം പകരാൻ ലക്ഷ്യമിട്ടുള്ള MGNREGS-നുള്ള വിഹിതം 98,000 കോടിയിൽ നിന്ന് 73,000 കോടി രൂപയായി കുറച്ചു. (കൂലിയിനത്തിൽ 21,000 കോടിയിലധികം നൽകാൻ ബാക്കിയുണ്ടായിട്ടും 2020-21-ൽ പദ്ധതിക്ക് കീഴിലുള്ള ചെലവ് 1.1ലക്ഷം കോടി രൂപ കവിഞ്ഞു എന്ന യാഥാർഥ്യം നിലനിൽക്കെയാണ് ഇത്). കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള ആകെ ബജറ്റ് എസ്റ്റിമേറ്റ് മുൻ വർഷത്തെ 4.26 ശതമാനത്തിൽ നിന്ന് 3.84 ശതമാനമായും ഗ്രാമീണ വികസനത്തിനുള്ള വിഹിതം 5.59 ശതമാനത്തിൽ നിന്ന് 5.23 ശതമാനമായും വെട്ടിക്കുറച്ചു. വിള സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ-വളം സബ്‌സിഡി എന്നിവയ്‌ക്കെല്ലാം സമാനമായി വിഹിതം കുറച്ചിട്ടുണ്ട്.

ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവലോകനം ചെയ്ത പല വിശകലന വിദഗ്ധരും സർക്കാരിന്റെ മുൻഗണനകളിൽ ആശങ്കാകുലരാണ്. ബജറ്റിലെ നിശ്ശബ്ദതയെ ‘വിപത് സൂചകം’ എന്ന് വിശേഷിപ്പിച്ച സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്‌നായിക് ഇങ്ങനെ എഴുതി, “ബജറ്റ് അവതരിപ്പിക്കുമ്പോൾ സമ്പദ്‌വ്യവസ്ഥ ഇത്രയും ഗുരുതര പ്രതിസന്ധി നേരിടുന്ന ഒരു അനുഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. തൊഴിലില്ലായ്മ വളരെ രൂക്ഷമാണ്. ബീഹാറിലും യുപിയിലും അതിന്റെ പേരിൽ കലാപങ്ങൾ വരെ നടന്നു. സമ്പത്തിലും വരുമാനത്തിലും ഇപ്പോൾ നിലനിൽക്കുന്ന അസമത്വം ലോകത്തിലെ ഏറ്റവും മോശമായ നിലയിലാണ്. പകർച്ചവ്യാധിയും ലോക്ക്ഡൗണും കാരണം ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടു. വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കിടയിലും പണപ്പെരുപ്പം ത്വരിതഗതിയിലാകുന്നു. ദരിദ്രർക്ക് ആശ്വാസം നൽകുകയും പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടികൾ എടുക്കുകയും ചെയ്യുന്നതോടൊപ്പം സാമ്പത്തിക പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുന്ന ഒരു നയം അടിയന്തിരമായി ആവശ്യമാണ്. 2022-23 യൂണിയൻ ബജറ്റ് അത്തരമൊരു ലക്ഷ്യം ആവിഷ്കരിക്കേണ്ടതായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നില്ലെന്നു മാത്രമല്ല, അത്തരമൊരു പ്രശനം നിലനിൽക്കുന്നതായി സർക്കാർ അംഗീകരിക്കുന്നുപോലുമില്ല.”

ഒരു സർക്കാർ അടിസ്ഥാന സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ അവഗണിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ, അയൽ രാജ്യമായ ശ്രീലങ്കയിലേക്ക് നോക്കിയാൽ മതി. അവിടെ പണപ്പെരുപ്പവും ഉയർന്ന ഇന്ധന വിലയും ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വില കുത്തനെ വർധിപ്പിക്കുകയും തുടർന്ന് ദേശീയ അടിയന്തരാവസ്ഥയും അഭയാർത്ഥികളുടെ ആദ്യ നിരയെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

നമ്മുടെ ഔദ്യോഗിക നയങ്ങൾ ഒട്ടും ഗുണപരമല്ലാത്തതും കഴിവുകെട്ടതും ആയതിനാൽ ഇന്ത്യയ്ക്ക് ഇതൊരു മുന്നറിയിപ്പായി മാറണം. ഒരു സാമ്പത്തിക വിദഗ്ധൻ ഇങ്ങനെ സംഗ്രഹിച്ചു: “2014 മുതലുള്ള കുറഞ്ഞ എണ്ണവില ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നിരുന്നാലും മോദി സർക്കാർ അത് പ്രയോജനപ്പെടുത്താതെ നശിപ്പിച്ചുകളഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഓരോ ഇന്ത്യൻ കുടുംബത്തിൽ നിന്നും സർക്കാർ ഇന്ധന നികുതി ഇനത്തിൽ ശരാശരി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്തു കഴിഞ്ഞിട്ടാണിത്.”

പാവപ്പെട്ട കുട്ടികളുടെ പോഷകാഹാരത്തിന്റെ പ്രധാന സ്രോതസ്സായ സ്‌കൂൾ ഉച്ചഭക്ഷണം സ്‌കൂളുകൾ തുറന്നിട്ടും, പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ തുടങ്ങിയിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയും എൽ.പി.ജിയുടെയും സമീപകാല വർദ്ധനകൾ ഇതോടൊപ്പം കാണേണ്ടതാണ്. പ്രക്ഷുബ്ധമായ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് വിലവർദ്ധനവ് ഇനിയും ഏറി വരികയേയുള്ളു. ഇത് സമ്പദ്‌വ്യവസ്ഥയെ ഇതിനകം തന്നെ താറുമാറാക്കിയിരിക്കുന്നു. അങ്ങനെ അവശ്യവസ്തുക്കൾ സാധാരണക്കാരന് കൂടുതൽ അപ്രാപ്യമാവും.

റഷ്യ-യുക്രെയ്ൻ യുദ്ധം ഉയർത്തുന്ന ഭീഷണികൾ

കോവിഡ് -19 ലോക്ക്ഡൗണുകളുടെ ഫലമായുണ്ടായ അഭൂതപൂർവമായ പട്ടിണിയും ഉപജീവന പ്രതിസന്ധിയും ഇതിനകം തന്നെ അനുഭവിക്കുന്ന ലോകത്തിലെ ദുർബലരായ ജനങ്ങൾക്ക് റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ഭീഷണി ആയി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഭക്ഷ്യോൽപ്പാദന വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം ലോകത്തിലെ ദരിദ്ര വിഭാഗങ്ങൾ പട്ടിണി മരണത്തിന്റെ വക്കിലാണ്. ലോക്ക്ഡൗണുകളുടെ ഫലമായുണ്ടായ പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇതിനകം തന്നെ ലോകമെമ്പാടും ദാരിദ്ര്യത്തിലും പട്ടിണിയിലും വൻതോതിലുള്ള വർദ്ധനവിന് കാരണമായിട്ടുണ്ട്. 2019 നും 2022 നും ഇടയിൽ, പട്ടിണി മരണ സാധ്യതയുള്ള ആളുകളുടെ ആഗോള കണക്ക് 27 ദശലക്ഷത്തിൽ നിന്ന് 44 ദശലക്ഷമായി വർദ്ധിച്ചതായി WFP കണക്കാക്കുന്നു. അതായത് അധികമായി 232 ദശലക്ഷം ആളുകൾ പുതുതായി പട്ടിണിയുടെ വക്കിലാണ് .

ഇതിനിടയിലാണ് ഇന്ത്യൻ സർക്കാരും ധാന്യ കയറ്റുമതി കമ്പനികളും ആഗോള ഗോതമ്പ് ക്ഷാമം മുതലെടുത്ത് വൻതോതിൽ ലാഭം കൊയ്യാൻ ശ്രമിക്കുന്നത്. നവ ഉദാരവൽക്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഭക്ഷ്യമേഖലയിലെ അന്താരാഷ്ട്ര പ്രതിസന്ധി മുതലെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഔദ്യോഗിക പണ്ഡിതന്മാരെക്കുറിച്ചും ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം മൂലം ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ, ഇന്ധന, വിഭവ പ്രതിസന്ധിയുടെ ഗുണഭോക്താവായി ‘ഇന്ത്യ’ പ്രവചിക്കപ്പെടുന്നത് തദ്ദേശീയരായ പാവപ്പെട്ടവരുടെ ജീവൻ ബലികൊടുത്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇന്ത്യൻ ധാന്യ വ്യാപാരികൾ വൻതോതിൽ ഗോതമ്പ് ശേഖരിച്ച് (തുടർച്ചയായ അഞ്ച് ബമ്പർ വിളവെടുപ്പിന് ശേഷം) അന്താരാഷ്ട്ര വില കുതിച്ചുയരുന്നത് മുതലാക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ ഭാഗമായി 5,00,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യൻ ഗോതമ്പ് കയറ്റുമതി പത്തിരട്ടി വർദ്ധിച്ചു. രണ്ട് വർഷം മുമ്പ് ഏകദേശം രണ്ട് ലക്ഷം മെട്രിക് ടൺ (LMT) ൽ നിന്ന് 2021 ൽ 21 LMT ആയി. 2022 ൽ 70 LMT ഗോതമ്പ് കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ പാൽ, പയറുവർഗ്ഗങ്ങൾ, തിന എന്നിവയുടെ ഉത്പാദകരും അരി, ഗോതമ്പ്, കരിമ്പ്, നിലക്കടല, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപ്പാദകരുമായ രാജ്യം ലോകത്തിലെ ഭാരക്കുറവുള്ള 40 ശതമാനം ആളുകളുള്ള രാജ്യം കൂടിയാണെന്ന വൈരുധ്യം നിലനിൽക്കുമ്പോഴാണ് കയറ്റുമതിയിലൂടെ ലാഭം കൊയ്യാനുള്ള നീക്കം സർക്കാർ നടത്തുന്നത്.

വളം ലഭ്യതയും പ്രതിസന്ധിയിൽ

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഭൂമിയിലെ വാസയോഗ്യമായ ഭൂവിസ്തൃതിയുടെ 11 ശതമാനം കൈവശപ്പെടുത്തുന്ന റഷ്യ. കൂടാതെ റഷ്യ പ്രധാന കാർഷിക ശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന (പ്രത്യേകിച്ച് പ്രകൃതി വാതകം), ലോഹ ഉത്പാദകരിൽ സുപ്രധാന സ്ഥാനവും റഷ്യയ്ക്കുണ്ട്. അതുപോലെ വളം ഉൽപ്പാദന രംഗത്തും കയറ്റുമതി രംഗത്തും ഏറെ പ്രാധാന്യമുള്ള രാജ്യമാണ് റഷ്യ. ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതി വാതക കയറ്റുമതിക്കാരും റഷ്യയാണ്. അത് വരും മാസങ്ങളിൽ ഏറ്റവും നിർണ്ണായകമായേക്കാം. ഈ മാസം ആദ്യം, റഷ്യ വളം കയറ്റുമതി നിർത്തിവച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച കടുത്ത സാമ്പത്തിക ഉപരോധത്തെ നേരിടാനുള്ള സമ്മർദ്ദ തന്ത്രമായിട്ടായിരിക്കാം ഈ നടപടി സ്വീകരിച്ചത്. യുഎസും യൂറോപ്യൻ സഖ്യകക്ഷികളും ലോകത്ത് പൊട്ടാഷ് ഉത്പാദിപ്പിക്കുന്നതിൽ പ്രമുഖരായ റഷ്യൻ സഖ്യകക്ഷി ബെലാറസിന്മേൽ ഉപരോധം ഏർപ്പെടുത്തിയത് സ്ഥിതിവിശേഷത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ലോകം ഇതിനകം തന്നെ രാസവള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും അതിന്റെ ഫലമായി ഉയർന്ന വില 2020 മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഉയർന്ന ഉത്പാദനച്ചെലവും (പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ വില) കോവിഡ് -19 ലോക്ക്ഡൗണുകളുടെ ഫലമായുണ്ടാകുന്ന വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇതിനു കാരണമായി.

ദുരിതങ്ങളുടെ ‘അമൃത് കാലം’

ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽപ്പെട്ടുഴലുന്ന ഒരു ജനതയോട് ഇത് സമൃദ്ധിയുടെ കാലമാണെന്ന് (‘അമൃത് കാലം’) പ്രഖ്യാപിക്കുന്ന മോദി സർക്കാരിന്റെ പാപ്പരത്തം ഭാവി ചരിത്രകാരന്മാർക്ക് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും. ഈ സന്ദർഭം ഗൗരവമേറിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. ‘അമൃത് കാല’ത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണ്? തൊഴിൽ ചെയ്‌ത്‌ ജീവിച്ചിരുന്നവരെ തൊഴിലില്ലായ്‌മയിലേക്കും ദാരിദ്ര്യത്തിലേക്കും, ദരിദ്രരെ അരപ്പട്ടിണിയിൽ നിന്നും മുഴുപ്പട്ടിണിയിലേക്കും തള്ളിവിടുന്ന നയങ്ങൾ നടപ്പിലാക്കുന്ന ഒരു സർക്കാർ എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നത്? പട്ടിണികിടക്കുന്നവരുടെ വയറ്റത്ത് തന്നെ ആഞ്ഞടിക്കുന്ന ക്രൂരമായ ഈ നയങ്ങൾക്കെതിരെ ജനരോഷം ഉണ്ടാകാത്തത് എന്തുകൊണ്ടാണ് ?

ചോദ്യങ്ങൾ ഇങ്ങനെ നിലനിൽക്കെ അവയ്ക്ക് ഉത്തരം തേടാൻ വരും മാസങ്ങളിൽ അധികമാരും മിനക്കെടുമെന്നു തോന്നുന്നില്ല. കാരണം മോദി സർക്കാർ ഇന്ത്യൻ പൊതുജനങ്ങൾക്ക് മേൽ നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ തട്ടിപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ‘അമൃത കാലം’ എന്ന കലികാലത്തിൽ മൃതരാവാതിരിക്കാൻ പ്രയാസപ്പെടുകയാവും അവർ.

(കടപ്പാട്: കൗണ്ടർ കറന്റ്സ്. പരിഭാഷ: എ.കെ ഷിബുരാജ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 12, 2022 1:40 pm