കൊങ്കൺ തീരം സമരത്തിലാണ്, എണ്ണയിലാളാതിരിക്കാൻ

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ബർസു എന്ന ഗ്രാമത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രത്‌നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കൽസ് പദ്ധതിക്കെതിരെ (ആർ.ആർ.എൽ.പി) ഗ്രാമീണരുടെ പ്രതിഷേധം ശക്തമാവുകയാണ്. കൊങ്കൺ തീരദേശ മേഖലയോട് ചേർന്നുകിടക്കുന്ന ബർസു ഗ്രാമത്തിൽ എണ്ണ ശുദ്ധീകരണ-സംഭരണശാല വരുന്നത് മേഖലയുടെ ജൈവവൈവിധ്യത്തെയും തങ്ങളുടെ ഉപജീവനത്തെയും ബാധിക്കുമെന്നാണ് ഗ്രാമീണർ പറയുന്നത്. രത്നഗിരി റിഫൈനറി വിരോധക് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ നേരിടാൻ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നൂറിലധികം ഗ്രാമീണരെ അറസ്റ്റ് ചെയ്യുകയും ചെയ്തു മഹാരാഷ്ട്ര സർക്കാർ. റിഫൈനറി സ്ഥാപിക്കാൻ മണ്ണുപരിശോധന തുടങ്ങിയതോടെ പ്രതിഷേധങ്ങളും ശക്തിപ്പെട്ടിരിക്കുകയാണ്. ജനകീയ പ്രക്ഷോഭം കണക്കിലെടുത്ത് പ്രദേശത്ത് ഏപ്രിൽ 21 മുതൽ മേയ് 31 വരെ തഹസിൽദാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

2014ൽ ബി.ജെ.പി-ശിവസേന സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കൊങ്കൺ മേഖലയുടെ വികസനത്തിന് എന്ന പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി മുന്നോട്ടുവച്ച പദ്ധതിയാണ് രത്നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസ് ലിമിറ്റഡ് (ആർ.ആർ.പി.സി.എൽ). റിഫൈനറി വരുന്നതോടെ പ്രത്യക്ഷത്തിൽ 15,000 ൽ അധികവും പരോക്ഷമായി 50,000 ൽ ഏറെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്ലാന്റിന്റെ നിർമ്മാണവേളയിൽ ഒരു ലക്ഷത്തിലധികം പേർക്ക് ജോലി ലഭിക്കുമെന്നുമാണ് പ്രോജക്ടിന്റെ വക്താക്കൾ അവകാശപ്പെട്ടിരുന്നത്. പൂർത്തിയാക്കപ്പെട്ടാൽ ലോകത്തിലെ ഏറ്റവും വലിയ ആറ് റിഫൈനറികളിലൊന്നും  60 ദശലക്ഷം ടൺ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ റിഫൈനറി കോംപ്ലക്‌സുമാകുമായിരുന്നു ഈ പദ്ധതി എന്നാണ് സർക്കാർ രേഖകൾ പറയുന്നത്. പദ്ധതിക്കായി ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബർസു ​ഗ്രാമത്തിൽ നിന്നുള്ള ചിത്രം. ഫോട്ടോ: നേഹ റാനെ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ സൗദി അരാംകോ (Saudi Aramco), സൗദി അറേബ്യൻ ഓയിൽ കമ്പനി, യു.എ.ഇ ആസ്ഥാനമായുള്ള അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) എന്നിവ രത്നഗിരി റിഫൈനറിയുടെ 50 ശതമാനം ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOC) , ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ((BPCL) എന്നിവ സംയുക്തമായി 50 ശതമാനവും ഓഹരികളിൽ നിക്ഷേപം നടത്തിയിരിക്കുന്നു. റിഫൈനറി പ്രതിദിനം 1.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുമെന്നും ഇതേ സ്ഥലത്തുതന്നെയുള്ള റിഫൈനറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പെട്രോകെമിക്കൽ പ്ലാന്റുകൾ പ്രതിവർഷം 18 ദശലക്ഷം ടൺ പെട്രോകെമിക്കൽ ഉത്പാദിപ്പിക്കുമെന്നുമാണ് കണക്കുകൂട്ടൽ. യൂട്ടിലിറ്റി റിഫൈനറി പ്ലാന്റുകൾ, പെട്രോകെമിക്കൽസ് പ്ലാന്റുകൾ എന്നിവ ചേർന്നതാണ് 60 മെട്രിക് ടൺ ശേഷിയുള്ള നിർദ്ദിഷ്ട പ്ലാന്റ്.  

നാനാറിൽ നിന്ന് ബർസുവിലേക്ക്

രാജാപൂർ താലൂക്കിലെ നാനാർ എന്ന സ്ഥലത്തായിരുന്നു ആദ്യം റിഫൈനറി സ്ഥാപിക്കാനൊരുങ്ങിയത്. 2017ൽ ഭൂമി ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ പരമ്പരാഗത  ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇതോടെ 2019 മാർച്ചിൽ സർക്കാർ വിജ്ഞാപനം പിൻവലിക്കുകയും പ്രസ്തുത പദ്ധതി റദ്ദാക്കുകയും ചെയ്തു. ശിവസേന-ബി.ജെ.പി സംയുക്തമായി ഭരിച്ചിരുന്ന 2017- 2019 കാലഘട്ടത്തിൽ ശിവസേന നിർദ്ദിഷ്ട റിഫൈനറിക്ക് എതിരായിരുന്നു. പദ്ധതിക്ക് അനുമതി നൽകിയാൽ തങ്ങൾക്ക് കാലങ്ങളായി പിന്തുണയുള്ള കൊങ്കൺ മേഖലയിലെ വോട്ടുകളെ അത് ബാധിക്കുമെന്ന് ഭയന്ന് ശിവസേന പ്രദേശവാസികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ശിവസേന വീണ്ടും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ, റിഫൈനറി വരുന്നതിനെ എതിർത്ത പാർട്ടി എന്ന നിലയിൽ ശിവസേനയ്ക്ക് മേൽക്കൈയുള്ള സർക്കാർ റിഫൈനറി പദ്ധതി ഒരിക്കലും നടപ്പിലാക്കില്ലെന്നാണ് രാജാപൂരിലെ ജനങ്ങൾ ധരിച്ചിരുന്നത്.

പ്രതിഷേധിച്ച ഗ്രാമവാസികൾക്കെതിരെ പോലീസ് ലാത്തി വീശുന്നു. കടപ്പാട്: indianexpress

എന്നാൽ 2019 മുതൽ 2022 വരെ ബർസു-സോൽഗാവ്-പഞ്ച്ക്രോഷി എന്നിവടങ്ങളിൽ നിക്ഷേപകർ ഭൂമി വാങ്ങാൻ തുടങ്ങി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിൽ നിന്ന് നിക്ഷേപകരിൽ രാഷ്ട്രീയക്കാർ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ഐ.എ.എസ് ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങി സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളുകൾ ഉൾപ്പെടെയുണ്ടെന്ന് വ്യക്തമായിരുന്നു.

2022 ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് പിന്തുണ നഷ്ടമാവുകയും ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പദ്ധതി വിശദമായി പഠിക്കാനായുളള നടപടികൾ ആരംഭിച്ചെങ്കിലും പ്രദേശവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് മൂലം പഠനം നിർത്തിവെച്ചു. സർക്കാർ പ്രദേശവാസികൾക്കെതിരെ പൊലീസ് സേനയെ ഉപയോഗിക്കുകയും ഭരണപരമായ നിയന്ത്രണങ്ങൾ നിലനിർത്താൻ പ്രാദേശിക നേതാക്കളെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.  പ്രതിഷേധത്തിന് ഒത്തുകൂടുകയോ യോഗങ്ങൾ നടത്തുകയോ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്താനായി 144-ാം വകുപ്പ് പ്രയോഗിക്കാൻ തുടങ്ങി. സമാധാനപരമായ ഒത്തുചേരലുകൾ നടത്താനുള്ള അനുമതി പോലും സർക്കാർ നിഷേധിച്ചു.

2022 നവംബറിൽ നിർദ്ദിഷ്ട റിഫൈനറി പ്രദേശത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ രാജാപൂർ പൊലീസിനൊപ്പം റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും കലാപ നിയന്ത്രണ പൊലീസിനെയും ഉപയോഗിച്ച് റൂട്ട് മാർച്ച് നടത്തി സമരം ചെയ്യുന്ന നാട്ടുകാരെ ഭയപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. സർക്കാർ ഇടപെടൽ കാരണം പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നൽകുന്നത് മാധ്യമങ്ങൾ നിർത്തുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ‘മഹാനഗരി ടൈംസ്’ എന്ന മറാഠി പത്രം സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങാതെ പ്രാദേശിക പ്രതിഷേധത്തിന്റെ വാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. സമരം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന മഹാനഗരി ടൈംസിന്റെ പ്രാദേശിക ലേഖകൻ ശശികാന്ത് വാരിഷെ 2023 ഫെബ്രുവരി 7 ന് കൊല്ലപ്പെടുകയുണ്ടായി.

ശശികാന്ത് വാരിഷെ

കൊലപാതകത്തെ തുടർന്ന് പന്താരിനാഥ് അംബേർകർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമരക്കാരെ ഭീഷണിപ്പെടുത്തിയ അംബേർകറിനെക്കുറിച്ച്‌ ശശികാന്ത്‌ വാർത്ത നൽകുകയും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തുന്ന വാർത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർക്കൊപ്പം അംബേർകർ നിൽക്കുന്ന ഫ്ലക്‌സിന്റെ ചിത്രവും നൽകുകയും ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.

അടങ്ങുന്നില്ല പ്രതിഷേധങ്ങൾ

പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനത്തിനായി മണ്ണ് പരിശോധന ആരംഭിക്കുന്നതിന് മുമ്പ്, 2023 ഏപ്രിൽ 22 ന് പ്രാദേശിക നേതാക്കളടക്കം ഒമ്പത് സമരപ്രവർത്തകർക്ക് രാജാപൂർ താലൂക്കിൽ നിന്ന് പുറത്താക്കൽ നോട്ടീസ് അയച്ചു, അതിൽ ഏഴെണ്ണം ജില്ലാ കളക്ടറും രണ്ടെണ്ണം അഡീഷണൽ ജില്ലാ കളക്ടറും ഒപ്പിട്ടതായിരുന്നു. 2023 മെയ് 31 വരെ ജില്ലയിൽ പ്രവേശിക്കുന്നത് തടയുകയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നതായി പുറത്താക്കൽ നോട്ടീസിൽ പറയുന്നു. പ്രതിഷേധം അടിച്ചമർത്താനായിരുന്നു സർക്കാർ ശ്രമിച്ചതെന്നും നിർദ്ദിഷ്ട റിഫൈനറി സൈറ്റിലെ മണ്ണ് പരിശോധന സമയത്ത് രാജാപൂരിൽ 2000-2500 പോലീസുകാരെ കൂടാതെ അർധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിരുന്നുവെന്നും മഹാരാഷ്ട്രയിലെ സിന്ധുദുർഗ് സ്വദേശിയും ആക്ടിവിസ്റ്റുമായ സച്ചിൻ ചവാൻ കേരളീയത്തോട് പറഞ്ഞു.

സച്ചിൻ ചവാൻ

“ഏപ്രിൽ 23ന് ആയുധങ്ങളുമായി വൻ പോലീസ് സന്നാഹത്തെ പ്രതിഷേധം അടിച്ചൊതുക്കാനായി സജ്ജമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച പ്രദേശവാസികളിൽ 108 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും രാത്രി പതിന്നൊരയ്ക്ക് ശേഷമാണ് വിട്ടയച്ചത്. ഏപ്രിൽ 25 ന് വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 4000 ത്തോളം ആളുകൾ പ്രതിഷേധത്തിനായി ഒത്തുകൂടുകയും നാനൂറോളം പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിൽ 164 സ്ത്രീകളും എട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് അർദ്ധരാത്രിയിലാണ് സ്ത്രീകളെ വിട്ടയച്ചത്. ഏപ്രിൽ 28 വരെ പ്രതിഷേധം തുടർന്നിരുന്നു.” എന്നും സച്ചിൻ ചവാൻ പറഞ്ഞു. വാർത്തകൾ റെക്കോർഡ് ചെയ്യുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞിരുന്നതായും പ്രതിഷേധത്തിന്റെ ‍ദ‍ൃശ്യങ്ങൾ പകർത്തിയ പലരുടേയും മൊബൈൽ ഫോൺ പിടിച്ചെടുത്തതായും ആരോപണമുണ്ടെന്നും സച്ചിൻ ചവാൻ പറയുന്നു.

മണ്ണ് പരിശോധന തടയാനായി റോഡിൽ കിടന്നു പ്രതിഷേധിക്കുന്ന രത്ന​ഗിരിയിലെ സ്ത്രീകൾ. കടപ്പാട്:​ ട്വിറ്റർ

“ജനസംഖ്യയുടെ 95-99ശതമാനം ആളുകളും റിഫൈനറി പദ്ധതിക്ക് എതിരാണ്. മഹാരാഷ്ട്ര സർക്കാർ പദ്ധതിക്കായി നിർദ്ദേശിച്ചിരുന്ന 5 ഗ്രാമങ്ങളിൽ രണ്ടെണ്ണത്തിൽ മണ്ണ് പരിശോധനയ്‌ക്കായി ഡ്രില്ലിംഗ് ആരംഭിച്ചിരുന്നു. ബർസു, ഗോവൽ എന്നീ ഗ്രാമങ്ങളിൽ മാത്രമായിരുന്നു മണ്ണ് പരിശോധനക്കായി സാമ്പിൾ ശേഖരണം നടന്നതെങ്കിലും പ്രതിഷേധത്തിൽ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. 2023 ഏപ്രിൽ 28-ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തു. ഞാനും, ദീപക് ജോഷിയുമാണ് അന്ന് സമരത്തിന് നേതൃത്വം നൽകിയിരുന്നത്” സമര നേതാക്കളിലൊരാളായ നിതിൻ ജതർ കേരളീയത്തോട് പറഞ്ഞു.

നിതിൻ ജതർ

നഷ്ടമാകുന്ന ജൈവവൈവിധ്യവും പൈതൃകങ്ങളും

വൈവിധ്യമാർന്ന വനപ്രദേശങ്ങൾ, മനോഹരമായ തീരദേശം, ഫലഭൂയിഷ്ഠമായ കൃഷിഭൂമികൾ,  നദികൾ എന്നിവയാൽ സമൃദ്ധമായ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുമുള്ള പ്രദേശമാണ് പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന രത്നഗിരി ജില്ലയിലെ രാജാപൂർ താലൂക്ക്. കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, നിരവധി മത്സ്യങ്ങൾ, സമുദ്ര സസ്തനികൾ, മോളസ്കുകൾ, കവച ജന്തുജീവികൾ, മറ്റ് ചെറിയ കടൽജീവികൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന സമുദ്ര ആവാസവ്യവസ്ഥ ഇവിടുത്തെ തീരദേശത്തിന്റെ പ്രത്യേകതയാണ്. രത്നഗിരിയുടെ തീരത്തുള്ള അറബിക്കടലിൽ ചെറിയ പാറകളിൽ വസിക്കുന്ന മത്സ്യം മുതൽ വലിയ പെലാജിക് സ്പീഷീസ് വരെ ഗണ്യമായ എണ്ണം മത്സ്യങ്ങളുണ്ട്. ഒലീവ് റിഡ്ലി, ഗ്രീൻ ആന്റ് ഹോക്ക്ബിൽസ് ആമകൾ ഉൾപ്പെടെ നിരവധിയിനം കടലാമകൾ രത്‌നഗിരിയുടെ തീരങ്ങളെയാണ് പ്രജനനത്തിനായി ആശ്രയിക്കുന്നത്. മത്സ്യങ്ങൾക്കും ആമകൾക്കും പുറമേ വിവിധ ഇനം തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ഇവിടുത്തെ തീരക്കടലിൽ കാണാൻ കഴിയും.

“സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ സംസ്കരിച്ച് പെട്രോളിയം ഓയിൽ തിരികെ കയറ്റുമതി ചെയ്യുന്നതാണ് റിഫൈനറിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ കൈമാറ്റം കടൽ മാർഗ്ഗത്തിലൂടെയും, ടെർമിനൽ പ്രവർത്തിക്കുന്നത് തീരദേശ ലാറ്ററൈറ്റ് പീഠഭൂമിയിലുമായിരിക്കും. ഈ പ്രദേശത്തെ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ സഖാരി നേറ്റ് ഗ്രാമവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 10,000 ത്തോളം ജനസംഖ്യയുള്ള ഈ ഗ്രാമത്തിലെ മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും 20,000 ത്തിലധികം ആളുകൾക്ക് ഉപജീവന മാർഗമൊരുക്കുന്നുണ്ട്.

സഖാരി നേറ്റിലെ മത്സ്യത്തൊഴിലാളികൾ. കടപ്പാട്:​ നേഹ റാനെ

റിഫൈനറിയുടെ ഭാഗമായ ടെർമിനൽ വരുന്നതോടെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പ്രവേശിക്കുന്ന തീരത്ത് കപ്പലുകളുടെ സാന്നിധ്യം വർദ്ധിക്കും. എണ്ണ ചോർച്ച പോലുള്ള പ്രശ്നങ്ങൾ മത്സ്യസമ്പത്തിനെയും സമുദ്ര ജൈവവൈവിധ്യത്തെയും ദോഷകരമായി ബാധിക്കും. സമുദ്ര ജൈവവൈവിധ്യത്തിന്റെ ഹോട്ട്‌സ്‌പോട്ടാണ് ഈ തീരം. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. റിഫൈനറി പ്രവർത്തനം തുടങ്ങുന്നതോടെ അർജുന ക്രീക്ക് പോലെ അടുത്തുള്ള ജലാശയങ്ങളിലേക്ക് ചൂടുവെള്ളം പുറന്തള്ളപ്പെടും. ഇതും ജൈവവൈവിധ്യത്തിന്റെ നാശത്തിന് ഇടയാക്കും.” എന്ന് മുംബൈയിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പബ്ലിക് പോളിസി ഗവേഷക നേഹ റാനെ കേരളീയത്തോട് അഭിപ്രായപ്പെട്ടു.

നേഹ റാനെ

രാജപൂർ താലൂക്കിലെ ജൈവവൈവിധ്യമാണ് തലമുറകളായി ഇവിടെയുള്ള തദ്ദേശീയ മനുഷ്യരുടെ നിലനിൽപ്പിനടിസ്ഥാനം. മത്സ്യബന്ധനവും കൃഷിയും തോട്ടങ്ങളുമാണ് പ്രാദേശിക ജനങ്ങളുടെ സുസ്ഥിര ഉപജീവനമാർഗം. രാജാപൂർ താലൂക്കിലെ ജനസംഖ്യയുടെ ഒരു വിഭാഗം അരി, തിന, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. കവുങ്ങ്, തെങ്ങ്, കശുവണ്ടി, മാമ്പഴം, വെറ്റില എന്നീ നാണ്യവിള തോട്ടങ്ങളും ഈ പ്രദേശത്ത് സാധാരണമാണ്. ഔഷധ സസ്യങ്ങൾ, സെറികൾച്ചർ, തേൻ എന്നിവയും പ്രധാന വരുമാന മാർഗങ്ങളാണ്. റിഫൈനറി വന്നാൽ മലിനീകരണം മൂലം പ്രദേശത്തെ ജൈവ വൈവിധ്യം നശിപ്പിക്കപ്പെടുകയും അത് തങ്ങളുടെ ഉപജീവനവും മാർഗം ഇല്ലാതാക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾക്ക് പൂർണ്ണമായി മനസ്സിലായതുകൊണ്ടാണ് ഒറ്റക്കെട്ടായി നിന്ന് ജനങ്ങൾ ഫൈനറിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സച്ചിൻ ചവാൻ പറഞ്ഞു.

ബർസു-സോൽഗാവ് പ്രദേശത്തെ ആയിരം വർഷം പഴക്കമുള്ള ജിയോഗ്ലിഫുകൾ ഈ വർഷം ഏപ്രിലിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പെട്രോകെമിക്കൽ റിഫൈനറി നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് 250 ലധികം ജിയോഗ്ലിഫുകൾ കണ്ടെത്തിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും പറഞ്ഞു. റിഫൈനറിയുടെ നിർമ്മാണം ഈ ജിയോഗ്ലിഫുകളുടെ നാശത്തിന് കാരണമാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ബർസു-സോൽഗാവ് പ്രദേശത്തെ ജിയോഗ്ലിഫ്. കടപ്പാട്:​ ട്വിറ്റർ

“കൊങ്കൺ മേഖല പരിസ്ഥിതി ലോല പ്രദേശമാണ്. ഞങ്ങൾക്കവിടെ ഒരു കെമിക്കൽ സോൺ വേണ്ട. മാങ്ങ-കശുവണ്ടി കൃഷിയെയും മത്സ്യബന്ധനത്തെയും ആശ്രയിച്ച് കഴിയുന്ന ഗ്രാമീണരാണ് ഞങ്ങൾ. ഇത്തരത്തിലുള്ള രാസവ്യവസായവൽക്കരണം പ്രകൃതിയെ ബാധിക്കുകയും ഞങ്ങളെ സാമ്പത്തികമായി തകർക്കുകയും ചെയ്യും.
ജനങ്ങൾക്ക് വികസനം ആവശ്യമാണെങ്കിലും, അവർ സുസ്ഥിര വികസനമാണ് ആവശ്യപ്പെടുന്നത്. മഹാരാഷ്ട്രയുടെ പത്ത് ശതമാനം മാത്രം വരുന്ന പ്രദേശമാണ് കൊങ്കൺ. എങ്കിലും സംസ്ഥാനത്തെ മൊത്തം മഴയുടെ 64 ശതമാനവും സംഭാവന ചെയ്യുന്നത് ഈ പ്രദേശമാണ്. ഇത്തരം വലിയ കെമിക്കൽ സോണുകൾ ജൈവവൈവിധ്യം തകർക്കുകയും മഴയെ അത് ബാധിക്കുകയും ചെയ്യും.”  നിതിൻ ജതർ ആശങ്ക പങ്കുവെച്ചു.

ഗതാഗത ഇന്ധനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അതിവേഗം വളരുന്ന ആവശ്യത്തെ മുന്നിൽക്കണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി, പെട്രോകെമിക്കൽസ് പ്രോജക്ടുകളുടെ പട്ടികയിൽ ഇടംപിടിക്കുന്ന ഒരു പദ്ധതിക്ക് ഇവിടെ സൗദി അരാംകോ കമ്പനി താത്പര്യമെടുക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കൺസോർഷ്യമാണ് അരാംകോയുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, എത്ര എതിർപ്പുണ്ടായാലും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകാൻ തന്നെയാണ് സാധ്യത. മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്ത് നിന്നും ബലപ്രയോഗത്താലുള്ള കുടിയൊഴിപ്പിക്കലിന്റെയും ജനകീയ പ്രതിരോധത്തിന്റെ വാർത്തകൾ വൈകാതെ ഉയർന്നുവന്നേക്കാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read