മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയും അതിനെ ശരിവച്ച കേരള ഹൈക്കോടതി ഉത്തരവും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ച് അത്യന്തം നിരാശാജനകവും ദാരുണവുമായ ഒന്നാണ്. പത്ത് വർഷത്തെ പ്രവർത്തന പരിചയമുള്ള മീഡിയാ വൺ എന്ന ടെലിവിഷൻ ചാനലിന് സംപ്രേക്ഷണം നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യം കേവലം മാധ്യമ സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്നമായി വിലയിരുത്താൻ കഴിയില്ല. ഒരു മാധ്യമ സ്ഥാപനത്തിന് പ്രവർത്തനാനുമതി നിഷേധിക്കപ്പെട്ടു എന്നത് തീർച്ചയായും മാധ്യമ സ്വാതന്ത്ര്യ നിഷേധവുമായി ബന്ധപ്പെട്ട നിർണ്ണായകമായ ഭരണഘടനാ പ്രശ്നമായി പരിഗണിക്കപ്പെടുമ്പോൾ തന്നെ മീഡിയാ വൺ എന്ന ചാനലിന് തന്നെ ഈ വിലക്ക് എന്തുകൊണ്ട് നേരിടേണ്ടിവരുന്നു എന്നത് സംഘപരിവാർ നിയന്ത്രിക്കുന്ന ഇന്ത്യൻ ഭരണസംവിധാനങ്ങളുടെ വംശീയ അജണ്ടകളെക്കൂടിയാണ് വെളിപ്പെടുത്തുന്നത്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും അതിന്റെ എക്സിക്യൂട്ടീവ് സംവിധാനങ്ങളും ചേർന്ന് ശ്രമിച്ച വിദ്വേഷജനകമായ ഇടപെടലിന് ആക്കം കൂട്ടുന്നതായിത്തീർന്നു ‘അത്രി സംഹിത’ ഉദ്ധരിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജിയായ എസ്. നഗരേഷിന്റെ വിധിന്യായം. ദേശസുരക്ഷയെ മുൻനിർത്തിയുള്ള ഒരു വിഷയത്തിൽ ശ്രേണീകൃത ജാതിവ്യവസ്ഥയെ ആദർശവത്കരിക്കുന്ന അത്രി സംഹിത പോലെ ഒരു ഗ്രന്ഥം ഉദ്ധരിക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കേറ്റ ഒരു പ്രഹരമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം നിർഭയത്വത്തോടെ നിർവഹിക്കാൻ കഴിയാത്തതരത്തിലുള്ള ഭരണകൂട ‘നോട്ടങ്ങൾ’ നിലൽക്കുന്ന ഒരു രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അനുബന്ധങ്ങളിലൊന്നായ മാധ്യമ സ്വാതന്ത്ര്യം സ്വാഭാവികമായും പരുങ്ങലിലാകും. പൗരാവകാശങ്ങളെയും അപരശബ്ദങ്ങളെയും വിസമ്മതങ്ങളെയും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു തീവ്രവലതുപക്ഷ രാഷ്ട്രീയകക്ഷി ഭരണം കയ്യാളുമ്പോൾ ആവിഷ്കാരങ്ങൾക്ക് തുടർച്ചയായി വിലങ്ങുവീഴുമെന്നത് ഇന്ത്യയിൽ ഇന്ന് നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സമഗ്രാധിപത്യ വാഴ്ചയോട് സമരസപ്പെടാൻ തയ്യാറല്ലാത്തവർ പലതരത്തിലും നിശബ്ദരാക്കപ്പെടുന്ന അവസ്ഥ പതിവായിരിക്കുന്നു. ഭരണകൂട ഹിംസയെ പ്രശ്നവത്കരിക്കാൻ തയ്യാറല്ലാത്ത മാധ്യമങ്ങൾക്ക് സംഭവിച്ചിരിക്കുന്ന അതിദയനീയമായ അനുരൂപീകരണവും ഭയപ്പെടുത്ത ഒന്നാണ്. ഒന്നോ രണ്ടോ മാധ്യമസ്ഥാപനങ്ങൾ മാത്രമല്ല, ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും കേന്ദ്ര ഭരണത്തോട് ഇണങ്ങിപ്പോകാനാണ് ഇന്ന് ഇഷ്ടപ്പെടുന്നത്. ചിലർ നഷ്ടമോർത്തിട്ടും മറ്റു ചിലർ ഭീരുത്വത്താലും മുട്ടിലിഴയുമ്പോൾ വേറൊരു വലിയ വിഭാഗം മാധ്യമങ്ങൾ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ച് കറകളഞ്ഞ വംശീയവാദികളായി മാറിയിരിക്കുന്നു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സി.എന്‍.എന്‍ ന്യൂസ് 18 ചാനലുമെല്ലാം ‘മുസ്ലീം പേടി’ നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ടല്ലോ. 2014 ൽ മോദി അധികാരത്തിൽ വന്നതുമുതൽ മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ ഒരു ‘ദേശീയ കരിക്കുലം’ പ്രോജക്ട് നടപ്പാക്കിവരുന്നുണ്ടെന്നും ഈ ആശയത്തിന്റെ അന്തസ്സത്ത ഹിന്ദു-മുസ്‌ലിം വിഭജന പ്രക്രിയ തുടര്‍ന്നുകൊണ്ടുപോവുക എന്നതാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.
ഇത്തരത്തിൽ, വംശീയതയിൽ അധിഷ്ഠിതമായ ഒരു ഭരണസംവിധാനത്തിലേക്ക് ഇന്ത്യയെ പരിവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് മീഡിയാ വൺ വിലക്ക്. മുസ്ലീം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതും സംഘപരിവാറിന്റെ രാഷ്ട്രീയത്തോട് സന്ധി ചെയ്യാൻ തയ്യാറല്ലാത്തതുമായ ഒരു സ്ഥാപനമാണ് എന്നതുകൊണ്ടാണ് മീഡിയാവൺ കേന്ദ്ര സർക്കാരിന് അനഭിമതമാകുന്നത്. ഇന്ത്യയിലെ ഒരുവിധം മുഖ്യധാരാ മാധ്യമങ്ങളെയെല്ലാം ഭയപ്പെടുത്തി നിർത്തുന്നതിനോ, അതല്ലെങ്കിൽ ഹിന്ദുത്വ രാഷ്ട്രീയത്തോട് കൂറുള്ള മാധ്യമപ്രവർത്തകരെ ബോധപൂർവ്വം റിക്രൂട്ട് ചെയ്ത് ഉള്ളടക്കങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനോ സംഘപരിവാറിന് കഴിയുന്നുണ്ട്. മീഡിയാ വൺ പോലെയുള്ള ന്യൂനപക്ഷ-മുസ്ലീം മാനേജ്മെന്റ് സ്ഥാപനങ്ങളിലാണ് ഇത്തരം വിരട്ടലോ, ഒളിച്ചുകടത്തലോ നടത്താൻ കഴിയാതെ പോകുന്നത്. മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമസ്ഥാപനം ഈ വിരട്ടലിനെയും ഒളിച്ചുകടത്തലിനെയും ഫലപ്രദമായി പ്രതിരോധിക്കുന്നു എന്നത് സംഘപരിവാറിനെ സംബന്ധിച്ച് ഏറെ ക്ഷീണം ചെയ്യുന്ന കാര്യമാണ്. ആ ക്ഷീണത്തിൽ നിന്നും രൂപപ്പെട്ടുവന്ന ഒരു തിരക്കഥയുടെ ഭാഗമാണ് മീഡിയാ വണ്ണിനെതിരെ ഉന്നയിക്കപ്പെടുന്ന ‘വെളിപ്പെടുത്താനാവാത്ത സുരക്ഷാകാരണങ്ങൾ’. നരേന്ദ്രമോദി ഭരണത്തില്‍ ഇസ്‌ലാമോഫോബിയയുടെ പാത്തോളജി അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുന്നു എന്ന നോം ചോംസ്‌കിയുടെ ഇക്കഴിഞ്ഞ ദിവസമുണ്ടായ മുന്നറിയിപ്പുമായി ചേർത്തുവായിക്കേണ്ടത് കൂടിയാണ് മീഡിയാ വൺ സംപ്രേക്ഷണ വിലക്ക്. മാധ്യമ സംരംഭത്തെ മാത്രമല്ല, മുസ്ലീങ്ങൾക്ക് പങ്കാളിത്തമുള്ള എല്ലാ സ്ഥാപനങ്ങളെയും തകർത്തെറിയുക എന്ന സംഘടിത ലക്ഷ്യത്തോടെയാണ് സംഘപരിവാർ പ്രവർത്തിക്കുന്നത് എന്നതിന് തെളിവായിരുന്നല്ലോ ജാമിയ, അലിഗഢ് അടക്കമുള്ള ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തിടെ ഉണ്ടായ അതിക്രമങ്ങൾ.
ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രതിസന്ധിവരുമ്പോഴെല്ലാം പ്രയോഗിക്കപ്പെടുന്ന തുറുപ്പുചീട്ടായിരിക്കുന്നു ദേശസുരക്ഷ. ദേശസുരക്ഷയുടെ പേരിലാണെങ്കിൽ മാധ്യമങ്ങളെ വിലക്കാം, അതല്ലെങ്കിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തിക്കൊണ്ട് അവരെ സെൽഫ് സെൻസർഷിപ്പിലേക്ക് തള്ളിവിടാം. അതാണല്ലോ പെഗാസസ് കേസിലും കണ്ടത്. ഫോൺ ചോർത്തലിന് ഇരയാക്കപ്പെട്ട മാധ്യമപ്രവർത്തകർ സമർപ്പിച്ച പരാതി പരിഗണിക്കവെ സുപ്രീംകോടതിയിൽ സർക്കാരിന് പറയാനുണ്ടായിരുന്നതും ദേശസുരക്ഷ എന്ന ന്യായീകരണമായിരുന്നു. ഇന്ത്യയിലെ പല പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന് വസ്തുതകള്‍ നിരത്തി മാധ്യമങ്ങള്‍ തെളിയിച്ചിട്ടും അന്വേഷണത്തിന് ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകാതിരുന്നതും ദേശസുരക്ഷയുടെ പേരു പറഞ്ഞാണ്. എന്നാൽ ‘ദേശസുരക്ഷാവാദം ഉയർത്തി ഓരോ കാര്യത്തിലും ഫ്രീപാസ് നേടാമെന്ന വിചാരം വേണ്ട’ എന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് സർക്കാരിന് തിരിച്ചടിയായി മാറി. പെഗാസസ് വിഷയത്തിൽ വിശദാന്വേഷണം നടത്താൻ സുപ്രീംകോടതി നേരിട്ട് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സ്വന്തം ജനതയെപ്പോലും അപായപ്പെടുത്താൻ മടിയില്ലാത്ത ഒരു ഭരണകൂടത്തിന്റെ ഭീകരമുഖം കൂടിയാണ് പെഗാസസിൽ പ്രതിഫലിച്ചത്.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളിൽ അവാസ്തവങ്ങളുണ്ടെങ്കിൽ പരാതിപ്പെടാനും നിയമനടപടി സ്വീകരിക്കാനുമുള്ള സാധ്യത ഏത് പൗരർക്കുമുള്ള രാജ്യമാണ് ഇന്ത്യ. തെറ്റായ വാർത്തകൾക്കും അപകീർത്തികരമായ മാധ്യമ പ്രതിനിധാനങ്ങൾക്കും എതിരെ അത്തരം നടപടികൾ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. അതെല്ലാം രാജ്യത്തെ നിയമവ്യവസ്ഥയ്ക്കകത്ത് നിന്നുകൊണ്ടുള്ള ഇടപെടലുകളായിരുന്നു. എന്നാൽ മീഡിയാ വണ്ണിനെതിരെ ഉണ്ടായിരിക്കുന്നത് തികച്ചും എക്സിക്യൂട്ടീവ് അധികാര ദുർവിനിയോഗമാണ് എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ദില്ലി കലാപ റിപ്പോർട്ടിംഗിന്റെ പേരിൽ 2020 മാർച്ചിലും സമാനമായ നടപടിയാണ് മീഡിയാ വണ്ണിന് നേരിടേണ്ടി വന്നത്. കാരണം അന്നും അവ്യക്തമായിരുന്നു. വൈകുന്നേരം ഏഴുമണിക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് പൊടുന്നനെ വന്ന വിലക്ക് കാലത്ത് പിൻവലിക്കപ്പെട്ടത് തന്നെ നിരോധനത്തിന് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ലെന്നതിന് തെളിവാണ്. മാധ്യമങ്ങൾക്ക് നേരെ പ്രയോഗിക്കപ്പെടുന്ന ഈ എക്സിക്യൂട്ടീവ് അധികാരത്തെ ശക്തമായി പ്രതിരോധിക്കണ്ടതുണ്ട്. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വസ്തുതാവിരുദ്ധമായ വാർത്തകളുണ്ടായാൽ വെളിപ്പെടുത്താനാവാത്ത സുരക്ഷാകാരണങ്ങളുടെ ‘സീൽഡ് കവറുകൾ’ വഴിയല്ല നടപടിയുണ്ടാകേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങളിലൂടെയും ഫോറങ്ങളിലൂടെയും സുതാര്യമായാണ് അത് നിർവഹിക്കപ്പെടേണ്ടത്.
മീഡിയാ വൺ ചാനലിന്റെ അപ് ലിങ്ക്-ഡൗൺ ലിങ്ക് ലൈസൻസ് റദ്ദാക്കിയതിന് തൊട്ടുപിറകെ മാധ്യമസ്ഥാപനങ്ങളെ പൂട്ടാനുള്ള നിയമനിർമ്മാണങ്ങൾ കേന്ദ്ര സർക്കാർ ഊർജജിതമാക്കിയിരിക്കുകയാണ്. ഏതു മാധ്യമസ്ഥാപനത്തെയും മാധ്യമ പ്രവർത്തകനെയും വിലക്കാൻ കഴിയുന്നതരത്തിൽ അക്രഡിറ്റേഷൻ മാർഗനിർദേശങ്ങൾ പുതിക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ഐക്യം, ക്രമസമാധാനം, അന്തസ്സ്, ധാർമ്മികത, മറ്റു രാജ്യങ്ങളുമായുള്ള സൗഹാർദം എന്നിവക്ക് നിരക്കാത്ത പ്രവർത്തനത്തിലേർപ്പെട്ടതായി കാണുന്നപക്ഷം സർക്കാരിന് അക്രഡിറ്റേഷൻ റദ്ദാക്കാം. കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്ന 25 പേർ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് ഇതെല്ലാം പരിശോധിക്കാൻ പോകുന്നത്. സംഘപരിവാർ നിയന്ത്രിത കമ്മിറ്റിയായിരിക്കും ഇതെന്ന് ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഉറപ്പിച്ച് പറയാം. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ഐക്യം, ക്രമസമാധാനം…ഇതെല്ലാം എന്താണെന്ന് അവർ തീരുമാനിക്കും. മീഡിയാ വൺ വിലക്കപ്പെട്ടതിനേക്കാൾ ഭീതിതമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സംഘപരിവാറിന് ഹിതകരമല്ലാത്ത വാർത്തകളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സെൻസർഷിപ്പ് ബോഡിയായി അക്രഡിറ്റേഷൻ കമ്മിറ്റി മാറും. അടിയന്തരാവസ്ഥയിലെ പത്രമാരണത്തേക്കൾ മാരകമായ വ്യവസ്ഥ. എന്നിട്ടും മാധ്യമലോകത്ത് നിന്നും ശക്തമായ എതിർപ്പ് ഈ തീരുമാനത്തിനെതിരെ രൂപപ്പെടുന്നില്ല എന്നത് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ വിധേയത്വത്തെയും ഭീരുത്വത്തെയുമാണ് വീണ്ടും വെളിപ്പെടുത്തുന്നത്. ‘മീഡിയാ വൺ ചാനലിന്റെ അവസ്ഥ കണ്ടല്ലോ’ എന്ന ചോദ്യം പലരുടെയും തലയ്ക്കുമീതെ ഒരു വാളുപോലെ തൂങ്ങി നിൽക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഭീരുത്വം സമഗ്രാധിപത്യത്തിലേക്കുള്ള വഴി വേഗത്തിലാക്കുകയാണെന്ന് ഓർത്താൽ നല്ലത്.
ആ ഓർമ്മയ്ക്കായി ഒ.വി വിജയന്റെ കുറിപ്പുകൂടി പങ്കുവയ്ക്കട്ടെ:
അരുണാചലപ്രദേശം സന്ദർശിച്ച ഒരു ലേഖക സുഹൃത്ത് എന്നോട് ഇങ്ങനെ പറഞ്ഞു.
“തവാങ്ങിലെ ലാമമാരെ കണ്ടു സംസാരിച്ചു. പരമ്പരാഗതമായി ചൈനക്കാർ കരം പിരിച്ചിരുന്നു എന്ന് അവർ പറഞ്ഞു.”
“നിങ്ങൾ ഇത് നിങ്ങളുടെ പത്രത്തിൽ എഴുതണം.”
“എങ്ങനെ എഴുതാനാണ്? രാജ്യദ്രോഹമാവില്ലേ?”
“രാജ്യത്തെ ദ്രോഹിക്കുന്നതിനേക്കാൾ സത്യത്തെ ദ്രോഹിക്കുന്നത് എത്ര എളുപ്പം. സുഖകരം.”