Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മലബാറിന്റെ മണ്ണിൽ നിന്നുയർന്ന മാപ്പിളപ്പാട്ട് ഒരുകാലത്ത് പ്രധാനമായും മുസ്‌ലിം സമുദായത്തിന്റെ മാത്രം സാംസ്കാരിക പൈതൃകമായിരുന്നു. അറബി-മലയാളം കലർന്ന വരികളും തനത് താളങ്ങളും കൊണ്ട് സമ്പന്നമായ ഈ ഗാനപാരമ്പര്യം പിന്നീട് കേരളത്തിന്റെ പൊതു സംസ്കാരത്തിന്റെ ഭാഗമായി മാറിയതിൽ നിർണായക പങ്കുവഹിച്ച പ്രതിഭകളിൽ പ്രധാനിയാണ് കോഴിക്കോട് അബൂബക്കർ (അവുക്ക/അവുക്കാക്ക/അവുക്കുബായി). മാപ്പിളപ്പാട്ടിന്റെ മഹാലോകത്ത് തലമുറകൾ മറക്കാത്ത ഈണങ്ങൾ ചിട്ടപ്പെടുത്തിയ അനുഗ്രഹീത സംഗീത സംവിധായകനും തബലിസ്റ്റുമായിരുന്ന അദ്ദേഹം 80-ാം വയസ്സിൽ, 2026 സെപ്റ്റംബർ ഒന്നിന് സംഗീതലോകത്ത് വിടപറഞ്ഞു. തരംഗിണി റെക്കോർഡ്‌സിന്റെ മൈലാഞ്ചിപ്പാട്ട് ആൽബങ്ങളിലൂടെ അദ്ദേഹം നൽകിയ ഈണങ്ങൾ മാപ്പിളപ്പാട്ടിനെ ജാതിമതഭേദമന്യേ ജനകീയമാക്കി. മലയാള സംഗീത ലോകത്ത്, പ്രത്യേകിച്ച് മാപ്പിളപ്പാട്ട് ഈണങ്ങളിൽ സ്വന്തമായി വേറിട്ട വഴി വെട്ടിത്തെളിച്ച വ്യക്തിത്വമായിരുന്നു അവുക്ക.
മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകൾക്കും ലളിതഗാനങ്ങൾക്കും നാടക ഗാനങ്ങൾക്കും അവിസ്മരണീയമായ ഈണം നൽകിയാണ് ജനഹൃദയങ്ങളിൽ അബൂബക്കർ ഇടം നേടുന്നത്. തബലയിൽ പ്രശസ്ത സംഗീത സംവിധായകരായ എം.എസ്. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയവരുടെ പ്രിയപ്പെട്ട അനുഗാമിയായിരുന്നു അദ്ദേഹം. ബാബുരാജ് മാസ്റ്ററുടെ ആലാപനങ്ങളിലും സ്റ്റേജ് ഷോകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ‘അവുക്ക’. പിന്നീട് മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് പൂർണമായും തിരിഞ്ഞ അദ്ദേഹം ബാപ്പു വെള്ളിപറമ്പ് (ബാപ്പു വാവാടി) പോലുള്ള ഗാനരചയിതാക്കളുമായി ചേർന്ന് നിരവധി ആൽബങ്ങൾ ഒരുക്കി. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആൽബമായിരുന്നു തരംഗിണിയുടെ മൈലാഞ്ചിപ്പാട്ടുകൾ.


കെ.ജെ. യേശുദാസ് സ്ഥാപിച്ച തരംഗിണി കേരളത്തിലെ ആദ്യകാല കാസറ്റ് കമ്പനികളിലൊന്നായിരുന്നു. അവരുടെ മൈലാഞ്ചിപ്പാട്ടുകൾ (വാല്യം 1 മുതൽ 5 വരെ) മാപ്പിളപ്പാട്ടിനെ വീടുകളിലേക്കും വേദികളിലേക്കും കൊണ്ടുവന്നു. അബൂബക്കർ സംഗീതസംവിധാനം നിർവഹിച്ച ഈ ആൽബങ്ങളിൽ യേശുദാസ്, കെ.എസ്. ചിത്ര, സുജാത, മിൻമിനി തുടങ്ങിയ മുൻനിര ഗായകർ പാടി. ‘യത്തീമിനതാണീ ഏകിക്കൊണ്ടത്താഴം’ ചിത്രയുടെ ആദ്യ മാപ്പിളപ്പാട്ടായിരുന്നു. ‘ഉമ്മയെ ചോദിച്ച് പൊന്നുമോൾ കരയല്ലേ’, ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, ‘കണ്ണീരിൽ മുങ്ങി ഞാൻ’, ‘പകലന്തി ഞാൻ കിനാവ് കണ്ടു’, ‘മൗത്തും ഹയാത്തിനും’, ‘മനസ്സ് അകമിൽ മുഹബ്ബത്ത് പെരുത്ത്’, ‘അഖില ചരാചര പാലകനെ’, ‘പണ്ടവൻ തന്നുടെ ദീനിൽ’, ‘പുന്നാര മഹമൂദിൻ’, ‘അള്ളാഹ് റസൂലിനെയും’, ‘എന്തിനാണ് നീല കണ്ണിൽ സുറുമ’, ‘ആകെ ചുറ്റിലകത്ത്’, ‘തരണം പിതാവോരെ’, ‘ഉടനെ ജുമയിലെത്തിറങ്കി’ തുടങ്ങിയ ഗാനങ്ങൾ കേരളത്തിലെങ്ങും തരംഗമായി മാറി. തരംഗിണിക്ക് വേണ്ടി അദ്ദേഹം ഒരുക്കിയ നിരവധി പാട്ടുകൾക്ക് യേശുദാസ് ഗായകനായിയെത്തി.
യേശുദാസിന്റെ തരംഗിണി ഏറ്റവും അവസാനമായി ഇറക്കിയ മാപ്പിളപ്പാട്ട് ആൽബമായ ‘മൈലാഞ്ചി രാവ്’ കാസറ്റിലെ ‘ഖബറാണ് മുന്നില് യാത്രക്കു നേരമായ്’ എന്ന ഗാനത്തിന് ഹൃദയത്തിൽ തുളഞ്ഞുകയറുന്ന ഈണമിട്ടതും അവുക്കയാണ്. ഈണം കിട്ടി അതിനൊപ്പിച്ച് പാട്ടെഴുതുന്ന വർത്തമാനകാലത്ത് സ്വതന്ത്ര രചനയായിരുന്നു അത്. യേശുദാസ് ഹൃദയത്തിൽ തൊട്ടുപാടിയ ഈ പാട്ട് അദ്ദേഹത്തിന്റെ സംഭാവനകളുടെ ഒരു മികച്ച ഉദാഹരണമാണ്.
ശൈലിയും സ്വാധീനവും കേൾവിക്കാരന്റെ മനസ്സിൽ പെട്ടെന്ന് തങ്ങിനിൽക്കുന്ന ഈണങ്ങളും, മാപ്പിളപ്പാട്ടിന്റെ തനിമ ചോർന്നുപോകാതെയുള്ള ആവിഷ്കാരങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പരമ്പരാഗത മാപ്പിള താളങ്ങൾക്കൊപ്പം ആധുനിക സംഗീതഘടനയും ചേർത്ത് പാട്ടുകളെ കേൾക്കാൻ എളുപ്പമുള്ളതും ഹൃദയസ്പർശിയുമാക്കി. യേശുദാസും ചിത്രയും സുജാതയും പാടിയപ്പോൾ അത് ഒരു സമുദായത്തിന്റെ ഗാനമല്ലാതായി. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ഭവനങ്ങളിൽ ഒരുപോലെ മുഴങ്ങി. സ്കൂൾ കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും മത്സരവേദികളിലും ഈ പാട്ടുകൾ നിറഞ്ഞു. മാപ്പിളപ്പാട്ട് മലബാറിന്റെ തറവാട്ടു കുടുംബങ്ങളിൽ നിന്നും കല്യാണപ്പന്തലുകളിൽ നിന്നും പുറത്തുവന്ന് കേരളീയ സംസ്കാരത്തിന്റെ പൊതുസ്വത്തായി.


കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങി തലമുറ വ്യത്യാസമില്ലാതെ മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പാടിയിട്ടുണ്ട്. ജീവിത ദുഃഖങ്ങളെയും പ്രാരബ്ധങ്ങളെയും ക്ലേശങ്ങളെയും അവതരിപ്പിക്കുന്ന മികച്ച പാട്ടുകൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നും; മിക്കതും വളരെ പ്രശസ്തം. മാപ്പിളപ്പാട്ടിന്റെ എല്ലാ വൈവിധ്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. അപ്പോഴും ആ ഗാനങ്ങളിലെല്ലാം തന്റെതായ ഒരു മെലഡിയുടെ കൈയൊപ്പ് ചാർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
കോഴിക്കോട് നിന്നുള്ള കലാകാരന്മാരായ പത്മനാഭൻ (പപ്പേട്ടൻ), വയലിൻ സുകുമാരേട്ടൻ, ഹരിദാസൻ, ഗിറ്റാർ ജോയ്, ആർച്ചി ഹട്ടൻ, അവുക്കുബായി തുടങ്ങിയവർ ഓർക്കസ്ട്രയിലും നാടക പിന്നണിയിലും ഒരുകാലത്ത് പതിവായി പങ്കെടുത്തിരുന്നു. വടകരക്കാരുടെ പഴയ ഓർമ്മകളിൽ ഇവരുടെ പാട്ടുകൾ ഇപ്പോഴും മുഴങ്ങുന്നുണ്ട്. യേശുദാസിന്റെ വടകര ഗാനമേളകളിൽ അവുക്ക തബല വായിച്ചിരുന്നു. ആകാശവാണി പ്രോഗ്രാമുകളിലും അദ്ദേഹം പതിവായി തബലിസ്റ്റായി എത്തി. വളരെ നർമ്മമുള്ള ഒരാളായിരുന്ന അവുക്കുബായിയുടെ സംഗീത സംവിധായക മുഖം ആദ്യകാലത്ത് മിക്കവർക്കും അറിയില്ലായിരുന്നു. പിന്നീടാണ് തബലിസ്റ്റ് അവുക്കുബായിയായിരുന്ന അദ്ദേഹം കോഴിക്കോട് അബൂബക്കർ എന്ന സംഗീത സംവിധായകനായി തിരിച്ചറിയപ്പെട്ട് തുടങ്ങുന്നത്. അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ ചരിത്രം പരതുന്നവർക്ക് ഒരിക്കലും മാറ്റിനിർത്താനാവാത്ത പേരാണ് കോഴിക്കോട് അബൂബക്കർ. ഈ കാലഘട്ടത്തിലെ മുൻനിര പാട്ടുകാർ പാടിവച്ച സൂപ്പർഹിറ്റുകൾക്ക് ഈണം നൽകിയതിൽ നല്ലൊരു പങ്ക് അദ്ദേഹത്തിനുള്ളതാണ്. അവുക്കയുടെ സംഭാവനകൾ മാനിച്ചുകൊണ്ട് 2019-ൽ തലശ്ശേരി മാപ്പിള കലാ കേന്ദ്രം ഒ. ആബു പുരസ്‌കാരം നൽകി ആദരിച്ചു.


പാട്ടുകളുടെ പൂർണ്ണ ലിസ്റ്റ് പോലും സൂക്ഷിക്കാത്ത ഈ പ്രതിഭ ജീവിതാന്ത്യം വരെ പുതിയ ഈണങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഏത് കലാപ്രതിഭ വിടപറയുമ്പോഴും അവരോടൊപ്പം അവരുടേതായ ഒരു ശൈലിയും രീതിയും നഷ്ടപ്പെടുന്നു. അവുക്കുബായിയുടെ വിയോഗത്തോടെ ഒരു ശൈലി ഇല്ലാതായിക്കഴിഞ്ഞു എന്ന് പലരും വിചാരിക്കുന്നു. ആ നിലയ്ക്ക് മാപ്പിളപ്പാട്ട് ശാഖയ്ക്ക് മാത്രമല്ല സാംസ്കാരിക മേഖലയ്ക്ക് തന്നെ വലിയ നഷ്ടമാണ് ഈ വിയോഗം.
തരംഗിണിയുടെ മൈലാഞ്ചിപ്പാട്ടുകളും അബൂബക്കറുടെ സംഗീതവും തെളിയിച്ചത് ഒന്നാണ്: നല്ല കല ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകൾ ഭേദിക്കും. മാപ്പിളപ്പാട്ട് ഇന്ന് കേരളീയരുടെ പൊതുസംസ്കാരത്തിന്റെ ഭാഗമായതിൽ ഈ സഹകരണത്തിന്റെ പങ്ക് വലുതാണ്. അവുക്കാക്കയുടെ ഈണങ്ങൾ ഇന്നും നമ്മുടെ ചുണ്ടിൽ മൂളുമ്പോൾ അത് ഓർമ്മിപ്പിക്കുന്നത് സംഗീതത്തിന്റെ ഏകീകരണ ശക്തിയെയാണ്. അദ്ദേഹം നൽകിയ ഈണങ്ങൾ മത്സരവേദികളിലും ആൽബങ്ങളിലും ഇന്നും ജീവിക്കുന്നു.

