അഗ്നിനിറവും മാംസഗന്ധവുമുള്ള കലാപങ്ങൾ

ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ മനഃശാസ്ത്രപരമായ വേരുകൾ തേടിയുള്ള സുധീർ കക്കറിന്റെ അന്വേഷണമാണ് കലാപത്തിന്റെ നിറങ്ങൾ എന്ന ഗ്രന്ഥം. ഒരു കലാപത്തിനുള്ള വെടിക്കോപ്പുകൾ ഇന്ത്യൻ മനസ്സുകൾ എല്ലായ്പ്പോഴും സംഭരിച്ചു വയ്ക്കുന്നുണ്ടെന്ന ആധികാരികമായ അറിവാണ് സുധീർ കക്കർ മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യൻ വർത്തമാനത്തെ അശാന്തമാക്കുന്ന കലാപങ്ങൾ സാധാരണ സംഭവമായി മാറുമ്പോൾ ഏതാണ്ട് ഇരുപത്തഞ്ചു കൊല്ലം മുമ്പ് ഒരു പണ്ഡിതൻ തന്റെ ഗ്രന്ഥത്തിലൂടെ ചില ആശങ്കകൾ പങ്കിട്ടുവെന്നത് ചെറിയ കാര്യമല്ല. എന്നാൽ നാമത് എത്രത്തോളം വായിച്ചു, ഉൾക്കൊണ്ടു, ചർച്ച ചെയ്തു എന്നീ ചോദ്യങ്ങൾ ചോദിക്കാതിരിക്കുന്നത് വർത്തമാനത്തോടു ചെയ്യുന്ന അനീതിയായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.   

കലാപത്തിന്റെ നിറങ്ങളുടെ പരിഭാഷയിലേക്കു കടക്കുന്നതുവരെ മതേതരത്വം, ജനാധിപത്യം എന്നീ ആശയങ്ങളിൽ അടിയുറച്ച വിശ്വാസം എനിക്കുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം, മതം തുടങ്ങിയ വിഷയങ്ങളുടെ പരസ്പരബന്ധത്താൽ പരമ്പരാഗതമായി പ്രോത്സാഹിപ്പിക്കപ്പെട്ട ഒരു അക്രമകാരി എനിക്കുള്ളിലും പതുങ്ങിയിരിപ്പുണ്ടെന്ന് പരിഭാഷയിലൂടെ കടന്നുപോയ ഓരോ ഘട്ടത്തിലും തിരിച്ചറിവുണ്ടായി. അങ്ങനെ നോക്കുമ്പോൾ സുധീർ കക്കറിന്റെ ഗ്രന്ഥം ഏതെങ്കിലും മതവിഭാഗങ്ങളുടെ പരസ്പര കലാപത്തെയല്ല സംബോധന ചെയ്യുന്നത്. മറിച്ച്, വായനക്കാരുടെ ഉള്ളിൽ തന്നെയുള്ള അക്രമകാരിയെ തിരിച്ചറിയാൻ സഹായിക്കുകയാണ്. അതിനാൽ മതവിശ്വാസികളും മതേതര-ജനാധിപത്യവിശ്വാസികളും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകമാണ് കലാപത്തിന്റെ നിറങ്ങൾ.

ദി കളേഴ്സ് ഓഫ് വയലൻസ്

കലാപത്തിലൂടെ കലാപകാരിയിലേക്കു കടന്നു ചെല്ലുകയാണ് സുധീർ കക്കർ ചെയ്യുന്നത്. നാം നിത്യജീവിതത്തിൽ നിസാരമെന്നു കരുതുന്നതോ അവഗണിക്കുന്നതോ ആയ കാര്യങ്ങളിൽ തീവ്രമായ ഒരു കലാപസാധ്യത ഉണ്ടെന്ന സത്യം ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തരെയും അസ്വസ്ഥമാക്കും. കലാപത്തിൽ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമല്ല, വിജയികളും പരാജിതരുമല്ല, ഇരകൾ മാത്രമേ ഉള്ളൂ എന്നു ബോധ്യപ്പെടും. കലാപത്തിനു മതേതരത്വത്തിന്റെ ബഹുവർണമോ മഴവിൽനിറമോ അല്ല, അഗ്നിയുടെ നിറമാണെന്നു വ്യക്തമാകും. അതിന്റെ ഗന്ധം മനുഷ്യമാംസം കത്തിക്കരിയുമ്പോൾ ഉള്ളതാണെന്ന ചെടിച്ചിലുണ്ടാവും. അത്തരം അറിവുകൾ നമ്മെ കൂടുതൽ നല്ല മനുഷ്യനാക്കും. തന്റെ ഗ്രന്ഥത്തിലൂടെ സുധീർ കക്കർ ലക്ഷ്യമാക്കുന്നതും ഇതൊക്കെയാണ്.  

1990-ൽ ഹൈദരാബാദിൽ നടന്ന ഹിന്ദു-മുസ്ലീം കലാപത്തിന്റെ പശ്ചാത്തലത്തിൽ മതപരമായ സംഘർഷങ്ങളുടെ മനഃശാസ്ത്രപരമായ കാരണങ്ങളാണ് സുധീർ കക്കറിന്റെ അന്വേഷണവിഷയം. ഹൈദ്രാബാദ് കലാപത്തിൽ മുഖത്തു ഗുരുതരമായി പരിക്കേറ്റ രണ്ടു വയസ്സുകാരി പെൺകുട്ടിയുടെ ചിത്രത്തിന്റെ നടുക്കുന്ന വിവരണത്തോടെയാണ് അദ്ദേഹം തുടങ്ങുന്നത്. വളഞ്ഞ അരിവാളിനാൽ നെറ്റിയിൽനിന്ന് പുരികവും കടന്ന് കവിളിലേക്ക് പടരുന്ന ആഴത്തിലുള്ള മുറിവും പൊടിപറ്റി പാറിപ്പറക്കുന്ന മുടിയുമായി തന്റെ ചിത്രമെടുക്കാൻ ഫോട്ടോഗ്രാഫർ ക്യാമറ എടുക്കുമ്പോൾ അക്രമിക്കാനുള്ള പുറപ്പാടാണോ എന്ന ഭയത്തിൽ ദയനീയമായി നോക്കുന്ന പെൺകുട്ടിയുടെ ചിത്രം അദ്ദേഹം വിവരിക്കുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളെയും വേദനിപ്പിക്കുന്ന ഒരു ചിത്രമാണത്. ആ ചിത്രമാണ് തുടർന്ന് കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്. 

കലാപത്തിന്റെ നിറങ്ങൾ

കലാപത്തിന്റെ നിറങ്ങളിൽ എട്ട് അധ്യായങ്ങളാണുള്ളത്. ആദ്യ അധ്യായത്തിൽ ഹൈദ്രബാദിന്റെ ചരിത്രപരമായ പശ്ചാത്തലം അന്വേഷിക്കുകയാണ്. വാസ്തവത്തിൽ ഇന്ത്യയിലെ ഏതൊരു പ്രധാന നഗരവും പോലെ ചരിത്രപരമായി ഹിന്ദു-മുസ്ലീം മൈത്രി നിലനിന്നിരുന്ന നഗരമായിരുന്നു ഹൈദ്രബാദെന്ന് സുധീർ കക്കർ തുടക്കത്തിലേ വ്യക്തമാക്കുന്നു. അതിനായി 1641-ൽ ഹൈദ്രബാദ് സന്ദർശിച്ച ഫ്രഞ്ചു വ്യാപാരിയും സഞ്ചാരിയുമായ ജീൻ വാപ്റ്റിസ്റ്റ് ടാവർണിയർ മുതലുള്ളവരുടെ വിവരണങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നു. ഹിന്ദു-മുസ്ലീം എന്നീ ഭേദമില്ലാതെ പരസ്പരബന്ധം പുലർത്തിയിരുന്ന മനുഷ്യർ ഹൈദ്രബാദിനെ ലോകത്തിൽ സമാനതകളില്ലാത്ത നഗരമാക്കി മാറ്റി. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അതങ്ങനെയല്ലാതായി തീരുന്നതിന്റെ തെളിവുകളും അദ്ദേഹം നിരത്തുന്നു. ബ്രിട്ടീഷ് സഞ്ചാരികളുടെയും മിഷനറിമാരുടെയും വിവരണങ്ങളിൽ തെളിയുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രത്യേകം പരിശോധിക്കുന്നു.

ജീൻ വാപ്റ്റിസ്റ്റ് ടാവർണിയർ

വിഗ്രഹാരാധകരായ ഹിന്ദുക്കൾക്ക് മാംസാഹാരികളായ മുസ്ലീങ്ങൾ എങ്ങനെ അപരരും എതിരാളികളുമായി എന്ന് അത്തരം വിവരണങ്ങളിലൂടെ ആധികാരികമായി അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സാമ്രാജ്യത്വത്തിന്റെ മനഃശാസ്ത്രപരമായ പ്രോത്സാഹനവും കുത്സിതത്വവും കലാപങ്ങൾക്കു പശ്ചാത്തലമായെന്ന് സുധീർ കക്കർ സമർത്ഥിക്കുന്നു. 

രണ്ടാം അധ്യായം കലാപത്തെക്കുറിച്ചുള്ളതാണ്. എന്താണ് ഒരു കലാപം എന്ന മനഃശാസ്ത്രജ്ഞന്റെ അന്വേഷണമാണത്. 1947-ലെ ഇന്ത്യാ വിഭജനത്തിനു തൊട്ടടുത്ത കാലത്തെ ഹിന്ദു-മുസ്ലീം കലാപത്തെക്കുറിച്ചുള്ള സുധീർ കക്കറിന്റെ തന്നെ ഓർമ്മകൾ ഈ അധ്യായത്തിൽ മനോവിശ്ലേഷണത്തിനു വിധേയമാക്കുന്നു. കലാപത്തിന്റെ നടുക്കുന്ന വിവരണത്തോടൊപ്പം കൊച്ചുകുട്ടിയായിരുന്ന സുധീർ കക്കറിനോട് വീട്ടുകാരും അഭയാർത്ഥികളായി എത്തിയ ബന്ധുക്കളും പറഞ്ഞ ആഖ്യാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു. ഓരോ ആഖ്യാനത്തിലും ആഖ്യാതാവിന്റെ ഭാവന യാഥാർത്ഥ്യത്തെ മറികടക്കുന്നതെങ്ങനെയെന്നും അതു തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അപരങ്ങളും ശത്രുക്കളും ഉണ്ടാവുന്നതെങ്ങനെയെന്നും അദ്ദേഹം പരിശോധിക്കുന്നു.

1946-ൽ കൽക്കത്തയിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ നടന്ന കലാപം. കടപ്പാട്: Keystone-France/Gamma-Keystone, via Getty Images.

എല്ലാവരും തങ്ങളാണ് ഇരകളെന്ന മട്ടിലാണ് ആഖ്യാനം നിർവഹിക്കുന്നത്. അവയിലെല്ലാം മുസ്ലീങ്ങൾ മനുഷ്യപദവി ഇല്ലാത്തവരും ക്രൂരരുമാണെന്ന് കക്കർ തിരിച്ചറിയുന്നു. അങ്ങനെ വിദ്വേഷത്തിന്റെ ബീജങ്ങൾ തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണ്. അതു പിന്നീട് ആൾക്കൂട്ടത്തെ രൂപീകരിക്കുന്നു. ആൾക്കൂട്ടത്തിന് തലച്ചോറില്ല, ശരീരമേ ഉള്ളു. അതിനാൽ പലതരം ആഖ്യാനങ്ങളിലൂടെ/വ്യവഹാരങ്ങളിലൂടെ ആൾക്കൂട്ടത്തെ രൂപീകരിക്കുക എന്നത് ഒരു കലാപത്തിന്റെ പ്രധാന പടിയാകുന്നു. കൂടാതെ 1990-ലെ കലാപത്തിലേക്കു നയിച്ച കാര്യങ്ങൾ സുധീർ കക്കർ ചുരുക്കി അവതരിപ്പിക്കുന്നു. മതപരമായ കലാപം എന്നു പറയുമെങ്കിലും യഥാർത്ഥത്തിൽ സാമ്പത്തിക താല്പര്യങ്ങളാണ് കലാപകാരികളെ സൃഷ്ടിക്കുന്നതെന്നു കാണാം. പലതരം പ്രശ്നങ്ങൾ അന്തരീക്ഷത്തിൽ രൂപപ്പെടുന്നു. കിംവദന്തികൾ പ്രചരിപ്പിക്കപ്പെടുന്നു. ഹിന്ദുക്കൾക്ക് വിതരണം ചെയ്ത പാലിൽ മുസ്ലീങ്ങൾ വിഷം കലക്കിയെന്നും പാലുകുടിച്ച രണ്ടു കുട്ടികൾ ഏതോ തെരുവിൽ മരിച്ചു എന്നതുപോലുള്ള കിംവദന്തികൾ. അല്ലെങ്കിൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഉത്സവത്തിനു നേരെ കാളയെ അഴിച്ചുവിട്ടെന്ന്. നേരത്തെ തന്നെ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയ കാർമേഘം നിസാരമായ ഒരു സംഭവത്താൽ അല്ലെങ്കിൽ കിംവദന്തിയാൽ കലാപമായി പൊട്ടിപ്പുറപ്പെട്ട് പടരുന്നു. 

സുധീർ കക്കർ

മൂന്നാം അധ്യായം കലാപത്തിലെ ‘ആക്ടിവിസ്റ്റുകൾ’ ആയ മനുഷ്യരിലേക്കുള്ള കടന്നു ചെല്ലലാണ്. മല്ലന്മാരും ദാദകളുമായ ശക്തരായ ഗുസ്തിക്കാരാണവർ. ഹിന്ദുക്കളായ ഫയൽവാന്മാരും മുസ്ലീങ്ങളായ ഫയൽവാന്മാരും എങ്ങനെ ജനമനസ്സുകളിൽ യുദ്ധക്കൊതി സജീവമാക്കുന്നുവെന്ന് മജീദ് ഖാൻ, മംഗൾസിംഗ് എന്നീ ഫയൽവാന്മാരിലൂടെ അന്വേഷിക്കുന്നു. ഇരുവരും രണ്ടു വിഭാഗങ്ങളുടെ സംരക്ഷകരും പരിശീലകരുമാണ്. കൂടാതെ അവരുടെ പരിശീലനവേദികളിൽ ചിത്രങ്ങളായും വിഗ്രഹങ്ങളായും പ്രത്യക്ഷപ്പെടുന്ന ഗുരുക്കന്മാരും ദൈവങ്ങളും എങ്ങനെ അക്രമത്തിന്റെ മനഃശാസ്ത്രം സംരക്ഷിക്കുന്നുവെന്നും അന്വേഷിക്കപ്പെടുന്നു.

നാല്, അഞ്ച് അധ്യായങ്ങൾ ഒരേസമയം കലാപത്തിലെ വേട്ടക്കാരും ഇരകളുമായ മനുഷ്യരിലേക്കുള്ള ഇറങ്ങിച്ചെല്ലലും അഭിമുഖങ്ങളുമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും അവർക്കിടയിലുണ്ട്. അവരുടെ അജ്ഞത എങ്ങനെ മതമൗലികവാദികൾ മുതലെടുക്കുന്നുവെന്ന് കൃത്യമായി കാണിച്ചു തരുന്നു. കലാപത്തിലെ ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറിയ മേഖലകളിലൂടെയുള്ള സഞ്ചാരമാണ് ഈ അധ്യായങ്ങൾ. ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. കൊലപാതകങ്ങളും ബലാത്സംഗവും തീവയ്പ്പും കഴിഞ്ഞശേഷവും പരസ്പരം യോജിക്കാനുള്ള സാധ്യതകൾ പങ്കു വയ്ക്കുന്നുമുണ്ട്. മറ്റേക്കൂട്ടരാണ് യോജിക്കാൻ തയ്യാറാവാത്തതെന്ന കുറ്റപ്പെടുത്തലും അതിലുണ്ട്. ഹൈദ്രബാദ് കലാപത്തിൽ ഏറ്റവുമധികം ആൾനാശം ഉണ്ടായ പർദ്ദികൾ എന്ന വിഭാഗത്തെയാണ് ഹിന്ദുക്കളിൽ വിശകലനത്തിനായി സ്വീകരിക്കുന്നത്. അവരുടെ ജീവിതസാഹചര്യവും പാരമ്പര്യവും ജാതിനിലയുമൊക്കെ പ്രത്യേകം അന്വേഷിക്കുന്നു. അങ്ങനെ അന്വേഷിച്ചു ചെല്ലുമ്പോൾ പർദ്ദികൾ ദളിതുകളാണെന്നു വ്യക്തമാകുന്നു. ജാതീയവും സാമ്പത്തികവുമായി ഉയർന്ന മംഗൾസിംഗിനെപ്പോലുള്ളവർ സുരക്ഷിതരാവുമ്പോൾ കൂടുതൽ നാശനഷ്ടം ഉണ്ടാവുന്നതു ദളിതുകൾക്കാണെന്ന് സുധീർ കക്കർ പ്രത്യേകം എടുത്തു പറയുന്നില്ല. പക്ഷെ അങ്ങനെയൊരു വസ്തുതയാണ് തെളിയുന്നത്. അതേസമയം കലാപത്തിന്റെ കാലത്ത് പരസ്പരം അഭയം നൽകുകയും ജീവൻ രക്ഷിക്കുകയും ചെയ്യുന്ന ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഈ അധ്യായങ്ങളിൽ കാണാം. അതിനർത്ഥം കലാപത്തിൽ പങ്കാളികളാകുന്നവരല്ലാതെ തീർച്ചയായും മറ്റൊരു വിഭാഗം ഹിന്ദുവും മുസ്ലീമും ഇവിടെ ഉണ്ടെന്നാണ്. 

ആറ്, ഏഴ് അധ്യായങ്ങളിൽ പരസ്പരാശ്രിതമായി എങ്ങനെയാണ് പുതിയ ഒരു ഹിന്ദു സ്വത്വവും മുസ്ലീം സ്വത്വവും രൂപപ്പെടുന്നതെന്നു വ്യക്തമാക്കുന്നു. മതേതര ഇന്ത്യ എങ്ങനെ മതപരമായ ഇന്ത്യയായി പരിവർത്തനം പ്രാപിക്കുന്നു എന്നതിന്റെ അന്വേഷണം കൂടിയാണിത്. രാമരാജ്യം പോലെയുള്ള സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ മറ്റൊരു സ്വർഗം സൃഷ്ടിക്കാനുള്ള ശ്രമം, സ്വർഗീയമായ സൗഭാഗ്യങ്ങൾ ലക്ഷ്യമാക്കി ഭൂമിയിൽ മതജീവിതം നയിക്കാനുള്ള ശ്രമം എന്നിവയുടെ യഥാർത്ഥ മനഃശാസ്ത്രം നഷ്ടവികാരങ്ങളുടെ സഹനമാണെന്നു തെളിയുന്നു. മനുഷ്യർ അതിനുള്ള ഉപകരണങ്ങളാക്കപ്പെടുന്നു. ആദിമൂലപരമായ പുരാവൃത്തങ്ങളും ചിഹ്നങ്ങളും പുനരാനയിക്കുകയോ സജീവമാക്കപ്പെടുകയോ ചെയ്യുന്നു. എൽ.കെ. അധ്വാനിയുടെ രഥയാത്രയിലെ രഥം പോലും ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. കുരുക്ഷേത്രത്തിലെ അർജ്ജുനനായി അധ്വാനി മാറുന്നു. അദ്ദേഹത്തിന്റെ രഥം താമരപ്പൂക്കൾക്കൊണ്ട് അലങ്കരിക്കപ്പെടുന്നു. രഥം കടന്നു പോകുന്നിടത്തെല്ലാം ജനതയുടെ മനസ്സിലെ അക്രമകാരി ഉണർന്നു പ്രവർത്തിക്കുന്നു. 

എൽ.കെ. അധ്വാനിയുടെ രഥയാത്ര. കടപ്പാട് : telegraphindia.com

ഹിന്ദു പ്രതിനിധിയായി രിതംപരയെന്ന സന്യാസിനിയുടെ പ്രസംഗങ്ങളും മുസ്ലീം പ്രതിനിധിയായി ഉബൈദുള്ള ഖാൻ ആസ്മിയുടെ പ്രസംഗങ്ങളും മുകളിൽ പറഞ്ഞ അധ്യായങ്ങളിൽ പാഠങ്ങളായി നൽകി വിശകലനം ചെയ്യുന്നു.മതമൗലികവാദത്തിന്റെ രാഷ്ട്രീയ സംസ്കാരം മതേതര രാഷ്ട്രീയ സംസ്കാരത്തെക്കാൾ അടിസ്ഥാനപരമായി ബിംബകല്പനകളുടേതാണെന്നു കാണാം. ഭൂതകാലത്തിലെ പ്രതാപങ്ങളുടെ നഷ്ടത്തിനു കാരണം മറ്റേക്കൂട്ടരാണെന്നു സ്ഥാപിക്കുകയാണ് മതമൗലികവാദി ചെയ്യുന്നത്. നിന്റെ എല്ലാ സൌഭാഗ്യങ്ങളും നഷ്ടമായതിനു കാരണം മറ്റേവനാണെന്നു ചൂണ്ടിക്കാട്ടുന്നു. മഹത്തായ പാരമ്പര്യവും സൌഭാഗ്യവും സങ്കല്പിച്ച് നഷ്ടബോധം സൃഷ്ടിച്ചെടുക്കുന്നു. തങ്ങൾക്കെതിരെ അവരെ നിർത്തുന്നു. ശേഷം സംഘമായി പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യുന്നു. കക്കർ അത്തരം മതമൗലികവാദികളുടെ പ്രസംഗം മനഃശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ സ്വയം മാനസ്സിക പീഡനം അനുഭവിക്കുകയും മറ്റുള്ളവരിൽ പീഡനപരമായ ഉത്കണ്ഠ സൃഷ്ടിക്കുകയുമാണ് അവർ ചെയ്യുന്നതെന്നു വ്യക്തമാകുന്നു. പാരാനോയിയയുടെ (ചിത്തഭ്രമം) പല ലക്ഷണങ്ങളും അവർ പ്രകടമാക്കുന്നു. അങ്ങനെ നോക്കുമ്പോൾ മതമൗലികവാദം ഒരുതരം ചിത്തഭ്രമമാണെന്ന തിരിച്ചറിവുണ്ടാകുന്നു.

ആധുനികലോകത്തിലെ മതപരമായ സംഘർഷം എന്നാണ് അവസാന അധ്യായത്തിനു പേരു നൽകിയിട്ടുള്ളത്. ലോകമെമ്പാടും മതപരമായ പുനരുജ്ജീവനം നടക്കുന്നതിനു നമ്മുടെ കാലം സാക്ഷിയാണ്. എന്നിരുന്നാലും മതപരമായ ജീവിതത്തെക്കാൾ സാംസ്കാരികമായ ഉന്നതിയുണ്ടായിട്ടുള്ള സമൂഹങ്ങൾ മതപരത കുറവുള്ളവരാണെന്നു കാണാം. ഇന്ത്യൻ സമൂഹത്തിൽ മതപരമായ കലാപത്തിന്റെ വിത്തുകൾ പാകിയത് സാമ്രാജ്യത്വം ആയിരുന്നുവെന്നും പിന്നീട് മതമൌലികവാദികൾ അതു സജീവമാക്കുകയുമാണ് ഉണ്ടായതെന്ന നിഗമനത്തിലാണ് സുധീർ കക്കർ ചെന്നെത്തുന്നത്. ഹിന്ദു-മുസ്ലീം ബന്ധത്തിന്റെ സമീപഭാവിയിലും അക്രമത്തിന്റെ മേഘങ്ങൾ അസ്പഷ്ടമായി കാണുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കു വയ്ക്കുന്നു. എന്നാൽ അതൊക്കെ ഹ്രസ്വകാലത്തേക്കേ ഉണ്ടാവുകയുള്ളുവെന്നും മതേതരമായ ഒരു പൊതുമണ്ഡലസൃഷ്ടി വേഗത്തിലാക്കാനേ കലാപങ്ങൾ കാരണമാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “കാലഘട്ടം അന്ധകാരത്തിലാകുമ്പോൾ കണ്ണിനു കാഴ്ചയുണ്ടായിത്തുടങ്ങുന്നു” എന്ന തിയഡോർ റോത്കെയുടെ വരികൾ അദ്ദേഹം ഉദ്ധരിക്കുന്നു. 

തിയഡോർ റോത്കെ. കടപ്പാട് : poetryfoundation.org

ഇന്ത്യയിൽനിന്ന് ലോകം അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞനാണ് സുധീർ കക്കർ. കൂടാതെ അദ്ദേഹം നോവൽ പോലെയുള്ള സർഗാത്മകരംഗത്തും സംഭാവന നൽകിയിട്ടുണ്ട്. ഫിക്ഷനിലും നോൺഫിക്ഷനിലുമായി ഇരുപതിലധികം ഗ്രന്ഥങ്ങളുടെയും ഒട്ടേറെ പ്രബന്ധങ്ങളുടെയും രചയിതാവാണ് അദ്ദേഹം. അതുകൊണ്ടാവാം തുടക്കം മുതൽ ഒടുക്കം വരെ ഫിക്ഷനെന്നതുപോലെ വായിക്കാവുന്ന ഗ്രന്ഥമായി കലാപത്തിന്റെ നിറങ്ങൾ മാറിയത്. സാമൂഹിക മനഃശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ പറയുകയോ സ്ഥാപിക്കുകയോ അല്ല കക്കർ ചെയ്യുന്നത്. മറിച്ച്, ഫീൽഡ് സ്റ്റഡിയിലൂടെ ഇന്ത്യൻ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുകയാണ്. ഇരകളിലേക്കും വേട്ടക്കാരിലേക്കുമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തിനൊപ്പം വായനക്കാരനും സഞ്ചരിക്കുന്നു. ഇന്ത്യക്കാരനെ അറിയുന്നു, അവനവനെത്തന്നെ അറിയുന്നു. ആഖ്യാനത്തിൽ ധാരാളം കവിതകളും നോവൽ ഭാഗങ്ങളും ഉദ്ധരിക്കുകയെന്നത് സുധീർ കക്കറിന്റെ ശൈലിയുടെ പ്രത്യേകതയാണ്. ഈ രീതി ഒരു പഠനഗ്രന്ഥത്തിനു സംഭവിക്കാവുന്ന പരിമിതികൾ മറികടന്നു വായനാക്ഷമത വർദ്ധിപ്പിക്കുന്നു. 

വർത്തമാനകാല ഇന്ത്യ കലാപങ്ങളുടെ ഭൂമിയായി മാറുന്നുവെന്ന് ആശങ്കകൾ ഉയരുന്നു. ഈ സ്ഥിതിയുടെ മറികടക്കൽ അനിവാര്യതയായി മാറുന്നു. വാസ്തവത്തിൽ മനസ്സിന്റെ കേളികൾ അറിയാതെയാണ് ഒരാൾ മതവ്യക്തിയാകുന്നത്. കൊല്ലാനുള്ള വാസനയെ അതിജീവിച്ച് സ്നേഹിക്കാൻ പഠിച്ചപ്പോഴാണ് മനുഷ്യൻ മനുഷ്യനായത്. അതിനർത്ഥം കൊല്ലാനുള്ള വാസന പോയി എന്നല്ല. അതുണർത്തലാണ് മതമൗലികവാദവും തീവ്രവാദവും  ചെയ്യുന്നത്. അതിന്റെ ശാസ്ത്രീയമായ അന്വേഷണവും മനഃശാസ്ത്രപരമായ വിശദീകരണവുമാണ് കലാപത്തിന്റെ നിറങ്ങൾ. ഈ ഗ്രന്ഥം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാനായത് ഒരു രാഷ്ട്രീയപ്രവർത്തനമായി മനസ്സിലാക്കുന്നു. കലാപരഹിതവും സൗഹാർദപരവും സുന്ദരവുമായ ഒരിന്ത്യ ആഗ്രഹിക്കുന്നവർ ഈ പുസ്തകം വായിക്കണം. മതേതരത്വത്തിനും ജനാധിപത്യത്തിനും ആക്കം കൂട്ടാൻ ഇതുപകരിക്കും. മതേതരത്വം, ജനാധിപത്യം, ബഹുസ്വരത എന്നിവയുമായി ബന്ധപ്പെട്ട് സമകാല കേരളീയ ചർച്ചകൾ ചരിത്രം, സാഹിത്യം, സാമൂഹികശാസ്ത്രം, സംസ്കാരം എന്നീ വിഷയങ്ങളിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. അവയുടെ കൂട്ടത്തിൽ സാമൂഹിക മനഃശാസ്ത്രം കൂടി ചേർക്കേണ്ടിയിരിക്കുന്നു. അങ്ങനെയൊരു തിരിച്ചറിവു സൃഷ്ടിക്കാനാവുക, ചർച്ചകൾ ഉയരുക, പൊതുസമൂഹത്തിനു ഗുണപരമാവുക എന്നിവയൊക്കെ ഉണ്ടായാൽ പരിഭാഷകൻ കൃതാർത്ഥനായി.    

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read