Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


2026 ആഗസ്റ്റ് 29ലെ ‘ദി ഹിന്ദു’ പത്രത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഒരു സർക്കുലറിനെപ്പറ്റിയുണ്ട്. അതിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത് മഹലുകൾ, മദ്രസ്സകൾ എന്നിവയുടെ മതപരമായ പരിപാടികളിൽ മുസ്ലിം സ്ത്രീകൾ ബന്ധുക്കളല്ലാത്ത പുരുഷന്മാരുള്ള വേദികൾ, ഇടങ്ങൾ പങ്കിടരുതെന്നാണ്. ഈ പ്രസ്താവനയിൽ സമസ്തയുടെ അദ്ധ്യക്ഷൻ ഇ സുലൈമാൻ മുസ്ലിയാരും ജനറൽ സെക്രട്ടറി അബൂബക്കറും മഹൽ-മദ്രസ പരിപാടികൾ ഇസ്ലാമിക നിമയങ്ങൾ പാലിക്കണമെന്നാണ് പറയുന്നത്. കൂടാതെ അനിസ്ലാമിക ആചാരങ്ങൾ പരിപാടികളുടെ ഭാഗമാകരുതെന്നും പറയുന്നു. പ്രസ്താവനയ അവർ ന്യായീകരിക്കുന്നത് ഇങ്ങനെയാണ്, “പ്രസ്താവനയിറക്കേണ്ടത് ഇസ്ലാമിക പണ്ഡിതരുടെ കടമയാണ്, അത് വിശ്വാസികളോടാണ്, ഓരോരുത്തർക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് ആരാധിക്കാം.”
പ്രവാചകനായ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഈ പ്രസ്താവന. തീർച്ചയായും പ്രവാചകന്റെ ജന്മദിനം സമുചിതമായി ആഘോഷിക്കപ്പെടട്ടേ. എന്നാൽ ആൺകോയ്മയുടെ പേരിൽ സ്ത്രീകളുടെ അതിജീവന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാകരുത് എന്ന് മാത്രം. ഇത് ഞങ്ങൾ മുസ്ലിങ്ങളുടെ കാര്യമാണെങ്കിൽ ഇന്ത്യൻ ഭരണഘടന ഏത് മതത്തിലെ സ്ത്രീക്കും അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നുണ്ട് എന്നതാണ്. ആർ.എസ്.എസ്സിന് സ്വന്തം ഭരണഘടന ഇന്ത്യൻ ഭരണഘടനയാക്കണമെന്ന് വാശിപിടിക്കുന്നതിന് തുല്യമാണ്. വാസ്തവത്തിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ, മൂഞ്ചെ, സവർക്കർ, ഗോൾവാൽക്കർ തുടങ്ങി മോദി വരെയുള്ളവർ ഭംഗ്യന്തരേണ ഇതിന്റെ വക്താക്കളുമാണ്. ആൺകോയ്മയെ ആരാധിക്കുന്നവർ. സ്ത്രീകൾ രാജ്യസ്നേഹികളായ യുവാക്കളെ പ്രസവിക്കാനുള്ള ഗർഭപാത്രങ്ങൾ പേറുന്നവരും. ഇവയുടെയൊക്കെ പിന്നിലുള്ളത് വെറും വോട്ടുപെട്ടി രാഷ്ട്രീയവും കച്ചവടവും മാത്രമാണ്, വിശ്വാസമല്ല. കാന്തപുരത്തിനെ പോലുള്ളവരുടെ ഭയം പുതിയ മുസ്ലിം യുവാക്കളും യുവതികളും തങ്ങളുടെ കൈപ്പിടിയിൽ നിന്ന് വിട്ടുപോകുന്നു എന്നതാണ്. ആർ.എസ്.എസ്സും ക്രിസ്ത്യൻ പുരോഹിതരും ഭയക്കുന്നത് ഇതുതന്നെയാണ്. ഈ കാന്തപുരം തന്നെയാണെന്നാണ് ഓർമ്മ, മുസ്ലിം പുരുഷന് രണ്ടോ മൂന്നോ വിവാഹമാകാം എന്ന് പറഞ്ഞത്. കാരണം, ഋതുചക്രമുള്ളതുകൊണ്ട്. ലോകത്തുള്ള എല്ലാ അമ്മമാർക്കും ഉമ്മമാർക്കും ഋതുചക്രമുണ്ടായിരിക്കുമല്ലോ. ഇദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കാനും പ്രചാരമുള്ള പത്രം തയ്യാറായി.


രാഷ്ട്രീയക്കാർ എന്ന് മതങ്ങളുടെ പിടിവിടുന്നുവോ അന്ന് മാത്രമേ, ആർ.എസ്.എസ്, സമസ്ത, ബിഷപ്പുമാർ, വെള്ളാപ്പള്ളി – സുകുമാരൻ നായന്മാർ എന്നിവരുടെ പൊള്ളത്തരങ്ങളും വഞ്ചനകളും ചതികളും സാധാരണക്കാർ മനസ്സിലാക്കൂ. ലാൽബഹദൂർ ശാസ്ത്രിയുടെ മരണശേഷം കോൺഗ്രസ് ഒരുകാലത്തും ഗാന്ധിയുടെയും നെഹ്റുവിന്റെയും മതദർശനങ്ങളെ, പ്രയോഗരീതികളെ പിന്തുടർന്നിട്ടില്ല. ഇപ്പോഴതിന് ശ്രമം നടത്തുന്ന ഏക രാഷ്ട്രീയക്കാരൻ രാഹുൽ ഗാന്ധിയാണ്. പക്ഷേ, കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന്റെ കൂടെയല്ല. നെഹ്റു പറഞ്ഞതുപോലെ തന്റെ കാബിനറ്റിൽ ഒരേയൊരു സെക്യുലറിസ്റ്റേയുള്ളൂ, അത് നെഹ്റു മാത്രം. കേരള രാഷ്ട്രീയത്തിലെ ഇന്റലക്ച്വൽ ഓട്ടോക്രാറ്റായിരുന്ന ഇ.എം.എസ്. ഒരിക്കൽ ദേശാഭിമാനി പത്രത്തിലെ പ്രതിവാര ചിന്തയിൽ അബ്ദുൾ നാസർ മദനിയെയും ഗാന്ധിയെയും തുല്യപ്പെടുത്തി എഴുതുകയുണ്ടായി. ഉടനെ അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി തുറന്നടിച്ചു. ഇ.എം.എസ്സിന് എന്തോ മാനസിക തകരാറുണ്ടെന്ന്. ഇന്ന് ആ പാർട്ടിയും മറ്റേത് പാർട്ടിയും ചെയ്യുന്നപോലെ നാല് വോട്ട് കൂടുതൽ പിടിച്ച് അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ്. പത്ത് വർഷക്കാലം പിണറായിയും സംഘവും ചെയ്തതിന്റെ ഫലമാണ് അവരുടെ അധികാര നഷ്ടം. അവർക്കത് ഇന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കഴിയാത്തതല്ല, ഭയം കൊണ്ട് മിണ്ടാട്ടം മുട്ടുന്നതാണ്.
ഇത്രയൊക്കെ പറയാൻ ഹിന്ദു നാമധാരിയായ നിങ്ങൾക്കെന്തവകാശമെന്ന് സമസ്തയും അതുപോലെയുള്ള അന്ധവിശ്വാസക്കാരും ചോദിച്ചേക്കാം. അതിന് മിതമായ ഉത്തരം, ഞാനീ പ്രപഞ്ചത്തിലെ ഒരു മനുഷ്യനാണ്. ഇന്ത്യയിലെ പൗരനാണ്, ഞാൻ ധാതുക്കൾ സ്വീകരിക്കുന്നവരിൽ ഒരാൾ ഗാന്ധിയാണ്.
താൻ ഹിന്ദുവാണെന്ന് പറയുമ്പോൾ തന്നെ ഗാന്ധിയിൽ മുസൽമാനും ക്രിസ്ത്യാനിയും ശിഖനും (സിക്കുകാരനും) ബുദ്ധിസ്റ്റും ജൂതനും എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. ഇത്തരത്തിൽ എല്ലാ മതസ്ഥരെയും തന്റെ ഹൃദയത്തിന്റെ അംശമാക്കിയ മറ്റൊരാൾ ആധുനിക ചരിത്രത്തിലില്ല. ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ദാദാ അബ്ദുള്ള കമ്പനിയുടെ അബ്ദുള്ള സേത്ത് ഗാന്ധിക്ക് ഇസ്ലാമിനെപ്പറ്റിയും ഖുറാനെപ്പറ്റിച്ചും സൂചന നൽകിയത്. ഇസ്ലാം മതത്തിന്റെ പ്രായോഗിക രീതികളെപ്പറ്റി സേത്ത് ഗാന്ധിക്ക് നല്ലയളവിൽ പറഞ്ഞുകൊടുത്തു. പ്രവാചകന്റെ ജീവിതത്തെ ഗാന്ധി ആദരിച്ചു. വിഗ്രഹാരാധനയെയും ഭോഗപരമായ ജീവിതത്തെയും മദ്യപാനത്തെയും പ്രവാചകൻ വിമർശിച്ചു. അദ്ദേഹം തന്റെ കുടുംബത്തിലാണ് തന്റെ മതതത്വങ്ങൾ ആദ്യമായി പരീക്ഷിച്ചത്. മുഹമ്മദിന് ദൈവത്തിൽ അനന്തമായ വിശ്വാസമുണ്ടായിരുന്നു. മലവെള്ളം പോലെ തന്നെ പട്ടാളം ആക്രമിച്ചപ്പോൾ അദ്ദേഹം തന്റെ ജനങ്ങളോട് പറഞ്ഞു, ദൈവം നിങ്ങളുടെ ഉള്ളിലുള്ളതിനാൽ നിങ്ങൾ ഒറ്റയ്ക്കല്ല.


ഇസ്ലാം വാളിന്റെ മതമല്ല, ഇസ്ലാമിന്റെ വിജയം അതിന്റെ ലാളിത്യമാണ്. ഇസ്ലാമിന്റെ സത്ത എല്ലാറ്റിനെയും ഒന്നായി കാണുന്നതാണ്. അതിലേയ്ക്കെത്തിയ എല്ലാറ്റിനും അത് തുല്യത കൽപ്പിച്ചു (ആണായാലും പെണ്ണായാലും). ലോകത്തിൽ ഒരു മതവും ചെയ്യാത്തതുപോലെ. വീണ്ടും ഗാന്ധി, “വാളിന്റെ ശക്തികൊണ്ടല്ല ഇസ്ലാം മതം കരുത്ത് നേടിയത്. അതിന്റെ ഫക്കീർമാരുടെ ആത്മാഹുതിയിലൂടെ മാത്രമാണ്.” (പുറം 81: കെ അരവിന്ദാക്ഷൻ, ഗാന്ധിയുടെ ജീവിതദർശനം, 1993).
ഗാന്ധി യങ് ഇന്ത്യയിൽ (1926 ജനുവരി 21): “യാഥാർത്ഥ്യത്തിന്റെ അനേകത എനിക്ക് വളരെയേറെ ഇഷ്ടമാണ്. അതാണ് മുസൽമാനെ അദ്ദേഹത്തിന്റെതിൽ നിന്നുകൊണ്ടും ക്രിസ്ത്യാനിയെ അദ്ദേഹത്തിൽ നിന്നുകൊണ്ടും വിലയിരുത്തുവാൻ എന്നെ പഠിപ്പിച്ചത്…. മറ്റുള്ളവർ എന്നെ കാണുന്ന കണ്ണുകൊണ്ട് എന്നെ കാണാനാവും, മറിച്ചും.” (കെ അരവിന്ദാക്ഷൻ, രാജ്യദ്രോഹി VS രാജ്യസ്നേഹം: ആമുഖ വാചകങ്ങളിൽ നിന്ന്, 2019).
ഗാന്ധിയെ ആർ.എസ്.എസ്സിലെ നാഥുറാം വിനായക് ഗോഡ്സെ (അയാൾ ആർ.എസ്.എസ് അല്ലെന്ന് ആർ.എസ്.എസ് പറയും. കാരണം അവർക്ക് ഒരു ഭരണഘടനതന്നെയുണ്ടാകുന്നത് ഗാന്ധിവധത്തിന് ശേഷം സർദാർ പട്ടേലിന്റെ നിർബന്ധ പ്രകാരമാണ്. ഭരണഘടനയില്ലെങ്കിൽ അതും പറയാം, ഇതും പറയാം) കൊല്ലുന്നത് മൂന്ന് വെടിയുണ്ടകൾ കൊണ്ടാണ്. അതിലൊന്ന് ഗാന്ധിയിലെ മുസ്ലിമിന്റെ ഹൃദയത്തിലേക്കായിരുന്നുവെന്ന് മുസ്ലിം സഹോദരങ്ങൾ മറക്കരുത്. മറ്റൊന്ന്, ഗാന്ധിയും കൂട്ടരും സൗത്ത് ആഫ്രിക്കൻ സമരത്തിന്റെ അവസാനത്തിൽ നയിച്ച ലോങ് മാർച്ചിൽ നൂറുകണക്കിന് മുസ്ലിം സഹോദരിമാരുണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും. ഗാന്ധിയെ വിശ്വസിച്ചുകൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള മുസ്ലിം സഹോദരങ്ങളുടെ പിതാമഹരും മഹതികളും പാകിസ്താനിലേക്ക് വിഭജനകാലത്ത് പലായനം ചെയ്യാതിരുന്നത്. അവരിന്ന് ഇന്ത്യയിൽ ഇരുപത് കോടിയുണ്ട്. അവർക്ക് പൗരത്വം നിഷേധിക്കാനാണ് ആർ.എസ്.എസ്-ബി.ജെ.പിക്കാർ ശ്രമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നുഴഞ്ഞുകയറാനും. അവർക്കുള്ള വെടിമരുന്ന് കേരളത്തിൽ അധികാരത്തിന്റെ ഭാഗമായിരിക്കാൻ തക്കശേഷിയുള്ള മുസ്ലിം സഹോദരങ്ങൾ ഇട്ടുകൊടുക്കരുത്. ഖുറാൻ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച്, സ്ത്രീകളെ കൂട്ടിലടയ്ക്കാൻ ശ്രമിക്കുന്നത് അപകടമാണ്. അവരെ സ്വതന്ത്രരാക്കുക. ഞാനെത്രയോ മുസ്ലിം പെൺകുട്ടികളുമായി സംസാരിക്കാറുണ്ട്. അവർക്ക് പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം, താലിബാൻ-ഖൊമൈനി മാതൃകകൾ അവരുടെ വസ്ത്രധാരണത്തിൽ, വിശ്വാസത്തിൽ, സ്വാതന്ത്ര്യത്തിൽ, പൊതുയിടത്തിൽ അനുവർത്തിക്കാതിരിക്കുക, ദയവു ചെയ്ത്. അവർ എവിടെയും കൂടിക്കലരട്ടേ, അവരായിരിക്കട്ടേ.


ഗാന്ധി നെഹ്റുവിനെ തന്റെ പിൻഗാമിയാക്കിയത് (ഇന്ന് ആർ.എസ്.എസ്-ബി.ജെ.പി നെഹ്റുവിനെ പേടിക്കുന്നത് നെഹ്റുവാണ് ഇന്ത്യയുടെ വികസനത്തിന് അടിത്തറയിട്ടത് എന്ന് അറിയാഞ്ഞിട്ടല്ല) നെഹ്റുവിന്റെ ഹൃദയത്തിൽ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും വിശാലമായ ഇടമുണ്ടായിരുന്നതുകൊണ്ടാണ്. 1963ൽ അടക്കം നെഹ്റു മുഖ്യമന്ത്രിമാർക്കുള്ള കത്തിൽ എഴുതി, ‘നിങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ മുസൽമാൻ സഹോദരങ്ങളെ സ്നേഹിക്കണം’. ഇതുകൊണ്ടാണ് നെഹ്റുവിനെ ഇല്ലാതാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നത്, വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പോലും ഈ സത്യം ഉൾക്കൊണ്ടിട്ടുണ്ടോ? ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാറ്റ്നയിൽ പ്രസംഗിച്ചത് വലതുവശത്ത് മുസ്ലിമിനെയും ഇടത് വശത്ത് ക്രിസ്ത്യാനിയെയും ഒന്നിച്ചിരുത്തിയാണ്.
സഹോദരാ, ഞാൻ ഗാന്ധിയെ ആവർത്തിക്കട്ടേ: “നിങ്ങൾക്കെന്റെ മുഖത്ത് തുപ്പാം, എന്നെക്കൊല്ലാം, ഞാൻ റാം റഹീം എന്നും കൃഷ്ണ-കരീമെന്നും ആവർത്തിച്ചുകൊണ്ടിരിക്കും.” ഒന്നുകൂടി പറയാം, ഇന്ത്യ ആർ.എസ്.എസ് പിടിയിൽ നിന്ന് മോചിപ്പിക്കപ്പെടുക മാതൃത്വമുള്ള പെൺകുട്ടിയിലൂടെയും ആൺകുട്ടിയിലൂടെയുമാണ്. നമ്മുടെ ഈ ഭൂമിയും.
പിൻവാക്ക്: ബാബറി മസ്ജിദിന്റെ നശീകരണത്തിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണം മുസ്ലിംലീഗ് ഒരു ബഫറായി പ്രവർത്തിച്ചതുകൊണ്ടാണ്; അവർ എന്തുകൊണ്ട് സമസ്തയോട് മറുപടി പറയുന്നില്ല.

