ഓഫ്റോഡ്-21
“മതിലുകളുടെ അവകാശം വാങ്ങാൻ ഞാൻ ബഷീറിനെ കണ്ടു. ആരാണ് നാരായണിയായി അഭിനയിക്കുന്നത് എന്നാണ് ബഷീർ എന്നോട് ചോദിച്ചത്. കുസൃതിച്ചോദ്യമായിരുന്നു അത്. ‘സിനിമയിൽ നാരായണിയെ കാണിക്കുന്നില്ല’ എന്നായിരുന്നു എന്റെ മറുപടി. ‘പടം നന്നാവുമല്ലോ’ എന്നായിരുന്നു ബഷീർ അതിനോട് പ്രതികരിച്ചത്”. – അടൂർ ഗോപാലകൃഷ്ണൻ/പ്രിയങ്ക രവീന്ദ്രൻ, The Cue/ ഫെബ്രുവരി 23, 2022.
ആ സംഭാഷണത്തിൽ അടൂർ തുടർന്നു പറയുന്നു: “1967ൽ മതിലുകൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ഞാൻ വായിച്ചിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയുമായിരുന്നു. സ്വന്തമായി കഥ എഴുതിയാണ് ഞാൻ പൊതുവേ സിനിമ എടുക്കാറ്. പക്ഷെ ആ സമയത്ത് എനിക്ക് തൃപ്തികരമായൊരു ആശയം ലഭിച്ചിരുന്നില്ല. അങ്ങനെ ഞാൻ മതിലുകൾ ഒന്നൂടെ എടുത്ത് വായിച്ചു നോക്കി. വായിച്ചു കഴിഞ്ഞപ്പോൾ അതിൽ ഒരു വെല്ലുവിളി കാണാനായി. സ്ത്രീ കഥാപാത്രത്തെ കാണിക്കാതെ ഒരു സിനിമ ചെയ്യുക എന്ന വെല്ലുവിളി. നാരായണിയാകാൻ പല ആളുകളെയും ഞാൻ ആദ്യം ഓഡിഷനെല്ലാം ചെയ്തു നോക്കി. ചിലരൊക്കെ നല്ല ശബ്ദമാണ്, പക്ഷെ റെന്ററിംഗ് ഒട്ടും ശരിയാകുന്നില്ല. മറ്റു ചിലർക്ക് റെന്റർ ചെയ്യാൻ കഴിയുന്നുണ്ട്. പക്ഷെ ശബ്ദം നല്ലതല്ല. അങ്ങനെ അവസാനം ഞാൻ ലളിതയോട് തന്നെ പറഞ്ഞു. ലളിത തന്നെ നാരായണിയാകുന്നതാകും നല്ലതെന്ന്. അങ്ങനെയാണ് ലളിതയെ കൊണ്ട് വരുന്നത്. ലളിത അത്യന്തം മനോഹരമായി നാരായണിയെ അവതരിപ്പിച്ചു. മലയാളത്തിൽ ഉള്ള ആർക്കും നാരായണിയെ അത്രയും ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കുകയില്ലെന്നത് എനിക്ക് തീർച്ചയാണ്. അന്നും സാധിക്കില്ല, ഇന്നും സാധിക്കില്ല. അങ്ങനെ ലളിതയിലൂടെ, വളരെ പ്രശസ്തമായി മാറുകയായിരുന്നു ആ ശബ്ദവും നാരായണിയും”.


ബഷീർ മതിലുകളിൽ ഇങ്ങിനെ എഴുതുന്നു: “അവളുടെ സുന്ദരമായ പേര്: നാരായണി. അവളുടെ സുന്ദരമായ വയസ്സ്: 22. അവൾക്ക് എഴുതാനും വായിക്കാനും അറിയാം. ശകലം വിദ്യാഭ്യാസമുണ്ട്. പതിന്നാലു വർഷത്തേക്കാണ് കഠിന തടവ്. വന്നിട്ട് ഒരു കൊല്ലമായി. സന്തോഷമില്ലാത്ത ഒരു കൊല്ലം”. കെ.പി.എ.സി ലളിത മരിച്ചപ്പോൾ അവരെ അനുസ്മരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടത് മതിലുകളിൽ ബഷീറും (മമ്മുട്ടി) നാരായണിയും (കെ.പി.എ.സി ലളിതയുടെ ശബ്ദ സാന്നിധ്യം) തമ്മിലുള്ള സംഭാഷണമായിരുന്നു. ‘ഞാൻ മരിച്ചു പോയാൽ എന്നെ ഓർക്കുവോ’ എന്ന് ചോദിക്കുന്ന നാരായണിയുടെ മതിലനപ്പുറത്തു നിന്നുള്ള സംഭാഷണത്തിലാണ് ആ രംഗം തുടങ്ങുന്നത്. എന്തുകൊണ്ട് 500ലധികം സിനിമകളിൽ അഭിനയിച്ച ഒരു നടിയെ മലയാളികൾ ഇങ്ങിനെ ഓർത്തെടുക്കാൻ ശ്രമിച്ചു? അവരുടെ ശബ്ദത്തിലൂടെ നാരായണിയെ അടയാളപ്പെടുത്താൻ ശ്രമിച്ചു? ഈ ചോദ്യങ്ങൾക്ക് ഒരുപക്ഷെ നൽകാൻ കഴിയുന്ന ഉത്തരം അസാമാന്യ പ്രതിഭയുള്ള ആ നടിയുടെ ഏറ്റവും ശ്രദ്ധേയമായ ‘റോൾ’ ഇതായിരുന്നു എന്നായിരിക്കാം.
മതിലുകൾ നോവലുകളിലും സിനിമയിലും നാരായണി ഒരിക്കലും നേരിട്ടു കടന്നുവരില്ല. അസാന്നിധ്യം കൊണ്ട് ഇത്രയും മൂർത്തമായി മറ്റൊരു കഥാപാത്രത്തെ ബഷീർ അവതരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിലൂടെ കടന്നുപോകുമ്പോൾ എളുപ്പത്തിൽ മനസ്സിലാവുകയും ചെയ്യും. നാരായണിയായി ആരാണ് അഭിനയിക്കുന്നതെന്ന ബഷീറിന്റെ അടൂരിനോടുള്ള ചോദ്യവും അതിനുള്ള മറുപടിയും അത് കെ.പി.എ.സി ലളിതയുടെ ശബ്ദമായി മാറുകയും ചെയ്ത സന്ദർഭത്തിന് പല പ്രാധാന്യങ്ങൾ ഇന്നാലോചിക്കുമ്പോഴുണ്ട്. നാരായണിയുടെ പ്രായവും പ്രണയവും ലളിതയുടെ ശബ്ദമാണ് മലയാളികൾക്കിടയിൽ ഉറപ്പിച്ചെടുത്തത്. 22കാരിയെന്ന് ബഷീർ പറയുന്ന നാരായണിക്ക് ശബ്ദം നൽകുമ്പോൾ ലളിതക്ക് 40 വയസ്സ് കഴിഞ്ഞിരുന്നു. ആ നാൽപ്പതുവയസ്സുകാരിയാണ് മലയാളിക്ക് മറക്കാൻ കഴിയാത്ത 22കാരിയെ തന്റെ ശബ്ദത്തിലൂടെ സൃഷ്ടിച്ചെടുത്തത്. ലളിതയും അടൂരും കഥാപാത്രത്തിന്റെ പ്രായത്തെക്കുറിച്ച് തീർച്ചയായും ബോധമുള്ളവരായിരുന്നു, അതിനാൽ നാരായണി ഇപ്പോൾ ലളിതയുടെ ശബ്ദമായി നമുക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലളിത സ്വന്തം ജീവിതത്തിൽ നിന്ന് 20 വർഷം പിന്നിലേക്ക് നടന്നാണ് നാരായണിക്ക് ശബ്ദം കൊടുത്തത് എന്നുപോലും ആ ശബ്ദം കേൾക്കുമ്പോൾ അനുഭവപ്പെടുന്നു.


ബഷീർ അരൂപിയാക്കി അവതരിപ്പിച്ച നാരായണിയെ അടൂർ അങ്ങേയറ്റം പരിചിത ശബ്ദത്തിലൂടെ രൂപത്തിലേക്ക് മാറ്റിയതായി സിനിമ ഇറങ്ങിയ കാലം മുതൽ ഇന്നോളം വിമർശനങ്ങളുണ്ടായിട്ടുണ്ട്. നാരായണി ഒരു പരിചിത ശബ്ദമായതും മതിലുകളുടെ അതേകാലത്ത് ലളിത അഭിനയിച്ച മറ്റു സിനിമകളുടെ കാഴ്ച്ചകൾ മതിലുകളുടെ കാണലിനെ ബാധിച്ചുവെന്നും വിമർശനങ്ങളുണ്ടായി. എന്നാൽ അങ്ങേയറ്റം പരിചിതവും എന്നാൽ പുരുഷനാൽ വെളിമ്പറമ്പിലേക്ക് തള്ളപ്പെടുകയും ചെയ്ത മലയാളി സ്ത്രീയാണ് നാരായണി എന്ന് വിമർശകർക്ക് മനസ്സിലാക്കാനായില്ല. മതിലുകളിൽ ബഷീർ അവതരിപ്പിച്ച സ്ത്രീവാദം ഒട്ടും മനസ്സിലാക്കപ്പെടാതെ പോയി. മതിലുകൾ വാക്യാർത്ഥത്തിൽ ജയിൽ പ്രേമ കഥയായി മാത്രമാണ് വായിക്കപ്പെട്ടത്. അദൃശ്യയാക്കപ്പെടുന്ന മലയാളി സ്ത്രീ എന്ന കോണിലൂടെ ആ രചന ഇന്നോളം വായിക്കപ്പെട്ടിട്ടില്ല. നിറഞ്ഞുനിൽക്കുന്ന പെൺമ എങ്ങിനെ നൊടിയിടെ അദൃശ്യമാക്കപ്പെടുന്നു, എങ്ങിനെ മായ്ക്കപ്പെടുന്നു ആ യാഥാർത്ഥ്യത്തെക്കൂടി ബഷീർ അഭിസംബോധന ചെയ്യുന്നുണ്ട്. പെണ്ണ് മറക്കപ്പുറം, മതിലുകൾക്കപ്പുറമായി ജീവിക്കുന്ന കേരളീയ സാമൂഹ്യാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കൂടി മതിലുകൾ ഇന്ന് ഒരാൾക്ക് വായിക്കാൻ തീർച്ചയായും കഴിയും. അത്തരമൊരു വായനക്ക് സഹായിക്കുന്നത് ലളിതയുടെ സിനിമയുടെ ശബ്ദത്തിൽ നിന്നാരംഭിച്ച് അവരുടെ ആത്മകഥയായ ‘കഥ തുടരും’ (ഡി.സി.ബുക്ക്സ്/2010 ഓഗസ്റ്റ്) എന്ന കൃതിയുടെ വായന പൂർത്തിയാക്കുമ്പോൾ കൂടിയാണ്.
സാന്നിധ്യം-അസാന്നിധ്യം എന്ന മലയാളി സ്ത്രീ ജീവിതത്തിന്റെ ഇന്നും തുടരുന്ന ദ്വന്ദ്വം നാരായണി-ലളിത എന്ന കഥാപാത്ര-യാഥാർത്ഥ്യ ജീവിതത്തിൽ ആവിഷ്ക്കരിക്കപ്പെടുന്നത് ഈ വായനയിൽ അനുഭവിക്കാൻ കഴിയുന്നു. കുടുംബം എന്ന സ്ഥാപനത്തിനു വേണ്ടിയുള്ള പ്രണയ അർച്ചനക്കാണ് നാരായണി തയ്യാറാകുന്നത്. ജയിൽ മോചിതയാകുമ്പോഴുള്ള ജീവിതം എങ്ങിനെയാകാമെന്നതിന്റെ സൂചനകൾ കൂടി മതിലുകളിലെ പ്രണയം നൽകുന്നുണ്ട്. ലളിതയുടെ ആത്മകഥയിൽ കുടുംബത്തിനു വേണ്ടി എല്ലാം അർപ്പിക്കാനുള്ള മലയാളി സ്ത്രീയുടെ ശ്രമങ്ങളുടെ നിരവധി ഉദാഹരണങ്ങൾ കാണാം. സ്വന്തം നിലക്കുള്ളതും അല്ലാത്തതുമായ നിരവധി സ്ത്രീജീവിതങ്ങൾ ആ പുസ്തകത്തിലുണ്ട്. ഒടുവിൽ കുടുംബത്തിന്റെ വെളിമ്പറമ്പിലെ അജ്ഞാതത്വത്തിലേക്ക്, ഏകാന്തതയിലേക്കും അവഗണനയിലേക്കും ഉപേക്ഷിക്കപ്പെടുന്ന എത്രയോ സ്ത്രീകളുടെ ആത്മകഥയായി ആ പുസ്തകം മാറുന്നു. കെ.പി.എ.സി ലളിതയുടെ ആത്മകഥ ബാബുഭരദ്വാജ് കേട്ടെഴുതിയതാണ്. ആ കേട്ടെഴുത്തിലെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ‘കഥ തുടരും’ ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്. ലളിതക്ക് 58 വയസ്സുള്ളപ്പോഴാണ് ആത്മകഥയുടെ കേട്ടെഴുത്ത് നടക്കുന്നത്. മരിക്കുമ്പോൾ അവർക്ക് 74 വയസ്സുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ 16 വർഷങ്ങൾ ഈ ആത്മകഥയിലില്ല എന്നർത്ഥം. കുടുംബത്തെ നോക്കുക എന്ന ജോലി തുടർന്ന അവരുടെ അവസാന കാലത്ത് ചികിത്സക്കുള്ള പണം പോലുമുണ്ടായിരുന്നില്ല എന്ന ആത്മകഥയിലില്ലാത്ത ഭാഗം വാർത്തകളിലൂടെ പുറത്തുവന്നു.


പലതരം ജീവിത-കലാസാന്നിധ്യങ്ങൾ സാധ്യമായിട്ടും ഒടുവിൽ അശരീരി പോലെ (ശരീരവും മനുഷ്യ രൂപവുമില്ലാതെ) അസാന്നിധ്യമായി മാറുന്ന സ്ത്രീ ജീവിതത്തിന്റെ കൊടും സഹനത്തിന്റെ ആത്മകഥയാണ് ‘കഥ തുടരും’. സെലിബ്രിറ്റിയായ സ്ത്രീയും സാധാരണക്കാരിയായ സ്ത്രീയും ഒരേ നിലയിലുള്ള ഉള്ളടക്കത്തോടെ ജീവിക്കുന്നതിന്റെ കഥയാണത്. നാരായണി ഈ സഹന-അദൃശ്യമാക്കപ്പെടൽ പെൺജീവിതത്തെ ജയിലിൽ അനുഭവിച്ചു തീർക്കുകയായിരുന്നു, മറ്റുള്ളവർ ഈ ‘വിശാല’ ലോകത്തും.
1964ൽ ഭിലായിലുണ്ടായ ഒരനുഭവം ലളിത ആത്മകഥയിൽ പറയുന്നു. കെ.പി.എ.സി നാടക സംഘം അവിടെ നാടകം കളിക്കാൻ പോയതാണ്. ലളിത എഴുതുന്നു: “ഭിലായിൽ ഞങ്ങളെല്ലാവർക്കും കൂടി ഒരു വീട്ടിൽ ഭക്ഷണം ഒരുക്കിയിരുന്നു. നാടകം നടത്തുന്ന മലയാളി അസോസിയേഷന്റെ ഒരു പ്രവർത്തകന്റെ വീട്ടിൽ രാത്രി ഭക്ഷണം. അന്ന് നാടകമില്ലാത്ത ദിവസമാണ്. രാത്രി നേരത്തെ തന്നെ ഞങ്ങളെല്ലാവരും അവിടെയെത്തി. വീട്ടുകാരെ കാത്തിരിപ്പിച്ച് വിഷമിപ്പിക്കേണ്ടല്ലോ. ചെന്നപ്പോഴല്ലേ അറിയുന്നത്, അവിടുത്തെ വീട്ടുകാരി പൂർണ്ണഗർഭിണിയാണ്. ഇപ്പം പ്രസവിക്കും എന്നു പറഞ്ഞാണ് നിക്കുന്നത്. അവിടെ ഈ വെപ്പുകാര്യങ്ങളൊക്കെ- ഈ വന്നവർക്കൊക്കെ ഭക്ഷണമുണ്ടാക്കുന്നത് അവരൊറ്റയ്ക്കാണ്. വേറെയാരെയും കാണാനില്ല. വേറെ ചിലരൊക്കെ സഹായിക്കാമെന്നേറ്റതായിരുന്നു. പക്ഷെ ഞങ്ങളെത്തുമ്പോഴും അവരാരും എത്തിയിട്ടില്ല.
ഞങ്ങൾ ചെല്ലുമ്പോൾ സാമ്പാറിന്റെ പരിപ്പ് അടുപ്പത്ത് കേറ്റിയതേയുള്ളൂ. വേറൊരു പാത്രത്തിൽ ചോറിനുള്ള അരിയും അടുപ്പത്തുണ്ട്. എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടാക്കാനുള്ള സാധനങ്ങളൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നിന്റെയും പണി തുടങ്ങിയിട്ടില്ല. ഞാനെന്തു ചെയ്തെന്നോ? ഞാനിവരുടെ കൂടെയങ്ങ് അടുക്കളയിലേക്ക് കയറി. എവിടെച്ചെന്നാലും കൂട്ടത്തിൽ ചേരാൻ എനിക്കു മടിയില്ല. എളുപ്പം അത് നടക്കും. കൂട്ടാനുണ്ടാക്കാനും മറ്റും ഞാനവരുടെ സഹായിയായി”. കെ.പി.എ.സി ലീലയും അടുക്കളയിൽ സഹായത്തിനായി വന്നുവെന്ന് ലളിത തുടർന്നെഴുതുന്നു. പൂർണ്ണ ഗർഭിണിയായ ആ സ്ത്രീ ഇത്രയും പേർക്കുള്ള ഭക്ഷണം വെച്ചുണ്ടാക്കാൻ തയ്യാറാകുന്നത് നാടകത്തോടുള്ള/കലയോടുള്ള സ്നേഹം കൊണ്ടായിരിക്കുമോ? അതോ പരിപാടിയുടെ സംഘാടകനായ അവരുടെ ഭർത്താവിനെ അനുസരിക്കുകയായിരുന്നോ? ഇക്കാര്യം ലളിത വിശദമാക്കുന്നില്ലെങ്കിലും രണ്ടാമത് പറഞ്ഞ കാര്യമാണ് നടന്നത് എന്ന് മനസ്സിലാക്കാനുള്ള സൂചനകൾ അവർ നൽകുന്നുണ്ട്. കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച നിലയിൽ അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീയുടെ ചിത്രം വ്യാപകമായി പ്രചരിച്ചത് ഓർക്കുക. അമ്മ എന്ന ദേവത എന്ന തലക്കെട്ടിലായിരുന്നു ആ ചിത്രം പ്രചരിച്ചതെന്നാണ് ഓർമ. ഈ ദേവതകൾ മനുഷ്യരാണെന്നും അവരുടേതും മനുഷ്യ ഇച്ഛയും സ്വാതന്ത്ര്യ ബോധവുമാണെന്നുമുള്ള കാര്യം എല്ലാക്കാലത്തും മായ്ക്കപ്പെട്ട കാര്യമാണ്. ഈ പ്രധാന സന്ദർഭത്തിലേക്കാണ് ഈ ഉദാഹരണത്തിലൂടെ ലളിത വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.


സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങൾ വിശദമാക്കപ്പെടുമ്പോഴും ഈ കൊടിയ ക്ലേശ കാണ്ഡം അവർ പങ്കുവെക്കുന്നു. ഭർത്താവ് സംവിധായകനായ ഭരതൻ മരിക്കുമ്പോൾ 90 ലക്ഷമായിരുന്നു ലളിതയുടെ കടം. വീടുവെക്കൽ മുതൽ ഭർത്താവിന്റെ ചികിത്സ വരെയുള്ള കാര്യങ്ങളിലൂടെയുണ്ടായ കടം. മദിരാശി ജീവിതത്തിൽ വട്ടിപ്പലിശക്കാരിൽ നിന്നും പണം വാങ്ങിയതിന്റെ ബാധ്യത. മകളെ കോളേജിൽ ചേർക്കാൻ പോലും കടം വാങ്ങേണ്ടി വരുന്ന അവസ്ഥ. മലയാള സിനിമയിലെ ഹിറ്റ്മേയ്ക്കറായിരുന്ന ഒരു സംവിധായകന്റേയും മിക്ക സിനിമകളിലും സഹനടിയായി മുഖ്യധാരാ സിനിമയിൽ പ്രവർത്തിക്കുന്ന ഒരു കലാകാരിയുടേയും ജീവിതത്തിൽ കുടുംബത്തിന്റെ ബാധ്യതയും ഭാരവും ഏറെക്കുറെ മുഴുവനായി വഹിക്കേണ്ടി വന്ന ‘കുടുംബിനി’യുടെ ജീവിതം ലളിതയുടെ ആത്മകഥയുടെ താളുകൾ നമുക്ക് കാണിച്ചു തരുന്നു. ജോലിക്കു പോകാത്ത കുടുംബിനികൾ വീട്ടുവേലയുടെ ആരും ഒരിക്കലും കണക്കിലെടുക്കാത്ത മാറ്റങ്ങളൊന്നുമില്ലാതെ നിത്യവും ആവർത്തിച്ചു കൊണ്ടിരിക്കുന്ന കഠിന ജോലിയുടെ തടവറയിൽ അടക്കപ്പെടുന്നു. അതിന് ഒരു വിലയും ഒരു കാലത്തും കൽപ്പിക്കപ്പെട്ടിട്ടില്ല. കാലം ഇക്കാര്യത്തിൽ ചില മാറ്റങ്ങൾ ഇപ്പോൾ വരുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഗൃഹോപകരണങ്ങൾ, പുറത്തുപോയി ഇടക്കെങ്കിലും ഭക്ഷണം കഴിക്കൽ എന്നിവയിലൂടെ പുതിയ കുടുംബങ്ങളിൽ ഇക്കാര്യങ്ങൾ ലഘൂകരിക്കപ്പെട്ടതായി വാദിക്കുന്നവരുണ്ട്. (വീടുകളിൽ ഭക്ഷണം എത്തിക്കുന്ന പൊന്നാനി മോഡൽ ഈ ചർച്ചയുടെ മുഖ്യകേന്ദ്രമായി മാറിയിട്ടുമുണ്ട്).
അടുപ്പ് പുകയാത്ത വീടുകൾ ഒരു കാലത്ത് ദാരിദ്ര്യത്തിന്റെ അടയാളമായിരുന്നുവെങ്കിൽ ഇന്നത് സമ്പന്നതയുടെ അടയാളമായി പരിവർത്തിക്കപ്പെട്ടിരിക്കുന്നു എന്ന വിമർശനം ഉയരുന്നതും നാം കാണുന്നു. എന്നാൽ മലയാളി സ്ത്രീയുടെ ജീവിതത്തിന്റെ ഉള്ളടക്കം ലളിത പറയുന്ന കാലത്തിൽ നിന്നും എന്തുമാത്രം മുന്നോട്ടു പോയി, ദേവതകളെ മനുഷ്യരാക്കുന്ന സാമൂഹ്യ ബോധത്തിന്റെ സുരക്ഷതയിൽ തന്നയല്ലേ മലയാളി ഇന്നും കഴിയുന്നത് തുടങ്ങിയതിനെക്കുറിച്ചെല്ലാം ലളിതയുടെ കാലത്തും ഇന്നത്തെ വർത്തമാന അവസ്ഥയിലും നിന്നു ചിന്തിക്കുവാൻ ‘കഥ തുടരും’ നമ്മെ തീർച്ചയായും സഹായിക്കും.
തോപ്പിൽ ഭാസിയെക്കുറിച്ച് ലളിത എഴുതുന്നു: “ഭാസിച്ചേട്ടനും ഞാനുമായുള്ള ഗാഢമായ ആത്മബന്ധം എന്താണെന്നു ചോദിച്ചാൽ അതിനപ്പുറത്തേക്ക് ഒരു ബന്ധമില്ലെന്നായിരിക്കും എന്റെ മറുപടി. അതേതു തരത്തിൽ വേണമെങ്കിലുമെടുക്കാം. എന്റെ ദൈവമായിട്ടെടുക്കാം, അമ്മയായിട്ടെടുക്കാം, അച്ഛനായിട്ടെടുക്കാം, സ്നേഹിതനായിട്ടെടുക്കാം, ഇഷ്ട കാമുകനായിട്ടെടുക്കാം. എങ്ങിനെ വേണമെങ്കിലും എടുക്കാം”. ലളിതയുടെ ആത്മകഥയിൽ നിരവധി മനുഷ്യർ കടന്നുവരുന്നുണ്ട്. എന്നാൽ തോപ്പിൽ ഭാസിയെക്കുറിച്ച് പറയുന്നതുപോലെ സ്വതന്ത്രമായി മറ്റൊരാളെക്കുറിച്ചും അവർ പറയുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക കൂത്താട്ടുകുളം മേരി 13-ാം വയസ്സിൽ തന്നെ പാടാനും നൃത്തം ചെയ്യാനും പ്രോത്സാഹിപ്പിച്ചതിനെക്കുറിച്ച് അവർ പറയുന്നുണ്ട്. തന്റെ കലാജീവിതത്തെ സമ്പന്നമാക്കാൻ സഹായിച്ച നിരവധി പേരെ, കെ.പി.എ.സി സുലോചനയടക്കമുള്ളവരെ ഓർക്കുന്ന ലളിത കെ.പി.എ.സിയിൽ പിൽക്കാലത്തുണ്ടായ എല്ലാ വ്യക്തി അകൽച്ചകളുടേയും കാരണം കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പായിരുന്നുവെന്ന് പറയുന്നു. കെ.പി.എ.സിയുടെ മുൻ നിരയിലുണ്ടായിരുന്ന സുലോചനയും കെ.പി ഉമ്മറുമടക്കമുള്ളവരുമായി തനിക്കുണ്ടായ അകൽച്ച വ്യക്തിപരമായിരുന്നില്ലെന്നും രാഷ്ട്രീയ കാരണത്താലായിരുന്നുവെന്നും പാർട്ടി പിളർപ്പു തന്നെയായിരുന്നു അതിന്റെ കാരണമെന്നും അവർ അസന്നിഗ്ധമായി വാദിക്കുന്നു. കെ.പി.എ.സിയിൽ ദൈവാരാധന അനുവദിച്ചിരുന്നില്ലെന്നും (ലളിത കൃഷ്ണ ഭക്തയായിരുന്നു) എന്നാൽ സമിതിയിലെ പലരുടേയും വീടുകളിൽ പൂജാമുറികളുണ്ടായിരുന്നുവെന്നും അതെല്ലാം വീട്ടിലെ സ്ത്രീകൾക്കുവേണ്ടി എന്ന സമീപനമാണ് പൊതുവിൽ കൈക്കൊണ്ടിരുന്നതെന്നും അവർ വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ആണുങ്ങൾ കുടുംബത്തിൽ സ്ത്രീകൾക്കുവേണ്ടി പൂജാമുറി ഒരുക്കുകയും തങ്ങളുടെ പൊതുജീവിതത്തിൽ അതിന് വിലക്ക് കൽപ്പിക്കുകയും ചെയ്തത്? ഇതിനുള്ള വ്യക്തവും വിശദവുമായ ഉത്തരം ലളിത പുസ്തകത്തിൽ നൽകുന്നില്ല. എന്നാൽ കുടുംബത്തിന്റെ വെളിമ്പറമ്പിൽ ദൈവത്തിലഭയം തേടുകയല്ലാതെ മറ്റു വഴികളില്ലാതിരുന്ന സ്ത്രീകളുടെ ജീവിതത്തിലേക്കാണ് ഈ പ്രസ്താവന വെളിച്ചം വീശുന്നത്.


തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ പീഡനം ഉണ്ടായത് അടൂർ ഭാസിയിൽ നിന്നാണെന്ന് ലളിത എഴുതുന്നു. അറിയപ്പെടാത്ത അടൂർ ഭാസി എന്ന അധ്യായത്തിൽ: “ഇതെഴുതുമ്പോൾ ഞാൻ ദുഃഖിക്കുന്നു. പക്ഷെ, എഴുതാതെ വയ്യ. ചില അപ്രിയ സത്യങ്ങൾ ചിലപ്പോഴൊക്കെ നമുക്ക് പറയേണ്ടി വരും. വായനക്കാരും മരിച്ചു മണ്ണടിഞ്ഞ കലാകാരനും എനിക്കു മാപ്പു നൽകട്ടെ”. ഈ വാക്കുകളിലാണ് ആ അധ്യായം തുടങ്ങുന്നത്. അവർ തുടർന്നെഴുതുന്നു: “ഒരു ദിവസം രാത്രി എട്ടരായപ്പോൾ അടൂർ ഭാസി വീട്ടിൽ വന്നു. വീട്ടിൽ നിന്ന് രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. അവിടെത്തന്നെ ചടഞ്ഞിരിപ്പാണ്. നല്ല വണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞു പോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നിട്ടു പറയുകയാണ്: ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും. എന്റെ കാറ് ലളിതാമ്മക്ക് തരാം. എനിക്കന്ന് കാറൊന്നുമില്ല. എന്തെങ്കിലും ഉള്ളിൽ ചെന്നാൽ ലളിത ലളിതാമ്മയാവും. ഓരോന്നിങ്ങനെ വിടുവായത്തരം പറഞ്ഞ് ബഹളം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. വേറെ ആരെയും എടുക്കാൻ സമ്മതിക്കില്ല. എല്ലാം എനിക്കു തന്നെ. പിന്നെ അയാൾക്കവിടെ വീടുണ്ട്. എനിക്കിങ്ങനെ വാടക വീട്ടിലൊന്നും താമസിക്കേണ്ട. അവിടെ താമസിക്കാം. യാത്ര ചെയ്യാൻ കാറുണ്ടാവും. കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം, കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം. എന്തൊക്കെ സൗകര്യങ്ങളാണ് നിനക്ക് കിട്ടാൻ പോകുന്നത്. ഞാൻ നിന്നെ എങ്ങിനെ കൊണ്ടു നടക്കുമെന്നോ!. അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുള്ളൂ. അയാളുടേതാണ് വേദവാക്യം”.
ഇങ്ങിനെ അടൂർഭാസി ലളിതയെ ഉപദ്രവിച്ചതിന്റെ നിരവധി വിശദാംശങ്ങൾ ആ അധ്യായത്തിലുണ്ട്. അടൂർ ഭാസിക്ക് വഴങ്ങാത്തതിനാൽ സിനിമാഭിനയ അവസരങ്ങൾ നഷ്ടപ്പെട്ടതും പ്രധാന റോളുകളിൽ നിന്നും ഒട്ടും ശ്രദ്ധിക്കപ്പെടാനിടയില്ലാത്ത വേഷങ്ങളിലേക്ക് മാറ്റിയതുമായ നിരവധി സംഭവങ്ങളെക്കുറിച്ച് അവർ പറയുന്നു. ഒടുവിൽ അവർ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആ അധ്യായം അവസാനിക്കുന്നത്.
അധ്യായത്തിന്റെ അവസാന ഭാഗത്ത് അവരെഴുതുന്നു: “ഞങ്ങൾ പിന്നീടൊരിക്കൽ അടൂർ ഭാസിക്ക് വീട്ടിൽ ഭക്ഷണമൊക്കെ കൊടുത്തിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊന്നായപ്പോൾ. ഭരതേട്ടന്റെ ‘ഓർമയ്ക്കായി’യിൽ ഭാസി അഭിനയിച്ചിട്ടുണ്ടല്ലോ. ആ സമയത്തൊക്കെ എന്നെ ഭയങ്കര ബഹുമാനമായിരുന്നു. എന്നോടു പറഞ്ഞു: കെ.പി.എ.സി ലളിത എന്ന് പേരെഴുതിയ ഒരു കടലാസ് നിലത്തു കിടന്നാൽ പോലും ഞാനതിൽ ചവിട്ടത്തില്ല. അത്രക്ക് ബഹുമാനമാണ്. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ. ഞാനത് എടുത്തു മാറ്റിവെച്ചേ പോവൂ”. അധ്യായം അവർ ഇങ്ങനെ അവസാനിപ്പിക്കുന്നു: “ഭാസി അവസാന കാലത്ത് സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ ഞാനും പോയിരുന്നു, കാണാൻ. രണ്ടു തവണ പോയി. ഒരിക്കൽ മാമ്പലത്തൊരു ആശുപത്രിയിൽ. അന്ന് അസുഖമൊക്കെ മാറി പുറത്തുവന്നു. അതു കഴിഞ്ഞ് പിന്നെ കാണാൻ പോയത് ദേവകി ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ്. എന്നെ കണ്ടപ്പോൾ ഭയങ്കര വെപ്രാളം. എന്നാലും എടുത്ത വായിലേ ചോദിച്ചു, എന്തിനാ വന്നത്? അതു കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അടൂർ ഭാസി മരിച്ചു”.


1960തുകളിലും 1970തുകളിലും സിനിമാ രംഗത്തെ പ്രശസ്തനായ നടനിലുണ്ടായിരുന്ന അവബോധം ലളിതയുടെ വിശദീകരണം വ്യക്തമാക്കുന്നു. ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലും കോടമ്പാക്കത്തും അങ്ങിനെ മുഖ്യധാരാ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം ഇതുപോലെയോ ഇതിലും ഭീകരമായ തരത്തിലോ ഉള്ള അനുഭവ ആഖ്യാനങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആത്മകഥകളിലാണ് പലപ്പോഴും ഇത്തരം വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്. അടൂർ ഭാസിക്കെതിരെ രേഖാമൂലം പരാതി കൊടുത്തതിനെക്കുറിച്ച് ലളിത എഴുതുന്നു: “മദിരാശിയിൽ ചലച്ചിത്ര പരിഷത്ത് എന്നൊരു സംഘടനയുണ്ടല്ലോ. ഞാൻ പെറ്റീഷനെഴുതി മൂന്നിടത്ത് കൊടുത്തു. ഉമ്മുക്കയാണ് (കെ.പി ഉമ്മർ) പരിഷത്തിന്റെ പ്രസിഡന്റ്. പെറ്റീഷൻ ഉമ്മുക്കയുടെ കയ്യിൽ കിട്ടി. ഉമ്മുക്ക എന്നെ വിളിച്ചു ചോദിച്ചു. അതിങ്ങനെ- “നിനക്ക് നാണമില്ലേ? ഇങ്ങിനെയൊക്കെ ഒരാളെക്കുറിച്ച് ആക്ഷേപിച്ചെഴുതാൻ. അങ്ങേരാര്? നീയാര്? നിന്നെ അങ്ങേർക്ക് ഇവിടെ നിന്ന് പറത്താൻ കഴിയും”. “അങ്ങേരെന്തു വേണേൽ ചെയ്തോട്ടെ” എന്നു ഞാൻ. മാത്രമല്ല ഉമ്മുക്ക പരിഷത്തിന്റെ പ്രസിഡന്റാണെന്നോർക്കണം. “അതോണ്ട് ഉമ്മുക്ക എന്നോട് ഇങ്ങിനെയൊന്നും സംസാരിക്കരുത്. എന്തിനാ ഇങ്ങനെ ചെയ്യുന്നത്. അങ്ങേരുടെ ആളായി സംസാരിക്കരുത്.” അതോടെ അങ്ങേരുടെ കഷ്ടകാലം തുടങ്ങി എന്നു പറയാം. എന്നാലും വിഷപ്പല്ല് പറഞ്ഞില്ല”.
ഇത്രയും വിശദമായി എഴുതപ്പെട്ട അവരുടെ ആത്മകഥയിലെ അധ്യായം ഇന്നവർക്കു നേരെ ആത്മവിചാരണയുമായി നിൽക്കുകയാണ് എന്നത് കൂടി കാണാതിരിക്കാനാവില്ല. കഴിഞ്ഞ കുറച്ചു കാലമായി മലയാളി സമൂഹത്തിനു മുമ്പിലേക്കുവന്ന നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ലളിതയുടെ നിലപാട് എന്തായിരുന്നു? അവർ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില കൊണ്ടില്ല. സംഭവത്തിൽ പ്രതിയായ നടനെ ജയിലിൽ സന്ദർശിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ശക്തമായ വിമർശനങ്ങൾ അവർക്കു നേരെ ഉയരുകയുണ്ടായി. ജീവിതത്തിന്റെ അവസാന നാളുകളിൽ സംഭവിച്ച ഇക്കാര്യം കൂടി ചേർന്നതായിരിക്കും അവരുടെ ആത്മകഥയെന്ന് ഓരോ മലയാളിയും ഓർക്കുക സ്വാഭാവികം. ജയിൽ സന്ദർശനത്തിന് പല ന്യായീകരണങ്ങൾക്കും അവർ ശ്രമിച്ചു, പരാജയപ്പെട്ടു.
ജയിൽ സന്ദർശനത്തെക്കുറിച്ച് അവർ പറഞ്ഞു: “ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോൾ കാണാൻ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങൾ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാൻ മിണ്ടരുതെന്ന് പറയാൻ ഇവിടെ ആർക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാൻ പോകും. ഞാൻ എവിടെ പോകണമെന്നതും ആരെ കാണണമെന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്”. ഈ വാക്കുകൾ സ്വയം സംസാരിക്കുന്നു. വ്യാഖ്യാനങ്ങളൊന്നും ആവശ്യമില്ലാത്ത വിധം. ഒരിക്കലും ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി ഇങ്ങിനെയൊന്നും അവർ സംസാരിച്ചതിന് തെളിവുകളൊന്നും ലഭ്യമല്ല.


ഒരു നടിയെ മായ്ച്ചുകളയാനുള്ള സംഘടിത ക്രിമിനൽ ശ്രമമാണ് സിനിമാ മേഖലയിൽ നടന്നത്. മലയാള സിനിമയിലെ പുരുഷ വിഷപ്പല്ലുകൾ കൂടുതൽ ആഴത്തിലും അങ്ങേയറ്റത്തെ കുറ്റവാസനയോടെ വളരുന്നതുമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലൂടെ മലയാളി സമൂഹം കണ്ടത്. ലളിത പറഞ്ഞ വിഷപ്പല്ല് ഇന്നെന്തായി, എങ്ങിനെ മാറി, എത്ര ആഴത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന, അതേ സമയം വാസ്തവികമായ ഉദാഹരണമാണത്. തന്റെ യൗവ്വനത്തിൽ ഇതേ പ്രതിഭാസത്തോട് ഏറ്റുമുട്ടിയ ലളിത അവസാന നാളുകളിൽ ഈ വിഷയത്തിൽ പ്രതിലോമ നിലപാടാണ് കൈക്കൊണ്ടതെന്ന വസ്തുത കാണാതിരിക്കാനാവില്ല.
നീതിയും ഏവർക്കും അതിജീവിക്കാനുള്ള അവകാശവുമാണ് പ്രധാനമെന്ന് വാദിച്ച ലളിതയുടെ ആത്മകഥ ഇവിടെ വെച്ച് ആത്മ വിചാരണയുടെ കോടതിയിലേക്ക് എന്നേക്കുമായി പ്രവേശിച്ചിരിക്കുന്നു. ‘കഥ തുടരും’ പങ്കുവെച്ച ഉൾമുറിവുകളിൽ തന്നെയാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട നടിയുടെ ജീവിതവും കൂടുതൽ വേദനാജനകവും അങ്ങേയറ്റം ആഴമേറിയ അപമാനവുമായി, അമാനവീകരണമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മലയാളി സമൂഹത്തിന് വിസ്മരിക്കാനാവില്ല. അതെഴുതിയയാൾ അതു മറന്നുപോയെങ്കിലും.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

