ടൂറിസത്തിനായ് തുറക്കപ്പെടുമ്പോൾ ലക്ഷദ്വീപിൽ ഉയരുന്ന ആശങ്കകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും, മാലിദ്വീപ് മന്ത്രിമാരുടെ നരേന്ദ്ര മോദിക്ക് എതിരായ പരാമർശങ്ങളും മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ടൂറിസം മേഖലയെ മാറ്റിമറിക്കുന്നു. ലക്ഷദ്വീപിൽ 1150 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. #LakshadweepTourism, #BoycottMaldives, #MaldivesOut എന്നീ ഹാഷ്ടാഗുകൾ സാമൂഹ്യമാധ്യമമായ എക്സിൽ ട്രെന്റിങ്ങ് ആയിമാറിയതോടെ ലക്ഷദ്വീപിലേക്കുള്ള സഞ്ചാര സാധ്യതകളുടെ അന്വേഷണം വർധിച്ചു. സാമ്പത്തിക സേവന കമ്പനിയായ പേ.ടി.എം ൽ അമ്പത് മടങ്ങ് വർധനവുണ്ടായി. ഈസ് മൈ ട്രിപ്പ് എന്ന ട്രാവൽ കമ്പനി മാലിദ്വീപിലേക്കുള്ള ടൂർ പാക്കേജുകൾ ക്യാൻസൽ ചെയ്തു. ലക്ഷദ്വീപ് അന്വേഷകരുടെ എണ്ണത്തിൽ 3,400 ശതമാനത്തിലേറെ വർധനവാണ് മേക്ക് മൈ ട്രിപ്പ് എന്ന ട്രാവൽ കമ്പനി രേഖപ്പെടുത്തിയത്.

ടൂറിസം പ്രധാന വരുമാന മാർഗമായ മാലിദ്വീപിലേക്ക് രണ്ട് ലക്ഷത്തിലേറെ സന്ദർശകരാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും എത്തിയത്. എന്നാൽ നരേന്ദ്ര മോദിക്ക് എതിരായ പരാമ‍ർശങ്ങൾ മുൻനിർത്തി ഇന്ത്യൻ ചേംബ‍‍ർ ഓഫ് കൊമേഴ്സ് മാലിദ്വീപിലേക്ക് സ‍ർവ്വീസ് നടത്തുന്ന എല്ലാ ഇന്ത്യൻ വിമാനക്കമ്പനികളോടും താത്കാലികമായി പ്രവ‍ർത്തനം നിർത്തിവെക്കാനും അംഗങ്ങളായ വിവിധ ട്രേഡ് അസോസിയേഷനുകളോട് മാലിദ്വീപിലേക്കുള്ള യാത്രകൾ ലക്ഷദ്വീപിലേക്ക് വഴിതിരിച്ചുവിടാനും നി‍ർദേശിച്ചിരിക്കുന്നു. ലക്ഷദ്വീപിൽ എത്തുന്ന സഞ്ചാരികൾക്കായി സുഹൈലി, കടമത്ത് എന്നീ ദ്വീപുകളിൽ അത്യാഢംബര താജ് റിസോട്ടുകൾ പണിയുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിനിടയിൽ .

#BoycottMaldives, #MaldivesOut എന്നീ ഹാഷ്ടാഗുകളിലൂടെ പ്രചരിക്കുന്ന മാലിദ്വീപ് വിരോധം വിനോദ സഞ്ചാരികളെ ഇനി മാലിദ്വീപിൽ നിന്നും അകറ്റുമോ ? മാലിദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് സഞ്ചാരികൾ കുതിച്ചെത്തുമോ ? മാലിദ്വീപ് ബഹിഷ്ക്കരിച്ചുകൊണ്ട് സഞ്ചാരികൾ ലക്ഷദ്വീപിലെത്തുമ്പോൾ ഈ സഞ്ചാരികളെ സ്വീകരിക്കാൻ ലക്ഷദ്വീപിനാകുമോ ? മാലിദ്വീപുമായി താരതമ്യപ്പെടുത്തുമ്പോൾ ലക്ഷദ്വീപിന്റെ സാധ്യതകൾ എന്തൊക്കെയാണ് ? ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജനജീവിതത്തെയും ഈ കുതിപ്പ് എങ്ങനെയെല്ലാം ബാധിക്കും ? ലക്ഷദ്വീപ് ടൂറിസത്തിൽ ആർക്കാണ് ലാഭം? വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് നിവാസികളോട് തന്നെ കേരളീയം ഈ ചോദ്യങ്ങൾക്കുള്ള മറുപടികൾ തേടുന്നു.

ലക്ഷദ്വീപ് എന്ന ഗോൾഡ് മൈൻ

“ലക്ഷദ്വീപ് ഒരു അതിർത്തി പ്രദേശമായതുകൊണ്ട് ഇന്ത്യൻ ഗവൺമെന്റ് ടൂറിസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ലക്ഷദ്വീപിലെത്താൻ ഒരുപാട് നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയിട്ടുള്ളതും അതുകൊണ്ടാണ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ഒരു വലിയ പരിമിതിയായിരുന്നു. 1972 മുതൽ തന്നെ വിദേശ കപ്പലുകൾ വരികയും ലക്ഷദ്വീപിൽ ഇടയ്ക്ക് വിദേശസഞ്ചാരികൾ എത്തുകയും ചെയ്യുന്നുണ്ടായിരുന്നു എങ്കിലും ഒമേഷ് സൈഗാൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരിക്കവെ 1984 ലാണ് ലക്ഷദ്വീപിലേക്കുള്ള കപ്പലുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്ക് ദ്വീപിലേക്ക് വരുന്നതിന് അനുവാദം നൽകിയതും ‘സ്പോർടസ്’ എന്ന സൊസൈറ്റിയുണ്ടാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത്.”

ഒമേഷ് സൈഗാൾ.

കഴിഞ്ഞ നാൽപ്പത് വർഷമായി ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇരുപതോളം നയരൂപീകരണ കമ്മിറ്റികളിൽ അംഗവും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉപദേശക സമിതി മുൻ മെമ്പറുമായിരുന്ന മിസ്ബഹ് പറഞ്ഞുതുടങ്ങി.

“ലക്ഷദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷദ്വീപുകാർ ഒരിക്കലും എതിരല്ല, എന്നാൽ ഞങ്ങളുടെ സാംസ്കാരിക താത്പര്യങ്ങളെയൊ സാമ്പത്തിക താത്പര്യങ്ങളെയൊ തൃണവത്കരിച്ചുകൊണ്ടുള്ള ഒരു സമീപനത്തിലൂടെ ആയിരിക്കരുത് ലക്ഷദ്വീപിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നത്. ഉദാഹരണത്തിന് ആൾതാമസമില്ലാതിരുന്ന ബംഗാരം ദ്വീപ് ടൂറിസത്തിന് ഉചിതമാണെന്ന് കണ്ടെത്തി കൊച്ചിയിൽ നിന്നുള്ള കാസിനോ ഗ്രൂപ്പിന് അഞ്ച് വർഷത്തിന് ലീസിനുകൊടുത്തു. ഈ കാലത്തിനിടയ്ക്ക് ബീച്ച് ടൂറിസം നടപ്പിലാക്കേണ്ടത് എങ്ങനെയെന്ന് ദ്വീപുകാർക്ക് പരിശീലനം നൽകണം എന്നതായിരുന്നു ലീസിലെ വ്യവസ്ഥ.

മിസ്ബഹ്.

ആ ഇടയ്ക്ക് രാജീവ് ഗാന്ധിയും കുടുംബവും ലക്ഷദ്വീപ് സന്ദർശിക്കുകയുണ്ടായി. ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടം ലക്ഷദ്വീപാണെന്ന്  രാജീവ് ഗാന്ധി പലതവണ പറഞ്ഞു. രാജീവ് ഗാന്ധിയുമായുണ്ടായ പരിചയം ഉപയോഗപ്പെടുത്തി കാസിനോ ഗ്രൂപ്പ് ഓരോ വർഷവും ലീസ് കാലാവധി നീട്ടിയെടുക്കുകയും 22 വർഷത്തോളം ലക്ഷദ്വീപിൽ തുടരുകയും ചെയ്തു. എന്നാൽ ബീച്ച് ടൂറിസത്തിൽ ലക്ഷദ്വീപുകാർക്ക് യാതൊരു പരിശീലനവും അവർ നൽകിയില്ല. ആ 22 വർഷത്തിനിടയിൽ ബംഗാരം ദ്വീപിന്റെ ഉടമസ്ഥതയുള്ള അഗത്തി ദ്വീപുകാർക്ക് ഭൂമിയുടെ വാടകയിനത്തിൽ ആകെ നൽകിയത് 42 ലക്ഷം മാത്രമാണ്.

രാജീവ് ഗാന്ധി ലക്ഷദ്വീപ് സന്ദർശനത്തിനിടയിൽ. കടപ്പാട് : indiatoday.in.

ടെലഫോണോ ടെലിവിഷനോ ഏസിയൊ ഇല്ലാത്ത ഒരു ഡബിൾ ബെഡ് റൂമിന് 35,000 രൂപയായിരുന്നു അവസാനത്തെ പത്തു വർഷത്തിലേറെക്കാലം കാസിനൊ ഗ്രൂപ്പ് അക്കാലത്ത് വാടകയായി വാങ്ങിച്ചുകൊണ്ടിരുന്നത്. സി.ജി.എച്ച് എർത്ത് എന്ന് പേരുമാറ്റിയ കാസിനോ ഗ്രൂപ്പ്  22 വർഷം കഴിഞ്ഞ് പോകുമ്പോൾ ലക്ഷദ്വീപിൽ നിന്നും കൊണ്ടുപോയത് ഗവർൺമെന്റ് കണക്ക് പ്രകാരം നൂറുകണക്കിന് കോടി രൂപയാണ്. ലക്ഷദ്വീപിൽ നിന്നും പോവുമ്പോൾ ദക്ഷിണേന്ത്യയിൽ 15 സ്ഥാപനങ്ങൾ അവർക്കുണ്ടായി. അവരുടെ ഗോൾഡ് മൈൻ ആയിരുന്നു ലക്ഷദ്വീപ്. അഗത്തിയിലെ ഒരു മത്സ്യത്തൊഴിലാളിക്ക് 22 വർഷക്കാലം മത്സ്യബന്ധനത്തിലൂടെ കിട്ടിയ വരുമാനം പോലും ഇതിലൂടെ ആ ദ്വീപുകാർക്ക് കിട്ടിയിട്ടില്ല.”

അഹ്റബ് അടുപ്പിന്റെ കല്ലിളക്കും

“മാലിദ്വീപിലെ പോലെയുള്ള ബീച്ച് ടൂറിസം ലക്ഷദ്വീപിൽ സാധ്യമാകില്ല. അത് ഭൂമിശാസ്ത്രപരമായ പ്രശ്നമാണ്. അറബിക്കടലിൽ ഒറ്റപ്പെട്ട് ചിന്നിച്ചിതറി കിടക്കുന്ന ദ്വീപുകളാണ് ലക്ഷദ്വീപിലേത്. ഒരു ദ്വീപിൽ നിന്നും ഒരു ദിവസം ദൂരമുള്ള ദ്വീപുകളൊക്കെയുണ്ട്. മാലി അങ്ങനെയല്ല, അടുത്തടുത്തുള്ള ദ്വീപുകളാണെല്ലാം. മാലിദ്വീപ് പോലെയല്ല ലക്ഷദ്വീപ്. എന്നാൽ ലോകത്ത് ഏറ്റവും ഭംഗിയുള്ള, ഏറ്റവും നന്നായി ടൂറിസം നടപ്പിലാക്കാൻ കഴിയുന്ന സ്ഥലമാണ് ലക്ഷദ്വീപ്. കടലുപോലെ തന്നെ അവിടുത്തെ മനുഷ്യരും ആരെയും ആകർഷിക്കുന്നതാണ്. മാലിയിൽ കൊണ്ടുപോയി കൊടുക്കുന്ന പണം എന്തുകൊണ്ട് ലക്ഷദ്വീപിലെത്തിച്ചുകൂട?”

സഞ്ചാരികൾക്കിടയിൽ ലക്ഷദ്വീപിന് ലഭിച്ച സവിശേഷ ശ്രദ്ധയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താന കേരളീയത്തോട് ചോദിച്ചു.

ഐഷ സുൽത്താന.

“മാലിദ്വീപിലെ പോലെ ലഗൂൺ വില്ലകൾ ലക്ഷദ്വീപിൽ സാധ്യമാകില്ല. ലക്ഷദ്വീപിനെ സംരക്ഷിക്കാൻ ലഗൂണുകളല്ലാതെ മറ്റൊന്നുമില്ല. അവിടേക്ക് വില്ലകൾ കൊണ്ടുവന്നിട്ട് കാര്യമില്ല. മൺസൂൺ സീസൺ ആയിക്കഴിഞ്ഞാൽ ബോട്ട് പോലും ലഗൂണുകളിൽ ഇടാൻ പറ്റില്ല. ബിസ്ക്കറ്റ് പൊടിക്കും പോലെ കടല് പൊടിച്ച് തരും. ബോട്ടെല്ലാം ആ സമയത്ത് കരക്ക് കേറ്റിയിടാറെയുള്ളു. അങ്ങനെയുള്ള ഒരു സ്ഥലത്ത് എങ്ങനെ കോടിക്കണക്കിന് രൂപയുടെ പ്രൊജക്ടുകൾ കൊണ്ടുവരാനാകും? അത് ലഗൂണുകളെ നശിപ്പിക്കുന്നതിന് തുല്യമാണ്. എന്നാൽ ഗോവയിലൊക്കെ കാണും പോലെ ഹട്ടുകൾ ലക്ഷദ്വീപിൽ കൊണ്ടുവരാം. അവിടെ മികച്ച സൗകര്യങ്ങളുമൊരുക്കാം.” ഐഷ സുൽത്താന പറഞ്ഞു.

ലക്ഷദ്വീപ് ടൂറിസത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക മൺസൂൺ കാലം തന്നെയായിരിക്കും. ലക്ഷദ്വീപിലെ ദ്വീപുകളെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകൾ പോലും കാറ്റിനും തിരകൾക്കും മുന്നിൽ നിസ്സഹായരാകുന്ന കാലം. ‘അഹ്റബ് അടുപ്പിന്റെ കല്ലിളക്കും’ എന്ന പഴമൊഴി ഓർമിപ്പിക്കുന്നു ലക്ഷദ്വീപിൽ നിന്നുള്ള പാട്ടുകാരനും ചിത്രകാരനുമായ ഷബീർ അലി.

ഷബീർ അലി.

“ലഗൂണുകളിൽ വില്ലകളുണ്ടാക്കിയുള്ള ടൂറിസം ലക്ഷദ്വീപിൽ നടപ്പാകില്ല. തെക്ക് പടിഞ്ഞാറ് നിന്ന് മൻസൂണിന് ഒരു കാറ്റടിക്കാനുണ്ട്  ‘അഹ്റബ്’ എന്ന് ദ്വീപ്കാർ പറയും. ‘അഹ്റബ് അടുപ്പിന്റെ കല്ലിളക്കും’ എന്നൊരു പഴമൊഴി പോലും ഇവിടെയുണ്ട്. അതിനെ അതിജീവിക്കാൻ ഈ വില്ലകൾക്ക്‌ ഒരിക്കലും സാധ്യമല്ല, തന്നെയുമല്ല ഈ നിർമ്മാണങ്ങൾ പവിഴപ്പുറ്റുകളുടെ വളർച്ചയെ അപകടകരമാം വിധം ബാധിക്കുകയും ചെയ്യും.”

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രതികാരബുദ്ധിയോടെ വേട്ടയാടുന്നതിനാൽ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ലക്ഷദ്വീപിൽ നിന്നുള്ള ഒരു സാംസ്കാരിക പ്രവർത്തകൻ ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകളും വെല്ലുവിളികളും കേരളീയത്തോട് വിശദമാക്കി. “ടൂറിസം നടപ്പിലാക്കാൻ ലഗൂണിൽ ഒക്കെ പില്ലറടിച്ച് ഹട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പക്ഷെ ദ്വീപ് എന്നത് ഒരു പരിസ്ഥിതിലോല പ്രദേശമാണ്. കോറലുകൾ പൊടിഞ്ഞുണ്ടായ മണ്ണാണ്, ഇതിന് അത്രയുറപ്പൊന്നുമില്ല. കാലാവസ്ഥ മാറിമറിയുന്ന, വ‍ർഷകാലമല്ലാത്ത സമയത്തും മഴ പെയ്യുകയും കടൽ അടിച്ചുകേറുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. പാരിസ്ഥിതികമായ ഈ വെല്ലുവിളികൾക്കിടയിൽ വലിയ വികസനങ്ങൾ കൊണ്ടുവരുമ്പോൾ അത് ദ്വീപുകളെ തന്നെ ഇല്ലാതാക്കിയേക്കാം.”

ഓഖി കൊടുങ്കാറ്റ് തകർത്ത തീരം. കടപ്പാട് :doolnews.com.

പരിസ്ഥിതിലോല പ്രദേശമായ ലക്ഷദ്വീപിൽ ആവിഷ്ക്കരിക്കാൻ പോകുന്ന പദ്ധതികൾക്കെതിരെ കഴിഞ്ഞ 50 വർഷക്കാലമായി ലക്ഷദ്വീപിൽ പഠനം നടത്തുന്ന ശാസ്ത്ര ഗവേഷകർ രാഷ്ട്രപതിയ്ക്ക് പരാതി നൽകിയതായി മിസ്ബഹ് ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിന്റെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ ഭീതിയും അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. കടലിലെ ഓരോ തിരയും ദ്വീപിനെ ബാധിക്കും. അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ പൂ‍‌‍ർവിക‍‍ർ ഞങ്ങളോട് പറഞ്ഞത് പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കൽ നമുക്കൊരു വലിയ കൊടുങ്കാറ്റ് വരും എന്നായിരുന്നു. എന്നാൽ ഒരു മാസം തന്നെ രണ്ട് കൊടുങ്കാറ്റ് വരെ മൂന്ന് കൊല്ലം മുമ്പ് വന്നിരുന്നു. കൊല്ലം കൊല്ലം കൊടുങ്കാറ്റുകൾ വരുമ്പോൾ ഇവരുടെ സ്ഥാപനങ്ങൾ ഒന്നും കടലിൽ നിൽക്കുകയില്ല. ലഗൂണിനകത്ത് ബോട്ട് പോലും വെക്കാൻ പറ്റുന്നില്ല. 200 മെക്കനൈസ്ഡ് ബോട്ടുകൾ എങ്കിലും കഴിഞ്ഞ അഞ്ച് കൊല്ലത്തിൽ നശിച്ചുപോയിട്ടുണ്ട്. അതുകൊണ്ട് ലക്ഷദ്വീപിനെ പഠിക്കാതെ നടപ്പിലാക്കാൻ പോകുന്ന ഇവരുടെ പദ്ധതികളൊന്നും വിജയിക്കില്ല.

ഓഖി കൊടുങ്കാറ്റിൽ തകർന്ന ബോട്ട്. കടപ്പാട് : doolnews.com.

ലഗൂണുകളിലെ കോറലുകളെ വികസന പ്രവ‍ർത്തികൾ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വന്നിട്ടുള്ളതാണ്. കേവലം മൂന്ന് മീറ്റ‍ർ മാത്രം സമുദ്ര നിരപ്പിൽ നിന്നും ഉയ‍ർന്നു നിൽക്കുന്ന ഈ ദ്വീപുകളെ സംരക്ഷിക്കുന്നത് ദ്വീപുകൾക്ക് ചുറ്റുമുള്ള ഈ പവിഴപ്പുറ്റുകളാണ്. കടലിന്നടിയിൽ നിന്നും പ്രകൃതി പടുത്തുയ‍ർത്തി ഒന്നിനുമേലൊന്നായി പവിഴപ്പുറ്റു വളർ‍ന്നുവന്നുണ്ടായ ഈ റീഫുകൾക്കകത്ത് നി‍ർമ്മാണ പ്രവ‍ർത്തികൾ നടത്തിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. ലക്ഷദ്വീപിനെ കുറിച്ച് കഴിഞ്ഞ 50 വർഷം പഠനം നടത്തിയ ഇന്ത്യയിലെ 150 ഓളം ശാസ്ത്രജ്ഞന്മാ‍ർ പട്ടേലിന്റെ ഈ വികസന പ്രവ‍ർ‍ത്തികളെ കുറിച്ച് രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ട്.”    

ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി റിപ്പോർട്ട്

“ലക്ഷദ്വീപിലെ ടൂറിസത്തെ സംബന്ധിച്ച് 2016 ൽ സുപ്രീം കോടതിയിൽ ഒരു കേസ് ഉത്ഭവിച്ചു. നിങ്ങളുടെ ടൂറിസം പോളിസി എന്താണെന്ന് ആ കേസിൽ സുപ്രീം കോടതി അഡ്മിനിസ്ട്രേഷനോട് ചോദിച്ചു. ഞങ്ങൾ ഇതുവരെ പോളിസി ഉണ്ടാക്കിയിട്ടില്ല എന്ന് അവർ പറഞ്ഞു. പോളിസി ഉണ്ടാക്കി കൊണ്ടുവരാം എന്ന് അഡ്മിനിസ്ട്രേഷൻ പറഞ്ഞപ്പോൾ കോടതി അത് വിലക്കി. 30 കൊല്ലമായി ഉണ്ടാക്കാൻ കഴിയാത്ത പോളിസി ഇനി നിങ്ങൾ ഉണ്ടാക്കേണ്ടതില്ല എന്ന് പറഞ്ഞു. സുപ്രീം കോടതി തന്നെ ഒരു കമ്മിറ്റിയുണ്ടാക്കി.” ലക്ഷദ്വീപിന്റെ ടൂറിസം നയമായി സുപ്രീം കോടതി അംഗീകരിച്ച റിപ്പോർട്ടിനെ കുറിച്ച് മിസ്ബഹ് പറയുന്നു.

ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ.

” ലക്ഷദ്വീപ് പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളുടെ വികസനം ഇന്റഗ്രേറ്റഡ് ഐലന്റ് മാനേജ്മെന്റ് പ്ലാൻ പ്രകാരം വേണം നടപ്പിലാക്കാൻ എന്ന് നിരീക്ഷണത്തോടെ നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും സുപ്രീം കോടതി അംഗീകരിക്കുകയും ലക്ഷദ്വീപിലെ ടൂറിസം വികസനത്തിനായുള്ള നയമായി സ്വീകരിക്കുകയും ചെയ്തു. ജനവാസമുള്ള പത്ത് ദ്വീപുകളിൽ ജനവാസം കുറഞ്ഞിടത്ത് ലക്ഷദ്വീപുകാരായ സംരംഭകർക്ക് 10 ബെഡ്റൂം വീതമുള്ള ഗസ്റ്റ് ഹൗസുകൾ ഉണ്ടാക്കാനും ജനവാസമില്ലാത്ത ദ്വീപുകളിൽ വൻകിടസ്ഥാപനങ്ങൾ ഉണ്ടാക്കുവാനും ജസ്റ്റിസ് രവീന്ദ്രൻ റിപ്പോ‍‍ർട്ട് അനുമതി നൽകുന്നുണ്ട്.”

ദ്വീപുകാരെ പുറത്താക്കുമോ ദ്വീപ് ടൂറിസം ?

“ടൂറിസത്തെ കുറിച്ചൊക്കെ നമ്മൾ മുമ്പ് ആലോചിക്കുമ്പോൾ, ആളുകൾക്കൊക്കെ ഒരു വരുമാനം ആവുകയാണെങ്കിൽ, അവരുടെ ചിന്താഗതിക്കൊക്കെ ചെറിയ മാറ്റം വരുത്തുമെങ്കിൽ ടൂറിസമുണ്ടാവുന്നത് നല്ലതാണല്ലോ എന്ന് സുഹൃത്തുക്കൾക്കിടയിൽ പറയുമായിരുന്നു. പക്ഷേ നിലവിലെ സാഹചര്യത്തിൽ ടൂറിസം എന്ന് കേൾക്കുമ്പോൾ ഭയം ഇല്ലാതില്ല. കാരണം പണ്ടാരം ഭൂമിയൊക്കെ പിടിച്ചെടുക്കുകയാണ്. ടൂണയൊക്കെ മാസാക്കാനുള്ള പല ഷെഡുകളും പൊളിച്ചു കളഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവിതത്തെ ഇത് രൂക്ഷമായ് ബാധിക്കുന്നുണ്ട്. അവർക്ക് വീടില്ലാതാവും. പലർക്കും ജീവിനോപാധി നഷ്ടമാകും. നമ്മൾ ആലോചിച്ചിരുന്നത്, ടൂറിസം ദ്വീപുകാർക്ക് ഗുണകരമാവും എന്നാണ്. എന്നാൽ ഇവരാണ് അത് കൈകാര്യം ചെയ്യുന്നത് എങ്കിൽ ഒരിക്കലും അങ്ങനെയുണ്ടാവില്ല. ബിത്ര ദ്വീപിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനും ആ ദ്വീപ് ഗവൺമെന്റ് ഏറ്റെടുക്കാനും ഒക്കെയുള്ള പദ്ധതിയുണ്ട്. കുറഞ്ഞ ആളുകളെയുള്ളു എങ്കിലും അവരുടെ വീടുകളും ആരാധനാലയങ്ങളും എല്ലാം വിട്ടെറിഞ്ഞിട്ട് അവർക്ക് മറ്റൊരിടത്തേക്ക് മാറേണ്ടി വരുന്നത് വലിയ വിഷയമല്ലേ?” വളർന്നു വരുന്ന ടൂറിസത്തിൽ പ്രത്യാശയുണ്ടായിരുന്ന ലക്ഷദ്വീപിലെ യുവാക്കളുടെ നിരാശയും ആശങ്കയും പങ്കുവെക്കുകയായിരുന്നു ഷബീർ അലി. ‌

പണ്ടാരം ഭൂമിയിൽ നിന്നും പൊളിച്ചു കളഞ്ഞ കെട്ടിടം. ഫോട്ടോ : നിലീന അത്തോളി. കടപ്പാട് : mathrubhumi.com.

എന്നാൽ ബിത്ര ദ്വീപിലെ നിവാസികളോട് ദ്വീപ് ഒഴിയാൻ ആവശ്യപ്പെടുന്ന സർക്കാർ പദ്ധതി ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങൾക്കുമുള്ള ഭീഷണിയാണെന്നാണ് കേരളീയത്തോട് പ്രതികരിച്ച സാംസ്കാരിക പ്രവർത്തകന്റെ അഭിപ്രായം, “ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിൽ ഏറ്റുവും ചെറിയ ദ്വീപാണ് ബിത്ര. ഗവൺമെന്റ് ഉദ്യേഗസ്ഥർ അവിടെ പോയി അവിടുത്തെ ആളുകളോട് ചോദിച്ചു, വേറെ ഒരു ദ്വീപിലൊ വൻകരയിലൊ നിങ്ങൾക്ക് ഭൂമി വാങ്ങി തന്നാൽ നിങ്ങൾ അങ്ങോട്ട് മാറി താമസിക്കാൻ തയ്യാറുണ്ടോ? ബിത്രക്കാരോട് മാത്രം ചോദിച്ച ചോദ്യമല്ലിത്, ഓരോ ദ്വീപുകാരനോടും ചോദിച്ച ചോദ്യമാണ്.”

ഒഴിഞ്ഞുകിടക്കുന്ന ദ്വീപുകളും ഒരായിരം കിനാക്കളും

ലക്ഷദ്വീപിൽ ജനവാസമുള്ള ദ്വീപുകളിൽ ജനവാസം ഏറ്റവും കുറഞ്ഞ ദ്വീപും ചുറ്റും വലിയ ലഗൂണുള്ള ദ്വീപുമാണ് ബിത്ര. ലക്ഷദ്വീപ് ടൂറിസത്തിന് ഉചിതമായ ഇടമായി അഡ്മിനിസ്ട്രേഷൻ ബിത്രയെ തിരഞ്ഞെടുക്കുന്നതും ഈ കാരണങ്ങളാലാണ്. എന്നാൽ ഭൂവിസ്ത്രിതി കുറഞ്ഞ ജനസാന്ദ്രത കൂടുന്ന ലക്ഷദ്വീപിൽ ടൂറിസം നടപ്പിലാക്കേണ്ടത് എവിടെയാണ് ?  

“ആൾതാമസമുള്ള ദ്വീപുകളിലേക്ക് ആളുകളെ കുത്തിനിറക്കാൻ പറ്റില്ല. ഒറ്റപ്പെട്ട് കിടക്കുന്ന ഒരിടമാണിത്. ഇവിടെ ജനസംഖ്യ കൂടിവരികയാണ്. അതുകൊണ്ട് തന്നെ ടൂറിസത്തിനായി ഒഴിഞ്ഞുകിടക്കുന്ന ദ്വീപുകൾ തിരഞ്ഞെടുക്കുന്നതാവും നല്ലത്. അഗത്തി ദ്വീപിന്റെ തൊട്ടടുത്ത് ബംഗാരം എന്ന ദ്വീപുണ്ട്. ടൂറിസത്തിനു വേണ്ടി ഏറ്റെടുത്ത ആൾതാമസമില്ലാത്ത ദ്വീപായിരുന്നു ബംഗാരം. അവിടെ ഇപ്പോൾ ടൂറിസം നടക്കുന്നുണ്ട്. എന്നാൽ ഫ്ലൈറ്റ് സർവ്വീസുള്ള ഒരേയൊരു ദ്വീപായ അഗത്തിക്ക് തൊട്ടടുത്തുള്ള തിണ്ണകര എന്ന ദ്വീപ് എന്തുകൊണ്ട് ഒഴിഞ്ഞുകിടക്കുന്നു ? അതുപോലെ തന്നെ വളരെ മനോഹരമായ ദ്വീപായ സുഹൈലിയും ഒഴിഞ്ഞുകിടക്കുകയാണ്. അങ്ങനെ ഒരുപാട് ദ്വീപുകളുണ്ട്. ഈ ദ്വീപുകളിൽ എന്തുകൊണ്ട് ടൂറിസം നടപ്പിലാക്കിക്കൂട? ” ഐഷ സുൽത്താന ചോദിക്കുന്നു.

ബംഗാരം ദ്വീപിലെ റിസോർട്ടിലെ ഹട്ടുകൾ. കടപ്പാട് : thetalesofatraveler.com.

“മാലിദ്വീപിനെ പോലെ ആയിരക്കണക്കിന് ദ്വീപുകൾ ലക്ഷദ്വീപിലില്ല. ആകെയുള്ളത് 36 ദ്വീപുകളാണ്. അതിൽ 10 ദ്വീപുകളിൽ മാത്രമാണ് മനുഷ്യവാസമുള്ളത്. മറ്റുള്ള ദ്വീപുകളിൽ സുഹൈലി വലിയ കര, സുഹൈലി ചെറിയ കര, അതുപോലെ ബംഗാരം അതിന് തൊട്ടടുത്തുള്ള തെങ്ങുകര പിന്നെ പരളി എന്നിങ്ങനെ കുറച്ച് ദ്വീപുകൾ മാത്രമാണ് ടൂറിസത്തിന് വേണ്ടി ഉപയോഗിക്കാനാവുന്നത്.” കേരളീയത്തോട് പ്രതികരിച്ച സാംസ്കാരിക പ്രവർത്തകനും സമാനമായ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്.

പണ്ടാരം ഭൂമിയിലെ ടൂറിസം പദ്ധതികൾ

ഒഴിഞ്ഞുകിടക്കുന്ന ദ്വീപുകളിലെ ടൂറിസം സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങൾ നയിച്ചത് ലക്ഷദ്വീപിലെ പണ്ടാരം ഭൂമിയിലേക്കാണ്. 2,500 വർഷങ്ങൾക്ക് മുമ്പ് ജനവാസം ആരംഭിച്ചതായി കണക്കാക്കുന്ന ലക്ഷദ്വീപിൽ 1,700 കളിൽ അറക്കൽ ദ്വീപുകാരിൽ നിന്നും ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും പിന്നീട് 1885 മുതൽ ജനങ്ങൾക്ക് തിരിച്ച് നൽകുകയും ചെയ്ത് പണ്ടാരം ഭൂമി താമസത്തിനും, ഉപജീവനത്തിനും ലക്ഷദ്വീപുകാർ ഉപയോഗിച്ചുവരുന്ന പട്ടയം വരെ അനുവദിക്കപ്പെട്ട ഭൂമിയാണ്. എന്നാൽ നിലവിൽ ജനങ്ങൾക്ക് പട്ടയം നൽകുന്ന നടപടികൾ നിർത്തിവെച്ചിരിക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ.

“അറക്കൽ ബീവിയിൽ നിന്നും ടിപ്പു സുൽത്താൻ ഏറ്റെടുത്ത് ഭരിച്ച അമ്മേനി, കടമം, കിൽത്താൻ, ചെത്ത്ലത്ത്, ബിത്ര എന്നീ ദ്വീപുകളിൽ മാത്രമാണ് പണ്ടാരം ഭൂമി ഇല്ലാത്തത്. ആൾതാമസമുള്ളതും ഇല്ലാത്തതുമായ മറ്റു ദ്വീപുകളിലെല്ലാം പണ്ടാരം ഭൂമിയുണ്ട്. മിനിക്കോയിലൊക്കെ വളരെ ചെറിയ സ്ഥലത്താണ് ആളുകൾ താമസിക്കുന്നത്. ലക്ഷദ്വീപുകാർക്ക് കൃഷി ചെയ്യാനും ഉപജീവനം കണ്ടെത്താനും പണ്ടാരം ഭൂമി വേണം. മൊറാർജി ദേശായിയുടെ കാലത്ത് പണ്ടാരം ഭൂമിയിൽ കൈവശാവകാശം കൊടുത്തതും ഉപജീവനത്തിനായാണ്. അതൊക്കെ നഷ്ടമാകുമോ ?

പണ്ടാരം ഭൂമിയിൽ നിന്നും പൊളിച്ചു കളഞ്ഞ ഷെഡുകൾ. കടപ്പാട്: truecopythink.media.

അതുപോലെ തന്നെ കവരത്തിയിലെ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിന്റെ വടക്ക് ഭാഗത്ത് നിന്നും തെക്കേയറ്റം വരെയുള്ള സ്ഥലങ്ങൾ ഗവൺമെന്റ് ഭൂമിയാകാൻ പോവുകയാണ്. ആൾതാമസമില്ലാത്ത ദ്വീപുകൾ എല്ലാം ഇങ്ങനെ ഗവൺമെന്റ് ഏറ്റെടുക്കുകയാണ്. കൈവശാവകാശം ഉള്ളവർക്ക് നഷ്ടപരിഹാരം പോലും നൽകുന്നില്ല. പട്ടേൽ വരുന്നതിന് മുമ്പേ നഷ്ടപരിഹാരം നൽകിയാണ് പണ്ടാരം ഭൂമി ഏറ്റെടുത്തിരുന്നത്. സ‍ർക്കാർ കെട്ടിടങ്ങളൊക്കെ അവിടെ പണിതിട്ടുള്ളത് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്താണ്. പണ്ടാരം ഭൂമി മുഴുവൻ അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്താൽ ദ്വീപിന്റെ മുക്കാൽ ഭാഗവും ദ്വീപുകാർക്ക് നഷ്ടമാകും.” സാംസ്കാരിക പ്രവർത്തകൻ വിശദമാക്കി.

എന്നാൽ പണ്ടാരം ഭൂമി തട്ടിയെടുക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ പരിശ്രമങ്ങൾക്ക് നിയമസാധുതയില്ല എന്ന് വ്യക്തമാക്കുകയായിരുന്നു മിസ്ബഹ്.

“ചരിത്രത്തിൽ ലക്ഷദ്വീപ് ജനതയോട് ചെയ്ത അനീതി നികത്തുന്നതിനായി ഇന്ത്യൻ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പണ്ടാരം ഭൂമി കൈവശം വെച്ചിട്ടുള്ളവ‍‍ർക്ക് കൈവശാവകാശ രേഖ അനുവദിച്ചുകൊണ്ട് 2020 ഫെബ്രുവരി 26 ന് യൂണിയൻ കാബിനറ്റ് നിയഭേദഗതി നടപ്പിലാക്കിയത്. എന്നാൽ പ്രഫുൽ ഗോഡ പട്ടേൽ അഡ്മിനിസ്ട്രേറ്റ‍ർ ആയതിന് ശേഷം ഈ ഭേദഗതി നടപ്പിലാക്കിയില്ല. മുൻപ് ഉണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റ‍ർ അതിന് അപ്രൂവൽ നൽകിയതായിരുന്നു. പട്ടേൽ ഈ നോട്ടിഫിക്കേഷൻ തടഞ്ഞുവെക്കുകയും അട്ടിമറിക്കുകയും ചെയ്തു. പണ്ടാരം ഭൂമിയിൽ നടന്ന എല്ലാ നടപടികളെയും നി‍ർമാണ പ്രവ‍ർത്തനങ്ങളെയും അംഗീകരിച്ച ഭേദഗതി റദ്ദാക്കുവാൻ പട്ടേൽ സ്വാധീനം ഉപയോഗിച്ചു. എന്നാൽ പണ്ടാരം ഭൂമിയിലുള്ള അവകാശം ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് കരട് പട്ടയവും പട്ടയവും ഉൾപ്പെടെ നൽകിയിട്ടുള്ള ഭൂമിയിലാണ് ഇപ്പോഴും അഡ്മിനിസ്ട്രേഷന് പ്രൊപറേറ്ററി റൈറ്റ് ഉണ്ടെന്ന് പട്ടേൽ അവകാശപ്പെടുന്നത്. ഷെഡ്യൂൾ ട്രൈബായ ലക്ഷദ്വീപ് ജനത നൂറുകൊല്ലമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയാണിതെന്ന് ഓ‍ർക്കണം. ആ ഭൂമി തട്ടിയെടുത്താണ് അഡ്മിനിസ്ട്രേഷൻ ടൂറിസം സ്വപ്നങ്ങൾ കാണുന്നത്.”

നരേന്ദ്ര മോദിയും പ്രഫുൽ ഗോഡ പട്ടേലും. കടപ്പാട്: timesofindia.indiatimes.com.

ലക്ഷദ്വീപിലെ ജനങ്ങൾക്ക് അവകാശപ്പെട്ട പണ്ടാരം ഭൂമി ജനങ്ങളിൽ നിന്നും പിടിച്ചെടുത്ത് ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള ശ്രമമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും, ലക്ഷദ്വീപ് ജനതയുടെ ജീവിതവും ജീവനോപാതികളും ഇല്ലാതാക്കുവാനല്ല ലക്ഷദ്വീപിലെ ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്താൻ ആയിരിക്കണം ലക്ഷദ്വീപിലെ ടൂറിസം പദ്ധതികൾ എന്നും വ്യക്തമാക്കുകയാണ് മിസ്ബഹ്.

“ദ്വീപ് മൊത്തം പിടിച്ചെടുത്ത് ഓരോ ദ്വീപ് വീതം അംബാനിക്കും അദാനിക്കും എല്ലാം കൊടുക്കണം. അവിടെ മറ്റാരെയും പ്രവേശിക്കാൻ അനുവദിച്ചുകൂടാ എന്നെല്ലാം പട്ടേൽ സ്വപ്നം കാണുന്നുണ്ടാകും. ആ ദുരാഗ്രഹമാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ പണ്ടാരം ഭൂമി എന്ന് പറയുന്നത് ലക്ഷദ്വീപിലെ അഞ്ച് വലിയ ദ്വീപുകളുടെ സ്വത്തിന്റെ 50 ശതമാനമാണ്. ഏതാണ്ട് 992 ഹെക്ട‍ർ‍ ഭൂമിയാണ്. അത്രയും ഏക്ക‍ർ ഭൂമി ലക്ഷദ്വീപിലുണ്ട്. ഏറ്റവും ചെറിയ തുരുത്തും ഏറ്റവും ജനസാന്ദ്രതയുള്ള ഇടവുമാണ് ലക്ഷദ്വീപ്. അങ്ങനെയുള്ള ഞങ്ങളുടെ കയ്യിൽ നിന്നും ഭൂമി തട്ടിയെടുക്കാൻ ഒരു അഡ്മിനിസ്ട്രേഷന് സാധിക്കുന്നത് എങ്ങനെയാണ് ?

ഞങ്ങളുടെ ഭൂമിയിലുള്ള അവകാശം യാതൊരു വിധത്തിലും നഷ്ടപ്പെടാത്ത വിധത്തിലായിരിക്കണം ലക്ഷദ്വീപിൽ ടൂറിസം നടപ്പിലാക്കേണ്ടത്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് വരുമാനം ലഭിക്കണം. എവിടെ നിന്നെങ്കിലും വരുന്ന ഒരു ഇന്റർനാഷണൽ ഇൻവസ്റ്റ‍ർക്ക് ഞങ്ങളുടെ സമ്പത്ത് മുഴുവൻ തീറെഴുതി കൊടുത്തിട്ട് ഞങ്ങൾ എന്ത് ചെയ്യും? ആ സമ്പത്ത് അവ‍ർക്ക് കൊടുക്കുകയും ലഗൂണുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്താൽ ഞങ്ങൾ എങ്ങനെ മീൻ പിടിക്കും? ടൂറിസം ലക്ഷദ്വീപിലെ മത്സ്യബന്ധനത്തെ ഒരു നിലക്കും തടസ്സപ്പെടുത്താൻ പാടില്ല. മീൻ പിടിക്കുകയും ഉണക്കുകയുമൊക്കെ ചെയ്യേണ്ടത് ഞങ്ങളുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. അതിനുള്ള സ്ഥലവും സംരക്ഷണവും ഉണ്ടായിരിക്കണം.”

പട്ടയം വരെ അനുവദിക്കപ്പെട്ട പണ്ടാരം ഭൂമിയിൽ അഡ്മിനിസ്ട്രേഷൻ ടൂറിസം പദ്ധതികൾ നടപ്പിലാക്കിയിട്ട് ലക്ഷദ്വീപിലെ ജനങ്ങൾക്ക് എന്താണ് ഗുണം എന്ന ചോദ്യമാണ് ലക്ഷദ്വീപിലെ ടൂറിസം പദ്ധതികളെ കുറിച്ച് അടിസ്ഥാനപരമായി ചോദിക്കേണ്ട ചോദ്യം. നിലവിൽ ലക്ഷദ്വീപ് ടൂറിസം പ്രൊമോട്ട് ചെയ്യുന്നത് ആരുടെ ലാഭത്തിനായാണെന്നതും പണ്ടാരം ഭൂമി തട്ടിയെടുക്കുന്ന അഡ്മിനിസ്ട്രേഷൻ നടപടികളിൽ നിന്നും വ്യക്തമാണ്.

പുറമ്പോക്കല്ല പണ്ടാരം ഭൂമി

ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെയും ജനസമൂഹത്തിൻ്റെ ജീവനോപാധികളെയും പറ്റി ഗവേഷണം നടത്തുന്ന ഏബൽ ജോൺ എബ്രഹാം പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട ലക്ഷദ്വീപിലെ ജനജീവിതത്തെ പാരിസ്ഥിതിക സുസ്ഥിരതയുമായാണ് ബന്ധപ്പെടുത്തുന്നത്.

“പണ്ടാരം ഭൂമി കരയിൽ ഉള്ളതുപോലെ പുറമ്പോക്കോ അല്ലെങ്കിൽ മിച്ചഭൂമിയോ അല്ല. ദ്വീപിന് ചുറ്റുമുള്ള പ്രകൃതിവിഭവങ്ങളെ വളരെയധികം ആശ്രയിച്ച് കഴിയുന്ന ഒരു ജനതയാണ് ലക്ഷദ്വീപിൽ ഉള്ളത്. അവിടെ ഉള്ള ഭൂമി പരമാവധി സുസ്ഥിരമായി ഉപയോഗിക്കുക എന്ന ഉദ്ദേശ്യമാണ് പണ്ടാരം ഭൂമിക്കുള്ളത്. പ്രത്യേകിച്ച് മിനിക്കോയ് പോലുള്ള ദ്വീപിൽ കടൽക്കൊള്ളക്കാരുടെ ശല്യം ഉണ്ടായിരുന്നത് കൊണ്ട് ആളുകൾ കൂട്ടമായി ഒരിടത്ത് താമസിക്കുകയും പണ്ടാരം ഭൂമിയിൽ കൂട്ടായി കൃഷി ചെയ്യുകയുമാണ് ചെയ്തിരുന്നത്.

ഏബൽ ജോൺ എബ്രഹാം.

സബില്ല എന്ന് പറയുന്ന ഒരു പ്രക്രിയയുണ്ട്. അത് തീരുമാനിച്ചിരിക്കുന്ന ദിവസം വീണ് കിടക്കുന്ന വിറക് കമ്പുകളും തേങ്ങയുമൊക്കെ എടുക്കാനും അല്ലെങ്കിൽ മരം വേണ്ടവർക്ക് വീഴാൻ സാധ്യതയുള്ളതും പ്രായം ചെന്നതുമൊക്കെയായ മരങ്ങൾ വെട്ടാനും അനുവദിച്ചു കൊടുക്കുകയുമായിരുന്നു ചെയ്തുകൊണ്ടിരുന്നത്.”

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടൂറിസം വികസിപ്പിക്കാനാവുമോ ?

“ലക്ഷദ്വീപിലേക്ക് വരാൻ ആഗ്രഹിക്കുന്ന പല‍ർക്കും ഇപ്പോൾ വരാനാവാത്തത് കപ്പലുകൾ ഇല്ലാത്തതുകൊണ്ടാണ്. നമുക്ക് ഇപ്പോൾ വേണ്ടത് കപ്പൽ സർവ്വീസുകളാണ്. മുമ്പ് ഏഴ് കപ്പൽ ഓടിക്കൊണ്ടിരിക്കയായിരുന്നു, അപ്പോൾ ഒരു നോ‍ർമൽ ടൂറിസം അവിടെ നടന്നിരുന്നു. പക്ഷെ ഇപ്പോൾ ടൂറിസം തന്നെ ഇല്ലാത്ത അവസ്ഥയാണ്. കാരണം കപ്പൽ രണ്ടെണ്ണം വെച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. രോഗികൾക്കു പോലും ടിക്കറ്റ് കിട്ടുന്നില്ല. ഒരേയൊരു ഫ്ലൈറ്റ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എങ്കിൽ ആദ്യം യാത്രാ സൗകര്യമാണ് ഉണ്ടാവേണ്ടതുണ്ട്. അതില്ലാതെ റിസോട്ടുകൾ വന്നതുകൊണ്ട് ഒരുകാര്യവുമില്ല.”

ലക്ഷദ്വീപ് ജനതയും ലക്ഷദ്വീപിലെ ടൂറിസം മേഖലയും നേരിടുന്ന രൂക്ഷമായ പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണെന്ന് പറയുന്നു ഐഷ സുൽത്താന.

“ലക്ഷദ്വീപിൽ ടൂറിസം വളർന്നാൽ മാലിന്യ സംസ്കരണം ഒരു വലിയ പ്രശ്നമാകും, ശുദ്ധജലത്തിന്റെ ലഭ്യതയും വിഷയമാകും, ദ്വീപിലെ പല കിണറുകളിലും ഇപ്പോൾ ഉപ്പുവെള്ളമാണ്. പെട്രോളിന്റെ ലഭ്യതയും വളരെ കുറവാണ്. കാത്തു കാത്തുനിന്നാൽ മാത്രം പെട്രോൾ കിട്ടുന്ന അവസ്ഥയാണ്. ദ്വീപ് മൊത്തം വെളിച്ചം കാണുന്നത് ജനറേറ്റർ ഉപയോഗിച്ചാണ്. ഒരു മഴയും കാറ്റും വന്നാൽ ദ്വീപ് മൊത്തം പവർ കട്ടാവും. ഐ.സി.യു.വി.ൽ പോലും വൈദ്യുതി ഇല്ലാതെ രോഗികൾക്ക് മണിക്കൂറുകൾ താണ്ടേണ്ടി വന്നു. ഒരു നല്ല ഹോസ്പിറ്റൽ പോലും ഇവിടെയില്ല. ഒരു ഫെസിലിറ്റിയും ഇല്ലാത്ത ഒരു ഹോസ്പിറ്റലും കുറച്ച് ക്ലിനിക്കുകളും മാത്രമുള്ളത്. കടൽ ആസ്വദിക്കാനാണല്ലോ എല്ലാവരും ലക്ഷദ്വീപിലേക്ക് വരുന്നത്. കാട്ടിൽ പോകുന്നത് പോലെ തന്നെയാണ് കടലിൽ പോകുന്നത്. പല തരം വിഷജീവജാലങ്ങളും അപകടകാരികളായ മത്സ്യങ്ങളും കടലിലുണ്ട്. പല ജീവനുകളും പൊഴിഞ്ഞു പോകില്ലെ? ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ എങ്ങനെയാണ് ടൂറിസം വികസിപ്പിക്കാനാവുക? ഈ ദ്വീപുകളിലേക്ക് വരുന്ന ആളുകളുടെ എണ്ണം കൂടുകയാണ് എങ്കിൽ അതിന് വേണ്ട സൗകര്യങ്ങളും ഉണ്ടാവണം.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

12 minutes read January 11, 2024 11:24 am