കൈയിൽ ഒരു മുളങ്കമ്പും ഒരു ചുവന്ന തൂവാലയും കറുത്ത കമ്പിളിയും പുതച്ച് ആന്ധ്രയിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിപ്ലവ കവിയായ ഗദ്ദറിനെ ഗ്രാമീണർ സ്നേഹിക്കുകയും ഭരണാധികാരികൾ ഭയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് നേരെ 1997ൽ വധശ്രമം ഉണ്ടായത്. അന്ന് ശരീരത്തിൽ ഏറ്റ ഒരു ബുള്ളറ്റുമായി മരിക്കുന്നതുവരെ ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു, ജനങ്ങൾക്കിടയിൽ ജീവിച്ചു. ഇന്ത്യയിൽ തന്നെ ഇത്രയും ജനസ്വാധീനമുള്ള മറ്റൊരു നാടോടി ഗായകൻ ഇല്ല. ഇതിന് തെളിവാണ് ചെന്നറെഡ്‌ഡി സർക്കാർ പീപ്പിൾസ് വാർ ഗ്രൂപ്പിനുള്ള നിരോധനം നീക്കിയപ്പോൾ ഒരാഴ്ചത്തെ നോട്ടീസ് കൊണ്ട് ഹൈദ്രബാദിലെ നിസാം കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ പരിപാടിയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങൾ. ഇത്രയും മനുഷ്യരെ ഒറ്റയ്ക്ക് കോറസ് പാടിക്കാൻ കഴിയുന്ന മറ്റൊരു ഗായകൻ ഇന്ത്യയിൽ ഇല്ല. 2010 വരെ സജീവ നക്സൽ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗദ്ദർ തെലുങ്കാനയുടെ രൂപീകരണത്തിന്റെ പ്രവർത്തനത്തിലേക്ക് പിന്നീട് തിരിഞ്ഞു. ഗദ്ദർ എന്നത് തെലുങ്കു മക്കൾക്ക് ഒരു കവി മാത്രമല്ല, ഗദ്ദർ ഒരു മിത്ത് കൂടിയായി മാറുകയാണ് ഈ വിയോഗത്തിലൂടെ.
ഗദ്ദർ പാടുമ്പോൾ
ഒരു കവിക്ക് പോകാവുന്ന ദൂരം എത്രമാത്രം… ഒരു പാട്ടുകാരന്റെ പടപ്പുറപ്പാടിന് കീഴടക്കാൻ കഴിയുന്ന ഹൃദയങ്ങൾ എത്ര… അറിയണമെങ്കിൽ കവിയുടെ കണ്ണിലെ അഗ്നി തിരിച്ചറിയണം. കവിതയും പാട്ടും നാടൻ കലയുടെ തപ്പും തുടിയുമായി അഞ്ചും ആറും മണിക്കൂർ മൂന്ന് ലക്ഷത്തോളം മനുഷ്യരെ കോറസ് പാടിക്കുന്ന ഗദ്ദറിന്റെ കണ്ണുകളിലെ അഗ്നി തിരിച്ചറിയണം. ആ ചടുലമായ താളവും നൃത്തവും ഹൃദയത്തിൽ ഏറ്റു വാങ്ങണം. തെലുങ്ക് മക്കൾ അത് ചെയ്യുന്നു, അവർ ഗദ്ദറിന്റെ പാട്ടിനായി കാതോർക്കുന്നു. ഗദ്ദറിനൊപ്പം പാടി നൃത്തം വയ്ക്കുന്നു. കാരണം ഗദ്ദർ പാടുന്നത് അവരെക്കുറിച്ചാണ്.
ഭയം എന്തെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ആ കവിക്കൊപ്പം കുറച്ചുദിവസം താമസിക്കാൻ കഴിഞ്ഞതും, ആന്ധ്ര പൊലീസ് അതിന് താക്കീത് നൽകിയതും എല്ലാം എന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഓർമ്മകളാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തിൽ എഴുതാൻ കഴിഞ്ഞു എന്നതും, അത് എന്റെ ആദ്യത്തെ പുസ്തകമായി എന്നതും അഭിമാനാർഹമായി തോന്നുന്നു. പ്രിയപ്പെട്ട വിപ്ലവ കവിക്ക് ആദരാഞ്ജലികൾ.
അദ്ദേഹത്തിന്റെ ഒരു കവിത കൂടി ചേർക്കട്ടേ.
എന്തരോ മഹാനു ഭാവുലു
ഒരാൾ പറയുന്നു:
ഗദ്ദർ ആയുധമാണ്.
ഇനിയൊരാൾ പറയുന്നു:
അത് അതിശയോക്തിയാണ്.
ഒരാൾ പറയുന്നു:
ഗദ്ദർ നമ്മുടെ വാനമ്പാടിയാണ്.
മറ്റൊരാൾ പറയുന്നു:
ഗദ്ദറിന് സംഗീതത്തിന്റെ അക്ഷരമറിയില്ല.
ഒരാൾ പറയുന്നു:
ഗദ്ദറിന്റെ നൃത്തം പാവങ്ങളുടെ തുള്ളലാണ്.
മറ്റൊരാൾ പറയുന്നു:
ഗദ്ദറിന്റെത് ചേരിനിവാസികളുടെ നൃത്തമാണ്.
ഒരാൾ പറയുന്നു:
അത് നാടോടിക്കവിതകളാണ്.
മറ്റൊരാൾ പറയുന്നു:
ഗദ്ദർ പദം അറിയാത്തവനാണ്.
ഒരാൾ പറയുന്നു:
ഗദ്ദർ ഒരു ഇതിഹാസമാണ്.
മറ്റൊരാൾ പറയുന്നു:
ഗദ്ദർ തൊട്ടുകൂടാത്തവനേക്കാൾ താഴെയാണ്.
ഒരാൾ പറയുന്നു:
ഗദ്ദർ പാവങ്ങളുടെ വസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നു.
മറ്റൊരാൾ പറയുന്നു:
ഇതെന്തുവേഷമാണ്?
ഒരാൾ പറയുന്നു:
ഗദ്ദർ വെടിയുണ്ട വിഴുങ്ങാൻ മാത്രം ധീരനാണ്
മറ്റൊരാൾ പറയുന്നു:
എങ്കിലത് പ്ലാസ്റ്റിക് ബുള്ളറ്റുകളായിരിക്കും.
ഒരാൾ പറയുന്നു:
ഗദ്ദറിനെ ജാതിയിൽ നിന്നും പുറത്താക്കണം
മറ്റൊരാൾ:
ഗദ്ദറിനെ തങ്ങളിലേക്ക് ക്ഷണിക്കുന്നു.
ഒരാൾ:
എന്നെ പുറത്താക്കി
മറ്റൊരാൾ:
എന്നെ ഹൃദയത്തിൽ സ്വീകരിച്ചു.
ഒരു ഗദ്ദർ
എല്ലാം നല്ലത്.
എന്നാൽ
എന്റെ അമ്മ ലാച്ചുമമ്മ എന്നെ
അനുഗ്രഹിച്ചു പറഞ്ഞു
“മകനേ നീ വിഷമിക്കരുത്. വിട്ടുവീഴ്ചയില്ലാതെ ജീവിതം അവസാനിക്കുന്നില്ല.”
അതുകൊണ്ട്
അവരുടെ പാദങ്ങളിൽ
എന്റെ പ്രണാമം അർപ്പിക്കുന്നു.
പ്രണാമം.
(പരിഭാഷ: മാതുലാമണി)