അഷ്റഫിന്റേത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം: വസ്തുതാന്വേഷണ റിപ്പോർട്ട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ മലയാളി യുവാവ് മുഹമ്മദ് അഷ്റഫ് (39) കർണാടകയിലെ മംഗളൂരുവിൽ വച്ച് കൊല്ലപ്പെടുന്നത് 2025 ഏപ്രിൽ 27ന് ആണ്. മാനസികവെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ മുഹമ്മദ് അഷ്‌റഫ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. ഒരു മലയാളി യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും കേരളം ശക്തമായി പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് ജൂൺ 28ന് കർണാടകയിലെ പൗരാവകാശ സംഘടനകൾ ഈ സംഭവത്തെക്കുറിച്ച് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും മുസ്ലീം സമൂഹത്തിനെതിരെയുണ്ടായ വിദ്വേഷാത്മക ഹിംസയുടെ ഭാ​ഗമായി വിലയിരുത്തേണ്ടതാണ് ഈ സംഭവമെന്നാണ് വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നത്.

Lost Fraternity: A mob lynching in broad daylight കവർ

‘Lost Fraternity: A mob lynching in broad daylight’ എന്ന 78 പേജുള്ള വസ്തുതാന്വേഷണ റിപ്പോർട്ട്, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL), അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, ഓൾ ഇന്ത്യ ലോയേഴ്സ് അസ്സോസിയേഷൻ ഫോർ ജസ്റ്റിസ് എന്നീ സംഘടനകൾ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് അഷ്റഫ് ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷാവീഴ്ചയും ഭരണകൂടത്തിന്റെ ഇന്റലിജൻസ് പരാജയവും ചർച്ച ചെയ്യുന്നതിന് പകരമായി ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ പഹൽഗാം സംഭവത്തെ ഹിന്ദു-മുസ്ലീം പ്രശ്നമെന്ന തരത്തിൽ വർ​ഗീയവത്കരിക്കാൻ ശ്രമിച്ചുവെന്നും, അത് ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലീം വിരുദ്ധതയെ വീണ്ടും ആളികത്തിച്ചുവെന്നും റിപ്പോർട്ടിന്റെ തുടക്കത്തിൽ തന്നെ വസ്തുതാന്വേഷണ സംഘം സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് പഹൽഗാം സംഭവത്തിന് ശേഷം സമൂഹമാധ്യമങ്ങളിലുൾപ്പെടെ, രാജ്യത്താകമാനം രൂപപ്പെട്ട മുസ്ലീം വിരുദ്ധത, പ്രത്യേകിച്ച് കശ്മീരി മുസ്ലീങ്ങളോടുള്ള വിദ്വേഷം എന്നിവയുടെയെല്ലാം പ്രതിഫലനം അഷ്റഫ് കൊല്ലപ്പെടാൻ കാരണമായ ആൾക്കൂട്ട ആക്രമണത്തിലും കാണാൻ കഴിയുമെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.

അഷ്റഫ്

പഹൽഗാം ആക്രമണമുണ്ടായ ഏപ്രിൽ 22നും മെയ് 2നും ഇടയിൽ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി 64 വിദ്വേഷ പ്രസംഗങ്ങൾ മുസ്ലീങ്ങൾക്കെതിരെ ഉണ്ടായതായി ഇന്ത്യാ ഹേറ്റ് ലാബ് എന്ന വെബ്സൈറ്റും, ഏപ്രിൽ 22നും മെയ് 8നും ഇടയിൽ 184 വിദ്വേഷ അക്രമങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി മുസ്ലീങ്ങൾക്കെതിരെ ഉണ്ടായതായി The Association for Protection of Civil Rights എന്ന സംഘടനയും റിപ്പോർട്ട് ചെയ്യുന്ന വിവരം വസ്തുതാന്വേഷണ റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിന്നാണ് അഷറഫിനെതിരെയുണ്ടായ ആൾക്കൂട്ട അക്രമത്തെ രാഷ്ട്രീയമായി വിലയിരുത്തേണ്ടതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നു.

The Association for Protection of Civil Rights റിപ്പോർട്ടിൽ നിന്നും

ഏപ്രിൽ 27ന് വൈകീട്ട് അഞ്ച് മണിയോട് കൂടി മംഗളൂരുവിലെ കുടുപ്പു ഗ്രാമത്തിലെ ഭടർഹള്ളി ദേവസ്ഥാനത്തിനും ക്രിക്കറ്റ് ഗ്രൗണ്ടിനുമിടയിലുള്ള കച്ച റോഡിൽ വെച്ചാണ് അഷ്റഫ് ആക്രമണത്തിനിരയാവുന്നത്. അഞ്ചരയോടെ സംഭവസ്ഥലത്ത് പൊലീസ് എത്തുകയും മൃതദേഹം പരിശോധിച്ച് നടപടികൾ പൂർത്തീകരിക്കുകയും അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ലാത്തതിനെ തുടർന്ന് തിരിച്ചറിയൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ക്രിക്കറ്റ് കളിക്കിടെ ‘പാകിസ്താൻ, പാകിസ്താൻ’ എന്ന മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഹിന്ദുത്വ ആൾക്കൂട്ടം അഷ്റഫിനെ മർദ്ദനത്തിനിരയാക്കിയത് എന്നാണ് സംഭവം നടന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും, പിറ്റേ ദിവസമാണ് പൊലീസ് എഫ്.ഐ.ആ‍‍ർ രജിസ്റ്റർ ചെയ്തതെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

മലപ്പുറം ജില്ലയിലെ കോട്ടക്കൽ, പറപ്പൂർ സ്വദേശിയായ അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവ് കൂടിയായിരുന്നു. ആക്രി (scrap) പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന അഷ്റഫ് അവസാനമായി ഉമ്മയെ കാണാൻ ചെന്നപ്പോൾ തന്റെ സമ്പാദ്യത്തിൽ നിന്ന് 25,000 രൂപ നൽകിയത് വസ്തുതാന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വരെ പഠനത്തിൽ മികച്ച് നിന്നെങ്കിലും ഒൻപതാം ക്ലാസ് മുതൽ അഷ്റഫിന് ഓർമ്മക്കുറവ് വന്ന് തുടങ്ങിയതായി അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജബ്ബാർ പറയുന്നു. അതേത്തുടർന്ന് പത്താം ക്ലാസ് പാസാവാൻ കഴിഞ്ഞില്ലെന്നും തുടർന്നുള്ള സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടി വന്നുവെന്നും സഹോദരൻ ഓർമ്മപ്പെടുത്തുന്നു.

കുടുപ്പു ഗ്രാമത്തിലെ ക്രിക്കറ്റ് ഗ്രൗണ്ട്. കടപ്പാട്: the hindu

ഇരുപതാം വയസ്സിലാണ് ആദ്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് അഷ്റഫ് സേക്രഡ് ഹേർട്ട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട് എച്ച്.എസ് അൻസാർ ഹോസ്പിറ്റലിലും കേരളത്തിലെ മറ്റൊരു ഗവണ്മെന്റ് ആശുപത്രിയിലും ചികിത്സ തേടുകയുണ്ടായി. അഷ്റഫിന്റെ മാനസികാരോഗ്യം അദ്ദേഹത്തിന്റെ ജീവിതരീതി മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചുവെന്നാണ് വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നത്. Paranoid Psychosis with Comorbid Schizotypal PD എന്ന മാനസിക രോഗത്തിന് അദ്ദേഹം ചികിത്സ എടുത്തിരുന്നതായും അത് പൂർത്തിയാക്കിയതിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും അതുകൊണ്ട് തന്നെ പാകിസ്താൻ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് ചെയ്യുന്നു. അഷ്റഫ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടാനുള്ള മൂന്ന് സാധ്യതകളാണ് വസ്തുതാന്വേഷണ റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നത്.

1) ഭത്ര കല്ലുർത്തി അമ്പലത്തിനടുത്തുള്ള റെയിൽവേട്രാക്കിൽ നിന്നും ആക്രി പെറുക്കുന്നതിനിടയിൽ സമീപത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം നടക്കുന്നത് കാണുകയും, ക്രിക്കറ്റ് തനിക്ക് ഇഷ്ടപ്പെട്ട ഒരു കായിക വിനോദമായതുകൊണ്ട് തന്നെ അത് കാണാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു. 2) ഗ്രൗണ്ടിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടതിനെ തുടർന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ പോയി. 3) അവിടെ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലിൽ വെള്ളം കണ്ടതിനാൽ വെള്ളം കുടിക്കാനായി പോവുകയും ബോട്ടിലുകളിൽ നിന്നും അഷ്റഫ് വെള്ളം കുടിക്കുകയും ചെയ്തു. എന്നിങ്ങനെയുള്ള മൂന്ന് സാധ്യതകളാണ് വസ്തുതാന്വേഷണ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്.

ആക്രമണം തുടങ്ങിവെച്ചത് സച്ചിൻ എന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. സച്ചിന്റെ ആക്രോശത്തിന് അഷ്റഫ് മലയാളത്തിൽ മറുപടി നൽകുകയാണുണ്ടായത്. ഇതിനെ തുടർന്ന് അഷ്റഫ് ഒരു മലയാളിയാണെന്നും മുസ്ലീം ആണെന്നും സച്ചിൻ സ്ഥിരീകരിക്കുകയും പാകിസ്താനിൽ നിന്നും വന്നതല്ലേ താൻ എന്ന് ചോദിച്ചുകൊണ്ട് അഷ്റഫിനെ മറ്റുള്ളവരോടൊപ്പം ചേർന്ന് മർദ്ദിക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. അഷ്റഫിന്റെ ഉമ്മ പറയുന്നത്, അദ്ദേഹം തല തൂവാല ഉപയോഗിച്ച് കെട്ടിമറയ്ക്കാറുണ്ടെന്നും അതിൽ നിന്നായിരിക്കാം ആൾക്കൂട്ടം അയാൾ മുസ്ലീമാണെന്ന നിഗമനത്തിൽ എത്തിയത് എന്നുമാണ്. ക്രിക്കറ്റ് ബാറ്റുകളും മരകൊമ്പുകളും ഉപയോഗിച്ചാണ് 30 മുതൽ 60 ഓളം വരുന്ന ആൾക്കൂട്ടം അഷ്റഫിനെ മർദ്ദിച്ചത്. ശരീരമാസകലം ആഴത്തിൽ മുറിവുകളുള്ള അഷ്റഫിന്റെ മൃതശരീരത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടക്കൽ പറപ്പൂർ പള്ളിയിൽ അഷ്റഫിന്റെ മൃതദേഹം സംസ്കരിക്കുന്നു. കടപ്പാട്: maktoob media

നേരിട്ടുള്ള സാക്ഷികളെ കാണാൻ കഴിഞ്ഞില്ലെങ്കിലും മുസ്ലീങ്ങൾക്കെതിരെ രൂപപ്പെട്ട വംശീയ വിദ്വേഷത്തിന്റെ പരിണിത ഫലമാണ് ഈ സംഭവമെന്ന നി​ഗമനത്തിലാണ് വസ്തുതാന്വേഷണ സമിതി എത്തിനിൽക്കുന്നത്. മാത്രമല്ല, അഷ്റഫിനെ കൊന്നതിന് ശേഷവും യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആൾക്കൂട്ടം ക്രിക്കറ്റ് കളി തുടർന്നുവെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില വ്യക്തികൾ വസ്തുതാന്വേഷണ കമ്മിറ്റിയോട് തുറന്നുപറയുകയുണ്ടായി. മംഗളൂരു കോർപ്പറേഷൻ മുൻ കൗൺസിലർ സംഗീത നായക്കിന്റെ ഭർത്താവായ പിസ്റ്റൾ രവി എന്നറിയപ്പെടുന്ന രവീന്ദ്ര നായക്കിന്റെ നേതൃത്വത്തിലാണ് ക്രിക്കറ്റ് മത്സരം നടത്തിയിരുന്നത്. കൂടാതെ സംഭവസ്ഥലത്ത് ഇയാളും ഉണ്ടായിരുന്നതായി പേരു വെളിപ്പെടുത്താത്ത ചിലർ വസ്തുതാന്വേഷണ കമ്മിറ്റിയോട് പ്രതികരിക്കുകയുണ്ടായി. കൊലപാതകം നടത്തിയവർക്ക് അനന്തര ഫലങ്ങളെ കുറിച്ച് വേവലാതികൾ ഉണ്ടായിരുന്നില്ലെന്നും, ആൾക്കൂട്ട മർദ്ദനം തടയാനോ പൊലീസിനെ അറിയിക്കാനോ തയ്യാറാവാത്ത ജനങ്ങൾ അവിടെയുണ്ടായിരുന്നു എന്നത് പൊതുമനഃസാക്ഷിയുടെ തകർച്ചയെ സൂചിപ്പിക്കുന്നതാണെന്നും വസ്തുതാന്വേഷണ കമ്മിറ്റി നിരീക്ഷിക്കുന്നു.

വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശന വേളയിൽ നിന്നും. കടപ്പാട്: maktoob media

സംസ്ഥാന സ‍‍ർക്കാരിനോടും പൊലീസിനോടും സിവിൽ സൊസൈറ്റിയോടുമായി ചില കാര്യങ്ങൾ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിനെ (CID) ഏൽപ്പിക്കുക. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടിയന്തിരമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, അഷ്റഫിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ആൾക്കൂട്ട മർദ്ദനവുമായി ബന്ധപ്പെട്ട കുറ്റവിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുക, പൊലീസ്, സിവിൽ സൊസൈറ്റി, വിദ്യാർത്ഥി കൂട്ടായ്മ, വനിതാ കൂട്ടായ്മ എന്നിവയിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് ജില്ലാ കമ്മ്യൂണൽ ഹാർമണി സെൽ രൂപീകരിക്കുക, വിദ്വേഷ കുറ്റകൃത്യങ്ങൾ, വർഗ്ഗീയ അക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഇരകൾ പരാതി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുക തുടങ്ങി നിരവധി നിർദേശങ്ങളാണ് വസ്തുതാന്വേഷണ കമ്മിറ്റി മുന്നോട്ടു വെക്കുന്നത്.

സ്വന്തം നാട്ടിൽ നിന്നും കുടിയേറി, പ്ലാസ്റ്റിക്കുകളും ആക്രികളും ശേഖരിച്ച് അവ വില്പന ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന, റെയിൽവേ സ്റ്റേഷനുകളിൽ കിടന്നുറങ്ങിയിരുന്ന ഒരു യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ സമകാലിക ഇന്ത്യയിൽ അതൊരു സാധാരണ സംഭവം മാത്രമായി മാറുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം അരങ്ങേറിയ സംഭവമായത് കൊണ്ട് തന്നെ മുഖ്യധാര മാധ്യമങ്ങളും കർണാടക ആഭ്യന്തര മന്ത്രിയുമടക്കം പാകിസ്ഥാന് വേണ്ടി ജയ് വിളിച്ചത് കൊണ്ടാണ് കൊല്ലപ്പെട്ടെതെന്ന് ഏകപക്ഷീയമായി വ്യാഖ്യാനിച്ചു. ഇത്തരം ഹിന്ദുത്വ പ്രചരണങ്ങൾക്കുള്ള മറുപടി കൂടിയാണ് വിശദമായ ഈ വസ്തുതാന്വേഷണ റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read

5 minutes read July 25, 2025 1:21 pm