ഗാന്ധിയുടെ ധർമ്മധാതുക്കൾ – 24

അദ്ദേഹം, ഹെൻട്രി ഡേവിഡ് തോറോ അമേരിക്കയിൽ ഉണ്ടായിട്ടുള്ള ഏറ്റവും മഹാനായ, ഏറ്റവും ധാർമ്മികനായ മനുഷ്യനാണ്: ഗാന്ധി

യൂറോ കേന്ദ്രീകൃതമായ ചിന്താസരണിയിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്താധാര രൂപപ്പെടുത്തുന്നതിൽ ഗാന്ധിയെ സഹായിച്ച ചിന്തകനാണ് തോറോ. മനുഷ്യനെ ചങ്ങലക്കിടുന്ന സ്ഥാപനങ്ങൾക്കും വിശ്വാസങ്ങൾക്കും മാമൂലുകൾക്കും എതിരെ വ്യക്തിയുടെ സ്വതസിദ്ധമായ അന്തസ്സും സമഗ്രതയും ഉയർത്തിപ്പിടിച്ച് പോരാടുവാൻ തോറോ ആവശ്യപ്പെട്ടു. മനുഷ്യന്റെ അടമത്തത്തെ ശരിവെച്ച അമേരിക്ക ഭരണകൂടത്തിന്റെ നികുതി പിരിവുമായി നിസ്സഹകരിച്ച് ജയിലിൽ പോയ തോറോ സിവിൽ നിയമലംഘനത്തിന്റെ, നിസ്സഹകരണത്തിന്റെ പോരാട്ടവീര്യം തെളിയിക്കുന്നുണ്ട്. ഗവൺമെന്റ് എന്ന ബലപ്രയോഗത്തിനെതിരെയുള്ള ഏറ്റവും കടുത്ത വിമർശനമായിരുന്നു അത്. സ്റ്റേറ്റിന്റെ കൽപ്പനകൾക്ക് ഉപരി വ്യക്തിയോട് അവന്റെ/അവളുടെ മനസ്സാക്ഷിയുടെ കൽപ്പനയ്ക്ക് കാതുകൊടുക്കുവാൻ തോറോ ആവശ്യപ്പെട്ടു.

ഗാന്ധിയിൽ ഈ മനഃസാക്ഷിയുടെ ശബ്ദം നിരന്തരം പ്രവർത്തിച്ചു. ധീരനായ ഏതൊരു വ്യക്തിക്കും എത്ര ക്രൂരമായ ഭരണകൂടത്തിനെതിരെയും പോരാടാമെന്ന് ഗാന്ധി സ്വജീവിതം വഴി സമർത്ഥിക്കുന്നു. ചരിത്രത്തിൽ വ്യക്തിയുടെ പോരാട്ടവീര്യത്തിന് ഇത്രമാത്രം അന്തസ്സ് നൽകിയവർ വേറെയില്ല. ഗാന്ധിയുടെ സമൂഹത്തിൽ വ്യക്തിയാണ് കേന്ദ്ര ബിന്ദു. അതേസമയം, വ്യക്തി സമുദ്രത്തിലെ ജലത്തുള്ളി പോലെ സമൂഹവുമായി, സമഷ്ടിയുമായി അലിഞ്ഞുചേരണം. ജലത്തുള്ളികൾ ഇല്ലാതെ സമുദ്രമില്ല. വ്യക്തിയില്ലാതെ സമൂഹവും ഇല്ല. ഒരേസമയം വ്യക്തി ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുകയും; വ്യക്തിക്ക് സമൂഹത്തിൽ തന്റെ ഒന്നുമില്ലായ്മ ബോധ്യപ്പെടുകയും വേണം. അതനുസരിച്ച് പ്രവർത്തിക്കണം.

വര: വി.എസ് ​ഗിരീശൻ

ഗാന്ധി തന്റെ ഗ്രാമസ്വരാജിൽ ദുർബലമായ ഒരു ഗവൺമെന്റും ശക്തരായ ജനങ്ങളെയുമാണ് വിഭാവനം ചെയ്തത്. അതനുസരിച്ച് അധികാരം ജനങ്ങൾക്കാണ്. പരിപൂർണ്ണമായ അഹിംസയും പരിപൂർണ്ണ മനുഷ്യനും അസാധ്യമായത് പോലെ പൗരന് ഗവൺമെന്റ് ഇല്ലാതെ നിലനിൽക്കാനാവില്ല. ജനങ്ങളുടെ ഇംഗിതം നടപ്പാക്കാനുള്ള ഒരു മാധ്യമം മാത്രമാണ് ഗവൺമെന്റ്. പട്ടാളവും യുദ്ധങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാക്കുന്നത് ഗവൺമെന്റ് ആണ്. ജനങ്ങളുടെ സംഗീതം ഇവിടെ നഷ്ടപ്പെടുന്നു.

അടിസ്ഥാനപരമായി നാം മനുഷ്യരാണ്. അതിനുശേഷമേ പ്രജകളാകുന്നുള്ളൂ. മനുഷ്യനെന്ന നിലയിൽ തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പാക്കുകയാണ് അവന്റെ കർത്തവ്യം. മനുഷ്യന് മാത്രമേ മനസ്സാക്ഷിയുള്ളൂ. സ്ഥാപനങ്ങൾക്കും സർക്കാരിനും ഏജൻസികൾക്കും ഒരു മനഃസ്സാക്ഷിയും ഇല്ല. എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്? ഒരാൾ ആക്രോശിക്കുന്നു. ജനങ്ങൾ ഭീരുക്കളായി അനുസരിക്കുന്നു. അനുസരിക്കാത്തവർ നോട്ടപ്പുള്ളികളും രാജ്യദ്രോഹിയുമായി മാറുന്നു. വ്യക്തിക്ക് അവന്റെ/അവളുടെ സ്വതസിദ്ധമായ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള വഴി ഗാന്ധിയാണ്. ഈയൊരു വഴി നാം മനസ്സിലാക്കാത്തതാണ് ഭരണാധികാരികളുടെ തുടരെ തുടരെയുള്ള വിജയം.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read