ഗാന്ധിയുടെ ധർമ്മധാതുക്കൾ – 9

തീവണ്ടി ക്ഷാമം പരത്തുന്നു എന്നത് തർക്കവിഷയമാകാം, എന്നാലത് തിന്മ പരത്തുന്നു എന്നതിൽ തർക്കമില്ല: ഗാന്ധി

ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരതും വികസനത്തിന്റെ മാതൃകകളാക്കി ഭരണാധികാരികൾ കൊണ്ടാടുമ്പോൾ, വരേണ്യരും മധ്യവർ​ഗികളും അതിനെ ആഘോഷപൂർവ്വം എതിരേൽക്കുമ്പോൾ ഗാന്ധിയുടെ മേൽ പ്രസ്താവന ഒരു ഭ്രാന്തന്റെ ജല്പനമായോ വിഢിയുടെ വങ്കൻ ആശയമായോ ലോകം മുഴുവൻ തള്ളിക്കളയും. ഗാന്ധി തന്നെ ഇന്ത്യയുടെ ആത്മാവ് കണ്ടെത്താൻ സഞ്ചരിച്ചത് തീവണ്ടികളിലാണെന്ന വസ്തുതയും മാലോകർക്ക് മുന്നിലുണ്ട്. ഒറ്റ വായനയിൽ തെളിയുന്നതല്ല ഗാന്ധിയുടെ വാക്കിന്റെ പൊരുൾ. “ഒച്ചിന്റെ ഗതിയാണ് നന്മയ്ക്കുള്ളത്, പൊക്കവുമതെ. അതുകൊണ്ട് നന്മയുടെ വ്യാപനത്തിന് തീവണ്ടിയുമായി ബന്ധമില്ല. നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വാർത്ഥികളല്ല. അവർക്ക് ധൃതിയുമില്ല. അവർക്കറിയാം ജനങ്ങളിൽ നന്മയുണ്ടാക്കാൻ തിരക്കിട്ടിട്ട് കാര്യമില്ലെന്ന്. എന്നാൽ തിന്മക്ക് ചിറകുണ്ട്. ഒരു വീടു വെയ്ക്കാൻ സമയമെടുക്കും. എന്നാൽ നശിപ്പിക്കാൻ പെട്ടെന്നു പറ്റും.”

വര: വി.എസ് ​ഗിരീശൻ

ഇതിലുണ്ട് ഗാന്ധിയുടെ വാക്കിന്റെ പൊരുൾ. വേഗതയാണ് നമ്മുടെ കാലത്തിന്റെ അടയാളം, ആപ്തവാക്യം. നിങ്ങൾക്കും എനിക്കും എവിടെയും ഝടുതിയിൽ എത്തണം. കാര്യം എളുപ്പം സാധിക്കണം. അതിൽ കഴുതക്കാലും പിടിക്കാം. വേഗത്തിനൊപ്പം അക്ഷമ വർധിച്ചു. ആർത്തി പെരുകി. കഴുതക്കാൽ പിടിക്കുന്നവരുടെ എണ്ണവും കൂടി. വേഗത്തിന്റെ കച്ചവടക്കാർ ഭരണാധികാരികൾക്കൊപ്പമുണ്ട്. വേഗതയായി നമ്മുടെ സുഖത്തിന്റെ അളവുകോൽ. അതിനുവേണ്ടി എന്തും ചെയ്യാം. അയൽക്കാരനെ ദ്രോഹിക്കാം, കൊലപ്പെടുത്താം, മോഷ്ടിക്കാം. രാഷ്ട്രങ്ങളാണെങ്കിൽ അയൽരാജ്യങ്ങളെ അക്രമിക്കാം. അതിനായി വേഗത്തിലുള്ള മിസൈലുകളും ബോംബുകളും വാങ്ങികൂട്ടാം. വേഗത്തിന്റെ വിപണി പിടിച്ചടക്കാൻ ആയുധക്കച്ചവടക്കാർ ഭൂമിയുടെ ഏത് മൂലയിലുമുണ്ട്. വേഗത്തിന്റെ കുരുക്കുകൾ അഴിക്കാൻ തുടങ്ങിയാൽ നാം എത്തിച്ചേരുക തിന്മയുടെ ഭയാനകമായ, ആകൃതിയില്ലാത്ത രൂപങ്ങളിലേക്കാണ്. തീവണ്ടി തിന്മ പരത്തുന്നു എന്നതിലൂടെ ഗാന്ധി വിവക്ഷിക്കുന്നതും വേഗതയുടെ കരുക്കുകളിലകപ്പെടുന്ന ലോകത്തെപ്പറ്റിയാണ്. മറിച്ച് നന്മയ്ക്കും ക്ഷമയ്ക്കും സഹിഷ്ണുതക്കും കാരുണ്യത്തിനും ഒച്ചിന്റെ ഗതിയാണുള്ളത്. അത് വാർത്തയാകുന്നില്ല. ചാനലുകൾക്ക് ഭക്ഷണവും സാമൂഹ്യമാധ്യമങ്ങൾക്ക് കാർണിവെലും ആകുന്നില്ല.

നന്മ ചെയ്യുന്ന ചെറിയ മനുഷ്യരെ ലോകം അറിയുക വട്ടും നൊസ്സും ഉള്ളവരായിട്ടാണ്. നിശബ്ദമായി നന്മ ചെയ്തുകൊണ്ടിരിക്കൂ. നിങ്ങൾ ഒരു ഭൂപടത്തിലും കാണില്ല. എന്നാൽ തിന്മയിലൂടെ ഭൂമി വെട്ടിപ്പിടിക്കൂ, പ്രകൃതിയെ നശിപ്പിക്കൂ, അപരനെ, മതത്തിന്റെ, ജാതിയുടെ, ഭാഷയുടെ പേരിൽ വെറുക്കൂ… നിങ്ങൾക്ക് അനുവാചകരും സ്തുതിപാഠകരും ഉണ്ടാകും. വെറുപ്പിന് പകരം സ്നേഹത്തിന്റെ സുവിശേഷങ്ങൾ ഇന്ന് ആരാധനാലയങ്ങളിൽ നിന്നും കേൾക്കാൻ കഴിയില്ല. അവിടെയും വിദ്വേഷത്തിന്റെ ഗതിവേഗമുള്ള വൈറസ്സുകളാണ്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read