ഗാന്ധിയുടെ ധർമ്മധാതുക്കൾ – 4

ഭാ​ഗം – 4

പിന്നെ നമ്മുടെ ചിന്താഗതി മാത്രമേ ശരി, അന്യരുടേതബദ്ധം എന്ന നിലപാട് അധമമാണ്; നമ്മോടു വിയോജിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് കരുതരുത്. : ഗാന്ധി

‘ഹിന്ദ് സ്വരാജി’ന്റെ ഒന്നാം അദ്ധ്യായം ‘കോൺഗ്രസ്സും ഭാരവാഹികളും’ ആണ്. 1908 ലെ കോൺഗ്രസ്സിനെപ്പറ്റിയാണ് ഗാന്ധി പറയുന്നത്. അതിന് ഇന്നത്തെ ആ പാർട്ടിയുമായി നേരിയ ബന്ധം മാത്രമേയുള്ളൂ. മേൽ പറഞ്ഞ ഗാന്ധിയൻ ഉദ്ധരണി ഈ അധ്യായത്തിൽ നിന്നാണ്. ഇന്ന് നമ്മുടെ ഭരണകൂടങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണകൂടത്തിന്റെ ചെയ്തികളും ആശയങ്ങളുമായി വിയോജിക്കുന്നവർ രാജ്യദ്രോഹികളാണ് എന്നാണ്. ഇത് ഗാന്ധിയൻ ഭാഷയിൽ അധമമായ നിലപാട് തന്നെയാണ്. അങ്ങനെ വിയോജിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂടങ്ങൾ തങ്ങളുടെ കീഴിലുള്ള നിരവധി ഏജൻസികളെ ഉപയോഗിക്കുന്നു. അവരിലൂടെ വിമർശിക്കുന്നവരിൽ ഭയം വിതയ്ക്കുന്നു. ചിലപ്പോൾ അവർ വികസന വിരോധികളായും ജനാധിപത്യ വിരുദ്ധരായ ശത്രുരാജ്യങ്ങളുടെ ചാരന്മാരായും ഭീകര സംഘടനകളുടെ പ്രതിനിധികളായും ചാപ്പയടിക്കപ്പെടുന്നു. ആദിവാസിമേഖലകളിൽ ഗാന്ധിയൻ മൂല്യങ്ങളിലൂന്നി സേവനം നടത്തുന്നവർ പോലും രാജ്യത്തിന്റെ ശത്രുക്കളായി മുദ്രകുത്തപ്പെടുന്നു.

വര: വി.എസ് ​ഗിരീശൻ

ഭരണകൂടങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ സാധാരണക്കാരായ നമ്മളും ചെയ്യുന്നുണ്ട്. ഞാനൊരു ഗാന്ധിയൻ നിലപാടുകാരനാണെങ്കിൽ അത് മാത്രമാണ് ശരിയെന്നും അംബേദ്കറിസ്റ്റാണെങ്കിൽ അതുമാത്രമാണ് ശരിയെന്നും മാർക്സിസ്റ്റുകാരനാണെങ്കിൽ അതുമാത്രമെന്നും പരസ്പരം വാദിക്കുന്നു. ഒരു ഹിംസാവാദിയോട് സംസാരിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമുണ്ടാകണമെന്നില്ല. എങ്കിലും അത്തരക്കാരുടെ വാദമുഖങ്ങൾ പോലും നാം ശ്രദ്ധിക്കേണ്ടതാണ്. ഗാന്ധി ഭൂമിയിൽ ഉണ്ടായിട്ടുള്ള ശ്രദ്ധേയനായ ഒരു കേൾവിക്കാരനായിരുന്നു. സംവാദമെന്നത് തന്നെ ഒരേ ആശയത്തെക്കുറിച്ചുള്ള ഒരുപാട് പേരുടെ നിലപാടുകളുടെ സമന്വയ ശ്രമമാണ്. കേരളത്തിൽ സംവാദത്തെ ഒരു ജനാധിപത്യ കലയാക്കി കണ്ട ചിന്തകനായിരുന്നു എം ഗോവിന്ദൻ.

നമ്മുടെ കാലം ജനാധിപത്യ മൂല്യങ്ങളും ധാർമ്മികതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടമായി മാറുന്നത് സംവാദങ്ങളുടെ സർഗ്ഗാത്മക ചക്രവാളങ്ങൾ വികസിക്കാത്തതുകൊണ്ടാണ്. നമ്മുടെ വീടുകൾ, വിദ്യാലയങ്ങൾ, വായനശാലകൾ, പൊതു ഇടങ്ങൾ എന്നിവ സംവാദത്തിന്റെ ഇടങ്ങളായി മാറേണ്ടതുണ്ട്. സംവാദത്തിന് ക്ഷമയും സഹിഷ്ണുതയും വേണം. അപരനെ കേൾക്കാനുള്ള ഹൃദയം വേണം. അവരുടെ വേദന സ്പർശിക്കാനുള്ള കാരുണ്യത്തിന്റെ വിരലുകൾ വേണം. ഭരണകൂട പ്രതിനിധികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരു സംവാദത്തിന് മുന്നോട്ടു വരുമെന്ന് കരുതുക വയ്യ. കാരണം അവർ ഏക ഭാഷണത്തിൽ വിശ്വസിക്കുന്നു. ഓർക്കുക, ഏകഭാഷണത്തിൽ ഞാൻ-എന്റെ മാത്രമേയുള്ളൂ. അധികാരമാണ് അതിന്റെ ശക്തി. ഏകഭാഷണങ്ങളെ സംവാദങ്ങളെക്കൊണ്ട്, അഹിംസാത്മകമായി നേരിടുക; വിയോജിക്കുന്നവരോട് പോലും സ്നേഹഭാഷയിൽ പ്രാർത്ഥിക്കുക.. ചങ്ങാതീ, എന്നെ ഒരു നിമിഷം കേൾക്കൂ…

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read