ഇംഗ്ലീഷുകാരുടെ മാത്രമല്ല, ഇന്ത്യക്കാരുടെയും സ്വേച്ഛാധിപത്യം നമുക്ക് വേണ്ട: ഗാന്ധി
നമ്മുടെ കാലത്തിനെ, നമ്മുടെ ഭരണസംവിധാനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഗാന്ധി 1980 ഹിന്ദ് സ്വരാജ് (സ്വയംഭരണം) എഴുതിയതെന്ന് നാം സംശയിക്കും. കാരണം ഇന്ന് ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. ലോകരാഷ്ട്രങ്ങളിലെ പല രാഷ്ട്രങ്ങളും ജനാധിപത്യത്തിന്റെ മറവിൽ സ്വേച്ഛാധിപത്യം രഹസ്യമായും പരസ്യമായും ഒളിച്ചുകടത്തി ജനങ്ങളെ വഞ്ചിക്കുകയും പീഡിപ്പിക്കുകയുമാണ്. ഹിന്ദ് സ്വരാജിന്റെ ഉപസംഹാരത്തിൽ ഗാന്ധി: “ഓരോരുത്തരും അവരവർക്കുവേണ്ടി അത് (സ്വയംഭരണം) പ്രത്യേകം നേടണം. എനിക്കുവേണ്ടി അന്യർ നേടുന്നത് സ്വയംഭരണം ആവില്ല. വിദേശഭരണമാവും.”
അതിനർത്ഥം, ഇംഗ്ലീഷുകാരുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് നിങ്ങൾ മുക്തരായി, ഇന്ത്യൻ സ്വേച്ഛാധിപത്യത്തിന് ജനായത്ത ഭരണത്തിന്റെ പേരിൽ കീഴടങ്ങിയാൽ നിങ്ങൾ സ്വതന്ത്രരല്ല. സ്വേച്ഛാധിപത്യത്തെ നേരിട്ട് സ്വയംഭരണം (സ്വാതന്ത്ര്യം) നേടേണ്ടത് നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ഏൽപ്പിച്ചിട്ട് കൊടുത്തിട്ടും കാര്യമില്ല. അഞ്ചാണ്ട് കൂടുമ്പോൾ വോട്ട് ചെയ്യാനേ ജനങ്ങൾക്ക് കഴിയൂ എന്ന് വിലപിക്കുന്നതിൽ അർത്ഥമില്ല. സഹനസമരത്തിലൂടെ ഓരോ വ്യക്തിയും ഏതുതരം സ്വേച്ഛാധിപത്യത്തിന് നേരെയും പോരാടാൻ വ്യക്തി ബാധ്യസ്ഥനാണ്. അതാണ് അയാളുടെ ദേശാഭിമാനം, കടമ. അങ്ങനെ എല്ലാവരും തങ്ങളുടെ കടമ നിറവേറ്റുന്നതോടെ ഒരു രാജ്യം ഏത് സ്വേച്ഛാധിപത്യത്തിന്റെയും തടവറകൾ തകർക്കുന്നു.
അപ്രകാരം നേടിയത്, നിലനിർത്താൻ നാം ഓരോരുത്തരും എപ്പോഴും സത്യാഗ്രഹികളാകണം. അതായത് സത്യഗ്രഹം ജീവിത രീതിയാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ഈ വഴിയിലൂടെ സഞ്ചരിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ്. നമ്മളാവട്ടെ, അഞ്ചാണ്ട് കൂടുമ്പോൾ ഒരു കൂട്ടരെ തിരഞ്ഞെടുത്ത് അധികാരത്തിൽ കയറ്റിയാൽ നമ്മുടെ ബാധ്യത അഞ്ചാണ്ടിലേക്ക് തീർന്നു എന്ന് വിശ്വസിച്ച്, എല്ലാ ജനവിരുദ്ധ നടപടികളെയും സ്വീകരിച്ച് മിണ്ടാതിരിക്കുന്നു. ചിലപ്പോൾ പ്രതിപക്ഷത്തിന്റെ കൂടെ ചേർന്ന് പ്രതിഷേധ ജാഥയിൽ പങ്കെടുത്ത് നെടുങ്കൻ മുദ്രാവാക്യങ്ങൾ വിളിച്ച് ഊർജ്ജം പാഴാക്കുന്നു. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ലെങ്കിൽ നിസ്സഹായരായി മാറുന്നു.
വാക്കിനേക്കാൾ മുന്തിയത് പ്രവൃത്തി. വിചാരത്തിനൊത്തിരിക്കണം വാക്ക്. ചിന്തയും വാക്കും പ്രവർത്തിയും സമന്വയിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ഏതുതരം അടിമത്തത്തിനെതിരെയും പോരാടാനാവൂ. സ്വയംഭരണമായി സുസ്ഥിരമാകാനാകൂ. നാം ഗാന്ധിയിൽ നിന്ന് എത്രയോ അകലെയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ട് വ്യാജ ജനാധിപത്യക്കാരുടെ വാക്ധോരണിയിൽ കുരുങ്ങി സ്വാതന്ത്ര്യത്തിന്റെ രുചിയറിയാതെ ചത്തുപോകുന്നു.
കേൾക്കാം