ഗാന്ധിയുടെ ധർമ്മധാതുക്കൾ – 21

ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമാണെന്ന് കരുതുന്നവർ ഒരു സ്വപ്നലോകത്തിലാണ് ജീവിക്കുന്നതെന്നേ പറയാനാകൂ: ​ഗാന്ധി

‘ഹിന്ദ് സ്വരാജി’ലെ (സ്വയം ഭരണം) പത്താം അദ്ധ്യായമാണ് ഹിന്ദുക്കളും മുഹമ്മദീയരും. ഇസ്ലാമിന്റെ വരവോടെ ഇന്ത്യ പിളർന്നില്ലേ എന്ന ചോദ്യത്തിനുള്ള ഗാന്ധിയുടെ മറുപടിക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയില്ലേ. “പല മതക്കാരും ഇവിടെ ഉണ്ടെന്നതുകൊണ്ട് ഇന്ത്യ ഒരു രാഷ്ട്രമല്ലാതാവുന്നില്ല. വിദേശീയർ വന്നതുകൊണ്ടും രാഷ്ട്രം നശിക്കണമെന്നില്ല. വരുന്നവർ ഇവിടെ ലയിക്കുന്നു. ഇത്തരം ലയന സാധ്യത സൂക്ഷിക്കുന്ന രാജ്യങ്ങളാണ് രാഷ്ട്രങ്ങളായി നിലനിൽക്കുന്നത്. എത്ര വ്യക്തികളുണ്ടോ അത്രയും മതങ്ങളുണ്ടെന്നാണ് സത്യം. എന്നാൽ ദേശീയ ചൈതന്യം ഉള്ളിൽ സൂക്ഷിക്കുന്നവർ അന്യരുടെ മതത്തിൽ ഇടപെടില്ല. ഇടപെടുമെങ്കിൽ അത്തരക്കാർ ഒരു രാഷ്ട്രമായിരിക്കാൻ യോഗ്യരല്ല. ഇന്ത്യയെ പാർപ്പിടമാക്കിയ ഹിന്ദുവും മുസൽമാനും പാഴ്സിയും ക്രിസ്ത്യാനിയും ഈ രാഷ്ട്രത്തിലെ സഹപൗരന്മാരാണ്. ലോകത്തിൽ ഒരിടത്തും മതവും രാഷ്ട്രവും പര്യായപദങ്ങളല്ല. ഇന്ത്യയിൽ ഒരു കാലത്തും അങ്ങനെ ആയിരുന്നിട്ടുമില്ല.”

വര: വി.എസ് ​ഗിരീശൻ

നൂറ്റിപ്പതിനഞ്ച് വർഷങ്ങൾക്ക് മുമ്പെഴുതിയ മേൽ പറഞ്ഞ വാക്കുകൾ ഇന്നത്തെ ഇന്ത്യയിലെ, ഭൂരിപക്ഷ വർഗീയതയുടെ പേരിൽ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സഹോദരങ്ങൾ മനസ്സിരുത്തി വായിച്ചുനോക്കണം. ദേശീയ ചൈതന്യം കെട്ടുപോയവരാണ് അന്യന്റെ മതത്തിൽ ഇടപെടുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരക്കാരല്ല എന്നത് ആശ്വാസകരമാണ്. ഈ കാലത്ത് അവരുടെ ഉത്തരവാദിത്തം വർധിക്കുകയാണ്. മറ്റൊരു മതത്തിൽ വിശ്വസിക്കുന്നവന്റെ നേരെ ഏതെങ്കിലും ഹിന്ദു സഹോദരൻ വിരൽ ചൂണ്ടിയാൽ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനുള്ള ധാർമ്മിക ചുമതല ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന മറ്റ് സഹോദരങ്ങൾക്കുണ്ട്. അല്ലാതെ വിരൽ ചൂണ്ടുന്നവനൊപ്പം നിൽക്കുകയോ, നിശബ്ദനാകുകയോ അല്ല വേണ്ടത്. തന്റെ ഹിന്ദുയിസം അന്യമതസ്ഥനെ സഹോദരനായി കാണുന്നതാണെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കണം. ഇക്കാര്യത്തിൽ അയാൾ ഭയപ്പെട്ട് നിൽക്കുകയാണെങ്കിൽ അയാൾ ഇന്ത്യൻ ദേശീയ ചൈതന്യത്തെ ഒറ്റുകൊടുക്കുകയാണെന്ന ഗാന്ധിയൻ വചനം ഓർമ്മിക്കണം.

അന്യമതസ്ഥനായ അയൽക്കാരന്റെ മതത്തെ സംരക്ഷിക്കേണ്ടത് അന്യമതസ്ഥൻ ഉൾപ്പെടുന്ന പള്ളിയുടെയോ സ്റ്റെയ്റ്റിന്റെയോ ഉത്തരവാദിത്തമല്ല. അയൽക്കാരനായ ഹിന്ദു സഹോദരന്റെ ഉത്തരവാദിത്തമായി മാറണം. ഇങ്ങനെ വരുമ്പോഴാണ് ഒരു സമൂഹം ധാർമ്മികമായി പുഷ്ക്കലമാകുന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹത്തിന്റെ സുവിശേഷംകൊണ്ട് നമുക്ക് മാറ്റാനാവും.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

2 minutes read August 6, 2023 6:32 pm