ഗാന്ധിയുടെ ധർമ്മധാതുക്കൾ – 16

പ്രവർത്തികൾ വിത്തുകൾ പോലെയാണ്, കായ്ക്കുവാൻ ആവശ്യമായ സമയമെടുക്കും: ഗാന്ധി

വാക്കുകളായിരുന്നില്ല ഗാന്ധിയുടെ ജീവിതം, പ്രവർത്തിയായിരുന്നു. ഗാന്ധി ഇന്നും നമ്മിൽ കായ്ച്ച് നിൽക്കുന്നുണ്ടെങ്കിൽ, ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെങ്കിൽ, അതിനുകാരണം ഗാന്ധിയുടെ പ്രവർത്തികളായിരുന്നു. ഗാന്ധി ചെയ്ത പ്രവർത്തിയുടെ ഫലമാണ് ഇന്ന് ഭൂമിയുടെ പല കോണുകളിലുമായി നടക്കുന്ന അക്രമരാഹിത്യ സമരങ്ങൾ, ബദൽ ജീവിത പരീക്ഷണങ്ങൾ.

യൂറോ കേന്ദ്രീകൃതമായ ആധുനിക മുതലാളിത്ത കച്ചവട നാഗരികതയ്ക്കെതിരെ ഗാന്ധി ‘ഹിന്ദ് സ്വരാജി’ലൂടെ ഉയർത്തിയ കടുത്ത വിമർശനങ്ങൾ വളരെ ശരിയാണെന്ന് ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയങ്ങളും കൊടുംവരൾച്ചകളും കടുത്ത ദാരിദ്ര്യവും അഭയാർത്ഥി പ്രവാഹങ്ങളും പാരിസ്ഥിതിക നാശങ്ങളും യുദ്ധങ്ങളും മതാധിപത്യ-ഏകാധിപത്യ-സമഗ്രാധിപത്യ രാഷ്ട്രങ്ങളിലെ ജനവിരുദ്ധ നിലപാടുകളും തെളിയിക്കുന്നു. ഭൂമിയുടെ അതിജീവനത്തെപ്പറ്റി ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നിടത്തെല്ലാം ഗാന്ധിയുടെ പ്രവർത്തിയിൽ അലിഞ്ഞ വാക്കുകൾ നമുക്ക് കേൾക്കാം.

വര: വി.എസ് ​ഗിരീശൻ

ഇന്ത്യ ഇന്ന് നേരിടുന്നത് കോടതി അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ചയും, അസമത്വവും ദാരിദ്ര്യവും പാരിസ്ഥിതിക ദുരന്തങ്ങളുമാണ്. കച്ചവട നാഗരികതയ്ക്ക് മുമ്പിൽ ഇന്ത്യ സ്വയം കീഴടങ്ങുന്നു. അതിന് വെടിമരുന്നായി ഭൂരിപക്ഷ വർഗീയതയും വെറുപ്പും വിഭജന തന്ത്രങ്ങളും ഉപയോഗിക്കപ്പെടുന്നു. ഗാന്ധിയൻ വാക്കുകളിൽ, നാം നേരിടുന്നത് കടുത്ത ധാർമ്മിക പ്രതിസന്ധിയാണ്. പെട്ടെന്നൊരുനാൾ ഇന്ത്യൻ ജനത അതിനെതിരെ ഒന്നിച്ചുണർന്ന് അഹിംസാത്മക പോരാട്ടമുയർത്തുമെന്ന് വിചാരിക്കാനാവില്ല. ജനങ്ങൾ ഉയർന്നെണീക്കും വരെ ഇന്ത്യയെ സ്നേഹിക്കുന്ന, ഭൂമിയെ സ്നേഹിക്കുന്ന ഒരാളിന് നോക്കിയിരിക്കാനാവില്ല. നാം നിസ്സഹായരല്ല. നമ്മിലെ ഭീരുവിനെ തിരസ്കരിക്കുവാൻ നാം അഹിംസാത്മകമായ ചെറിയ, ചെറിയ പ്രവർത്തികളിൽ ഏർപ്പെടണം.

ഗാന്ധി ധർമ്മതത്ത്വമായിട്ടാണ് ഗീത വായിച്ചത്. അദ്ദേഹം അത് പുതിയ നിയമത്തിലെ ക്രിസ്തുവിന്റെ ഗിരിപ്രഭാഷണവുമായി താത്മ്യപ്പെടുത്തി. നിങ്ങളുടെ കോട്ട് ഊരി കൊണ്ടുപോകുന്നവന് കുപ്പായവും കൊടുക്കുക. വലത്തെ ചെകിട്ടിൽ അടിക്കുന്നവന് ഇടത്തെ ചെകിടും കാണിച്ചുകൊടുക്കുക. ഗുജറാത്ത് കവി ഷാമിൽ ബട്ടിന്റെ ഒരു കുമ്പിൾ വെള്ളത്തിന് നല്ലൊരു ഭക്ഷണം കൊടുക്കുക എന്ന് തുടങ്ങുന്ന വരികളും ഗാന്ധി ഓർമ്മപ്പെടുത്തി. അനീതിക്കെതിരെ ചെറുവിരിലെങ്കിലും ഉയർത്തുക, പാരിസ്ഥിതിക നാശത്തിനെതിരെ ഒരു ചെടിയെങ്കിലും നട്ടുവളർത്തുക, അവസരം കിട്ടുന്നിടത്തെല്ലാം നന്മയുടെ വിത്തുകൾ കുഴിച്ചിടുക. ഫലമെടുക്കുവാൻ സമയമെടുക്കും. നാളെ നിങ്ങളുടെ മക്കളായിരിക്കും വിളവെടുപ്പുകാർ. ഈ ക്ഷമയിലാണ് ഗാന്ധിയുള്ളത്.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read