വ്യാജ അറിവിനെ നാമെപ്പോഴും കരുതിയിരിക്കണം: ഗാന്ധി
നമ്മുടെ സത്യാനന്തരകാലത്തെപ്പറ്റിയാണോ ഗാന്ധി ഈ വാക്കുകളിലൂടെ മുന്നറിയിപ്പ് തരുന്നത് എന്ന് തോന്നിപ്പോകും! അത്രക്കും നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നതാണ് ഗാന്ധിയുടെ വാക്കുകൾ. ഒരുപക്ഷെ, ഗാന്ധിയുടെ കാലത്തും വ്യാജ അറിവുകൾ പ്രചാരത്തിലുണ്ടായിരുന്നിരിക്കാം. ഭൂമി പരന്നതല്ല ഉരുണ്ടതാണെന്ന് പറഞ്ഞതിന് കോപ്പർനിക്കസിന് എത്രമാത്രം പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു.
ശാസ്ത്രബോധത്തെ ഗാന്ധി എക്കാലത്തും വിലമതിച്ചിരുന്നു. ഗാന്ധി ശാസ്ത്രത്തിന് എതിരായിരുന്നു എന്ന ഒരു അന്ധവിശ്വാസം തന്നെയുണ്ട്. ശാസ്ത്രജ്ഞാനം നിത്യജീവിതത്തിൽ, ഏറ്റവും ദരിദ്രനായ മനുഷ്യന്റെ നന്മയ്ക്കുകൂടി, ജീവസന്ധാരണത്തിനുകൂടി ഉതകുന്നതാകണമെന്ന് ഗാന്ധി ശഠിച്ചു. ശാസ്ത്രജ്ഞാനം ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ പ്രയോഗിക്കാൻ കഴിയുന്നതാകണം. അറിവിനെ അധികാരവുമായി സംയോജിപ്പിച്ച്, പുത്തൻ സാങ്കേതികവിദ്യകളിലൂടെ ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളെയും ചൂഷണം ചെയ്യുന്നതിനെ ഗാന്ധി എതിർത്തു. ഭൂമിയിലെ ചരാചരങ്ങളെല്ലാം തങ്ങളുടെ കാൽക്കീഴിലാക്കി ശാസ്ത്ര സാങ്കേതികവിദ്യകളിലൂടെ അവയെ ഭസ്മീകരിക്കുന്ന അറിവിനെ ഗാന്ധി അവിശ്വസിച്ചു. പാശ്ചാത്യ നാഗരികതയുടെ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളെ ഗാന്ധി തള്ളിപ്പറഞ്ഞത്, അവ മനുഷ്യനെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്നതിനാലാണ്.
ഭൂമിയിലെ ഓരോ ജനസമൂഹത്തിനും ശാസ്ത്രബോധമുണ്ട്. ജീവസന്ധാരണത്തിനാവശ്യമായ വിദ്യയും ജ്ഞാനവും അവർക്കുണ്ട്. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരിലും ആസ്ത്രേലിയയിലെ തദ്ദേശീയരിലും ആഫ്രിക്കയിലെ കറുത്തവർഗ്ഗക്കാരിലും നമ്മുടെ നാട്ടിലെ ദലിതരിലും അതുണ്ട്. അവരുടെ അറിവുകളിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. ഈ ഭൂമിയുടെ അതിജീവനം സാധ്യമാകുക ഒരുപക്ഷെ, അത്തരം അറിവുകളിൽ നിന്നായിരിക്കും. എന്നാൽ ഇന്ത്യയുടെ പ്രാചീനഭൂതകാലത്തിൽ പ്ലാസ്റ്റിക് സർജറിയും, ടെസ്റ്റ്ട്യൂബ് ബേബിയും, പുഷ്പക വിമാനവും ഉണ്ടായിരുന്നുവെന്ന് മേനിനടിക്കുന്നതും വീമ്പിളക്കുന്നതും വ്യാജമായ അറിവുകളെ സമൂഹത്തിൽ പ്രചരിപ്പിക്കുന്നവരാണ്. ചർച്ചയിലൂടെ ഒരു ദേശത്തിന്റെ മണ്ണിനെപ്പറ്റിയും കാലാവസ്ഥയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും ശാസ്ത്രബോധം – ശരിയായ അറിവ് – ഉണ്ടാക്കാമെന്ന് ഗാന്ധി പറയുന്നത് ശ്രദ്ധേയമാണ്.
വ്യാജമായ ശാസ്ത്രത്തിന്റെ, ചരിത്ര നിർമ്മിതികളുടെ, ആശയ പ്രചാരണത്തിന്റെ സോഷ്യൽ മീഡിയ യന്ത്രങ്ങൾ ഏത് നിമിഷവും ഉണർന്നിരിക്കുകയാണ്. അധികാരത്തിൽ അള്ളിപ്പിടിക്കുക മാത്രമാണ് ഇത്തരം വ്യാജ അറിവുകൾ രാക്ഷസീയമായ തോതിൽ ഉല്പാദിപ്പിക്കുന്നവരുടെ ലക്ഷ്യം. സത്യത്തിന്റെ അഗ്നിയുള്ള അറിവുകൾ ഇന്ന് വിരളമാണ്. വ്യാജമായ അറിവുകളെ നേരിന്റെ വ്യാജക്കുപ്പായങ്ങൾ അണിയിച്ച് ജനങ്ങളുടെ ജാതി-മത-ഭാഷ വികാരങ്ങളെ ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കുക എന്ന് തന്നെയാണ് ഗാന്ധി നമ്മോട് പറയുന്നത്.
കേൾക്കാം