ഗാന്ധിയുടെ ധർമ്മധാതുക്കൾ – 11

നാം നിയമം ലംഘിക്കാത്തവരുടെ രാഷ്ട്രമാണെന്ന് പറയുന്നതിന്നർത്ഥം നാം സഹനസമരക്കാരാണെന്നാണ് : ഗാന്ധി

ചില നിയമങ്ങൾ കൊള്ളാവുന്നതല്ലെന്ന് വന്നാൽ അതുണ്ടാക്കിയെടുത്തവരുടെ തല തല്ലിപ്പൊളിക്കുന്നതല്ല സഹനസമരം. നമുക്കത് അനുസരിക്കാതിരിക്കാം. പക്ഷേ വരും ഫലങ്ങൾ നാം സ്വീകരിക്കണം. കൊള്ളാവുന്നതായാലും ഇല്ലെങ്കിലും സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചേക്കൂ എന്നത് ആധുനിക നാഗരികതയിൽ നിന്ന് രൂപംകൊണ്ട ജനാധിപത്യമെന്ന പ്രഹസനത്തിന്റെ പുത്തൻ ആശയമാണ്. ഇത്തരമൊരു പുത്തൻ ആശയം പണ്ടിവിടെ ഇല്ലായിരുന്നു എന്നാണ് ഗാന്ധി ‘ഹിന്ദ് സ്വരാജി’ൽ എഴുതുന്നത്.

ഇഷ്ടപ്പെടാത്ത നിയമങ്ങൾ, മനസ്സാക്ഷിക്ക് നിരക്കാത്ത നിയമങ്ങൾ എന്തിന് അനുസരിക്കണം? ഗാന്ധി ചോദിക്കുന്നു. അവ ലംഘിക്കുവാൻ വ്യക്തിക്ക് ധാർമ്മികമായ അവകാശമുണ്ട്. അയാൾക്ക് ആ അവകാശം ഉപയോഗിക്കാം. പക്ഷെ, അത് നടപ്പാക്കുമെന്ന് മർക്കടമുഷ്ടി പിടിക്കുന്ന ഭരണകൂടത്തിന്റെ പീഡന മർദ്ദനങ്ങൾ അയാൾ സഹിക്കാൻ ബാധ്യസ്ഥനാണ്. അത് അയാളുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. അതിൽനിന്ന് ഒളിച്ചോടാനോ രാജിയാകാനോ അയാൾക്കാവില്ല.

വര: വി.എസ് ​ഗിരീശൻ

നിയമങ്ങൾ അനിസരിക്കാനുള്ളതാണ്, ലംഘിക്കാനുള്ളതല്ല എന്നൊരു പൊതുവിചാരമുണ്ട്. അത് പൂർണമായും ‘മതവിരുദ്ധ’മാണെന്ന് ഗാന്ധി പറയുന്നു. മതത്തിന്റെ മൂല്യം ധർമ്മവും സ്നേഹവും കരുണയുമാണെന്ന് ഗാന്ധി വിശദീകരിക്കുന്നുണ്ട്. മനസ്സാക്ഷിക്ക് ചേരാത്ത നിയമങ്ങൾ അനുസരിക്കണമെന്ന ഭരണകൂടത്തിന്റെ വാശി അടിമത്തം കെട്ടിയേൽപ്പിക്കലാണ്. ഗാന്ധി ചോദിക്കുന്നു, “തുണിയുടുക്കരുതെന്ന് സർക്കാർ പറഞ്ഞാൽ നമ്മളങ്ങനെ ചെയ്യുമോ?” ഗാന്ധി തുടരുന്നു: “ഞാനൊരു സഹനസമരക്കാരനാണെങ്കിൽ അവരുടെ നിയമത്തോടെനിക്കൊരു ബന്ധവുമില്ലെന്നു പറയും.”

ഇനി ഗാന്ധിയുടെ അടുത്ത വാചകം ശ്രദ്ധിക്കൂ: “നാമത്രമേൽ നമ്മെത്തന്നെ മറന്നവരും അവശരുമായിപ്പോയതിനാൽ നമ്മെ താഴ്ത്തിക്കെട്ടുന്ന നിയമങ്ങളെ നാം വെറുതെ വിടുന്നു.” സത്യത്തിൽ ഇന്ന് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ, കേരളത്തിന്റെ അവസ്ഥ ഗാന്ധി വിവരിച്ച പോലെയാണ്. നമ്മിൽ ഭൂരിപക്ഷവും അടിമക്കൂട്ടങ്ങളായി മാറിയിരിക്കുന്നു. വിവിധ സർക്കാരുകൾ എറിഞ്ഞുതരുന്ന അപ്പക്കഷ്ണങ്ങൾ തിന്ന്, മനുഷ്യവിരുദ്ധ നിയമങ്ങൾ നടപ്പാക്കുന്നവരെ നാം അനുസരിക്കുന്നു. ഇതിന് ഇന്നും അപവാദം, നമ്മുടെ (കേരളത്തിലല്ല) മറ്റ് ഗ്രാമങ്ങളിൽ ജീവിക്കുന്ന ദരിദ്രരായ മനുഷ്യരാണ്. അവരുടെ ആറാം ഇന്ദ്രിയത്തിന്റെ ശക്തിയിലാണ് ഇന്ത്യയിൽ കുറച്ചെങ്കിലും ജനാധിപത്യം നിലനിൽക്കുന്നത്. “നീതിയുക്തമല്ലാത്ത നിയമങ്ങൾ അനുവദിക്കുന്നത് ആണത്തമല്ലെന്നറിയുന്നവനെ, പെണ്ണത്തമല്ലെന്നറിയുന്നവളെ അധികാര മുഷ്ക്കുകൾക്ക് കീഴ്പ്പെടുത്താൻ കഴിയുകയില്ല.” ഗാന്ധി നമ്മോട് പറയുന്നു.

കേൾക്കാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

2 minutes read July 27, 2023 6:32 pm