“എന്നെ കേൾക്കാൻ ആരുണ്ട് ?”

“ഹേ രാ…. മാ! ഹേ രാ…” എന്നുച്ചരിച്ചാണ് ഗാന്ധി വെടിയേറ്റ് കുഴഞ്ഞ് വീണ് അന്ത്യശ്വാസം വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ സ്‌ത്രൈണാംശമായിരുന്ന മനു ഡയറിയിൽ രേഖപ്പെടുത്തിയത്. ബാല്യത്തിൽ ഗാന്ധിയിൽ (മോനിയ) രാമധാതുവിന്റെ വിത്തിട്ടത് രംഭയെന്ന ആയയാണ്. ഇരുട്ടിനെയും ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന ഭൂതപ്രേത പിശാചുക്കളെയും മനസ്സിൽ നിന്ന് ആട്ടിയകറ്റാൻ. തുടർന്നുള്ള ഗാന്ധിയുടെ ഏഴരപതിറ്റാണ്ടുകളുടെ ജീവിതം സ്വയം നിർഭയനായിരിക്കാനും, തന്റെ ജനതയെ സാമ്രാജ്യത്വം, ആസക്തി, അസമത്വം, അനീതി, തീണ്ടായ്മ എന്നീ നാനാജാതി പൈശാചികതകളുടെ ഇരുട്ടിൽ നിന്നും – ഭയത്തിൽ നിന്നും – മോചിപ്പിക്കാനുമുള്ള നിരന്തരപരീക്ഷണങ്ങളായിരുന്നു: ഈ മോചനധാതു സ്വയംഭരണത്തിലേയ്ക്കുളള വ്യക്തിയുടെയും സമൂഹത്തിന്റെയും ഭൂമിയുടെയും വഴിയായി ഗാന്ധിയിൽ പ്രവർത്തിച്ചു. ഈ ധാതു ഗാന്ധിയിൽ ഓരോ നിമിഷവും ധർമ്മമായി പരിണമിക്കുകയാണ്. ഓരോ നിമിഷവും ഈ മനുഷ്യൻ നവീകരിക്കപ്പെടുന്നു.

1948 ജനുവരി 30ന് പ്രാർത്ഥനാ യോ​ഗത്തിനായി പോകുന്ന ​ഗാന്ധി. കടപ്പാട്:Universal History Archive

ബുദ്ധനാണ് ധർമ്മത്തിന് നവീനവും സവിശേഷവുമായ അർത്ഥം നൽകിയത്. ‘പ്രകൃതി’യുടെ വാമൊഴിയിൽ ‘Dhammo’, പാലിയിൽ ‘Dhamma’ സംസ്‌കൃതത്തിൽ Dharma വുമായി മാറി. പ്രോട്ടോ – ഇൻഡോ – യൂറോപ്യൻ ക്രിയാധാതുവായ ‘dhr’ ആണ് ധർമ്മത്തിന്റെ മൂലം. ‘dhr’ എന്നതിന്റെ അർത്ഥം “to hold” (used to describe the cosmic law underpinning the universe) എന്നാണ് (പുറം:XVIII : Charles Allen, ‘ASOKA’) അർധജീവനായ കോവിഡ് വൈറസ്സ്, ഏകകോശ ജീവി മുതൽ മനുഷ്യൻ വരെയുള്ള സകല ജീവന്റെയും ജനിതക ഘടനയുടെ ധാതുക്കൾ, നക്ഷത്രങ്ങൾ, സൂര്യൻ, ഭൂമി, ചന്ദ്രൻ, ഉൽക്കകൾ എന്നിവ അഞ്ഞൂറ് കോടി വർഷങ്ങളിലൂടെ മഹാസ്‌ഫോടനങ്ങൾ വഴി രൂപപ്പെട്ടതാണ് (പ്രണയലാൽ : ഇൻഡിക്ക: 2016). ജീവൻ ഉൽഭവിക്കാൻ കാരണമായ ജഡിക പദാർത്ഥങ്ങളുടെയും (INORGANIC) അതിൽനിന്നുൽഭൂതമായ ജീവന്റെയും അനുസ്യൂതപ്രവാഹം, അചേതനവും ചേതനവുമായതിന്റെയെല്ലാം പാരസ്പര്യത്തിലൂടെ മാത്രം സംഭവിക്കുന്നതാണ്. ഒന്നില്ലെങ്കിൽ, മറ്റേതില്ല. മറ്റേതുള്ളതിനാലാണ് ഇതുള്ളത്. ​ഗൗതമ ബുദ്ധൻ ഇതിനെ സഹോദയം (Co- AWAKENING) എന്നുവിളിച്ചു: (തിച്ച്‌നാത്ഹാൻ: പഴയപാത വെളുത്ത മേഘങ്ങൾ) ഈ ഉണർച്ച ബുദ്ധനിൽ നിന്ന് ഗാന്ധിയിലേയ്ക്ക് സംക്രമിക്കുന്നുണ്ട്, ബുദ്ധനികായങ്ങളുടെ ആഴത്തിലുള്ള വായനയിലൂടെ. മനുഷ്യഹൃദയത്തെ സ്പർശിക്കുന്ന ഏതൊരു മനുഷ്യനിലും ഈ ഉണർച്ച ഉണ്ടായിരിക്കും. മറ്റൊരർത്ഥത്തിൽ ഉദാത്തമായ ഏതൊരു സർഗ്ഗാത്മക രചനയും, പ്രവൃത്തിയും ഈ ഉണർച്ചയുടെ പ്രതിഫലനങ്ങളാണ്.

ഹിന്ദ് സ്വരാജ്, കവർ

1909 ൽ ഗാന്ധി എഴുതിയ ‘ഹിന്ദ്‌സ്വരാജ്’ – സ്വയംഭരണം – SELF RULE – മേൽപറഞ്ഞ ഉണർവിന്റെ ഫലമാണ്. ജെയിംസ് ലൗലോക്ക് REVENGE OF GAIA (2006) എന്ന ശാസ്ത്രപുസ്തകത്തിൽ വിശദീകരിക്കുന്ന ഭൂമിയുടെ സ്വയം നിയന്ത്രണവുമായി (SELF
REGULATION) ഗാന്ധിയുടെ സ്വയംഭരണത്തെ ചേർത്തു വെയ്ക്കൂ. “ഭൂമി ഒരു സ്വയം നിയന്ത്രിതമായ ഒരു വ്യവസ്ഥയാണ്. ഭൗതികവും രസതന്ത്രപരവും ജൈവീകവും, മാനുഷികവുമായ അനേകം ഘടകങ്ങൾ ചേർന്നത്. ഘടകങ്ങൾ തമ്മിലുള്ള പരസ്പര ഇടപെടലുകളും (INTERACTIONS) ഫീഡ് ബാക്കും സങ്കീർണ്ണമാണ്. അനേകതരത്തിലുള്ള അനിത്യവും സ്ഥലകാല സംബന്ധിയുമായ പരിവർത്തന ശീലതകൾ അവ പ്രകടിപ്പിക്കുണ്ട്”. (പുറം. XIV). “ജീവമണ്ഡലം മാത്രമല്ല നമ്മുടെ ഭൂമിയെന്ന ജീവവ്യവസ്ഥ, അതിനെ സ്വയം നിയന്ത്രിതമാക്കുന്നത് (SELF REGULATING) ഭൗതികാന്തരീക്ഷവും ചേർന്നാണ്” (പുറം:30). കെ. വേണുവിന്റെ ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ (2017) എന്ന പുസ്തകത്തിൽ നിന്ന്: “പ്രകൃതിയിൽ അന്തർലീനമായ ക്രമവും ക്രമരാഹിത്യവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ പ്രതിപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകതയുടെ തുടർച്ച തന്നെയാണ് മനുഷ്യമസ്തിഷ്‌ക്കത്തിൽ സാധ്യമാകുന്ന സർഗ്ഗാത്മകതയുടെയും അടിസ്ഥാനം.” (പുറം: 19)

ഗാന്ധിയുടെ ‘SELF RULE’ ന്റെയും, ഭൂമിയുടെ ‘SELF REGULATION’ ന്റെയും (സ്വയംഭരണം, സ്വയം നിയന്ത്രണം) ഇന്നത്തെ അവസ്ഥയെന്താണ്?

ഭൂമിയുടെ സ്വയം നിയന്ത്രിതാവസ്ഥ തകർക്കപ്പെട്ട് ആഗോളതാപനം വർധിച്ച്, കാലാവസ്ഥ വ്യതിയാനങ്ങളും അതിവർഷവും അത്യുഷ്ണവും അതിശൈത്യവും സംഭവിക്കുന്നത് എങ്ങനെയാണെന്നും, എന്തുകൊണ്ടാണെന്നും അറിയുവാൻ അമിതാവ് ഘോഷിന്റെ ‘ജാതിയ്ക്കയുടെ ശാപം: പ്രതിസന്ധിയിലായ ഭൂമിയ്ക്കുവേണ്ടിയുള്ള സാരോപദേശക്കഥകൾ’ (THE NUTMEG’S CURSE – Parables for a Planet in Crisis : 2021) വായിക്കുക. ജാതിയ്ക്കയുടെ ജന്മഭൂമിയായ ഇന്ത്യാസമുദ്രത്തിലെ ബന്ദആർച്ചിപെലാഗോ യൂറോപ്യൻ കോളനിസ്റ്റുകൾ എങ്ങിനെ ജൈവീകമായും സാമ്പത്തികമായും, സംസ്‌കാരികമായും ധാർമ്മികമായും നശിപ്പിച്ചു എന്നതിന്റെ അന്വേഷണം, ഭൂമിയിലെ ജൈവവ്യവസ്ഥയ്ക്ക് നേരെയും ജഡിക വ്യവസ്ഥയ്ക്കുനേരെയും ആറ് നൂറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന ഹിംസാപരമ്പരകളാണ്. ഇതിലൂടെ അവർ ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക തുടങ്ങി ലോകത്തിലെ കോടിക്കണക്കിന് തദ്ദേശീയരെ അക്ഷരാർത്ഥത്തിൽ കൊല്ലുക മാത്രമല്ല ചെയ്തത്, ഇതര ജീവികളെയും സസ്യസമ്പത്തിനെയും നശിപ്പിച്ചു. മലകളെയും ജലത്തെയും വായുവിനെയും മലീമസമാക്കി. ബന്ദദ്വീപിലെ തദ്ദേശീയരെ ഒന്നാകെ വെടിവെച്ച് കൊല്ലുന്നതിന് നേതൃത്വം കൊടുത്ത ഡച്ച് ഗവർണർ ജനറൽ (1621) പറഞ്ഞത് ഇന്നും സത്യമാണ്: അവരുടെ നിഘണ്ടുവിൽ. “There is nothing in the world that gives one a better right than power.” (പുറം: 11). കോളനിസ്റ്റുകൾ, ഭൂമിയിലെ മനുഷ്യരുടെ സ്വതന്ത്രമായി ജീവിക്കാനുള്ള വിഭവങ്ങൾ കൊള്ളയടിച്ചു. അവകാശങ്ങൾ ഇല്ലാതാക്കി. എതിർത്തവരെ മതം, ജാതി, ഭാഷ, ദേശീയത, വർണ്ണം, വർഗ്ഗം, ലിംഗം എന്നിവ ഉപയോഗിച്ച് അപരരാക്കി. വെറുപ്പിന്റെ വസൂരി വിത്തുകൾ വിതച്ച് ഇല്ലായ്മ ചെയ്തു. ആധുനിക നിയമങ്ങൾ കാലാനുസൃതം നിർമ്മിച്ച് തടവിലിട്ടു. കഴുവിലേറ്റി. യൂറോപ്യൻ കോളനിസ്റ്റുകളുടെ അതേ വഴികളിലൂടെയാണ്, മനോഘടനയിലൂടെയാണ് ലോകത്തെ ബഹുഭൂരിപക്ഷം ഭരണാധികാരികളും ഇന്നും അധികാരം കയ്യാളുന്നത്. അവരെ സംബന്ധിച്ചിടത്തോളം ‘ഭൂമി’യെന്ന ‘ഏറ്റവും വലിയ ജീവൻ’ ജഡമാണ്. ആ ജഡവസ്തുവിനെ എങ്ങനെയും, ഏത് രീതിയിലും ചൂഷണം ചെയ്യാം. അതിൽ നിന്ന് ലാഭമുണ്ടാക്കാം. അതിനായി ശാസ്ത്ര – സാങ്കേതികതകളുടെ സഹായം തേടാം. മുമ്പെങ്ങുമില്ലാത്ത കാലാവസ്ഥ വ്യതിയാനങ്ങളും ബീഭത്സമായ ഹിംസകളും എങ്ങനെ നേരിടാം എന്നുപോലും ശാസ്ത്രലോകത്തിന് മനസ്സിലാകുന്നില്ല (പുറം: 257).

അമിതാവ് ഘോഷ്, THE NUTMEG’S CURSE, cover

ഡച്ച് സാഹിത്യ ലോകത്ത് ഉന്നതസ്ഥാനമുണ്ട് ലൂയിസ് കോർപ്പെറസ്സിന്. 1900ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ HIDDEN FORCE എന്ന ക്ലാസിക് നോവലിനെ അമിതാവ് ഘോഷ് വിലയിരുത്തുന്നത് യൂറോപ്യൻ കൊളോണിയൽ നോവലുകളിൽ ഏറ്റവും ഉൾക്കാഴ്ചയുള്ളതായിട്ടാണ്. അതിലെ പ്രധാനകഥാപാത്രമായ മദ്ധ്യവയസ്‌കൻ കോളനി ഉദ്യോഗസ്ഥനാണ്. ഭാവനയില്ലാത്ത, രാപ്പകൽ അദ്ധ്വാനിക്കുന്ന ഒരാൾ. അയാൾ കൊളോണിയലിസത്തിന്റെ അതിഭീകരമായ ഹിംസയെ നേരിടാൻ നിർബന്ധിക്കപ്പെടുന്നു. അതിൽ നിന്നുണ്ടാകുന്ന മനുഷ്യവംശത്തിന്റെ അപകടകരമായ അവസ്ഥയെ 2024ലെ മനുഷ്യനും അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കപ്പെടുന്നു. വയനാടിൽ ഈയിടെ സംഭവിച്ച മലയിടിച്ചിലുകളും ഭീകരമായ പേമാരികളും അതിന്റെ ഫലമായി മരണപ്പെട്ട മനുഷ്യരും ഇതര ജീവനും, സത്യാനന്തരകാലത്തെ മനുഷ്യൻ നേരിടുന്ന അതിസങ്കീർണ്ണമായ, അതിജീവനത്തിന്റെ പ്രശ്‌നം തന്നെയാണ്. നിസ്സഹായനായ മനുഷ്യന്റെ / മാനവിയുടെ നിലവിളികളും, ശബ്ദങ്ങളും കേൾക്കാൻ പോലും വിസമ്മതിക്കുന്ന നമ്മുടെ ഭരണാധികാരികൾ (കേരളത്തിലായാലും കേന്ദ്രത്തിലായാലും) രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മനുഷ്യേതരജീവികളുടെ, സസ്യങ്ങളുടെ, ജലത്തുള്ളിയുടെ, മൺതരിയുടെ, കാറ്റിന്റെ, പാറയുടെ, നിലവിളി കേൾക്കുമോ? ഇല്ല. ഒരിക്കലുമില്ല… പക്ഷേ, മനുഷ്യന്റെ മാത്രമല്ല, നമ്മുടെ ഉറ്റബന്ധുക്കളായ ഇതര ജീവനുകളുടെയും – വിധി – അതിജീവനം – മേലെഴുതിയ നിലവിളികൾ, ശബ്ദങ്ങൾ ശ്രദ്ധിക്കുന്നതിലും അതിനുവേണ്ടി പ്രവർത്തിക്കുന്നതിലുമാണ്.

ഇത് സാധിക്കണമെങ്കിൽ, ഗാന്ധി ‘ഹിന്ദ് സ്വരാജി’ൽ (1909) അതിനിശിതമായി വിമർശിച്ച ആധുനിക പാശ്ചാത്യനാഗരികതയുടെ ശാസ്ത്രസാങ്കേതികത കൊണ്ടോ, ഭരണഘടനകൾ കൊണ്ടോ, സാധ്യമല്ല. യൂറോകേന്ദ്രീകൃതമായ ദർശനങ്ങൾക്കും, (അത് മുതലാളിത്തമാകട്ടെ, കമ്മ്യൂണിസമാകട്ടെ) പ്രയോഗരൂപങ്ങൾക്ക് നേരിടാൻ കഴിയാത്ത പ്രതിസന്ധിയാണ് ഭൂമി നേരിടുന്നത്. അതുകൊണ്ടാണ് ഗാന്ധി ജ്ഞാനോദയത്തിന്റെ (Enlightenment) വഴികളിലൂടെ സഞ്ചരിക്കാതിരുന്നതും; അവയെ സംശയിച്ചതും. തന്റെ ജീവിത പരീക്ഷണശാലകളായ ആശ്രമങ്ങളിലൂടെ (ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സ് സെറ്റിൽമെന്റ്, ടോൾസ്റ്റോയ് ഫാം, ഇന്ത്യയിലെ സബർമതി, വാർധ) വ്യത്യസ്തമായ ദർശനത്തിനും പ്രയോഗരൂപങ്ങൾക്കും അസ്ഥിവാരമിട്ടത്. ജീവിതത്തിന്റെ ഒരു മണ്ഡലവും, ആ പരീക്ഷണശാലകളുടെ ഭാഗമാകാതിരുന്നിട്ടില്ല. ഭക്ഷണം, കുടിവെള്ളം, പാർപ്പിടം, വസ്ത്രം, ശുചിത്വം, മാലിന്യനിർമാജ്ജനം, വിദ്യാഭ്യാസം, സംസ്‌കാരം, ആത്മീയത, ലിംഗനീതി, ആരോഗ്യം, ലൈംഗികത, വിനോദം… യൂറോകേന്ദ്രീകൃതമായ ജീവിതരീതിയിലൂടെ അത് നടപ്പിലാക്കപ്പെടില്ല. അത് ഇന്ന് കൂടുതൽ കൂടുതൽ ഭയാനകമായി തെളിഞ്ഞു വരുന്നു. അതുകൊണ്ടാണ് 1982 ഡിസംബർ എട്ടിന് നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട്, SOLITUDE OF LATIN AMERICA എന്ന ചെറുപ്രസംഗത്തിലൂടെ അതെ യൂറോകേന്ദ്രീകൃത ദർശനത്തെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ് വിമർശിച്ചത്. “ഞങ്ങളുടെ മുമ്പിലുള്ള വെല്ലുവിളി ജീവിതം വിശ്വസനീയമാക്കുകയെന്നതാണ്. അതിന് വ്യവസ്ഥാപിതമായ മാമൂലുകളുടെ ഉപകരണങ്ങൾ പരിമിതമാണ്… സ്‌നേഹിതരെ, ഇതാണ് ഞങ്ങളുടെ ഏകാന്തതയുടെ അന്തസ്സത്ത. ലോകത്തിലെ രണ്ട് യജമാനന്മാരുടെ ദയാവായ്പില്ലാതെ മറ്റൊരു ദൈവവിധി (DESTINY) സാധ്യമല്ലെന്ന് യൂറോപ്യൻ ചിന്തകരും നേതാക്കളും ചിന്തിക്കുന്നുവെങ്കിൽ അവർ വെറും ശിശുക്കളാണെന്നേ പറയാനുള്ളൂ, സ്‌നേഹിതരെ…. അതാണ് ഞങ്ങളുടെ ഏകാന്തതയുടെ വലുപ്പം”.

ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്

ലാറ്റിനമേരിക്കയുടെ ഈ ഏകാന്തത നാം മാജിക്കൻ റിയലിസത്തിലും ഭ്രമാകത്മതയിലും തളച്ചിട്ടു. ആസ്വദിച്ചു… 2019 മാർച്ച് 15ന് ഒരു വാർത്തയുണ്ടായിരുന്നു: ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലക്ഷക്കണക്കിന് മനുഷ്യർ അകാലമരണം പ്രാപിച്ചേയ്ക്കുമെന്നുള്ള യുണൈറ്റഡ് നാഷൻസ് റിപ്പോർട്ട്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങിയ ദേശങ്ങളിലെ മനുഷ്യരായിരിക്കും ഇവർ. യൂറോപ്പിന്റെ അളവുകോലാണ് നാം ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉപയോഗിച്ചത്. അതിന്റെ തിരിച്ചടി.

രണ്ടാം വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയ ഗാന്ധി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 1931 ഒക്‌ടോബർ ഇരുപതിന് ഒരു പ്രസംഗം ചെയ്യുന്നുണ്ട്. ബ്രിട്ടൻ ബ്രിട്ടന്റെ കണ്ണാടിയിലൂടെ ഇന്ത്യയെ നോക്കുന്നതിനുപകരം ഇന്ത്യയുടെ കണ്ണാടിയിലൂടെ ഇന്ത്യയെ കാണണമെന്നാവശ്യപ്പെടുന്നു. (ഗാന്ധിയുടെ സമാഹൃത കൃതികൾ: പുസ്തകം: 48 – പുറം: 193- 206) നിങ്ങൾ ഞങ്ങളുടെ മണ്ണ് മാന്തി. നീക്കി. നോക്കി. വേര് അതുപോലെത്തന്നെ ഉപേക്ഷിച്ചു. ഞങ്ങളുടെ BEAUTIFUL TREE നശിച്ചു. ബ്രിട്ടനാണ് ഇന്ത്യയെ പാപ്പരാക്കിയത്. ഇന്ത്യയുടെ അറിവുകളെ, സംസ്‌കൃതികളെ, വിവേകങ്ങളെ, ഭാഷകളെ, ദൈവങ്ങളെ ബ്രിട്ടൻ നിലം പരിശാക്കി. 1982 ലെ മാർക്കേസിന്റെ വാക്കുകൾ തന്നെയല്ലേ, 1931ലെ ഗാന്ധിയുടെ വാക്കുകൾ!

നിർഭാഗ്യവശാൽ, നാം ആധുനിക മുതലാളിത്ത നാഗരികതയുടെ, അതിന്റെ പുതിയ രൂപങ്ങളായ വികസന മാതൃകകളെ, നിയമസംവിധാനങ്ങളെ, പാർലിമെന്ററി ജനാധിപത്യത്തെ, അപ്പാടെ സ്വീകരിച്ചു. ക്രമേണ ക്രമേണ, അത് ഇന്ദിരാഗാന്ധിയിലൂടെയും, നരസിംഹറാവുവിലൂടെയും, രാജീവ് ഗാന്ധിയിലൂടെയും, വാജ്‌പേയിലൂടെയും, നരേന്ദ്രമോദിയിലെത്തി. ആർ.എസ്. എസ്സിന്റെ ഫാസിസ്റ്റ് (RSS ഫാസിസ്റ്റാണോയെന്ന് സംശയിക്കുന്നവർക്ക് മാഴ്‌സിയ കസോലറിയുടെ Hindutva’s Foreign Tie – up in the 1930 s – Archival Evidence – EPW – (22/01/2000) വായിച്ച് സംശയം തീർക്കാം) നിർമ്മിതിയായ ‘ഹിന്ദുരാഷ്ട്ര’ത്തിലേയ്ക്ക് നീങ്ങുകയാണ്. സവാർക്കറുടെയും ഗോൾവാൾക്കറുടെയും മോദിയുടെയുമെല്ലാം പുതിയ രാഷ്ട്രസങ്കല്പത്തിൽ, മുസ്ലീമും കൃസ്ത്യാനിയും ദളിതരും ആദിവാസികളും ഒഴിവാക്കപ്പെടേണ്ട അപരരാണ്. പ്രകൃതി, ഇതരജീവികൾ, മണ്ണ്, മല, നദി, ജലം ഇവയെല്ലാം ജഡവസ്തുക്കളാണ്. സംഘപരിവാർ ഭരണത്തിൽ രാമൻ, കൃഷ്ണൻ, പാർവതി, ശിവൻ തുടങ്ങിയ ദൈവങ്ങൾ വോട്ട് നേടാനുള്ള വെറും കൽരൂപങ്ങൾ മാത്രം. ഒപ്പം കച്ചവടവും. ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് പോർട്ടുഗീസ്, ഡച്ച്, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ കോളനിസ്റ്റുകൾ നടത്തിയ അതേ ചൂഷണസംവിധാനമാണിവിടെയും. 2014- 2022 കാലഘട്ടത്തിൽ ഇന്ത്യയിലെ അസമത്വം അങ്ങേയറ്റം വർധിച്ചതായി തോമസ് പിക്കറ്റി രേഖപ്പെടുത്തുന്നു. ഏറ്റവും മുകൾത്തട്ടിലെ ഒരു ശതമാനം ധനികർ (അഡാനി, അംബാനി…) ഇന്ത്യയുടെ 40 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്നു. (ഹിന്ദു: 20/8/24 – The Tyranny of Inequality നമ്മുടെ ഭക്ഷ്യ എണ്ണ, ഗ്യാസ്, കൽക്കരി, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സൂര്യോർജ്ജം തുടങ്ങി നിരവധി മേഖലകൾ അഡാനിയുടെ അധീനതയിലണ്.

പാർലിമെന്ററി ജനാധിപത്യം എങ്ങനെ ഫാസിസ്റ്റ് ഭരണമായി നീതി – ന്യായ സംവിധാനങ്ങളെയും ഫെഡറലിസത്തെയും, വിദ്യാഭ്യാസത്തെയും, സാംസ്‌കാരിക മേഖലകളെയും, കലയെയും, ചരിത്രത്തെയും, ഭാഷകളെയും, സംസ്‌കൃതികളെയും വികലമാക്കിയും വികൃതമാക്കിയും നശിപ്പിക്കുന്നുവെന്നറിയാൻ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനെ സത്യസന്ധമായി വിലയിരുത്തിയാൽ മതി. 2024 ലെ പാർലിമെന്ററി തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെ 240 സീറ്റുകളിലേക്ക് ഒതുക്കിയത് ഉത്തരേന്ത്യയിലെ ദലിത് – ആദിവാസി, മുസ്ലീം, ദരിദ്ര വിഭാഗങ്ങളിലെ മനുഷ്യരാണ്. അല്ലെങ്കിൽ, താൻ മനുഷ്യപുത്രനല്ല ദൈവാവതാരമാണെന്ന വിഭ്രമാത്മകമായ സൈക്കിലെത്തിയ ഒരു പ്രധാനമന്ത്രി ഏതൊക്കെ രീതിയിൽ ഇന്ത്യയുടെ ആത്മസത്ത ചോർത്തിക്കളഞ്ഞ് ഇന്ത്യയെന്ന വൈവിധ്യത്തെ അശ്‌ളീലമാക്കിയേനേ!
“One cannot become a tyrant and follow dharma at the same time” (ഗാന്ധി: 22/10/1947)

പാർലിമെന്ററി ജനാധിപത്യത്തിന്റെയോ മാനവീകമായ കമ്മ്യൂണസത്തിന്റെയോ നാട്യങ്ങൾപോലും വലിച്ചെറിയുന്ന ഒരു ഭരണമാണ്, കേരളത്തിലേത്. രാഷ്ട്രീയത്തിന്റെ ശരീരഭാഷപോലും നമുക്കിവിടെ കാണാൻ കഴിഞ്ഞില്ല. മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടവും പോർവിളികളുമാണെവിടെയും. വാർഡ് തലം മുതൽ സെക്രട്ടറിയേറ്റ് വരെ. ഇത്തരം വലുതും ചെറുതുമായ സംഘങ്ങൾ ഒരു ലജ്ജയുമില്ലാതെ നമ്മെ നോക്കി പരിഹസിക്കുന്നത് കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല. കേരളത്തെ ഈ പരുവത്തിലാക്കിയെടുത്തതിൽ കോൺഗ്രസ്സും മാർക്‌സിസ്റ്റ് പാർട്ടിയും തുല്യപങ്കുള്ളവരാണ്. ഇ.എം.എസ്സിന്റെയും കരുണാകരന്റെയും യഥാർത്ഥ അനന്തിരവന്മാർ തന്നെയാണ് ഭരണത്തിലും പ്രതിപക്ഷത്തും.

അട്ടപ്പാടി. കടപ്പാട്:Mongabay

ഇന്നത്തെ ‘ഹിന്ദു’വിൽ (06/09/2024) അട്ടപ്പാടിയുടെ നിശബ്ദ പ്രതിസന്ധി (Attappady’s
Silent Crisis) എന്നൊരു ലേഖനമുണ്ട് (അബ്ദുൾ ലത്തീഫ് നഹ). 1951 ലെ ആദിവാസി ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തിൽ നിന്ന് 44 ശതമാനമായി കുറഞ്ഞു. (2011) നല്ലസംഗ ഊരിലെ ലക്ഷ്മി പറയുന്നതാണ് അട്ടപ്പാടിയുടെ നേർചിത്രം: “ഞങ്ങളുടെ സംസ്‌കാരം നഷ്ടപ്പെട്ടു. ഞങ്ങളുടെ ഭക്ഷണരീതികൾ മാറി. ഞങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും കണക്കിലെടുക്കാതെയാണ് ഭക്ഷണവും മറ്റു സാധനങ്ങളും സർക്കാർ നൽകുന്നത്”. ആദിവാസികളുടെ ദൈവങ്ങൾ, ഭാഷ, വിജ്ഞാനം, വിനോദം എല്ലാം അവഗണിക്കപ്പെട്ടു. അവരുടേതായ ഭൂമി അന്യാധീനപ്പെട്ടു. അവരെ അവരുടെ കണ്ണാടിയിലൂടെ നോക്കുന്നതിനുപകരം നാം നമ്മുടെ കണ്ണാടിയിലൂടെ നോക്കി, ക്ഷേമ പ്രവൃത്തികൾ എന്ന പേരിൽ അവരുടെ വേരുകൾ പിഴുതെടുത്തു. അവരുടെ കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവോടെ ജനിച്ചു. അമ്മമാർ രക്തം വാർന്ന് മെലിഞ്ഞുണങ്ങി. അവരുടെ പേരിൽ എത്രയോ കോടി പണം ചെലവഴിച്ചു സർക്കാരുകൾ. മാഫിയാസംഘങ്ങൾ കൊഴുത്തു. ആദിവാസികൾ ആത്മാഭിമാനത്തോടെ ജീവിക്കാൻ മാത്രം സർക്കാർ സമ്മതിച്ചില്ല.

1975ൽ കേരളനിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പട്ടികവർഗ്ഗ നിയമമനുസരിച്ച് ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പണ്ട്‌ കൈമാറ്റം ചെയ്യപ്പെട്ട ഭൂമി ആദിവാസിയിലെക്ക് എത്തിക്കാനും ഈ നിയമം കൊണ്ട് സാധിക്കും. ഇത് നടപ്പാക്കാതെ സർക്കാരുകൾ നീട്ടിവെച്ചു. സൂപ്രീം കോടതി നടപ്പാക്കണമെന്ന് അന്തിമമായി പ്രഖ്യാപിച്ചപ്പോൾ ഇടതുപക്ഷ സർക്കാർ (1996 ൽ) മറ്റൊരു ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. ഗൗരിയമ്മയൊഴിച്ചുള്ള 139 ജനപ്രതിനിധികളും കുടിയേറ്റക്കാർക്കനുകൂലവും ആദിവാസികൾക്ക് പ്രതികൂലവുമായ നിയമം പാസാക്കി.

ഭൂമിയുടെ അതിജീവനം സംഘപരിവാറായാലും കോൺഗ്രസ്സായാലും കമ്മ്യൂണിസറ്റായാലും ഒരു വിഷയമല്ല. മനുഷ്യനോ, ഇതര ജീവജാലങ്ങളോ, ഇവയെ നിലനിർത്തുന്ന അചേതന വസ്തുക്കളോ ഒന്നും തന്നെ ഇവരുടെ ആരുടെയും പരിഗണനയിലില്ല. വോട്ട്, അധികാരം, കച്ചവടം എന്നിവയ്ക്കായി ഏത് ചെകുത്താനെയും ആരും കൂട്ട് പിടിക്കും. ഇതിൽ ആർക്കും ലജ്ജയുമില്ല. സത്യാനന്തര കാലത്ത് ഇതൊക്കെ ന്യൂ നോർമലാണ്.

ആർ.എസ്.എസ് പ്രവർത്തകർ. കടപ്പാട്:theprint

ബഹുഭൂരിപക്ഷം എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കേരളത്തിലെ മാഫിയ സംസ്‌കാരത്തെ നിർലജ്ജമായി പിന്താങ്ങുന്നു. ഒരു ചെറുവിരലുയർത്താനോ, വിമർശിക്കാനോ, ആരും തയ്യാറാകുന്നില്ല. ഈ ദയനീയമായ അവസ്ഥ വളരെയേറെ വേദനിപ്പിക്കുന്നതാണ്. ഐക്യകേരളത്തിന്റെ ചരിത്രത്തിൽ നമ്മുടെ സാംസ്‌കാരികരംഗം ഇത്രമാത്രം അശ്‌ളീലമായ ഒരവസ്ഥ ഉണ്ടായിട്ടില്ല.

1925ൽ ആർ.എസ്.എസ്സിന്റെ സ്ഥാപനവൽക്കരണത്തോടെ മു‌സ്ലീംങ്ങൾക്കെതിരെ പ്രതിതന്ത്രമെന്നനിലയിൽ എല്ലാ ജാതി ഹിന്ദുക്കളെയും ഒന്നിപ്പിക്കാൻ ശ്രമം തുടങ്ങി. ഗാന്ധിയ്ക്ക് ഇതറിയാമായിരുന്നു. തുടർന്നുണ്ടായ സംഭവങ്ങളിൽ ഖിന്നനായി തന്റെ സ്‌നേഹിതരായിരുന്നവർ ഭിന്നിക്കുന്നത് കണ്ട് ഗാന്ധി വിലപിച്ചു: “ചോരയ്ക്ക് പകരം ചോര. എനിയ്‌ക്കൊരിക്കലും യോജിക്കാനാവില്ല…… പക്ഷേ, എന്നെ കേൾക്കാൻ ആരുണ്ട്?” (രാജ്‌മോഹൻ ഗാന്ധി: മോഹൻദാസ്, പുറം: 296)

2025ൽ ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ഗാന്ധിയുടെ ചോദ്യം, ആവർത്തിക്കട്ടെ; ഗാന്ധിയെ കേൾക്കാൻ ആരുണ്ട്?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read October 2, 2024 6:57 am